Monday, May 22, 2017

മുഖപടം നിരോധിക്കുക

--------------------------------------------------------------------
മുഖം  മറയ്ക്കുന്ന മൂടുപടം (നിഖാബ് ?) നിരോധിക്കുക
------------------------------------------------------------------------

സ്ത്രീയ്ക്കും പുരുഷനും ലിംഗഭേദമില്ലാതെ  മൗലീകാവകാശങ്ങൾ അനുവദിക്കപ്പെട്ടിട്ടുള്ള നാടാണ്  നമ്മുടേത്.

1. വസ്ത്രധാരണത്തിലും ഈ  തുല്യ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട്, ചില മുസ്ലീം സ്ത്രീകൾ ( മറ്റു മതവിഭാഗക്കാരും ഉണ്ടോയെന്നറിയില്ല ) തങ്ങളുടെ മുഖം പൂർണ്ണമായി മറച്ച്, എന്നാൽ തങ്ങൾക്ക് മറ്റുള്ളവരെയെല്ലാം കാണാവുന്ന വിധത്തിൽ കണ്ണുകൾക്ക് മുകളിൽ മാത്രം വല കെട്ടി, അത് തങ്ങളുടേ വസ്ത്രധാരണത്തിനുള്ള മൗലീകഅവകാശമാണെന്ന വാദമുന്നയിച്ച്  നടക്കുന്നതു പോലെ, ഇന്ത്യയിലെ ഓരോ  വ്യക്തിക്കും നടക്കാൻ അവകാശമുണ്ടായിരിക്കണം. ഉണ്ട്.

 ആ സ്വാതന്ത്ര്യം  ഇന്ത്യയിലെ വ്യക്തികളെല്ലാം ഉപയോഗിക്കുന്നു എന്നു കരുതുക. എന്തായിരിക്കും സംഭവിക്കുക?  അക്രമികൾക്ക്, ബലാത്സംഗവീരന്മാർക്ക്, തട്ടിപ്പറിക്കാർക്ക്, കൊള്ളക്കാർക്ക് അങ്ങനെ എല്ലാ കൊള്ളരുതായ്മക്കാർക്കും തങ്ങളുടെ മുഖം ഒളിപ്പിക്കാനുള്ള സ്വാതന്ത്ര്യം ആ മുഖപടം നൽകും. തീർച്ചയായും അവരെല്ലാം അത് ഉപയോഗിക്കും. ജനങ്ങൾക്ക് പരസ്പരവിശ്വാസം നഷ്ടമാകും, പുറത്തിറങ്ങി നടക്കാൻ ഭയമാകും. ചുരുക്കത്തിൽ, ഭരണഘടന ഉറപ്പു നൽകുന്ന, സ്വതന്ത്രവും നിർഭയവുമായി സഞ്ചരിക്കാനും ജീവിക്കാനുമുള്ള മൗലീകസ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടും.

2.  ഇനി, മുഖം മറയ്ക്കുന്നത് ഒരു മതവിശ്വാസമാണെന്ന വാദം  ഇതേ മുസ്ലീംസ്ത്രീകൾ ഉന്നയിക്കുന്നുവെന്ന് കരുതുക. ( അത് തെറ്റാണെന്നും മതം അങ്ങനെ ആവശ്യപ്പെടുന്നില്ലെന്നും  ഇതേ മതവിശ്വാസികളായ മറ്റു ചിലർ വിശ്വസിക്കുകയും മുഖം മറയ്ക്കാതെ നടക്കുകയും ചെയ്യുന്നുണ്ട്. അതവിടെ നിൽക്കട്ടെ). ഹിന്ദുക്കളുടെ പുരാണങ്ങളും അസംഖ്യം  ഐതീഹ്യങ്ങളും ആചാരങ്ങളുംവിശ്വാസങ്ങളുമെല്ലാം പരിശോധിച്ചാൽ, മുഖം മറച്ച് നടക്കുന്നത് ഉത്തമ പുരുഷന്റെ/സ്ത്രീയുടെ ലക്ഷണമാണെന്ന് വ്യാഖ്യാനിക്കാവുന്ന ഒരു വരി കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. ഏതെങ്കിലും ഒരു ആചാരത്തിന്റെ ഭാഗമായി, ജീവിതത്തിൽ   ഒരല്പനേരത്തേയ്ക്കെങ്കിലും മുഖം മറച്ച് ആ ആചാരം അനുഷ്ഠിക്കുന്ന ഒരു ഹിന്ദുമതവിഭാഗത്തേയും കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. ( നമ്മുടെ കേരളത്തിൽ തന്നെ പുരുഷന്മാർ സ്ത്രീവേഷം കെട്ടി ഒരു ക്ഷേത്രത്തിൽ പോകുന്ന ആചാരം നിലവിലുണ്ട്.).

അതുകൊണ്ട്, മുഖം മറയ്ക്കുകയെന്ന മതവിശ്വാസം, തങ്ങൾക്കും അനുഷ്ഠിക്കണമെന്ന് ഹിന്ദു മതവിശ്വാസികൾക്കും അവകാശവാദമുന്നയിക്കാനുള്ള സകലസാദ്ധ്യതയുമുണ്ട്. ഇപ്പോൾ ആ വഴിക്ക്  ഹിന്ദുമതതീവ്രവാദികൾ നീങ്ങാതിരിക്കുന്നത്, ഇങ്ങനെ മുഖം മറച്ചു നടക്കുന്ന മുസ്ലീം സ്ത്രീകൾ താരതമ്യേന കുറവായതുകൊണ്ടും ഉള്ളവർ തന്നെ  മുസ്ലീം ബൽറ്റുകളിൽ മാത്രം അധികമായി കാണപ്പെടുന്നതുകൊണ്ടും,  ഈ രണ്ടുകാരണങ്ങളാൽ  ഹിന്ദുക്കൾക്കിടയിൽ അസ്വസ്ഥതയോ മുസ്ലീം വിരുദ്ധതയോ പകർത്താൻ സാധിക്കാത്തതുകൊണ്ടുമാണ്. നേരെമറിച്ച്   ഇത് വ്യാപകമായാൽ അത് സംഭവിക്കുക തന്നെ ചെയ്യും. ഫലം, നേരത്തേ പറഞ്ഞ സ്വതന്ത്രവും നിർഭയവുമായി സഞ്ചരിക്കാനും ജീവിക്കാനുമുള്ള മൗലീകസ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുക തന്നെ.

3. ഒരു മൗലീകവകാശത്തിന്റെ (ദുരു)ഉപയോഗം, കൂടുതൽ പ്രാധാന്യമാർന്ന മറ്റൊരു മൗലീകവാശത്തെ അപകടപ്പെടുത്തുന്നുവെങ്കിൽ,  ആദ്യത്തേതിനു ചില നിയന്ത്രണങ്ങൾ കൊണ്ടു വരേണ്ടത് ആവശ്യമാണ്. അത്തരം നിയന്ത്രണങ്ങൾ കൂടി നമ്മുടെ മൗലീകാവകാശങ്ങളിൽ നിലവിലുണ്ട്. അതുകൊണ്ടു തന്നെ, നിർഭയവും സ്വതന്ത്രവുമായ ജീവിതം നയിക്കാനുള്ള  അവകാശത്തെ മുൻനിർത്തി, മുഖം മറച്ച് വസ്ത്രധാരണം ചെയ്യാനുള്ള  ‘മൗലീകാവകാശത്തെ’  നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ക്രമസമാധാനപാലനത്തിനുള്ള അവകാശത്തെ ഉപയോഗപ്പെടുത്തി കൊണ്ട് കേന്ദ്ര/സംസ്ഥാന സർക്കാരുകൾ ഇതിനുള്ള നടപടിയെടുക്കണം, മുഖം മറയ്ക്കുന്ന മുഖപടം നിരോധിക്കണം. തീർച്ചയായും, അത് പൊതു ഇടങ്ങളിൽ മതി. നമ്മുടെ സ്വകാര്യതകളിൽ എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ.

വാൽക്കഷണം : ഇതൊന്നുമല്ലെങ്കിൽ പോലും, സ്വന്തം ധാർമ്മികത വച്ചും ഈ മൂടുപടം ധരിക്കലിനെ  പരിശോധിക്കാം. അതിന് മതമൗലീകത എന്ന തടവറയിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനുള്ള ചിന്താശേഷി ഉണ്ടായിരിക്കണമെന്നൊരു ‘പ്രശ്നം’ മാത്രമേയുള്ളൂ. അങ്ങനെ കഴിയുന്നവർ സ്വയം പരിശോധിക്കൂ,  ആരും കാണാതെ ഒരു അറയ്ക്കുള്ളിൽ ഒളിച്ചിരുന്ന് മറ്റുള്ളവരെയെല്ലാം കാണുന്നതിനുള്ള സ്വാതന്ത്ര്യം, നിങ്ങൾക്കു നേരെ മറ്റൊരാൾ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ, വിശ്വാസമില്ലായ്മകൾ, ഭയങ്ങൾ. മുഖം മറയ്ക്കുന്ന മുഖപടം നിങ്ങൾക്ക് സ്വാതന്ത്ര്യങ്ങളെല്ലാം, മുഖം മറയ്ക്കണം എന്ന പാരതന്ത്ര്യത്തിനു കീഴെയാണ് എന്ന തിരിച്ചറിവും ഒപ്പം തന്നെ വീണ്ടെടുക്കാൻ കഴിയും.

Sunday, April 02, 2017

മദ്യപാന ചിന്തകൾ - 2

മലയാളികൾക്ക് നല്ല ഒരു മദ്യപാന സംസ്ക്കാരമില്ല. എന്തിന്, ഭക്ഷ്യസംസ്ക്കാരം പോലുമില്ല. ഇതു രണ്ടും പരമാവധി കഴിക്കുക എന്ന പ്രാകൃതമായ ചിന്തയാണ് പൊതുവേ മലയാളിയെ നയിക്കുന്നത്. ഒരു പക്ഷേ പട്ടിണിയും ക്ഷാമവും നിറഞ്ഞ ഒരു ഭൂതകാലം ഭക്ഷണത്തോടുള്ള ആർത്തി കേരളീയരിൽ സൃഷ്ടിച്ചിട്ടുണ്ടാവാം.

പക്ഷേ മദ്യത്തോട് എന്തിനിത്ര അഭിനിവേശം ? മദ്യപിക്കുന്നത് ഒരു കൗമാരക്കാരൻ യുവാവായി മാറുന്നതിന്റെ ലക്ഷണമായി എന്തുകൊണ്ട് ചെറുപ്പക്കാർ സ്വീകരിക്കുന്നു ?

ലോകത്തിൽ എമ്പാടും മദ്യം സുലഭമാണെന്ന് ലോകം കണ്ടിട്ടുള്ള പലരും പറയുന്നു. പക്ഷേ മലയാളികളോളം മദ്യപാനാസക്തിയും അതുമൂലമുള്ള ആരോഗ്യ, കുടുംബ,സാമൂഹ്യ, പ്രശ്നങ്ങളുള്ള ഒരു സമൂഹം എന്തുകൊണ്ട് ലോകത്തിൽ മറ്റൊരിടത്തും കാണാതെ പോകുന്നു ? (അഥവാ ഉണ്ടെങ്കിൽ തന്നെ അതൊരു നല്ല ഉദാഹരണമല്ലല്ലോ) ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താതെ മദ്യം സുലഭമാക്കിയാൽ അത് പ്രശ്നങ്ങൾക്കുള്ള ഉത്തരമാകുന്നതെങ്ങനെയാണ് ?

വീര്യം കൂടിയ മദ്യം നിരോധിക്കുക, വീര്യം കുറഞ്ഞവ ലഭ്യമാക്കുക എന്നീ നടപടികൾ ഇത്തരം ഒരു സമൂഹത്തിൽ അനിവാര്യമാണ് എന്നാണ് എന്റെ തോന്നൽ. ഒപ്പം മദ്യപാനാസാക്തി കുറച്ചു കൊണ്ടുവരുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളും വേണം. അതുകൊണ്ടു തന്നെ ബാറുകൾക്ക് പകരം ബീയർ, വൈൻ പാർലറുകൾ എന്നിവ സ്വീകാര്യമായ നിലപാടായി തോന്നിയിരുന്നു.

പക്ഷേ സുപ്രീം കോടതിവിധി പ്രായോഗീകമാണെന്ന് ഞാൻ കരുതുന്നില്ല. മദ്യം കഴിച്ച് ശീലമുള്ളവർ അതെവിടെയായാലും തേടി പോകും. സർക്കാർ അത് നേരായ മാർഗ്ഗത്തിലൂടെ ലഭ്യമാക്കിയില്ലെങ്കിൽ അവർ വളഞ്ഞ മാർഗ്ഗങ്ങൾ തേടും. അവരെ ചൂഷണം ചെയ്യുന്ന വ്യാജമദ്യമാഫിയ ഉയർന്നു വരും. മാഫിയയുടെ ലക്ഷ്യം പണമായതുകൊണ്ട്, ഏറ്റവും മോശപ്പെട്ട വസ്തുക്കൾക്കൊണ്ട്, ഏറ്റവും വീര്യം കൂടിയ മദ്യം അവർ നിർമ്മിക്കും, വിൽക്കും.മദ്യപാനിയുടെ ആരോഗ്യം ഒന്നുകൂടി തകരാറിലാവും. ഹൈവേ വഴിയോരങ്ങളിൽ, മദ്യപാനിക്കും വിൽക്കുന്നവനും അറിയാവുന്ന പ്രത്യേക അടയാളങ്ങൾ/ആളുകൾ വഴി വ്യാജമദ്യം സുലഭമായി വിൽക്കപ്പെടും. അത് നേരിടാൻ സംസ്ഥാനങ്ങളിലെ പോലീസ്, എക്സൈസ് സംവിധാനങ്ങൾ അപര്യാപ്തമാവും. വ്യാജമദ്യദുരന്തങ്ങൾ ഉണ്ടാവും.

ഈ കാര്യത്തിൽ ക്രിസ്തീയസഭയുടെ നിലപാട് ആത്മാർത്ഥതയുള്ളതാണെന്ന് തോന്നുന്നില്ല. മദ്യം വിറ്റു കിട്ടുന്ന പണം പള്ളി സംഭാവനയായി സ്വീകരിക്കാതിരിക്കട്ടെ, മതചടങ്ങുകളിൽ നിന്ന് വീഞ്ഞ് ഒഴിവാക്കി പനിനീരോ വെറും വെള്ളമോ ഉൾപ്പെടുത്തട്ടെ. എന്നിട്ട് സഭ മദ്യപാനാസക്തിക്കെതിരെ സംസാരിക്കട്ടെ.

Sunday, March 19, 2017

സംഘപരിവാർ റിക്രൂട്ട്മെന്റ് തന്ത്രങ്ങൾ ; മറ്റു മതമൗലികവാദികളുടേതും. – 1

സംഘപരിവാറിന്റേയും മറ്റ് മതമൗലീകവാദികളുടേയും  'ആളെചേർക്കൽ' തന്ത്രങ്ങൾ എന്തൊക്കെ, എങ്ങനെ അതു പ്രതിരോധിക്കാം എന്നുള്ളത് സംബന്ധിച്ച് ചില ചിന്തകൾ/നിരീക്ഷണങ്ങൾ പങ്കു വെക്കുന്നു.


റിക്രൂട്ട്മെന്റ് തന്ത്രം നമ്പർ  1 :  പൊതുഇടങ്ങളും ഇടപെടലുകളും അവസാനിപ്പിക്കുന്ന വിധത്തിൽ ആചാനാനുഷ്ഠാനങ്ങളും  മതാഭിമുഖ്യവും പെരുപ്പിക്കുക. 

ദശാബ്ദങ്ങൾ നീണ്ട സംസർഗ്ഗത്തിലൂടെയും കച്ചവടതാല്പര്യങ്ങൾ മുൻനിർത്തിയും കേരളത്തിലെ വിവിധ മതാഘോഷങ്ങൾക്ക് ഒരു പൊതുസ്വഭാവം കൈ വന്നിട്ടുണ്ട്. ഓണം, ക്രിസ്തുമസ്സ്, നബിദിനം എന്നിവ പൊതുവേ പറയാവുന്നയാണെങ്കിൽ, വിവിധക്ഷേത്രങ്ങളിലേയും പെരുന്നാളുകൾ, ഉത്സവങ്ങൾ, നേർച്ചകൾ എന്നിവ പ്രാദേശികമായും അത്തരത്തിൽ പൊതുസ്വഭാവം കൈവരിച്ചവയാണ്. ചടങ്ങുകളും ആചാരങ്ങളും ഒരു മത/ജാതി വിഭാഗത്തിന്റേതായി തുടരുമ്പോൾ തന്നെ, മറ്റു മതസ്ഥർക്കു കൂടി പങ്കെടുക്കാൻ അവസരമുള്ള അഘോഷങ്ങളായി ഇത്തരം ഉത്സവങ്ങൾ മാറിയത്, കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളുടെ സ്വാധീനം കൊണ്ടു കൂടിയാണ്. അതുകൊണ്ടാണ് വീടിനടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിന് ലീവെടുത്തെത്തുന്ന ക്രിസ്ത്യാനിയും മുസ്ലീമും ഉണ്ടായതും പള്ളിപ്പെരുന്നാൾ ആഘോഷിക്കുന്ന ഹിന്ദുവുമെല്ലാം ഇവിടെ ഉണ്ടായത്.

പക്ഷേ നവോത്ഥാനത്തിന്റെ ഒരു പ്രശ്നം, അതിനു തുടർച്ചയുണ്ടായില്ലെങ്കിൽ ജനത വീണ്ടും പഴമയിലേക്ക് തിരിച്ചു പോകും എന്നുള്ളതാണ്. സ്വാതന്ത്ര്യസമരവും കേരളപിറവിക്കു ശേഷമുള്ള സർക്കാരുകളും നവോത്ഥാനത്തിനു തുടർച്ച നൽകിയെങ്കിലും പിന്നീടങ്ങോട്ട് കേരളത്തിന്റെ നടത്തം പതിയെ പതിയെ നിലച്ചു പോകുന്ന കാഴ്ച്ചയാണുണ്ടായത്. നവോത്ഥാനത്തെ പിന്നോട്ടടിപ്പിക്കാൻ ശ്രമിച്ചവർ ശക്തിപ്രാപിക്കുമെന്ന് മുൻകൂട്ടി കാണാനും അതിനെതിരെയുള്ള പ്രതിരോധങ്ങൾ സംഘടിപ്പിക്കാനും പുരോഗമനപ്രസ്ഥാനങ്ങൾ പരാജയപ്പെടുകളും കമ്പോളവത്ക്കരണം പകർന്ന സുഖലോലുപത മലയാളികളെ കീഴടക്കുകയും ചെയ്തു.

. ഒരു ഏകീകൃതഹിന്ദുവിനെ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്ക് എന്നും തടസ്സം നിന്നിട്ടുള്ളത്, ജനനം തൊട്ട് മരണം വരെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആരാധനയിലും വൈജാത്യങ്ങൾ പുലർത്തുന്ന ഹിന്ദുവാണ്, ഹിന്ദുവിലെ ജാതീയതയാണ് ; മുസ്ലീമോ ക്രിസ്ത്യാനിയോ കമ്മ്യൂണിസ്റ്റുകളോ, എന്തിന്, ജനാധിപത്യമോ പോലുമല്ല. ആദ്യത്തേതിനെ ഹിമാലയത്തോടുപമിക്കാമെങ്കിൽ പിന്നീടുള്ളവയെയെല്ലാം ചെറുകുന്നുകളാണ്. ജനാധിപത്യമാണെങ്കിൽ, വർഗ്ഗീയത നിറച്ച ഒരൊറ്റ ഊത്തുകൊണ്ട് തകർന്നടിയുന്ന ചീട്ടുകൊട്ടാരമാണെന്ന് ഗുജറാത്ത് തെളിയിച്ചതാണ്, ഉത്തർപ്രദേശും അതിനു പുറകേ മറ്റു പല സംസ്ഥാനങ്ങളും തെളിയിക്കാനിരിക്കുന്നതാണ്.

ഇന്ത്യയൊട്ടാകെ ഒരു പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഹിന്ദുകുലം സംഘപരിവാറിന്റെ സ്വപ്നമാണ്. അതിനു വേണ്ടിയാണ് അവർ ഏറെ വർഷങ്ങൾക്കു മുമ്പേ തന്നെ ജന്മാഷ്ടമി ഘോഷായാത്രകൾ കേരളത്തിലും സംഘടിപ്പിച്ചു തുടങ്ങിയത്. രണ്ടു മുന്നു വർഷങ്ങൾക്കു മുമ്പ് ഗണേശവിഗ്രഹനിമഞ്ജനഘോഷായാത്രകൾ അവതരിപ്പിച്ചു തുടങ്ങിയത്. അടുത്തതായി നവരാത്രി/ദുർഗ്ഗാപൂജ ആഘോഷങ്ങൾ തുടങ്ങാൻ പോകുന്നത്.

എന്നാലും ദക്ഷിണേന്ത്യയിൽ, വിശേഷിച്ചും കേരളത്തിലും തമിഴ്നാട്ടിലും ഹിന്ദുക്കൾക്ക് ഈ ദൈവങ്ങളൊന്നുമല്ലാതെ, അയ്യപ്പനും മുത്തപ്പനും മുരുകനും പെരുമാളും കണ്ണകിയുമെല്ലാമുണ്ട്, ഈ ദൈവങ്ങളെ ആരാധിക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളുണ്ട്. കേരളത്തിലാണെങ്കിൽ, ഈ ഹിന്ദുദൈവങ്ങളുടെയെല്ലാം ക്ഷേത്രോത്സവങ്ങളിൽ പങ്കെടുക്കുന്ന ധാരാളം അന്യമതസ്ഥരുണ്ട്. അങ്ങനെ പല മതക്കാരും ഒത്തു ചേരുന്നതുകൊണ്ട് പൊതുഇടങ്ങളുണ്ട്, സ്നേഹോപചാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളുണ്ട്, മതസൗഹാർദ്ദമുണ്ട്, ഇതൊക്കെ ഇങ്ങനെയൊക്കെ തന്നെ തുടരണം എന്ന സഹിഷ്ണുതയിലധിഷ്ഠിതമായ പൊതുബോധമുണ്ട് .

ഇതിൽ വിള്ളൽ വീഴ്ത്താതെ ഒരേകീകൃതഹിന്ദുവിനെ സൃഷ്ടിക്കുക സാധ്യമല്ല. അതുകൊണ്ട് അവർ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഇത്തരം ഉത്സവാഘോഷങ്ങളുടെ പൊതു ഇടങ്ങളിൽ നിന്ന് പതിയെ അന്യമതസ്ഥരെ ഒഴിവാക്കി ഹിന്ദുക്കളുടേതു മാത്രമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ്. അതിനു വേണ്ടി അവർ ഇത്തരം ക്ഷേത്രങ്ങളിൽ, ഉത്സവങ്ങളിൽ, ‘അഭിഷേക കാവടി*, ഗോപൂജ’ എന്നൊക്കെയുള്ള പേരിൽ ഹിന്ദുക്കളുടേത് മാത്രമായ പുതിയ ആചാരങ്ങളും ചടങ്ങുകളും അവതരിപ്പിക്കുന്നു, സൃഷ്ടിച്ചെടുക്കുന്നു. ഭക്തിപ്രഭാഷണങ്ങൾ എന്ന പേരിൽ സ്വമതപ്രേമവും അന്യമതവിദ്വേഷവും പെരുപ്പിക്കുന്ന, ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിഷം തുപ്പലുകൾ അവതരിപ്പിക്കുന്നു. ഇടതുപക്ഷ അനുഭാവികൾ ഭരിക്കുന്ന ഭരണസമിതികളും ദേവസ്വങ്ങളും പോലും ഇതെങ്ങനെ നേരിടണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയോ, ‘വിശ്വാസികളല്ലേ, ക്ഷേത്രത്തിനു പെരുമയല്ലേ ( ?)’ എന്നൊക്കെ കരുതി ഈ വലയിൽ വീഴുകയോ ചെയ്യുന്നു. അത്തരം ഇടങ്ങളിൽ നിശ്ചയമായും ഇന്നു കാണുന്ന ജനക്കൂട്ടായ്മകൾ നാളെ ഹിന്ദുക്കൂട്ടായ്മയായി മാറും. അത്തരമൊരു കൂട്ടായ്മയെ അക്രമസജ്ജരാക്കാൻ ചെറിയൊരു തീപ്പൊരിയും മതിയാകും.

------------------------------------------------------

2. തൊണ്ണൂറുകളുടെ ആരംഭത്തിലാണ് പോട്ട ഡിവൈൻ കേന്ദ്രം ആരംഭിക്കുന്നതെന്നാണോർമ്മ. ക്രിസ്ത്യാനികളിലെ തീവ്രമതവിശ്വാസക്കാരായ പെന്തക്കോസ്ത് വിഭാഗങ്ങളിലേക്ക് റോമൻ കത്തോലിക്കർ വ്യാപകമായി പരിവർത്തിക്കപ്പെടുന്നുണ്ടെന്നും അതിനെ ചെറുക്കാനാണ് സഭ, ഡിവൈൻ കേന്ദ്രം ആരംഭിച്ചതെന്നും അക്കാലത്ത് ഇന്ത്യാ ടുഡേയിൽ ഒരു ലേഖനം വായിച്ചതോർക്കുന്നു. സഭയിലെ പുരോഹിതരിൽ തന്നെ നല്ലൊരു വിഭാഗത്തിനും അന്ന് ഡിവൈൻ കേന്ദ്രത്തിനോടോ അതിന്റെ പ്രവർത്തനത്തിനോടോ യോജിപ്പുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിപ്പിച്ചിരുന്ന ഒരച്ചൻ ( അദ്ദേഹത്തിന്റെ പേരോർക്കുന്നില്ല. പ്രീ-ഡിഗ്രീ ഓർഗാനിക്ക് കെമിസ്ട്രി ആയിരുന്നു) 'അവിടെ നടക്കുന്നതെല്ലാം തട്ടിപ്പാണ്’ എന്ന് ക്ലാസ്സിൽ പരസ്യമായി പറഞ്ഞത് ഇന്നുമോർക്കുന്നു.ക്രിസ്ത്യാനികളിൽ തന്നെ നല്ലൊരു വിഭാഗത്തിന് അന്ന് ഇത്തരം ധ്യാനങ്ങളോട്  ആഭിമുഖ്യമുണ്ടായിരുന്നില്ല.

ഇന്ന് പോട്ടയിലുള്ളത് കൂടാതെ, വ്യക്തികൾ നടത്തുന്നതും സഭ നടത്തുന്നതുമായ ധാരാളം ധ്യാനകേന്ദ്രങ്ങളുണ്ട് കേരളത്തിൽ. വാടകയ്ക്കെടുക്കാവുന്ന ഹാളുകൾ, മൈതാനങ്ങൾ തുടങ്ങിയവയിലും ശീതീകരിച്ച പന്തലുകൾ കെട്ടിയുയർത്തി ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചെകിടടപ്പിക്കുന്ന വിധം ഉച്ചത്തിലുള്ള ധ്യാന, വചന പ്രഘോഷങ്ങളും അവിടെ വിശ്വാസതീവ്രതയിൽ ആടിയുലയുന്ന ആൾക്കൂട്ടങ്ങളും സാധാരണമായ കാഴ്ച്ചയാണ്. ഇതൊന്നും കൂടാതെ ഇപ്പോൾ പള്ളികളിലും ക്രിസ്ത്യൻ കൂട്ടായ്മകളിലും ‘ധ്യാനങ്ങൾ’ നടത്തുന്ന സ്ഥാപനങ്ങളും അച്ചൻമാരുമുണ്ട്.

രണ്ടു മൂന്നു വർഷങ്ങളായി നാട്ടിലെ പള്ളിയിലിലും ( നൂറ് വർഷത്തിലധികം പഴക്കമുള്ള പള്ളിയാണ് ) ഇതു പോലെ ധ്യാനം നടക്കുന്നുണ്ട്.  വെളുപ്പിന് അഞ്ചുമണിക്ക് ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങളോടെ നാട്ടിലെ ക്രിസ്ത്യാനികൾ മുഴുവൻ ജാഥയായി പള്ളിയിലേക്ക് പോകുന്നത് ആദ്യ ദിവസം അമ്പരപ്പോടെയാണ് നോക്കി നിന്നത്.  നാലഞ്ചു ദിവസം  പള്ളിക്കു കീഴിലുള്ള പല കേന്ദ്രങ്ങളിൽ ഈ ധ്യാനങ്ങൾ നടക്കുന്നു. മൈക്ക് മിതമായ ശബ്ദത്തിലേ പ്രവർത്തിപ്പിച്ചുള്ളൂ എന്നത് അവർ പുലർത്തിയ ഒരു മാന്യതയായി തോന്നി.( ഹിന്ദുക്കളോ മുസ്ലീങ്ങളോ ഈ മാന്യത പുലർത്താറില്ല )  പള്ളിപെരുന്നാളിന് ശേഷം അധികം വൈകാതെയാണ് ഈ ധ്യാനം സംഘടിപ്പിക്കപ്പെട്ടെന്നുള്ളത് ആകസ്മികമായിരിക്കാം.

--------------------------

3. കേരളത്തിലെ മുസ്ലീങ്ങൾ സ്വത്വപരമായി സംഘടിച്ചു തുടങ്ങുന്നത് തൊണ്ണൂറുകളുടെ ആരംഭത്തിലാണെന്ന് കരുതുന്നു. അതിനും മുമ്പ് 1985 -ൽ രാജീവ് ഗാന്ധി, ബാബറി മസ്ജിലെ ക്ഷേത്രം ഹിന്ദുക്കൾക്കായി തുറന്നു കൊടുത്തതും 1992 ഇൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതും അതിനു ശേഷം ബി ജെ പി ഇന്ത്യയിലെ അജയ്യമായ രാഷ്ട്രീയ ശക്തിയായി വളർന്നതും അവരിൽ അതിശക്തമായ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ടാവണം. ഒരു ബഹുവർഗ്ഗസമൂഹത്തിൽ ജീവിക്കുന്ന ന്യൂനപക്ഷം, അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയാൽ സ്വത്വപരമായി സംഘടിക്കാൻ തുടങ്ങുന്നത് ലോകമെങ്ങുമുള്ള കാഴ്ച്ചയാണ്. ( അല്പനാളുകൾക്കുള്ളിൽ, അമേരിക്കയിലെ ഇന്ത്യക്കാർ അത്തരത്തിൽ സംഘടിക്കുമെന്ന് കരുതുന്നു )

ഗൾഫിലേക്കുള്ള കുടിയേറ്റവും അവിടത്തെ ഇസ്ലാം ജീവിതവും അതിനെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടാവണം. മദനിയുടേയും അതിനു ശേഷം വന്ന സമാനമനസ്ക്കരുടേയും മതപ്രഭാഷണങ്ങൾ അതിന്റെ ആക്കം കൂട്ടിയിട്ടുമുണ്ടാകും. ഇന്ന് മതപ്രഭാഷണങ്ങൾ നടക്കാത്ത, ‘ഖുറാനിൽ എല്ലാമുണ്ട്, ( അതിന്റെ വ്യംഗ്യം മറ്റു മതങ്ങളിൽ അതൊന്നുമില്ല എന്നാണല്ലോ. അല്പമൊന്ന് പ്രകോപിപ്പിച്ചാൽ, ഇത്തരം മതമൗലികവാദികളിൽ നിന്ന് എളുപ്പം പുറത്തു വരികയും ചെയ്യും അത് ) എന്നൊക്കെയുള്ള സ്വമതപ്രേമം വളർത്തുന്ന ശകലങ്ങളില്ലാത്ത പ്രസംഗങ്ങളില്ലാത്ത പള്ളികൾ ഇന്ന് കേരളത്തിലുണ്ടാവില്ല. നടപ്പിലും എടുപ്പിലും മറ്റുള്ളവരിൽ നിന്ന് വേറിട്ട ‘സ്വത്വം’ പുലർത്തേണ്ടവരാണ് തങ്ങൾ എന്ന വിശ്വാസം കേരളത്തിലുള്ള മുസ്ലീങ്ങളിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്നു.

-----------------------

4. ഹിന്ദുവിനെ ഏകീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംഘപരിവാർ ഹിന്ദു പുരോഹിതർക്ക് അളവില്ലാത്ത പിന്തുണയാണ് നൽകുന്നത്. ഇടതുപക്ഷപാർട്ടികൾക്കോ  കോൺഗ്രസ്സിനോ  ഇതിനാവില്ലെന്നുള്ളത്  അവരുടെ നേട്ടം. അതേ സമയം തങ്ങളെ വിമർശിക്കുന്ന സന്ദീപാനന്ദഗിരിയെ പോലുള്ള മതചിന്തകരെ ദേഹോപദ്രവമേല്പിക്കാനും ഇവർ മടിക്കുന്നില്ല. ഇതുകൊണ്ടൊക്കെ കേരളത്തിലെ ഹിന്ദു പുരോഹിതരിലും ജ്യോത്സ്യന്മാരിലും നല്ലൊരു പങ്കും ഇന്ന് സംഘപരിവാറിന്റെ വിരുന്നുണ്ണുന്നവരാണ്.ഒരു പരസ്പരസഹായസഹകരണസംഘം ഈ മൂന്നുകൂട്ടരും കൂടി പടുത്തുയർത്തി വരുന്നുണ്ട്.

--------------------------
മതവിശ്വാസം  മതമൗലീകതയാകുമ്പോൾ :
--------------------------

 തന്നെക്കൂടാതെ മറ്റുള്ളവരേയും കെണിയിൽ പെടുത്തുന്ന, സ്വയം ആണ്ടുപോവുന്തോറും മറ്റുള്ളവരുടേയും കുരുക്കുകൾ കൂടുതൽ മുറുക്കുന്ന വളരെ വിചിത്രമായ ഒരു കെണിയാണ് മതവിശ്വാസം.
മതസംഘടനാ നേതാക്കളും പുരോഹിതരും  ആ കെണിയിലേക്ക് മനുഷ്യരെ ആകർഷിച്ചു കുടുക്കുന്നു. സ്വാന്ത്വനം,ആത്മശാന്തി, രോഗവിമുക്തി, നല്ല ഭാവി, മരണാനന്തരസ്വർഗ്ഗം, തുടങ്ങിയ അനേകം 'ചക്കരക്കുടങ്ങൾ' പൂജാരി/പുരോഹിതൻ മനുഷ്യർക്ക്  നീട്ടും. ഏതു നിമിഷവും തെറ്റു പറ്റാവുന്ന, തെറ്റു പറ്റിക്കൊണ്ടിരിക്കുന്ന ഒരു ദുർബലജീവിയാണ് നിങ്ങൾ, തങ്ങളും ദൈവവും ചേർന്നാണത് തിരുത്തേണ്ടത് എന്ന് അവർ മനുഷ്യരെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും.'കണ്ടോ കണ്ടോ മറ്റവന്മാർ ചെയ്യുന്നത് കണ്ടോ ?! എത്ര അധമം !! പക്ഷേ നമ്മുടേത് കണ്ടോ, തികച്ചും ദൈവീകം" എന്ന്  തരം കിട്ടുമ്പോഴെല്ലാം  അവർ മനുഷ്യരിൽ അന്യമതവിദ്വേഷവും സ്വമത പ്രേമവും പെരുക്കിക്കൊണ്ടിരിക്കും.

തങ്ങൾക്കൊപ്പമില്ലാത്ത ഭരണാധികാരികളും രാഷ്ട്രീയനേതാക്കളുമടക്കം മറ്റെല്ലാ മനുഷ്യരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും നിങ്ങളുടെ ദൈവവും നിങ്ങളുടെ പുരോഹിതനും മാത്രമാണ് അനന്തമായ വിശ്വാസ്യത പുലർത്തുന്നതെന്നും അവർ  മതാനുയായികളോട് ഒളിഞ്ഞും തെളിഞ്ഞും ഓർമ്മപ്പെടുത്തികൊണ്ടിരിക്കും.  ആത്മവിശ്വാസം കൂട്ടാനെന്ന പേരിൽ അവർ നൽകുന്ന ഓരോ 'സമ്മാന'ങ്ങളും വിശ്വാസിയുടെ ആത്മവിശ്വാസം തകർക്കുകയും വിശ്വാസിയെ കൂടുതൽ കൂടുതൽ അവരിലേക്ക് ബന്ധിതരാക്കുകയും ചെയ്യും.

ജപിച്ചൂതിയ ഏലസ്സ്/പൂജിച്ച പേന/പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ, ഒരു പരീക്ഷയിൽ വിജയിക്കാൻ  ആത്മവിശ്വാസം പകരുന്നുണ്ടല്ലോയെന്ന് നിങ്ങൾ ചോദിച്ചേക്കും. പക്ഷേ തുടർന്നുണ്ടാവുന്ന ചെറുതും വലുതുമായ ആയിരം പരീക്ഷകളൊന്നു പോലും അത്തരമൊന്നിന്റെ പിൻബലമില്ലാതെ നേരിടാൻ ധൈര്യമില്ലാത്ത വിധം, അവർ നിങ്ങളെ അവരിലേക്ക് വലിച്ചു കെട്ടും.

നിങ്ങളതിൽ കൂടുതൽ മുങ്ങുന്തോറും പൊതുഇടങ്ങളെന്ന തുരുത്തുകൾ അന്യമാവുകയും മറ്റു മനുഷ്യർ നിങ്ങളിൽ നിന്ന് അകന്നകന്ന് അവരവരുടേതായ മതഇടങ്ങളിലേക്ക് ആണ്ടു പോവുകയും ചെയ്യും. മനുഷ്യസ്നേഹവും സഹിഷ്ണുതയും സാമൂഹ്യബോധവുമാണ് ആ കെണിയെ ദുർബലമാക്കുന്ന ഉപാധികൾ. പൊതുവേ പറഞ്ഞാൽ ഇതെല്ലാം മനുഷ്യസഹജവുമാണ്. അതുകൊണ്ടു ഇതു മൂന്നും വേണ്ടുവോളമുള്ളവർക്ക് തന്നെ മതവിശ്വാസം ഒരു കെണിയല്ലെന്നും തന്റെയും മറ്റുള്ളവരുടേയും ആശ്വാസത്തിന്/നന്മയ്ക്ക് വേണ്ട ഒരു സംവിധാനമാണെന്നു പോലും അനുഭവപ്പെടാം.ഒരു നല്ല മനുഷ്യൻ മതവിശ്വാസിയാവണമെന്നില്ലെന്ന് ഇപ്പോഴത്തെ മാർപ്പാപ്പ പറഞ്ഞതു പോലെ, ഒരു നല്ല മനുഷ്യൻ യുക്തിവാദിയാവണമെന്നും നിർബന്ധമില്ല. പക്ഷേ താൻ/തങ്ങൾ എവിടെ നിൽക്കുന്നു എന്ന് നിഷ്പക്ഷമായി സ്വയം വിലയിരുത്താനുള്ള ശേഷി അയാൾ/അവർക്ക് കണിശമായും ഉണ്ടായിരിക്കണം.

---------------------------------
പ്രതിരോധിക്കുന്നതെങ്ങനെ ?
‌---------------------------------

മലയാളികൾ ഈ മതമൗലീകവാദികളൊരുക്കുന്ന  കെണിയിലേക്ക് ആണ്ടു പോകുന്നത് തടയാൻ ഇനിയും വൈകിക്കൂടാ. പൊതുഇടങ്ങൾ ശക്തിപ്പെടുത്തി കൊണ്ടും ജാതിക്കും മതത്തിനും അതീതമായ പൊതുകൂട്ടായ്മകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, കലാ, സാഹിത്യ, സാംസ്ക്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു കൊണ്ടുമേ അത് സാധ്യമാവൂ. മതം തന്നെയാണ് തങ്ങളുടെ തട്ടകം എന്നു കരുതുന്നവർക്ക്, മറ്റു വിശ്വാസികളിലും മനുഷ്യരിലും സ്നേഹസഹായങ്ങൾ പകർന്നുകൊണ്ടും ആ കെണിയെ ദുർബലമാക്കാൻ ശ്രമിക്കാം.പക്ഷേ തന്റെ മതത്തിൽ മാത്രം ആണ്ടുമുങ്ങി നിൽക്കുന്ന, മറ്റു മതസ്ഥരെ അഭിസംബോധന ചെയ്യാത്ത ഒരാൾക്ക് ഒരിക്കലും അത് സാധ്യമാവില്ല.

                                                                                                                                    ( തുടരും.....)
-----------------------------
* ശ്രീ ശിവകുമാരേശ്വര ക്ഷേത്രം, എടതിരിഞ്ഞി.
**സെന്റ് മേരീസ് പള്ളി, ചേലൂർ, എടതിരിഞ്ഞി.

Monday, December 12, 2016

ജനഗണമന


1. ജനഗണമനയ്ക്ക്, ത്രിവർണ്ണ പതാകയ്ക്ക് ഒക്കെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അണിനിരക്കുന്നവരെ ഐക്യപ്പെടുത്തുന്നതിൽ പങ്കുണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അങ്ങനെ അണി നിരന്നവർ, തങ്ങളുടേ രാജ്യത്തിനു സ്വന്തമായി ഉണ്ടാകാൻ പോകുന്ന പതാകയും ദേശീയഗാനവും എന്ന നിലയിൽ ബ്രിട്ടീഷ് ആധിപത്യത്തെ ചെറുക്കാൻ വൈകാരികമായി തന്നെ അതെല്ലാം കണ്ടിരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളതും യാഥാർത്ഥ്യമാണ്.

വിവിധ നാനാത്വങ്ങൾ ഇന്നും പുലർത്തുന്ന ഇന്ത്യൻ ജനതയ്ക്ക് അവരെ ഐക്യപ്പെടുത്തുന്ന ചില ദേശീയതാ ബോധങ്ങൾ (ബിംബങ്ങൾ?) ആവശ്യമുണ്ട് എന്നുള്ളതുകൊണ്ട്, കാലോചിതമായി ഇങ്ങനെ ചിലത് തുടർന്നു പോരുന്നതിൽ തെറ്റും കാണുന്നില്ല.

പക്ഷേ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തി, സമരം ചെയ്തവരെ വിസ്മരിച്ചു കൊണ്ട് 'ജനഗണമന' പോലുള്ള ചില ബിംബങ്ങളെ ദിവ്യമായി ഉയർത്തി പ്രതിഷ്ഠിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവിധ ധാരകളും വൈവിധ്യങ്ങളും ദീർഘകാല ചരിത്രവുമുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട് ചെയ്യുന്ന കടുത്ത അനീതിയാകും അത്. സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇടമില്ലാത്ത ചില കൂട്ടരുടെ ഗൂഡോദ്ദേശം തന്നെ അതാണെന്നും വ്യക്തമാണല്ലോ. രക്തസാക്ഷി മണ്ഡപത്തെ ബിംബമായി ആരാധിക്കുകയും രക്തസാക്ഷികളെ മറന്നു പോവുകയും ചെയ്യുന്ന അപകടം അവിടെ സംഭവിച്ചേക്കാം. അതുണ്ടാവരുത്. .

ഉപ്പു സത്യാഗ്രഹത്തിൽ ഉപ്പു കുറുക്കി സമരം ചെയ്തതിന് ധാരാളം സമരസേനാനികൾ മർദ്ദനമേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും ഉപ്പിന് നാം ദിവ്യത്വം കൽപ്പിക്കുന്നില്ലല്ലോ. പകരം അത് ചെയ്തവരെയാണ് നാം ഓർക്കുന്നതും ആദരിക്കുന്നതും. അതാണ് ചരിത്രത്തോടു ചെയ്യുന്ന ശരിയും.

2. എനിക്ക് ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീം കോടതി മുമ്പ് സ്വീകരിച്ച നിലപാടിനോടാണ് യോജിപ്പ്. അവിടെ കോടതി മതസഹിഷ്ണുതയെ കുറിച്ചാണ് പറയുന്നത്. ടാഗോർ, 'ജനഗണമന' യിൽ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്ന ഒരു ദൈവത്തെ സങ്കല്പിക്കുന്നുണ്ട്. എന്നാൽ ഹിന്ദു - ചാർവാക മാർഗ്ഗം/ബുദ്ധമതം ( ഭരണഘടന, അവിശ്വാസിക്ക് പ്രത്യേക സ്വാതന്ത്ര്യമൊന്നും എടുത്തു പറഞ്ഞിട്ടുള്ളതായി അറിവില്ലാത്തതുകൊണ്ടാണ് ബുദ്ധമതത്തെ/ചാർവാക മാർഗ്ഗത്തെ കൂട്ടു പിടിച്ചത് ) പിന്തുടരുന്ന ഒരാൾക്ക് ഈ ദൈവസങ്കല്പത്തോട് യോജിപ്പുണ്ടാവില്ല. അതുകൊണ്ടു തന്നെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അനുവദിച്ചു കൊണ്ട്, 'നിർബന്ധ ബഹുമാനിപ്പിക്കൽ' റദ്ദാക്കുകയാണ് വേണ്ടത് എന്നാണ് എന്റെ നിലപാട്.

ബിജോയ് ഇമ്മാനുവൽ കേസ് വിക്കി ലിങ്ക്  >>
ബിജോയ് ഇമ്മാനുവൽ

സ്വത്വം

തൃശ്ശൂർക്കാരൻ, മലയാളി, ഇന്ത്യാക്കാരൻ, ഏഷ്യാക്കാരൻ, ഭൂവാസി, പ്രപഞ്ചവാസി, സസ്തനി, ദൈവവിശ്വാസി, മതവിശ്വാസി, യുക്തിവാദി, ഇടത്തരക്കാരൻ, ദരിദ്രൻ, ശമ്പളക്കാരൻ, ജീവിതശൈലീ രോഗമുള്ളവൻ, ഇങ്ങനെയിങ്ങനെ പലർക്കും
അനേകമനേകം 'സ്വത്വ'ങ്ങൾ ഉണ്ട്.. പലയിടത്തും പലതും പറയേണ്ടിയും ഉപയോഗിക്കേണ്ടിയും അറിയിക്കേണ്ടിയും വരുന്നു. എന്നാൽ ഒരിടത്ത് 'മലയാളി' എന്ന 'സ്വത്വം' പ്രസക്തമാവുമ്പോൾ മറ്റൊരിടത്ത് 'എ പോസീറ്റീവ് ബ്ലഡ്ഡുകാരൻ എന്ന 'സ്വത്വ'വും , പിന്നെയൊരിടത്ത് 'വിവാഹിതൻ' എന്ന സ്വത്വവും പ്രസക്തമായി വരും. ഇനിയൊരിടത്ത് 'വരുമാന നികുതി അടക്കുന്നവൻ' എന്ന 'സ്വത്വ'വും പിന്നെയൊരിടത്ത് ''ചുരിദാർ ഇടുന്നവൾ' എന്ന 'സ്വത്വ'വും പ്രസക്തമായേക്കാം. ഇങ്ങനെ പലയിടത്ത് പല തലങ്ങളിൽ സ്വത്വങ്ങളുടെ വൈവിധ്യമാർന്ന പ്രയോഗങ്ങളും മറ്റൊരിടത്ത് പല തലത്തിൽ, സമയങ്ങളിൽ സ്വത്വത്തിന്റെ ഏകത്വവും സാധ്യമാവുന്നു. പലതും താൽക്കാലികമായി രൂപപ്പെടുന്നതും മിനിറ്റുകളുടെ ആയുസ്സുള്ളതുമാവുമ്പോൾ ചിലത് നൂറ്റാണ്ടുകളിലൂടേ കടന്നു പോകുന്നു. ആവശ്യത്തിന്റെ അടിസ്ഥാനത്തിനനുസരിച്ച് അതുവരെയില്ലാത്ത പലതും പുതുതായി രൂപപ്പെടുന്നു. മറ്റ് ചിലത് അപ്രസക്തമാവുമ്പോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടോ അല്ലാതെയോ അപ്രത്യക്ഷമാവുന്നു.

ഏതെങ്കിലും ഒരു സ്വത്വം പുലർത്തുന്നു/പേറുന്നു എന്നതിന്റെ പേരിൽ ഒരാൾ / ഒരു സമൂഹം മറ്റുള്ളവരിൽ നിന്ന് ചൂഷണം നേരിടുമ്പോൾ അതേ സ്വത്വം പുലർത്തി കൊണ്ടു തന്നെ ചൂഷകനെ അതിനു മുകളിൽ ചൂഷിതനും ചൂഷകനും ഒരുമിച്ചു വരുന്ന സ്വത്വത്തെ ഓർമ്മിപ്പിച്ചു കൊണ്ട് പോരാട്ടങ്ങൾ ഉണ്ടാവുന്നു, ചൂഷകൻ പോരാട്ടം അതംഗീകരിച്ചു കൊണ്ടു പിൻവാങ്ങിയാൽ, അതിന്റെ പേരിലുള്ള ചൂഷണം പൂർണ്ണമായി അവസാനിച്ചാൽ, താഴെയുള്ള സത്വം പതിയെ ഇല്ലാതാവുകയോ അപ്രസക്തമാവുകയോ ചെയ്യുകയും മുകൾത്തട്ടിലെ സത്വം നിലനിൽക്കുകയും ചെയ്യുന്നു. ആ സത്വം മറ്റൊരു തരത്തിലുള്ള ചൂഷണത്തിനു കാരണമാകുന്നുണ്ടെങ്കിൽ മറ്റൊരു പോരാട്ടം ജനിക്കുന്നു/തുടരുന്നു..


എന്നാൽ, ഇതിൽ താഴെത്തട്ടിലുള്ള/സങ്കുചിതമായ ഏതെങ്കിലും ഒരു സ്വത്വബോധത്തോടു മാത്രം കടുത്ത ആഭിമുഖ്യം പുലർത്തുകയും മറ്റെല്ലാം നിരാകരിക്കുകയും ചെയ്യുന്ന ഒരാൾ ഒരു സ്വന്തന്ത്ര സമൂഹത്തിൽ, മനുഷ്യർ തമ്മിലുള്ള സ്വതന്ത്രമായും പല തലത്തിലും നടക്കേണ്ടുന്ന 'സ്വത്വപരമായ' കൊടുക്കൽ വാങ്ങലുകൾക്കും സംഘം ചേരലുകൾക്കും വിഘാതമാവുകയും മിക്കപ്പോഴും ഒരു തലത്തിലും സമൂഹത്തിന്റെ ഏകത്വം സാധ്യാമാവാത്ത രീതിയിൽ അപകടകാരിയായി തീരുകയും ചെയ്യുന്നു.

അതുകൊണ്ട്, പോരാട്ടങ്ങൾ വേണ്ടത് സ്വത്വങ്ങളെ ഇല്ലാതാക്കാനോ നിരാകരിക്കാനോ അല്ല, , സ്വത്വങ്ങൾ ചൂഷണത്തിനു വേണ്ടി വിനിയോഗപ്പെടുത്തുന്നതിനെതിരെയാണ്. താഴെത്തട്ടിലുള്ള/സങ്കുചിതമായ ഏതെങ്കിലും ഒരു സ്വത്വബോധത്തിൽ മാത്രം അഭിരമിക്കുന്നതിനെതിരെയും അങ്ങനെ ഒതുക്കി നിർത്തുന്നതിനെതിരെയുമാണ്.

കറുത്തവന്റേയും ഇരുണ്ടവന്റേയും നിറം ഇല്ലാതാക്കി വെളുത്തവനൊപ്പമെത്തിക്കാനാവില്ല. കറുത്തവനും ഇരുണ്ടവനും വെളുത്തവനും മനുഷ്യനാണ് എന്ന മറ്റൊരു സ്വത്വം പകർന്നു കൊണ്ടേ അതു സാധ്യമാവൂ. വെളുത്തവനിലെ അവസാന മനുഷ്യനും തന്റെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള ചൂഷണം അവസാനിപ്പിക്കുമ്പോൾ, ആ നിറം കൊണ്ടുമാത്രം താൻ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠനാണ് എന്ന ചിന്ത അവസാനിപ്പിക്കുമ്പോൾ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള സ്വത്വം അവസാനിക്കുകയോ അപ്രസക്തമാവുകയോ ചെയ്യുകയും മനുഷ്യൻ എന്ന സ്വത്വം മാത്രം പ്രസക്തമാവുകയും ചെയ്യുന്നു.

Thursday, June 30, 2016

ഹോമിയോ

ഒരു അനുഭവം എന്തുകൊണ്ട് ഉണ്ടാവുന്നു എന്നുള്ള അന്വേഷണമാണ് ശാസ്ത്രം. ഇന്നയിന്ന കാരണങ്ങൾ കൊണ്ട് കാന്തത്തിന് ആകർഷണബലം ഉണ്ടാവുന്നു, ഇന്നയിന്ന കാരണങ്ങൾ കൊണ്ട് ഷോക്ക് അനുഭവപ്പെടുന്നു എന്ന നിഗമനങ്ങൾ അത്തരം അന്വേഷണത്തിനൊടുവിൽ ശാസ്ത്രം മുന്നോട്ടു വെക്കുന്നു. ആ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും പരീക്ഷണങ്ങൾ നടത്തുന്നു, അതിനടിസ്ഥാനമായ ശാസ്ത്രതത്വം/സിദ്ധാന്തം രൂപീകരിക്കുന്നു. എന്തുകൊണ്ട് ചില വസ്തുക്കൾക്ക് കാന്തശക്തി ഉണ്ടാവുന്നില്ല, ചില വസ്തുക്കളെ കാന്തം ആകർഷിക്കുന്നില്ല, എന്തുകൊണ്ട് കുറഞ്ഞ അളവിലുള്ള വൈദ്യുതിയിൽ ഷോക്ക് അനുഭവപ്പെടുന്നില്ല എന്നെല്ലാം ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാവുന്നുണ്ടെങ്കിൽ ആ ശാസ്ത്രതത്വങ്ങളുടെ/സിദ്ധാന്തങ്ങളുടെ സ്വീകാര്യത വർദ്ധിക്കുന്നു. ഇല്ലെങ്കിൽ സിദ്ധാന്തം നിരാകരിക്കപ്പെടുകയോ തിരുത്തപ്പെടുകയോ പുതുക്കപ്പെടുകയോ ചെയ്യുന്നു. ഇതാണ് ശാസ്ത്രത്തിന്റെ രീതി. അതുകൊണ്ടു തന്നെ അന്തിമമായി ഇതുമാത്രമാണ് ശരി എന്ന നിലപാട് ശാസ്ത്രം സ്വീകരിക്കില്ല. അതേ സമയം അതുവരെയുള്ള തെളിവുകളുടെയും സ്വീകാര്യതയുടേയും അടിസ്ഥാനത്തിൽ, നിലവിലുള്ള പ്രതിഭാസങ്ങളെ/സംഭവങ്ങളെ പരിശോധിച്ച് നിലവിൽ അതു ശാസ്ത്രീയമാണോ അല്ലയോ എന്നു പറയാതിരിക്കാനും ശാസ്ത്രത്തിനാവില്ല. ശാസ്ത്രീയമായി സ്വീകരിക്കപ്പെടുന്നില്ലെങ്കിൽ 'ശാസ്ത്രത്തിന് ഇതുവരെ വിശദീകരിക്കാനാവാത്ത പ്രതിഭാസമാണ്' എന്ന നിഗമനത്തിലെത്താം, അന്വേഷണം തുടരാം, പുതിയ സിദ്ധാന്തങ്ങൾ അവതരിപ്പിക്കാം. വീണ്ടും പരിശോധന തുടരാം.
സദൃശ്യം സദൃശ്യത്തെ സുഖപ്പെടുത്തുന്നു, നേർപ്പിക്കുന്തോറും വീര്യം കൂടും - ഹോമിയോയുടെ ഈ രണ്ട് അടിസ്ഥാന തത്വങ്ങൾ, നിലവിൽ സ്വീകാര്യമായ ശാസ്ത്രതത്വങ്ങളുടേയും സിദ്ധാന്തങ്ങളുടേയും അടിസ്ഥാനത്തിൽ തെളിയിക്കാൻ ഇതുവരെ ഹോമിയോപ്പതിക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഇതു ശാസ്ത്രവിരുദ്ധമാണ് എന്ന നിലപാടെടുക്കാതിരിക്കാനും ശാസ്ത്രത്തിനാവില്ല.
ഹോമിയോ മരുന്നിലൂടെ രോഗം മാറിയ അനുഭവമുള്ളവർ ധാരാളമുണ്ട്. എന്റെ വീട്ടിലും ആ അനുഭവമുള്ള ഒരാൾ ഉണ്ട്. ഒരാളുടെ അനുഭവത്തെ നിഷേധിക്കാൻ മറ്റൊരാൾക്കോ ശാസ്ത്രത്തിനോ ആവില്ല. പക്ഷേ ഹോമിയോ ചികിത്സ ശാസ്ത്രീയമായി തെളിയിക്കണമെങ്കിൽ, ആദ്യം തന്നെ മരുന്ന് ഡബിൾ ബ്ലൈന്റ് ടെസ്റ്റിനു വിധേയമാക്കണം. അതിന്റെ അടിസ്ഥാനത്തിൽ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ കൂടുതൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി ഉറപ്പിച്ച്, അതൊരു പ്രതിഭാസമായി വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ആ പ്രതിഭാസത്തെ വിശദീകരിക്കാൻ കഴിയുന്ന ഒരു പുതിയ സിദ്ധാന്തം മുന്നോട്ടുവെക്കുകയും വേണം. ആ സിദ്ധാന്തം നിലവിലുള്ള മറ്റ് ശാസ്ത്രസിദ്ധാന്തങ്ങളെ അനുസരിക്കുന്നുണ്ടോ എന്നു നോക്കണം. ഇല്ലെങ്കിൽ ആ സിദ്ധാന്തത്തെ നിരാകരിക്കുകയോ തിരുത്തുകയോ പുതുക്കുകയോ വേണം. അതല്ല സിദ്ധാന്തം ശരിയാണെന്ന് ഉറച്ചു നിൽക്കുകയാണെങ്കിൽ, അതിനെ നിരാകരിക്കുന്ന നിലവിലുള്ള മറ്റ് ശാസ്ത്രസിദ്ധാന്തങ്ങളെ അതിന്റെ അടിസ്ഥാനത്തിൽ തിരുത്തുകയോ പുതുക്കുകയോ ചെയ്യണം, ആ ശാസ്ത്രസിദ്ധാങ്ങൾ വിശദീകരിച്ചിരുന്ന പ്രതിഭാസങ്ങളെ ഈ പുതുക്കലിന്റെ അടിസ്ഥാനത്തിൽ പുതുതായി വിശദീകരിക്കണം. അത്രയേ വേണ്ടൂ. അല്ലാതെ ശാസ്ത്രത്തിനു 'ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്' സമീപനമൊന്നുമില്ല. പക്ഷേ ഈ പണി ഹോമിയോപ്പതിക്കാർ തന്നെ ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ 'ഞാൻ മന്ത്രവാദം ചെയ്തു രോഗം മാറ്റും. ചിലപ്പോൾ മാറിയില്ലെന്നും വരും. മാറുന്നതും മാറാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്' എന്ന നിലപാട് നമ്മളൊക്കെ അംഗീകരിക്കേണ്ടി വരും.

Sunday, June 26, 2016

ഹോമിയോ ചികിത്സ നിരോധിക്കണോ ?


ഹോമിയോ ചികിത്സയിലെ എടുത്തു പറയാവുന്ന അനുഭവങ്ങൾ :

1. തൂജ ഓയിന്മെന്റ് പുരട്ടിയപ്പോൾ പശുവിന്റെ അരിമ്പാറ പോലുള്ള അടയാളങ്ങൾ മാറി.
2. അമ്മയ്ക്ക് കാലിൽ ഒരു മുഴ പോലെയുണ്ടായിരുന്നു. പുറത്തേക്ക് കാണില്ല. പക്ഷേ തൊട്ടു നോക്കുമ്പോൾ അറിയാം. അലോപ്പതിയിൽ ആദ്യം കാണിച്ചു. മരുന്നു കഴിച്ചും മാറാതായപ്പോൾ സർജറി വേണ്ടി വന്നേക്കും എന്നു പറഞ്ഞു. ഹോമിയോ ചികിത്സിച്ചപ്പോൾ ഇതു പൂർണ്ണമായും മാറി. ഇതേ അനുഭവം ഒരു സഹപ്രവർത്തകയ്ക്കും ഉണ്ടായി.
3. എന്റെ കുട്ടികളുടേത് ഉൾപ്പെടേ വീട്ടിലെ എല്ലാവരും പല രോഗങ്ങൾക്കും ( പനി, ജലദോഷം, രക്തസമ്മർദ്ദം, പ്രമേഹം ) പലപ്പോഴായി ഹോമിയോയെ സമീപിച്ചിട്ടുണ്ട്. രോഗങ്ങൾ മാറാതെ അലോപ്പതിയെ സമീപിക്കേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും അലോപ്പതിയെ സ്വീകരിച്ചത് ഹോമിയോ ഡോക്ടർ റഫർ ചെയ്തതുകൊണ്ടല്ല, രോഗം മാറാത്തതുകൊണ്ടാണ്.

ചികിത്സ ഫലപ്രദമല്ലെന്നു കണ്ടാൽ രോഗികൾ ഡോക്ടറെ മാറ്റും. അത് അലോപ്പതിയിൽ നിന്ന് അലോപ്പതിയിലേക്കും ഹോമിയോപ്പതിയിലേക്കും ആയുർവേദത്തിലേക്കും യുനാനിയിലേക്കും നേരെ തിരിച്ചും മറിച്ചും ഒക്കെ സംഭവിക്കാറുണ്ട്. എന്തിന് ധ്യാനകേന്ദ്രങ്ങളേയും ആൾദൈവങ്ങളേയും മന്ത്രവാദത്തേയും വരെ രോഗികൾ സമീപിക്കുന്നു. ശാസ്ത്രമല്ല, അനുഭവത്തിലൂന്നിയ വിശ്വാസമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരുടെ അനുഭവങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശകളും കേട്ടറിവുകളുമെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്.

പക്ഷേ അനുഭവത്തിലൂന്നിയുള്ള നിഗമനങ്ങളെ ഒരു പൊതുതത്വമായി സ്വീകരിക്കാൻ കഴിയില്ല. അതിന് വികാരമോ വിശ്വാസമോ വർഗ്ഗമോ ഒന്നും സ്വാധീനിക്കാത്ത സത്യത്തിന്റെ പിന്തുണ വേണം. ശാസ്ത്രം സത്യാന്വേഷണമായതുകൊണ്ട് ശാസ്ത്രീയമായ നിഗമനങ്ങളെ സ്വീകരിക്കണം. അനുഭവങ്ങളെ പഠനവിധേയമായി ശാസ്ത്രീയ പിന്തുണയില്ലാത്തവയെ അങ്ങനെ തന്നെ അംഗീകരിക്കണം. അല്ലാതെ സമൂഹത്തിനു മുന്നോട്ടു പോകാൻ കഴിയില്ല.
ഹോമിയോയുടെ മരുന്ന് നിർമ്മാണ തത്വത്തിന് ശാസ്ത്രീയ പിന്തുണയില്ലെന്ന് വ്യക്തമാണ്. ഹോമിയോ ഭേദപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന മിക്കരോഗങ്ങളും ശരീരം സ്വയം ചികിത്സിച്ചു മാറ്റുമെന്നും ഹോമിയോ മരുന്നുകൾ 'പ്ലാസിബോ ഇഫക്ട്. മാത്രമേ ചെയ്യുന്നുള്ളൂവെന്ന് അലോപ്പതിക്കാർ അഭിപ്രായപ്പെടുന്നു. ഫലപ്രാപ്തിയും ജനസ്വീകാര്യതയുമാണ് ഹോമിയോ ഡോക്ടർമാർ മുന്നോട്ടു വെക്കുന്ന തെളിവുകൾ. ചില ഹോമിയോ ഡോക്ടർമാർ, ' എങ്ങനെ രോഗം മാറുന്നു എന്നുള്ളത് ഭാവിയിൽ ശാസ്ത്രം തെളിയിക്കും' എന്ന നിലപാട് സ്വീകരിക്കുന്നു. ഈ രണ്ടു നിലപാടും പക്ഷിശാസ്ത്രം തൊട്ടുള്ള സകല കപടശാസ്ത്രക്കാരും സ്വീകരിക്കുന്ന ഒന്നാണ്.

പക്ഷേ ഹോമിയോഡോക്ടർമാർ ശരീരത്തെക്കുറിച്ചും രോഗങ്ങളെ കുറിച്ചും ശാസ്ത്രീയമായി പഠിക്കുന്നുണ്ട് (എന്നാണ് കരുതുന്നത്.) അല്ലോപ്പതിയിലെ ടെസ്റ്റുകളും അവർ സ്വീകരിച്ചു കാണുന്നു. അതുകൊണ്ടു തന്നെ ചികിത്സാസംബന്ധമായി വ്യാജവൈദ്യന്മാരേക്കാളും ആൾദൈവങ്ങളേക്കാളുമെല്ലാം വളരെയധികം അറിവ് ഹോമീയോ ഡോക്ടർമാർക്ക് ഉണ്ടെന്നു തന്നെ അംഗീകരിക്കേണ്ടതുണ്ട്. ചികിത്സാരീതിയും അതിനടിസ്ഥമായ സിദ്ധാന്തവുമാണ് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത്. തങ്ങളുടെ പരിധിയിൽ നിൽക്കാത്ത രോഗങ്ങളെ അവർ അലോപ്പതിയിലേക്ക് റഫർ ചെയ്യാറുണ്ട് എന്നും ചില ഹോമിയോ ഡോക്ടർമാർ പറയുന്നു. അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിൽ തന്നെ രോഗം മാറിയില്ലെങ്കിൽ ആദ്യം പറഞ്ഞപോലെ ചികിത്സാരീതി രോഗി തന്നെ മാറ്റും. ആകെ പ്രശ്നമുള്ളത് ഇതിനു വേണ്ടിയെടുക്കുന്ന സമയം മാത്രമാണ്. ഗുരുതരമായ രോഗങ്ങളെ ( അങ്ങനെ സംശയിക്കുന്നവയേയും ) ആദ്യമേ തന്നെ അലോപ്പതിയിലേക്ക് റഫർ ചെയ്യാൻ ഹോമിയോ ഡോക്ടർമാർ തയ്യാറായാൽ അതില്ലാതാകും. അതുകൊണ്ട്, 'ഭാവിയിൽ തെളിയിക്കപ്പെടും' എന്ന ശുഭാപ്തിവിശ്വാസം സ്വീകരിച്ചുകൊണ്ടു തന്നെ 'നിലവിൽ ഹോമിയോ ചികിത്സ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല' എന്ന് അംഗീകരിക്കാൻ ഹോമിയോ ഡോക്ടർമാർ തയ്യാറാവണം. തപാൽ വഴി ഹോമിയോ പഠിച്ച് ചികിത്സക്കിറങ്ങുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. അതുപോലെ തന്നെ രോഗിയേ കുറിച്ചും രോഗത്തേ കുറിച്ചും നിർദ്ദേശിക്കുന്ന ചികിത്സയും ആദ്യം മുതൽ രേഖപ്പെടുത്തുന്ന കുറിപ്പുകൾ രോഗിക്ക് നൽകി ഇക്കാര്യത്തിലെ രഹസ്യാത്മകത അവസാനിപ്പിക്കാനും ഒരു രോഗിയെന്ന നിലയിൽ അയാളുടെ അവകാശം അംഗീകരിക്കാനും ഹോമിയോപ്പതിക്കാർ തയ്യാറാവണം.

പ്രകോപനം : ഡിങ്കമതം ഹോമിയോയെ ചൊല്ലി പിളർന്നത്രേ.