Sunday, September 06, 2020

 ജാതകവശാൽ, യുക്തിവാദി !

കൊറോണക്കാലത്തിനു മുമ്പു നടന്ന കഥയാണ്. തിരക്കൊഴിഞ്ഞ ബോഗി. നിങ്ങൾക്കെതിരെ ഇരിക്കുന്നത് സന്യാസപരിവേഷമുള്ള ഒരാളാണ്- കാഷായവേഷം, രുദ്രാഷമാല,. വലിയ ചന്ദനപ്പൊട്ട്, നീണ്ട് വെളുത്ത താടി. ശാന്തഗഭീരനായി കണ്ണടച്ച് ഇരിക്കുന്നു. അടുത്ത സ്റ്റേഷനിൽ നിങ്ങൾക്കിറങ്ങണം. അതിന്റെ തയ്യാറെടുപ്പിലാണ് നിങ്ങൾ. അഞ്ച് മിനിറ്റിനകം എത്തുമെന്ന് സ്റ്റേഷനിൽ കാത്തു നിൽക്കുന്ന ജീവിതപങ്കാളിയെ വിളിച്ചറിയിക്കുകയും ചെയ്തു. “വിവാഹം കഴിഞ്ഞ് അധികമായില്ല അല്ലേ ?” എതിരെയിരുന്ന സന്യാസി കൺ തുറന്നു കൊണ്ടു ചോദിച്ചു. മുഖത്ത് ശാന്തമായ പുഞ്ചിരി. “അതേ” പങ്കാളിയോട് കാര്യമാത്രപ്രസക്തമായി പറഞ്ഞതിൽ നിന്ന് ഇയാൾ ഇതെങ്ങനെ പിടിച്ചെടുത്തു എന്ന സങ്കോചത്തോടെയും പാതി അത്ഭുതത്തോടെയും നിങ്ങൾ മറുപടി പറഞ്ഞു. അയാൾ സൂക്ഷ്മമായി നിങ്ങളെ നോക്കുന്നു. “ സൂക്ഷിക്കണം. കുട്ടിക്ക് ദോഷങ്ങൾ ഏറിയിരിക്കുന്ന സമയമാണ്. “ അയാളുടെ മുഖത്ത് പുഞ്ചിരിക്കു പകരം കരുണാഭാവം. “ ആ വലതുകൈ ഒന്നു തരൂ..പേടിക്കേണ്ട..ഒന്നു മന്ത്രിക്കാനാണ്..” സങ്കോചവും അത്ഭുതവുമെല്ലാം പെരുകിയെങ്കിലും നിങ്ങൾ സംശയത്തോടെ കൈ നീട്ടുന്നു. പറഞ്ഞതു പോലെ, നിങ്ങളുടെ കൈപ്പത്തി തന്റെ രണ്ടു കൈകൾക്കുള്ളിൽ ചേർത്തു പിടിച്ച് അയാൾ കണ്ണടച്ച് എന്തൊക്കെയോ ഉരുവിട്ടു. “ഒരു വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അല്ലേ ?” അത്ഭുതം കൊണ്ട് നിങ്ങളുടെ വാ തുറന്നു പോയി.. “ അതേ.. ഹൈവേയിൽ വച്ച് ബൈക്കൊന്നു തട്ടി. കണ്ടെയ്നർ ലോറിയായിരുന്നു. വണ്ടിക്കടിയിൽ പോവേണ്ടതായിരുന്നു. അവരു പെട്ടന്ന് നിർത്തിയതുകൊണ്ട് ചെറിയ പോറലും ഉളുക്കുമൊക്കെയേ പറ്റിയുള്ളൂ. “ ഒന്നു മൂളിയ ശേഷം അയാൾ കണ്ണടച്ച് ഒന്നുകൂടി മന്ത്രങ്ങൾ ഉരുവിട്ടു. പിന്നെ നിങ്ങളുടെ കൈവിട്ട് തന്റെ സഞ്ചിയിൽ നിന്ന് എന്തൊക്കെയോ തിരയാൻ തുടങ്ങി. നിങ്ങൾ അതേ അമ്പരപ്പോടെ നിൽക്കുകയാണ്. വണ്ടി സ്റ്റേഷൻ അടുത്തു തുടങ്ങി. “ അതുകൊണ്ട് തീർന്നില്ല കുട്ടീ. ദശാസന്ധിയാണ്...” അയാൾ തിരച്ചിൽ തുടരുന്നതിനിടയിൽ പറഞ്ഞു., “ ദൈവചിന്ത ശ്വാസം പോലെ കൂടെ വേണ്ട സമയമാണ്.” അയാൾ ഒരു ചെറിയ ഡപ്പിയെടുത്തു തുറന്നു. ആലില പോലെയുള്ള ഒരു ചെറിയ ലോക്കറ്റ് എടുത്തു നീട്ടി “ ഇത് മാലയിലോ പറ്റില്ലെങ്കിൽ പേഴ്സിലോ ധരിക്കുക. എല്ലാ ശായറാഴ്ച്ചയും അടുത്ത ശിവക്ഷേത്രത്തിൽ ശത്രുസംഹാരപൂജ കഴിക്കുക. ഇതൊക്കെ ഒരു നിമിത്തമായി കണ്ടാൽ മതി. മംഗളം ഭവന്തു .നമശ്ശിവായ.. ഇറങ്ങിക്കോളൂ..” അയാൾ കൈകൂപ്പി തൊഴുതു കൊണ്ടു ധ്യാനനിമഗ്നനായി. വണ്ടി നിന്നു. നിങ്ങൾക്കു മുമ്പിൽ പല ഓപ്ഷനുകൾ ഉണ്ട്. 1. അയാൾ പറഞ്ഞത് എല്ലാം വിശ്വസിച്ച് എല്ലാം അനുസരിക്കുക. 2. അയാളെ പൂർണ്ണമായും വിശ്വാസമായില്ലെങ്കിലും പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടാവും എന്ന് വിശ്വസിച്ച് എല്ലാം അനുസരിക്കുക. 3. അയാൾ പറഞ്ഞതിൽ വിശ്വാസമില്ലെങ്കിലും പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടായേക്കും എന്ന് വിശ്വസിച്ച് ഭാഗീകമായി അനുസരിക്കുക. 4. അയാൾ പറഞ്ഞതിൽ എന്തൊക്കെയോ സത്യമുണ്ടാവും എന്ന് വിശ്വസിച്ച് അത് പരിശോധിച്ച് ബോധ്യപ്പെടാനായി ജ്യോത്സനെ കാണുകയും അയാളുടെ നിർദ്ദേശപ്രകാരം തീരുമാനമെടുക്കുകയും ചെയ്യുക. 5. അയാൾ പറഞ്ഞതിലോ ജ്യോതിഷത്തിലോ വിശ്വാസമില്ലെങ്കിലും അയാളുടെ വിശ്വാസത്തെ മാനിക്കാം എന്നു കരുതി ലോക്കറ്റുമായി പുറത്തേക്കിറങ്ങി അത് ചവറ്റുക്കുട്ടയിലിടുക. 6. “ ഓ എനിക്കിതിലൊന്നും വിശ്വാസമില്ല ” എന്നു പറഞ്ഞ് ആ ലോക്കറ്റും തിരിച്ചേല്പിച്ച് ഇറങ്ങിപ്പോരുക. ഏതാണ് നിങ്ങളുടെ ഓപ്ഷൻ ? വായന തുടരുന്നതിനു മുമ്പ് നിങ്ങളുടേത് ഏത് ഒപ്ഷനാണെന്ന് താഴെ കമന്റ് ചെയ്യാമോ ? ******** കൃത്യമായ പ്രവചനം മനുഷ്യർക്കിടയിൽ ഏറേ പ്രാധാന്യമുള്ള ഒന്നാണ്. പ്രവാചകനെ സംബന്ധിച്ച് അതയാളുടെ ധിഷണയുടെയും നൈപുണ്യത്തിൻടേയും പ്രദർശനമാകുമ്പോൾ, ശ്രോതാക്കളെ സംബന്ധിച്ച്, തങ്ങളുടെ ജീവിതത്തെയും ഭാവിയേയും സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന നിർണ്ണായകമായ അറിവുകൾ പ്രവചനത്തിലൂടെ ലഭിക്കുന്നു. കൃത്യമായ പ്രവചനം നടക്കുന്നവർക്ക് സമൂഹത്തിന്റെ സ്വീകാര്യതയ്ക്കും ബഹുമാനത്തിനും പുറമേ ധാരാളം പാരിതോഷികങ്ങളും ലഭിക്കാനുള്ള സാധ്യതകളുണ്ട്. ഏതു തരം പ്രവചനങ്ങളായാലും, പ്രവാചകരുടെ അറിവിനേയും കഴിവിനേയും മാനിച്ചു കൊണ്ട് തങ്ങൾക്ക് പ്രസ്തുത മേഖലയിൽ അറിവോ പരിമിതമായ അറിവോ മാത്രമുള്ളപ്പോൾ പോലും ശ്രോതാക്കൾ, പ്രവാചകരെ വിശ്വാസത്തിലെടുക്കുകയാണ് പതിവ്.എന്നാലോ, പ്രവചനത്തിന് ഇത്രയും നിർണ്ണായകസ്ഥാനമുള്ളതുകൊണ്ട്, പരസ്യപ്പെടുത്താൻ ധൈര്യപ്പെടാറില്ലെങ്കിലും ‘കൈയ്യിലുള്ളത്’ വച്ച് ഞാനും നിങ്ങളുമെല്ലാം പ്രവചനങ്ങൾ നടത്താനും കേൾക്കാനും ധൈര്യപ്പെടുകയും ചെയ്യും. പ്രവചനങ്ങളെ അതു നടത്തുന്ന രീതി വച്ച് മൂന്നായി തിരിക്കാം. 1. കൃത്യമായും സയൻസിന്റേയും സാങ്കേതീകവിദ്യയുടെയും സഹായത്തോടെ നടത്തുന്ന പ്രവചനങ്ങൾ. സർക്കാരുകളുടേയും മറ്റും കാലാവസ്ഥ പഠനകേന്ദ്രങ്ങൾ നൽകുന്ന പ്രവചനങ്ങൾ/മുന്നറിയിപ്പുകൾ ഇക്കൂട്ടത്തിൽ പെടുത്താം. 2. സയൻസും യുക്തിയും ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവചനങ്ങൾ : മദ്യപാനിയായ ഒരാളെ പരിശോധിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്ത ശേഷം, ഈ നില തുടരുകയാണെങ്കിൽ രോഗി ലിവർ സീറോസിസ് വന്നു മരിക്കും എന്ന് ഒരു ഡോക്ടർ നടത്തുന്ന പ്രവചനത്തെ/മുന്നറിയിപ്പിനെ ഇക്കൂട്ടത്തിൽ പെടുത്താം. ഈ രണ്ടു തരം പ്രവചനങ്ങളിലും സയസിന്റേയും സാങ്കേതീകവിദ്യ പുരോഗമിക്കുന്തോറും പ്രവചനത്തിന്റെ കൃത്യതയും ഏറി വരും. അതേ സമയം, സയൻസിന്റെ രീതി ഉപയോഗപ്പെടുത്താനാവാത്ത മേഖലകളിൽ പ്രവചനം നടത്താൻ ഈ രീതി കൊണ്ട് സാധിക്കുകയുമില്ല. അതുകൊണ്ടാണ് ഒരു മനുഷ്യന് എന്നു ജോലി കിട്ടും, എത്ര വിഭ്യാഭ്യാസം നേടും, ദാമ്പത്യജീവിതം വിജയമായിരിക്കുമോ, എന്നു മരിക്കും എന്നൊന്നും പ്രവചിക്കാൻ സയൻസിന് സാധിക്കാത്തതും. എത്ര പ്രഗത്ഭനായ ശാസ്ത്രജ്ഞനായാലും, ഇതെല്ലാമറിയാൻ എത്ര മാത്രം ഔത്സുക്യം ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങളൊക്കെ അയാൾക്ക് അജ്ഞാതമായി തന്നെ തുടരും. തന്റെ മേഖലയിലൊഴിച്ച് സയൻസിന്റെ രീതി പിന്തുടരണമെന്ന് നിർബന്ധമില്ലാത്തയാളാണെങ്കിൽ, അശാസ്ത്രീയമായ രീതികളും വിശ്വാസവും ഭാവി അറിയാൻ ആ ശാസ്ത്രജ്ഞൻ ഉപയോഗപ്പെടുത്തിയെന്നും വരാം. 3. മൂന്നാമത്തെ വിഭാഗത്തിൽ സയൻസിന്റെ രീതി വഴി ശേഖരിക്കുന്ന വിവരങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമോ ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്യും. അധികവും പ്രവചനം നടത്തുന്നയാളുടെ വ്യക്തിപരമായ ധാരണ/വിശ്വാസങ്ങളും നീരീക്ഷണങ്ങളുമായിരിക്കും. ഇത്തരം വിശ്വാസങ്ങളും ധാരണകളുമെല്ലാം സയൻസിന്റെ രീതി പിന്തുടരാത്തവയോ സ്യൂഡോസയൻസ് തന്നെയോ ആയിരിക്കും. ജ്യോതിഷം, ഹസ്തരേഖ, ഗൗളിശാസ്ത്രം, കോടങ്കിശാസ്ത്രം തുടങ്ങി കേരളത്തിൽ തന്നെ ഇതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. ( അവസാനമുള്ള ‘ശാസ്ത്രം’ കണ്ട് സംശയം തോന്നരുത്. ശാസ്ത്രവും സയൻസും തമ്മിലുള്ള ബന്ധം ഇവിടെ വായിക്കാം >> ശാസ്ത്രവും സയൻസും ) പൗരാണികമായ ചില ഗ്രന്ഥങ്ങളിലെ വിവരങ്ങളോ പാരമ്പര്യമായി തങ്ങൾക്കു കിട്ടുന്ന വായ്മൊഴികളോ ആധാരമായി സ്വീകരിക്കുകയാണ് ഇക്കൂട്ടത്തിലെ പ്രവാചകർ ചെയ്യുക. ജീവിതപരിസരത്തിനനുസരിച്ച് കാലികമായ മാറ്റങ്ങൾ വരുത്താനുള്ള ‘ബുദ്ധി’ ഈ പ്രവാചകരെല്ലാം കാണിക്കാറുണ്ടെങ്കിലും ആ പ്രവചനങ്ങളിലെ ‘കൃത്യത’ എല്ലാക്കാലത്തും ഒരുപോലെയായിരിക്കും. വിശ്വാസ്യതയെ കുറിച്ച് സംശയമുണ്ടായിട്ടും വിവരവും വിദ്യാഭ്യാസവുമുള്ള മനുഷ്യർ എന്തുകൊണ്ട് ഇത്തരത്തിലുള്ള പ്രവചനങ്ങൾ നടത്താനും കേൾക്കാനും ഇഷ്ടപ്പെടുന്നു എന്നതിന് രണ്ട് മനശാസ്ത്രപരമായ കാരണങ്ങളുണ്ട്. ഒന്നാമത്തേത് ഒപ്റ്റിമിസം ബയാസ് ( Optimism Bias), അൺറിയലിസ്റ്റിക് ഒപ്റ്റിമിസം ( Unrealistic Optimism) എന്നൊക്കെ പറയുന്ന മനശാസ്ത്ര സവിശേഷതയാണ്. യാഥാർത്ഥ്യബോധമില്ലാത്ത ശുഭാപ്തിവിശ്വാസം എന്ന് മലയാളത്തിൽ പറയാം.( ഇതിന്റെ വിപരീതമായ പെസിമിസം ബയാസും ഉണ്ട് ) അവനവന് എപ്പോഴും ശുഭകരമായ ( പോസറ്റീവ്) കാര്യങ്ങളേ സംഭവിക്കൂ എന്നും അശുഭകരമായ ( നെഗറ്റീവ്) കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യത കുറവാണ് എന്നും കരുതുന്നതിനെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. എലികളും പക്ഷികളും പോലുള്ള ജീവികളിൽ പോലും ഈ സവിശേഷത പ്രകടമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഉദാഹരണത്തിന്, ഇതിനകം നമുക്ക് പരിചിതമായ കോവിഡ് 19 മഹാവ്യാധി തന്നെയെടുക്കുക. സമൂഹത്തിൽ ഭൂരിഭാഗം പേരിലേക്കും പടർന്ന് പിടിക്കാനിടയുള്ള ഒരു രോഗമാണെന്ന് അറിയുമ്പോഴും, നാം ഓരോരുത്തരും കരുതുന്നത് ആ സമൂഹത്തിലെ ഭൂരിഭാഗം പേരിൽ ഞാനൊഴികെ ഭൂരിഭാഗം പേർക്കായിരിക്കും രോഗം വരിക എന്നായിരിക്കും. ഇനി രോഗം വന്നുവെന്ന് തന്നെ കരുതുക. രോഗബാധിതരിൽ 20 % പേർക്ക് ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് കേൾക്കുമ്പോഴും രോഗബാധിതരായ ഓരോരുത്തരും കരുതുക, താനൊഴികെയുള്ള 20 % പേർക്കായിരിക്കും അത് സംഭവിക്കുക എന്നാണ്. ഭാവിയെ കുറിച്ച് കൃത്യമായ അറിവില്ലാത്ത മിക്കവാറും എല്ലാ കാര്യങ്ങളിലും പൊതുവേ മനുഷ്യർ ഈ ഒപ്റ്റിമിസം ബയാസ് പുലർത്തുന്നുണ്ട്. ജീവിതത്തിൽ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ ബയാസ് പ്രേരണയും പ്രതീക്ഷയും നൽകുന്നു എന്ന് പറയാമെങ്കിലും എല്ലായ്പ്പോഴും അത് വ്യക്തിക്ക്/സമൂഹത്തിന് ഗുണകരമാണെന്ന് പറയാൻ കഴിയില്ല. താൻ പോലീസിനാൽ പിടിക്കപ്പെടില്ലെന്ന് കുറ്റവാളി പുലർത്തുന്ന ശുഭപ്രതീക്ഷയും എത്ര മദ്യം കഴിച്ചാലും തന്റെ കരളിന് ഒരു പ്രശ്നവുമുണ്ടാകില്ല എന്ന മദ്യപാനിയുടെ ശുഭപ്രതീക്ഷയും ഗുണകരമാണെന്ന് പറയാൻ കഴിയില്ലല്ലോ. ഒപ്റ്റിമിസം ബയാസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം >> Optimism Bias എന്നാൽ, ഇങ്ങനെ ശുഭപ്രതീക്ഷ പുലർത്തുന്ന നല്ലൊരു ശതമാനം പേർക്കും, തങ്ങൾ യാഥാർത്ഥ്യബോധം മാറ്റി വെച്ചാണ് അത് സ്വീകരിക്കുന്നത് എന്നത് ഉള്ളിലോർമ്മയുണ്ടാവും എന്നുള്ളിടത്താണ് മൂന്നാമതു പറഞ്ഞ തരത്തിലുള്ള അശാസ്ത്രീയ പ്രവചനങ്ങൾക്കും വിശ്വാസങ്ങൾക്കുമെല്ലാം നിലനില്പുണ്ടാവുന്നത്. സാമ്പ്രദായിക രീതിയിലുള്ള ഒരു വിവാഹം തന്നെയെടുക്കുക. ജീവിതപങ്കാളിയായ വ്യക്തിയേയും കുടുംബപശ്ചാതലത്തേയും കുറിച്ച് വളരെ പരിമിതമായ വിവരങ്ങളേ ഒരാൾക്ക് ലഭ്യമായിരിക്കുകയുള്ളൂ. തന്റെ വൈവാഹികജീവിതം വിജയകരമായിരിക്കുമോ, കുട്ടികളുണ്ടാവുമോ എന്നൊന്നും ഒരു ഉറപ്പുമില്ല. സ്വാഭാവീകമായും തന്റെ ജീവിതപങ്കാളി സൽസ്വഭാവിയും സ്നേഹനിധിയും ആയിരിക്കുമെന്നും ഏന്തിനും സഹായത്തിനുള്ള വീട്ടുകാർ ആയിരിക്കുമെന്നും തന്റെ താല്പര്യത്തിനനുസരിച്ച് കുട്ടികളുണ്ടാകുമെന്നുമെല്ലാം ഒപ്റ്റിമിസം ബയാസ് സ്വീകരിക്കപ്പെടും. എന്നാൽ, വിവാഹമോചിതരും ജീവിതപങ്കാളി അകാലത്തിൽ മരിച്ചു പോകുന്നവരും അന്യപതദു:ഖം അനുഭവിക്കുന്നവരുമെല്ലാം ധാരാളം ഉണ്ട് എന്ന യാഥാർത്ഥ്യബോധത്തെ മറി കടക്കാൻ ജാതകപ്പൊരുത്തം എന്ന അശാസ്ത്രീയ പ്രവചനത്തെ ആശ്രയിച്ചാലോ, ആദ്യത്തെ ശുഭപ്രതീക്ഷയ്ക്ക് കരുത്തും ഉറപ്പും ലഭിക്കുകയായി. വിവാഹത്തിനു ശേഷം എതെങ്കിലും ദുരന്തങ്ങൾ സംഭവിച്ചാലോ, അത് പത്തിൽ ഒക്കാത്ത പൊരുത്തം മൂലമാണെന്നോ മറ്റ് കുടുംബാംഗങ്ങളുടെ/കുട്ടികളുടെ ‘ദോഷ’മാണെന്നോ മറ്റോ പറഞ്ഞ് ഒഴിവാകുകയുമാകാം. ശുഭപ്രതീക്ഷയ്ക്ക് ആധാരമായ യാഥാർത്ഥ്യബോധമില്ലായ്ക്ക് കൂടുതൽ ആയുസ്സ് നൽകി കൊണ്ട്, ജാതകപ്പൊരുത്തമുള്ള മറ്റൊരു ബന്ധം തേടാം. അൺറിയലിസ്റ്റിക് ഒപ്റ്റിമിസത്തെ ( പെസിമിസത്തെയും) ശക്തിപ്പെടുത്തി കൂടെ നിർത്താൻ അൺസയ്ന്റിഫിക് പ്രെഡിക്ഷൻ/ബിലീഫ് !! ഇനി രണ്ടാമത്തെ മനശാസ്ത്രസവിശേഷതയിലേക്ക് വരാം. ബാർനം പ്രഭാവം ( Barnum Effect ), ഫോറർ പ്രഭാവം (Forer effect) എന്നെല്ലാം ഇതറിയപ്പെടുന്നു. എല്ലാവർക്കും അനുയോജ്യമായ ചില പൊതു സവിശേഷതകൾ, തന്നോടു മാത്രമായി പറയപ്പെടുമ്പോൾ, അത് തനിക്ക് മാത്രമുള്ള സവിശേഷതകളാണ് എന്ന് കരുതി ഒരു വ്യക്തി സ്വീകരിക്കുന്നതിനേയാണ് ബാർനം പ്രഭാവം എന്നു പറയുന്നത്. ജാലവിദ്യക്കാർ, കൈനോട്ടക്കാർ, ജോതിഷികൾ തുടങ്ങിയവരൊക്കെ ബാർനം പ്രഭാവം ഉപയോഗപ്പെടുത്തുകയും കേൾക്കുന്ന വ്യക്തികൾ അത് കൃത്യമായും തങ്ങളെ കുറിച്ച് മാത്രമാണെന്നു കരുതി അത്ഭുതപരതന്ത്രരാകുകയും ചെയ്യും. പൊതുവേ പോസറ്റീവ് ആയ പ്രസ്താവനകളേ/പ്രവചങ്ങളേ നടത്താറുള്ളൂ എങ്കിലും തന്ത്രശാലികൾ നെഗറ്റീവ് ആയ പ്രസ്താവനകൾക്കൊപ്പം പോസറ്റീവ് ആയവ കൂടി ഉൾപ്പെടുത്തി അതിനെ തുലനം ചെയ്യുക കൂടി ചെയ്തിട്ടുണ്ടാവും. ബാർനം പ്രഭാവത്തിനു കീഴിൽ വരുന്ന ചില ‘പ്രവചനങ്ങൾ’ നോക്കുക. >> എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടണമെന്നും ബഹുമാനിക്കണമെന്നും ആഗ്രഹമുള്ള ഒരാളാണ് നിങ്ങൾ. >> നിങ്ങൾ മറ്റുള്ളവരെക്കാൾ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്നതിൽ അഭിമാനിക്കുന്ന ഒരാളാണ്. >> നിങ്ങൾക്ക് ചില ബലഹീനതകളുണ്ടെങ്കിലും, അവയെ മറികടന്ന് മികച്ച വ്യക്തിയാകാൻ നിങ്ങൾ കഠിനമായി ശ്രമിക്കുന്നു. ഇത്തരത്തിൽ നിങ്ങളെ കുറിച്ച് അനേകം പ്രവചനങ്ങൾ ബുദ്ധിയുള്ള ആർക്കും എഴുതാൻ സാധിക്കും. നിങ്ങളോട് മാത്രമായി പറയുമ്പോൾ, ഇത് എന്നെ കുറിച്ചുള്ള ഒരു കൃത്യമായ ചിത്രമാണല്ലോ എന്ന് അത്ഭുതമുണ്ടാവുകയും ചെയ്യും. ജോതിഷത്തിലും മറ്റും ബാർനം പ്രഭാവം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നതെന്നും സ്വീകരിക്കപ്പെടുന്നതെന്നും കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം >> Barnum Effect ഒരു ഫേസ് ബുക്ക് സുഹൃത്ത്, തനിക്കും തനിക്ക് നേരിട്ടറിയാവുന്ന ചില വ്യക്തികൾക്കും ജാതകവശാൽ എന്തുകൊണ്ട് എഞ്ചിനീയറിങ്ങിനോട് ആഭിമുഖ്യമുണ്ടായി എന്ന് പരിശോധിച്ചുകൊണ്ടെഴുതിയ പോസ്റ്റ് ഈയിടെ വായിക്കുകയുണ്ടായി. ഇവിടെ ഈ പറഞ്ഞ കാര്യങ്ങൾ എങ്ങനെ ശരിയാവുന്നു എന്നു നോക്കാം. തനിക്ക് കൃത്യമായി പരിശോധിച്ച് അറിയാവുന്ന, താൻ കൃത്യമാണെന്ന് കരുതുന്ന കാരണങ്ങളാൽ മാത്രമാണ് എല്ലാവർക്കും എഞ്ചിനീയറിങ്ങ് ആഭിമുഖ്യം ഉണ്ടായത് എന്ന ഒപ്റ്റിമിസം ബയാസ് (- തനിക്ക് അറിയാവുന്ന) ആദ്യം രൂപപ്പെടുന്നു. ആ ഒപ്റ്റിമിസം ബയാസിനെ ശക്തിപ്പെടുത്താൻ, ‘ജാതകഫലം’ എന്ന അശാസ്ത്രീയതയെ കൂട്ടുപിടിക്കുന്നു. ഗ്രഹനിലയും എഞ്ചിനീയറിങ്ങ് ആഭിമുഖ്യവും ബന്ധപ്പെടുത്തുന്നതോടെ ബാർനം പ്രഭാവം പ്രാബല്യത്തിൽ വരുന്നു. നോക്കുക. ജാതകവശാൽ, നിങ്ങൾക്ക് എഞ്ചിനീയറിങ്ങ് ആഭിമുഖ്യമുണ്ട് എന്ന് ജ്യോതിഷവിശ്വാസിയായ നിങ്ങളോട് ജ്യോത്സ്യൻ പറഞ്ഞു എന്നു കരുതുക. എഞ്ചിനീയറിങ്ങ് ഒരിക്കൽ പോലും പഠിച്ചിട്ടില്ലെങ്കിൽ പോലും, മറ്റൊരു പ്രൊഫഷനാണ് നിങ്ങളുടേത് എങ്കിൽ പോലും നിങ്ങളുടെ എഞ്ചിനീയറിങ്ങ് ആഭിമുഖ്യത്തിന് നിങ്ങൾ ഉദാഹരണങ്ങൾ കണ്ടെത്തും. അത് ഒരു ബഹുനില കെട്ടിടമോ യന്ത്രമോ വാഹനമോ വൈദ്യുത ഉപകരണമോ അത്ഭുതത്തോടെ നോക്കി നിന്നതാവാം, കുട്ടിക്കാലത്ത് മച്ചിങ്ങവണ്ടിയോ കളിപ്പുരയോ ഉണ്ടാക്കിയതാവാം, ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നതാവാം. കേടായ ഏതെങ്കിലും ഉപകരണം റിപ്പയർ ചെയ്തതാവാം.. അങ്ങനെ എത്രയോ. ആകെ വേണ്ടത്, എഞ്ചിനീയറിങ്ങ് ആഭിമുഖ്യം എനിക്ക് കൃത്യമായി ശരിയാവുന്നുണ്ട് എന്ന് സ്വീകരിക്കാനുള്ള സന്നദ്ധത മാത്രം. ഈ സന്നദ്ധത രൂപപ്പെട്ടു കഴിഞ്ഞാൽ, ബുധനും വ്യാഴവും വിദ്യാഭ്യാസത്തിന്റെ കാരകഗ്രഹങ്ങളായും സൂര്യൻ, ചൊവ്വ, ശനി, രാഹു, കേതു എന്നിവ സാങ്കേതീക മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുമെന്നും ചൊവ്വയ്ക്ക് ചുവന്നനിറമുള്ളതിനാൽ അഗ്നിതത്വമാണെന്നും ആയതിനാൽ ഊര്ജ്ജത്തിന്റെ പ്രതീകമായി, പ്രായോഗിക കഴിവ്, സംഘാടനത്തിനുള്ള കാര്യക്ഷമത, യുക്തിപരമായ ചിന്താശേഷി, ഉപകരണങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നുവെന്നും അങ്ങനെ ഓരോന്നും പരിശോധിച്ച്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കെമിക്കൽ, തുടങ്ങിയ വിവിധങ്ങളായ എഞ്ചിനീയറിങ്ങ് മേഖലകളിലേക്ക് നിങ്ങളുടെ ‘ആഭിമുഖ്യം’ കൂടുതൽ ബന്ധപ്പെടുത്താമെന്നുമെല്ലാമുള്ള ‘കണ്ടെത്തലുകളും’ അത്ഭുതാദരങ്ങൾ ഉണ്ടാക്കും. ഇനി നിങ്ങൾ പ്രൊഫഷൻ കൊണ്ട് ഒരു ഡോക്ടറാണെന്നു തന്നെ കരുതൂ. ബുധനും വ്യാഴവും കൃത്യസ്ഥാനങ്ങളിൽ ഉള്ളതിനാൽ നിങ്ങൾക്ക് ‘ചികിത്സാവിദ്യ’യോട് ആഭിമുഖ്യം ഉണ്ടായതായും സൂര്യൻ, ചൊവ്വ, ശനി, രാഹു, കേതു എന്നിവ സാങ്കേതീക മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനാലാണ് നിങ്ങൾ സ്റ്റെതസ്ക്കോപ്പും ബി പി അപ്പാരറ്റസും തെർമോ മീറ്ററും കൃത്യമായും ഉപയോഗിക്കുന്നതെന്നും ചൊവ്വയുടെ ആഭിമുഖ്യത്താൽ (അഗ്നിതത്വം) ഓട്ടോക്ലേവ് ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതെന്നും ബന്ധപ്പെടുത്താം. വേണ്ടത് അതിനുള്ള സന്നദ്ധത മാത്രം. എന്നാലും ഇത്തരം പ്രവചനക്കാർ പറയുന്ന എല്ലാ കാര്യങ്ങളും ശരിയാവില്ലല്ലോ, ചിലതെല്ലാം തെറ്റുമായിരിക്കും എന്നു തോന്നുന്നുണ്ടോ ? അതെ. തെറ്റായ കാര്യങ്ങളും അവർ പറയാറുണ്ട്. പക്ഷേ– ഓർമ്മയുടെ തിരഞ്ഞെടുപ്പ് ( Selective memory, Confirmation Bias) എന്നൊക്കെ പറയാവുന്ന മനശാസ്ത്രപരമായ മറ്റൊരു സവിശേഷത ആ തെറ്റായ പ്രവചനങ്ങളേയും നിഗമനങ്ങളേയുമെല്ലാം മറക്കാൻ ഇരകളെ പ്രേരിപ്പിക്കും. പേരു പോലെ തന്നെ, നമുക്ക് ഓർത്ത് ശരി വെക്കാൻ നാം ഇഷ്ടപ്പെടുന്ന കാര്യങ്ങളെ ഓർമ്മ നമുക്ക് ആദ്യം കൊണ്ടു തരുന്നു എന്നു പറയാം. ചുരുക്കി പറഞ്ഞാൽ ഒപ്റ്റിമിസം ബയാസിന് പിന്തുണ വേണ്ടതുകൊണ്ട് അശാസ്ത്രീയ പ്രചനങ്ങളെ/വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നു, അങ്ങനെ കൂട്ടുപിടിക്കേണ്ടി വരുമ്പോൾ ബാർനം പ്രഭാവം പ്രവർത്തിക്കുന്നു. അതോടെ ഓർമ്മകൾ പോലും അത്തരത്തിൽ ബയാസ് ചെയ്യപ്പെടുന്നു !! മാനസീകമായി ദുർബലരായവർക്കോ ചിന്താശേഷിയില്ലാത്തവർക്കോ -അവരെ സ്വാധീനിക്കാൻ കഴിവുള്ള മറ്റ് വ്യക്തികളോ സാഹചര്യങ്ങളോ ഉണ്ടെങ്കിൽ ഒപ്റ്റിമിസം ബയാസ് പോലും ഇല്ലാതെ തന്നെ രണ്ടാമത്തേയും മൂന്നാമത്തെയും അവസ്ഥയിലേക്ക് അവരെത്തും, സ്വാധീനിക്കുന്നവർക്ക് കീഴ്പ്പെടും. വിശ്വാസമുണ്ടായിട്ടും എല്ലാവരും ഇത്തരം അവസ്ഥയിലേക്കെത്തുന്നില്ലല്ലോ എന്ന ചോദ്യമുണ്ടാവാം. ഈ രംഗത്തുള്ളവരുടേ ചൂഷണം തന്റെ ദേഹത്തോ സമ്പത്തിലോ ഒക്കെ വന്ന് തൊടുമ്പോൾ, ഒപ്റ്റിമിസം ബയാസ് നിലനിർത്താൻ ഇവരുടെ സഹായമില്ലെങ്കിലും സാദ്ധ്യമാവുമെന്ന തിരിച്ചറിവോ മറ്റു മാർഗ്ഗങ്ങളൊ ഇരയ്ക്ക് തുറന്നു കിട്ടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അപൂർവ്വം ചിലർ അപ്പോൾ മുതൽ യുക്തിയുടെ മാർഗ്ഗം ഉപയോഗിച്ചേക്കും. ആകാശത്തു കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം മനുഷ്യന്റെ മസ്തിഷ്ക്കത്തെയും ഭാവിയേയുമെല്ലാം സ്വാധീനിക്കാൻ ഒരു മാർഗ്ഗവുമില്ലല്ലോ എന്നെല്ലാം അപ്പോൾ സന്ദേഹമുയരും. ആ വലയിൽ നിന്ന് സ്വതന്ത്രമാകുന്തോറും പിന്നെയും നൂറു നൂറു ചോദ്യങ്ങളുയരും. അവർക്കും അതിനു മുമ്പേ തന്നെ വഴിമാറി നടന്നവർക്കും . അതിനു സഹായിക്കുന്ന ഒരു പുസ്തകമാണ് പ്രൊഫ. കെ പാപ്പുട്ടി എഴുതിയ ‘ജ്യോതിഷവും ജ്യോതിശാസ്ത്രവും’. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ ഈ പുസ്തകം ലഭിക്കും. മലയാളം വിക്കിഗ്രന്ഥശാലയിലും ഈ പുസ്തകം ലഭ്യമാണ് . ഇവിടെ വായിക്കാം >> ജ്യോതിഷവും ജ്യോതിശാസ്ത്രവും ഈ പുസ്തകം കൂടി വായിച്ച ശേഷം, താഴെ നിങ്ങളിട്ട അഭിപ്രായ കമന്റ് നമ്പറിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്നു കൂടി പറയണേ… @Viddiman #ScienceInAction #JoinScienceChain #സയൻസ് എഴുത്തിൽ കണ്ണി ചേരാം #luca #ലൂക്ക

Saturday, March 23, 2019

(അ)സർഫ് എക്സലിന്റെ പുതിയ പരസ്യങ്ങൾ

ഇന്ത്യയിൽ മുതലാളിത്തം മതവിശ്വാസത്തെ പെരുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന് നാം കാണാറുള്ളതാണ്. പലരും അതുപറഞ്ഞുകാണാറുമുണ്ട്.
വാസ്തവത്തിൽ മുതലാളിത്തത്തിന് മതത്തിനോടങ്ങനെ പ്രത്യേക പ്രതിപത്തിയൊക്കെയുണ്ടോ ?
ഇല്ലെന്നാണ് തോന്നിയിട്ടുള്ളത്.
മുതലാളിത്തത്തിന് എന്നും എവിടെയും ലാഭത്തോടാണ് പ്രതിപത്തി. മതം ഉപയോഗിച്ചാൽ ലാഭം ഉണ്ടാകുന്നിടത്ത് അവർ അതുപയോഗിക്കുന്നു. മതസഹിഷ്ണുത കച്ചവടം പെരുപ്പിക്കാൻ ഉപയോഗപ്പെടുമെങ്കിൽ അതുപയോഗിക്കും. മതമില്ലായ്മ കൊണ്ട് ലാഭമുള്ളിടത്ത് അതുപയോഗിക്കുന്നു. മതവിശ്വാസികൾ വളരെ കുറവുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ മുതലാളിത്തമോ കുത്തക മുതലാളിമാരോ ഇല്ലാതിരിക്കുന്നില്ലല്ലോ. മതം മാത്രമല്ല അവരുടെ കച്ചവട ഉപകരണം എന്ന് വ്യക്തം.
സർഫിന്റെ നിർമ്മാതാവും ആഗോളകുത്തകകമ്പനിയുമായ യൂണിലിവർ ഇത്രയും ഹൃദയസ്പർശിയായ മതസൗഹാർദ്ദപരസ്യങ്ങൾ ചെയ്യുമ്പോൾ അതിനു പിന്നിലും ജനങ്ങളേയും വിപണിയേയും ആഴത്തിൽ പഠിച്ചതിൽ നിന്ന് കണ്ടെത്തിയ വസ്തുതകളുണ്ടാവും. സാമൂഹ്യശാസ്ത്രവും വിപണനതന്ത്രങ്ങളുമെല്ലാം പഠിക്കുന്നവർ അതുകണ്ടെത്തട്ടെ.
അതെന്തായാലും ഈ പരസ്യങ്ങൾ ഹൃദയഹാരിയാണ്, മതകാലുഷ്യങ്ങൾ കുറയ്ക്കാൻ സഹായകമാണ്. പരസ്പരം കണ്ടാൽ മുഖം തിരിച്ച് പല്ലിറുമ്മുകയും വാളെടുക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങൾക്ക് ക്ഷാമമില്ലാത്ത നാട്ടിൽ
മനുഷ്യരുടേയും കുഞ്ഞുങ്ങളുടേയും സ്നേഹഗാഥകൾ പിറന്നു പരക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കേരളം മതസൗഹാർദ്ദത്തിൽ ഇന്ത്യയെക്കാൾ വളരെ മുമ്പിലാണെന്ന് നാം പറയാറുണ്ട്. അന്യദേശങ്ങളിൽ താമസിക്കുന്ന മലയാളികളും കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും പൊതുവെ അതു ശരി വച്ചു കാണാറുമുണ്ട്.
കേരളത്തിന്റെ മതസൗഹാർദ്ദ ജീവിതത്തിനു പുറകിൽ ബോധപൂർവ്വവും അബോധപൂർവ്വവുമായ ശ്രമങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട്.
ഏറ്റവും പ്രധാന കാരണമായി തോന്നിയത്, നാം ഇടകലർന്നു ജീവിക്കുന്നു എന്നുള്ളതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നഗരങ്ങളൊഴിച്ചാൽ ജാതി, മത വിഭാഗങ്ങൾ കൂട്ടമായി താമസിക്കുന്ന ചെറുഗ്രാമങ്ങളാണ് പൊതുവേ കാണുക. മലയാളികൾ ഇടകലർന്നു ജീവിക്കാൻ തുടങ്ങിയതിന് ഇവിടത്തെ വിഭ്യാഭ്യാസത്തിനു വലിയ പങ്കാണുള്ളത്. പ്രത്യേകിച്ചും ബ്രിട്ടീഷുകാരുടെ വരവോടേയും അതിനു മുമ്പുമായും മിഷിനറി പ്രവർത്തനങ്ങൾ ശക്തമായതും പള്ളിക്കൂടങ്ങളിൽ ജാതിമതഭേദമന്യേ വിഭ്യാഭ്യാസം നൽകിയതും അയിത്ത ചിന്തയില്ലാത്തതിനാൽ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്ക് നാനാവിധ ഹിന്ദുജാതി വിഭാഗങ്ങളെ അയല്പക്കങ്ങളിൽ സ്വീകരിക്കാൻ തടസ്സമില്ലാതിരുന്നതും ഇടകലർന്ന താമസത്തിന് അവസരമൊരുക്കി.
സവർണ്ണ ഹിന്ദുക്കളുടെ അവഹേളനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാവുന്ന അവർണ്ണഹിന്ദുക്കളെ സമാശ്വാസിപ്പിക്കാനും മനസ്സുകൊണ്ടെങ്കിലും ഒപ്പം നിൽക്കാനും ഈ അന്യമതവിഭാഗങ്ങൾ ഉണ്ടായിരുന്നത് അവർക്കിടയിലെ സ്നേഹബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ടാവണം. കുടികിടപ്പ് നിയമത്തോടെ ജന്മിമാരിൽ നിന്ന് ലഭിച്ച തുണ്ടുഭൂമികളിൽ ജീവിതമാരംഭിക്കുമ്പോഴുണ്ടായിരുന്ന ദാരിദ്ര്യാവസ്ഥ അവരിലെ പരസ്പരാശ്രിതത്വവും പങ്കുവെയ്ക്കൽ മനോഭാവവും വളർത്തി. പിടിയരിയോടും അറ്റകൈയ്ക്ക് പിഴുതെടുക്കുന്ന കപ്പയോടുമൊപ്പം അവർ തങ്ങളുടെ വിശ്വാസങ്ങളെയും ദൈവങ്ങളേയും കൂടി സമാശ്വാസത്തിനായി പങ്കു വെച്ചിട്ടുണ്ടാവണം. ദാരിദ്ര്യാവസ്ഥയിൽ ഇടകലർന്ന് ജീവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ അന്യമതദൈവങ്ങളോടും വിശ്വാസങ്ങളോടുമുള്ള താല്പര്യവും ആദരവും ഇന്നും പ്രകടമാണല്ലോ.
ഉള്ളതെല്ലാം നുള്ളിപ്പെറുക്കി കൂട്ടിവെച്ചതുപയോഗിച്ച് തങ്ങൾ പെരുന്നാളോ ഓണമോ ആഘോഷിക്കുമ്പോൾ അപ്പുറത്ത് തന്റെ അയൽക്കാർ പട്ടിണിയായിരിക്കും എന്ന തിരിച്ചറിവായിരിക്കണം, ആ ആഘോഷങ്ങളുടെ പകർച്ചകൾ ഭക്ഷ്യവിഭവങ്ങളുടെ രൂപത്തിൽ അയല്പക്കങ്ങളിലെത്തിക്കാൻ അന്നത്തെ മനുഷ്യരെ പ്രേരിപ്പിച്ചത്.
ഏകദേശം ഇതേ കാലത്തു തന്നെയാണ് മലയാളികളുടെ ഗൾഫ് പ്രവാസവും ആരംഭിക്കുന്നത്. ജീവിതം പച്ചപിടിച്ചു തുടങ്ങിയതോടെ, അയല്പക്കബന്ധങ്ങളിലൂടെയും വിദ്യാലയ സൗഹൃദങ്ങളിലൂടെയും ജാതി,മതഭേദമന്യേ രൂപപ്പെട്ട സുഹൃദ് സംഘങ്ങളെ
ഗൾഫിലെത്തിക്കാൻ ആദ്യകാലപ്രവാസമലയാളികൾ തയ്യാറായി. കുടുംബങ്ങളോടൊപ്പമല്ലാതെ വർഷങ്ങളോളം ഒരുമിച്ച് താമസിക്കേണ്ടി വന്ന ഈ സൗഹൃദസംഘങ്ങൾ മണലാരിണ്യങ്ങളിലും മതസൗഹാർദ്ദത്തിന്റെ വെളിച്ചം നിലനിർത്തി.
നവോത്ഥാന മുന്നേറ്റവും സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്നേറ്റവും ഇതിനനുയോജ്യമായ സാമൂഹ്യ,സാംസ്ക്കാരിക അന്തരീക്ഷം നിലനിർത്തുകയും ചെയ്തു.
നാമെല്ലാം അഭിമാനത്തോടെ പറയുന്ന കേരളത്തിന്റെ മതസൗഹാർദ്ദവും സഹിഷ്ണുതയും രൂപപ്പെട്ടത് ഇങ്ങനെയൊരു പശ്ചാതലത്തിലാണ്.
എന്നാൽ ഇതെല്ലാം ഇന്ന് പൊള്ളയായ ഒരു പുറന്തോട് മാത്രമാണെന്ന് നമുക്കറിയാം.
മതവിദ്യാഭ്യാസവും മതധാർമ്മികയും കൂടി പഠിപ്പിക്കാനുള്ള ( ?) ഉദ്ദേശത്തോടെ നമ്മിൽ മുസ്ലീങ്ങൾ മുസ്ലീങ്ങളുടെ സ്കൂളിലും ക്രിസ്ത്യാനികൾ ക്രിസ്താനികളുടെ സ്കൂളിലും ഹിന്ദുക്കൾ ഹിന്ദുമാനേജ്മെന്റ് സ്ക്കുളുകളിലുമാണല്ലോ ഇന്ന് കുട്ടികളെ പഠിപ്പിക്കുന്നത്. അത്തരം വിദ്യാഭ്യാസ്ഥസ്ഥാപനങ്ങൾ ഇന്ന് കോളേജ് തലം വരെ ഉണ്ട്. അന്യജാതിയിലോ മതത്തിലോ പെട്ട കുട്ടികളെ പരിചയപ്പെടാതെ, അവരുടെ ആഘോഷങ്ങളിലും സന്താപങ്ങളിലും പങ്കാളിത്തമില്ലാതെ ഇന്ന് നിങ്ങളുടെ കുട്ടിക്ക് കോളേജ് തലം വരെ വിദ്യാഭ്യാസം ചെയ്യാം. നിങ്ങളുടെയും കുട്ടികളുടേയും സൗഹൃദങ്ങളെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. ജാതി,മതങ്ങൾക്കതീതമായ സൗഹൃദങ്ങൾ ഇന്ന് പഴയതുപോലെ കുട്ടികൾക്കിടയിൽ രൂപപ്പെടുന്നുണ്ടോ ?
എന്നാൽ നാമെല്ലാം അഭിമാനത്തോടെ ചൂണ്ടിക്കാട്ടാറുള്ളതാണ് ആഘോഷവിരുന്നുകളിലെ പങ്കാളിത്തവും ഭക്ഷ്യവിഭവങ്ങളുടെ പകർച്ചകൾ പരസ്പരം പങ്കു വെക്കലും. മുൻപ് പറഞ്ഞതു പോലെ സാധാരണക്കാർക്കിടയിൽ അത് രൂപമെടുത്തത് നിറഞ്ഞ മനുഷ്യത്വത്തിന്റെ പുറത്തായിരുന്നെങ്കിൽ, ഇന്നത് നിലനിൽക്കുന്നത് പൊങ്ങച്ചത്തിന്റെ പുറത്തുള്ള നാട്ടുനടപ്പായിട്ടാണ്. ഒന്ന് സ്നേഹത്തിലും സഹാനുഭൂതിയിലും അധിഷ്ഠിതമായിരുന്നെങ്കിൽ മറ്റൊന്ന് ആരെയോ ബോധ്യപ്പെടുത്താനുള്ള ഒരു യാന്ത്രികപ്രക്രിയ മാത്രമായി തീരുകയാണ്. ഒന്നിൽ ഒരു വീട്ടിലെ അമ്മമാരുടേയും ചേച്ചിമാരുടേയും സ്നേഹമധുരങ്ങൾ പുരണ്ടിരുന്നെങ്കിൽ മറ്റൊന്നിൽ ബേക്കറിയിലെ കൃത്രിമരുചികൾ മാത്രമാണുള്ളത്.
കലാപകാലുഷ്യങ്ങൾ നിറഞ്ഞ വടക്കേയിന്ത്യൻ അന്തരീക്ഷത്തിൽ ഒരു കുട്ടി അന്യമതസ്ഥർക്ക് മധുരപലഹാരം സമ്മാനിക്കുമ്പോൾ കേരളത്തിലും അതാണ് വേണ്ടതെന്ന് നമുക്ക് തോന്നുണ്ടെങ്കിൽ നാം പുറകോട്ട് നടന്നിരിക്കുന്നു എന്നു തന്നെയാണ് അതിന്റെ സാരം. കേരളത്തിൽ നടക്കുന്ന ദുരഭിമാനക്കൊലകൾ അതിന്റെ പ്രത്യക്ഷ ഉദാഹരണമായി കണക്കാക്കാം. ദാരിദ്യവും കഷ്ടപ്പാടും പങ്കിട്ടെടുത്ത്, ഒരുമിച്ച് താമസിക്കുകയും ഒരുമിച്ച് ജോലി ചെയ്യുകയും ഒരുമിച്ച് ആഘോഷിക്കുകയും ഒരേ കിണ്ണത്തിൽ നിന്നുണ്ണുകയും ചെയ്ത മനുഷ്യരുടെ പിൻതലമുറയ്ക്ക് തങ്ങളുടെ മക്കൾ ജാതിമതങ്ങൾക്കതീതമായി സ്നേഹം പങ്കുവെക്കുമ്പോൾ എവിടെ നിന്നാണീ അസഹ്യതയും അഭിമാനബോധവും പൊന്തിവരുന്നത് ?
നാം ആഹ്ലാദിക്കേണ്ടിയിരുന്നത്, അഭിമാനിക്കേണ്ടിയിരുന്നത്
വിവാഹം ചെയ്തുകൊണ്ടു വന്ന അന്യമത/ജാതി യുവതിയുടെ വിവാഹവസ്ത്രത്തിലെ വരണമാല്യം കൊണ്ടുള്ള കറ നീക്കം ചെയ്തു കൊടുക്കുന്ന യുവാവിനേയും
പുഷ്പിണിയായ ചേച്ചിയെ/സഹപാഠിയെ അവളുടെ അടിവസ്ത്രത്തിലെ രക്തക്കറ നീക്കം ചെയ്തു കൊണ്ട് ആശ്വസിപ്പിക്കുന്ന അനിയനെ/സുഹൃത്തിനെയും
ഇതൊക്കെ പുഞ്ചിരിയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളേയുമാണ്..
മലയാളികൾ അത്തരം പരസ്യങ്ങൾ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു എന്ന് യൂണിലിവറിന് തോന്നാവുന്ന ഒരു കാലം വരുമോ ?
@ Viddiman

കണ്ണുപറ്റലും കരിങ്കണ്ണും

ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ പ്രോഗ്രാം ജഡ്ജിമാരുടെ 'കണ്ണു പറ്റൽ' പ്രയോഗത്തെ കുറിച്ചുള്ള പോസ്റ്റ് ഓർക്കുന്നുണ്ടാവുമല്ലോ. ആ പോസ്റ്റിന് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ കിട്ടിയ മറുപടിയാണ് ചിത്രത്തിൽ.
മറുപടി പറഞ്ഞയാളെ നേരിട്ട് പരിചയമില്ല. എങ്കിലും ഗ്രൂപ്പിന്റെ സ്വഭാവം വച്ച് ബിരുദമോ/ഡിപ്ലോമ അതിനു മുകളിലോ വിദ്യാഭ്യാസം നേടിയ ആളായിരിക്കണം ഈ 'അനുഭവം' എഴുതിയ ആൾ എന്നു മനസ്സിലാക്കുന്നു.
ആ അനുഭവത്തെ നിഷേധിക്കാൻ ഞാൻ ആളല്ല. 'ഞാനത് അനുഭവിച്ചു' എന്ന് ഒരു വ്യക്തി പറഞ്ഞാൽ, മറ്റൊരു വ്യക്തിക്ക് അത് നിഷേധിക്കാനാവുന്നതെങ്ങനെയാണ് ?
ചെയ്യാവുന്നത് ആ അനുഭവത്തിനുള്ള തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെടുക, പരിശോധിക്കുക, അതിന്റെ അടിസ്ഥാനത്തിൽ നിഗമനത്തിലെത്തുക എന്നത് മാത്രമാണ്.
സയൻസ്/യുക്തി വാദികൾ 'അനക്ഡോട്ടൽ എവിഡൻസ് ( Anecdotal Evidence)' എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ട്. ലളിതമായി,
ഇതിനെ ' വ്യക്താനുഭവാഷ്ഠിത തെളിവ് (എന്റമ്മോ !) ' എന്ന് പറയാമെന്ന് തോന്നുന്നു.
ഒരാൾ ഒരു കണ്ടുപിടിത്തം നടത്തി എന്ന് അവകാശപ്പെട്ട് മുന്നോട്ടു വന്നാൽ, നമ്മൾ മനുഷ്യരെല്ലാവരും ചോദിക്കും, 'എന്താണതിന്റെ തെളിവ്' എന്ന്. അതായത് ആ തെളിവ് അയാൾക്ക് മാത്രം അനുഭവപ്പെട്ടാൽ ( = കാണൽ/കേൾക്കൽ/ തൊടൽ/രുചിക്കൽ തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങൾ) ചെയ്താൽ പോരാ, കാണുന്നവർക്കും അനുഭവവേദ്യമാവണം. അല്ലാത്തത് ഒരു 'ശാസ്ത്രീയ കണ്ടുപിടിത്തം' ആയി പരിഗണിക്കാനാവില്ല. അതുകൊണ്ടുതന്നെ മനുഷ്യർക്കിടയിലുള്ള പൊതുഇടപാടുകൾക്കായി ഉപയോഗപ്പെടുത്താനുമാവില്ല.
ഉദാഹരണത്തിന്, സ്കീസോഫ്രീനിയ എന്ന മനോരോഗമുള്ള ഒരാൾക്ക്, തന്നെ മറ്റൊരാൾ നിയന്ത്രിക്കുന്നതായി അനുഭവപ്പെട്ടേക്കാം. അയാളോട് അതിന്റെ തെളിവു ചോദിച്ചാൽ, 'എന്റെ അനുഭവം തന്നെയാണ് എന്റെ തെളിവ്' എന്നു പറയും. പക്ഷേ അതു സത്യമല്ലല്ലോ.
എല്ലാ 'അനുഭവാധിഷ്ഠിത തെളിവു'കളും മിഥ്യയാണ് എന്നും പറയാൻ കഴിയില്ല. പക്ഷേ അനുഭവാധിഷ്ഠിത തെളിവുകൾക്ക് മേല്പറഞ്ഞ വലിയ ന്യൂനതയുള്ളതുകൊണ്ട്, അത്തരം തെളിവുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കണ്ടുപിടിത്തങ്ങളെ 'ശാസ്ത്രത്തിന്റെ രീതി പിന്തുടർന്നുകൊണ്ടുള്ള ശാസ്ത്രീയ കണ്ടുപിടിത്തം' ആയി പരിഗണിക്കാറില്ല. ചുരുക്കിപ്പറഞ്ഞാൽ, 'എക്സ്' എന്ന വ്യക്തിക്ക്(വ്യക്തികൾക്ക്) വൈയക്തിനാനുഭവം ഉള്ളതുകൊണ്ട് മാത്രം 'കണ്ണുപ്പറ്റൽ' എന്നത് ശാസ്ത്രീയമായി അംഗീകാരമുള്ള ഒരു കണ്ടുപിടിത്തമാവില്ല.
ഇനി നമുക്ക് മുകളിൽ പറഞ്ഞ 'അനുഭവാധിഷ്ഠിത തെളിവി'ലേക്ക് വരാം.
'കണ്ണുപറ്റിക്കാൻ കഴിവു'ള്ള ( കരിങ്കണ്ണൻ, കരിനാക്കി
? ) ഒരാൾ, ഇദ്ദേഹത്തിന്റെ കുഞ്ഞിനെ നോക്കി കണ്ണുപറ്റിക്കാനായി പറഞ്ഞപ്പോൾ, കുഞ്ഞിന് അതിനു പിന്നാലെ അരുതാത്തതെന്തോ ( രോഗം, അപകടം ) സംഭവിച്ചു എന്നാണല്ലോ മനസ്സിലാക്കേണ്ടത്. ഒരു പക്ഷേ ആ വ്യക്തിയിൽ നിന്ന് മറ്റ് കുടുബാംഗങ്ങൾക്കോ നാട്ടുകാരൊക്കെ അത്തരം 'കണ്ണുപറ്റൽ' അനുഭവങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ പരസ്പരം പങ്കുവെച്ച് അറിയാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത്, ഇവിടെ ഇത് ഒരാളുടെ മാത്രം അനുഭവമോ തോന്നലോ ആവണമെന്നില്ല
ശരി. നമുക്ക് വിശദമായി പരിശോധിക്കാം.
1. ഒന്നാമത് പരിശോധിക്കേണ്ടത് ആ വ്യക്തിക്കു നൽകിയിരിക്കുന്ന 'കണ്ണുപറ്റിക്കൽ' ഇമേജും അതിന് നമ്മളിലുള്ള സ്വാധീനവുമാണ്. അങ്ങനെയൊരു ഇമേജ് രൂപപ്പെട്ടാൽ പിന്നെ, 'ആ വ്യക്തി പറയുന്നത് കണ്ണുപറ്റിക്കുന്നതിന് ഇടയാക്കും' എന്ന ഭീതി/വിശ്വാസമാണ് നമ്മളെ മുന്നോട്ടു നയിക്കുക. അതുകൊണ്ട് ആ വ്യക്തി പറയുന്നതിൽ 'കണ്ണു പറ്റാനിടയുണ്ട്' എന്നു കരുതുന്ന ഓരോ കാര്യവും നാം ശ്രദ്ധയോടെ ഓർമ്മയിൽ സൂക്ഷിക്കും. എന്നാൽ അങ്ങനെയല്ലാതുള്ള കാര്യങ്ങളെല്ലാം ഈ ചെവിയിലൂടെ കേട്ട് ആ ചെവിയിലൂടെ കളയുകയും ചെയ്യും. ഇനി ശ്രദ്ധിച്ചോളൂ, കരിനാക്കൻ/കരിങ്കണ്ണി സംസാരിക്കുമ്പോൾ തന്നെ കുറിച്ചും തന്റെ കുടുംബാംഗങ്ങളെക്കുറിച്ചും നാട്ടുകാരെ കുറിച്ചും രാജ്യത്തിനെ കുറിച്ചും ലോകകാര്യങ്ങളെ കുറിച്ചും ഒക്കെ അതേ കരിനാക്കോടെ പറയുന്നുണ്ട്, കരിങ്കണ്ണോടെ കാണുന്നുണ്ട്. പക്ഷേ നിങ്ങൾ അതിൽ നിങ്ങൾക്ക് താല്പര്യമുള്ള, സംഭവിക്കാൻ സാധ്യതയുണ്ടെന്ന് നിങ്ങൾ കൂടി കരുതുന്ന ( ഇത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ) ചിലത് മാത്രം അരിച്ചെടുത്ത് സൂക്ഷിക്കുകയാണ്.
2. ആ വ്യക്തി ധാരാളം ലോകാനുഭവങ്ങളും ഓർമ്മശക്തിയും നിരീക്ഷണപാടവവുമുള്ള ഒരാളാണെന്ന് കരുതൂ. അതിന്റെ അടിസ്ഥാനത്തിൽ അയാൾ പറയുന്ന പല കാര്യങ്ങളും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ കുഞ്ഞ് ഒരു പ്രത്യേകരീതിയിൽ ചുമയ്ക്കുന്നത് കാണുന്ന അയാൾ പറയുന്നു, 'അതേയ്, കുഞ്ഞിങ്ങനെ ചുമയ്ക്കുന്നത് നല്ല ലക്ഷണമല്ല കെട്ടോ.. രണ്ടുകൊല്ലം മുമ്പ് വാര്യം പിള്ളീലെ മീനാക്ഷിയുടെ കുഞ്ഞ് ( അതേ മീനാക്ഷി തന്നെ ) ഇതുപോലെ ചുമയ്ക്കുന്നതു കണ്ടപ്പോ ഞാൻ പറഞ്ഞതാ ഡോക്ടറെ കാണിക്കാൻ. പക്ഷേ അവരു വച്ചുകൊണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞിന് ശ്വാസം കിട്ടാതെ നീലിച്ചപ്പോഴാ അവര് ആസ്പത്രീൽ കൊണ്ടു പോയത്.. എന്തു കാര്യം. ഒരുകുഞ്ഞുജീവൻ അങ്ങ് പോയിക്കിട്ടി.."
കേട്ടപാടെ നിങ്ങൾ അയാളെ മനസ്സാ പ്രാകി കൊണ്ട് കുഞ്ഞിനെയുമെടുത്ത് ഡോക്ടറുടെ അടുത്തേക്കോടുന്നു. ഡോക്ടർ കുഞ്ഞിനെ പരിശോധിക്കുന്നു, കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു മാരകരോഗമാണെന്ന് സംശയിക്കുന്നു, ടെസ്റ്റ് നടത്തുന്നു, രോഗമുണ്ടെങ്കിൽ ചികിത്സ ആരംഭിക്കുന്നു. കുഞ്ഞിന്റെ രോഗം ഭേദപ്പെടുന്നു.
നോക്കുക - ഇവിടെ ഡോക്ടറായാലും മേല്പറഞ്ഞ കരിനാക്കനായാലും ഒരേ കാര്യമാണ് ചെയ്തത് - തങ്ങളുടെ അനുഭവവും ഓർമ്മശക്തിയും നിരീക്ഷണപാടവവും വെച്ച് കുഞ്ഞിന് ഗുരുതരമായ രോഗമുണ്ടെന്ന് സന്ദേഹിക്കുക. പക്ഷേ അതു പറഞ്ഞ കരിനാക്കനെ നിങ്ങൾക്ക് അടിച്ചു കൊല്ലാനുള്ള ദേഷ്യം തോന്നുന്നു, കുഞ്ഞിന്റെ രോഗം തക്കസമയത്ത് തിരിച്ചറിഞ്ഞ ഡോക്ടറോടാകട്ടെ ആദരവും.
ഇനി കുഞ്ഞിന് രോഗമൊന്നുമില്ല, നിസ്സാരമായ ചുമ മാത്രമാണ് എന്നാണ് ഡോക്ടർ കണ്ടെത്തിയതെന്ന് കരുതുക. 'ഭാഗ്യം, കാവിലമ്മ' കാത്തു, ആ കരിനാക്കന്റെ നാവ് ഇത്തവണ ഫലിച്ചില്ല' എന്നു മാത്രമല്ലേ നിങ്ങൾ പറയുക. 'എനിക്കു തെറ്റിയതാണ്. കരിനാക്ക് അന്ധവിശ്വാസമാണ്' എന്നു പറയണമെങ്കിൽ, നിങ്ങൾ തന്നെ താല്പര്യത്തോടെ സംരക്ഷിക്കുന്ന ഒരു വിശ്വാസത്തെ അതോടെ നിങ്ങൾ തന്നെ നിരാകരിക്കണം. 'എനിക്കു മണ്ടത്തരം പറ്റിയതാണ്' എന്ന് സ്വയവും മറ്റുള്ളവരോടും പറയുക - അതത്ര സുഖമുള്ള കാര്യമല്ല. അതുകൊണ്ട് നിങ്ങൾ അതിനു മുതിരില്ല.
3. സസ്തനികളിൽ, മനുഷ്യക്കുഞ്ഞുങ്ങൾ വളരെ പതുക്കെയാണ് വളരുന്നത്. മറ്റ് മൃഗക്കുഞ്ഞുങ്ങളെ അപേക്ഷിച്ച് രോഗപ്രതിരോധശേഷിയും കാലാവസ്ഥാ അനുകൂലനങ്ങളും അതിജീവനശേഷിയും അപകടങ്ങളെ ഒഴിവാക്കാനുള്ള നൈസ്സർഗീകശേഷിയും എല്ലാം മനുഷ്യക്കുഞ്ഞുങ്ങൾക്ക് കുറവാണ്. വാക്സിനുകൾ കണ്ടുപിടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ഇന്നത്തെ മനുഷ്യക്കുഞ്ഞുങ്ങളിൽ നല്ലൊരു പങ്കും ഗുരുതരരോഗങ്ങൾക്ക് ഇരയായി തീർന്നേനെ. എങ്കിൽ പോലും ബാല്യകാലത്ത് പൊതുവേ കുഞ്ഞുങ്ങൾക്ക് പലവിധ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇഴഞ്ഞു നടക്കുമ്പോഴും രുചി നോക്കി തുടങ്ങുമ്പോഴുമെല്ലാം നിരന്തരമായ ശ്രദ്ധ ആവശ്യമുള്ളവരാണ് മനുഷ്യകുഞ്ഞുങ്ങൾ. ഇല്ലെങ്കിൽ അപകടം ഉറപ്പ്. അങ്ങനെ ഉയർന്ന രോഗാതുരതയും അപകടസാദ്ധ്യതയുമുള്ള മനുഷ്യക്കുഞ്ഞുങ്ങൾക്കാണ് അത്തരത്തിലൊന്ന് സംഭവിച്ചതിന്റെ പേരിൽ ഒരു 'കണ്ണുപറ്റലി'നെ നിങ്ങൾ കുറ്റം പറയുന്നത്.
'കണ്ണുപറ്റൽ പ്രഭാവം' ശക്തമായി കണ്ടു വരുന്ന മറ്റൊരിടമാണ് കൃഷി/കന്നുകാലി വളർത്തൽ. എന്തുകൊണ്ടാണെന്നറിയാമോ ? നമ്മുടെ നാട്ടിലെ കൃഷി ( പരോക്ഷമായി കന്നുകാലി വളർത്തലും ) കാലാവസ്ഥയുമായുള്ള ഒരു 'ഓതിരം കടകം' കളിയാണ്. മഴയെ കുറിച്ചുള്ള അനിശ്ചിതത്വം നിറഞ്ഞ ചില സങ്കല്പങ്ങളേയും കണക്കുകളേയും ആശ്രയിച്ചാണ് മിക്ക കൃഷികളും നില നിൽക്കുന്നത്. ഉഷ്ണമേഖലാ പ്രദേശമായതുകൊണ്ട് കീടബാധയ്ക്കുള്ള സാധ്യതയും വളരെ കൂടുതൽ. നല്ല പോലെ തഴച്ചു വളർന്നു വരുന്ന വാഴകൾ പെട്ടന്നൊരു കാറ്റു വന്ന് ഒടിഞ്ഞു വീഴുന്നതും കൂട്ടത്തോടെ പിണ്ടിപ്പുഴുക്കൾ ആക്രമിക്കുന്നതും വെയിലത്ത് ഏറെ നേരം നിൽകേണ്ടി വരുന്ന പശു നിർജലീകരണം മൂലം തളർന്നു വീഴുന്നതും വിളഞ്ഞുണങ്ങി നിൽക്കുന്ന നെല്പാടം പൊരിഞ്ഞ വെയിലത്ത് തീ പിടിക്കുന്നതുമെല്ലാം ഈ കാലാവസ്ഥയിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ. എല്ലാം എത്രയോ തവണ എത്രയോ ഇടത്ത് സംഭവിച്ചിട്ടുള്ളതും. പക്ഷേ അങ്ങനെ സംഭവിച്ചതും സംഭവിക്കാനിടയുള്ളതുമായ ഒരു കാര്യം പ്രത്യേക ഒരാൾ ഒന്നുറക്കെ ഓർത്തുപോയാൽ അത് കരിങ്കണ്ണ്, കരിനാക്ക് !!
( എന്നാൽ ഈ പണിയൊക്കെ ചെയ്യുന്ന മറ്റൊരാളെ നിങ്ങൾ ആദരവോടെ കൊണ്ടു നടക്കുകയും ചെയ്യുന്നുണ്ട് കെട്ടോ. എന്നു മാത്രമല്ല, ഇത്ര പോലും വ്യക്തതയും കൃത്യതയും ഇല്ലാതെ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ പറയുകയും അതിൽ നടക്കാത്ത കാര്യങ്ങൾ നിങ്ങൾ മറന്നുകളയുകയും നടന്നുവെന്ന് വ്യാഖ്യാനിക്കാവുന്ന കാര്യങ്ങൾ ഓർത്തു നിങ്ങൾ
അതിശയപ്പെടുകയും ചെയ്യുന്ന ഒരാൾ. കൈയ്യിൽ ഒരു കവടിസഞ്ചിയോ വെറ്റിലയോ ഒക്കെ കാണും. എന്തു ചെയ്യാം - തന്റെ ബുദ്ധി ഉപയോഗിച്ച് മണ്ടന്മാരെ ചൂഷണം ചെയ്യുന്നത് മനുഷ്യത്വ വിരുദ്ധമാണെങ്കിലും നമ്മുടെ നാട് അതൊരു ദൈവീകശേഷിയായാണല്ലോ കാണുന്നത്. )
@Viddiman

Monday, March 18, 2019

ആദ്യസർക്കാർ ജോലി @ കോടതിയിലെ പ്യൂൺ

ആദ്യസർക്കാർ ജോലി @ കോടതിയിലെ പ്യൂൺ

--------------

2003 ലാണ് പ്യൂൺ ആയി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. അതിനു മുമ്പ് ഒരു വർഷത്തിനടുത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇൻസ്ട്രക്ടറായി ജോലി ചെയ്തിരുന്നെങ്കിലും അത് എ,പ്ലോയ്മെന്റ് എക്സേഞ്ച് വഴി താൽക്കാലീകമായി കിട്ടിയ ജോലിയായിരുന്നു. സിവിൽ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിലേക്കാണ് നിയമനമെന്ന് അഡ്വൈസ് മെമ്മോ ലഭിച്ചപ്പോൾ അറിഞ്ഞതു മുതൽ കോടതിയിലെ ജോലിയെ കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കിയിരുന്നു. നിയമനം കോടതിയിലേക്കായിരിക്കുമെങ്കിലും, നിയമനം സബോഡിനേറ്റ് സർവീസ് റൂൾ അനുസരിച്ചായിരിക്കുമെങ്കിലും കോടതിയിലെ പ്യൂൺ ജോലി ജഡ്ജിയുടെ വീട്ടുപണിയായിരിക്കുമെന്ന് അറിഞ്ഞത് അങ്ങനെയാണ്. നീതിപതികളുടെ സവിധത്തിൽ തന്നെ നിയമത്തിലില്ലാത്ത ജോലി !

ആ പോട്ട് പുല്ല് ! എന്തായാലും സർക്കാർ ജോലിയല്ലേ ? വേലക്കാർ ചെയ്യുന്നതും ജോലി തന്നെയല്ലേ ? ഒന്നൊന്നര വർഷം കൊണ്ട് പ്രമോഷൻ കിട്ടുമെന്നല്ലേ കേൾക്കുന്നത് എന്നെല്ലാം ആശ്വസിച്ച് ജോലിക്കു പോകുക തന്നെ എന്നു തീരുമാനിച്ചു. അതിനു മുമ്പ് പലപ്പോഴായി സ്വകാര്യമേഖലയിൽ ജോലി ചെയ്തപ്പോൾ ലഭിച്ചിരുന്ന ശമ്പളവും വിദ്യാഭ്യാസയോഗ്യതയനുസരിച്ച് സർക്കാർ ജോലി കിട്ടാൻ പോകുന്നില്ലായെന്ന തിരിച്ചറിവും സർവ്വോപരി സ്ഥിരം ജോലിയുടെ ആവശ്യകതയും ആ തീരുമാനത്തിനു പിൻബലം നൽകിയിരുന്നു.

നിയമന ഉത്തരവ് പ്രകാരം, സബ് കോടതിയിലേക്ക് നിയോഗിക്കുമ്പോൾ ജില്ലാജഡ്ജി തന്നെ 'പേഴ്സണൽ ഡ്യൂട്ടികൾ ചെയ്യേണ്ടി വരും' എന്ന് ഓർമ്മിപ്പിക്കുകയും ( അതോ മുന്നറിയിപ്പോ ?) ചെയ്തിരുന്നു.

ജീവിതത്തിലാദ്യമായാണ് കോടതി കയറുന്നത്. ജഡ്ജിമാരെ കാണുമ്പോൾ കീഴ്ജീവനക്കാർ എഴുന്നേറ്റ് നിന്ന് തൊഴണം ! ജഡ്ജിമാർ പുറത്തേക്കിറങ്ങുമ്പോൾ അവരുടെ മുൻപേ നടക്കണം ( ഭാഗ്യം - 'ഹൊയ് ഹോയ്' എന്നു കൂവേണ്ട ആചാരം എന്നോ പിൻവലിച്ചിരുന്നെന്ന് തോന്നുന്നു ) എന്നു ദൈവമേ !! എത്ര മനോഹരമായ ആചാരങ്ങൾ !! ജഡ്ജിമാർ പറയുന്ന വീട്ടുജോലികൾ ചെയ്യലാണ് 'പേഴ്സണൽ ഡ്യൂട്ടി' എന്ന ഓമനപ്പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടിയെ കുളിപ്പിക്കാൻ പറഞ്ഞാൽ കുട്ടിയെ കുളിപ്പിക്കണം. പട്ടിയെ കുളിപ്പിക്കാൻ പറഞ്ഞാൽ പട്ടിയെ. !! ഒരോ ജഡ്ജിമാർക്കും രണ്ട് പ്യൂൺമാരെ വീതം ഇതിനായി അനുവദിച്ചിട്ടുണ്ട്.

ജില്ലാ കോടതിയിൽ നിന്ന് നിയമന ഉത്തരവുമായി സബ് കോടതിയിലേക്ക്. അവിടെ നിന്ന് പ്രധാനജഡ്ജി, ജോലിയിൽ കയറുമ്പോഴുള്ള പ്രതിജ്ഞയൊക്കെ എടുപ്പിച്ച് രണ്ടാം ജഡ്ജിയുടെ അടുത്തേയ്ക്കു വിട്ടു. പരിചയപ്പെടുത്തി കൊടുക്കാനായി ശിരസ്തദാർ ( കോടതിയിലെ ഓഫീസ് ജീവനക്കാരുടെ മേധാവി ) ആണ് കൂടെ വന്നത്. കോടതിയിലേക്ക് കയറുന്നതിനു മുമ്പും ശേഷവും ജഡ്ജിമാർ അതിനോടു ചേർന്നുള്ള ചേംബറിലിരുന്നായിരിക്കും വിശ്രമിക്കുകയും മറ്റ് ജോലികൾ നോക്കുകയും ചെയ്യുക.

‘ആരാ ഇയാളെ ഇങ്ങോട്ടയച്ചത് ? എനിക്കിയാളെ കിട്ടിയിട്ട് എന്തുപകാരം ? ആർക്കും വേണ്ടാത്തവരെ തട്ടിയിടാനുള്ള സ്ഥലമാണോ ഇത് ?’ ഇത്രയും കൂടെ വന്ന ശിരസ്തദാറോട്. പിന്നെ തിരിഞ്ഞ് എന്നോട് : ‘ എഴുതാനും വായിക്കാനും അറിയ്യോ ? ആ മൂലയ്ക്കെവിടെയെങ്കിലുമിരുന്നോ’.

ഒരു നിമഷത്തേയ്ക്ക് ഒന്നും മനസ്സിലായില്ല. പിന്നെയാ വാക്കുകൾ കൂരമ്പുകളായി ബുദ്ധിയിൽ തറയ്ക്കാൻ തുടങ്ങിയപ്പോൾ അപമാനം കൊണ്ട് മേലാകെ ഉരുകിയൊലിക്കുന്നതു പോലുള്ള അനുഭവം. പോളിയോബാധ അംഗപരിമിതി സമ്മാനിച്ച ശരീരം അതിനു മുമ്പും വേദനിപ്പിച്ചിട്ടുണ്ട്, നഷ്ടബോധങ്ങളുണ്ടാക്കിയിട്ടുണ്ട്, ആത്മസങ്കോചവും പിൻവലിയലുകളും സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഇരുപത്താറ് വയസ്സിനിടയിൽ അത്രയും കടുത്ത അപമാനം ആദ്യമാണ്.

അപമാനം, സങ്കടം, ദേഷ്യം, അതിലെല്ലാമുപരി ജോലിയിൽ നിന്ന് തിരിച്ചയക്കുമോ എന്ന പേടി - ചില അവസരങ്ങളീൽ രക്തം ആവിയായിപ്പോയി മുഖം കടലാസ്സ് പോലെ വെളുക്കുന്നത് നമുക്ക് തന്നെ അറിയാൻ പറ്റും.

"എനിക്ക് സൈക്കിൾ ചവിട്ടാനറിയാം സാർ.. വീട്ടിൽ നിന്ന് ഞാൻ ഊണു കൊണ്ടു വന്നോളാം.." എങ്ങനെയോ പറഞ്ഞൊപ്പിച്ചു. കോടതിയിൽ നിന്ന് രണ്ടുകിലോമീറ്ററോളം ദൂരെയുള്ള അങ്ങേരുടെ വീട്ടിൽ നിന്ന് ഉച്ചയ്ക്ക് ചോറുകൊണ്ടുവരുന്നതാണ് അവിടത്തെ പ്യൂണിന്റെ പ്രധാനപണികളിലൊന്നെന്ന് മുൻപേ മറ്റുള്ളവരിൽ നിന്ന് മനസ്സിലാക്കിയിരുന്നു.

"അതൊന്നും വേണ്ട. ഓഫീസിലിരുന്നോളൂ." ഒന്ന് അയഞ്ഞെന്ന് തോന്നുന്നു.

" ഇതൊന്നും കാര്യമാക്കണ്ട കെട്ടോ.. നമുക്ക് പറ്റുന്ന പോലെ ജോലി ചെയ്യുക, അത്ര തന്നെ.." തിരികെ പോകുമ്പോൾ ശിരസ്തദാർ ആശ്വസിപ്പിച്ചു. ഇതുപോലെ എത്രയോ മുറിവുകൾ ഏറ്റുവാങ്ങിയായിരിക്കണം അദ്ദേഹം ആ സ്ഥാനത്തെത്തിയത് !

അതെ. അത്രയേ ചെയ്തുള്ളൂ. പറ്റുന്ന പോലെ ജോലി ചെയ്തു. ഒരു വർഷത്തോളം സൈക്കിളിലാണ് ജോലിക്കു പോയത്. (സൈക്കിൾ യാത്ര അന്നുമിന്നും ഇഷ്ടമായതുകൊണ്ട് അതൊരു ഭാരമായി അനുഭവപ്പെട്ടിട്ടില്ല ) പറഞ്ഞ പോലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഉച്ചസമയത്ത് ഊണ് വാങ്ങിക്കൊണ്ടു വന്നുകൊടുത്തു. അദ്ദേഹത്തിന്റെ ഭാര്യ പറയുന്ന വീട്ടുസാമാനങ്ങൾ വാങ്ങിക്കൊടുത്തു. പിന്നീട് സഹതാപം തോന്നിയതുകൊണ്ടാവാം, പുറത്തിറങ്ങുമ്പോൾ അകമ്പടി സേവിക്കുന്നതിൽ നിന്നും വലിയ ശാരീരികാദ്ധ്വാനം വേണ്ട ജോലികളിൽ നിന്നും അദ്ദേഹം ഒഴിവാക്കിത്തരികയും ചെയ്തു.

പക്ഷേ ആ മുറിവ്... !

. കാലമുണക്കാത്ത മുറിവുകളില്ല എന്നാണല്ലോ. ഏത് മുറിവുകളും വടുക്കളവശേഷിപ്പിച്ച് കരിഞ്ഞുപോവുക തന്നെ ചെയ്യും. അതിജീവിച്ചു കഴിഞ്ഞാൽ ആ വടുക്കളെ തലോടിയിരിക്കുക ഒരു രസമാണ്. സുഖമുള്ള ഒരു നൊമ്പരം. സ്വയമറിയാതെ ചുണ്ടത്തൊരു പുഞ്ചിരി വിരിയും. ആഹ്ലാദം കൊണ്ടല്ല, പ്രതികാരദാഹം കൊണ്ടുമല്ല. 'ഞാനിതിനെ അതിജീവിച്ചല്ലോ, നിങ്ങൾ അതിനെന്നെ പിന്തുണച്ചല്ലോ' എന്ന് അവനവനോടും ലോകത്തോടുമുള്ള, ആ മുറിവേല്പിച്ചവരോടുള്ള സൗമ്യമായ പുഞ്ചിരി. സ്നേഹം നിറഞ്ഞ പുഞ്ചിരി. :)

മറ്റൊരു കാര്യം കൂടി പറയാതെ ഇത് പൂർത്തിയാവില്ല.

ആ ജോലിയിലേക്ക് കയറുന്നതിനു മുമ്പു വരെ ജോലി ചെയ്തത് ഒരു സ്വകാര്യസ്ഥാപനത്തിലാണ്. സി എം ഐ സഭയുടെ മാനേജ്മെന്റിലുള്ള ഒരു ഐ ടി സി. മൂന്നു കൊല്ലത്തോളം അവിടെ ജോലി ചെയ്തു. സർക്കാർ/കോടതി ഉത്തരവുണ്ടായിട്ടും വേണ്ടത്ര ശമ്പളം തരാതെ അച്ചന്മാർ അവിടത്തെ അദ്ധ്യാപകരെ ചൂഷണം ചെയ്യുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും നേതൃത്വം നൽകിയവർക്കൊപ്പം നിൽക്കുകയും ചെയ്തിരുന്നു. മാനേജുമെന്റുമായി നിരന്തരസംഘർഷമുണ്ടായിരുന്നപ്പോഴും, പി എസ് സി റാങ്ക് ലിസ്റ്റിൽ പേരു വന്നതായിരുന്നു ധൈര്യം. സർക്കാർ ജോലി കിട്ടാൻ പോകുമ്പോൾ പിന്നാരെ പേടിക്കാൻ ! എന്നിട്ട് കിട്ടിയതോ. നല്ല തമാശ തന്നെ.

പറഞ്ഞു വന്നത് അതല്ല. ധൈര്യം, പ്രതികരണശേഷി തുടങ്ങിയ സംഗതികൾ മറ്റു പലതിനേയും ആശ്രയിച്ചു നിൽക്കുന്നു എന്ന തിരിച്ചറിവാണ്. കൃത്യമായി പ്രതികരിക്കുന്നതിനാൽ നഷ്ടങ്ങളുണ്ടായേക്കാമെങ്കിലും അത് ജീവിതം തന്നെ നഷ്ടപ്പെടുത്തും എന്ന തോന്നലുണ്ടായാൽ പല പ്രതികരണങ്ങളും ഇല്ലാതായേക്കാം. ഒരു സന്ദർഭത്തിൽ ധീരനായി പ്രത്യക്ഷപ്പെടുന്നയാൾ മറ്റൊരു സന്ദർഭത്തിൽ ഭീരുവായി പിന്മാറിയേക്കും.
പ്രായവും പ്രാരാബ്ദങ്ങളുമേറുന്തോറും അത്തരം പിന്മാറ്റങ്ങൾ കൂടാനുമിടയുണ്ട്. ( കൈക്കൂലി വാങ്ങിക്കാനും കള്ളത്തരം ചെയ്യാനുമുള്ള ന്യായീകരണമായി ഇതിനെ കാണരുത് - അത് മറ്റൊന്നാണ് )

ധീരതയും ഭീരുത്വവുമെല്ലാം സന്ദർഭങ്ങളുടെ കൂടി സൃഷ്ടിയാണ്.

വാൽക്കഷണം :

1. പ്യൂൺ ജോലിക്ക് ഇങ്ങനെയൊരു വശമുണ്ടായിരുന്നെങ്കിലും അതിന്റെ മറുവശം നല്ല രസമായിരുന്നു കെട്ടോ. ജഡ്ജി ചേംബറിൽ നിന്ന് കോടതിയിലേക്ക് കയറിക്കഴിഞ്ഞാൽ, പ്യൂണ്മാർ കെട്ടഴിച്ചു വിട്ട പട്ടികളെപ്പോലെയാണ്. ജഡ്ജിയുടെ പട്ടിയായതുകൊണ്ട് എല്ലാവർക്കും പേടിയാണ്. ഒരു പണിയും തരില്ല. മറ്റു പൂണന്മാരുമൊത്ത് സൊറ പറഞ്ഞിരിക്കാം, സുന്ദരിമാരായ വക്കീലിണികളുടെ വായേ നോക്കിയിരിക്കാം . നല്ല രസായിരുന്നു.

2. വർഷങ്ങൾക്കു മുമ്പുള്ള കാര്യമാണ്. കോടതികളിൽ ഇപ്പോൾ ഇങ്ങനെ ജീവനക്കാരെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുന്ന പരിപാടിയൊക്കെ നിർത്തി എന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോൾ പ്യൂൺ എന്ന തസ്തിക ഓഫീസ് അറ്റൻഡന്റ് ആക്കി മാറ്റി, അവരുടെ ജോലി പൂർണ്ണമായും ഓഫീസിലുമാക്കി. ഇല്ല, ഓഫീസ് വേലക്കാരെ നിയമിക്കാൻ ജഡ്ജിമാർക്ക് പ്രത്യേക അലവൻസ് കൊടുക്കുന്നുണ്ടത്രേ.

@ Viddiman

Tuesday, March 12, 2019

ആകാശമിഠായികൾ ഒരു സ്വപ്നം

ഞാൻ പ്രണയവിവാഹിതനല്ല.

പ്രണയം ദിവ്യമാണ്, ഈ ലോകത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് എന്നൊന്നും അഭിപ്രായവുമില്ല. ഈ നിഷ്ക്കളങ്ക വികാരത്തെ ഉപയോഗപ്പെടുത്തിയുള്ള ചൂഷണവും വഞ്ചനയും ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും ധാരാളം കണ്ടിട്ടുമുണ്ട്.

പക്ഷേ പ്രണയം കൂടുതൽ സഹിഷ്ണുത ഉൾക്കൊണ്ട, തുറന്ന മനസ്സുള്ള മനുഷ്യരുള്ള ലോകത്തെ സൃഷ്ടിക്കാൻ സഹായകമാണ് എന്നു കരുതുന്നു.

കൂടുതൽ പ്രണയികളുള്ള ഒരു ലോകം , കൂടുതൽ സ്നേഹപൂർണ്ണവും മാനവീകവുമാകാതെ തരമില്ല.

നോക്കൂ, രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയം ആ വ്യക്തികളെ ചുറ്റിപ്പറ്റിയുള്ള അനേകം തുരുത്തുകൾ തമ്മിലുള്ള പാലമാണ്. അത്തരം പാലങ്ങൾ നിർമ്മിക്കാതെ പ്രണയത്തിനു തുടർച്ചയില്ല. അത്തരം പാലങ്ങളിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാതെ അവർ പ്രിയപ്പെട്ടവരായവർക്ക് തങ്ങളുടെ ജീവിതം സ്വതന്ത്രമായി തുടരാനാവില്ല.

തങ്ങളുടെ ജാതി, മതം, പണം, പദവി ഒക്കെ കൊണ്ട് തങ്ങൾക്കും സമാനർക്കും മാത്രം പുലരാനാണെന്നുള്ള ചിന്തയോടെ ഇതേ തുരുത്തുകളിൽ ജനിച്ച് ജീവിച്ച് മരിച്ച് പോകുന്നവരാണ് ഈ സ്നേഹസേതുവിനെ ഭയപ്പെടുന്നത്.

ഭയപ്പെടുക മാത്രമല്ല, തകർത്തുകളയാനും അവർ നിരന്തരം ശ്രമിക്കും. ഒരാളെ പച്ചയ്ക്കു കൊളുത്തി അത് മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുന്നവർ അതാണ് ചെയ്യുന്നത്.

പ്രണയം ഒരു മരുന്നാണ്. മനുഷ്യർ തമ്മിൽ ആരൊക്കെയോ എന്നൊക്കെയോ വിഭജനങ്ങളുടെ ആയുധങ്ങൾ കൊണ്ട് ഏല്പിച്ച മുറിവുകൾ ഉണക്കാനുള്ള ഒരു സ്നേഹലേപനം. പക്ഷേ ആ വിഭജനങ്ങളും അവ സൃഷ്ടിച്ച ചൊറിചിരങ്ങുകളുമാണ് തങ്ങളുടെ അസ്തിത്വം എന്നു കരുതുന്നവർക്ക് പ്രണയം തങ്ങളെ തുടച്ചുനീക്കാനൊരുങ്ങുന്ന അഗ്നിഗോളമായി അനുഭവപ്പെടും.

അതുകൊണ്ട് സ്വന്തം മക്കളെത്തന്നെ വെട്ടിക്കൊല്ലാൻ അവർ ഗുണ്ടകളെ കൂട്ടിനു വിളിക്കും.

ദുരഭിമാനക്കൊലയൊക്കെ വളരെ അസാധാരണമാണെങ്കിലും മലയാളികൾ ഇന്നും പ്രണയബന്ധങ്ങളെ തുറന്ന മനസ്സോടെ കാണുന്നുണ്ടെന്ന് കരുതുന്നില്ല. സ്വന്തം തുരുത്തുകളുടെ സ്വാധീനം മൂലം പ്രണയവിവാഹത്തിൽ നിന്നു പിൻമാറിയ പലരേയും അറിയാം. സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ പിന്തുണയില്ലാതെ പ്രണയവിവാഹം കഴിച്ച് കഷ്ടപ്പെട്ട് ജീവിച്ചവരേയും ജീവിക്കുന്നവരേയും അറിയാം. തങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരായിട്ടും തങ്ങളുടേ മക്കൾ ഒരിക്കലും പ്രണയിക്കരുത് എന്ന് ശാഠ്യം പിടിക്കുന്ന മാതാപിതാക്കളെ അറിയാം.

അതുകൊണ്ടാണ് പ്രണയവിവാഹിതരായവരുടെ സംഗമം എന്ന ഒരു സ്വപ്നം കാണാൻ തുടങ്ങിയത്. സുഹൃത്തുക്കളായ Vinod Valooparambill നോടും Kiran Kannan നോടും അതു പങ്കു വെച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് ‘ജനോത്സവം’ സംഘടിപ്പിക്കുന്നു എന്നു കേട്ടപ്പോൾ അതൊന്നു കൂടി തിടം വച്ചത്. എനിക്കും വളരെ മുമ്പേ, രാജ്യത്തെ നിയമനിർമ്മാതക്കൾ കണ്ട സ്വപ്നങ്ങളുടെ ഒരു എളിയ തുടർച്ച മാത്രമാണിത്. (ഇവിടത്തെ പുരോഗമന സംഘടനകൾക്കോ യുവജനപ്രസ്ഥാനങ്ങൾക്കോ എന്തുകൊണ്ട് ഇതുവരെ ഇങ്ങനെയൊന്ന് തോന്നിയില്ല എന്ന പരിഭവം ഉണ്ട് )‘ഞങ്ങളും നിങ്ങൾക്കൊപ്പമുണ്ട്’ എന്ന് സമാനമനസ്ക്കർ കൈകൾക്കോർക്കുമ്പോൾ അത് ഓരോ പ്രണയവിവാഹിതർക്കും നൽകുന്ന ഊർജ്ജം അപാരമായിരിക്കും.

 ഓരോ പഞ്ചായത്തിലും ഇത്തരം സംഗമങ്ങൾ നടക്കണം എന്നാണ് ആഗ്രഹം.

 മുന്നോടിയായി താല്പര്യവും സന്നദ്ധതയുമുള്ളവരുടെ സംഘാടക സമിതി രൂപീകരിക്കണം. ബഡ്ജറ്റ് തയ്യാറാക്കണം. വരുമാനം രജിസ്ട്രേഷൻ വഴിയോ സ്പോൺസർഷിപ്പ് വഴിയോ കണ്ടെത്താം.

 ഏറ്റവും പഴയ തലമുറ മുതൽ ഇന്നലെ പ്രണയവിവാഹിതരായവർ വരെ ഈ സംഗമത്തിൽ പങ്കെടുക്കണം. പങ്കാളികൾ ജീവിച്ചിരിപ്പില്ലാത്തവരേയും പങ്കെടുപ്പിക്കണം.

 ‘ആകാശമിഠായികൾ ‘എന്നോ മറ്റോ സംഗമത്തിനു പേരിടാം.

 മനോഹരമായ ഒരു ലോഗോ വേണം.

 ഓരോ പ്രണയജോടിക്കും അവരുടെ ഫോട്ടോയിൽ ലോഗോ ഉൾക്കൊള്ളിച്ച ഒരു മൊമെന്റോ നൽകണം.

 ബഷീറിന്റെ ‘പ്രേമലേഖനം’ ഒരു കോപ്പി നൽകണം.

 ചുരുങ്ങിയത് ഒരു പകൽ മുഴുവൻ പരിപാടിയ്ക്കായി മാറ്റി വെക്കണം.

 പഞ്ചായത്തിലെ പ്രശസ്തരായ പ്രണയവിവാഹിതരെ ഉദ്ഘാടകരായി തീരുമാനിക്കാം.

 ഉദ്ഘാടനത്തിനു ശേഷം പ്രണയജോടികൾ അവരുടെ അനുഭവങ്ങൾ പങ്കു വെക്കട്ടെ. എത്ര പേരുണ്ടെന്ന് കണക്കാക്കി ഓരോ ജോഡിയ്ക്കും വേണ്ട സമയം തീരുമാനിക്കാം.

 ഇടയ്ക്ക് ചായയും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും വേണം.
 വൈകീട്ട് കലാ പരിപാടികൾ ആവാം.

 അവസാനം എല്ലാ ജോഡികൾക്കും നൃത്തം വെയ്ക്കാവുന്ന ചില ചുവടുകൾ അവതരിപ്പിച്ചുകൊണ്ട് സമാപനം.

 കൂട്ടിചേർക്കലുകൾ എങ്ങനെ വേണമെങ്കിലും എത്രവേണമെങ്കിലും ആവാം.

 ചുരുക്കത്തിൽ, ഇതിനൊരു തുടർച്ചയുണ്ടാവണം എന്ന് പങ്കെടുക്കുന്ന ഓരോരുത്തർക്കും തോന്നണം.

 അടുത്ത കൊല്ലത്തെ സംഗമത്തിൽ തങ്ങൾക്കും പങ്കാളികളാവണം എന്ന് പുറത്തുള്ള ഫ്രീക്കന്മാർക്കും ഫ്രീക്കത്തികൾക്കും തോന്നണം.

   സ്വപ്നമല്ലേ, നിർത്തുന്നില്ല.

 സർക്കാരും ( സാംസ്ക്കാരിക വകുപ്പോ മറ്റോ ആവാം ) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കണം. മുനിസിപ്പാലിറ്റികളിലേയോ കോർപ്പറേഷനുകളിലേയോ ഒക്കെ സംഗമങ്ങൾ , ദുരഭിമാന കൊലയ്ക്കെതിരെ പോരാട്ടം തുടരുന്ന ഉദുമൽപ്പേട്ടയിലെ കല്യാണിയെ പോലുള്ളവരെ കൊണ്ടു വന്ന് ഉദ്ഘാടനം നടത്തിക്കണം.

 രാജ്യമെങ്ങും കേരളത്തിന്റെ ഈ പ്രണയപ്രകാശം പരക്കണം.

   ദുരഭിമാന കൊലകളെ ഭയപ്പെടുന്ന പ്രണയികൾക്ക് കേരളം ഒരു അഭയ കേന്ദ്രമാകണം.

എനിക്കു വയ്യ. ഇതു വല്ലോം നടക്ക്വോ ? 😘

പിൻകുറിപ്പ് : സ്വന്തം മക്കളുടെ കാര്യത്തിൽ പ്രണയം അനുവദിക്കുമോ എന്ന ചോദ്യം എന്തായാലും ചിലരെങ്കിലും ഉയർത്തും. ആ ചോദ്യത്തെ ഭയപ്പെടുന്ന പലരും പിന്നോക്കം പോയേക്കും. ( നാളെ വിശ്വാസിയായേക്കും എന്ന സാധ്യത മുന്നിൽ കണ്ട് കണ്മുമ്പിൽ കാണുന്ന അന്ധവിശ്വാസങ്ങളെ പോലും എതിർക്കാത്ത ‘അവിശ്വാസി’കളാണല്ലോ നാം ).

എന്തായാലും ഞാനതിന് മനസ്സിനെ പരുവപ്പെടുത്തിക്കൊണ്ടു തന്നെയാണ് ഇതു പറയുന്നത്. ഒപ്പം, പ്രണയത്തെ ഉപയോഗപ്പെടുത്തി ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള തിരിച്ചറിവ് മക്കളിൽ സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും എന്നു മാത്രം.

ഗൃഹലക്ഷ്മിയിൽ കുഞ്ഞിന് മുല കൊടുക്കുന്ന മോഡലും സദാചാരചിന്തയും

ആ കുഞ്ഞ് ഇല്ലായിരുന്നുവെങ്കിലും ഇതേ പോലെ മുലകൾ തുറന്നുവച്ച ഫോട്ടോ പ്രസിദ്ധീകരിച്ചാലും തെറ്റൊന്നുമില്ല. അതൊരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. 
(അശ്ലീലപ്രദർശനം എന്ന പേരിൽ കേസെടുക്കാമോ, കുറ്റകരമാണോ എന്ന് അറിയില്ല. എന്തായാലും ഞാൻ അങ്ങനെ കരുതുന്നില്ല ) പല മോഡലുകളും അത്തരത്തിലുള്ള ഫോട്ടോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പണത്തിനു വേണ്ടിയാവാം, പ്രശസ്തിക്കുവേണ്ടിയാവാം, അതുമല്ലെങ്കിൽ സ്വന്തം ശരീരത്തെ ചൊല്ലിയുള്ള അഭിമാനത്തിന്റെ പേരിലാവാം. ഇന്ന് സമൂഹം അംഗീകരിക്കുന്ന പല 'പ്രദർശനങ്ങ'ളും നിയമവിരുദ്ധമായിരുന്ന കാലമുണ്ടായിരുന്നു എന്നോർക്കുക.

സ്ത്രീപുരുഷന്മാർക്ക് പൂർണ്ണനഗ്നരായി നടക്കാവുന്ന ബീച്ചുകൾ ഉള്ളതായി കുറച്ചു കാലം മുമ്പ് വായിച്ചിരുന്നു. ആ ബീച്ചിലേക്കുള്ള വഴിയിൽ, 'നഗ്നരായവരെ കണ്ടേക്കാം' എന്ന മുന്നറിയിപ്പു ബോർഡും വെച്ചിട്ടുണ്ടത്രെ. പക്ഷേ അവിടെയുള്ളവരും തുറിച്ചുനോട്ടം ഇഷ്ടപ്പെടുന്നില്ല എന്നാണ് അവിടെപ്പോയി അനുഭവമുള്ള ഒരാൾ പറഞ്ഞത് ( ആ പോസ്റ്റ് ഏതാനും മാസങ്ങൾക്കു മുമ്പ് ഞാൻ ഷെയർ ചെയ്തിരുന്നു. ടൈം ലൈൻ നോക്കിയാൽ കാണാം ).. അമേരിക്കയിലോ മറ്റോ, നിയമവിരുദ്ധമല്ലാത്തതുകൊണ്ട്, മുലകൾ മറയ്ക്കാതെ നടക്കുന്ന ഒരു സ്ത്രീയെ കുറിച്ചും വായിച്ചിരുന്നു.

പക്ഷേ അന്നാട്ടിലും മനുഷ്യർ പൂർണ്ണനഗ്നരായി നടക്കുന്നത് ആ ബീച്ചിൽ മാത്രമാണ്/അതിനു സ്വാതന്ത്ര്യമുള്ള സ്ഥലങ്ങളിൽ മാത്രമാണ് എന്നും മനസ്സിലാക്കുന്നു. അതിൽ നിന്നു മനസ്സിലാക്കാവുന്നത്, മറ്റിടങ്ങളിൽ വച്ച് നഗ്നരായി നടന്നാൽ തുറിച്ചു നോട്ടം നേരിടേണ്ടി വന്നേക്കാം എന്ന ധാരണ അത്തരക്കാർക്ക് ഉണ്ടായിരിക്കും എന്നാണല്ലോ. നഗ്നയായി നിന്ന് അത്തരം ഫോട്ടോകൾ/വീഡിയോകൾ പ്രസിദ്ധീകരിക്കുന്നവരും ആ ഫോട്ടോ/വീഡിയോവിലേക്ക് തുറിച്ചുനോട്ടമോ ആസ്വാദനമോ നേരിടാൻ തയ്യാറായിരിക്കും എന്നു കരുതുന്നു. അല്ലെങ്കിൽ നഗ്നതാപ്രദർശനം നടത്തുന്ന മോഡലുകൾക്ക് പ്രതിഫലം കിട്ടാനിടയില്ലല്ലോ.

മുല കൊടുക്കുന്ന അമ്മമാരെ തുറിച്ചുനോക്കുന്നവർ ലോകമെമ്പാടും ഉണ്ട്, അതിൽ അസ്വസ്ഥത തോന്നുന്ന അമ്മമാർ ലോകത്തു തന്നെ പലയിടങ്ങളിലും കുഞ്ഞുങ്ങൾക്ക് പരസ്യമായി മുല കൊടുത്തുകൊണ്ട് അതിനെതിരെ പ്രതിഷേധിക്കുകയും നഗ്നതാ പ്രദർശനമല്ല, കുഞ്ഞിന്റെ വിശപ്പു മാറ്റാനുള്ള സ്വാഭാവീക പ്രക്രിയയാണെന്ന ബോധം അത്തരം തുറിച്ചു നോക്കികളിൽ സന്നിവേശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അമ്മമാർക്ക് എല്ലാ പിന്തുണയും നൽകുന്നു. പരസ്യമായി മുലയൂട്ടുന്നതിൽ അശ്ലീലമായി ഒന്നും കാണാത്ത ഒരു ലോകം പുലരുക തന്നെ ചെയ്യും.

ഇനി എന്റെ അനുഭവത്തിലേക്ക് വരാം. ഫോട്ടോ കണ്ടപ്പോൾ ആദ്യം തോന്നിയത് അത് അമ്മയും കുഞ്ഞും ആണെന്നു തന്നെയാണ്. നല്ലകാര്യം എന്നു തോന്നിയെങ്കിലും അതിലെ ഫോട്ടോയ്ക്കു വേണ്ടിയുള്ള പോസിങ്ങ് വേണ്ടിയിരുന്നില്ല എന്ന് തോന്നി. (മുല കൊടുക്കാൻ വേണ്ടി വിമ്മിഷ്ടപ്പെടുന്ന അമ്മമാരെ കണ്ടാൽ തന്നെ അവിടെ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞു പോകാനാണ് ശ്രമിക്കാറുള്ളത്.) പിന്നെ, വിവാഹിതയല്ല, സ്വന്തം കുഞ്ഞല്ല എന്നെല്ലാം മനസ്സിലായപ്പോൾ 'ആഹാ, കൊള്ളാമല്ലോ' എന്ന മനസ്സോടെ വീണ്ടും വീണ്ടും നോക്കി. ഇനിയും തോന്നിയാൽ അതേ മനസ്സോടെ വീണ്ടും വീണ്ടും നോക്കുമായിരിക്കും.

പക്ഷേ ഞാനാ തോന്നൽ എന്നിൽ തന്നെ നിർത്താനാഗ്രഹിക്കുന്നു. 'എനിക്കൊപ്പം മറ്റുപലർക്കും തോന്നുന്നുണ്ട്, അതുകൊണ്ട് മോഡൽ അങ്ങനെ പ്രത്യക്ഷപ്പെടാൻ പാടില്ല..അങ്ങനെ പ്രത്യക്ഷപ്പെട്ടാൽ ഞാൻ/ഞങ്ങൾ ആക്രമിക്കും ' എന്നെല്ലാം പറയുന്നതും താൻ അങ്ങനെ നിൽകുന്ന ഫോട്ടോ ( ഫോട്ടോയാണ്, മുല കൊടുക്കുന്ന അമ്മയല്ല ) മറ്റുള്ളവരാരും തുറിച്ചു നോക്കാൻ പാടില്ല എന്ന് മോഡലും ആവശ്യപ്പെടുന്നത് രണ്ട് കൂട്ടരുടേയും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി തോന്നുന്നു. അങ്ങനെയാണെങ്കിൽ പോലും വ്യക്തിപരമായി എന്റെ ഒരു പോരായ്മയായാണ് ഞാൻ കാണുന്നത്. നഗ്നത കണ്ടാലും രണ്ടുപേർ ഇണ ചേരുന്നത് കണ്ടാലും അത് ശ്രദ്ധിക്കാതെ നടന്നു നീങ്ങാനാവുന്ന ഞാനാണ് എന്റെ സ്വപ്നം.

നാട്ടിലെ ഗതാഗതപ്രശ്നങ്ങൾ

പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും സ്വകാര്യ വാഹനങ്ങൾ കുറയുകയുമാണ് എന്തുകൊണ്ടും നല്ലത് .
പക്ഷേ വോട്ടിങ്ങിൽ നിർണ്ണായകമായ സ്വാധീനമുള്ള മധ്യവർഗ്ഗത്തിന്റെ വികസന സങ്കല്പം നേരെ തിരിച്ചാണ് . ഇന്നത്തെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും ഈ സങ്കൽപമാണ് പിന്തുടരുന്നത്. ഈ സങ്കല്പം മലയാളികളെ പരിചയപ്പെടുത്തിയത് പ്രവാസികൾ, വിശേഷിച്ചും ഗൾഫ് മലയാളികളാണെന്ന് തോന്നുന്നു. 

പൊങ്ങച്ച സംസ്ക്കാരത്തിൽ അഭിരമിക്കുന്ന ഉയർന്ന ഇടത്തരക്കാർ, യാത്രയും അതിനുള്ള മാർഗ്ഗമാക്കുന്നതു കൊണ്ടാണ് കേരളത്തിലെ റോഡുകളിൽ ആഢംഭരക്കാറുകളും ധാരാളമായി കാണുന്നത്. പല വീടുകളിലും ആളാം വീതം കാറിനു പുറമേ വിവാഹത്തിനു പോകാനും ടൂർ പോകാനുമൊക്കെയായി പിന്നെയും കാറുകളായി കഴിഞ്ഞു.

എല്ലാവരും കാറുകളുമായി പുറത്തിറങ്ങിയാൽ കേരളം പോലൊരിടത്ത് ഗതാഗതക്കുരുക്കുകളുണ്ടാകും എന്ന ലളിതമായ തിരിച്ചറിവിനു പകരം അത്തരം ഗതാഗതക്കുരുക്കുകളുണ്ടാക്കി അതിനു നടുവിലിരുന്ന് നാട്ടുകാരെ തെറി വിളിക്കാനും നൂറേ നൂറിൽ പായാനാകുന്ന എക്സ്പ്രസ്സ് ഹൈവേകളെന്ന മിഥ്യാ സ്വപ്നം കാണാനുമാണ് ഇന്ന് നമുക്കിഷ്ടം.

കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ - സ്വകാര്യ ബസ്സ് സർവീസുകൾ പോലും ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ്. സീറ്റുകളുടെ എണ്ണം കുറച്ചും ടിക്കറ്റ് കൊടുക്കാതെയും ലാഭമില്ലാത്ത സമയത്തെ ട്രിപ്പുകൾ കട്ട് ചെയ്തു മൊക്കെയാണ് അവർ ലാഭം നേടാൻ ശ്രമിക്കുന്നത് . സർക്കാർ സംവിധാനത്തിനു തന്നെ നിയമം ലംഘിക്കാൻ കഴിയാത്തതുകൊണ്ട് കെ എസ് ആർ ടി സിക്ക് ഇതിൽ പലതും പിന്തുടരാൻ കഴിയുകയില്ല.

നിരത്തുകളിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പെരുകിയതോടെ, ബസ്സുകൾക്ക് സമയത്തിന് ഓടിയെത്താനും കഴിയുന്നില്ല. അഞ്ച് പത്തുവർഷങ്ങളായി പുതിയ ബസ്സ് സർവീസുകൾ ആരംഭിച്ചതായറിയില്ല. യാത്രക്കാരുടെ എണ്ണത്തിൽ അല്പമെങ്കിലും വർദ്ധനവുണ്ടായത് ബംഗാളികൾ ഇവിടെ തൊഴിലാളികളായി എത്തിയതു മുതലാണ്.

ഓട്ടോകളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവുണ്ടെങ്കിലും ടാക്സികളും അതിൽ യാത്ര ചെയ്യുന്നവരും വല്ലാതെ കുറഞ്ഞിട്ടുണ്ട്. വേണ്ട സമയത്ത് കിട്ടാതിരിക്കലും വെയ്റ്റിങ്ങിനുള്ള വിമുഖതയും അമിത ചാർജും ഈ മേഖലയിലെ പരാതികളാണ്. നാട്ടിൻ പുറത്തുകാർക്ക് രാത്രി അടിയന്തിരമായി (ആശുപത്രി ) യാത്ര ചെയ്യാൻ ഓട്ടോ , ടാക്സികൾ ലഭ്യമാവാത്ത സ്ഥിതി വരാറുണ്ട്.

പൊങ്ങച്ച സംസ്ക്കാരത്തിൽ നിന്ന് മലയാളികൾ സ്വയമേവ പുറത്തു വരുന്നതിനുള്ള യാതൊരു ലക്ഷണവും കാണാനില്ല.
അതു കൊണ്ട് മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തന്നെ മുൻകൈയ്യെടുക്കേണ്ടതുണ്ട്. ചില നിർദ്ദേശങ്ങൾ :

1. സ്വകാര്യ വാഹനങ്ങളുടെ നികുതി യാതൊരു ദാക്ഷിണ്യവുമില്ലാതെ കൂട്ടണം. (മദ്യത്തിന്റെ നികുതി ഉദാഹരണം.) പെട്രോൾ കുടിയൻ ആഡംഭര വാഹനങ്ങളുടെ ( സൂപ്പർ ബൈക്കുകളടക്കം) നികുതി അതിന്റെയും നൂറിരട്ടിയാക്കണം.

2. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്താൽ പിഴ ഈടാക്കണം. (സിംഗപ്പൂരിൽ ഇങ്ങനെയൊരു നിയമമുണ്ടെന്ന് കേൾക്കുന്നു)

3. അൺ എയിഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബസ്സ് കൺസഷൻ അനുവദിക്കരുത് .

4 . രാത്രി 9.00നും വെളുപ്പിന് 6.00 നും ഇടയ്ക്കുള്ള രാത്രിയാത്രകൾക്ക് 25 % അധികം ബസ്സ് ചാർജ്ജ് ഈടാക്കാൻ അനുവദിക്കണം.

5. ഓട്ടോ , ടാക്സി മേഖലയിൽ ഓൺലൈൻ കാൾ സംവിധാനം ഏർപ്പെടുത്തണം.

6. ആക്ട്സ്, വിവിധ സന്നദ്ധ സംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ, ന്യായമായ ചാർജ് ഈടാക്കിക്കൊണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സംവിധാനങ്ങൾ ഒരുക്കണം.

സമാന വിഷയത്തിലുള്ള ശ്രീ.മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് 2200 - ൽ അധികം പേർ ലൈക്ക് ചെയ്തതായി കാണുന്നു. അവരിൽ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം കുറക്കണമെന്നും പൊതുഗതാഗത സംവിധാനങ്ങൻ മെച്ചപ്പെടണമെന്നും ആഗ്രഹമുള്ളവരായിരിക്കുമെന്ന് കരുതട്ടെ.

അത്തരക്കാർ സർക്കാർ നടപടികൾക്ക് കാത്തുനിൽക്കാതെ കേരളീയർക്ക് സ്വയം മാതൃക കാണിക്കാൻ മുന്നോട്ടു വരണം.

നടന്നു പോകാനാവുന്നിടത്ത് നടന്നും സൈക്കിളിൽ പോകാവുന്നിടത്ത് സൈക്കിളിലും പോകണം.
സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുവാഹനങ്ങൾ യാത്രയ്ക്ക് ഉപയോഗിക്കണം. കാറുകളിൽ തനിയെ സഞ്ചരിക്കുന്നത് ഒഴിവാക്കണം.

ശ്രീ. മുരളി തുമ്മാരുകുടിയെ പോലുള്ളവർ നാട്ടിലെത്തുമ്പോൾ വികസിത രാഷ്ട്രങ്ങളിലെ പൗരന്മാർ ഇങ്ങനെയൊക്കെ യാത്ര ചെയ്യുന്നുണ്ടെന്ന് ഇവരെയൊക്കെ ചെയ്തു കാണിക്കണം, പ്രചരിപ്പിക്കണം, ഭരണാധികാരികളെ ബോധ്യപ്പെടുത്തണം.