Sunday, March 20, 2016

മദ്യപാന ചിന്തകൾ, സൗഹൃദം


മദ്യപിച്ച് കാലുറക്കാതെ വീട്ടിലെത്തിയ അച്ഛന്റെ നേരിയൊരോർമ്മയുണ്ട്. മദ്യപിക്കാറുണ്ടായിരുന്നെങ്കിലും അച്ഛനു ലക്കു കെട്ടത് അന്നു മാത്രമായിരുന്നു എന്ന് അമ്മ പറയുന്നു. അതിനു ശേഷം അച്ഛൻ മദ്യപിച്ചിട്ടില്ല. പക്ഷേ ചെയ്യാനൊട്ടും താല്പര്യമില്ലാതിരുന്ന ഒരു ജോലിയിലൂടെ പെൻഷനാവുന്ന കാലം വരെ മദ്യം അച്ഛനൊപ്പവും അതു വഴി ഞങ്ങൾക്കൊപ്പവും ഉണ്ടായിരുന്നു. അത്യാവശ്യമായി മറ്റാവശ്യങ്ങൾക്കെവിടേക്കെങ്കിലും പോകേണ്ടി വരുമ്പോൾ, മുതിർന്നതിനു ശേഷം ഇടയ്ക്കൊക്കെ എന്നെ ഷാപ്പിൽ ഇരുത്താറുണ്ടായിരുന്നു അച്ഛൻ. അവിടെ ഞാൻ പലതരം മദ്യപാനികളെ കണ്ടു. കുടിച്ചാൽ സ്നേഹവും വാത്സല്യവും പെരുകുന്നവർ, തെറി പറയുന്നവർ, ചൂടാവുന്നവർ, ശണ്ഠയ്ക്കു തയ്യാറെടുക്കുന്നവർ, പറ്റിക്കുന്നവർ, പാടുന്നവർ, കരയുന്നവർ, കൃത്യമായ അളവ് സൂക്ഷിക്കുന്നവർ, ഒന്നിൽ നിന്ന് രണ്ടിലേക്കും മൂന്നിലേക്കും പോകുന്നവർ.

കള്ളുഷാപ്പിനൊരു പ്രത്യേകതയുണ്ട്. കുടിച്ചതിനു ശേഷമേ പൈസ നൽകേണ്ടതുള്ളൂ.  'വലുതും ചെറുതു'മൊക്കെ വാങ്ങുന്നവരുടെ കണക്കു സൂക്ഷിക്കുക,  പൈസ വാങ്ങുക, ചില്ലറ തിരികെ കൊടുക്കുക ഇതൊക്കെ മെനക്കേടു പിടിച്ച പണിയായിരുന്നു.  കുപ്പി വാങ്ങി ഷാപ്പിന്റെ മൂലകളിലേക്കു  നീങ്ങുന്നവരൊക്കെ കുടി കഴിഞ്ഞ് കൃത്യമായി പൈസ തരുമോ, തരാതെ മുങ്ങുമോ എന്നൊക്കെ ഓർത്ത് വലിയ വേവലാതി അനുഭവപ്പെട്ടിരുന്നു അന്ന്. ഷാപ്പിൽ നിന്നിറങ്ങാൻ നേരത്ത് അച്ഛൻ ഒരു ഗ്ലാസ്സ് കള്ളു തരും. നല്ല എരിവുള്ള ഷാപ്പുകറിയും. “നാം മദ്യം കുടിക്കുന്നതിൽ തെറ്റില്ല. പക്ഷേ നമ്മളെ മദ്യം കുടിക്കരുത്” ഇതായിരുന്നു അച്ഛന്റെ മദ്യനയം.  നാട്ടിലെ ഉത്സവത്തിനു സുഹൃത്തുക്കൾക്ക് മദ്യസത്കാരം നടത്തുന്ന പതിവ്, ചേച്ചിമാർ മുതിർന്നതോടെ അച്ഛൻ നിർത്തി. അന്നൊക്കെ അതിൽ നിന്നുള്ള 'പൊട്ടും പൊടിയും'    ഒക്കെ കഴിക്കുന്നതിൽ അമ്മയും എതിർപ്പ് കാണിച്ചിരുന്നില്ല.

കൂട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം ബിയറും കഴിച്ചിട്ടുണ്ട്. കൂടിയ അളവിൽ മദ്യം കഴിക്കുന്നത് അതു പോലൊരു ഉത്സവദിവസമാണ്. വിരുന്നുകാരായ രണ്ടു സുഹൃത്തുക്കൾക്കൊപ്പം. പാനോത്സവത്തിനു ശേഷം അവരിൽ ഒരാൾ അകാരണമായി ചിരിച്ചു കൊണ്ടിരുന്നു. രണ്ടാമത്തെയാൾ കൂടുതൽ ഗൗരവക്കാരനായി. ഞാനാകട്ടെ, നാവിന്റെ കെട്ടു വിട്ട് ഉച്ചത്തിൽ സംസാരിക്കാനും. മൊത്തത്തിൽ ഒരു ലാഘവത്വം അനുഭവപ്പെടുന്നുണ്ട് എന്നതല്ലാതെ, പ്രിയപ്പെട്ടവർക്കൊപ്പമിരുന്ന്  ഭക്ഷണം കഴിക്കുമ്പോഴും സല്ലാപങ്ങളിലേർപ്പെടുമ്പോഴും ലഭിക്കുന്ന ആഹ്ലാദത്തേക്കാൾ ഒരു തരി പോലും കൂടുതലായി അപ്പോഴും അനുഭവപ്പെടുന്നില്ലെന്ന്  തിരിച്ചറിഞ്ഞതോടെ മദ്യത്തോടുള്ള താല്പര്യം  ഇല്ലാതായി.  ഇപ്പോൾ ബാക്കിയുള്ളത് വിവിധ തരം മദ്യങ്ങൾ രുചിച്ചു നോക്കാനുള്ള ആഗ്രഹം  മാത്രമാണ്.( അഡിക്ഷനായി കഴിഞ്ഞ എന്തിനോടും ‘നോ’ പറയാൻ അച്ഛനെ പോലെ ഉറപ്പുള്ള മനസ്സില്ലെന്ന് തീർച്ചയുള്ളതു കൊണ്ട്, ആദ്യത്തെ പെഗ്ഗിനു/കപ്പിനുള്ള ‘സ്നേഹനിർബന്ധ’ത്തിനു തന്നെ ‘നോ’ പറയുന്നു. ആ നിലപാടു കൂടുതലുറയ്ക്കാൻ മദ്യപാനാസക്തിക്കെതിരെ പരസ്യമായി നിലപാടു സ്വീകരിക്കുന്നു. )


അതിനു ശേഷം,  ജോലി കിട്ടിയതിനു രണ്ടു സുഹൃത്തുക്കളെ അവരുടെ നിർബന്ധപ്രകാരം ബാറിൽ സത്ക്കരിച്ചു.  ‘മൂന്നു പെഗ്ഗു വീതം’ അതായിരുന്നു എന്റെ ഓഫർ.  അതു കഴിച്ചു കൊണ്ടിരിക്കേ നാട്ടിലെ എന്റെ ഒരു സുഹൃത്ത് ഞങ്ങൾക്കരികിലേക്ക് വന്നു. പിന്നെ അവർ തമ്മിൽ പരിചയപ്പെട്ടു. കുപ്പികൾ ഒഴിഞ്ഞു കൊണ്ടിരുന്നു. എന്റെ  ‘ഓഫറിനു’ ശേഷമുള്ള മദ്യത്തിനു ഞാൻ പൈസ കൊടുക്കേണ്ടതില്ലെന്ന് അവർ  പറഞ്ഞു. മദ്യം നൽകി ആരേയും സത്ക്കരിക്കേണ്ടതുമില്ല എന്ന തീരുമാനമെടുക്കുന്നത് അതോടെയാണ്.  

പോളിയിൽ പഠിക്കുമ്പോൾ, കുടിച്ചു പൂസാവാറുള്ള സുഹൃത്തുക്കളെ ഓർമ്മ വരുന്നുണ്ട്. അവരിലൊരാൾക്ക്  ബോധം വരുന്നതുവരെ വെളിമ്പറമ്പിൽ  കാവലിരുന്നതും, നാട്ടുകാരിലൊരാൾ പറഞ്ഞതനുസരിച്ച് മോരു കുടിപ്പിച്ച് ചർദ്ദിപ്പിച്ചതും ഓർമ്മയുണ്ട്. ബോധം മറയുന്നതുവരെ കുടിക്കുന്നതെന്തിന് എന്ന ചോദ്യത്തിനു കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ( ശാസ്ത്രീയമായ വിശദീകരണമല്ല, തങ്ങൾ എന്തിനങ്ങനെ കുടിക്കുന്നു എന്നതിനുള്ള മറുപടിയാണന്വേഷിച്ചത് ) അതങ്ങനെ സംഭവിച്ചു പോകുന്നതാണ് എന്ന് ചിലർ പറയുന്നു. അതെന്തായാലും ചെറുപ്പക്കാർക്കിടയിൽ ‘കൂടുതൽ കപ്പാസിറ്റി’, ‘ ഡ്രൈ അടിക്കുന്നവൻ’ ഇതൊക്കെ ബഹുമാനാർത്ഥം നൽകുന്ന വിശേഷങ്ങളായി തോന്നിയിട്ടുണ്ട്. ഈ ‘ബഹുമതി’ക്കു വേണ്ടിയാണോ അവർ കൂടുതൽ കൂടുതൽ കഴിച്ചു തുടങ്ങുന്നത് ?

ചാണകവും ചന്ദനവും ഇളനീരും വാറ്റും  വാളും മുരളിയും നല്ല പണവും കള്ളപ്പണവും ഒക്കെ എല്ലാ കാലത്തും സമൂഹത്തിലുണ്ടാവും. ഇതിലേതൊക്കെ വേണമെന്നും വേണ്ടമെന്നും ആത്യന്തികമായി തീരുമാനിക്കേണ്ടത് അവനവൻ തന്നെയാണ്, സംശയമില്ല. . പക്ഷേ അയാൾക്കു ചുറ്റുമുള്ളവർ, പ്രത്യേകിച്ചും സുഹൃത്തുക്കൾ അയാളുടെ തിരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്നുള്ളത് നിഷേധിക്കാൻ കഴിയുമോ ? .


കൂട്ടുകാരോടൊപ്പം മകൻ/ഭർത്താവ് ഇറങ്ങിപ്പോയ ശേഷം ഉറക്കം നഷ്ടപ്പെട്ട അമ്മയെ/ഭാര്യയെ കണ്ടിട്ടുണ്ട്. കൂട്ടുകാർ തിരിച്ചു കൊണ്ടാക്കിയ ശേഷം, മകന്റെ/ഭർത്താവിന്റെ ചർദ്ദിൽ കോരേണ്ടി വരുന്ന അമ്മയെ/ഭാര്യയെ, അവരുടെ കണ്ണീർച്ചാലുകളെ കണ്ടിട്ടുണ്ട്, ശാപവചനങ്ങൾ കേട്ടിട്ടുണ്ട്. എന്നുമാത്രമല്ല, അത്തരം കാഴ്ച്ചകളാണ് കൂടുതൽ കണ്ടിട്ടുള്ളത്. നേരെ മറിച്ചുള്ളവ വിരളവും. മദ്യാസക്തയിലേക്ക് ആണ്ടിറങ്ങി പോവുകയും ഇടക്കിടെ അതിൽ നിന്നു സ്വതന്ത്രനാവാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തിനു അവന്റെ വീട്ടുകാർക്കൊപ്പം അത്തരമൊരു ശ്രമത്തിനു പിന്തുണയും പ്രോത്സാഹനവും നൽകി കൊണ്ടിരിക്കേ, മദ്യപാനിയായ മറ്റൊരു സുഹൃത്തിന്റെ ക്ഷണത്തിനു കീഴടങ്ങി, നിരർത്ഥകമായ എന്തൊക്കെയോ വാദങ്ങൾ പറഞ്ഞ് അവൻ ഇറങ്ങിപ്പോവുന്നതു കാണേണ്ടി വന്ന നേരനുഭവം ഉണ്ടായിട്ടുമുണ്ട്.

അതൊക്കെ എങ്ങനെയായാലും,  എന്തെങ്കിലുമൊക്കെ വിശേഷാവസരങ്ങളിൽ മദ്യപിക്കുകയും  മിതമായി കഴിക്കുകയും ഒക്കെ ചെയ്യുന്നവരാണ് എനിക്കു ചുറ്റിലും എന്റെ സുഹൃദ്‌വലയത്തിലും കൂടുതൽ എന്ന് തീർച്ചയുണ്ട്.  ‘മദ്യപിക്കുന്നു’ എന്ന ഒരൊറ്റക്കാരണം കൊണ്ട് അവർക്ക് എന്റെ സുഹൃത്തുക്കളാവാനുള്ള യോഗ്യതയില്ല എന്ന നിലപാട് മണ്ടത്തരമാണ് എന്ന ബോധ്യവുമുണ്ട്.  

അതുകൊണ്ടു തന്നെ കലാഭവൻ മണിക്ക് വാറ്റ് സംഘടിപ്പിച്ചു കൊടുത്തയാൾ ( അങ്ങനെയാണു നടന്നതെങ്കിൽ ) അതുകൊണ്ടു മാത്രം മണിയുടെ നല്ല സുഹൃത്തല്ലായിരുന്നുവെന്ന് പറയാനാവില്ല. പക്ഷേ മണിക്ക് കരൾ രോഗമുണ്ടായിരുന്നുവെന്നും മദ്യം കഴിച്ചാൽ മണിയുടെ ആരോഗ്യം തകരാറിലാവുമെന്നും അറിഞ്ഞിട്ടും ( മണി നിർബന്ധിച്ചിട്ടുണ്ടെങ്കിൽ പോലും ) മദ്യം നൽകിയിട്ടുള്ളവർ നല്ല സുഹൃത്തുക്കളല്ല എന്ന് നിസ്സംശയം പറയാം. അവസാനത്തെ ആഗ്രഹമായി ഒരാൾ അങ്ങനെ ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകുന്നതിൽ തെറ്റൊന്നുമില്ല എന്ന് മുൻപ് ആരോ പറഞ്ഞു കണ്ടിട്ടുണ്ട്. അത് ശരിയാണോ തെറ്റാണോ എന്ന് തീർപ്പ് കല്പിക്കാനാവുന്നില്ല. പക്ഷേ, ഞാനാണ് അങ്ങനെയൊരു ശീലം അയാളിലുണ്ടാക്കിയതെങ്കിൽ, ഞാനോ സുഹൃത്തുക്കളോ  മദ്യം വാങ്ങിക്കൊടുത്താണ്  അയാളുടെ രോഗം മൂർച്ഛിച്ചതെങ്കിൽ, ആ അവസാന ആഗ്രഹം സാധിപ്പിച്ചു കൊടുക്കലിന്  എന്റെ മനസ്സാക്ഷി എനിക്കു മാപ്പു തരില്ല. ‘കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടോയി കൊല്ലിച്ചതും നീയേ ചാപ്പാ’ എന്ന്  ഞാനെന്നെ സ്വയം നീറ്റിക്കൊണ്ടിരിക്കും.

'നല്ല സുഹൃത്ത്' എന്ന് വിശേഷണത്തിന് എങ്ങനെയാണൊരാൾ അർഹനാവുന്നത് എന്ന സംശയം ബാക്കിയാവുന്നു.. തീർച്ചയായും അയാൾ നമ്മുടെ സുഖദു:ഖങ്ങൾ പങ്കിടേണ്ടതുണ്ട്,  നമ്മെ ആഹ്ലാദിപ്പിക്കേണ്ടതുണ്ട്, ആശ്വസിപ്പിക്കേണ്ടതുണ്ട്. ദുരിതകാലത്ത് കൂടെ നിൽക്കേണ്ടതുണ്ട്.  കണ്ണാടിയാവേണ്ടതുണ്ട്. 
 
വീട്ടിലെത്തുമ്പോൾ വീട്ടുകാർക്കു കൂടി സന്തോഷം ജനിപ്പിക്കുന്നയാൾ എന്നൊരു നിബന്ധന കൂടി ചേർക്കേണ്ടതുണ്ട് എന്നിപ്പോൾ തോന്നുന്നു.



Wednesday, December 23, 2015

പർദ്ദയും എന്റെ അസ്വസ്ഥതയും.


രണ്ട് മുസ്ലീം പള്ളികളും   ഏകദേശം അമ്പതോളം (?)  മുസ്ലീം കുടുംബങ്ങളും ( ജനസംഖ്യാപ്രാതിനിധ്യം 10 – 25 % വരുമായിരിക്കും. )  സ്ഥിതി ചെയ്യുന്ന ഒരു  ഹിന്ദു ഭൂരിപക്ഷപ്രദേശമാണ് എന്റെ ഗ്രാമം. പള്ളികൾക്കടുത്ത് മുസ്ലീം സാന്ദ്രത കൂടുതലുണ്ട്. മറ്റുള്ള കുടുംബങ്ങൾ പലയിടത്തായി ചിതറി സ്ഥിതി ചെയ്യുന്നു.  നാലഞ്ചു വർഷം മുമ്പു വരെ പർദ്ദയണിഞ്ഞ മുസ്ലീം സ്ത്രീകളെ ഞങ്ങളുടെ നാട്ടിൽ കാണാനാവുമായിരുന്നില്ല. അവരൊക്കെ സാരിയും മാക്സിയും ചുരിദാറുമൊക്കെയാണ് ധരിച്ചിരുന്നത്. പ്രായമായവർ കൈത്തണ്ടവരെയെത്തുന്ന ഒരു തരം ജാക്കറ്റ് ( മാച്ചിയെന്നോ മറ്റോ ആണെന്നു തോന്നുന്നു പേര് )  മിക്കവരും  തട്ടം ധരിക്കുകയോ സാരിത്തലപ്പ് തല വഴി മൂടുകയോ ഒക്കെ ചെയ്തിരുന്നു.

ഇപ്പോൾ   നാട്ടിൽ ചില മുസ്ലീം സ്ത്രീകൾ ( ഒരു ന്യൂനപക്ഷം മാത്രം ) പർദ്ദ ധരിച്ചു കാണുമ്പോൾ , വ്യക്തിപരമായി അവർക്കതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് യാതൊരു സംശയത്തിനുമിടയില്ലാതെ  അംഗീകരിക്കുമ്പോഴും എനിക്കുണ്ടാകുന്ന അസ്വസ്ഥത എന്തുകൊണ്ടാണ് എന്ന അന്വേഷണമാണ്  ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.

1. പർദ്ദ ധരിക്കുന്നത്  വളരെ പ്രകടമായ ഒരു മതാഭിമുഖ്യമായാണ് തോന്നാറ്. ( ഇതേ  പ്രകടനാത്മകതകൾ ഇതര മതവിഭാഗങ്ങളിലും ശക്തമാവുന്നതായി ബോധ്യമുണ്ട്. അതേ കുറിച്ച് പിന്നെ പറയാം )  ഇതുവരെയില്ലാതിരുന്നത്  എന്തിന് പുതുതായി  തുടങ്ങണം, അതിനു മാത്രം  ഞങ്ങളുടെ നാട്ടിലും ഇസ്ലാമിലും  എന്താണു പുതുതായി  സംഭവിച്ചത് എന്ന  ചോദ്യം മനസ്സിലുയരുന്നു. അത് തങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വബോധം നൽകുന്നു എന്ന് ചില പർദ്ദധാരിണികൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകേൾക്കുന്നതോടെ  കുറ്റബോധമോ പ്രതിഷേധമോ ഒക്കെയടങ്ങിയ ഒരു വികാരം മനസ്സിലുയരും. – ഞാനടക്കമുള്ള  നാട്ടിലെ  അന്യമത പുരുഷന്മാർ  നിങ്ങൾക്കു മാത്രം അരക്ഷിതത്വബോധം ഉണ്ടാവുന്ന രീതിയിൽ ഒന്നും പെരുമാറിയിട്ടില്ലല്ലോ എന്ന ചോദ്യവും.( നാട്ടിലെ പുരുഷന്മാരെല്ലാം മര്യാദാരാമന്മാരാണ് എന്ന അഭിപ്രായം ഇല്ല എന്നുകൂടി പറയട്ടെ. പക്ഷേ മുസ്ലീം സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ച് അസഭ്യം പറയുകയോ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർ ഇല്ലെന്നു തന്നെ പറയാം)  ഇടയിൽ മതിലുകളില്ലാത്ത, പരസ്പരം സ്നേഹബന്ധങ്ങൾ പുലർത്തുന്ന  രണ്ടു  വീടുകൾക്കിടയിൽ , നാട്ടിൽ മോഷണം പെരുകുകയാണ് എന്ന കാരണം നിരത്തി ഒരു വീട്ടുകാർ പൊടുന്നന്നെ ഒരു മതിൽ പണിതുയർത്തുമ്പോൾ മറ്റേ വീട്ടുകാർക്കുണ്ടാവുന്ന ഒരുതരം അസ്വസ്ഥതയുണ്ടല്ലോ –  മൊത്തത്തിൽ ഈ വികാരത്തെ അതിനോടു താരതമ്യപ്പെടുത്താം.

2. ‘പർദ്ദയാണ് ഏറ്റവും സുരക്ഷിതമായ വസ്ത്രം – അത് ധരിക്കുമ്പോഴാണ്   കാണുന്ന പുരുഷനു കാമചോദനയുണ്ടാവാത്തതും ശല്യം ചെയ്യാത്തതും ’ എന്ന വാദം പരോക്ഷമായി,  എല്ലാ പുരുഷന്മാരെയും അത് ധരിക്കാത്ത സ്ത്രീകളെയും അവഹേളിക്കുന്നണ്ട് -  പർദ്ദയില്ലാത്ത സ്ത്രീകളെ കാണുമ്പോഴെല്ലാം വികാരം നിയന്ത്രിക്കാൻ കഴിയാത്ത നികൃഷ്ടരാണ് പുരുഷന്മാർ എന്നും അതറിഞ്ഞിട്ടും മനപ്പൂർവ്വം  അവനു കാമചോദനയുണ്ടാക്കാൻ വേണ്ടി പർദ്ദ ധരിക്കാതെ നടക്കുന്നവരാണ് അന്യസ്ത്രീകൾ എന്നുമാണല്ലോ ആ വാദത്തിന്റെ പരോക്ഷ സൂചന. അതുകൊണ്ടു തന്നെ പർദ്ദാവാദികൾ ‘എനിക്കതാണിഷ്ടം. എനിക്കതിനുള്ള അവകാശമുണ്ടല്ലോ’ എന്നു മാത്രമാണ് അഭിപ്രായപ്പെടേണ്ടത് എന്നു ചിന്തിക്കുന്നു.


3. ഇതു പോലെ തന്നെയാണ് മുഖം മറച്ച് സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതും. അത് മറ്റുള്ള മനുഷ്യരുടെ, അന്യരെ തിരിച്ചറിയുക എന്ന അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്. അതൊരു മനുഷ്യാവകാശമായി തോന്നാത്തവരുണ്ടെങ്കിൽ അവർക്കത് തോന്നാത്തത്, എല്ലാവരും മുഖം മറച്ചു നടന്ന് സ്വസ്ഥമായി ജീവിക്കുന്ന ഒരു സമൂഹം ലോകത്തെവിടെയുമില്ലാത്തതുകൊണ്ടാണ്; അങ്ങനെ ഒരു സമൂഹത്തിൽ ജീവിച്ച് അനുഭവമോ അങ്ങനെ ഒരു സങ്കല്പമോ പോലും ബുദ്ധിയിൽ ഇല്ലാത്തതുകൊണ്ടാണ്.

4. പർദ്ദ, പൊടിക്കാറ്റും ചൂടും തണുപ്പുമെല്ലാം അനുഭവപ്പെടുന്ന സ്ഥലത്തിനു മാത്രം അനുയോജ്യമാണ്, മറ്റൊരിടത്തും വേണ്ടതല്ല എന്നൊരു വാദം  ആദ്യകാലത്ത് മനസ്സിലുണ്ടായിരുന്നു. പക്ഷേ അത് അടിസ്ഥാനമില്ലാത്തതാണ് എന്നു തിരിച്ചറിയുന്നു. അങ്ങനെയാണെങ്കിൽ പാന്റും ഷർട്ടും ചുരിദാറും  നൈറ്റിയും സാരിയുമൊക്കെ കേരളത്തിനു അനുയോജ്യമായ വസ്ത്രമല്ലല്ലോ. എന്നിട്ടും കാലക്രമേണ കേരള സമൂഹം അത് സ്വീകരിച്ചു. ഇവയൊക്കെ പ്രചാരമായി വന്നിരുന്ന കാലത്ത് ജാതിമതഭേദമന്യേ യാഥാസ്ഥിതകരുടെ  എതിർപ്പ് നേരിട്ടിട്ടുമുണ്ട്.  ഒരു പക്ഷേ പർദ്ദയും സ്വീകരിക്കപ്പെട്ടേക്കാം. പർദ്ദാധാരിണികളെ കുട്ടിക്കാലം തൊട്ടേ പരിചയമുള്ളവർക്ക് അത് അസ്വാഭാവികമായി അനുഭവപ്പെടുന്നുണ്ടാവില്ലായിരിക്കും.   ഒരിക്കൽ, ജാതിമതഭേദമന്യേ സ്വീകരിക്കപ്പെടുന്ന സ്വാഭാവിക വസ്ത്രമായി  മാറിയേക്കാം. അന്നും  മതത്തിന്റെ  മതിലുകൾക്ക് മീതെ  സ്നേഹം പങ്കു വെക്കുന്നത്  മനുഷ്യർ തുടരുകയും ചെയ്തേക്കാം. പക്ഷേ എന്റെ  അസ്വസ്ഥത മാറുന്നില്ല. നാളെ എന്നെ  കാണുമ്പോൾ, എന്റെ സുഹൃത്തിന്റെ ഉമ്മ തല വഴി തട്ടം വലിച്ചിട്ടേക്കുമോ എന്ന  ഭയം തിരി നീട്ടുന്നു - എന്റെ അമ്മയും അവന്റെ ഉമ്മയും ഞങ്ങൾക്ക് അമ്മമാരാണല്ലോ എന്നുള്ളതുകൊണ്ട്.