Thursday, January 23, 2014

എന്റെ ദൈവമേ !

യുക്തിയില്ലായ്മ ബോധ്യപ്പെട്ട് ദൈവവിശ്വാസത്തിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഇപ്പോഴും അതിൽ പൂർണ്ണമായി വിജയിച്ചിട്ടില്ലാത്ത ഒരാളാണു ഞാൻ. രണ്ടു വർഷം മുമ്പ്, പ്രസവത്തോടനുബന്ധിച്ച് എന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ ഓപ്പറേഷൻ തിയ്യറ്ററിനു മുന്നിലിരുന്ന് ഞാൻ ഉള്ളുരുകി ദൈവത്തെ വിളിച്ചു. അടുത്ത നിമിഷം തന്നെ, എത്രയോ  മനുഷ്യർ  ഇങ്ങനെ ഓപ്പറേഷൻ തീയ്യറ്ററിനു മുമ്പിലിരുന്ന് പ്രാർത്ഥിച്ചിട്ടുണ്ടാവും, അവരെയെല്ലാം ദൈവം രക്ഷിച്ചോ എന്നെന്റെ മനസ്സിന്റെ മറുപാതി ചോദ്യം ഉന്നയിച്ചു. 'മറ്റുള്ളവരുടെയൊന്നും കാര്യം എനിക്കറിയണ്ട, എന്റെ ഭാര്യ രക്ഷപ്പെട്ടാൽ മതി' എന്ന്  ഇപ്പുറത്തെ പാതി താക്കീതു ചെയ്തു. 'ഇതിലും തീവ്രമായി, ആത്മാർത്ഥതയോടെ, കൊടുമ്പിച്ച വിശ്വാസികൾ പോലും പ്രാർത്ഥിച്ചിട്ടുണ്ടാവും, എന്നിട്ടവരുടെ പ്രിയപ്പെട്ടവർ രക്ഷപ്പെട്ടോ?" എന്ന് മറുപാതിയുടെ ചോദ്യം. " അതൊക്കെ ഞാനെന്തിനാ അറിയുന്നത് ? ഒരൊറ്റ ജീവൻ, അതിന്റെ ഉറപ്പാണ് ഞാൻ ചോദിക്കുന്നത്". ഇപ്പുറത്തെ  പാതി.

ആ സംഘർഷം  അങ്ങനെ തുടർന്നു കൊണ്ടിരിക്കേ, ഭാര്യ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന് ഡോക്ടറുടെ അറിയിപ്പ് വന്നു. എന്റെ ചേച്ചി ആശുപത്രിയിലുള്ള മാതാവിന്റെ പ്രതിമയ്ക്കു മുമ്പിൽ മെഴുകുതിരി കത്തിച്ചു.  അച്ഛൻ അമ്പലത്തിൽ എന്തോക്കെയോ വഴിപാടുകൾ ചീട്ടാക്കി.  

 'ദൈവം ഉണ്ട്' എന്ന വിശ്വാസം സ്വീകരിക്കാൻ,  ദൈവമുണ്ടോ എന്ന അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ യുക്തിചിന്ത ഉപേക്ഷിക്കുന്നവരാണ് വിശ്വാസികളെല്ലാം തന്നെ എന്നാണു തോന്നിയിട്ടുള്ളത്. അത് ഏത് ഘട്ടത്തിൽ ഉപേക്ഷിക്കുന്നു എന്നതിനനുസരിച്ച്, ചിലർക്ക് കല്ലും മണ്ണുമെല്ലാം ദൈവമാകും, പിന്നെ ചിലർക്ക് അതൊക്കെ അന്ധവിശ്വാസവും, അരൂപിയായ, ജീവിതത്തിലെ നന്മതിന്മകൾ തൂക്കി നോക്കി മരണശേഷം സ്വർഗ്ഗവും നരകവും പുനർജന്മവുമെല്ലാം വിധിക്കുന്ന പ്രപഞ്ചസ്രഷ്ടാവ് ദൈവമാവും, അതുമുപേക്ഷിക്കുന്ന പിന്നൊയുമൊരു കൂട്ടർക്ക് ദൈവം, അമാനുഷിക ശക്തിയുള്ള പ്രകൃതി തന്നെയാവും, പിന്നെയുമൊരു കൂട്ടർക്ക് വെറും ദൃക്സാക്ഷി മാത്രമാവും.

വിശ്വാസം, അടിസ്ഥാനപരമായി സ്വാർത്ഥതയുടെ രക്ഷയ്ക്ക് വേണ്ടിയല്ലാതെ പിന്നൊന്നിനുമല്ല എന്ന്  സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാൻ കഴിയും. എന്റെ അനുഭവവും അങ്ങനെ തന്നെയാണല്ലോ.

"അര്‍ദ്ധരാത്രി ബ്രേക്ക്‌ പോയി എന്ന് കരുതിയ  കാറില്‍ വലിയൊരു അപകടം മുന്നില്‍ കണ്ടു പതറിയ ഞങ്ങളെ ഒരു തരിവെളിച്ചത്തിന്റെ സഹായത്തില്‍ ബ്രേക്കിനടിയില്‍ കുടുങ്ങിയ പെപ്സി ബോട്ടില്‍ കാണിച്ചു തന്നത് ദൈവമല്ല എന്ന് വിശ്വസിക്കാന്‍ കഴിയുമോ ?കാറ്റും മഴയും തകര്‍ത്താടിയപ്പോള്‍ പെട്ടെന്ന്  വീട്ടിലെക്കെത്തുവാന്‍ ഓടിയപ്പോള്‍ ,കാല്‍ ഉളുക്കി റോഡില്‍ ഇരുന്നതുകൊണ്ട് മാത്രം പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്നും രക്ഷപെടുത്തിയത്  ദൈവമായിരിക്കില്ലേ ? ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ എന്നെ ലോറിക്കടിയില്‍പെടാതെ  സൈഡിലേക്ക്  വലിച്ചു മാറ്റിയ അജ്ഞാതനായ  വഴിപോക്കന്‍  എനിക്ക് ദൈവമല്ലേ ?' എന്നെല്ലാം തോന്നുന്നതും ഇതേ സ്വാർത്ഥത കൊണ്ടാണ്.
ബ്രേക്ക് പോയി എന്ന പരിഭ്രമത്താൽ അപകടത്തിൽ പെട്ടവരും മരിച്ചവരും ഉണ്ടാവില്ലേ ? പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു വീണവർ ഉണ്ടാവില്ലേ ? ബൈക്കിൽ നിന്നും വീണ് ലോറി കയറി മരിച്ചവരുണ്ടായില്ലേ ? എന്തുകൊണ്ട് അവരെയൊന്നും ദൈവം രക്ഷപ്പെടുത്തിയില്ല ? എന്നൊരു ചോദ്യം ഉള്ളിലുയർന്നാൽ. ( അങ്ങനെ  മരിച്ചവരിൽ, തന്നേക്കാൾ  പ്രിയപ്പെട്ടവരുണ്ടായാൽ  പ്രത്യേകിച്ചും ) ഈ സ്വാർത്ഥത തിരിച്ചറിയാൻ കഴിയും.

ഇങ്ങനെയൊക്കെയായിട്ടും എനിക്കുമൊരു ദൈവവിശ്വാസമുണ്ട് കെട്ടോ. ഞാൻ അറിയാൻ ബാക്കിയുള്ള സത്യമാണ് എന്റെ  ദൈവം. എന്നെ അപേക്ഷിച്ച്, ആ  ദൈവത്തിന് എന്റെ ഭാവി എന്ന സത്യം കൂടി അറിയാം എന്നുള്ളതുകൊണ്ട്, ആ ദൈവത്തോട് കളി ചിരി പറഞ്ഞിരിക്കാനും 'ഇങ്ങനെയൊക്കെയാണോ ആശാനേ ഭാവിയിലുണ്ടാവുക?' എന്നൊക്കെ ചോദിക്കാനും എനിക്കിഷ്ടമാണ്. മറുപടിയൊന്നും കിട്ടിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ മറുപടി കിട്ടുന്നുണ്ട് എന്നു വിശ്വസിക്കാനും.

കടപ്പാട് : ശ്രീ പ്രമോദ് കൃഷ്ണപുരത്തിന്റെ 'വിശ്വാസം അതല്ലേ എല്ലാം' എന്ന ബ്ലോഗ് പോസ്റ്റ്
(

Saturday, January 18, 2014

എന്റെ സത്യാഗ്രഹ പരീക്ഷണങ്ങൾ



ഒരു പത്തു പതിനഞ്ചു കൊല്ലമായി കാണണം, സെക്രട്ടേറിയറ്റിനു മുമ്പിലെ ഫുട്പാത്ത്. വടക്കു പടിഞ്ഞാറെ ഗേറ്റിനടുത്തുള്ള ഒരു ചെറിയ പന്തലിലാണു ഞങ്ങൾ.പന്തലിൽ ഞാനടക്കം അഞ്ചാറു പേരുണ്ട്. പോലീസ് ജീപ്പ് വന്നു. കഴുത്തിലെ ചുവന്ന മാല മറ്റൊരാൾക്ക് കൈമാറി ഞാൻ ജീപ്പിൽ കയറി. ഒപ്പം ഒരു സുഹൃത്തും. ജീപ്പ് ജനറൽ ഹോസ്പിറ്റലിലേക്ക് നീങ്ങി. എല്ലാവരും ചേർന്ന്  അത്യാഹിത വിഭാഗത്തിനു മുമ്പിലേക്ക്.
‘ഇവിടെ കിടന്നോളൂ’ ഒരു നഴ്സ് ഒഴിഞ്ഞ ഒരു കിടക്ക ചൂണ്ടി. കിടന്നു.
ഡോക്ടർ കണ്ണുകളും പൾസുമെല്ലാം പരിശോധിച്ചു.
“മൂന്നു ദിവസം നിരാഹാരം കിടന്ന ക്ഷീണമൊന്നുമില്ലലോടോ..” ചീട്ടിൽ ഡ്രിപ്പിനു എഴുതുമ്പോൾ ഡോക്ടരുടെ നിരീക്ഷണം.
‘ശൂന്ന്’ എന്തോ പറന്നു  പോയതു പോലെ.
“അസിഡിറ്റി ഉള്ളതുകൊണ്ട് വെള്ളം കുടിച്ചിരുന്നു ഡോക്ടർ”
‘അതൊരു ആനയായിരുന്നു’ എന്ന് യുധിഷ്ഠിരൻ പതുക്കെ  പറഞ്ഞതു പോലെ  “വെള്ളത്തിനു മുമ്പ് ഭക്ഷണവും കഴിച്ചിരുന്നു” എന്ന്  പതുക്കെ ഞാൻ മാത്രം കേൾക്കാൻ പറഞ്ഞു. നുണ പറയരുതല്ലോ.

“ആ ഡ്രിപ്പ് കഴിയുമ്പോൾ എണീറ്റു പൊക്കോ” അവസാനത്തെ ആണി.

നിരാഹാരസമരത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ പലവിധ ആശങ്കകളായിരുന്നു.

-  ഇതോണ്ടൊക്കെ വെല്ല കാര്യ‌ണ്ടാവോ ?-  ഭരണകൂടം തിരിഞ്ഞു നോക്കിയില്ലെങ്കിൽ പട്ടിണി കിടന്ന് മരിച്ചു പോകുമോ ?
-  എങ്ങനെ പ്രകൃതിയുടെ വിളികൾക്ക് മറുപടി പറയും ?

കഴുത്തിൽ  ചുവന്ന മാലയിട്ടതോടെ എല്ലാത്തിനും  ഒറ്റ മറുപടി കിട്ടി. – എന്തു വേണമെങ്കിലും ആവാം,  ആ സമയത്ത് ആ ചുവന്നമാല വേറൊരുത്തന്റെ കഴുത്തിലേക്കിട്ടു കൊടുത്താൽ മതി.


കൊള്ളാം. ഗംഭീര പരിപാടി തന്നെ. ഇനിയുമുണ്ടോ ഇതുപോലത്തെ മനോഹരമായ ആചാരങ്ങൾ ?

അത് ‘മ്മടെ സത്യഗ്രഹ പരീഷണങ്ങള്’..

  ഇവിടെ നാട്ടിൻ പുറത്ത്, പോസ്റ്റോഫീസ് സെന്ററിലെ സമരപന്തലിൽ നിരാഹാരം കിടന്നത് സിജിത്താണ്.  പരിഷത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത്. ഇന്ന് കാലത്ത് കാണുമ്പോൾ, സിജിത്തിനു നല്ല ക്ഷീണമുണ്ടായിരുന്നു. എല്ലാ സമരസഖാക്കൾക്കും ക്ഷീണമായിട്ടുണ്ടാവണം. സത്യം ഗ്രഹിക്കാനുള്ള ആഗ്രഹത്തിൽ പ്രലോഭനങ്ങളെ  ചെറുക്കാൻ വീറും വാശിയുമുള്ളവർ. അവരിലാരെങ്കിലും എന്നെ പോലെ കള്ളത്തരം കാണിച്ചിട്ടുണ്ടാവുമെന്ന്  വിശ്വസിക്കുന്നില്ല. ( ഇത് പറയുമ്പോൾ, സമരപന്തലിൽ എ സി ഫിറ്റ് ചെയ്ത ഏതോ ഒരു സഖാവിന്റെ ചിത്രം മനോരമയിൽ നിന്നു ചൂണ്ടി ചിലർ പുച്ഛിക്കും. ശരിയാണ്, വിമർശിക്കപ്പെടേണ്ടതു  തന്നെ. പക്ഷെ എ സി യില്ലാത്ത ആയിരത്തിന്മേലെ  സമരപ്പന്തലുകൾ കാണാതെ പോകരുത് ).

പക്ഷേ സമരം നിർത്തി. എന്തിന് ?

സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കിയതു കൊണ്ടാണ്, ആധാർ നിർബന്ധമാക്കാത്തതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞാൽ രക്തപതാക കെട്ടിയ വടി പോലും ചിരിക്കും.

ഇങ്ങനെ നിർത്താനാണെങ്കിൽ തുടങ്ങിയതെന്തിന് ?

ആ
….

അനിശ്ചിതകാല നിരാഹാരം എന്ന സമരരൂപം അപഹസിക്കപ്പെടുകയോ ശക്തിപ്പെടുകയോ ഉണ്ടായത് ?

വാൽക്കഷണം :

 ചുവന്ന മാലയും വിപ്ലവപാർട്ടികളും തമ്മിൽ ബന്ധമൊന്നുമില്ല കെട്ടോ. പ്രത്യേകിച്ച് രാഷ്ട്രീയ ആഭിമുഖ്യമൊന്നുമില്ലാത്ത ഒരു  വികലാംഗസംഘടനയുടെ സമരമായിരുന്നു അത്.

അന്ന്  സത്യാഗ്രഹത്തിൽ  കള്ളത്തരം ചെയ്തതിന് അതിനു ശേഷം ചെറിയൊരു പ്രായ്ശ്ചിത്തം ചെയ്തു. ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുമ്പിൽ, തുപ്പിയും ചവിട്ടിത്തേച്ചുമെല്ലാം ആയിരങ്ങൾ നടന്നു നീങ്ങിയ റോഡിൽ ശയനപ്രദക്ഷിണം. ഒരു പ്രത്യേക അനുഭവമാണ്. ലോകം മുഴുവൻ കറങ്ങുന്നതു പോലെ തോന്നും. ഉന്നയിച്ച ആവശ്യങ്ങൾ  എല്ലാം നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, ഏറെ കാലം കഴിഞ്ഞ് ഗവണ്മെന്റ് ഉത്തരവിറങ്ങി. ശാരീരിക വൈകല്യമുള്ള ആയിരക്കണക്കിനു പേർക്ക് ജോലിയടക്കമുള്ള പല ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്തു.

എന്തെങ്കിലുമൊക്കെ എന്നെങ്കിലുമൊക്കെ നടക്കുമായിരിക്കും.

ആളിക്കത്തുന്നതും അമർന്നു കത്തുന്നതും തീയാണ് എന്നാണല്ലോ.

ആവട്ടെ. അമർന്നു കത്തുന്ന തീച്ചൂടിൽ കോഴിയെ ചുട്ടു തിന്ന് ഇരിക്കാതിരുന്നാൽ മതിയായിരുന്നു.

Thursday, January 02, 2014

രാധാകൃഷ്ണൻ തെയ്യം

പ്രദീപ് മാഷിന്റെ 'രാധാകൃഷ്ൺ തെയ്യം' എന്ന കഥയെയും കമന്റുകളെയും  കുറിച്ച്.

ഈ കഥയെയും ഇതേ രീതിയിലുള്ള ആശയങ്ങൾ പങ്കു വെക്കുന്ന കഥകളേയും കലാരൂപങ്ങളേയും എങ്ങനെയാണ് ആസ്വദിക്കേണ്ടതെന്ന സംശയത്തിലാണു ഞാൻ.
പെട്ടന്ന് ഓർമ്മ വരുന്നത് 'പൈതൃകം' എന്ന സിനിമയാണ്. യുക്തിവാദിയായ മകൻ, അവസാനം യജ്ഞപുരോഹിതനായ അച്ഛന്റെ വഴിയിലേക്ക് വരുന്നതാണല്ലോ
ആ സിനിമയിൽ ചിത്രീകരിക്കുന്നത്. ഒരു സിനിമ എന്ന രീതിയിൽ, നല്ല അഭിനയം, തിരക്കഥ, സംവിധാനം എന്നു വിലയിരുത്താൻ തടസ്സമില്ല. പക്ഷേ ആ സിനിമ നൽകുന്ന സന്ദേശം ? അന്നത് വിവാദമാകുകയും ചെയ്തിരുന്നു. ( ഈ കഥയാണ് ആ സിനിമ എന്നു പറയുകയല്ല ). ആസ്വാദനത്തിൽ അതു കൂടി പരിഗണിക്കേണ്ടതുണ്ടോ ? ലോകക്ലാസിക്കുകൾ എല്ലാം അത്തരത്തിലുള്ള സന്ദേശങ്ങൾ സമൂഹത്തിനു നൽകിയിട്ടുണ്ടോ ? ഉള്ളവയും ഉണ്ട് ഇല്ലാത്തവയും ഉണ്ട് എന്നാണ് എന്റെ തോന്നൽ. മനുഷ്യൻ-അവന്റെ വേദനകൾ, പ്രതീക്ഷകൾ, ഇച്ഛാഭംഗങ്ങൾ, സ്വാർത്ഥത, കാട്ടുനീതികൾ, പശ്ചാത്താപം, എന്നിവയൊക്കെ ചിത്രീകരിക്കപ്പെടുന്നുണ്ടാവാം. അതെല്ലാം വായിച്ചുൾക്കൊള്ളുന്നതിലൂടെ വായനക്കാരനിലെ മനുഷ്യൻ കൂടുതൽ മനുഷ്യപക്ഷത്തേക്ക് ചേർന്നു നിന്നെന്നു വരാം. വിപ്ലവങ്ങൾ സൃഷ്ടിച്ച കഥാപാത്രങ്ങളും ഉണ്ടായേക്കാം. പക്ഷേ, എല്ലാ നോവലുകളിലും കഥകളിലും കവിതകളിലും ഇത്തരം വിപ്ലവകാരികളോ വിപ്ലവമോ പുരോഗമന ചിന്തകളോ ഒക്കെ ഉണ്ടാവേണ്ടതുണ്ടോ ? [ സമൂഹത്തിൽ വിപ്ലവം ഉണ്ടാവേണ്ട സമയത്ത് എഴുതപ്പെടുന്ന സൃഷ്ടികളിൽ അതു കാണാൻ സാധ്യത കൂടുതലാണ്. ( താരതമ്യത്തിന് ' നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'കാട്ടുകുതിര' എന്നീ രണ്ട് നാടകങ്ങളും അവയുടെ സ്വീകാര്യതയും സ്വാധീനവും ഓർക്കുക ) ഏതാണു വിപ്ലവം ഉണ്ടാവേണ്ട സാഹചര്യം എന്നതു സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ ഉണ്ടാവും, അതവിടെ നിൽക്കട്ടെ. ]. ആവശ്യമില്ല, ഉണ്ടെങ്കിൽ നല്ലത് എന്ന് അഭിപ്രായപ്പെടുമ്പോൾ തന്നെ തന്നെ, വായനക്കാരനെ കൂടുതൽ കൂടുതൽ മനുഷ്യനായി സംസ്ക്കരിച്ചെടുക്കുന്ന എന്തോ ഒന്ന് സൃഷ്ടിയുടെ ആത്മാവായി അതിൽ വേണം എന്നൊരു നിബന്ധന കൂടി മുന്നോട്ടു വെക്കേണ്ടതുണ്ട് എന്നും തോന്നുന്നു.
ഇനി, എഴുത്തുകാരൻ അത്തരമൊരു അന്തർധാര പകർന്നിട്ടും അത് വായനക്കാരനിലേക്കെത്താതിരിക്കുമ്പോഴുള്ള പ്രശ്നമാണ് . അത് വായനക്കാരന്റെ പോരായ്മയായി, അയാളുടെ വായനയുടെ അപര്യാപ്തതയായി കാണാനാണിഷ്ടം. തെയ്യങ്ങളുടെ ചരിത്രവും സാമൂഹ്യപശ്ചാത്തലവും അറിയാത്ത എന്നെ പോലൊരാൾക്ക്, അതുമായി ബന്ധപ്പെട്ട് മാഷ് കഥയിലുൾപ്പെടുത്തിയ സൂചനകളും ബിംബങ്ങളും പ്രതീകങ്ങളുമെല്ലാം കണ്ണിൽ തടയാതെ വരുന്നു. അത് എന്നിലെ വായനക്കാരന്റെ വളർച്ചക്കുറവു കൊണ്ടു തന്നെയാണ്. മാഷ് പ്രസിദ്ധനായിരുന്നെങ്കിൽ, അത്തരം അന്വേഷണങ്ങൾ, വായനകൾ കൂടുതലായി ഉണ്ടാവുമായിരുന്നു എന്നും കരുതുന്നു. എന്നിൽ നിന്നു മാത്രമല്ല, മറ്റു വായനക്കാരിൽ നിന്നുടക്കം. പക്ഷേ, അങ്ങനെയുണ്ടാവുന്നില്ല എന്നതിന്റെ പേരിൽ താനെഴുതിയത് എന്താണ് എന്ന് വിശദീകരിക്കുന്നത്, എഴുത്തുകാരൻ വായനക്കാരനു മുമ്പിൽ സ്വയം നഗ്നനാവുന്നതു പോലെ അപഹാസ്യമാണെന്ന് കരുതുന്നു. സത്യത്തിൽ, മാഷ്   കമന്റുകളിലൂടെ നൽകിയ വിശദീകരണങ്ങൾ പോലും അനാവശ്യമായിരുന്നു എന്നാണ് എന്റെ തോന്നൽ. പലരും പല രീതിയിൽ വായിച്ചു, ഏന്റെ വായന  ശരിയായ വായനയായിരുന്നോ  എന്ന് വായനക്കാരൻ എഴുത്തുകാരനോട്  സംശയം  ഉന്നയിക്കാൻ ഇടവരുത്തുന്നു  അത്തരം മറുപടികൾ  എന്നും തോന്നുന്നു. എഴുത്തുകാരൻ വായനയിലിടപെടുന്നത് എപ്പോഴും അനാവശ്യമാണല്ലോ . അങ്ങനെ സംശയം ഉന്നയിച്ച  ആൾ തന്റെ അത്രയും വേണ്ടപ്പെട്ട ആൾ ആണെന്ന തോന്നലുണ്ടെങ്കിൽ തന്നെ  എഴുത്തുകാരന് പരമാവധി ചെയ്യാവുന്നത് താനെഴുതിയത് എന്താണ് എന്ന് അയാളെ മാത്രം രഹസ്യമായി അറിയിക്കുകയാണ്. പക്ഷേ അത് പരസ്യമായി ചെയ്യുമ്പോൾ, താൻ തന്നെ നട്ട ചെട്ടിയുടെ ഒരു മുകുളം മാത്രം നിർത്തി, മറ്റെല്ലാ മുകുളങ്ങളും നുള്ളി കളഞ്ഞ് അതിന്റെ വിവിധമാനങ്ങളിലുള്ള വളർച്ച തടയുകയാണ്.

Saturday, December 21, 2013

ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - ഒരു വായന.




                          ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - ഒരു വായന.


വർഷങ്ങൾക്കു ശേഷമാണ് ഒരു ചരിത്രാഖ്യായിക  കൈകളിലെത്തുന്നത്. ഇതിനു മുമ്പ് വായിച്ചിട്ടുള്ളത്  ‘മാർത്താണ്ഡവർമ്മയും’  ‘ധർമ്മരാജാ’ യുമാണ്. പിന്നൊന്ന്  ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരചരിത്രത്തെ കുറിച്ചുള്ള ഒരു ബൃഹദ്നോവൽ. പേര് ഓർമ്മ വരുന്നില്ല.

ചരിത്രം പറയുമ്പോൾ,  നാം ഏതു പക്ഷത്തു നിൽക്കുന്നു എന്നതിനനുസരിച്ച്, നമ്മുടെ നിലപാടുകളും വിലയിരുത്തലുകളും മാറും. അതുകൊണ്ടു തന്നെ തീർത്തും നിഷ്പക്ഷമായി നിന്ന് ചരിത്രം പരിശോധിക്കുക, പറയുക അസാധ്യമാവും. ബ്രിട്ടീഷുകാർക്ക്,  വെറും ‘ശിപായിമാരുടെ  ലഹള’യാവുന്നത്  ഇന്ത്യക്കാർക്ക് ‘ഒന്നാം സ്വാതന്ത്ര്യസമര’മാവും. അതിക്രൂരവും മനസാക്ഷിയെ മരവിക്കുന്നതുമായ   ശിക്ഷാനടപടികൾ  ഭരണകൂടത്തെ പിന്തുണയ്ക്കുന്നവർക്ക്   സ്വസ്ഥ ജീവിതം നിലനിർത്താൻ ആവശ്യമായ സ്വാഭാവിക നടപടികളും,  ആ നടപടികൾ ഏറ്റുവാങ്ങിയവരുടെ പക്ഷത്തു നിൽക്കുന്നവർക്ക്,  നീതിയുടെ കണിക പോലുമില്ലാത്ത അടിച്ചമർത്തലുകളുമായി അനുഭവപ്പെടും.

 ജനാധിപത്യ രീതിയിലൂടെ ഭരണം ഏറ്റെടുത്ത ഒരു   അധികാരി, ഒരു വംശത്തിൽ/മതത്തിൽ  ജനിച്ചു എന്നതിന്റെ പേരിൽ ഒരു കോടിയിൽ പരം പേരെ ഭൂരിപക്ഷ പിന്തുണയോടെ കൊന്നൊടുക്കി എന്നുള്ളത് ഇന്നൊരു ചരിത്രപാഠം മാത്രമാണ്. പലർക്കും ഇന്ന് അതൊരു സങ്കല്പം മാത്രമാണെങ്കിലും, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ എന്നെന്നും ജാഗ്രതയോടെ ഓർത്തു വെക്കേണ്ട പാഠം. പട്ടിണിയും ദാരിദ്ര്യവും അസമത്വവും യുദ്ധഭീതിയും  മൂലമുള്ള  അസന്തുഷ്ടി  ഒരു വിഭാഗത്തിനു നേരെ തിരിച്ചു വിട്ട്  ഒരു ഭരണാധികാരി എങ്ങനെ തന്റെ ജനപിന്തുണയിൽ അഭൂതമായ വളർച്ചയുണ്ടാക്കി എന്ന ചരിത്രം.  

‘ഗീസ്വാൻ ഡയറി’ എന്ന ബ്ലോഗിലൂടെയാണ് അരുൺ ആർഷ എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ മരുപ്രദേശങ്ങളും സമതലങ്ങളും കുന്നുകളും മനുഷ്യജീവിതവും കണ്മുന്നിൽ കണ്ടെന്ന പോലെ പകർത്തിയെഴുതിയ എഴുത്തുകാരൻ, ആ നോവലിനു ശേഷം  ‘ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി’ എന്നൊരു നോവൽ എഴുതി തുടങ്ങിയപ്പോൾ, ആരംഭം മുതൽ തന്നെ അത് വായിച്ചു തുടങ്ങി. പക്ഷേ പത്തു പതിനഞ്ചു ലക്കങ്ങൾ കഴിഞ്ഞപ്പോഴേക്കും തോന്നി, ഇത് ഇങ്ങനെ കാത്തിരുന്നു വായിച്ചാൽ ശരിയാവില്ല, ഒറ്റയിരിപ്പിന് വായിച്ചു തീർക്കേണ്ട  ഒന്നാണ് എന്ന്.  പുസ്തകമാക്കി ഇറക്കാൻ ചില പ്രസാധകർ ‘ഗഫൂർ കാ ദോസ്തി’നെ സമീപിച്ചു തുടങ്ങി എന്നറിഞ്ഞതോടെ  ബ്ലോഗ് വായന നിർത്തി. കാത്തിരിപ്പിന് അറുതി വരുത്തി കൊണ്ട്, പുസ്തകം ഇറങ്ങി എന്നു കേട്ടപ്പോൾ  രണ്ടാഴ്ച്ച മുമ്പ്  തൃശ്ശൂർ ഗ്രീൻ ബുക്സിൽ നിന്ന്  ചൂടോടെ വാങ്ങിച്ചു. 180  - ൽ പരം പേജുകൾ. പിന്നെ ഒറ്റയടിക്ക് വായിച്ചു തീർക്കാനുള്ള സമയം നോക്കിയിരിപ്പായി. രണ്ടു ദിവസം മുമ്പാണ് അവസരം ഒത്തു വന്നത്.

ഗാസ് ചേംബറുകൾ, എക്സ് ടെർമിനേഷൻ ക്യാമ്പുകൾ, എക്സിക്യൂഷൻ യാർഡുകൾ
… ഇങ്ങനെ ഉറക്കത്തിൽ പോലും നടുങ്ങുന്ന മരണശിക്ഷാരൂപങ്ങളുണ്ടായിട്ടും, കാര്യമായ പ്രതിരോധങ്ങളൊന്നുമില്ലാതെ എന്തുകൊണ്ട് ഒരു കോടിയിൽ പരം ജൂതർ നിസ്സഹായരായി ഹിറ്റ്ലർക്കും ഗസ്റ്റപ്പോക്കും മുമ്പിൽ തല കുനിച്ചു മരണത്തിലേക്കിറങ്ങി പോയി എന്നൊരന്വേഷണം, ചരിത്രത്തിൽ കൗതുകമുള്ള ആർക്കും ഉണ്ടാവുക സ്വാഭാവികമാണ്. ‘അങ്ങനെയല്ല ; ചോരയും നീരും കൊടുത്ത് ഞങ്ങളും പ്രതിരോധിച്ചിട്ടുണ്ട്’ എന്ന്  തലയുയർത്തി  നില്ക്കുന്ന, ചരിത്രം അത്ര കണ്ട് പരിഗണിച്ചിട്ടില്ലാത്ത  ചില മനുഷ്യരുടെ പരിസരത്ത്, തന്റെ ഭാവനയും കാല്പനീകതയയും ഹൃദയവുമെല്ലാം തുറന്നിട്ട്, ചരിത്രത്തിൽ നിന്ന്  ഇനിയും അവരെ വേർതിരിച്ചു മാറ്റാനാവാത്ത വിധം മറ്റൊരു ചരിത്രമെഴുതുകയാണ് നോവലിസ്റ്റ് ഇവിടെ. ലോകത്തിന്റെ അങ്ങേയറ്റത്തൊരു കോണിൽ ചരിത്രത്തിന്റെ ഏടുകളിൽ ഇടമില്ലാതെ പൊരുതി മരിച്ചവർക്ക്, ഇങ്ങേയറ്റത്ത്, ഈ കൊച്ചുമലയാളത്തിൽ നിന്ന്  ചരിത്രത്തിന്റെ സാഹിത്യലിഖിതത്തിലേക്ക് ഒരു നവപ്രതിഷ്ഠ. എനിക്കുറപ്പാണ്, ഇതിനു മറ്റുഭാഷകളിലും  പതിപ്പുകളിറങ്ങും - ഏറ്റവും കുറഞ്ഞത് ഹീബ്രുവിലും ജർമ്മനിലും ആംഗലേയത്തിലുമെങ്കിലും.  

 “ചുവപ്പ് പോരാട്ടത്തിന്റെ നിറമാണ്. എന്നാൽ അതേ ചുവപ്പു തന്നെയാണ് പരാജയത്തേയും പ്രതിനിധീകരിക്കുന്നത്. ആ അർത്ഥത്തിൽ ഞാനൊരു പോരാളിയാണ് - ‘ഓഷ്വിറ്റ്സിലെ  ചുവന്ന പോരാളി’  ” എന്ന  വാചകത്തോടെയാണ് ഓഷ്വിറ്റ്സിലെ ചുവന്ന പോരാളിയായ റെഡ്വിൻ തന്റെ ഡയറിക്കുറിപ്പ് അവസാനിപ്പിക്കുന്നത്. മ്യൂണിച്ച് ഹാളിൽ, ഫ്യൂറർക്ക് നേരെ നടന്ന പാളിപ്പോയ ഒരു വധശ്രമത്തിൽ നിന്നാണ് റെഡ്വിൻ തന്റെ പോരാട്ടജീവിതം ആരംഭിക്കുന്നത്. ബെർക്ക്നൗ ക്യാമ്പിൽ പ്രക്ഷോഭം നയിക്കുന്ന  ‘ചുവന്ന പോരാളിയായി’ മാറി, വീണ്ടും പിടിക്കപ്പെട്ട്, കൊടും പീഡകൾക്കിടയിൽ നിന്ന് മരണം എന്ന സ്വസ്ഥതയിലേക്ക്  ആഴ്ന്നു പോയ്ക്കൊണ്ടിരിക്കെയാണ് റഷ്യൻ പടയുടെ  രൂപത്തിൽ ജീവിതം വീണ്ടും റെഡ്വിനെ തിരികെ വിളിക്കുന്നത്. ആത്മഹത്യയല്ല, സ്വന്തം മാളത്തിനുള്ളിൽ വച്ച്, ഹിറ്റ്ലറും കുടുംബവും മൃഗീയമായി വേട്ടയാടപ്പെട്ട്  കൊല്ലപ്പെടുകയാണുണ്ടായത് എന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്ന്  റെഡ്വിൻ പറയുന്നു. ഹിറ്റ്ലറുടെ മരണത്തിനു പിന്നിൽ,  തന്റെ കൂട്ടാളികളായ മഞ്ഞപ്പോരാളികൾ തന്നെയാണ് എന്നൊരു സൂചനയാണ്   റെഡ്വിൻ മുന്നോട്ടു വെക്കുന്നത്. ഹിറ്റ്ലരുടെ മരണം സംബന്ധിച്ച്  നിലനിൽക്കുന്ന ദുരൂഹതകൾ ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്.

 ജീവിക്കുന്നത്, മരണം വന്നു തൊട്ടു വിളിക്കുമ്പോൾ ഒരിറ്റു ജീവജലത്തിനു വേണ്ടി തല താഴ്ത്തുന്നത്,  മനുഷ്യസഹജമായ സ്നേഹവിശ്വാസത്തിനു മുമ്പിൽ മനുഷ്യസഹജമായ ജാഗ്രതയിൽ വീഴ്ച്ച പറ്റുന്നത്, പരാജയമാണോ അതോ പോരാട്ടം തന്നെയാണോ എന്നൊരു ചോദ്യം  ഈ ചുവന്ന പോരാളിയുടെ ജീവിതം മുന്നോട്ടു വെക്കുന്നുണ്ട്. ഉത്തരം മുട്ടുന്ന ഇത്തരം ചോദ്യങ്ങൾക്കു മുന്നിൽ നിന്ന്  ‘ രേഖപ്പെടുത്തട്ടെ, ഇല്ലാതിരിക്കട്ടെ ; എല്ലാ ജീവിതങ്ങൾക്കും ഒരു ചരിത്രദൗത്യമുണ്ട്’ എന്നു സമാശ്വസിപ്പിച്ച്  ഒഴിഞ്ഞുമാറാനേ ഇവിടെയും കഴിയുന്നുള്ളൂ.

ഓഷ്വിറ്റ്സ് ക്യാമ്പുകളിലെ കുപ്രസിദ്ധമായ പീഡനമുറകൾ അക്കമിട്ടു നിരത്തുന്നില്ല എന്ന് നോവലിൽ തന്നെ പറയുന്നുണ്ട്. ‘ആൻ ഫ്രാങ്കിന്റെ  ഡയറിക്കുറിപ്പുകളും’  ആ നരകലോകത്തിൽ നിന്ന് രക്ഷപ്പെട്ട അപൂർവ്വം മനുഷ്യരുടെ സ്മരണാസാക്ഷ്യങ്ങളും  സോണ്ടോ കമാന്റോകൾ തന്നെ രഹസ്യമായി പകർത്തിയ ചിത്രങ്ങളും കൊല്ലപ്പെട്ട ജനലക്ഷങ്ങളുടെ ശേഷിപ്പുകളും  ചരിത്രസ്മാരകങ്ങളും ഇനിയൊരു ചർച്ച ആവശ്യമില്ലാത്ത വിധം അതെല്ലാം വെളിപ്പെടുത്തുമ്പോൾ, അതെല്ലാമുൾക്കൊണ്ടു കൊണ്ടു തന്നെ അത്തരമൊരു വൈകാരികത ഒഴിവാക്കിയത് ഉചിതമായി. ഹരിപഞ്ചാനനനെയും സുഭദ്രയേയും അനന്തപദ്മനാഭനേയും പോലെ, അത്ര കണ്ട് സൂക്ഷ്മാംശത്തിൽ പകർത്തപ്പെട്ടിട്ടില്ലെങ്കിലും , റെഡ്വിനും, ഡെന്നയും ജൊനാഥനും ഹെബറും നതാനിയയും പോളും ഹന്നയുമെല്ലാം അനുവാചക മനസ്സുകളിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ തന്നെ.

വായിച്ചു തുടങ്ങിയാൽ, അവസാനമെത്തുന്നതു വരെ പുസ്തകം മടക്കാനാവാത്ത വിധം ഒഴുക്ക് ഈ ചരിത്രാഖ്യായികക്കുമുണ്ട്. ആദ്യത്തെയും അവസാനത്തെയും അദ്ധ്യായങ്ങളിൽ എഴുത്തുകാരൻ തന്നെ നേരിട്ടു പ്രത്യക്ഷപ്പെടുന്നു, എഴുത്തനുഭവങ്ങൾ പങ്കു വെക്കുന്നു. അവസാനത്തെ അദ്ധ്യായത്തിലെ ചില പ്രസ്താവനകളും വെളിപ്പെടുത്തലുകളും, അതിശയോക്തിപരവും സ്വന്തം ഭാവനയെ തന്നെ വില കുറച്ചു കാണിക്കുന്നതുമായില്ലേ എന്നൊരു സംശയം ഇല്ലാതില്ല.


ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി.
അരുൺ ആർഷ.

പ്രസാധകർ : ഗ്രീൻ ബുക്സ്
വില : 160.00 രൂപ.

Friday, December 20, 2013

അനുരാഗത്തിന്റെ ദിനങ്ങൾ.

വിശ്വവിഖ്യാതനായ ബേപ്പൂർ സുൽത്താൻ മഹാരാജാവേ,  അങ്ങ് ഇങ്ങനെ  എഴുതി വെച്ചതുകൊണ്ട്,  എഴുത്തുകാർക്ക്  ചേർന്നു നിൽക്കാൻ ഒരു നിലപാടുതറ കിട്ടുന്നു. എങ്ങനെയാണ് അങ്ങയോട് നന്ദി പറയേണ്ടത് ?

(പുസ്തകത്തിൽ നിന്നു ഇത്രയും ഭാഗം മാത്രം ഉദ്ധരിച്ചതിനു താങ്കൾ എനിക്കു മാപ്പു തരാതിരിക്കില്ലെന്ന് കരുതട്ടേ.. മലയാളത്തിന്റെ സ്നേഹസൗരഭ്യമാണല്ലോ താങ്കൾ.  )


---------------------------------------------------------

ഞാൻ സരസ്വതീദേവിയുടെ കണ്ണുകളിൽ ചുംബിച്ചു. മുടിയിലും ചുണ്ടുകളിലും മുഖത്തും കഴുത്തിലും. ഞാൻ ആകെ മണപ്പിച്ചു നോക്കി. സ്ത്രീ ആകെ ഒരു സുരഭില പുഷ്പമാണ്. ..സ്ത്രീ ഒരത്ഭുത സൃഷ്ടിയാണല്ലൊ...ദാഹശമനത്തിനുള്ള...ദൈവമേ, തൊട്ടടുത്തു സ്ത്രീകളില്ലാത്ത നീണ്ട വർഷങ്ങളിലെ ദിന
രാത്രങ്ങൾ. ഞാൻ ദേവിയെ മുറുകെ ആലിംഗനം ചെയ്തു. ദേവിയുടെ വായിൽ ഉമ്മ വെച്ചു. എന്റെ നാവ് ദേവിയുടെ നാവിൽക്കടത്തി ദേവിയുടെ നാവിനെ ആലിംഗനം ചെയ്തു. ദേവിയുടെ ഉമിനീരിൽ എന്റെ നാവു തൊട്ടു. ഞാൻ ദേവിയുടെ മുലകളിൽ പിടിച്ചു.

"ബ്ലൗസൂരി ബോഡീസഴിക്കൂ"

"Do you want me to ?"

"Yes"

ദേവി അങ്ങനെ ചെയ്തു. കറുത്ത മുടി അഴിഞ്ഞു തോളുകളിൽ !

തുടുത്തുരുണ്ട സുന്ദരമായ വെളുത്ത നഗ്നമുലകൾ !

ആകാശമാകുന്ന നെഞ്ചിലെ രണ്ട് അത്ഭുത പൂനിലാവുകൾ !

"ദേവീ, മഹാമായേ, സരസ്വതീദേവീ, വന്ദനം !"

മുലകളുടെ ഭംഗി ! അതിന്റെ മാദകത്വം ! മുലകളുടെ സൗരഭ്യം ! ഞാൻ മണപ്പിച്ചു നോക്കി. സുഗന്ധത്തിന്റെ അത്ഭുതകരമായ ഒഴുക്ക്!... തോന്നലാണോ ? എല്ലാം തോന്നലാണല്ലോ - മായ. അതെയോ ! ഞാൻ ദേവിയുടെ മുലകൾ രണ്ടും മണപ്പിച്ചു നോക്കി. ഉമ്മ വെച്ചു. നൂറു നൂറ് ഉമ്മകൾ. രണ്ടും തടവി,തഴുകി. താലോലിച്ച് മുല വായിലെടുത്തു. മുലകളിലും കറുത്തു നീണ്ട രോമങ്ങൾ ! നീണ്ട രോമങ്ങളോ? അതെ രണ്ടു മുലകളിലും കറുത്തു നീണ്ട രോമങ്ങൾ!

" ചില സ്ത്രീകൾക്കിതു കാണും. പ്രസവിക്കുമ്പോൾ ഊരിപ്പോകും."

"എന്നാണ് ദേവീ പ്രസവം ?"

ദേവി ഊറി മന്ദഹസിച്ചു കൊണ്ടു നിന്നു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് എന്റെ വായിൽ ഉമ്മ വച്ചിട്ട് ദേവിയുടെ നാക്ക് എന്റെ വായിലേക്കിറക്കി. ഞാൻ ദേവിയുടെ നാക്ക് കുടിച്ചു കൊണ്ടു നിന്നു. എന്റെ കൈകൾ സരസ്വതീദേവിയുടെ സാമാന്യം വലിയ ചന്തി തഴുകിക്കൊണ്ടുനിന്നു. അപ്പോൾ ദേവിയുടെ നാഭി എന്റെ നാഭിയിൽ ഒട്ടിച്ചേർന്നു നിന്നിരുന്നു.

" ദേവീ.. നിന്റെ സുന്ദരസുരഭിലമായ ആ രഹസ്യപുഷ്പം എന്നെ കാണിക്കൂ.."

" I am yours please.."

..................................................................................

വൈക്കം മുഹമ്മദ് ബഷീറിന്റെ 'അനുരാഗത്തിന്റെ ദിനങ്ങളി'ൽ നിന്ന്.
'

Tuesday, December 17, 2013

ആന, കുതിര, മത്തി, വായന.



1. വായനക്കാരൻ = സിയാഫ്, അജിത് കുമാർ, അംജത് ഖാൻ, അക്ബർ അലി. ജോസ്ലെറ്റ്, ജെഫു. എന്നിങ്ങനെയൊരു നിർവചനം വെച്ച് ആരെങ്കിലും കഥയെഴുതുന്നുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും ഞാൻ അങ്ങനെയല്ല എഴുതുന്നത്. ആ തുല്യതാ ചിഹ്നത്തിന്റെ വലതുവശത്തെ പേരുകൾ അനന്തമാണ്, എന്നെ സംബന്ധിച്ച്. അതങ്ങനെ തുടരുന്നിടത്തോളം കാലം, ഇവരൊക്കെ കഥ തെറ്റായി വായിച്ചാലും, ഒന്നും വായിച്ചില്ലെങ്കിലും, ഞാൻ കാത്തിരിക്കേണ്ടതുണ്ടെന്ന് കരുതുന്നു. എന്നു കരുതി ഇവർക്കൊന്നും തങ്ങളുടെ വായന ഇങ്ങനെയാണ്, വായിച്ചൊന്നും മനസ്സിലായില്ല എന്നൊന്നും പറയാൻ പാടില്ല എന്നും കരുതുന്നില്ല. വായനക്കാരന് വായനക്കാരന്റെ സ്വാതന്ത്ര്യം, എഴുത്തുകാരന് എഴുത്തുകാരന്റെ സ്വാതന്ത്ര്യം.

                                                                *********
2. അന്ധൻ ആനയെ കണ്ടതു പോലെ എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട് ആനയെ കാണുന്നവർ എല്ലാം അന്ധന്മാർ ആവുമ്പോഴേ അത്തരം കാഴ്ച്ചകൾ സംവേദനം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നം ഉണ്ടാകുള്ളൂ എന്ന് തോന്നുന്നു. ചിലർ തപ്പി തടഞ്ഞ് പരിശോധിക്കുമ്പോൾ , ആനയുടെ കൊമ്പായിരിക്കാം കൈയ്യിൽ പെടുന്നത്, മറ്റ് ചിലർ തുമ്പിക്കൈ. പിന്നൊരാൾ വാൽ. ' ആന എന്നാലൊരു വാലാണ്' എന്ന് അവരിലൊരാൾ പറഞ്ഞാൽ, 'പാവം അവനതു അറിയാനുള്ള കഴിവേ ഉള്ളൂ ' എന്ന് കരുതി ദു:ഖിക്കുകയല്ലാതെ ആനയെന്ത് ചെയ്യാൻ. എന്നു കരുതി അന്ധന്മാരുടെ നിർവചനം ഇല്ലാതാവുമോ ? ആനയെന്നാൽ, കൊമ്പാണ്, തുമ്പിക്കൈ ആണ്, വാലാണ്, വയറാണ്, കാലാണ്. ആനയെന്നാൽ തങ്ങളുടെ കൈയ്യിൽ തടഞ്ഞതെന്തോ അതാണ് എന്ന് അവരിലോരോരുത്തരും പരസ്പരം ശണ്ഠ കൂടിയാലും ആനയ്ക്കൊന്നും ചെയ്യാനാവില്ല. ഇതൊന്നുമല്ലാതെ, ഇരുട്ടിൽ തപ്പി 'ശൂന്യതയാണ് ആന' എന്ന് മറ്റൊരന്ധൻ പറഞ്ഞാലും ആനയ്ക്കൊന്നും ചെയ്യാനില്ല. താൻ ആനയാണ് എന്ന ബോധ്യം ആനയ്ക്കുണ്ടായിരിക്കണമെന്നു മാത്രം.

                                                            ***********


3. കഥ എന്നാൽ കടങ്കഥയല്ല. ഗൂഡാർത്ഥമുള്ള ഒരു ചോദ്യമെറിഞ്ഞ് വായനക്കാരുടെ മറുപടികൾക്കായി കാത്തിരിക്കുകയും ശരിയുത്തരം നൽകുന്ന വായനക്കാരന് സമ്മാനം നൽകുകയും ചെയ്യുന്ന പണിയല്ല കഥാകാരന്റേത്. ചോദ്യങ്ങളും ഉത്തരങ്ങളും അതിന്റെ മേലേ ചോദ്യങ്ങളുമെല്ലാമടങ്ങിയ ഒരു വാങ്മയപ്രപഞ്ചമാണ് കഥ എന്നു കരുതുന്നു. അതിലെ ചോദ്യങ്ങളെ കുറിച്ചോ ഉത്തരങ്ങളെ കുറിച്ചോ ഉള്ള വായനക്കാരന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ട ആവശ്യം കഥാകൃത്തിനില്ല. നേരെ തിരിച്ച്, അവിടെ എഴുത്തുകാരനിൽ നിന്ന് അത്തരത്തിൽ  ഒരു ഇടപെടലുണ്ടാവുന്നത് വായനക്കാരനോടുള്ള തെറ്റു തന്നെ. .

                                                                     *********

4. കഥയെ പിന്നീടൊന്ന് വിശദീകരിക്കുന്നതിന്റെ പ്രശ്നവും അതു തന്നെ. പിന്നീട് വായനക്കാരെല്ലാം ആ ഒരു വിശദീകരണത്തിനു ചുറ്റും തങ്ങളുടെ വായയയൊതുക്കും. കഥയുടെ പ്രപഞ്ചത്തിൽ നിന്ന് തനിക്കിഷ്ടപ്പെട്ട പൂക്കളേയും തുമ്പികളേയും നക്ഷത്രങ്ങളെയുമെല്ലാം കണ്ടെത്തുന്ന വായനക്കാരുണ്ടാവും. ചിലത് എഴുത്തുകാരൻ ബോധപൂർവം തുന്നി ചേർത്തതായിരിക്കാം, മറ്റ് ചിലത് അബോധത്തിലും. എന്തായാലും 'അതാ, അവിടെയൊരു നക്ഷത്രത്തെ ഞാൻ കാണുന്നു' എന്ന് വായനക്കാരൻ ആത്മാർത്ഥമായി പറയുമ്പോൾ ' ഏയ്..നക്ഷത്രമോ ?ഞാനങ്ങനെ ഒന്നവിടെ കൊളുത്തിയിട്ടിട്ടില്ല, അത് മെഴുതിരി വെട്ടമാണ്, നിന്റെ കണ്ണിന്റെ കുഴപ്പം കൊണ്ടു തോന്നുന്നതാണ്' എന്ന് എഴുത്തുകാരൻ അവനെ തിരുത്തുന്നത് ദൈവം (?) തന്നെ പ്രപഞ്ച രഹസ്യം വെളിപ്പെടുത്തുന്നതു പോലെയാവും. ആനയുടെ കൊമ്പിൽ കൈയെത്തിയ അന്ധൻ, ആനയെന്നാൽ ' ഉരുണ്ട് കൂർത്ത് ദൃഢമായ ഒന്നാണ്' എന്ന് വിവരിക്കുമ്പോൾ, ' 'ഏയ്,അതുമാത്രമല്ല, ഞാനിങ്ങനെയൊക്കെയാണ്' എന്ന് ആന സ്വയം വിവരിച്ച് അവന്റെ കാഴ്ച്ചയെ ഇകഴ്ത്തുന്നതു പോലെയാണ്. അന്ധനു സമയവും താല്പര്യവുമുണ്ടെങ്കിൽ അവൻ ആനയെ പൂർണ്ണമായും തൊട്ടറിയട്ടെ. എന്നിട്ട് ആനയെ വിവരിക്കട്ടെ. കൊമ്പിൽ നിന്ന് അനങ്ങാത്തവൻ അതുമാത്രമാണ് ആന എന്ന് ഉറച്ചു നിൽക്കട്ടെ. അവനെ സംബന്ധിച്ചിടത്തോളം അതാണ് സത്യം എന്ന് ബോധ്യമുള്ള ആനയ്ക്ക്, തന്നെ പൂർണ്ണമായും കണ്ടെത്തുന്ന ഒരാളെ കാത്തിരിക്കുക തന്നെയായിരിക്കും ഏറ്റവും ഉചിതമായി തോന്നുക.

                                                         ************


5.
'മത്തി ചീഞ്ഞതാണ്' എന്ന് പറയുന്നവനു തന്നെ അവൻ പറയുന്ന വിലയ്ക്ക് അത് മറിച്ചു വിൽക്കണോ അതോ താനുദ്ദേശിക്കുന്ന വിലയ്ക്ക് മത്തി വാങ്ങുന്നവൻ വരുന്നതു വരെ കാത്തിരിക്കണോ എന്നുള്ളത്, മത്തിയിൽമേൽ മത്തിക്കച്ചവടക്കാരനുള്ള ബോധ്യം പോലിരിക്കും. വാങ്ങുന്നവന്റെ അഭിപ്രായത്തിനും വിലയിടലിനുമനുസരിച്ചാണ് അവൻ മത്തി വിൽക്കുന്നതെങ്കിൽ രണ്ട് ദിവസം കൊണ്ട് അവന്റെ കച്ചോടം പൊളിയും. ഇനിയിപ്പോൾ തനിക്കു മുതലാവുന്ന വിലയ്ക്ക് ആരും മത്തി വാങ്ങിയില്ലെങ്കിൽ അവനു മത്തി ഉപ്പിട്ടുണക്കിയും വിൽക്കാമല്ലോ..

                                                          ************


6. ഒരു കുതിര താനൊരു ആനയാണെന്ന് അവകാശപ്പെട്ടു കൊണ്ട് മുന്നോട്ടു വരുന്നു എന്ന് കരുതുക ( കഥ എന്ന് ലേബൽ ചെയ്യുന്നുണ്ടല്ലോ എഴുത്തുകാരൻ). ഇത് രണ്ട് രീതിയിൽ സംഭവിക്കാം : 1. ആനയെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഒരു കുതിരയാവാം അത്. 2. ആനയെ
കുറിച്ച് ധാരണയുണ്ടായിട്ടും, ആനയെ കുറിച്ച് കേട്ടറിവ് മാത്രമുള്ള അന്ധന്മാരെ പറ്റിക്കാം എന്ന ധാരണയോടെ എത്തുന്ന കുതിരയാവാം അത്.

രണ്ടായാലും, കുതിര, ആനയാണെന്ന് അവകാശപ്പെട്ട് അന്ധന്മാർക്ക് മുന്നിലെത്തുന്നു. അന്ധന്മാരിൽ തന്നെ രണ്ടു വിഭാഗക്കാർ ഉണ്ടാവാം : മുൻപ് ആനയെ അറിഞ്ഞവരും ( ഇവർ തന്നെ പിന്നെയും രണ്ട് വിഭാഗമുണ്ടാവും : ഒന്ന്, ഒരാനയെ കുതിരയിൽ നിന്ന് വേർതിരിച്ചറിയാൻ ആവും വിധത്തിൽ ആനയെ അറിഞ്ഞിട്ടുള്ളവരും കുട്ടിയാനകളെയും കൊമ്പനേയും പിടിയേയും മോഴയേയും എല്ലാം പരിശോധിച്ചറിഞ്ഞ്,, അതിനു എവിടെയെങ്കിലും പരിക്കോ ഉടവോ ചതവോ ഉണ്ടെന്നതടക്കം കൃത്യമായി ഒരാനയെ അളക്കാൻ കഴിയുന്നവരും ഇതിൽ അത്ര കണ്ട് നിപുണതയില്ലാത്തവരും എല്ലാം ഉൾപ്പെടുന്ന സംഘം. രണ്ട് ' ആനയുടെ കൊമ്പിൽ തൊട്ട് അതാണ് ആന എന്ന് ധരിച്ചു വശായവരും. പക്ഷേ ഇവർക്കും ആനയെ ഭാഗികമായി അറിയാം. ) മുൻപ് ആനയെ അറിഞ്ഞിട്ടില്ലാത്തവരും.

ആദ്യത്തെ വിഭാഗം അന്ധന്മാർക്കു മുമ്പിൽ കുതിരയുടെ അവകാശവാദം വിലപ്പോവില്ല. കുതിര സ്വയം തിരുത്തുകയോ അല്ലെങ്കിൽ ഇവരിൽ നിന്ന് അകന്നു നിൽക്കുകയോ വേണ്ടി വരും.

രണ്ടാമത്തെ വിഭാഗം അന്ധന്മാർ , കുതിരയുടെ വാലും തലയും ഉടലും എല്ലാം തൊട്ടറിഞ്ഞ് അതാണ് ആന എന്നൊരു നിർവചനം ഓർമ്മയിൽ വെക്കും. ആ സമയത്ത്, ആനയാണെന്നവകാശപ്പെടുന്ന കുതിരയ്ക്ക് അവരുടെ ഇടയിൽ സ്വീകരണം ലഭിക്കുകയും ചെയ്യും. പക്ഷേ, ഇതേ അന്ധന്മാർ, യഥാർത്ഥ ആനകളെ അറിയുന്നതു വരെയേ ഈ 'കുതിരയാന'ക്ക് അവരുടെ ഇടയിൽ നിലനില്പുണ്ടാവുള്ളൂ. ആ തിരിച്ചറിവ് ഉണ്ടാവുമ്പോൾ അവർ താൻ ആനയാണ് എന്ന കുതിരയുടെ വാദം തള്ളി കളഞ്ഞ് ആനയെ ആനയായും കുതിരയെ കുതിരയായും മനസ്സിലാക്കും. അപ്പോഴും കുതിരയ്ക്ക് സ്വയം തിരുത്തുകയോ അവരിൽ നിന്ന് മാറി പോവുകയോ വേണ്ടി വരും.

ഈ വിഭാഗം കുതിരകൾക്ക് ചുറ്റും മാത്രമാണ് സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നതെങ്കിൽ, അവരുടെ ആന, കുതിര തന്നെയായിരിക്കും. കുതിരയുടെ ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ.


ഒരു കാര്യം വ്യക്തം - അന്ധൻ ആണ് ഇവിടെ ആനകളെ കുറിച്ചുള്ള അന്വേഷണം നടത്തേണ്ടതും തന്റെ നിർവചനങ്ങൾ പുതുക്കി കൊണ്ടിരിക്കേണ്ടതും. അല്ലെങ്കിൽ, അവന്റെ ആനസങ്കല്പം തെറ്റോ ഭാഗികമായി ശരിയോ ഒക്കെയാവും. കൂടുതൽ കൂടുതൽ അന്വേഷണം നടത്തുന്തോറുമേ അവനു കൂടുതൽ കൂടുതൽ ആനയെ അറിയാൻ കഴിയുകയുള്ളൂ.

                                                           *********

7. മറ്റുള്ളവരുടെ വായനയിലൂടെ സഞ്ചരിക്കുന്നതടക്കം മനസ്സിലാക്കാൻ പരമാവധി ശ്രമിച്ചിട്ടും എനിക്ക് മനസ്സിലാവാത്ത കഥകളെ ഞാൻ അങ്ങനെ തന്നെ പറയാറുണ്ട്. പക്ഷേ അത് എഴുത്തിന്റെ പരിമിതി എന്നതിനെക്കാൾ എന്റെ വായനയുടെ പരിമിതിയായി രേഖപ്പെടുത്താനാണ് എനിക്കിഷ്ടം.

ഈ 'പരമ
ാവധി ശ്രമിക്കലിനെ' , കഥാകാരനോടുള്ള അടുപ്പവും ആദരവും, എന്റെ തന്നെ മസ്തിഷക്കത്തോടുള്ള വെല്ലുവിളിയും എല്ലാം സ്വാധീനിക്കുന്നുണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്.

മേതിലിന്റെ പല കഥകളും എനിക്ക് മനസ്സിലായിട്ടില്ല. അതു പോലെ, ശ്രീ.  സിയാഫ് അബ്ദുൾ ഖാദിറിന്റെ , ' അണയാത്ത തിരിനാളവും' ' ഒരു മനോരോഗിയുടെ ആൽബവും' എല്ലാം എനിക്ക് അത്ര വ്യക്തമായ വായനയൊന്നും തന്നില്ല. പക്ഷെ ശ്രീ വി ജെ ജെയിംസ്, 'അണയാത്ത തിരിനാളത്തിലെ' ഒരൊറ്റ വാചകം ഉദ്ധരിച്ച് താനെങ്ങനെ ആ കഥയെ വായിച്ചു എന്ന് അഭിപ്രായപ്പെട്ടപ്പോൾ എന്റെ കണ്മുന്നിൽ മറ്റൊരു വായനാലോകം തെളിഞ്ഞു.  ബിനു                 ( ചന്ദ്രകാന്തൻ ) മേതിലിന്റെ കഥകൾ വായിച്ചെടുക്കുന്നു എന്ന് കേൾക്കുമ്പോൾ അതിനു മുമ്പിൽ അത്ഭുതാദരങ്ങളോടെ നിൽക്കാനേ എനിക്കു കഴിയൂ. ബിനു തന്റെ വായന പങ്കു വെച്ചാൽ, അതെനിക്കുമൊരു വായനാലോകം തുറന്നു തരും എന്നൊരു വീക്ഷണത്തോടെ അതിനെ കാണാനാണെനിക്കിഷ്ടം. അവിടെ ബിനുവും വി ജെ ജെയിംസും ഒക്കെ ചേർന്ന ഒരു വായനാമാഫിയ ഉണ്ട് എന്ന് ആരോപിക്കുന്നത് മണ്ടത്തരമല്ലേ ?

അങ്ങനെ വായിക്കാൻ കഴിയുന്നവർ അത്തരം ഒരു കഥയെ പിന്തുണയ്ക്കുമ്പോൾ അവിടെ ഒരു സാന്ദർഭികമായ ഒത്തു ചേരലുണ്ടാവാം. അത് സ്വാഭാവികമാണ്.

അങ്ങനെ വായിക്കാൻ കഴിയാത്തവർ കഥയെ വിമർശിക്കുമ്പോഴും സാന്ദർഭികമായ ഒത്തു ചേരലുണ്ടാവാം. അതും സ്വാഭാവികം തന്നെ. പക്ഷേ, തനിക്കെന്തു കൊണ്ട് വായിക്കാൻ കഴിഞ്ഞില്ല, താല്പര്യമില്ലാതായി എന്നൊക്കെ പറയുമ്പോഴും, അത് തന്റെ വായനയുടെ കുഴപ്പം കൊണ്ടു കൂടിയാകാം എന്ന ബോധ്യമുള്ള വായനക്കാരന്റെ അഭിപ്രായം വസ്തുനിഷ്ഠവും സൗമ്യവുമായിരിക്കും ; എനിക്കു വായിക്കാവുന്ന രീതിയിലേ എഴുതാവൂ എന്ന ധാർഷ്ട്യമായിരിക്കില്ല.

കടപ്പാട് : ശ്രീ. സിയാഫ് അബ്ദുൾ ഖാദിർ,
ശ്രീ. അക്ബർ അലി,  ശ്രീ. ജോസെലെറ്റ് ജോസഫ്

Sunday, October 06, 2013

മതം, സമൂഹം

മതവും രാഷ്ട്രീയവും ചർച്ച ചെയ്യുന്നതിന് ഓൺലൈൻ ലോകത്ത് വിലക്കില്ല. നമ്മുടെ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം പോലെ തന്നെ. പക്ഷെ പിന്നൊരാൾ വികാരം വ്രണപ്പെട്ടു എന്ന് പരാതിയും കൊണ്ട് വന്നാൽ അതും പ്രശ്നമായി. അത്തരം കലാപങ്ങളും നമ്മുടെ രാജ്യത്തുണ്ടല്ലൊ. പറയാനുള്ളത് പലതും മനസ്സിലൊതുക്കി പലരും മിണ്ടാതിരിക്കുന്നത് താനായിട്ട് അങ്ങനെയൊരു കലാപം സൃഷ്ടിക്കണ്ട എന്നു കരുതിയാവണം. ആരെങ്കിലും ചിലത് പറഞ്ഞാലും ഇടപെടലുണ്ടാകുന്നതും അത്തരം പേടി കൊണ്ടാവാം. ഒരു കലാപം മണക്കുന്ന അന്തരീക്ഷത്തിൽ പ്രത്യേകിച്ചും.

പക്ഷെ ഇതിനെ എങ്ങനെ നേരിടണം എന്നത് കുഴക്കുന്ന ഒരു പ്രശ്നമാണ്. ഒരു സമൂഹത്തിലെ അനാചാരങ്ങൾ, ആ സമൂഹത്തിനു തന്നെ ബോധ്യപ്പെട്ട് തിരുത്തുന്നതാണ് ഏറ്റവും ഉചിതം.പക്ഷെ പ്രത്യക്ഷമോ പരോക്ഷമോ ( പരോക്ഷം എന്നു പറയുമ്പോൾ, വിദ്യാഭ്യാസം നൽകലോ ആരോഗ്യസംവിധാനങ്ങൾ ഒരുക്കി കൊടുക്കുകയോ ഒക്കെയാവാം )ആയ ഒരിടപെടലില്ലാതെ, തങ്ങളുടെ തെറ്റുകൾ,പോരായ്മകൾ, അനാചാരങ്ങൾ ഒക്കെ ഒരു സമൂഹത്തിനു ബോധ്യപ്പെടാനുള്ള സാധ്യത കുറവാണ്. ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്.


ഈ സഹിഷ്ണുത നമുക്ക് നഷ്ടപ്പെടുന്നു എന്നുള്ളതാണ് കേരളം സമീപകാലത്ത് നേരിടുന്ന ദുരന്തങ്ങളിലൊന്ന് . ചൂണ്ടി കാണിക്കുന്ന വസ്തുതയ്ക്ക് പകരം, ചൂണ്ടി കാണിക്കുന്ന വ്യക്തിയെ നോക്കി തീരുമാനമെടുക്കുന്ന കാലം. 'നിന്റെ മുണ്ടഴിഞ്ഞു പോയി' എന്ന് അപരൻ ചൂണ്ടി കാട്ടുമ്പോൾ, സ്വയമൊന്ന് കീഴോട്ട് നോക്കുന്നതിനു പകരം, അപരന്റെ ഐഡന്റിറ്റി കാർഡ് അന്വേഷിക്കുന്ന കാലം. അവൻ മുണ്ട് മുറുക്കിയാണോ ഉടുത്തിരിക്കുന്നത് എന്ന അന്വേഷണം ആവശ്യപ്പെടുന്ന കാലം. ( നുണ പറയുന്നവർ സമൂഹത്തിൽ പെരുകിയാൽ, അത്തരമൊരന്വേഷിക്കൽ വേണ്ടി വന്നേക്കാം. എങ്കിലും അതിലുമെത്രയോ എളുപ്പമാണ് സ്വയമൊന്നു കീഴോട്ട് നോക്കി അതിനു മറുപടി പറയുന്നത് . മുണ്ടഴിഞ്ഞ് നിൽക്കുക നാണക്കേടാണ് എന്ന് ബോധ്യമുള്ള ഒരാൾ, ആദ്യം തന്നെ പരിശോധിക്കേണ്ടത് തന്നെ തന്നെയാണല്ലൊ. )

ആദ്യ പരാമർശത്തിലേക്ക് വരാം. അപരന്റെ കോട്ടങ്ങൾ ചൂണ്ടികാട്ടിയാൽ പ്രശ്നമാകും, അക്രമമുണ്ടാക്കും എന്ന് കരുതുന്ന ഒരു സമൂഹത്തിൽ, പോരായ്മകൾ പരസ്പരം ചൂണ്ടി കാട്ടാനുള്ള സാധ്യത വളരെ കുറയും. ഫലത്തിൽ രണ്ടു കൂട്ടരുടെയും മുണ്ടഴിഞ്ഞു പോയത് പരസ്പരം കാണുമ്പോഴും, അത് ചൂണ്ടികാട്ടിയാൽ കലാപമാകും എന്ന അവസ്ഥ നില നിൽക്കുമ്പോൾ, ഇരു കൂട്ടരും മുണ്ടുടുക്കാതെ നടക്കുകയും അവസാനം മുണ്ടില്ലായ്മ സാധാരണമാവുകയും ചെയ്യും. മുണ്ടുടുക്കാതിരിക്കുന്നത് തെറ്റാണ് എന്ന ബോധ്യത്തിൽ നിന്ന്, മുണ്ടുടുക്കാതിരിക്കുന്നത് ശരിയാണ് എന്ന അപകടകരമായ വിശ്വാസത്തിലേക്ക് സമൂഹം താഴും.

അതുകൊണ്ടു തന്നെ, വളർച്ച ആഗ്രഹിക്കുന്ന ഒരു സമൂഹത്തിൽ നിരന്തരം നടന്നു കൊണ്ടിരിക്കേണ്ട ഒന്നാണ് ചോദ്യം ചെയ്യൽ. അതിനോട് സന്ധി ചെയ്യുക എന്നത്, താൽക്കാലികമായി ഒരു പരിഹാരമായി തോന്നുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് വളർച്ച മുരടിപ്പിക്കുവാനെ ഉതകൂ. പണ്ടെന്നോ ശരീരത്തിൽ തറഞ്ഞ് ഉറഞ്ഞു പോയ മുള്ളൂകൾ പിഴുതെടുക്കുമ്പോൾ അല്പമെങ്കിലും വേദന അനുഭവിച്ചേ പറ്റൂ; അത് സ്വയം പിഴുതെടുക്കുമ്പോഴായാലും മറ്റുള്ളവർ പിഴുതെടുക്കുമ്പോഴായാലും. പക്ഷേ അത് മുള്ള് ആയിരുന്നെന്ന് ബോധ്യപ്പെട്ടാൽ ആ വേദന നിസ്സാരമായിരിക്കും.