Wednesday, December 16, 2015

എന്തുകൊണ്ട് യുക്തിവാദപോസ്റ്റുകളധികവും ഇസ്ലാമിനെതിരാകുന്നു ?


1.. ജബ്ബാർ മാഷിനെ പോലുള്ളവർ കൂടുതൽ ശക്തമായി ഇസ്ലാമിനെ വിമർശിക്കുന്നത്, അദ്ദേഹം ഒരു ഇസ്ലാം ഭൂരിപക്ഷപ്രദേശത്തു നിന്നുള്ള ആളായതുകൊണ്ടായിരിക്കണം. കുട്ടിക്കാലം തൊട്ടേ ആ മതത്തിലുള്ള ആചാരങ്ങളേയും വിശ്വാസങ്ങളേയുമെല്ലായിരിക്കും അദ്ദേഹം പരിചയപ്പെട്ടിരിക്കുക. സ്വാഭാവീകമായും, യുക്തിബോധം ശക്തിപ്പെടുന്നതിനനുസരിച്ച് ഏറ്റവുമധികം സന്ദേഹിക്കുകയും ചോദ്യം ചെയ്യുകയും അത്തരം ആചാരങ്ങളേയും വിശ്വാസങ്ങളേയുമാവുന്നു. ഹിന്ദു ഭൂരിപക്ഷപ്രദേശത്ത് ( ഹിന്ദു മതാചാരങ്ങൾ വളരെ കൂടുതലായിടത്ത് ) നിന്നു യുക്തിചിന്ത രൂപപ്പെടുന്ന ഒരു യുക്തിവാദി, ഹിന്ദു മതത്തിലെ വിശ്വാസങ്ങളെയായിരിക്കും ഏറ്റവും ശക്തമായി ചോദ്യം ചെയ്യാൻ സാധ്യത. ഇനി ഓൺലൈൻ മലയാളിലോകം ശ്രദ്ധിക്കുക. മുസ്ലീങ്ങൾക്കും ഇസ്ലാം ഭൂരിപക്ഷഗ്രൂപ്പുകൾക്കും ഫേസ്ബുക്കിലും വാട്ട്സാപ്പിലുമെല്ലാം നല്ല പ്രാതിനിധ്യമുണ്ട്. സ്വാഭാവികമായും ഇസ്ലാം വിരുദ്ധമായ പോസ്റ്റുകൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നു.

2 മുസ്ലീങ്ങൾക്ക് .മതവിദ്യാഭ്യാസവും മതബോധവും നല്ല പോലെ ലഭിക്കുന്നു. ആരാധിക്കേണ്ടതും നിഷേധിക്കേണ്ടതും തൊട്ട്, ഉണ്ണുന്നതും ഉടുക്കുന്നതും വരെ സകല കാര്യങ്ങളിലും ഇസ്ലാമിൽ നിർദ്ദേശങ്ങളുണ്ട്. ( അഥവാ ഇല്ലെങ്കിലും, ഉണ്ടെന്ന് അവരിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നു. ), ഇതെല്ലാം മുസ്ലീങ്ങളിൽ ശക്തമായ മതാഭിമുഖ്യം സൃഷ്ടിക്കുന്നു. അതുകൊണ്ട്, എന്തു വിഷയങ്ങളിലും മറ്റൊരു വിശ്വാസം അവതരിപ്പിക്കുന്നത് ഇസ്ലാമിക വിരുദ്ധമാവുന്നു, മതത്തെ ചോദ്യം ചെയ്യുന്നതിനോട് അവരുടെ എതിർപ്പും ശക്തമാവുന്നു. കൃസ്ത്യാനികൾക്ക് മേല്പറഞ്ഞ മതവിഭ്യാഭ്യാസവും മതബോധവുമുണ്ടെങ്കിലും , ദേഹത്തു തൊട്ടുള്ള 'കളി'കൾക്ക് അവർ തയ്യാറാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തന്റെ മതവും, അതിനെ അക്രമിക്കുന്നവനുംനേർക്കുനേരെ വന്നാൽ, നിശബ്ദമായി 'തടി കഴിച്ചിലാക്കാനുള്ള' ബുദ്ധി അവർക്കുണ്ട്. അതിനുള്ള സഹിഷ്ണുത കൂടി അവരുടെ മതവിദ്യാഭ്യാസത്തിന്റെയും വിശ്വാസിജീവിതത്തിന്റേയും ഭാഗമായി ലഭിക്കുന്നുണ്ടെന്നാണതിൽ നിന്നു മനസ്സിലാക്കേണ്ടത്. അതുകൊണ്ടു തന്നെ ക്രിസ്തുമതത്തിനെതിരായ പോസ്റ്റുകളും ഓൺലൈൻ ലോകത്ത് കുറവാണ്.

3. ഹിന്ദുക്കൾക്ക് ഇത്തരത്തിലുള്ള മതവിദ്യാഭ്യാസമോ മതബോധമോ പകരാനുള്ള സംവിധാനങ്ങളില്ല. അവനു മതബോധം പകരുന്നത് കുടുംബവും സമൂഹവുമാണ്. ക്ഷേത്രത്തീൽ പോകണം, ചില ആചാരങ്ങളൊക്കെ അനുഷ്ഠിക്കണം എന്നതിനപ്പുറം വലിയ മതാഭിമുഖ്യമൊന്നും അവനിൽ സന്നിവേശിപ്പിക്കപ്പെടുന്നില്ല. അത്തരം പരിമിതമായ വിഷയങ്ങളിലുള്ള ചോദ്യം ചെയ്യലുകളോ പരിഹാസങ്ങളോ ഇല്ലാതെ അവന്റെ രക്തം തിളക്കാറുമില്ല. ജാതിബോധവും അതനുസരിച്ചുള്ള വിവിധ ആചാരങ്ങളും വിവേചനങ്ങളുമെല്ലാം അവരുടെ വിശ്വാസം നാനാത്വത്തിൽ നിലനിർത്തുന്ന മറ്റൊരു ഘടകമാക്കുന്നു. മാത്രമല്ല, സമൂഹത്തിന്റെ പുരോഗമനാത്മകതയനുസരിച്ച് മതബോധത്തോടുള്ള ആഭിമുഖ്യം കുറഞ്ഞു വരികയും ചെയ്യും. ഇതുകൊണ്ടെല്ലാം, യുക്തിവാദത്തോട് വളരെയധികം എതിർപ്പ് ഹിന്ദുക്കളിൽ നിന്ന് ഉണ്ടാവുന്നില്ല. എതിർപ്പുകളില്ലാത്തതുകൊണ്ട്, ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും അധികം പ്രത്യക്ഷപ്പെടുന്നില്ല. പക്ഷേ എതിർപ്പുകൾ സൃഷ്ടിക്കാനും ശക്തിപകരാനും സംഘപരിവാർ ശ്രമിക്കുകയും കേരളത്തിന്റെ ഇടതുപക്ഷവും വലതുപക്ഷവും അത് ചെറുക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട്, ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എങ്കിൽ പോലും അത് ഇസ്ലാം വിശ്വാസികളിൽ നിന്നുള്ളത്ര ശക്തമല്ല

Saturday, December 12, 2015

യുക്തിവാദിയുടെ സങ്കടങ്ങൾ - 2.

യുക്തിവാദികൾ ഈ പ്രപഞ്ചത്തിലുള്ള എന്തിനെ കുറിച്ചും - തന്നെ കുറിച്ചും മറ്റുള്ള മനുഷ്യരുടെ വിശ്വാസത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും എല്ലാം ചിന്തിക്കാറുണ്ട്. യുക്തിയുടെയും ശാസ്ത്രത്തിന്റെയും പിൻബലത്തോടെ കാര്യങ്ങൾ കാണാനും തീരുമാനിക്കാറുമാണ് അവർ ശ്രമിക്കാറുള്ളതെന്ന് മാത്രം.( യുക്തിവാദികളല്ലെങ്കിലും, മിക്കവാറും എല്ലാ മനുഷ്യരും തങ്ങളുടെ തീരുമാനങ്ങൾക്ക് പിന്നിൽ എന്തെങ്കിലും 'യുക്തി' ചൂണ്ടിക്കാട്ടാറുണ്ട്. ശാസ്ത്രത്തിന്റെ പിന്തുണയില്ലാത്തവയാണെങ്കിൽ, പുരോഗമനസമൂഹങ്ങൾ അതംഗീകരിക്കാറില്ലെന്ന് മാത്രം. )

അതേ സമയം, സ്നേഹം,വാത്സല്യം, കരുണ, ആസ്വാദനം, കോപം, തുടങ്ങിയ മാനുഷികവികാരങ്ങളെ (അല്ലെങ്കിൽ ഇവയെല്ലാം ചേർന്ന മനുഷ്യത്വം ), കേവലയുക്തി കൊണ്ടുമാത്രം അളക്കാനും അതിനെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാനും ശ്രമിക്കേണ്ടതില്ല എന്നാണ് പറയാൻ ശ്രമിച്ചത്. പകരം, അത്തരം വികാരങ്ങൾക്ക് അതാതിനനുയോജ്യമായ 'വികാരയുക്തി'യിലധിഷ്ഠിതമായ തീരുമാനങ്ങളാണുണ്ടാവുന്നതെന്ന് കാണേണ്ടതുണ്ട്. . വികാരയുക്തികൾ, വ്യക്തിത്വവുമായി മാത്രമല്ല, സമൂഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. ( അതേ സമയം, ആ വൈകാരികയുക്തികളെ ഗുണപ്രദമായി സംസ്ക്കരിച്ചെടുക്കുന്നത് യഥാർത്ഥയുക്തിചിന്തയാണ് എന്നുള്ളതും പരിഗണിക്കേണ്ടതുണ്ട്. ).. കേവലയുക്തിവാദത്തിൽ മാത്രം ഊന്നി നിൽക്കുന്ന ഒരാൾക്ക് ഒരു സിനിമ ആസ്വദിക്കാനാവില്ല. കാരണം, അയാൾക്കറിയാം, അതെല്ലാം വെറും അഭിനനയമാണെന്ന്. അതേ സമയം, ഒരു സിനിമ ആസ്വദിക്കണമെങ്കിൽ, അയാൾ ആ കേവലയുക്തിയുടെ സ്ഥാനത്ത്, ഒരു 'സിനിമാസ്വാദനയുക്തി' സ്ഥാപിക്കേണ്ടതുണ്ട്. പിന്നെ ആ യുക്തിയെ അടിസ്ഥാനമാക്കി അയാൾക്ക് സിനിമയെ കുറിച്ച് തീരുമാനമെടുക്കാം.

കുട്ടിക്കാലത്ത് ഇഷ്ടപ്പെടാത്ത ചില സിനിമകൾ പിന്നീട് ഇഷ്ടമാവുന്നതും ( നേരെ തിരിച്ചും ) ഇന്ത്യയിൽ തകർത്തോടിയ ഒരു ഭക്തസിനിമ യൂറോപ്യന്മാർക്ക് വിരസമായനുഭവപ്പെടുന്നതും , മുപ്പതോ നാല്പതോ വർഷം മുമ്പുള്ള സിനിമാ ഡയലോഗുകൾ ഇന്നത്തെ തലമുറയ്ക്ക് ചെടിപ്പുണ്ടാക്കുന്നതും എല്ലാം മേല്പറഞ്ഞ വൈകാരികയുക്തിയുടെയും അതിന്റെ സാമൂഹ്യ,വ്യക്താധിഷ്ഠിത സ്വാധീനത്തിന്റെയും  ഉദാഹരണങ്ങൾ.

അതുപോലെ തന്നെയാണ് ഒരു യുക്തിവാദി, സമൂഹത്തിന്റെയോ കുടുബത്തിന്റെയോ സുഹൃത്തുക്കളുടെയോ ഒക്കെ സ്വാധീനം സൃഷ്ടിച്ച വൈകാരികയുക്തികൾക്ക് കീഴടങ്ങുമ്പോഴും സംഭവിക്കുന്നത്. അയാൾക്കുള്ളിലെ യഥാർത്ഥയുക്തിവാദബുദ്ധി അത്തരം സന്ദർഭങ്ങളിൽ ആന്തരീകവും ബാഹ്യവുമായ പ്രതിഷേധങ്ങളുയർത്തുന്നുണ്ടാവാതിരിക്കില്ല. അതുകൊണ്ടു തന്നെ അത്തരം പോരാട്ടങ്ങൾ നടത്താത്ത ഒരാൾ യുക്തിവാദിയല്ലെന്ന് നിസ്സംശയം പറയാമെങ്കിലും അത്തരം വൈകാരികയുക്തികൾക്ക് സാന്ദർഭീകമായി കീഴടങ്ങുന്ന ഒരാളെ 'അയുക്തിവാദി'യെന്ന് തള്ളിക്കളയേണ്ടതില്ലെന്ന് കരുതുന്നു. അത്തരം കീഴടങ്ങലുകൾ മനുഷ്യന്റെയും മാനവീകതയുടെയും സവിശേഷതകളായി ഉൾക്കൊണ്ട് പോരാട്ടം തുടരുക തന്നെയാണ് യുക്തിവാദി ചെയ്യേണ്ടത് എന്നു വിശ്വസിക്കുന്നു.

Thursday, December 10, 2015

യുക്തിവാദിയുടെ സങ്കടങ്ങൾ - 1

യുക്തിവാദം പ്രചരിപ്പിക്കുന്നയാൾ  ജീവിക്കുന്ന സമൂഹത്തിന്റെ സ്വാധീനം അയാളിലുണ്ടാവുക സ്വാഭാവീകമാണ്.

ഒരു യുക്തിവാദി, വിവാഹത്തിനു പരസ്പരം മാല ചാർത്തുകയും, ഓണം ആഘോഷിക്കുകയും, ക്രിസ്തുമസ്സ് കേക്ക് വാങ്ങിക്കുകയും ഒക്കെ ചെയ്യുന്നത് അത്തരം സ്വാധീനങ്ങൾ കൊണ്ടാണ്. ( യുക്തി വച്ചു ചിന്തിച്ചു നോക്കിയാൽ ഇതെല്ലാം അർത്ഥശൂന്യമായ കാര്യങ്ങളാണല്ലോ ). പക്ഷേ അയാൾ അതു ചെയ്യുന്നത്  ഒരു മത/ദൈവവിശ്വാസത്തിന്റെ പുറത്തല്ല, ഒരു സാമൂഹ്യജീവി എന്ന നിലയിൽ, അടിമുടി സമൂഹത്തോട് എതിർപ്പു പുലർത്തി കൊണ്ട് ജീവിച്ചു പോകാനാവില്ല എന്നതുകൊണ്ടാണ്.  അവിടെ അയാൾക്കു ചെയ്യാവുന്നത്, മതപരമായതോ  ദൈവാരാധാനാപരമായതോ ആയ സകല അംശങ്ങളും ഒഴിവാക്കിക്കൊണ്ട്   അത്തരം ആഘോഷങ്ങളിൽ പങ്കു ചേരുക  എന്നതാണെന്ന് കരുതുന്നു.

ഇതേ സ്വാധീനം അയാളുടെ കുടുംബത്തിലുമുണ്ടാവും. വിശ്വാസിയായ ഒരച്ഛൻ/ അമ്മ ,  തന്റെ മരണ ശേഷം, ഇന്നയിന്ന മരണാനന്തര ചടങ്ങുകൾ നടത്തണം എന്ന് യുക്തിവാദിയായ മകനോട്/മകളോട് ആവശ്യപ്പെട്ടാൽ അയാൾ  അത് ചെയ്യേണ്ടതുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നാണ് എന്റെ തോന്നൽ. അങ്ങനെയാവുമ്പോഴേ, യുക്തിവാദിയായ ഒരാൾ ക്ക്, താൻ മരണപ്പെടുമ്പോൾ മൃതശരീരം മെഡിക്കൽ കോളേജിലേക്ക് നൽകണം എന്ന് വിശ്വാസിയായ മകനോട് ആവശ്യപ്പെടുന്നതിന് അർഹത ലഭിക്കുന്നുള്ളൂ. അവിടെ ജീവിച്ചിരിക്കുന്നയാളുടെ വ്യക്തിത്വത്തിനല്ല, മരിച്ചയാളുടെ അഭിലാഷത്തിനാണ്  മുൻഗണന  വേണ്ടത്. ആ മുൻഗണന, യുക്തിപരമല്ല, പക്ഷേ മനുഷ്യത്വപരമാണ്. ( യുക്തിവാദം മൗലികവാദമായാൽ, ഈ മനുഷ്യത്വത്തെ ഉൾക്കൊള്ളാൻ കഴിയാതെ വന്നേക്കാം )  പക്ഷേ  വിശ്വാസിയായ അച്ഛനോടും മകനോടും യുക്തിവാദി ചെയ്തുകൊണ്ടിരിക്കേണ്ട  ഒരു കാര്യമുണ്ട് - ജീവിച്ചിരിക്കുവോളം, ( താനായാലും അവരായാലും ), മരണാനന്തര ചടങ്ങുകൾ എന്തുകൊണ്ട് അർത്ഥശൂന്യമാകുന്നു എന്നും  മൃതദേഹം മെഡിക്കൽ കോളേജിലേക്ക് നൽകുന്നതുകൊണ്ട് എന്തു ഗുണമുണ്ടാവുന്നു എന്നും അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക എന്നുള്ളത്.

ഇതേ നിലപാടു തന്നെയായിരിക്കണം യുക്തിവാദത്തിൽ താല്പര്യമുള്ളയാൾ, വിവാഹമുൾപ്പെടെയുള്ള സകല  മതാധിഷ്ഠിത ആചാരങ്ങളും പിൻതുടരുമ്പോൾ ചെയ്യേണ്ടിയിരിക്കുന്നത്. മതചടങ്ങുകൾക്ക് കീഴെയുള്ള വിവാഹത്തിനെതിരെ , കുടുംബത്തിൽ പരമാവധി പൊരുതുക., ആവശ്യങ്ങൾ അംഗീകരിപ്പിച്ചെടുക്കുക,  കുറച്ചൊക്കെ വിട്ടുവീഴ്ച്ചകൾക്കും തയ്യാറാവുക. വീണ്ടും പൊരുതുക. സമൂഹത്തോടും  കുടുബത്തോടുമൊപ്പം ജീവിതമാഗ്രഹിക്കുന്ന യുക്തിവാദികൾക്ക് ഇതൊക്കെ വേണ്ടി വരും. അതുകൊണ്ടു തന്നെ ആന്തരികമായ സംഘർഷങ്ങളും ബാഹ്യമായ കളിയാക്കലുകളും ഒരുപാട് നേരിടേണ്ടി വരും. അതു സാരമില്ല.-  അങ്ങനെ നേരിടേണ്ടി വരും എന്നുള്ളതുകൊണ്ട്  ആദ്യമേ തന്നെ മാലിന്യത്തിൽ തന്നെ ജീവിച്ചുകൊള്ളാം  എന്നുള്ള സ്വാർത്ഥപരമായ നിലപാടിനേക്കാൾ  എന്തുകൊണ്ടും പതിന്മടങ്ങ് പുരോഗമനപരമായിരിക്കും അത്.

Tuesday, September 08, 2015

ജന്മാഷ്ടമി ആഘോഷം - പറയാനുള്ളത്.

എല്ലാ മതങ്ങൾക്കും ഇടം നൽകുന്നതോ തുല്യ പരിഗണന നൽകുന്നതോ ആയ 'മതേതരത്വ'ത്തേക്കാൾ, എല്ലാ മതങ്ങൾക്കും അതീതമായ ഒരു പൊതു ഇടം സൃഷ്ടിക്കുന്ന മതേതരത്വത്തെയാണ് പുരോഗമനാശയങ്ങൾ ലക്ഷ്യം വെക്കുന്ന ഒരു സംഘടന സ്വപ്നം കാണേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. അത്തരം പൊതുഇടങ്ങളിൽ കൂടുതലായി താല്പര്യം തോന്നുന്തോറും മനുഷ്യനെ ഏറ്റവും ആഴത്തിൽ അകത്തി മാറ്റിക്കൊണ്ടിരിക്കുന്ന മത, ജാതി വികാരങ്ങൾ താല്പര്യം ജനിപ്പിക്കാത്തവയായി മാറുകയും ചെയ്യും.

പലപല തലമുറകളിലൂടെയുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയും പങ്കുവെക്കലുകളിലൂടെയും ( വിപണിയുടെ ഇടപെടലും ഉണ്ട് ) പല പ്രദേശങ്ങളിലും പല മതാഘോഷങ്ങളും ജനകീയമായി മാറിയിട്ടുണ്ട്. ഓണം, ക്രിസ്തുമസ്സ്, തിരാത്ത് പൂയ്യം* തുടങ്ങിയവ ഉദാഹരണങ്ങൾ. ഇത്തരം ആഘോഷങ്ങളിൽ, മതവുമായി ബന്ധപ്പെട്ട ആചാരങ്ങൾ അതാത് മതത്തിൽപ്പെട്ടവർ മാത്രം അനുഷ്ഠിക്കുകയും മറ്റുള്ളവർ അതൊഴിച്ചുള്ള ആഘോഷപരിപാടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇതു തന്നെ ആഘോഷം നടക്കുന്ന കേന്ദ്രത്തിനോടുള്ള ദൂരമനുസരിച്ച് മാറുകയും ചെയ്തേക്കാം. ( തിരാത്ത് പൂയ്യത്തിന്, ലീവെടുത്ത് നാട്ടിൽ വന്ന് ആഘോഷിക്കാൻ അമ്പലത്തിനടുത്തുള്ള അഹിന്ദുക്കൾ കാണിക്കുന്ന താല്പര്യം കോതറയ്ക്കപ്പുറത്ത് താമസിക്കുന്ന അഹിന്ദുക്കൾ കാണിക്കണമെന്നില്ല. അതുപോലെ, ഇരിങ്ങാലക്കുട പെരുനാളിന് നാട്ടിലെത്താൻ പള്ളിക്കടുത്തുള്ള ഒരു അകൃസ്ത്യൻ കാണിക്കുന്ന താല്പര്യം എടക്കുളത്തുള്ള അകൃസ്ത്യൻ കാണിക്കണമെന്നില്ല. കാളിയാ റോഡ് ചന്ദനക്കുടം നേർച്ച മറ്റൊരു ഉദാഹരണമായി പറയാമെന്ന് തോന്നുന്നു. എന്നാൽ  ഇത്തരം ആഘോഷങ്ങളൊക്കെ ജനകീയമായത്, മതങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങൾ അനുഷ്ഠിക്കാൻ അതാത് മതർക്ക് ഇടമുള്ളപ്പോഴും, ജാതിയും മതവും നോക്കാതെ മറ്റുള്ളവർക്ക് ആഘോഷിക്കാനും ഒരു പൊതു ഇടം ഇത്തരം ആഘോഷങ്ങൾ ഒരുക്കി കൊടുക്കുന്നതുകൊണ്ടാണ് എന്നോർക്കണം. അത്തരമൊരു സൗഹാർദ്ദ മനോഭാവം പല തലമുറകളിലൂടെ പങ്കു വെച്ചാണ് ഈ ആഘോഷങ്ങളെല്ലാം ജനകീയമായി മാറിയത്. അതില്ലെങ്കിൽ ആ ആഘോഷം അതാത് മത-ജാതിവിഭാഗക്കാർക്ക് മാത്രം താല്പര്യപ്പെട്ടവയായി നിലനിൽക്കും. ഇരിങ്ങാലക്കുടയിലെ ഷഷ്ഠിക്കുള്ള ജനകീയതയും പൊതുസ്വീകാര്യതയും കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനു ഇല്ലാത പോകുന്നത് അതുകൊണ്ടാണ്.

കേരളത്തിൽ ശ്രീകൃഷ്ണജയന്തി അത്തരമൊരു പൊതു ആഘോഷമായിരുന്നില്ല. ഗുരുവായൂരും മറ്റു ചില ശ്രീകൃഷ്ണക്ഷേത്രങ്ങളിലും സവർണ്ണഹിന്ദുക്കൾക്കിടയിലും ഒതുങ്ങി നിന്ന ഒന്നായിരുന്നു ജന്മാഷ്ടമി. ( ഗുരുവായൂർ ഏകാദശി പോലും മറ്റൊരു അവസരത്തിലാണ് ). അത് ആഘോഷമാക്കാനും ശോഭായാത്രകൾ ഒരുക്കാനും പണ്ടുമുതലേ നേത്വത്വം കൊടുക്കുന്നത് സംഘപരിവാർ ആണ്. മറ്റല്ലാ കാര്യങ്ങളിലും മതസങ്കുചിതത്വം പുലർത്തുന്ന സംഘപരിവാർ, ഈ ആഘോഷം മാത്രം ജനകീയമാണെന്ന് പറഞ്ഞതുകൊണ്ട് അങ്ങനെ സംഭവിക്കാൻ പോകുന്നില്ല (. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതവരുടെ നിഷ്ക്കളങ്കത കൊണ്ടോ മതേതരത്വം ശരിയായി ഉൾക്കൊള്ളാത്തതുകൊണ്ടോ ആയിരിക്കും.)പൊതു ആഘോഷത്തിനപ്പുറം സ്വന്തം അജണ്ട വെച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ, ഒരു പൊതുഇടം അനുവദിച്ചുകൊടുക്കാൻ അവർക്കെന്നല്ല, മറ്റാർക്കുമാവില്ല. അഥവാ അങ്ങനെയൊരു പൊതുഇടം അനുവദിക്കുന്നുണ്ടെങ്കിൽ,  ഇന്നു കാണുന്ന സംഘപരിവാറും ജന്മാഷ്ടമി ആഘോഷവും ആയിരിക്കില്ല അത്.

ജന്മാഷ്ടമിയെ ഇങ്ങനെ സംഘപരിവാറിനെ 'സ്വന്തമാക്കാൻ' അനുവദിക്കാതെ നമുക്കും അതാഘോഷിച്ച് ഒരു പൊതു ഉത്സവമാക്കിക്കളയാം എന്നു കരുതുന്ന മതേതര വിശ്വാസികളുണ്ടാവാം. ( സി പി എം കണ്ണൂരിൽ നടത്തിയതും എ ഐ വൈ എഫ് ആശംസാ ബോർഡു വെച്ചതും അത്തരം പരീക്ഷണങ്ങളായാണ് എനിക്കു തോന്നിയത് ). മാധ്യമങ്ങളും വിപണിയും അതിനെ പിന്തുണച്ചേക്കാം ( അവർക്ക് എന്തായാലും കൂടുതൽ ഉപഭോക്താക്കളെ കിട്ടിയാൽ മതി. ). പക്ഷെ അതെളുപ്പമല്ല. ഒന്നാമത്, ഇത്രയും നാളത്തെ പ്രവർത്തനങ്ങളിലൂടെ ജന്മാഷ്ടമി ആഘോഷങ്ങൾ തങ്ങളുമായി ബന്ധപ്പെട്ടതാണെന്ന പൊതുധാരണ സൃഷ്ടിച്ചെടുക്കാൻ സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്, വൈരുദ്ധ്യാത്മക ഭൗതികവാദവും മതേതരത്വവും ശാസ്ത്രീയതയും യുക്തിചിന്തയും എല്ലാം പ്രചരിപ്പിക്കേണ്ട സംഘടനകൾ, കൃത്യമായ മതബന്ധമുള്ള ഒരാഘോഷം ഏറ്റെടുക്കുന്നതിലെ ( അതെങ്ങനെയായാലും ) ശരിയില്ലായ്മ.(മറ്റേതു മതത്തിലെ ആഘോഷവും പൊതു ഉത്സവമാക്കി മാറ്റാൻ മതേതരവാദികൾ ശ്രമിച്ചാൽ ഇക്കാലത്ത് ഇങ്ങനെയൊക്കെ തന്നെ സംഭവിക്കാനാണ് സാധ്യത. മുൻപേ പറഞ്ഞതു പോലെ, പുരോഗമനാശയങ്ങളുടെ പ്ലാറ്റ് ഫോമിൽ ഉറച്ചു നിൽക്കുന്ന ഒരാൾക്ക്, ഇത്തരം ആഘോഷങ്ങളിൽ പങ്കെടുത്താണ് അത് ജനകീയമാക്കേണ്ടത് എന്ന് തോന്നുന്നതിനു പകരം, ഇതൊക്കെ അവഗണിക്കാനാണു തോന്നേണ്ടത്.    മാത്രമല്ല, ഇത്തരം പരിശ്രമങ്ങൾ നടത്താറുള്ള 'മതേതരവാദി'കൾ പലരും 'പേറെടുക്കാൻ പോയവൾ ഇരട്ട പെറ്റു എന്ന  അവസ്ഥയിലാവാറുമുണ്ട്.  )

ജാതിമത ചിന്തകൾക്കതീതമായി ചിന്തിക്കുകയും പോരാടുകയും ചെയ്ത അനേകം സാമൂഹ്യപരിഷ്ക്കർത്തളും സ്വാതന്ത്ര്യസമരസേനാനികളും പൊതുപ്രവർത്തകരുമൊക്കെയുണ്ടായിരുന്ന/ഉള്ള നമ്മുടെ നാട്ടിൽ, ചർച്ച ചെയ്യേണ്ടതും ഒന്നിച്ചു ചേർന്ന് പ്രതിരോധിക്കേണ്ടതുമായ അനേകവിധത്തിലുള്ള ചൂഷങ്ങണങ്ങൾ അരങ്ങേറുന്ന നമ്മുടെ നാട്ടിൽ, ഇത്തരം ചൂണ്ടകളിൽ പുരോഗമനപ്രസ്ഥാനങ്ങൾ കുരുങ്ങിപ്പോവുന്നത് സങ്കടപ്പെടുത്തുന്നു.

---------------------------------------

* നാട്ടിലെ ഒരു    ക്ഷേത്രോത്സവം.

Wednesday, April 01, 2015

കമ്മ്യൂണിസവും മതവും

മതം ഉപേക്ഷിച്ച, തികച്ചും ഭൗതികവാദികളായ, മനുഷ്യർക്ക്,  കമ്മ്യൂണിസ്റ്റുകാർ മതനിരാസകരായിരിക്കണം എന്ന അഭിപ്രായമായിരിക്കും. അങ്ങനെ നോക്കിയാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ വിരലിലെണ്ണാം. മതാചാരം-ജാതി-ഈശ്വരവിശ്വാസം ഉപേക്ഷിച്ചവർ കമ്മ്യൂണിസ്റ്റുകൾ ഇതെല്ലാം  നിഷേധിക്കുന്നവരാകണം എന്ന അഭിപ്രായക്കാരായിരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭാരവാഹികൾ ഏറെയും ഈ വിഭാഗത്തിൽ പെടും. (നല്ലൊരു വിഭാഗം  ഇങ്ങനെ നടിക്കുന്നവർ മാത്രമായിരിക്കും എന്നുള്ളത് സത്യം ). മത-ദൈവവിശ്വാസം പിന്തുടരുന്നവർക്ക്, 'അതാവാം, പക്ഷേ കമ്മ്യൂണിസ്റ്റുകാർ അന്ധവിശ്വാസികളായിരിക്കാൻ പാടില്ല'
 എന്ന നിലപാടായിരിക്കും. ( വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വേർതിരിവ് അവർ തന്നെ നിർവചിക്കും). കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ ഭുരിപക്ഷവും ഈ വിഭാഗത്തിൽ വരും.

പാർട്ടിയിൽ താല്പര്യം തോന്നി  അംഗത്വമെടുക്കുന്ന ഒരു അന്ധവിശ്വാസി, ഘട്ടം ഘട്ടമായി തന്റെ അന്ധവിശ്വാസത്തെയും വിശ്വാസത്തെയും എല്ലാം നിരാകരിച്ചുകൊണ്ട്, പതിയെ പതിയെ  ഒരു ഭൗതികവാദിയായി മാറുന്നില്ലെങ്കിൽ, പാർട്ടി  അതിന്റെ പരിപാടികളിൽ വെള്ളം ചേർക്കുന്നുണ്ട് എന്നു തന്നെ പറയേണ്ടി വരും. തന്നിലും തനിക്കു ചുറ്റുമുള്ള കാര്യങ്ങളെ കാര്യകാരണബോധത്തോടെ ചോദ്യം ചെയ്യാൻ ഓരോ അംഗത്തേയും പ്രാപ്തനാക്കുകയും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ  സമൂഹത്തിലെ അസമത്വത്തിന്റെ കാരണങ്ങൾ ( അതിൽ മതവും  ദൈവവിശ്വാസവും സുപ്രധാന കാരണമാണ് ) തിരിച്ചറിയാനും തിരുത്താനും പ്രേരിപ്പിക്കുകയുമാണല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്യേണ്ടത്. അതിനു പകരം, അത്തരമൊരു ആന്തരീകനവീകരണം നടത്താതെ, ജീവിതകാലം മുഴുവൻ ഒരു വിശ്വാസിയെ വിശ്വാസിയായി തന്നെ തുടരാൻ അനുവദിക്കുന്നത്  വോട്ട് മാത്രം നോട്ടമിട്ടു തുടരുന്ന ഒരു  അടവുനയമാണ്. ആ നയം താൽക്കാലികാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ദോഷമേ സൃഷ്ടിക്കൂ.  അതുകൊണ്ടാണ് ശബരിമല ക്ഷേത്രം കത്തി നശിച്ചപ്പോൾ ' നന്നായി. അത്രയും അന്ധവിശ്വാസം കുറഞ്ഞു' എന്നഭിപ്രായപ്പെട്ട  രാഷ്ട്രീയനേതാവു ജീവിച്ചിരുന്ന ഇവിടെ ഇന്ന് അത്തരമൊരു പ്രസ്താവന നടത്താൻ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും കഴിയാതെ പോകുന്നത്.

# വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദവും മൂലധനവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും  എല്ലാം വായിച്ചു പഠിച്ചിട്ടില്ല ഇതെഴുതുന്നത്. കമ്മ്യൂണിസത്തെ കുറിച്ചുള്ള ഏറ്റവും ലളിതമായി ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ പോലും, ഭൗതികവാദിയല്ലാത്ത ഒരാൾക്ക് കമ്മ്യൂണിസ്റ്റ് ആവാൻ കഴിയില്ല  എന്ന ധാരണ വച്ചുകൊണ്ടാണ്.

Thursday, January 08, 2015

ആരാധന

. ആരാധന ജന്മസിദ്ധമല്ലെന്നും, അത് ജന്മസിദ്ധമായ മറ്റു ചില വികാരങ്ങൾ സൃഷ്ടിക്കുന്നതുമാണ് എന്നാണ് എന്റെ തോന്നൽ.

ഭയം മനുഷ്യനു ജന്മസിദ്ധമാണ്. ഭയവും ബുദ്ധിയും ചേർന്ന് ആശങ്കകൾ ഉണ്ടാക്കുന്നു. ആ ആശങ്ക മറികടക്കാൻ, താൻ ഭയപ്പെടുന്നതി
നെ മെരുക്കാൻ, അല്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയെ ( അങ്ങനെയൊന്നുണ്ടെന്ന് വിശ്വസിച്ചു കൊണ്ട് ) മെരുക്കാൻ മനുഷ്യബുദ്ധി ശ്രമിക്കുന്നു. ആ ശ്രമം ശക്തമാവുന്തോറും, ആ ശക്തി താനുമായി ചങ്ങാത്തത്തിലാണെന്ന വിശ്വാസവും ശക്തമാവുന്നു അതാണ് ദൈവാരാധനയുടെ അടിസ്ഥാനം.

ഇഷ്ടം/സ്നേഹം വളർന്ന് വളർന്ന് ആരാധനയാവുന്ന സന്ദർഭങ്ങളും ഉണ്ട്. ( അവിടെ ആരാധനയെ ശക്തിപ്പെടുത്തുന്ന വികാരം സ്നേഹമാണ് ). താരാരാധനയെന്നൊക്കെ നാം പറയുന്നത് ഇതിനെയാണ്. അവിടെയും, താരം താനുമായി ചങ്ങാത്തത്തിലാണെന്ന വിശ്വാസം അബോധത്തിൽ ശക്തമാവുന്തോറും ഒരാളുടെ ആരാധനയുടെ തീവ്രതയും കൂടി വരുന്നത് കാണാൻ കഴിയും.

ഇതിലേതു തരത്തിലുള്ള ആരാധനയായാലും, അത് ശക്തമാവുന്തോറും ഒരാൾക്ക് ചുറ്റുപാടിനെയും തന്നെ തന്നെയും യുക്തിപൂർവ്വം നിരീക്ഷിക്കാനും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നു.

അതേ സമയം അത് വളരെ ദുർബലമാണെങ്കിൽ, കുറച്ചു കൂടി കൂടിയ അളവിലാണെങ്കിലും അയാളിൽ നില നിൽക്കുന്നത് ഭയമോ സ്നേഹമോ ഒക്കെ തന്നെയായിരിക്കും. അതുകൊണ്ടു തന്നെ അയാളുടെ യുക്തിചിന്തയും മറ്റു 'ആരാധകരേ'ക്കാൾ ഉയർന്നിരിക്കും. ' അവളെന്നെ കൊന്നാലും അവളെ ഞാൻ സ്നേഹിക്കും' എന്ന ഒരു പ്രണയിയുടെ നിലപാട് പോലെയായിരിക്കും അത്.

Saturday, December 20, 2014

വീണ്ടും ചുംബാൻസികൾ




ചുംബാൻസികൾ എന്ന പേര് കുറെ ചിരിപ്പിച്ചു. അതുകൊണ്ടാണിങ്ങനെയൊരു തലക്കെട്ട്. അല്ലാതെ സദാചാര ഗോറില്ലയായതുകൊണ്ടല്ല.

1.ഒരു സമരം/കലാപം രൂപപ്പെടുന്നതും മുന്നേറുന്നതും മിക്കപ്പോഴും അക്കമിട്ടെഴുതിയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടല്ല എന്ന് ഒരുവിധം ചരിത്രബോധമുള്ളവർക്കെല്ലാവർക്കുമറിയാം.  സമരം തുടങ്ങുന്ന ആളോ ആളുകളോ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളായിരിക്കണമെന്നില്ല  ജനപങ്കാളിത്തം ഏറുന്തോറും സമരസംഘങ്ങളിൽ നിന്നുയരുക. 1857 ലെ ശിപായി ലഹള തൊട്ട്, മുല്ലപ്പൂ വിപ്ലവം വരെ എത്രയോ ഉദാഹരണങ്ങൾ. ജനക്കൂട്ടത്തിന്റെ വൈകാരികനിയന്ത്രണമേറ്റെടുക്കാൻ പാടവമുള്ളവർക്ക്, പുതിയ ലക്ഷ്യങ്ങൾ മുന്നോട്ടു വെച്ചുകൊണ്ട് സമരത്തിന്റെ ഗതി മാറ്റാൻ വരെ കഴിയാറുണ്ട്.

2.മാർഗ്ഗവും ലക്ഷ്യബോധവും പലതായിരിക്കേ, ഒരൊറ്റ മുദ്രാവ്യാക്യത്തിനു കീഴിൽ അണിനിരക്കുന്ന ഒരു സമരജനത പുലർത്തുന്ന  ചില സവിശേഷതകളും ദൗർബല്യങ്ങളുമുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമരം തന്നെ നോക്കൂ.  ‘സ്വാതന്ത്ര്യം വേണം, ബ്രിട്ടീഷുകാർ ഇന്ത്യ വിടണം’ എന്ന  ഒരൊറ്റ മുദ്രാവാക്യത്തിനു കീഴിൽ അണിനിരക്കുമ്പോഴും  സായുധവിപ്ലവത്തിലൂടെയും അഹിംസാസമരങ്ങളിലൂടെയും  അതിനു ശ്രമിച്ച, അഖണ്ഡഭാരതവും, ഹിന്ദുരാജ്യവും, ജനാധിപത്യ രാജ്യവും കമ്മ്യൂണിസ്റ്റ് രാജ്യവും എല്ലാം ലക്ഷ്യങ്ങളായി പ്രഖ്യാപിച്ച, പരസ്പരം അംഗീകരിക്കാൻ പോലും തയ്യാറാവാതിരുന്ന പല പല സംഘങ്ങൾ ചേർന്ന ഒരു കൂട്ടായ്മയാണല്ലോ അത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട ശേഷവും, ഇതല്ല ഞങ്ങൾ പറഞ്ഞ സ്വാതന്ത്ര്യം, ഇതല്ല ഞങ്ങൾ പറഞ്ഞ ഭാരതം എന്നു ചിന്തിക്കുന്നവർ പോലും ഇന്നും നമുക്കിടയിലുണ്ട്.

3.കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടലിൽ, യുവതീയുവാക്കൾ പരസ്യമായി ചുംബനത്തിലേർപ്പെടുന്നു എന്ന വാർത്ത ജയ്ഹിന്ദ് ചാനൽ പ്രക്ഷേപണം ചെയ്യുകയും സംഘപരിവാർ സംഘടനകൾ ആ  ഹോട്ടൽ അടിച്ചു  തകർക്കുകയും   ചെയ്യുന്നതോടെയാണ്,  ‘വ്യക്തിസ്വാതന്ത്ര്യത്തിനും സാമൂഹ്യജീവിതത്തിനും മേലെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കുക’ എന്നൊരു മുദ്രാവാക്യം    അക്രമത്തെ അപലപിച്ച ഓരോരുത്തരിലും രൂപപ്പെടുന്നത്. അങ്ങനെയൊരു മുദ്രാവാക്യത്തിനു കീഴിൽ ഒരുമിക്കുമ്പോൾ പോലും, എങ്ങനെയായിരിക്കണം വ്യക്തിസ്വാതന്ത്ര്യം, എങ്ങനെയായിരിക്കണം സാമൂഹ്യജീവിതം എങ്ങനെയായിരിക്കണം  ഫാസിസത്തോടുള്ള ചെറുത്തു നില്പ് എന്നീ കാര്യങ്ങളിൽ ആശയപരമായ ഒരുമ രൂപപ്പെട്ടിരുന്നില്ല.
(രൂപപ്പെടേണ്ട ആവശ്യമുണ്ടെന്നും കരുതുന്നില്ല. അതല്ലല്ലോ ജനാധിപത്യം ). ചിലർ പത്രപ്രസ്താവനകളിലൂടെ പ്രതികരിച്ചു. പിന്നെ ചിലർ സോഷ്യൽ സൈറ്റുകൾ ഉപയോഗപ്പെടുത്തി. കോഴിക്കോട്ടുകാരാകട്ടെ, പിറ്റേന്നു മുതൽ തന്നെ കുടുംബസമേതവും സുഹൃദ്സമേതവും ഡൗൺ ടൗൺ ഹോട്ടലിൽ  കയറി ഭക്ഷണം കഴിച്ച് എതിർപ്പ് ബോധ്യപ്പെടുത്തി. 

4.ചുംബിക്കുന്നവരെ ആക്രമിക്കുന്നു – അതുകൊണ്ട് ആലിംഗനങ്ങൾ കൊണ്ടും ചുംബനം കൊണ്ടും  അക്രമത്തെ എതിർക്കാം’ എന്ന വളരെ ലളിതമായ ആശയമാണ്  ചുംബനസമരത്തെ രൂപപ്പെടുത്തിയത് എന്നാണു മനസ്സിലാക്കുന്നത്. ആ ആശയലാളിത്യമാണ് സമരത്തിന്റെ ആകർഷണീയതയും. ഫാസിസത്തെ എതിർക്കുന്ന ആർക്കും – നക്സലൈറ്റുകൾക്കു തൊട്ട് അരാഷ്ട്രീയവാദികൾക്കു വരെ വിശ്വാസികൾ  തൊട്ട് അവിശ്വാസികൾക്കു വരെ അവിടെ ഇടമുണ്ടായിരുന്നു.  സ്വാഭാവികമായും, ചുംബനസമരത്തെ എതിർത്തവരും  അനുകുലിച്ചവരും ചുംബനത്തെ  വ്യാഖാനിച്ചത് താന്താങ്ങളുടെ ഇഷ്ടപ്രകാരമാണ്. ചിലർക്ക് അത് സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു,  ചിലർക്ക് വാത്സല്യവും സ്നേഹവും,  ചിലർക്ക് പ്രണയം, പിന്നെയും ചിലർക്ക് ഇതെല്ലാം. അതാതിനനുസരിച്ച്, എവിടെയൊക്കെ, എങ്ങനെയൊക്കെ  ചുംബിക്കാം/ചുംബിക്കാതിരിക്കാം എന്നുള്ള ധാരണകൾ പോലും അതാതുവിഭാഗക്കാർക്ക് ഉണ്ടായിരുന്നിരിക്കാനുമിടയുണ്ട്. സ്വന്തം സ്കെയിൽ വെച്ച് മറ്റുള്ളവരുടെ അവകാശങ്ങളെ  അളക്കുന്നവർക്ക്,  ആ വ്യാഖ്യാനങ്ങൾ പലതും അതിർത്തി ലംഘിക്കുന്നതായി അനുഭവപ്പെടുന്നത് അസ്വാഭാവികമല്ല.  അത്തരക്കാർ, ജനാധിപത്യമാർഗ്ഗങ്ങളിലൂടെ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുന്നതും തെറ്റല്ല. പക്ഷേ നിയമപാലനസംവിധാനങ്ങളും നീതിപീഠങ്ങളും അവയിലേതെങ്കിലും വ്യാഖ്യാനങ്ങളെ  മുറുകെ പിടിക്കുന്നതും ഇതര വ്യാഖ്യാനങ്ങളെ പിന്തുണയ്ക്കുന്നവരെ  നിയമലംഘകരായി കണക്കാക്കുന്നതും അപകടകരമായ തെറ്റാണ്. അവർ നോക്കേണ്ടത്, പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ, സ്വത്തിനും ജീവനും അപകടമുണ്ടാക്കുന്ന  നീക്കങ്ങൾ ഉണ്ടാവുന്നുണ്ടോ, നിയമലംഘനം ഉണ്ടാവുന്നുണ്ടോ എന്നെല്ലാമാണ്. അതുമാത്രമാണ്. ഒറ്റനോട്ടത്തിൽ,  ചുബനസമരത്തിൽ പങ്കെടുക്കാനെത്തിയവരേയും എതിർക്കുന്നവരേയും ഒരുപോലെ  കൈകാര്യം ചെയ്തു എന്ന് തോന്നാമെങ്കിലും, അത്തരമൊരു നീക്കത്തിലൂടെ, സമരത്തെ അനുകൂലിക്കുന്നവരുടെ മൗലികാവകാശങ്ങൾ, നിയമം ലംഘിച്ച് എതിർക്കുന്നവർക്കൊപ്പം നിന്ന് ലംഘിക്കുകയായിരുന്നു പോലീസ് ചെയ്തത് എന്ന് കാണാൻ കഴിയും. സദാചാരലംഘനം, സാംസ്ക്കാരികാധപതനം, ഭാര്യയും ഭർത്താവും മുറിയിൽ ചെയ്യുന്നത് പരസ്യമാക്കുന്നു എന്നെല്ലാം വിമർശിക്കുമ്പോഴും, പരസ്യചുംബനം നിയമവിരുദ്ധമാവുന്നതെങ്ങനെ എന്ന് ഇതിനെ എതിർക്കുന്നവർക്കാർക്കെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല. വസ്ത്രധാരണനിയന്ത്രണങ്ങളും ലിംഗഅസമത്വവും ജാതി,മത അസമത്വങ്ങളും ഒക്കെയുൾപ്പെടെ മതങ്ങളും ജാതികളുമെല്ലാം ചേർന്ന് രൂപപ്പെടുത്തിയ ‘അലിഖിത സദാചാര’നിയമങ്ങളെ  ചോദ്യം ചെയ്യാൻ ഭരണഘടനയേയും  നിയമവ്യവസ്ഥയെയും കൂട്ടുപിടിക്കാൻ ഇവരാരും മടിക്കാറുമില്ല.

5.ഇങ്ങനെയെല്ലാം ചെയ്യാൻ നിങ്ങളുടെ സഹോദരിയെ/ഭാര്യയെ/അമ്മയെ അനുവദിക്കുമോ എന്നുള്ള ചോദ്യമാണ് എതിർപ്പുകാർ ഉയർത്തിയ പ്രധാന ചോദ്യങ്ങളിലൊന്ന്.( തിരുവനന്തപുരത്തെ ചുംബനഗാഢത കണ്ട ചുംബനാനുകൂലികൾ പലരും ‘ഹോ..ഇത്രയ്ക്കൊന്നും വേണ്ടിയിരുന്നില്ല’ എന്ന് ഉള്ളിൽ പറഞ്ഞിട്ടുമുണ്ടാവും.  മുൻപ് പറഞ്ഞതു പോലെ, അവരുടെ വ്യാഖ്യാനപ്രകാരമുള്ള ചുംബനം അതായിരുന്നിരിക്കില്ല.) ഈ ചോദ്യങ്ങളുയർത്തുന്നവർ,  ചുംബനസമരത്തിൽ പങ്കെടുത്ത സ്ത്രീകൾ സഹോദരനോ ഭർത്താവോ മകനോ ഒന്നുമില്ലാത്തവരാണ് എന്ന ധാരണ വച്ചു പുലർത്തുന്നവരായിരിക്കില്ലല്ലോ. ഇവരൊക്കെയുണ്ടായിട്ടും അവർ എന്തുകൊണ്ട് സമരത്തിൽ പങ്കെടുത്തു എന്ന ചോദ്യത്തിനു മറുപടി അന്വേഷിക്കുമ്പോൾ, ആദ്യ ചോദ്യത്തിനും മറുപടി കിട്ടും. ഈ സമരത്തിനായി ആകാശത്തു നിന്ന് പ്രത്യക്ഷപ്പെട്ടവരല്ലോ അവർ. ഇത്തരം സമരങ്ങളിൽ പങ്കെടുത്തുകൊണ്ടോ അതിനു മുമ്പേ തന്നെ സമാന ആശയങ്ങൾ പങ്കു വെച്ചുകൊണ്ടോ ഇതാണ് തങ്ങളുടെ വ്യക്തിത്വം, വ്യക്തിസ്വാതന്ത്ര്യം എന്ന് കുടുംബാംഗങ്ങളേയും സമൂഹത്തേയും ബോധ്യപ്പെടുത്താൻ/ഓർമ്മപ്പെടുത്താനാണല്ലോ സമരത്തിൽ പങ്കെടുക്കുന്നത്. അതുമായി സമരസപ്പെടാനുള്ള സന്നദ്ധതയ്ക്കനുസരിച്ചാണ്   ഒരാൾ സമരപങ്കാളിയോ സമരത്തെ എതിർക്കാത്തയാളോ ഒക്കെയായി മാറുന്നത്. ( അതുകൊണ്ടാണ് സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കും സഹോദരനും അച്ഛനും ഭർത്താവുമൊക്കെയുണ്ടാവുന്നത് ) ഇതാകട്ടെ, പെട്ടന്നൊരു ദിവസം സംഭവിക്കുന്നതുമല്ല. എങ്കിൽ തന്നെയും, താൻ അനുകൂലിക്കുന്ന, തന്റെ വ്യാഖാനത്തിനനുസരിച്ചുള്ള, ഒരു സമരരീതിയിൽ മറ്റൊരു കുടുംബാംഗം പങ്കാളിയാവുന്നത് എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് പറയാതെയും വയ്യ. താൻ അനുകൂലിച്ചില്ലെങ്കിൽ പോലും, തന്റെ കുടുംബത്തിലെ മറ്റൊരാൾക്ക്   വ്യത്യസ്തമായ ചിന്തയും സമരരീതികളും സ്വീകരിക്കാമെന്ന് തിരിച്ചറിയുന്നത് കൂടുതൽ കൂടുതൽ ജനാധിപത്യബോധം ഉൾക്കൊള്ളുന്നതിനനുസരിച്ചായിരിക്കും. പുരുഷാധിപത്യകുടുംബവ്യവസ്ഥ നിലനിൽക്കുന്ന ഒരിടത്ത്, അത് പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ലെങ്കിലും, യാഥാർത്ഥ്യമാവുന്ന കാലം വരിക തന്നെ ചെയ്യും. വ്യക്തിപരമായി പറഞ്ഞാൽ, ചുംബനസമരത്തിൽ പങ്കെടുത്തുകൊണ്ട്  എതിർലിംഗത്തിൽ പെട്ട ഒരാളെ ചുബിക്കാൻ എന്റെ ലജ്ജ അനുവദിക്കാനിടയില്ല എന്നത് തുറന്നു സമ്മതിക്കാൻ മടിയില്ല.  സാമൂഹ്യവിരുദ്ധമല്ലാതിരുന്നിട്ടും ചുംബനം  സാമൂഹ്യവിരുദ്ധമായി പരിഗണിക്കുന്ന ഒരു സമൂഹത്തിൽ  വളർന്നതുകൊണ്ടാണ് എനിക്കത് കഴിയാതിരിക്കുന്നതെന്ന് തിരിച്ചറിയുന്നതുകൊണ്ടും അതില്ലാതാവണമെങ്കിൽ അത് സാർവത്രികമാവണമെന്നും ബോധ്യമുള്ളതുകൊണ്ടാണ് ഞാൻ സമരത്തെ പിന്തുണയ്ക്കുന്നത്. ഒരു സ്ത്രീ സ്പർശിച്ചാൽ ലൈംഗീകചിന്തയുണ്ടാവുന്ന മാനസികാ(ദുര)വസ്ഥയിൽ  നിന്ന് കര കയറണമെങ്കിൽ, സ്ത്രീകൾ സ്പർശിക്കുന്നത് നിരോധിക്കുന്നതിനേക്കാൾ നല്ലത്, ലൈംഗീകതാല്പര്യമില്ലാതെ തന്നെ സ്ത്രീകൾ സ്പർശിക്കാം എന്നത്  സ്വയം ബോധ്യപ്പെടുത്തുകയും, ആ ബോധ്യപ്പെടുത്തൽ  നിരന്തരമാവുന്ന വിധത്തിൽ സ്പർശം  സാർവത്രികമാവുകയുമാണ്  എന്ന് ഞാൻ കരുതുന്നു, ആഗ്രഹിക്കുന്നു.

6.വ്യഖ്യാനങ്ങളുടെ വൈവിധ്യം നിലനിൽക്കുന്നതുകൊണ്ടു തന്നെ രാഹുൽ പശുപാലനെയോ രശ്മിയേയോ അരുന്ധതിയേയോ  ഒറ്റയൊറ്റയായി പരിഗണിച്ച് സമരത്തെ നിർവചിക്കാൻ നടത്തുന്ന ശ്രമങ്ങളും യുക്തിസഹമല്ല. ലാലാ ലജ്പത് റായിയേയോ ബാലഗംഗാധരതിലകനേയോ സവർക്കറെയോ ഒക്കെ വച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നിർവചിക്കുന്നതു പോലെയായിരിക്കും അത്. രാഹുൽ പശുപാലൻ പബ്ളിസിറ്റിക്കു വേണ്ടിയും രശ്മി തന്റെ പ്രൊഫഷണൽ വളർച്ചയ്ക്കുവേണ്ടിയുമാണ് സമരം സംഘടിപ്പിച്ചത് എന്ന വാദവും അപ്രസക്തമാവുന്നതും  അതുകൊണ്ടാണ്. ആണെങ്കിലും അല്ലെങ്കിലും,  ചുംബനസമരത്തിന്റെ പ്രസക്തി അതിനേക്കാളേറെ മടങ്ങ് വളർന്നു കഴിഞ്ഞിരിക്കുന്നു. ( ഈ വാദവും എത്രമാത്രം ശരിയാണ് എന്ന് സംശയമുണ്ട്. ഞാൻ മനസ്സിലാക്കിയേടത്തോളം, ഫേസ് ബുക്കിലെ ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലായിരുന്നു  രാഹുൽ പശുപാലൻ ഉൾപ്പെടെയുള്ള സംഘാടകർ ഇതേ കുറിച്ചുള്ള പ്രാരംഭചർച്ചകൾ ആരംഭിച്ചത്. അവിടെ രാഹുൽ അതിനു മുമ്പും സജീവമായിരുന്നു എന്നാണോർമ്മ. പബ്ലിസിറ്റിയാണ് രാഹുലിന്റെ  ഉള്ളിലിരുപ്പെങ്കിൽ, അതേക്കാൾ വളരെയധികം അംഗങ്ങളുള്ള  റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ്  ആവണമായിരുന്നല്ലോ രാഹൽ തിരഞ്ഞെടുക്കാൻ. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് സമരത്തിനു ശേഷം ഉണ്ടായതുമാണ്. ഒരു സാധാരണക്കാരൻ പോലും കൂടുതൽ കൂടുതൽ ‘സെൽഫികൾ’ പോസ്റ്റ് ചെയ്യുന്ന ഇക്കാലത്ത് മോഡലിങ്ങ് രംഗത്തുള്ള രശ്മി തന്റെ ചിത്രങ്ങൾ കൂടുതൽ പ്രസിദ്ധീകരിക്കുന്നതിൽ എന്താണ് തെറ്റ് ? ചുംബനസമരത്തെ എതിർക്കുന്നവരും വേണ്ടുവോളമുള്ള ഈ നാട്ടിൽ, നവമാധ്യമങ്ങളിൽ അതാണ് കൂടുതൽ പ്രശസ്തി നൽകുന്നതെന്ന് എങ്ങനെ പറയാൻ കഴിയും ? )

7.പിന്നൊരു വാദം ‘ഞാനാണ് ശരി’  എന്ന്  ആരംഭം മുതൽ മാറ്റമില്ലാതെ നിൽക്കുന്നു എന്നതാണ്. ശരിയാണ്. തന്റെ ശരി, ഏതൊരാളും നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കേണ്ടതു തന്നെ. പക്ഷേ ഈ വാദം ചുംബനസമരത്തെ എതിർക്കുന്നവർക്കും ബാധകമല്ലേ ?  ‘ഞാനാണ് ശരി’ എന്നുള്ള തീർപ്പ് അവർ  നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കുന്നുണ്ടോ ?

8.പിന്നൊന്ന്, നാട്ടിലെ മറ്റു പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ കേവലം ചുംബനസ്വാതന്ത്ര്യത്തിനായി ഇറങ്ങിയത് മോശമല്ലേ എന്ന വാദമാണ്.  ഏത് സമരത്തിനിറങ്ങുന്ന എത് സംഘത്തിനും, നാട്ടിലെ മറ്റേത് പ്രശ്നത്തേക്കാളും രൂക്ഷമായത് തങ്ങളുടെ വിഷയമാണ് എന്നു തോന്നുന്നതുകൊണ്ടാണല്ലോ അവർ സമരത്തിനിറങ്ങുന്നതു തന്നെ. അതൊരു ജനാധിപത്യപരമായ സ്വാതന്ത്ര്യമാണ്. നാട്ടിലെ ഓരോ വ്യക്തിക്കും, തന്റെ താല്പര്യത്തിനനുസരിച്ച്  വിവിധസംഘങ്ങൾ  നയിക്കുന്ന  സമരങ്ങൾക്ക് മുൻഗണനാ ക്രമത്തിൽ പരിഗണിക്കാനും  പങ്കെടുക്കാനും അവഗണിക്കാനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഒരു വശത്ത് ബാർമുതലാളികളും മറ്റൊരു വശത്ത് ആദിവാസികളും സമരം ചെയ്യുന്നത്. പക്ഷേ അവരുടെ പ്രശ്നം കഴിഞ്ഞിട്ടു മതി  ഇവരുടെ സമരം നടത്തേണ്ടത് എന്ന നിലപാടെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.