Monday, April 09, 2018

അമ്മ മലയാളം


പരിഷത്തിൽ അംഗമാവാം.

പരിഷത്തിൽ അംഗമാവാം.
---------------------------------------
പ്രിയ സുഹൃത്തേ,

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിനെ താങ്കള്‍ക്ക്‌ പരിചയപ്പെടുത്തേണ്ടതില്ല എന്നറിയാം.പരിഷത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍ ചിലതിലെങ്കിലും താങ്കള്‍ ഇതിനകംസഹകരിച്ചുണ്ടാകും.

കേരള സമൂഹത്തിന്‌ നിസ്സാരമല്ലാത്ത സംഭാവനകള്‍ ചെയ്യാന്‍ സാധിച്ച ഒരു സംഘടനയായാണ്‌ പരിഷത്ത്‌ സ്വയം വിലയിരുത്തുന്നത്‌. ശാസ്‌ത്ര വിജ്ഞാനവും ശാസ്‌ത്രബോധവും സാധാരണ ജനങ്ങളിലേക്ക്‌ പകരാന്‍ ലക്ഷ്യം വച്ച്‌ രൂപം കൊണ്ട സംഘടന ജനജീവിതത്തിന്റെ നാനാ മേഖലകളില്‍ ഇടപെട്ട്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ശാസ്‌ത്രത്തിന്റെ രീതി ഉപയോഗപ്പെടുത്തിയും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമുള്ള സമീപനമാണ്‌ പരിഷത്ത്‌ ഓരോ രംഗത്തും കൈക്കൊള്ളുന്നത്‌. ശാസ്‌ത്ര പ്രചാരണം, വിദ്യാഭ്യാസം, പരിസ്ഥിതി,ആരോഗ്യം, സ്‌ത്രീ - പുരുഷ തുല്യത, ........ തുടങ്ങി പരിഷത്ത്‌ ഈ വിധം ഇടപെടുന്ന മേഖലകള്‍ നിരവധിയാണ്‌.

സമീപകാലത്തായി പരിഷത്ത്‌ കേരള സമൂഹത്തിന്‌ മുമ്പില്‍ വച്ചിരിക്കുന്ന മുദ്രാവാക്യം വേണം മറ്റൊരു കേരളം എന്നതാണ്‌. സാമ്പത്തികമായി - സ്ഥിരതയോടെ ഉള്ള വളര്‍ച്ച സാധ്യമാക്കുന്ന,പരിസ്ഥിതി സംരക്ഷിക്കുന്ന സാമൂഹ്യ നീതി ഉറപ്പു വരുത്തുന്ന, സാംസ്‌കാരിക മൂല്യങ്ങള്‍ പരിപാലിക്കുന്ന ഒരു കേരളം നാളെ പുലരണം എന്ന ചിന്തയാണ്‌ ഈ മുദ്രാവ്യാക്യത്തിന്‌ പിന്നില്‍. നാടിനെ സ്‌നേഹിക്കുന്ന, ശാസ്‌ത്രബോധവും സാമൂഹ്യബോധവും ഉള്‍ക്കൊണ്ട മുഴുവന്‍ പേരും ഈ ചിന്തയെ പിന്തുണക്കുമെന്നുറപ്പാണ്‌. ശാസ്‌ത്രരംഗത്തും സാമൂഹ്യരംഗത്തും സാംസ്‌കാരികരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ കഴിവുകള്‍ നാടിന്റെ പുരോഗതിക്കായി വിനിയോഗിച്ചാലേ ഇത്‌ സാധ്യമാകൂ.

ഇത്തരം കഴിവുകളെ നാടിന്റെ പുരോഗതിക്കായി ഏകോപിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ പരിഷത്ത്‌. പരിഷത്ത്‌ നടത്തുന്ന പ്രവര്‍ത്തനത്തില്‍ താങ്കളുടെ പങ്കാളിത്തം ഈ രംഗത്തെ പ്രവര്‍ത്തനത്തിന്‌ കരുത്തു പകരും. അതിനാല്‍ പരിഷത്തില്‍ അംഗമായി പരിഷത്തിന്റെ പ്രവര്‍ത്തനത്തില്‍ കരുത്ത്‌ പകരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

-------------------------------

എന്തല്ല പരിഷത്ത് :

>> പരിഷത്ത്‌ ഒരു രാഷ്‌ട്രീയ പാർട്ടിയല്ല. എന്നാൽ പരിഷദ്‌ പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്‌ട്രീയപാർടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും.പക്ഷേ, രാഷ്‌ട്രീയപ്പാർട്ടികൾക്ക്‌ ഉപകരിക്കുമാറാകുക എന്നതല്ല പരിഷത്തിന്റെ ലക്ഷ്യം.

>> പരിഷത്ത്‌ ഒരു ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം , മെഡിക്കൽ ക്യാമ്പുകൾ, ചെലവ് കുറഞ്ഞ വീട്‌ നിർമ്മാണം , അടുപ്പ്‌ സ്ഥാപിക്കൽ , ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പര്‌ഷത്തിന്റെ ലക്ഷ്യം അത്‌ മാത്രമല്ല.

>> പരിഷത്ത്‌ ഒരു കേവല സാംസ്‌കാരിക സംഘടലയല്ല. കലാപരിപാടികൾ . പൊതുയോഗങ്ങൾ , മത്സരങ്ങൾ , ജാഥകൾ തുടങ്ങിയ പല സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അതു മാത്രമല്ല.

>> പരിഷത്ത്‌ ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും , അധ്യാപകർക്കും , നാട്ടുകാർക്കും ക്ലാസുകൾ ലടത്തുക , സയൻയ്‌ ക്ലബ്‌ , സയൻസ്‌ കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത്‌ മാത്രമല്ല.

>> പരിഷത്ത്‌ കേവലമൊരു ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ , നാടിന്‌ ചേർന്ന സാങ്കേതിക വിദ്യ, ബയോഗ്യാസ്‌ , കേരളത്തിന്റെ സമ്പത്ത്‌ , പരിസര മലിനീകരണം , പരിസ്ഥിതി സംരക്ഷണം , തുടങ്ങിയ പല തുറകളിലും ഗവേഷണ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അതു മാത്രമല്ല.

>> പരിഷത്ത്‌ ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്‌ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക്‌ ഉപകരിക്കുന്ന വിവരങ്ങളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം ഏത്‌ മാത്രമല്ല.

>> പരിഷത്ത്‌ ഒരു പ്രസിദ്ധീകരണ ശാലയല്ല. ഒട്ടേറെ ശാസ്‌ത്രപുസ്‌തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രചാരണത്തിൽ അതിയായ താത്‌പര്യമുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത്‌ മാത്രമല്ല.

>> പരിഷത്ത്‌ ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്‌ത്രീയമായ ജീവിത വീക്ഷണം വളർത്തുവാനായി പരിഷത്ത്‌ പരിശ്രമിക്കുന്നു. എന്നാൽ കാരണത്തെ വിട്ട്‌ കാര്യത്തിൽ ഒതുങ്ങി നിൽക്കുക എന്നത്‌ പരിഷത്തിന്റെ രീതിയല്ല.

>> പരിഷത്ത് ഒരു ഫേസ്ബുക്ക് / വാട്ട്സാപ്പ് സംഘടനയല്ല.
ഫേസ് ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ ആശയപ്രചരണത്തിനും അറിയിപ്പുകൾക്കും വേണ്ടി ഉപയോഗിക്കുമെങ്കിലും ഇത്തരം മാധ്യമങ്ങളിലൂടെ പ്രചരണങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിലൂടെ സാമൂഹ്യവിപ്ലവം സാധ്യമാക്കാം എന്ന് പരിഷത്ത് കരുതുന്നില്ല.

-----------

കത്തുകൾക്ക് മറുപടി അയക്കാത്തവർ,
ഫോണ്‍ വിളിച്ചാൽ എടുക്കാത്തവർ,
ഏറ്റ പണിയിൽ നിന്നു ഒഴിയുന്നവർ,
കാര്യങ്ങള്‍ ആഴത്തിൽ പഠിക്കാൻ തയ്യാറാക്കാത്തവർ ,
തന്റെ പ്രവർത്തനവും മറ്റുള്ളവരുടെ പ്രവർത്തനങ്ങളും
തമ്മിലുള്ള ബന്ധം കാണാത്തവർ ,
സർഗാത്മകവിമർശനത്തിന് പകരം
പരാതിയിലും പരദൂഷണത്തിലും മുഴുകുന്നവർ,
സ്വയംവിമർശനത്തിന് തയ്യാറാകാത്തവർ,
പരിഷത്തിൻ്റെ ലക്ഷ്യം സ്വാംശീകരിക്കാത്തവർ,
മനുഷ്യരിലും മാനവരാശിയുടെ കഴിവിലും
വിശ്വാസമില്ലാത്തവർ - ഇവർക്കാർക്കും
നല്ല പരിഷത് പ്രവർത്തകരാകാൻ കഴിയില്ല.

*കത്ത് എന്നത് കൊണ്ട് എല്ലാത്തരം കത്തുകളും (ഇമെയിൽ , വാട്‌സപ്പ് അറിയിപ്പുകൾ , മെസ്സേജുകൾ എന്നിവ ഉൾപ്പെടും.)

( പരിഷത്ത് കുറിപ്പുകളിൽ കാലികമായ കൂട്ടിചേർക്കലുകളോടെ )

------------------------------

അംഗത്വത്തിന് ഏപ്രിൽ 30 നു മുമ്പ് പരിഷത്ത് പ്രവർത്തകരുമായി ബന്ധപ്പെടുക.