Friday, November 24, 2017

'കുറുന്തോട്ടിയ്ക്കും വാതം' എന്ന് അതിശയപ്പെടാവുന്ന രീതിയിൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്തയാണ്  ഈ കുറിപ്പിനാധാരം.

മെഡിക്കൽ കോളേജിലെ പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗത്തിൽ  ആറു വർഷത്തോളം ജോലി ചെയ്ത പരിചയം വെച്ചാണ് ഇതെഴുതുന്നത്.  നിരീക്ഷണങ്ങളും ചിന്തകളും തികച്ചും വ്യക്തിപരമാണ് എന്ന് ആദ്യമേ ഓർമ്മിപ്പിക്കട്ടെ.

1. ജോലിയുടെ ആധിക്യം മൂലം അമിതമായ  മാനസീകസമ്മർദ്ദം അനുഭവിക്കുന്നവരാണ് മെഡിക്കൽ കോളേജിലെ ഭൂരിഭാഗം  ഡോക്ടർമാരും എന്നു തോന്നിയിട്ടുണ്ട്.  ജനകീയരായ ഡോക്ടർമാരുടെ കാര്യം പറയുകയും വേണ്ട. പറഞ്ഞും കേട്ടും ഇത്തരം  ഡോക്ടർമാരെയാണ്  അതേ വിഭാഗത്തിലെ മറ്റു ഡോക്ടർമാരേക്കാൾ രോഗികളധികവും ആശ്രയിക്കുക.  ചിലരൊക്കെ അത് സമർത്ഥമായി അതിജീവിക്കുന്നതും കണ്ടിട്ടുണ്ട്.  വിഭാഗങ്ങളും വ്യക്തികളും തമ്മിലുള്ള  അപൂർവമായുണ്ടാകുന്ന പടലപ്പിണക്കങ്ങളും  മാനസീകസമ്മർദ്ദമുണ്ടാക്കുന്ന മറ്റൊരു ഘടകമായി തോന്നിയിട്ടുണ്ട്.

2.  കാന്റീനിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഡോക്ടർമാർ തന്നെ പഴംപൊരിയും  ഓംലെറ്റും ബീഫും പൊറോട്ടയുമെല്ലാം കഴിക്കുന്നത് കണ്ട്  ഞാൻ അന്തംവിട്ടിട്ടുണ്ട്. ( എന്റെ ഓർമ്മയിൽ തന്നെ  തൃശ്ശൂർ മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർ ഹൃദയസ്തംഭനം മൂലം മരിച്ചിട്ടുണ്ട്.)   റെഡ്മീറ്റും മുട്ടയും എണ്ണയിൽ പൊരിച്ച പലഹാരങ്ങളുമെല്ലാം കഴിക്കുന്നതാണ്  ജീവിതശൈലീ രോഗങ്ങളുണ്ടാക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന ഡോക്ടർമാർ തന്നെ എന്തുകൊണ്ട് ഇതു തന്നെ കഴിക്കുന്നു എന്ന ചോദ്യത്തിന് എനിക്ക്  നാല് ഉത്തരങ്ങളാണ്  സ്വയം ലഭിച്ചത് : 

1. ഓരോരുത്തരും തങ്ങൾ പണിയെടുക്കുന്ന മേഖലയിൽ പ്രാവീണ്യമുള്ളവരാണെന്ന് സ്വയം കരുതുന്നതു പോലെ, തങ്ങൾ തങ്ങളുടെ ഭിഷഗ്വരവൃത്തിയും  തങ്ങൾക്കോ സമൂഹത്തിനോ യാതൊരു പ്രശ്നങ്ങളുമില്ലാതെ, മികച്ച പ്രാവീണ്യത്തോടെ ചെയ്തു തീർക്കുന്നുണ്ട് എന്ന് ഡോക്ടർമാർ കരുതുന്നു.  അതുകൊണ്ടു തന്നെ, പ്രത്യേക പരിശോധനകളൊന്നും കൂടാതെ  സ്വന്തം ശരീരവും മനസ്സും  യാതൊരു പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നുണ്ട് എന്ന അതിരു കടന്ന ആത്മവിശ്വാസം ഡോക്ടർമാരെ നയിക്കുന്നുണ്ട്.

2. തിരക്കു മൂലം  സ്വന്തം ആരോഗ്യത്തെ വിലയിരുത്താനും പരിശോധിക്കാനും മാത്രം വേണ്ടത്രസമയം പല ഡോക്ടർമാർക്കും ജീവനക്കാർക്കും ലഭിക്കുന്നില്ല.

3. തിരക്കുകൾക്കിടയിൽ  ഡോക്ടർമാർക്ക് ആശുപത്രി കാന്റീൻ അല്ലാതെ  മറ്റൊരു ഓപ്ഷൻ ലഭ്യമല്ല.

4. പരിശോധനയിലെ തിരക്കുകൾക്കിടയിൽ ആകെ ആസ്വദിച്ചു ചെയ്യാവുന്ന കാര്യം ഭക്ഷണം കഴിക്കൽ മാത്രമാണ്. അത് സ്വാദിഷ്ടമാക്കാൻ ശ്രമിക്കുന്നു. 

ഈ പ്രശ്നങ്ങൾക്ക്  പരിഹാരമായി തോന്നുന്ന കാര്യങ്ങൾ :

1.  മാനസീകസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള കൗൺസിലിങ്ങ്/മറ്റ് ഉപാധികൾ നൽകണം. ഓരോ ഡിപ്പാർട്ട്മെന്റിനും ഒരു വ്യായാമകേന്ദ്രം തുടങ്ങുകയും ഡോക്ടർമാർ നിർബന്ധമായും ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.  ഇതിന് ഒരു നിശ്ചിത തുക വാടക ഈടാക്കുന്നതിലും തെറ്റില്ല. വ്യായാമ ഉപകരണങ്ങൾ വാങ്ങാനും അറ്റകുറ്റപ്പണികളും നടത്താനും  മാത്രമേ ഈ തുക ഉപയോഗിക്കാവൂ.  ഡോക്ടർമാരുടേയും ജീവനക്കാരുടേയും ഒരു ഓൺലൈൻ ആരോഗ്യഡയറക്ടറി തയ്യാറാക്കണം ചുരുങ്ങിയത് ആറു മാസം കൂടുമ്പോഴെങ്കിലും എല്ലാവരും നിർബന്ധമായും ആവശ്യമായ ടെസ്റ്റുകൾ നടത്തി ഈ ഡയറക്ടറി അപ് ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.  എല്ലാ മെഡിക്കൽ കോളേജിലും ഈ സംവിധാനം ആരംഭിക്കുകയാണെങ്കിൽ ജീവനക്കാരൻ/ഡോക്ടർ ട്രാൻസ്ഫർ ആവുമ്പോൾ ഇത് ട്രാൻസ്ഫറായ ഇടത്തേയ്ക്ക് ലഭ്യമാക്കണം. 

2. കാന്റീനു പുറമേയോ കാന്റീനൊപ്പമോ  ഒരു ഫ്രൂട്ട്സ്റ്റാൾ കം ലഘുഭക്ഷണശാല ആരംഭിക്കണം. വിപണിയിൽ ലഭ്യമായ പഴങ്ങൾക്കു പുറമേ വിവിധയിനം വാഴപ്പഴങ്ങൾ, ചക്ക, മാങ്ങ, തുടങ്ങിയ നാടൻപഴവർഗ്ഗങ്ങളും കരിക്കുമെല്ലാം ഇവിടെ ലഭ്യമാക്കണം. കൂടാതെ എണ്ണയിൽ പൊരിക്കാത്ത വിഭവങ്ങളായ അവൽ, അട(അടകൾ തന്നെ പലതരമുണ്ട് ), പുട്ട്-കടല, ഇഡ്ഡലി,  കൊഴുക്കട്ട, എള്ളുണ്ട, അരിയുണ്ട,  കപ്പ, കാച്ചിൽ  പുഴുങ്ങിയത്,  ഗ്രീൻ ടീ തുടങ്ങിയവയും നൽകണം. ലാഭക്കൊതിയില്ലാത്ത, ഈ ആശയം ഉൾക്കൊള്ളുന്ന ഒരു നടത്തിപ്പുകാരനെ കണ്ടുപിടിക്കണം.  ആത്മാർത്ഥതയുള്ള കുടുംബശ്രീ യൂണിറ്റ് വിചാരിച്ചാൽ പറ്റും.

-------------

വാൽക്കഷണം : ഡോക്ടർമാർ മാത്രമല്ല  പല വിഭാഗങ്ങളിലെ സർക്കാർജീവനക്കാരും അമിതമായ മാനസീകസമ്മർദ്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട്, മേല്പറഞ്ഞവയൊക്കെ അത്തരം സർക്കാർ ജീവനക്കാർക്കും വിഭാഗങ്ങൾക്കും ലഭ്യമാക്കുന്ന കിനാശ്ശേരിയാണെന്റെ സ്വപ്നം.

Tuesday, November 21, 2017

കിണറിന്റെ കുറ്റിയും ശാസ്ത്ര സാഹിത്യ പരിഷത്തും.

ശ്രീ ജെഫ്രീ ജേക്കബ്ബ് :  ദൈവത്തെക്കുറിച്ച് പരിഷത്തിന്റെ നിലപാടെന്താ? പലതവണ ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ പരിഷത്ത് പ്രവര്‍ത്തകന്‍ വിശദീകരിച്ചതിങ്ങനെ. കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം കിനര്‍കുഴിക്കാനുള്ള സ്ഥാനം നിര്‍ണ്ണയിക്കും. അവിടെ ഒരു കുറ്റിയടിക്കും. ആ കുറ്റിയെ കേന്ദ്രമാക്കിയുള്ള വൃത്തത്തിലാണ് കിണര്‍ കുഴിക്കുന്നത്. കിണര്‍ കുഴിക്കാന്‍ തുടങ്ങുമ്പോള്‍ കുറ്റി എടുത്തുകളയെണ്ടേ എന്ന ചോദ്യം ആവശ്യമില്ല. വൃത്ത കേന്ദ്രത്തില്‍ നില്‍ക്കുന്ന കുറ്റി നിലനിറുത്തിക്കൊണ്ട് കിണര്‍ കുഴിക്കാന്‍ ആവില്ല. മറ്റൊരു രീതിയില്‍ കിണറാണ് കുഴിക്കുന്നതെങ്കില്‍ കുറ്റി നിലനില്‍പില്ലാതെ ഇല്ലാതാവുകതന്നെ ചെയ്യും. ഈ നാട്ടിലെ എല്ലാവര്‍ക്കും "ശാസ്ത്ര ബോധവും, ശാസ്ത്രീയമായി പ്രശ്നങ്ങളെ വിശകലനം ചെയ്യാനും, ശാസ്ത്രീയമായ പ്രശ്നപരിഹാരം കണ്ടെത്താനും ശേഷി ഉണ്ടാകുമ്പോള്‍ വിശ്വാസങ്ങളുടെ എല്ലാ കുറ്റികളും ഇല്ലാതാവും. പരിഷത്ത് കേവല യുക്തിവാദ പ്രചാരണം നടത്തുന്ന ഒരു സംഘടനയല്ല. അങ്ങനെ ആവുകയും അരുത്. പരിഷത്ത് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി തന്നെ നിലനില്‍ക്കണം. ശ്രീ. രവിചന്ദ്രൻ സി :
പ്രിയ ജെഫ്രി, പരിഷത്ത് യുക്തിവാദിസംഘമാകണമെന്നോ തിരിച്ചാകണമെന്നോ ഉള്ള ആവശ്യം പ്രസക്തമല്ല. പരിഷത്ത് ശാസ്ത്രീയ അവലോകനരീതിയും മുന്‍വിധികളും വെച്ചുപുലര്‍ത്തേണ്ടതുണ്ട്. ദൈവത്തെയും പ്രേതത്തേയും നേരിടാന്‍ താല്പര്യമില്ലെന്നൊക്കെ പറയുന്നതില്‍ കഥയില്ല. മറിച്ചു തീരുമാനിച്ചാലും കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. വഴി മാറിപ്പോകുന്നത് തന്നെയാണ് ബുദ്ധി. ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന പല ഉപമകളും സ്വയംപരാജയപ്പെടുത്തുന്നവയാണ്. കിണറ് കുഴിച്ച് കഴിഞ്ഞാല്‍ സ്ഥാനംകാണാന്‍ ഉപയോഗിച്ച കുറ്റി കാണില്ലെന്ന ഉപമ ഇവിടെ ഒട്ടും പൊരുത്തപ്പെടാത്തതാണ്. കുറ്റി എവിടെപ്പോകും? കിണറു കുഴിക്കുന്ന ആള്‍ അത് എടുത്ത് ദൂരെയെറിയണം. എങ്കിലേ അത് മാറിപ്പോകൂ. അല്ലാതെ സ്വയം ആവിയാകുമെന്ന് കരുതാന്‍ വയ്യ. മറിച്ചായാല്‍ കുറ്റികൂടി കിണറിനകത്തായിപ്പോകും, അതവിടെ കിടന്ന് ജീര്‍ണ്ണിച്ച് നാറും, വെള്ളം കുടിക്കാന്‍ കൊള്ളതാകും. അതാണ് കൃത്യമായും പരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങളില്‍ സംഭവിക്കുന്നത്. തൊട്ടുതേക്കലുകളും ഒഴിഞ്ഞുമാറലുകളും തെറ്റല്ല. ശാസ്ത്രം പഠിപ്പിച്ചാല്‍, ശാസ്ത്ര പുസ്തകങ്ങള്‍ വിതരണം ചെയ്താല്‍ ജനത്തെ ശാസ്ത്രീയബോധമുള്ളവരാക്കി മാറ്റാം എന്നത് മറ്റൊരു അന്ധവിശ്വാസമാണ്. ശാസ്ത്രജ്ഞാനവും(scientific knowledge) ശാസ്ത്രീയമനോവൃത്തിയും(scientific temper) തമ്മിലുള്ള അന്തരം പ്രകാശവര്‍ഷങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തേണ്ട ഒന്നാണ്.

ശ്രീ. ജെഫ്രി ജേക്കബ്ബ് :
അതുകൊണ്ടാണ് സാര്‍, പരിഷത്തിന്റെ  പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജീവശാസ്ത്രവും വൈദ്യശാസ്ത്രവും  പഠിച്ച ഡോക്ടര്‍ ശസ്ത്രക്രിയക്ക് മുന്പ് പ്രാര്‍ഥിക്കാന്‍ പോകുന്നതും വൈദ്യശാസത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആള്‍ "റെഡി ടു വെയിറ്റ്" ക്യാമ്പൈനിന്റെ വക്താവാകുന്നതും, ആസ്ട്രോ ഫിസിക്സില്‍ ഡോക്ടരേറ്റ് ഉള്ള ആള്‍ ബാങ്ക് വിളികേട്ടാല്‍ നമസ്കാരത്തിനായി പള്ളിയിലേക്ക് ഓടുന്നതും, റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുന്പ് ഗണപതിപൂജക്കൊരുങ്ങുന്നതും പഠിച്ച ശാസത്രത്തില്‍ വിശ്വാസമില്ലാത്തത് കൊണ്ടല്ല, മറിച്ച് ശാസ്ത്ര ബോധം ഉള്ളവനാക്കി അയാളെ മാറ്റാന്‍ നമ്മുടെ വിദ്യാഭ്യാസ പദ്ധതിക്ക് കഴിയാത്തത് കൊണ്ടാണ്.
പരിഷത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലുള്ളതാണ്.  പ്രവര്‍ത്തകരില്‍ ശാസ്ത്രബോധം നഷ്ടപ്പെടുന്നുവെങ്കില്‍ അത് പരിശോധിക്കേണ്ടത് തന്നെയാണ്. തര്‍ക്കമില്ല. പരിഷത്തിലെക്ക് ആളുകള്‍ വരുന്നത് പല പല പ്രവര്‍ത്തനങ്ങളില്‍ ചിലതിലെല്ലാം ആകൃഷ്ടരായാണ്. സംഘടനയില്‍ വന്ന ശേഷമാണ് പലരും പരിഷത്ത് എന്താണെന്ന് സമഗ്രമായി അറിയുന്നത്. അതില്‍ തന്നെ എത്രമാത്രം സമഗ്രതയോടെയാണ് മനസ്സിലാക്കുന്നതെന്ന കാര്യത്തിലും സംശയമുണ്ട്. ഇപ്പോള്‍ യുവസമിതി വഴി ഇരച്ചുകയറി വരുന്ന ഒരു പുതു തലമുറ പ്രതീക്ഷ നല്‍കുന്നതാണ്. അവര്‍ ഏറെക്കുറെ എല്ലാവരും ശാസ്ത്ര ബോധം ഉള്ളവരാനെന്നാണ് മനസ്സിലാക്കുന്നത്. അല്ലാത്തവര്‍ സംഘടനിയിലോ യുവസമിതിയിലോ നിലനില്‍ക്കുന്നുമില്ല. അവര്‍ ഏതാണ്ട് മുഴുവനായും മറയില്ലാതെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും മനസ്സിലാക്കുന്നു. ജ്യോതിഷം, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരിഷത്ത് ഇടപെട്ടപോലെ മറ്റേതെങ്കിലും സംഘടന ഇടപെട്ടിട്ടുണ്ടോ എന്നതും സംശയമാണ്.

പ്രകൃതി സമൂഹം ശാസ്ത്രം ക്ലാസ്സുകള്‍, ശാസ്ത്രവും വിശ്വാസവും ക്ലാസ്സുകള്‍, ജ്യോതിശാസ്ത്ര ക്ലാസ്സുകള്‍............ തുടങ്ങി ശാസ്ത്ര സത്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പരിഷത്ത് പോലെ ശ്രമിച്ച ഏതെങ്കിലും ഒരു സംഘടനയെ/സംഘത്തെ കേരളത്തില്‍ കാണിക്കാന്‍ കഴിയുമോ? ഈ ഞാന്‍ തന്നെ ഈ വിഷയങ്ങളില്‍ എടുത്തിട്ടുള്ള ക്ലാസുകള്‍ എത്രയാണെന്ന് ഓര്‍മ്മയില്ല. ക്ലാസ്സിന്റെ അനന്തരഫലങ്ങലായ ഒട്ടേറെ ആവേശം കൊള്ളിക്കുന്ന അനുഭവങ്ങള്‍ ഉണ്ട്. വിസ്തര ഭയത്താല്‍ എഴുതുന്നില്ല. അങ്ങനെ ഒട്ടേറെ അനുഭവങ്ങള്‍ ഓരോ സജീവ പരിഷത്ത് പ്രവര്‍ത്തകനും പറയാനുണ്ടാവും. പരിഷത്തിന്റെ ഓരോ പ്രവര്‍ത്തനവും അതിന്റെ പ്രഖ്യാപിത ലക്ഷ്യമായ "ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്" എന്ന ലക്ഷ്യത്തിലെക്കെത്താന്‍ എത്രമാത്രം സഹായിക്കും എന്ന് നേട്ടകോട്ട വിശ്ലേഷണം നടത്തിയാണ് തീരുമാനിക്കപ്പെടുന്നത്. പരിപാടിക്ക് വേണ്ടി പരിപാടി നടുത്തുന്ന ഒരു പരിപാടി പരിഷത്തിനില്ല. അതുകൊണ്ട് തന്നെ ചിലര്‍ക്കൊക്കെ എന്തുകൊണ്ടിങ്ങനെ എന്ന സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഒരു കാര്യമേയുള്ളൂ........."റോമിലേക്കുള്ള വഴി പലതാണ്. ഒരേ ലക്ഷ്യത്തില്‍ സഞ്ചരിക്കുന്നവര്‍ അവിടെ വച്ച് കണ്ടുമുട്ടും." *റോം എന്ന് ഉദ്ദേശിച്ചത് മാര്‍പാപ്പയുടെ റോം അല്ലെന്നു പ്രത്യേകം എടുത്തു പറയട്ടെ. ഏതെങ്കിലും "വിശുദ്ധ നഗരവുമല്ല. ഇത് എന്റെ ചില ധാരണകള്‍ ആണ്. ഇപ്പോള്‍ പരിഷത്തില്‍ സജീവമല്ല. ഇപ്പോള്‍ സജീവമായുള്ള പരിഷത്തുകാരും ചര്‍ച്ചയിലേക്ക് വരട്ടെ. എന്തായാലും ഈ വിഷയം പരിഷത്തും ചര്‍ച്ച ചെയ്യേണ്ടതാണ്. തുടക്കമിട്ടതിനു രവിസാറിനു നന്ദി. പൊതു വേദിയില്‍ തന്നെ സംവാദം നടക്കട്ടെ.

----------------------------


എനിക്കു തോന്നിയത് :


കുറ്റി ഇവിടെ സ്വയം ഇല്ലാതാകുന്നതല്ല. പക്ഷേ കുറ്റി എടുത്തു കളയുന്ന പണി കിണർ കുഴിക്കുന്നതിനിടയിൽ സ്വാഭാവികമായി സംഭവിക്കുന്നു. ലക്ഷ്യം കിണർ കുഴിക്കുകയാണ്, കിണറ്റിൽ നിന്ന് അഴുക്കൊന്നുമില്ലാതെ വെള്ളം ലഭ്യമാക്കുകയാണ്. കുറ്റി കിണറ്റിൽ വീണ് അഴുകാതിരിക്കണമെങ്കിൽ, കിണർ താഴ്ത്തുന്നതിനിടയിൽ കുറ്റി എടുത്തു പുറത്തേക്കെറിയേണ്ടതുണ്ട് എന്ന ബോധം കിണർ നിർമ്മാണത്തെ കുറിച്ചുള്ള സമഗ്രമായ ബോധം പകർന്നു നൽകുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നു. കുറ്റി അപ്രസക്തമാവുന്നു.

കിണർ കുഴിക്കുമ്പോൾ ആരോക്കെ ചേർന്ന് കുഴിക്കണം, വെള്ളം കിട്ടുമ്പോൾ ആരൊക്കെ ചേർന്ന് പങ്കിട്ടെടുക്കണം, വെള്ളം വറ്റാതിരിക്കാൻ എന്തു ചെയ്യണം എന്നൊക്കെ കൂടി ചർച്ചയും ചിന്തയും വരുമ്പോൾ അത്തരം സാമൂഹ്യ വിഷയങ്ങളേയും ശാസ്ത്രത്തിന്റേയും യുക്തിയുടേയും സഹായത്തോടെ നിർധാരണം ചെയ്യേണ്ടി വരുന്നു. ശാസ്ത്ര സംഘടന, സാമൂഹ്യ സംഘടന കൂടിയാവുന്നു.

പരിഷത്ത് ഇപ്പോൾ നേരിടുന്ന പ്രശ്നം, കിണർ നിർമ്മാണം സമഗ്രമായി അറിയാവുന്നവരെ സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാനാവുന്നില്ല, രൂപപ്പെടുത്തിയെടുക്കാനാവുന്നില്ല എന്നൊക്കെയുള്ളതാണ് കരുതുന്നു. അതിന്റെ ഒന്നാമത്തെ കാരണം, ഉപഭോക്തൃസംസ്ക്കാരത്തിന്റെ പിടിയിലമർന്ന് സാമൂഹ്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതക്കിടയിൽ നിന്ന് ഒഴുക്കിനെതിരെ നീന്താനും നിലവിൽ പല തരത്തിൽ നീന്തുന്നവരെ കണ്ടെത്തി അണിചേർക്കാനുമുള്ള ബുദ്ധിമുട്ടു തന്നെയാണ്. എതിരെയുള്ള ശക്തമായ ഒഴുക്കിൽ പലരും നീന്തൽ നിർത്തി കരയ്ക്കിരിക്കുകയോ 'ഇടയ്ക്കൊക്കെ ഒന്നു ഒപ്പം നീന്തിയാലെന്താ' എന്ന ചിന്തയിലേക്കോ - അങ്ങനെ പലതരത്തിലുള്ള സന്ധി ചെയ്യലുകൾക്കും കീഴടങ്ങലുകൾക്കും വിധേയരായി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധി പരിഷത്ത് മാത്രമായി നേരിടുന്നതാണെന്നും കരുതുന്നില്ല.

കിണർ കുഴിച്ചു തുടങ്ങുമ്പോഴേക്കും കുറ്റി പറിച്ചു കളയണം എന്നതിനായിരിക്കണം ഊന്നൽ എങ്കിൽ', കിണർകുഴിക്കൽ കുറ്റി പറിച്ചു കളയലിൽ മാത്രം ഒതുങ്ങി നിന്നേക്കാൻ ഇടയുണ്ട്. എന്തുകൊണ്ടെന്നാൽ, അങ്ങനെ നിർബന്ധവും വാശിയുമുള്ള ആളുകൾക്ക് മറ്റൊരിടത്ത് മറ്റുള്ളവർ കിണർ കുഴിക്കാൻ തുടങ്ങുമ്പോൾ ഉടനേ കുറ്റി പറിച്ചു കളയാൻ അങ്ങോട്ടോടേണ്ടി വരും. അത്തരം നിർബന്ധബുദ്ധിക്കാർക്ക് മിക്കവർക്കും തങ്ങൾക്കും സമൂഹത്തിനും വേണ്ടി കിണർ കുഴിക്കാൻ കഴിഞ്ഞെന്നു വരില്ല. അതേ സമയം കിണർ കുഴിക്കുകയും അതിൽ നിന്നു വെള്ളം കിട്ടുകയും ആവശ്യമായ സമൂഹത്തിലെ ഭൂരിപക്ഷവും കുറ്റി നിർത്തിയും കിണർ കുഴിച്ചവരുടെ പിന്നാലേ പോകേണ്ടിയും വരുന്നു. കേവലയുക്തിവാദം കൊണ്ട് മാത്രം സമൂഹത്തിനു വലിയ ഗുണമുണ്ടാകുന്നില്ല എന്നു പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. അതേ സമയം എല്ലാവർക്കും വെള്ളവും വെളിച്ചവും ഭക്ഷണവും വീടും വരുമാനവും സ്വാതന്ത്ര്യവുമുള്ള, അസമത്വങ്ങൾ കുറവുള്ള ഒരു സമൂഹത്തിൽ അതിനു കൂടുതൽ വേരോട്ടം ലഭിക്കുമെന്ന് കാണാനും പ്രയാസമില്ല. ഒരു പക്ഷേ അതിനു മുമ്പേ തന്നെ അത്തരം സമൂഹം, കുറ്റി അപ്രസക്തമാണെന്ന് തിരിച്ചറിഞ്ഞെന്നും വരാം.

‌--------------------------------


നിരാകരണം : ഞാനോ ശ്രീ ജെഫ്രീ ജേക്കബോ പരിഷത്തിന്റെ ഔദ്യോഗീക വക്താക്കളല്ല.  ഇത്തരത്തിലൊരു മറുപടി പറയാൻ പരിഷത്ത് ഞങ്ങളെ ചുമതലപ്പെടുത്തിയിട്ടുമില്ല. ഞങ്ങൾ ഇരുവരുടേയും അനുഭവത്തിലും കാഴ്ച്ചപ്പാടിലുമുള്ള പരിഷത്ത് എന്താണെന്ന് പറയുക മാത്രമാണുദ്ദേശം. ശ്രീ. രവിചന്ദ്രൻ സി എഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ ചർച്ച നടന്നിരിക്കുന്നത്. പോസ്റ്റിന്റെ ലിങ്ക് : അന്ധവിശ്വാസങ്ങളും പരിഷത്തും