Saturday, December 20, 2014

വീണ്ടും ചുംബാൻസികൾ




ചുംബാൻസികൾ എന്ന പേര് കുറെ ചിരിപ്പിച്ചു. അതുകൊണ്ടാണിങ്ങനെയൊരു തലക്കെട്ട്. അല്ലാതെ സദാചാര ഗോറില്ലയായതുകൊണ്ടല്ല.

1.ഒരു സമരം/കലാപം രൂപപ്പെടുന്നതും മുന്നേറുന്നതും മിക്കപ്പോഴും അക്കമിട്ടെഴുതിയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടല്ല എന്ന് ഒരുവിധം ചരിത്രബോധമുള്ളവർക്കെല്ലാവർക്കുമറിയാം.  സമരം തുടങ്ങുന്ന ആളോ ആളുകളോ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളായിരിക്കണമെന്നില്ല  ജനപങ്കാളിത്തം ഏറുന്തോറും സമരസംഘങ്ങളിൽ നിന്നുയരുക. 1857 ലെ ശിപായി ലഹള തൊട്ട്, മുല്ലപ്പൂ വിപ്ലവം വരെ എത്രയോ ഉദാഹരണങ്ങൾ. ജനക്കൂട്ടത്തിന്റെ വൈകാരികനിയന്ത്രണമേറ്റെടുക്കാൻ പാടവമുള്ളവർക്ക്, പുതിയ ലക്ഷ്യങ്ങൾ മുന്നോട്ടു വെച്ചുകൊണ്ട് സമരത്തിന്റെ ഗതി മാറ്റാൻ വരെ കഴിയാറുണ്ട്.

2.മാർഗ്ഗവും ലക്ഷ്യബോധവും പലതായിരിക്കേ, ഒരൊറ്റ മുദ്രാവ്യാക്യത്തിനു കീഴിൽ അണിനിരക്കുന്ന ഒരു സമരജനത പുലർത്തുന്ന  ചില സവിശേഷതകളും ദൗർബല്യങ്ങളുമുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമരം തന്നെ നോക്കൂ.  ‘സ്വാതന്ത്ര്യം വേണം, ബ്രിട്ടീഷുകാർ ഇന്ത്യ വിടണം’ എന്ന  ഒരൊറ്റ മുദ്രാവാക്യത്തിനു കീഴിൽ അണിനിരക്കുമ്പോഴും  സായുധവിപ്ലവത്തിലൂടെയും അഹിംസാസമരങ്ങളിലൂടെയും  അതിനു ശ്രമിച്ച, അഖണ്ഡഭാരതവും, ഹിന്ദുരാജ്യവും, ജനാധിപത്യ രാജ്യവും കമ്മ്യൂണിസ്റ്റ് രാജ്യവും എല്ലാം ലക്ഷ്യങ്ങളായി പ്രഖ്യാപിച്ച, പരസ്പരം അംഗീകരിക്കാൻ പോലും തയ്യാറാവാതിരുന്ന പല പല സംഘങ്ങൾ ചേർന്ന ഒരു കൂട്ടായ്മയാണല്ലോ അത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട ശേഷവും, ഇതല്ല ഞങ്ങൾ പറഞ്ഞ സ്വാതന്ത്ര്യം, ഇതല്ല ഞങ്ങൾ പറഞ്ഞ ഭാരതം എന്നു ചിന്തിക്കുന്നവർ പോലും ഇന്നും നമുക്കിടയിലുണ്ട്.

3.കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടലിൽ, യുവതീയുവാക്കൾ പരസ്യമായി ചുംബനത്തിലേർപ്പെടുന്നു എന്ന വാർത്ത ജയ്ഹിന്ദ് ചാനൽ പ്രക്ഷേപണം ചെയ്യുകയും സംഘപരിവാർ സംഘടനകൾ ആ  ഹോട്ടൽ അടിച്ചു  തകർക്കുകയും   ചെയ്യുന്നതോടെയാണ്,  ‘വ്യക്തിസ്വാതന്ത്ര്യത്തിനും സാമൂഹ്യജീവിതത്തിനും മേലെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കുക’ എന്നൊരു മുദ്രാവാക്യം    അക്രമത്തെ അപലപിച്ച ഓരോരുത്തരിലും രൂപപ്പെടുന്നത്. അങ്ങനെയൊരു മുദ്രാവാക്യത്തിനു കീഴിൽ ഒരുമിക്കുമ്പോൾ പോലും, എങ്ങനെയായിരിക്കണം വ്യക്തിസ്വാതന്ത്ര്യം, എങ്ങനെയായിരിക്കണം സാമൂഹ്യജീവിതം എങ്ങനെയായിരിക്കണം  ഫാസിസത്തോടുള്ള ചെറുത്തു നില്പ് എന്നീ കാര്യങ്ങളിൽ ആശയപരമായ ഒരുമ രൂപപ്പെട്ടിരുന്നില്ല.
(രൂപപ്പെടേണ്ട ആവശ്യമുണ്ടെന്നും കരുതുന്നില്ല. അതല്ലല്ലോ ജനാധിപത്യം ). ചിലർ പത്രപ്രസ്താവനകളിലൂടെ പ്രതികരിച്ചു. പിന്നെ ചിലർ സോഷ്യൽ സൈറ്റുകൾ ഉപയോഗപ്പെടുത്തി. കോഴിക്കോട്ടുകാരാകട്ടെ, പിറ്റേന്നു മുതൽ തന്നെ കുടുംബസമേതവും സുഹൃദ്സമേതവും ഡൗൺ ടൗൺ ഹോട്ടലിൽ  കയറി ഭക്ഷണം കഴിച്ച് എതിർപ്പ് ബോധ്യപ്പെടുത്തി. 

4.ചുംബിക്കുന്നവരെ ആക്രമിക്കുന്നു – അതുകൊണ്ട് ആലിംഗനങ്ങൾ കൊണ്ടും ചുംബനം കൊണ്ടും  അക്രമത്തെ എതിർക്കാം’ എന്ന വളരെ ലളിതമായ ആശയമാണ്  ചുംബനസമരത്തെ രൂപപ്പെടുത്തിയത് എന്നാണു മനസ്സിലാക്കുന്നത്. ആ ആശയലാളിത്യമാണ് സമരത്തിന്റെ ആകർഷണീയതയും. ഫാസിസത്തെ എതിർക്കുന്ന ആർക്കും – നക്സലൈറ്റുകൾക്കു തൊട്ട് അരാഷ്ട്രീയവാദികൾക്കു വരെ വിശ്വാസികൾ  തൊട്ട് അവിശ്വാസികൾക്കു വരെ അവിടെ ഇടമുണ്ടായിരുന്നു.  സ്വാഭാവികമായും, ചുംബനസമരത്തെ എതിർത്തവരും  അനുകുലിച്ചവരും ചുംബനത്തെ  വ്യാഖാനിച്ചത് താന്താങ്ങളുടെ ഇഷ്ടപ്രകാരമാണ്. ചിലർക്ക് അത് സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു,  ചിലർക്ക് വാത്സല്യവും സ്നേഹവും,  ചിലർക്ക് പ്രണയം, പിന്നെയും ചിലർക്ക് ഇതെല്ലാം. അതാതിനനുസരിച്ച്, എവിടെയൊക്കെ, എങ്ങനെയൊക്കെ  ചുംബിക്കാം/ചുംബിക്കാതിരിക്കാം എന്നുള്ള ധാരണകൾ പോലും അതാതുവിഭാഗക്കാർക്ക് ഉണ്ടായിരുന്നിരിക്കാനുമിടയുണ്ട്. സ്വന്തം സ്കെയിൽ വെച്ച് മറ്റുള്ളവരുടെ അവകാശങ്ങളെ  അളക്കുന്നവർക്ക്,  ആ വ്യാഖ്യാനങ്ങൾ പലതും അതിർത്തി ലംഘിക്കുന്നതായി അനുഭവപ്പെടുന്നത് അസ്വാഭാവികമല്ല.  അത്തരക്കാർ, ജനാധിപത്യമാർഗ്ഗങ്ങളിലൂടെ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുന്നതും തെറ്റല്ല. പക്ഷേ നിയമപാലനസംവിധാനങ്ങളും നീതിപീഠങ്ങളും അവയിലേതെങ്കിലും വ്യാഖ്യാനങ്ങളെ  മുറുകെ പിടിക്കുന്നതും ഇതര വ്യാഖ്യാനങ്ങളെ പിന്തുണയ്ക്കുന്നവരെ  നിയമലംഘകരായി കണക്കാക്കുന്നതും അപകടകരമായ തെറ്റാണ്. അവർ നോക്കേണ്ടത്, പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ, സ്വത്തിനും ജീവനും അപകടമുണ്ടാക്കുന്ന  നീക്കങ്ങൾ ഉണ്ടാവുന്നുണ്ടോ, നിയമലംഘനം ഉണ്ടാവുന്നുണ്ടോ എന്നെല്ലാമാണ്. അതുമാത്രമാണ്. ഒറ്റനോട്ടത്തിൽ,  ചുബനസമരത്തിൽ പങ്കെടുക്കാനെത്തിയവരേയും എതിർക്കുന്നവരേയും ഒരുപോലെ  കൈകാര്യം ചെയ്തു എന്ന് തോന്നാമെങ്കിലും, അത്തരമൊരു നീക്കത്തിലൂടെ, സമരത്തെ അനുകൂലിക്കുന്നവരുടെ മൗലികാവകാശങ്ങൾ, നിയമം ലംഘിച്ച് എതിർക്കുന്നവർക്കൊപ്പം നിന്ന് ലംഘിക്കുകയായിരുന്നു പോലീസ് ചെയ്തത് എന്ന് കാണാൻ കഴിയും. സദാചാരലംഘനം, സാംസ്ക്കാരികാധപതനം, ഭാര്യയും ഭർത്താവും മുറിയിൽ ചെയ്യുന്നത് പരസ്യമാക്കുന്നു എന്നെല്ലാം വിമർശിക്കുമ്പോഴും, പരസ്യചുംബനം നിയമവിരുദ്ധമാവുന്നതെങ്ങനെ എന്ന് ഇതിനെ എതിർക്കുന്നവർക്കാർക്കെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല. വസ്ത്രധാരണനിയന്ത്രണങ്ങളും ലിംഗഅസമത്വവും ജാതി,മത അസമത്വങ്ങളും ഒക്കെയുൾപ്പെടെ മതങ്ങളും ജാതികളുമെല്ലാം ചേർന്ന് രൂപപ്പെടുത്തിയ ‘അലിഖിത സദാചാര’നിയമങ്ങളെ  ചോദ്യം ചെയ്യാൻ ഭരണഘടനയേയും  നിയമവ്യവസ്ഥയെയും കൂട്ടുപിടിക്കാൻ ഇവരാരും മടിക്കാറുമില്ല.

5.ഇങ്ങനെയെല്ലാം ചെയ്യാൻ നിങ്ങളുടെ സഹോദരിയെ/ഭാര്യയെ/അമ്മയെ അനുവദിക്കുമോ എന്നുള്ള ചോദ്യമാണ് എതിർപ്പുകാർ ഉയർത്തിയ പ്രധാന ചോദ്യങ്ങളിലൊന്ന്.( തിരുവനന്തപുരത്തെ ചുംബനഗാഢത കണ്ട ചുംബനാനുകൂലികൾ പലരും ‘ഹോ..ഇത്രയ്ക്കൊന്നും വേണ്ടിയിരുന്നില്ല’ എന്ന് ഉള്ളിൽ പറഞ്ഞിട്ടുമുണ്ടാവും.  മുൻപ് പറഞ്ഞതു പോലെ, അവരുടെ വ്യാഖ്യാനപ്രകാരമുള്ള ചുംബനം അതായിരുന്നിരിക്കില്ല.) ഈ ചോദ്യങ്ങളുയർത്തുന്നവർ,  ചുംബനസമരത്തിൽ പങ്കെടുത്ത സ്ത്രീകൾ സഹോദരനോ ഭർത്താവോ മകനോ ഒന്നുമില്ലാത്തവരാണ് എന്ന ധാരണ വച്ചു പുലർത്തുന്നവരായിരിക്കില്ലല്ലോ. ഇവരൊക്കെയുണ്ടായിട്ടും അവർ എന്തുകൊണ്ട് സമരത്തിൽ പങ്കെടുത്തു എന്ന ചോദ്യത്തിനു മറുപടി അന്വേഷിക്കുമ്പോൾ, ആദ്യ ചോദ്യത്തിനും മറുപടി കിട്ടും. ഈ സമരത്തിനായി ആകാശത്തു നിന്ന് പ്രത്യക്ഷപ്പെട്ടവരല്ലോ അവർ. ഇത്തരം സമരങ്ങളിൽ പങ്കെടുത്തുകൊണ്ടോ അതിനു മുമ്പേ തന്നെ സമാന ആശയങ്ങൾ പങ്കു വെച്ചുകൊണ്ടോ ഇതാണ് തങ്ങളുടെ വ്യക്തിത്വം, വ്യക്തിസ്വാതന്ത്ര്യം എന്ന് കുടുംബാംഗങ്ങളേയും സമൂഹത്തേയും ബോധ്യപ്പെടുത്താൻ/ഓർമ്മപ്പെടുത്താനാണല്ലോ സമരത്തിൽ പങ്കെടുക്കുന്നത്. അതുമായി സമരസപ്പെടാനുള്ള സന്നദ്ധതയ്ക്കനുസരിച്ചാണ്   ഒരാൾ സമരപങ്കാളിയോ സമരത്തെ എതിർക്കാത്തയാളോ ഒക്കെയായി മാറുന്നത്. ( അതുകൊണ്ടാണ് സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കും സഹോദരനും അച്ഛനും ഭർത്താവുമൊക്കെയുണ്ടാവുന്നത് ) ഇതാകട്ടെ, പെട്ടന്നൊരു ദിവസം സംഭവിക്കുന്നതുമല്ല. എങ്കിൽ തന്നെയും, താൻ അനുകൂലിക്കുന്ന, തന്റെ വ്യാഖാനത്തിനനുസരിച്ചുള്ള, ഒരു സമരരീതിയിൽ മറ്റൊരു കുടുംബാംഗം പങ്കാളിയാവുന്നത് എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് പറയാതെയും വയ്യ. താൻ അനുകൂലിച്ചില്ലെങ്കിൽ പോലും, തന്റെ കുടുംബത്തിലെ മറ്റൊരാൾക്ക്   വ്യത്യസ്തമായ ചിന്തയും സമരരീതികളും സ്വീകരിക്കാമെന്ന് തിരിച്ചറിയുന്നത് കൂടുതൽ കൂടുതൽ ജനാധിപത്യബോധം ഉൾക്കൊള്ളുന്നതിനനുസരിച്ചായിരിക്കും. പുരുഷാധിപത്യകുടുംബവ്യവസ്ഥ നിലനിൽക്കുന്ന ഒരിടത്ത്, അത് പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ലെങ്കിലും, യാഥാർത്ഥ്യമാവുന്ന കാലം വരിക തന്നെ ചെയ്യും. വ്യക്തിപരമായി പറഞ്ഞാൽ, ചുംബനസമരത്തിൽ പങ്കെടുത്തുകൊണ്ട്  എതിർലിംഗത്തിൽ പെട്ട ഒരാളെ ചുബിക്കാൻ എന്റെ ലജ്ജ അനുവദിക്കാനിടയില്ല എന്നത് തുറന്നു സമ്മതിക്കാൻ മടിയില്ല.  സാമൂഹ്യവിരുദ്ധമല്ലാതിരുന്നിട്ടും ചുംബനം  സാമൂഹ്യവിരുദ്ധമായി പരിഗണിക്കുന്ന ഒരു സമൂഹത്തിൽ  വളർന്നതുകൊണ്ടാണ് എനിക്കത് കഴിയാതിരിക്കുന്നതെന്ന് തിരിച്ചറിയുന്നതുകൊണ്ടും അതില്ലാതാവണമെങ്കിൽ അത് സാർവത്രികമാവണമെന്നും ബോധ്യമുള്ളതുകൊണ്ടാണ് ഞാൻ സമരത്തെ പിന്തുണയ്ക്കുന്നത്. ഒരു സ്ത്രീ സ്പർശിച്ചാൽ ലൈംഗീകചിന്തയുണ്ടാവുന്ന മാനസികാ(ദുര)വസ്ഥയിൽ  നിന്ന് കര കയറണമെങ്കിൽ, സ്ത്രീകൾ സ്പർശിക്കുന്നത് നിരോധിക്കുന്നതിനേക്കാൾ നല്ലത്, ലൈംഗീകതാല്പര്യമില്ലാതെ തന്നെ സ്ത്രീകൾ സ്പർശിക്കാം എന്നത്  സ്വയം ബോധ്യപ്പെടുത്തുകയും, ആ ബോധ്യപ്പെടുത്തൽ  നിരന്തരമാവുന്ന വിധത്തിൽ സ്പർശം  സാർവത്രികമാവുകയുമാണ്  എന്ന് ഞാൻ കരുതുന്നു, ആഗ്രഹിക്കുന്നു.

6.വ്യഖ്യാനങ്ങളുടെ വൈവിധ്യം നിലനിൽക്കുന്നതുകൊണ്ടു തന്നെ രാഹുൽ പശുപാലനെയോ രശ്മിയേയോ അരുന്ധതിയേയോ  ഒറ്റയൊറ്റയായി പരിഗണിച്ച് സമരത്തെ നിർവചിക്കാൻ നടത്തുന്ന ശ്രമങ്ങളും യുക്തിസഹമല്ല. ലാലാ ലജ്പത് റായിയേയോ ബാലഗംഗാധരതിലകനേയോ സവർക്കറെയോ ഒക്കെ വച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നിർവചിക്കുന്നതു പോലെയായിരിക്കും അത്. രാഹുൽ പശുപാലൻ പബ്ളിസിറ്റിക്കു വേണ്ടിയും രശ്മി തന്റെ പ്രൊഫഷണൽ വളർച്ചയ്ക്കുവേണ്ടിയുമാണ് സമരം സംഘടിപ്പിച്ചത് എന്ന വാദവും അപ്രസക്തമാവുന്നതും  അതുകൊണ്ടാണ്. ആണെങ്കിലും അല്ലെങ്കിലും,  ചുംബനസമരത്തിന്റെ പ്രസക്തി അതിനേക്കാളേറെ മടങ്ങ് വളർന്നു കഴിഞ്ഞിരിക്കുന്നു. ( ഈ വാദവും എത്രമാത്രം ശരിയാണ് എന്ന് സംശയമുണ്ട്. ഞാൻ മനസ്സിലാക്കിയേടത്തോളം, ഫേസ് ബുക്കിലെ ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലായിരുന്നു  രാഹുൽ പശുപാലൻ ഉൾപ്പെടെയുള്ള സംഘാടകർ ഇതേ കുറിച്ചുള്ള പ്രാരംഭചർച്ചകൾ ആരംഭിച്ചത്. അവിടെ രാഹുൽ അതിനു മുമ്പും സജീവമായിരുന്നു എന്നാണോർമ്മ. പബ്ലിസിറ്റിയാണ് രാഹുലിന്റെ  ഉള്ളിലിരുപ്പെങ്കിൽ, അതേക്കാൾ വളരെയധികം അംഗങ്ങളുള്ള  റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ്  ആവണമായിരുന്നല്ലോ രാഹൽ തിരഞ്ഞെടുക്കാൻ. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് സമരത്തിനു ശേഷം ഉണ്ടായതുമാണ്. ഒരു സാധാരണക്കാരൻ പോലും കൂടുതൽ കൂടുതൽ ‘സെൽഫികൾ’ പോസ്റ്റ് ചെയ്യുന്ന ഇക്കാലത്ത് മോഡലിങ്ങ് രംഗത്തുള്ള രശ്മി തന്റെ ചിത്രങ്ങൾ കൂടുതൽ പ്രസിദ്ധീകരിക്കുന്നതിൽ എന്താണ് തെറ്റ് ? ചുംബനസമരത്തെ എതിർക്കുന്നവരും വേണ്ടുവോളമുള്ള ഈ നാട്ടിൽ, നവമാധ്യമങ്ങളിൽ അതാണ് കൂടുതൽ പ്രശസ്തി നൽകുന്നതെന്ന് എങ്ങനെ പറയാൻ കഴിയും ? )

7.പിന്നൊരു വാദം ‘ഞാനാണ് ശരി’  എന്ന്  ആരംഭം മുതൽ മാറ്റമില്ലാതെ നിൽക്കുന്നു എന്നതാണ്. ശരിയാണ്. തന്റെ ശരി, ഏതൊരാളും നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കേണ്ടതു തന്നെ. പക്ഷേ ഈ വാദം ചുംബനസമരത്തെ എതിർക്കുന്നവർക്കും ബാധകമല്ലേ ?  ‘ഞാനാണ് ശരി’ എന്നുള്ള തീർപ്പ് അവർ  നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കുന്നുണ്ടോ ?

8.പിന്നൊന്ന്, നാട്ടിലെ മറ്റു പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ കേവലം ചുംബനസ്വാതന്ത്ര്യത്തിനായി ഇറങ്ങിയത് മോശമല്ലേ എന്ന വാദമാണ്.  ഏത് സമരത്തിനിറങ്ങുന്ന എത് സംഘത്തിനും, നാട്ടിലെ മറ്റേത് പ്രശ്നത്തേക്കാളും രൂക്ഷമായത് തങ്ങളുടെ വിഷയമാണ് എന്നു തോന്നുന്നതുകൊണ്ടാണല്ലോ അവർ സമരത്തിനിറങ്ങുന്നതു തന്നെ. അതൊരു ജനാധിപത്യപരമായ സ്വാതന്ത്ര്യമാണ്. നാട്ടിലെ ഓരോ വ്യക്തിക്കും, തന്റെ താല്പര്യത്തിനനുസരിച്ച്  വിവിധസംഘങ്ങൾ  നയിക്കുന്ന  സമരങ്ങൾക്ക് മുൻഗണനാ ക്രമത്തിൽ പരിഗണിക്കാനും  പങ്കെടുക്കാനും അവഗണിക്കാനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഒരു വശത്ത് ബാർമുതലാളികളും മറ്റൊരു വശത്ത് ആദിവാസികളും സമരം ചെയ്യുന്നത്. പക്ഷേ അവരുടെ പ്രശ്നം കഴിഞ്ഞിട്ടു മതി  ഇവരുടെ സമരം നടത്തേണ്ടത് എന്ന നിലപാടെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

Saturday, November 08, 2014

സംസ്ക്കാരം, സ്ത്രീ

സംസ്ക്കാരം തുടങ്ങിയേടത്തു തന്നെ നിൽക്കുന്ന ഒന്നല്ല എന്നാണ് തോന്നിയിട്ടുള്ളത്. ആന്തരവും ബാഹ്യവുമായ മാറ്റങ്ങൾ അതിനെ സ്വാധീനിച്ചു കൊണ്ടിരിക്കും. വ്യവസായ വിപ്ലവം, ലോകമഹായുദ്ധങ്ങൾ തുടങ്ങിയവ പാശ്ചാത്യരാജ്യങ്ങളെ സ്വാധീനിച്ചതാണ് അവിടത്തെ ജനങ്ങളിൽ ഇപ്പോൾ കാണുന്ന മാറ്റമുണ്ടാവുന്നതിൽ പ്രധാന പങ്കു വഹിച്ചത് എന്നു കരുതുന്നു. പണമാണ് എല്ലാം നിശ്ചയിക്കുന്നത്, ഏതുവിധേനയും പണമുണ്ടാക്കുക എന്നൊരു പണാധിപത്യസംസ്ക്കാരത്തെ അത് അതിവേഗം സൃഷ്ടിച്ചെടുത്തു. അതിന്റെ ഭാഗമായുള്ള അനിയന്ത്രിതമായ പ്രകൃതി ചൂഷണവും.ഒപ്പം തന്നെ അത് അവിടത്തെ സ്ത്രീകൾക്ക് വൻ തോതിൽ തൊഴിൽ സാദ്ധ്യത നേടിക്കൊടുത്തു. അത് കുടുംബബന്ധങ്ങളിലും സാമൂഹ്യബന്ധങ്ങളിലുമെല്ലാം പ്രതിഫലിക്കുകയും വരുമാനമുള്ള പുരുഷന്മാർ പുലർത്തുന്ന സ്വാതന്ത്ര്യങ്ങൾ തങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന കാഴ്ച്ചപ്പാടിലേക്ക് അവരേയും നയിക്കുകയും ചെയ്തു. ഇന്ന് നേരിട്ടതുപോലുള്ള എതിർപ്പുകൾ അന്നത്തെ സ്ത്രീകൾക്കും നേരിടേണ്ടിയും വന്നിട്ടുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും വരുമാനവും ലഭ്യമാവുന്ന ഏത് സമൂഹങ്ങളിലും രാജ്യങ്ങളിലും ഇതുപോലുള്ള മാറ്റങ്ങൾ ഉണ്ടാവാതെ തരമില്ല. 'സ്വാതന്ത്ര്യമല്ല, ദു:സ്വാതന്ത്ര്യമാണ് അവർ ആസ്വദിക്കുന്നത് എന്ന അഭിപ്രായമുണ്ടെങ്കിൽ അതിന് ഒന്നാമത്തെ ഉത്തരവാദി അവിടത്തെ പുരുഷന്മാരായിരിക്കും. കാരണം, അത്തരം ദു:സ്വാതന്ത്ര്യങ്ങൾ അവരേക്കാൾ മുമ്പ് ആസ്വദിച്ചു തുടങ്ങിയത് അതേ സമൂഹത്തിലെ/രാജ്യത്തിലെ പുരുഷന്മാരായിരിക്കും. അവരാണല്ലോ അത്തരം വഴികളിലൂടെ ആദ്യം മുന്നോട്ടു നടന്നിട്ടുണ്ടാവുക. തങ്ങൾ ആസ്വദിച്ചവയായതുകൊണ്ട്, അത് സ്ത്രീകൾക്ക് മാത്രമായി നിഷേധിക്കാൻ പുരുഷന്മാർക്ക് ധാർമ്മിക അവകാശവുമില്ല. അത്തരം ആസ്വാദനങ്ങളിൽ നിന്ന് ഒഴിവായി ജീവിക്കുന്നവർക്ക് ഉപദേശിക്കാൻ അവകാശമുണ്ട് ; പക്ഷേ നിർഭാഗ്യവശാൽ സമൂഹം അവരെ കേൾക്കുകയോ പിൻതുടരുകയോ ഇല്ല. നിസ്സഹായനായ ഒരു പ്രവാചകന്റെ വേദനയോടെ അത്തരക്കാർ ഒറ്റപ്പെട്ട് ജീവിച്ചു തീരും. പണമുണ്ടാക്കാനുള്ള ആർത്തിയോടെ സമൂഹം മുന്നോട്ടും. പക്ഷേ ഈ സംസ്ക്കാരവും അനന്തമായി തുടരും എന്ന് കരുതുന്നില്ല.

ഇപ്പോൾ അതേ പാശ്ചാത്യസമൂഹത്തെ നോക്കൂ. പണാധിപത്യവും അതിയായ പ്രകൃതി ചൂഷണവും തങ്ങളുടെ സമൂഹത്തിനു അപകടകരമാണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. സാമൂഹികസമത്വത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയുള്ള നിയമങ്ങളും നീക്കങ്ങളും അവിടെ വളരെയധികം ശക്തമാണ്. ഒപ്പം സ്ത്രീവിവേചനവും ദുർബലമായി കൊണ്ടിരിക്കുകയും ചെയ്യുന്നു.. ക്രമേണ ഇതു മറ്റൊരു സംസ്ക്കാരത്തിലേക്കും അവരെ നയിക്കും. ആ തിരിച്ചറിവ് ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തുമ്പോഴേക്കും ഭൂമി ഇതുപോലെ ബാക്കിയുണ്ടാവുമോ എന്നു മാത്രമേ സംശയമുള്ളൂ. ചവിട്ടി മെതിച്ചും അരിഞ്ഞു തള്ളിയുമുള്ള യാത്രകളിലൂടെ തന്നെ വേണമല്ലോ നമുക്കും ആ വഴിയെത്താൻ.

Monday, November 03, 2014

ചുംബനസമര ചിന്തകൾ

1. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കൂ.. മാറു മറയ്ക്കൽ സമരത്തിലും ഇതു തന്നെയല്ലേ സംഭവിച്ചത് ? സമൂഹത്തിന്റെ പ്രമാണിമാരും മുതിർന്നവരും പോലീസും ഭരണകൂടവും എല്ലാം സമരത്തെ എതിർത്തു തോല്പിക്കാനല്ലേ ശ്രമിച്ചിട്ടുള്ളത് ?

അനാചാരങ്ങൾക്കെതിരെ ഇന്ത്യയിലോ കേരളത്തിലോ അരങ്ങേറിയിട്ടുള്ള ഓരോ സമരവും പരിശോധിക്കൂ.. ഓരോന്നിന്റേയും ആരംഭകാലത്ത് അത് സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരുന്ന ഒന്നായിരുന്നോ അവ ?
തുടങ്ങി വെക്കുക എന്നത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയത് സമൂഹത്തിൽ കൂടുതൽ കൂടുതലായി ചർച്ച ചെയ്യപ്പെടും. സമരത്തോട് ഐക്യപ്പെടുന്ന യുവാക്കളും കൗമാരക്കാരും അതേറ്റെടുക്കും. അതിന്റെ പ്രതികരണങ്ങൾ അവർ നേരിടും. അവരുടെ സമരരീതികളോട് താല്പര്യമില്ലെങ്കിലും സമുഹത്തിലെ യാഥാസ്ഥിതികരും ഭരണകൂടവും അതിനെ എതിരിട്ട രീതി അവരുടെ സ്നേഹിതരിലും വീട്ടുകാരിലുമെല്ലാം അമർഷവും വേദനയുമുണ്ടാവും. സമരക്കാരുടെ ആശയങ്ങളോട് അതവരെ കൂടുതലായി അടുപ്പിക്കും. ( സംശയമുണ്ടെങ്കിൽ, ഇന്നലെ സമരത്തിനു വന്ന് അടിയേറ്റു വാങ്ങേണ്ടി വന്നവരുടെ വീട്ടുകാരോടു ചോദിക്കൂ..). അത്തരം പിന്തുണകൾ പുതിയ പ്രതിഷേധ മാർഗ്ഗങ്ങൾ തുറക്കും..അത് പ്രത്യക്ഷമായതോ സംഘടിതമായതോ ആസൂത്രിതമായതോ ആവണം എന്നുപോലുമില്ല.. എതിർപ്പു ശക്തമാവുന്തോറും സമരക്കാരുടെ ആത്മവീര്യവും സംഖ്യയും വർദ്ധിക്കും... ഒടുവിൽ കൂടുതൽ പുരോഗമനപരമായത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.

ഇത്തരമൊരു സമരം വിജയിക്കുന്നത്, ഇന്നുമുതൽ എല്ലാവർക്കും പരസ്യമായി ചുംബിച്ചു തുടങ്ങാം എന്നൊരു സർക്കാർ ഉത്തരവിറക്കുന്നതോടെയായിരിക്കും എന്നൊന്നുമല്ലല്ലോ സമരത്തിറങ്ങിയവരോ അവരെ പിന്തുണയ്ക്കുന്നവരോ പറഞ്ഞിട്ടുള്ളത്..

ഇങ്ങനെയൊരു തുടർപ്രക്രിയ നടക്കണമെങ്കിൽ ആകെ വേണ്ടത് , സമരക്കാർ പറയുന്നതിൽ എന്തോ ഒരു ശരിയുണ്ടല്ലോ എന്നൊരു തോന്നൽ സമരത്തെ നിശബ്ദം നോക്കി കാണുകയോ സമരത്തെ എതിർക്കുകയോ ചെയ്യുന്നവരുടെ ഉള്ളിന്റെയുള്ളിൽ വേരു പിടിക്കുകയാണ്. അങ്ങനെയൊരു വേരുപിടിക്കൽ നടക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.

2. ഇനിയുമൊരു പത്തു നൂറു വർഷങ്ങൾ കഴിഞ്ഞാൽ, പൊതു ഇടങ്ങളിലെ ലൈംഗീകവേഴ്ച്ച കുറ്റകരമായി  കാണുന്ന ഒരു സമൂഹമായിരിക്കില്ല  ലോകത്തിൽ പലയിടത്തും നിലവിലുണ്ടാവുക എന്നാണ് കരുതുന്നത്.   ലൈംഗികത അതിലേർപ്പെടുന്നവരുടെ സ്വകാര്യതയായിരിക്കും എന്നായിരിക്കും അന്നുള്ളവർ ചിന്തിക്കുക. ഇപ്പോൾ തന്നെ, അത്തരം സ്വകാര്യതകൾ മാനിക്കുന്ന 'സ്വകാര്യപൊതുഇടങ്ങൾ'- ചില ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും, ബീച്ചുകളും, ലൈംഗീകകേന്ദ്രങ്ങളും  നിലവിലുണ്ടല്ലോ. മാനസികമായും ലൈംഗീകമായും അത്രമാത്രം പക്വതയാർജ്ജിച്ച ഒരു സമൂഹമായിരിക്കും അത് എന്നോർത്ത് ആഹ്ലാദിക്കുന്നു.  മൃഗങ്ങൾ  മറയില്ലാതെ ഇണ ചേരുന്നതിൽ അസ്വാഭാവികതയും അസ്വസ്ഥതയും അനുഭവപ്പെടാത്ത  ഇന്നത്തെ പരിഷ്കൃത മനുഷ്യന്റെ സ്ഥാനത്ത്, അവക്കിടയിലേക്ക് സഹജീവികളെ കൂടെ ഉൾപ്പെടുത്തുക മാത്രമാണല്ലോ അന്നത്തെ പരിഷ്കൃത മനുഷ്യൻ ചെയ്യുക. .

Thursday, October 02, 2014

മോഡിയുടെ ഗാന്ധിജയന്തി

ഗാന്ധി വധത്തെ തുടർന്ന് ഗോഡ്സെ കോടതിയിൽ സ്വയം ഉന്നയിച്ച വാദങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് : ആ തീരുമാനത്തിനു പിന്നിൽ താൻ മാത്രമായിരുന്നു എന്ന് വാദിക്കാനാണ് അയാൾ ശ്രമിച്ചിട്ടുള്ളത്. ഒരു ആശയത്തോട് കടുത്ത പ്രതിപത്തിയുള്ള ഒരാൾ, തന്റെ കൂടെയുള്ളവരെയും അതേ ആശയം പ്രചരിപ്പിക്കുന്ന സംഘടനകളേയുമെല്ലാം രക്ഷിക്കാൻ ശ്രമിക്കുന്നതും സ്വാഭാവികമാണ്. കോടതിക്ക് പലകാര്യങ്ങളിലും പരിമിതി ഉണ്ട് എന്നുള്ളതുകൊണ്ടു തന്നെ, കോടതിവിധികളിലും ആ പരിമിതി കടന്നുകൂടാറുണ്ട്. കോടതി പറയുന്നതാണ് പരമമായ സത്യം എന്നല്ല, കോടതിയുടെ മുമ്പിൽ വന്ന തെളിവുകൾ വച്ച് , കാണപ്പെടുന്ന സത്യം ഇതാണ് എന്ന് വിധിക്കാൻ സമൂഹം അനുവദിക്കുകയാണ് ചെയ്യുന്നത്, അതും, ന്യായാധിപന്റെ കാഴ്ച്ചപ്പാടുകളാൽ സ്വാധീനിക്കപ്പെടും എന്നതുമെല്ലാം ഒരു പരിമിതിയായി അംഗീകരിച്ചു കൊണ്ട്. അതുകൊണ്ടു തന്നെ, ഗാന്ധിവധം മറ്റാരുടേയും പിന്തുണയില്ലാതെ താൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്ന ഗോഡ്സെയുടെ വാദവും പരമമായ സത്യമായി സ്വീകരിക്കാൻ നിർവാഹമില്ല.
"നെഹ്രുവിൻറെ പാകിസ്താൻ അനുകൂല നിലപാടിനെ പിന്തുണച്ച് കൊണ്ട് ഗാന്ധി ഉപവാസത്തിൽ ഏർപ്പെട്ടപ്പോൾ ഈ പ്രക്രിയയിലൂടെ തന്നെ തന്നെ അദ്ദേഹം ജനരോഷത്തിന് പാത്രമാക്കി.നാഥുറാം ഗോഡ്സേ ജനങ്ങളെ പ്രതിനിധീകരിക്കുകയാണ്.ജനങ്ങളുടെ രോഷപ്രകടനമാണ് ഗോഡ്സെ നിർവഹിച്ചത്." എന്ന ഓർഗനൈസറിലെ അക്കാലത്തെ പത്രാധിപക്കുറിപ്പ് ആർ എസ് എസ്സിന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രസേവനം മുഖമുദ്രയായി അവകാശപ്പെടുന്ന ആർ എസ് എസ് രാഷ്ട്രപിതാവ് എന്ന രീതിയിൽ ഗാന്ധിയെ സ്വീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടോ ? ആ രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സേസേയും അയാളുടെ മതഭ്രാന്ത് നിറഞ്ഞ ആശയങ്ങളേയും ശാഖകളിലൂടെയും അല്ലാതെയും തള്ളിപ്പറയാറുണ്ടോ ?
ഇനിയിപ്പോൾ മോഡിയ്ക്ക് 'ഗാന്ധിയാണു ശരി' എന്ന് മാനസാന്തരം വന്നു എന്നു തന്നെ കരുതുക. അദ്ദേഹം ഗോഡ്സെയെയും അയാൾ പ്രചരിപ്പിച്ച ആശയത്തെയും തള്ളിപ്പറഞ്ഞു കൊണ്ടാണോ അത് ചെയ്യുന്നത് എന്നൊരു പരിശോധനയെങ്കിലും വേണ്ടേ ? ഭരണത്തിൽ, നയങ്ങളിൽ ഗാന്ധിജിയുടെ കാഴ്ച്ചപ്പാട് നടപ്പാക്കുന്നുണ്ടോ എന്ന ചോദ്യങ്ങളുയരണ്ടേ ?

കട : മലയാളം വിക്കി, അറയ്ക്കൻ കഥകൾ ( ബ്ലോഗ്)

Sunday, June 22, 2014

സിംഹാസനങ്ങൾ.

ഒരു വായനക്കാരനായിരിക്കുമ്പോൾ ഞാൻ വായനക്കാരന്റെ സിംഹാസനത്തിലാണ്. 'എനിക്കിഷ്ടപ്പെട്ടില്ലെങ്കിൽ നിന്റെ പുസ്തകം ഞാൻ വലിച്ചെറിയും' എന്ന തന്റേടമുള്ള രാജാവ്.

ഒരു എഴുത്തുകാരനായിരിക്കുമ്പോൾ ഞാൻ എഴുത്തുകാരന്റെ സിംഹാസനത്തിലേക്ക് കയറുന്നു. 'നിനക്ക് താല്പര്യമുണ്ടെങ്കിൽ നീ വായിച്ചാൽ മതി' എന്ന തന്റേടമുള്ള രാജാവ്.

ഈ തന്റേടമില്ലെങ്കിൽ, ഒരു വായനക്കാരനെന്ന നിലയിൽ അഭിപ്രായം പറയാനോ, ഒരെഴുത്തുകാരനെന്ന രീതിയിൽ കഥ പറയാനോ എനിക്ക് കഴിയുമായിരുന്നില്ല. പകരം പതിനായിരക്കണക്കിന് ആത്മസങ്കോചങ്ങളുടെ വേരുകൾ എന്നെ വിഴുങ്ങി മൂടി കളഞ്ഞേനെ.

രാജ്യം എങ്ങനെ ഭരിക്കണമെന്ന്, എന്തൊക്കെ പരിഷ്ക്കാരങ്ങൾ വേണമെന്ന് രാജാവിനു തീരുമാനിക്കാം.നിരന്തരം പരിഷ്ക്കരിച്ചു കൊണ്ടിരിക്കുകയും വേണം. പരിഷ്ക്കരിക്കലാണല്ലോ വളർച്ചയുണ്ടാക്കുന്നത്. പക്ഷേ എല്ലാ പരിഷ്ക്കാരങ്ങളും പഠിച്ചു കഴിഞ്ഞിട്ട് ഭരണമേറ്റെടുക്കാം എന്ന നിഷ്ഠയുടെ ആവശ്യമില്ലെന്ന് തോന്നുന്നു. . ഏതു സിംഹാസനത്തിലിരിക്കുമ്പോഴും അതുവരെ സ്വയം പരിഷ്ക്കരിച്ച നിറവിൽ, സങ്കോചമില്ലാതെ തീരുമാനമെടുത്ത് ആ പദവിയോടുള്ള പ്രതിബദ്ധത നിലനിർത്തുക എന്നതാണ് വേണ്ടത്. അതിനേക്കാളുമപ്പുറം പരിഷ്ക്കാരലോകങ്ങൾ കണ്ടിട്ടുള്ള പ്രജകൾ വിമർശിച്ചേക്കാം. അതിനെ ക്രിയാത്മകമായി ഉൾക്കൊള്ളുക. വീണ്ടും സ്വയം പരിഷ്ക്കരിക്കുക. വായിക്കുക, എഴുതുക. അത്ര തന്നെ.

Sunday, June 01, 2014

പുരുഷന്റെ നോട്ടം, സ്ത്രീയുടെ ചാട്ടം.

പുരുഷന്റെ നോട്ടം, സ്ത്രീയുടെ ചാട്ടം.

1. പുരുഷന്റെയും സ്ത്രീയുടെയും സ്വഭാവപ്രകൃതികൾ, മാറ്റങ്ങളെ ഉൾകൊള്ളാനുള്ള മനോഭാവം, ശ്രദ്ധിക്കപ്പെടാനുള്ള ആഗ്രഹം തുടങ്ങിയ പലതും സ്ത്രീക്കുമേലുള്ള പുരുഷന്റെ നോട്ടത്തിൽ  വിഷയമാവുന്നുണ്ട്. മിക്ക സമൂഹങ്ങളിലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് വികാരനിയന്ത്രണം കുറവാണെന്ന് തോന്നിയിട്ടുണ്ട്. (അത്തരം ഒരു സ്വഭാവം രൂപപ്പെട്ടത് പുരാതനകാലം മുതൽക്കേ പുരുഷാധിപത്യസമൂഹമാണ് നിലവിലുള്ളത് എന്നുള്ളതുകൊണ്ടാണെന്ന് കരുതുന്നു.സ്ത്രീയെ സംരക്ഷിക്കാനുള്ള സാമൂഹ്യമനോഭാവവും താനാണ് അധികാരി എന്ന ബോധവും അവനെ പെട്ടന്ന് വികാരം കൊള്ളുന്നവനായി രൂപപ്പെടുത്തിയിരിക്കണം. പുരുഷനാണു ഭരിക്കപ്പെട്ടിരുന്നെങ്കിൽ ഇതിനേക്കാൾ നന്നായി വികാരം നിയന്ത്രിക്കാൻ പുരുഷൻ  പഠിച്ചേനെ. സ്ത്രീകൾക്ക് കൂടുതൽ അധികാരവും സ്വാതന്ത്ര്യവും ലഭ്യമാവുന്ന സമൂഹങ്ങളിൽ പുരുഷന്റെ സ്വയം നിയന്ത്രണവും ഏറി വരുന്നുണ്ട് എന്നുള്ളത് ശ്രദ്ധിക്കുക. അതുകൊണ്ടു തന്നെ 'എനിക്കു വികാരം നിയന്ത്രിക്കാനാവില്ല' എന്ന ധാർഷ്ട്യം കലർന്ന പരാതി, തങ്ങളുടെ തന്നെ മേൽക്കോയ്മാ മനോഭാവത്തിന്റെ സൃഷ്ടിയാണ് എന്നു പുരുഷൻ തിരിച്ചറിയേണ്ടതുണ്ട്. )

2. മറ്റൊന്ന്, തനിക്കു താല്പര്യമുള്ളതും അതേ സമയം അപ്രത്യക്ഷമായി തുടരുന്നതുമായി ഒന്നിനെ തിരഞ്ഞു കൊണ്ടിരിക്കാനുള്ള മനുഷ്യന്റെ നൈസ്സർഗീകമായ താല്പര്യമാണ്.  ഒരു സ്ത്രീ, മുട്ടിനു മുകളിലെത്തുന്ന  ട്രൗസർ അണീഞ്ഞ് പ്രത്യക്ഷപ്പെടുമ്പോൾ പുരുഷന് അവളുടെ തുടകളോടുള്ള ആകർഷണത്തേക്കാൾ പതിന്മടങ്ങായിരിക്കും, മുട്ടിനു താഴെയെത്തുന്ന പാവാട  അനാവൃതമാക്കപ്പെട്ടാൽ അതേ തുടകളോടു തോന്നുന്നത്. അതേ തുടകളിലേക്കു നോക്കുമ്പോൾ തന്നെ, അവനിലുള്ള 'സദാചാരബോധ'വും വ്യക്തിത്വബോധവും സൃഷ്ടിക്കുന്ന ബുദ്ധി, അവനെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് അവൾ അറിഞ്ഞു കൊണ്ടല്ല വസ്ത്രം അനാവൃതമായതെന്നു തോന്നിയാൽ നോട്ടത്തിൽ അവനു കൂടുതൽ കുറ്റബോധം തോന്നുന്നതും  അറിയാതെയാണെങ്കിലും അറിഞ്ഞുകൊണ്ടാണെങ്കിലും  വസ്ത്രം നേരെയിട്ട ശേഷം അവളൊന്നു നോക്കിയാൽ അവൻ ആ നോട്ടത്തിൽ ചൂളി പോകുന്നതും.

പക്ഷേ
വികാരം നൈസ്സർഗ്ഗികവും   നിയന്ത്രണബുദ്ധി സാമൂഹ്യബോധസൃഷ്ടിയും സ്വയം ഉണർത്തേണ്ടതുമാണ്.  വികാരത്തിനു മേൽ ബുദ്ധികൊണ്ടുള്ള നിയന്ത്രണം, മാനസികമായും ശാരീരികവുമായി  പുരുഷനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, തനിക്കു മേധാവിത്വമുള്ള സമൂഹങ്ങളിൽ, സ്ത്രീ തനിക്കു വികാരമുണർത്തുന്ന രീതിയിൽ പ്രത്യക്ഷപ്പെടരുത് എന്ന് പുരുഷൻ ശഠിക്കുന്നു. പുരുഷാധിപത്യത്തെ പിന്തുണയ്ക്കുന്നതായതുകൊണ്ട്, മതവും ഈ ശാഠ്യത്തെ പിന്തുണയ്ക്കുന്നു.

3. സ്ത്രീയ്ക്ക് പുരുഷനു തുല്യമായ  അവകാശങ്ങൾ അനുവദിക്കപ്പെട്ടിട്ടുള്ള പുരോഗമനസമൂഹങ്ങൾ ഈ ദു;ശാഠ്യത്തെ വകവെച്ചു കൊടുക്കുന്നില്ല.
ഇവിടെ ലെഗ്ഗിൻസ് കണ്ടാൽ വികാരാധീനൻ ആകുന്ന പുരുഷൻ തന്നെ ദുബായിലോ മറ്റ് പല വിദേശരാജ്യങ്ങളിലോ പോയാൽ അതു പോലുമില്ലാതെ നടക്കുന്ന സ്ത്രീകളെ കണ്ടാലും വികാരം നിയന്ത്രിക്കുന്നത്, 'ഇല്ലെങ്കിൽ ഉണ്ട തിന്നേണ്ടി വരും' എന്ന് അവന്റെ 'ബൗദ്ധികമുന്നറിയിപ്പ്' ഉണരുന്നതുകൊണ്ടാണ്.  അങ്ങനെ വികാരം അടക്കി അടക്കി അതൊരു ശീലമാവുന്ന ചരിത്രം ഉള്ളതുകൊണ്ടാണ്, കുട്ടികളേയും  വൃദ്ധകളേയുമൊക്കെ നഗ്നത  കാണുമ്പോൾ വികാരം ഉണരാതിരിക്കുന്ന ശീലം ഉരുത്തിരിഞ്ഞു വന്ന് കൂടുതൽ കൂടുതൽ ഉന്നതമായ തലങ്ങളിലേക്കുയർന്ന് ഇന്നു കാണുന്ന സാമൂഹ്യജീവിതം സാദ്ധ്യമായത്. ആ ശീലത്തിലേയ്ക്കും ബുദ്ധിയിലേക്കും, 'മറ്റൊരാൾക്ക് താല്പര്യമില്ലാതെ അയാളുടെ ശരീരത്തെ തൊടുകയോ തുറിച്ചു നോക്കുകയോ പാടില്ല' എന്ന അടിസ്ഥാന ബോധം ചേർത്തു വെയ്ക്കുകയേ വേണ്ടൂ. പക്ഷേ പുരുഷാധിപത്യത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന,  ഇതെഴുതുന്നയാൾ അടക്കമുള്ള പുരുഷസമൂഹത്തിന്, അതത്ര എളുപ്പമൊന്നുമല്ലെന്നു മാത്രം.
 
   

4. പുരുഷൻ യാഥാസ്ഥിതികനാണ്. മാറ്റങ്ങളെ പെട്ടന്ന് ഉൾക്കൊള്ളില്ല. സ്ത്രീകൾ നേരെ തിരിച്ചും.
സമൂഹത്തെയും കുടുംബത്തെയും നയിക്കുന്നവനായതുകൊണ്ടായിരിക്കണം പുരുഷനിൽ യാഥാസ്ഥിതികത്വം രൂഢമൂലമായത്. തനിക്കൊപ്പമുള്ളവരെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ഒരാൾ,  പരിചിതമായ   സ്ഥിരം വഴികളിലൂടെ സഞ്ചരിക്കാനാണല്ലോ ഇഷ്ടപ്പെടുക. പുതിയതെന്തും   ( ഉദാ, ഭക്ഷണം,  ആവാസകേന്ദ്രം, അയൽസമൂഹങ്ങൾ ) പരീക്ഷിച്ച് നല്ലതാണോ കെട്ടതാണോ എന്നറിയാൻ അംഗങ്ങളിൽ പലരുടേയും ജീവൻ ബലി കൊടുക്കേണ്ടി വന്നേക്കാം.  ഒഴിവാക്കാനാവാത്ത  സന്ദർഭങ്ങളിൽ മാത്രം അതു ചെയ്യുക എന്നതായിരിക്കുമല്ലോ ഒരു തലവൻ ഇഷ്ടപ്പെടുക. അതുകൊണ്ടു തന്നെ,  സ്ത്രീകളാണ് സമൂഹത്തെ നിയന്ത്രിച്ചിരുന്നതെങ്കിൽ, ഈ  'യാഥാസ്ഥിതികത്വം' അവരിൽ രൂപപ്പെടുമായിരുന്നു എന്നു കരുതുന്നു. അങ്ങനെയല്ലാതിരുന്നതുകൊണ്ടായിരിക്കണം, പുതിയതെന്തും പരീക്ഷിക്കുക എന്ന പ്രകൃതിദത്തവും ജൈവീകവുമായ സ്വഭാവം സ്ത്രീയിൽ തുടർന്നു വന്നത്.   

  
5. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ട് എന്നും തോന്നാറുണ്ട്.  അവന്റെ സംരക്ഷണം ആവശ്യപ്പെടുന്ന ഒരു ജീവിതശൈലിയും സാമൂഹ്യജീവിതവും രൂപപ്പെടുത്തിയതാവണം അതും. ഭൂരിപക്ഷം സ്ത്രീകളും അതു പിന്തുടരുന്നു. പക്ഷേ താൻപോരിമയും സ്വാതന്ത്ര്യബോധവുമുള്ള സ്ത്രീ,  ഇന്ന് അവരൊരു ന്യൂനപക്ഷമാണെങ്കിലും, അതിൽ നിന്നു പുറത്തുകടക്കുന്നുണ്ട് എന്നും കാണാൻ കഴിയും. 

6. സ്ത്രീകൾ പുതിയ രീതിയിലുള്ള വസ്ത്രം ധരിക്കുന്നതും 'സെക്സി'യായി പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധിക്കപ്പെടാൻ തന്നെയായിരിക്കണം. തനിക്ക് മനോഹരമായി തോന്നുന്ന, തന്റെ സ്വന്തമായ ഒന്ന് മറ്റുള്ളവർക്ക് മുമ്പിൽ അഭിമാനപൂർവ്വം പ്രദർശിപ്പിക്കാനുള്ള താല്പര്യം. ( 'സിക്സ് പാക്' പുരുഷന്മാർ തങ്ങളുടെ സിക്സ് പാക്കും മസിലുകളുമെല്ലാം പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെ.) പക്ഷേ ആ 'ശ്രദ്ധ' തന്നെ മുറിപ്പെടുത്തണം എന്ന് അവൾ ആഗ്രഹിക്കുന്നുണ്ടാവില്ല. പുതിയ മട്ടിലുള്ള മണിമാളികകൾ പണിതുയർത്തുന്നത്, ആഡംഭരക്കാറുകൾ വാങ്ങുന്നത്, ബ്രാന്റഡ് വസ്ത്രങ്ങളും വാച്ചും കൂളിങ്ങ് ഗ്ലാസ്സുമെല്ലാം  പുരുഷൻ ധരിക്കുന്നതും ഇതേ ആഗ്രഹത്തോടെ തന്നെ. പുരാതന പുരുഷൻ ഇതിനു പകരം താൻ കീഴ്പ്പെടുത്തിയ മൃഗത്തിന്റെ കൊമ്പോ പല്ലോ തുകലോ ഒക്കെ ആഭരണമായി അണിയുന്നതിന്റെ തുടർച്ചയായിരിക്കണം ഇത്. പക്ഷേ ഇതിന്റെയൊക്കെ പേരിൽ താൻ ആക്രമിക്കപ്പെടുന്നതോ കുറ്റപ്പെടുത്തുന്ന നോട്ടം നേരിടേണ്ടി വരുന്നതോ പുരുഷനും ഇഷ്ടപ്പെടുന്നില്ലല്ലോ. (ഇത്തരം പ്രദർശനങ്ങളും ആഡംഭരങ്ങളും തുല്യത ആഗ്രഹിക്കുന്ന ഒരു സമൂഹത്തിൽ  വേണോ എന്നത് വേറെ വിഷയമാണ്, അതവിടെ നിൽക്കട്ടെ. നിലവിലുള്ള വ്യക്തിസ്വാതന്ത്രനിയമങ്ങൾ അനുവദിക്കുന്നിടത്തോളം അതുപയോഗിക്കുന്നത് തടയാൻ ആർക്കും അവകാശമില്ലല്ലോ. )

വാൽക്കഷണം :


ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ച് ഒരു പുരുഷന്റെ നോട്ടം അന്തസ്സുകെട്ടതാായി അനുഭവപ്പെട്ടാൽ പോലും സ്ത്രീക്ക് ഇപ്പോൾ നടപടികൾ സ്വീകരിക്കാം എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
അതുകൊണ്ട് സ്ത്രീകൾ ( പുരുഷനും ) അവർക്കിഷ്ടമുള്ളത് ധരിക്കട്ടെ. ( മുഖം മൂടി ഒരു വസ്ത്രമല്ല എന്നത് ഓർക്കുക)  പുരുഷന്മാർ അവരെ നോക്കുകയും ചെയ്യട്ടെ. പക്ഷേ ആ നോട്ടം അവരെ അലോസരപ്പെടുത്താതിരിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്.  നമ്മുടെ ഭരണഘടന അത്ര മാത്രം കൃത്യവും നിക്ഷ്പക്ഷവും സമതുലിതവുമാണ്. 

മോഡി പേടി


കേരളത്തിലെ ന്യൂനപക്ഷം ( അവരിൽ തന്നെ മുസ്ലീങ്ങൾ ) മോഡിയെയും സംഘപരിവാറിനേയും നല്ലപോലെ ഭയപ്പെടുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്. ആ ഭയത്തെ മുതലെടുക്കാൻ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ തീവ്രവാദമറുചേരികൾ ശ്രമിക്കുന്നുണ്ട് എന്നുള്ളതും കാണാം.

അത്രയ്ക്കൊന്നും ഭയപ്പെടേണ്ടതില്ല എന്ന് കേരളത്തിന്റെ ഇടതുപക്ഷമനസ്സ് അവരെ എക്കാലവും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മേധാവിത്വം ലഭിക്കുന്നതിനു വേണ്ടി മതവും ജാതിയും വർഗീയതയും വികസനവും വ്യവസായവും തുടങ്ങി എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി മുന്നിലെത്തിയ ആളാണു മോഡി. ഇനി എന്തു വേണം എന്ന് തീരുമാനിക്കാൻ മോഡിക്ക് സ്വാതന്ത്ര്യമുള്ളിടത്തോളം കാലം കരുതിയിരിക്കുകയും വേണം.

പക്ഷേ ഒരനാവശ്യ ഭീതി അസ്ഥാനത്താണ്. എതിർക്കപ്പെടേണ്ടത് നടപ്പാക്കപ്പെടുമ്പോൾ എതിർക്കുക എന്നതാണ് ജനാധിപത്യത്തിൽ കരണീയമായിട്ടുള്ളത്. ആ എതിർപ്പിനു ഭൂരിപക്ഷപിന്തുണ നേടുക എന്നതാണ് മുഖ്യം. അത് വർഗ്ഗീയ ശക്തികൾക്കും അറിയാവുന്നതുകൊണ്ട്, അവിടെ വിള്ളലുകൾ വീഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. അതുകൊണ്ട് ആത്യന്തികമായി ഭയപ്പെടേണ്ടത് മോഡിയെ അല്ല, ജനങ്ങൾക്കിടയിലെ മതിലുകളെയാണ്. സ്വയമറിയാതെയാണെങ്കിലും ആ മതിലുകളിൽ പലതും നാം സ്വയം സൃഷ്ടിക്കുന്നവയുമാണ്.

ഞാനും നീയ്യും ഒരുമിച്ച് പഠിച്ച പൊതുവിദ്യാലയങ്ങൾ ഇന്ന് ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കേ, എന്റെ കുഞ്ഞിനു സരസ്വതിനികേതനവും നിന്റെ കുഞ്ഞിനു ഉമരിയ്യ സ്കൂളും ശക്തിപ്പെടുന്നിടത്ത് തുടങ്ങുന്നു അത്. ഞാനും നീയും നീന്തിത്തുടിച്ച പുഴമടിത്തട്ടുകൾ വരണ്ടു മലർന്നിരിക്കേ എന്റെ കുഞ്ഞിനു എന്റെ നീന്തൽകുളവും നിന്റെ കുഞ്ഞിനു നിന്റെ നീന്തൽകുളവും തീർക്കുന്നിടത്ത് ശക്തിപ്പെടുന്നു അത്.

എന്റെ കുഞ്ഞിനു മുറിവേറ്റാൽ നിന്റെ കുഞ്ഞ് വാവിട്ടുകരയാൻ, നിന്റെ കുഞ്ഞിന്റെ ഭയത്തെ എന്റെ കുഞ്ഞ് കല്ലെടുത്തോടിക്കാൻ, ഏറ്റവും കുറഞ്ഞത് അവർ പരസ്പരം അറിയേണ്ടതെങ്കിലുമുണ്ട്.

തോളോടു തോൾ ചേർന്ന് ഓടിക്കളിക്കാൻ, പാടിത്തിമർക്കാൻ അവർക്കു പൊതു ഇടങ്ങൾ വേണ്ടതുണ്ട്. ഓണവും വിഷുവും പെരുന്നാളും നോമ്പും വീടുകളിൽ നിന്ന് വീടുകളിലേക്ക് നിർഭയം സഞ്ചരിക്കണമെങ്കിൽ നമുക്കിടയിലെ മതിലുകൾ നാം തകർക്കേണ്ടതുണ്ട്, ഉമ്മറത്ത് കാവൽ നിർത്തിയിരിക്കുന്ന പ്രദർശന നായ്ക്കളെ പുറത്താക്കേണ്ടതുണ്ട്.

'എന്റേത്' എന്ന അഹങ്കാരങ്ങൾ തകർത്ത്
വീണ്ടെടുക്കുക നാം ആ പൊതുഇടങ്ങൾ, കളിമൈതാനങ്ങൾ, പുൽമേടുകൾ, പുഴയോരങ്ങൾ.