Tuesday, March 12, 2019

വനിതാ മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കരുതത്രെ !

വനിതാ മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന ആവശ്യത്തിനു പിന്നിൽ : 

-------------------------------------

The court issued the directive after advocate DB Binu argued that making children participate in programmes such as women wall violates the UN Convention on the Rights of the Child.Though state attorney KV Sohan asked the court to allow participation of children who are accompanied by parents or who voluntarily agree to participate, the court said children should not be present at the women’s wall.
(http://timesofindia.indiatimes.com/articleshow/67181934.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst)

കുട്ടികളുടെ അവകാശങ്ങൾക്കായുള്ള U N ചാർട്ടർ അനുസരിച്ച്, വനിതാ മതിൽ പോലുള്ള പരിപാടികൾ കുട്ടികളെ പങ്കെടുപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാകുമെന്ന് അഡ്വ. ഡി ബി ബിനു വാദിച്ചു. സ്വന്തം താല്പര്യപ്രകാരമോ രക്ഷിതാക്കൾക്കൊപ്പമോ പങ്കെടുക്കാൻ കുട്ടികളെ അനുവദിക്കണമെന്ന് സ്റ്റേറ്റ് അറ്റോർണി അഡ്വ. സോഹൻ ആവശ്യപ്പെട്ടെങ്കിലും വനിതാമതിലിൽ കുട്ടികൾ ഉണ്ടാവരുതെന്ന് കോടതി നിർദ്ദേശിച്ചു.

( ടൈംസ് ഓഫ് ഇന്ത്യ)

ഇങ്ങനെയൊരു റിപ്പോർട്ട് കണ്ടതുകൊണ്ട് ഈ പറഞ്ഞ U N ചാർട്ടർ തപ്പിയെടുത്ത് വായിച്ചു. മാതാപിതാക്കൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് അവരുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കാവുന്ന ഒരു വരി പോലും കണ്ടെത്താനായില്ല. നിയമഞ്ജരും മറ്റുള്ളവരും ഇത് വായിക്കണം, അത്തരത്തിലുള്ള വ്യവസ്ഥകൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാട്ടണം.

ലിങ്ക് >> https://www.ohchr.org/en/professionalinterest/pages/crc.aspx

മാത്രമല്ല, ഇതേ ചാർട്ടറിലെ

1. ആർട്ടിക്കിൾ ( 9) അനുസരിച്ച്, ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ഉത്തമതാല്പര്യത്തിന് ബോധ്യമുണ്ടെന്ന അടിസ്ഥാനത്തിൽ ജുഡിഷ്യൽ അധികാരമുള്ളവരല്ലാതെ ആരും കുട്ടിയുടെ താല്പര്യത്തിനു വിരുദ്ധമായി അവരെ മാതാപിതാക്കളിൽ നിന്ന് വേർതിരിക്കരുത്.

2. ആർട്ടിക്കിൾ (12) പ്രകാരം കുട്ടികളുടെ പ്രായത്തിനും പക്വതയ്ക്കുമനുസരിച്ച് അവർ സ്വതന്ത്രമായി പറയുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിക്കേണ്ടതും അവരെ സംബന്ധിച്ചുള്ള നിയമപരമോ ഭരണപരമോ ആയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് അവരെ കേൾക്കേണ്ടതുമാണ്.

3. ആർട്ടിക്കിൾ (15 ) അനുസരിച്ച് കുട്ടികൾക്ക് സമാധാനപരമായി സംഘം ചേരുന്നതിനും സംഘടനകൾ രൂപീകരിക്കുന്നതിനും അവകാശമുണ്ട്. സുരക്ഷാകാരണങ്ങളാലോ പൊതുതാല്പര്യം മുൻനിർത്തിയോ അല്ലാതെ ഈ അവകാശം പരിമിതപ്പെടുത്താനും പാടില്ല.

ഈ വകുപ്പുകൾ കോടതി കാണാതിരുന്നതെന്തുകൊണ്ടാണ് എന്നു മനസ്സിലാകുന്നില്ല.

കുട്ടികളെ വനിതാമതിലിൽ പങ്കെടുക്കുന്നത് വിലക്കണം എന്ന ആവശ്യത്തിലെ ദുഷ്ടലാക്ക് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കുട്ടികൾ പങ്കെടുക്കുന്നത് തടഞ്ഞാൽ, വൈകീട്ട് അവർ സ്കൂൾ വിട്ടു വരുന്ന സമയത്ത് അവർ വീട്ടിൽ തനിച്ചായേക്കാവുന്ന കാര്യമോർത്ത് അമ്മമാരാരും മതിലിൽ പങ്കെടുക്കില്ല. 'കുട്ടികൾ' എന്നവരിൽ പിഞ്ചുകുട്ടികളും ഉൾപ്പെടും എന്നുള്ളതുകൊണ്ട്, സ്കൂളിൽ പോകാൻ പ്രായമെത്താത്ത കുഞ്ഞുങ്ങളുടെ അമ്മമാരും പങ്കെടുക്കില്ല. ഫലത്തിൽ, സംസ്ഥാനത്തെ നല്ലൊരു വിഭാഗം അമ്മമാരും മതിലിൽ പങ്കെടുക്കില്ല. വനിതാ മതിൽ പൊളിക്കാൻ ഇങ്ങനെ അമ്മമാരെ പരോക്ഷമായി തടഞ്ഞു നിർത്തിയാൽ മതിയല്ലോ. ഒന്നാന്തരം കുരുട്ടുബുദ്ധി തന്നെ.

ഈ വിഷയത്തിൽ അഡ്വ. ഹരീഷ് വാസുദേവൻ എഴുതിയ പോസ്റ്റ്. >>
https://www.facebook.com/harish.vasudevan.18/posts/10156912986387640

പ്രത്യേക ശ്രദ്ധയ്ക്ക് : മാധ്യമങ്ങളിൽ നിന്നുള്ള വിവരമനുസരിച്ചാണ് ഈ പോസ്റ്റ്. ഈ കേസിലെ ഇടക്കാല വിധി കണ്ടിട്ടില്ല. രക്ഷിതാക്കൾക്കൊപ്പവും കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് കോടതി വിധിക്കുമെന്ന് വിശ്വാസമില്ല. ( പാസിങ്ങ് കമന്റ് പറഞ്ഞിരിക്കാം) പറഞ്ഞെങ്കിൽ തന്നെ അത് പൗരാവകാശനിഷേധവും കുട്ടികളുടെ അവകാശനിഷേധവുമാണെന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ സംഘാടനത്തിലും അല്ലാതെയും മതിലിനോടുള്ള എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ എന്റെ കുടുംബത്തോടൊപ്പം കുട്ടികളും വനിതാ മതിലിൽ പങ്കെടുക്കും.

@ Viddiman

അധികാരം - 1

കൊളംബസിന് എന്തുകൊണ്ട് അമേരിക്ക ( ?) കണ്ടു പിടിക്കാൻ കഴിഞ്ഞു എന്ന ചോദ്യത്തിന് ഒരു രസകരമായ കാരണം പറഞ്ഞു കേട്ടിട്ടുണ്ട്. 

കുഞ്ഞിന്റെ ജനനത്തോടെ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. അതിനു ശേഷമാണ് അദ്ദേഹം പ്രധാനപ്പെട്ട എല്ലാ കപ്പൽ യാത്രകളും നടത്തിയിട്ടുള്ളതായി കേട്ടിട്ടുള്ളത്. 

അതു തന്നെയാണ് കാരണം. 

എവിടേയ്ക്ക് പോകുന്നു ? അവിടെ എന്താ കാര്യം ? എപ്പോ തിരിച്ചു വരും ? വരുമ്പോൾ രണ്ടു മെഴുകുതിരീം അഞ്ച് കോഴിമുട്ടേം വാങ്ങിവരണം, തുടങ്ങിയ അന്തവും അവസാനവുമില്ലാത്ത അണ്ഢകടാഹ ചോദ്യശരങ്ങൾ പിന്നിൽ നിന്ന് എയ്തുകൊല്ലാക്കൊല ചെയ്യാൻ ഒരു ഭാര്യയില്ലാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിനു നാലുയാത്രകളും സ്വസ്ഥമായി ആരംഭിക്കാൻ കഴിഞ്ഞതാണ് എന്നാണ് കഥ.

ഇത്തരം മാരകചോദ്യശരങ്ങളേറ്റ് തളർന്ന് "പുല്ല്..എന്നാപ്പിന്നെ ഇനി എങ്ങോട്ടും പോകുന്നില്ല &*^*&^ " എന്ന് പ്രാകി ചാരുകസേരയിൽ തന്നെ വീണു പോകുന്നത് നമ്മൾ പല ഭർതൃകേസരികൾക്കും അനുഭവവുമുണ്ടായിരിക്കും.

എന്തുകൊണ്ട് ഭാര്യമാർ ഇങ്ങനെ ചോദിക്കുന്നു ?

'തീരുമാനമെടുക്കൽ' എന്ന പ്രക്രിയ അധികാരത്തിൽ വളരെ പ്രാധാന്യമുള്ളതാണ്.

ഒരു തീരുമാനമെടുക്കാൻ ഒരു അധികാരി നിങ്ങളുടെ സഹായം തേടി എന്നാൽ, അയാളുടെ അധികാരത്തിൽ നിങ്ങൾക്കും ഒരു പങ്കു കിട്ടി എന്നാണർത്ഥം. അധികാരി ആവശ്യപ്പെട്ടിട്ടല്ലെങ്കിൽ പോലും, അയാളെടുക്കുന്ന തീരുമാനത്തിൽ നിങ്ങളുടെ സംഭാവനയും ഉൾചേർന്നിട്ടുണ്ടെങ്കിലും ആ അധികാരത്തിൽ നിങ്ങൾക്കൊരു പങ്കു ലഭിക്കും. അതൊരു സ്വാഭാവീകനീതിയാണെന്ന് അധികാരിക്കും, അധികാരിക്ക് സഹായം നൽകിയ ആൾക്കും അറിയാം.

നേരെ മറിച്ച്, 'താൻ ഇന്ന തീരുമാനമെടുത്തിരിക്കുന്നു. നിങ്ങൾ അതനുസരിക്കുക' എന്ന് ആജ്ഞാപിക്കുന്ന ഒരാളുടെ അധികാരത്തിൽ ഒരു തരിമ്പു പോലും ഇടിവുണ്ടാവുകയില്ല. തന്റെ അധികാരം പൂർവ്വാധികം ശക്തിയായി അയാൾക്ക് എക്കാലവും നിലനിർത്താം.

ഷർട്ടിട്ട് മുടി ചീകി മൂളിപ്പാട്ടും പാടി ഭർത്താവ് വീട്ടിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോൾ, 'ഭർത്താവെന്ന അധികാരി' തന്നിഷ്ടപ്രകാരം തീരുമാനമെടുത്തിരിക്കുന്നു, അതിനനുസരിച്ച് താൻ പ്രവർത്തിക്കാൻ പോകുന്നു' എന്ന അധികാരപ്രമത്തതയുടെ സൂചനയാണ് ഭാര്യയ്ക്ക് നൽകുന്നത്.

കുടുംബത്തിൽ തുല്യപങ്കാളിത്തം ആഗ്രഹിക്കുന്ന ഒരു ഭാര്യയും അതിഷ്ടപ്പെടില്ല. അതുകൊണ്ട്, നിരന്തരമായ ചോദ്യം ചെയ്യലുകളിലൂടെ അയാളുടെ തീരുമാനത്തെയും അതുവഴി സ്വേച്ചാധികാരത്തെയും ചോദ്യം ചെയ്യാനാണ് അബോധപൂർവ്വമായാലും അവൾ ശ്രമിക്കുക. ഭർത്താവിന്റെ തന്നിഷ്ടപ്രകാരമുള്ള തീരുമാനത്തെ തിരുത്തുകയോ പരിഷ്ക്കരിക്കുകയോ ചെയ്യാൻ കഴിഞ്ഞാൽ അയാളുടെ അധികാരത്തിൽ പങ്കാളിയാവുക എന്ന പ്രക്രിയയാണ് നടക്കുന്നതെന്ന് അവളുടെ ആന്തരബുദ്ധി ഉപദേശിക്കുന്നുണ്ടാവും.

സംശയം വേണ്ട, ഇത്തരം ചോദ്യശരങ്ങളിലൂടെ, നിങ്ങളുടെ ആണധികാരബോധത്തെ, അധിന്റെ സ്വേച്ഛാപ്രയോഗങ്ങളെയാണ് അവൾ നിലംപരിശാക്കാൻ ശ്രമിക്കുന്നത്. തുല്യാവകാശമുള്ള ഏതൊരാൾക്കും അർഹതയുള്ളതാണ് ആ ആക്രമോണുത്സുകത. നിങ്ങൾ അനർഹമായി അധികാരം കൈയ്യിൽ വച്ചിരിക്കുന്നു, അന്യായമായി അതാസ്വദിക്കാൻ ശ്രമിക്കുന്നു എന്നു മാത്രമാണ് അത്തരം ചോദ്യശരങ്ങൾ അസ്വസ്ഥമാക്കുമ്പോൾ തിരിച്ചറിയേണ്ടത്.

ചിന്തകളിൽ, തീരുമാനങ്ങളിൽ, അധികാരങ്ങളിൽ അവളേയും പങ്കാളിയാക്കൂ. കൂടുതൽ സ്വാസ്ഥ്യവും സംതൃപ്തിയുമുള്ള മറ്റൊരു ലോകത്തേക്കുള്ള വാതിൽ നിങ്ങൾക്ക് തുറന്നു കിട്ടും.

@ Viddiman 

സംവിധായകൻ പ്രിയനന്ദനനു നേരെ സംഘി ആക്രമണം.

"പ്രിയനന്ദനന്റെ ഭാഷ മോശമായിപ്പോയി, അനുചിതമായിപ്പോയി, അതുകൊണ്ടാണ് ഇങ്ങനെയുണ്ടായത്... " എന്നൊക്കെ പലരും പറഞ്ഞു കാണുന്നു. 
പ്രിയനന്ദനൻ പറഞ്ഞത് അനുചിതമായിരുന്നു എന്നു തോന്നുണ്ടെങ്കിൽ, അതപ്പോൾ പറയുകയായിരുന്നു വേണ്ടിയിരുന്നത്, ഇപ്പോൾ അയാൾ ആ അഭിപ്രായത്തിന്റെ പേരിൽ തെരുവിൽ ആക്രമിക്കപ്പെടുമ്പോഴല്ല. 

മതവികാരികളുടെ വ്രണത്തെക്കുറിച്ചും പ്രിയനന്ദനന്റെ വാക്കുകളെ കുറിച്ചും ഖണ്ഡികകൾ നീട്ടിവലിച്ചെഴുതി 'എന്നാലും ഈ
'അക്രമത്തെ പിന്തുണയ്ക്കുന്നില്ല' എന്ന് അവസാനം ഒരു വരി എഴുതി ചേർക്കുന്നതുകൊണ്ട്, ഈ അക്രമം ചെയ്തവരിലും അതിനെ പിന്തുണയ്ക്കുന്നരിലും പുനർചിന്തനമുണ്ടാകില്ല എന്നു മാത്രമല്ല, അതിനു മുൻപു എഴുതിക്കൂട്ടിയ വരികൾ അവർക്ക് ഇനിയും ഇത്തരം ചെയ്തികൾ തുടരാൻ പ്രചോദനമാവുകയും ചെയ്യും.

പറഞ്ഞ ആശയത്തിൽ ഉറച്ചു നിൽക്കുമ്പോഴും തന്റെ ഭാഷ മോശമായിപ്പോയി എന്നു തിരിച്ചറിഞ്ഞു പ്രിയനന്ദൻ തന്നെ അതു പിൻവലിച്ചിരുന്നിട്ടാണ് ഈ അക്രമം നടത്തിയത് എന്നോർക്കുക. പ്രിയനന്ദൻ പിൻവലിച്ച ആ പ്രസ്താവനയാണ് സംഘികൾ ഇപ്പോഴും മറുപടിയായി പോസ്റ്റ് ചെയ്യുന്നതും
.
അങ്ങനെയല്ലെങ്കിൽ തന്നെ, അത് ഇത്തരത്തിൽ പ്രതികരിക്കുന്നതിനുള്ള ന്യായീകരണമാവേണ്ടതില്ല. ഭ്രാന്തന് മുഹമ്മദെന്നു പേരിട്ടതിനു അദ്ധ്യാപകന്റെ കൈവെട്ടിയ മതഭ്രാന്തിന്റെ മറ്റൊരു വെർഷനാണിത്. അത്തരം മതാക്രോശങ്ങൾ നിരന്തരം കേട്ട് ഭ്രാന്തിളകിയായിരിക്കണം ഇന്ന് പ്രിയനന്ദനന്റെ നാട്ടുകാരൻ അയാളുടെ മേൽ ചാണകവെള്ളമൊഴിച്ചത്. അതിനു വെള്ളമൊഴിച്ചു വളർത്തരുത്. പ്രത്യേകിച്ചും ദൈവങ്ങളുടേ കുശുമ്പും കുന്നായ്മയും കാമവും ദാഹവുമെല്ലാം പാട്ടുകളും കഥകളും പുരാണങ്ങളുമായി പാടിനടക്കാൻ സ്വാതന്ത്ര്യമുള്ള ഒരു മതത്തിന്റെ പേരിൽ. നാളെ നമ്മുടെ തന്നെ സ്വാതന്ത്ര്യത്തെ വരിഞ്ഞുമുറുക്കിക്കൊല്ലുമത്.

ആശയത്തെ ആശയം കൊണ്ടും അനൗചിത്യത്തെയും സാമൂഹ്യവിരുദ്ധതയേയുമെല്ലാം ( അങ്ങനെ തോന്നുന്നുണ്ടെങ്കിൽ) ജനാധിപത്യപ്രതിഷേധമാർഗ്ഗങ്ങളിലൂടെയും പ്രതിരോധിക്കാനാണ് ഒരു സാംസ്ക്കാരിക പ്രവർത്തകൻ പഠിപ്പിക്കേണ്ടത്. പ്രിയനന്ദനൻ തന്റെ വാക്കുകൾ പിൻവലിച്ചിട്ടും അയാളോടുള്ള വിദ്വേഷം മാറുന്നില്ലെങ്കിൽ അയാളുടെ ഫോട്ടോയിൽ ചാണകം തളിച്ചും പ്രതിഷേധിക്കാമായിരുന്നല്ലോ. ( അതുപോലും ജനാധിപത്യവിരുദ്ധമായി കാണുന്ന, കൂടുതൽ ജനാധിപത്യബോധമുള്ള ഒരു ജനത ഭാവിയിൽ രൂപപ്പെടേണ്ടതുണ്ട് എന്നും കരുതുന്നു ) രണ്ടിനും ഒരേ അർത്ഥവും വ്യാപ്തിയും വികാരവുമാണ്. സംഘപരിവാറിന് അതറിയാത്തതുമല്ല. അതിനു പകരം വ്യക്തിയെ തന്നെ നേരിടാനൊരുങ്ങുന്നതിൽ വ്യക്തമായ ഒരു ഭീഷണിയുണ്ട്. വ്യക്തിസാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരും അതിനെതിരേ പ്രതിഷേധിക്കേണ്ടതുണ്ട്.

@Viddiman

തിരാത്ത് പൂയ്യത്തിലെ പെൺചുവടുകൾ

അംഗപരിമിതിയുള്ള ശരീരം ചില അവസരങ്ങളിലേ ദു‌:ഖിപ്പിച്ചിട്ടുള്ളൂ.

ഒന്ന് ഫുട്ബോൾ കളിക്കാൻ പറ്റാത്തതാണ്. ഗോളി നിന്ന് കുട്ടിക്കാലത്ത് കുറേയൊക്കെ അത് പരിഹരിച്ചിട്ടുണ്ട്. എങ്കിലും ചെവിയിൽ കാറ്റുമൂളുന്ന വിധത്തിൽ ഓടുന്നത്, വായുവിൽ മറഞ്ഞ് കിക്കെടുക്കുന്നത് ഒക്കെ ഒരു സ്വപ്നമാണ്. 

മറ്റൊന്ന് താളത്തിൽ തുള്ളാൻ കഴിയാത്തതാണ് 

തട്ടുപ്പൊളിപ്പൻ ഗാനങ്ങൾക്കൊപ്പം അസാമാന്യ മെയ്‌വഴക്കത്തോടെ, ഊർജ്ജത്തോടെ ആടുന്നത്..

അതൊന്നുമല്ലെങ്കിൽ പോലും, തിരാത്തു പൂയ്യത്തിന് ബാന്റിൻടേയും തകിലിന്റേയും വാദ്യക്കൊഴുപ്പിൽ സ്വയം മറന്ന് ചങ്ങാതിമാർക്കൊപ്പം ചുവടുകൾ വച്ച്...

അതുകൊണ്ടു തന്നെ, താളവും മേളവും മുറുകുമ്പോഴും കല്ലിനു കാറ്റു പിടിച്ചതു പോലെ നിൽക്കുന്ന മനുഷ്യരെ കാണുമ്പോൾ അത്ഭുതമാണ്.

ഇവരൊക്കെ എന്തു തരം മനുഷ്യരാണ് !!

താളത്തിനൊത്തൊന്ന് കൈയ്മെയ് അനങ്ങിയാൽ ലോകം തൂക്കിക്കൊല്ലുമെന്ന് ഭയന്ന് ചലനമറ്റ് ജീവിച്ചു മരിച്ചു പോകുന്ന മഹാമാന്യതയുടെ നിറകുടങ്ങൾ !!!

പാവങ്ങൾ !!!

താളത്തിനൊത്ത് ചുവടു വയ്ക്കുന്നത് മനുഷ്യന്റെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നാണ്. ആ അഹ്ലാദതിമർപ്പിൽ ജാതിയും മതവും വർണ്ണവും ലിംഗവുമെല്ലാം മറന്ന് എല്ലാവരും മനുഷ്യരായി കൈകോർക്കും..

ഏറ്റവും പ്രാകൃതമായ സമൂഹങ്ങളിൽ തൊട്ട് ഏറ്റവും പരിഷ്കൃതമായ സമൂഹങ്ങളിൽ വരെ അതു കാണാം.

ഇനി അതിൽ സംശയമുണ്ടെങ്കിൽ, മാന്യതയുടെ ഭാണ്ഢം ചുമന്നു തുടങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ. താളവും മേളവുമിഷ്ടപ്പെട്ടാൽ, അവരുടെ ആഹ്ലാദം അവർ തന്നെ രൂപപ്പെടുത്തുന്ന ചുവടുകളിലൂടെ പുറത്തു വരുന്നതു കാണാം.

സാമൂഹ്യജീവിതം പകർന്നു തന്നെ, എല്ലാ മനുഷ്യരും ഒന്നായ് ചേർന്നാഹ്ലാദിക്കാൻ മസ്തിഷ്ക്കം തയ്യാറെടുപ്പിക്കുന്ന ഈ അടിസ്ഥാനസ്വഭാവത്തെയാണ് മാന്യതയുടെയും സദാചാരത്തിൻടേയും പേരിൽ മലയാള പുരുഷകേസരികൾ ചങ്ങലക്കിട്ടിരിക്കുന്നത്.

ഇത്തവണത്തെ തിരാത്തു പൂയ്യം ( ഇവിടെ മാത്രമല്ലെന്നറിയാം, ) ഓർമ്മിക്കപ്പെടുക അത്തരം ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് പെൺകുട്ടികളും സ്ത്രീകളും മുന്നോട്ടു വന്നതിന്റേയും സുഹൃത്തുക്കൾക്കൊപ്പം ചുവടുകൾ വച്ചതിന്റേയും പേരിലായിരിക്കും.

ഇത് ഒന്നിൽ നിന്ന് നൂറായി പെരുകാതിരിക്കില്ല. ആഹ്ലാദാനുഭൂതികളും ആഘോഷങ്ങളും ഏറെക്കാലം ഒരുകൂട്ടർക്കു മാത്രമായി സ്വന്തമാക്കാനാവില്ലല്ലോ. പങ്കു വെക്കുന്തോറും പെരുകുന്ന ഒന്നാണെന്ന് തിരിച്ചറിവുണ്ടാകുന്നതോടെ അവരും കൂട്ടത്തിൽ ചേരും..

അതാണു പ്രതീക്ഷയും.

ആൾക്കൂട്ടത്തിൽ ഒന്നു ചെരിയുമ്പോഴേക്കും താങ്ങാനാളുകളുണ്ടെങ്കിൽ, ചക്രകസേരകളും തങ്ങളുടെ താളത്തിൽ ഉരുട്ടാനാളുകളുണ്ടെങ്കിൽ ഞങ്ങൾക്കും അവരിലൊരാളായി സ്വയം മറക്കാമല്ലോ..  

@ Viddiman

https://www.facebook.com/sowmithru/posts/2057355861017964

പാക് അധിനിവേശ കാശ്മീരിലെ ( ബാലാക്കോട്ട്) ഇന്ത്യൻ വ്യോമാക്രാമണം.

കേന്ദ്ര സർക്കാരിന്റെ തള്ളു കൊണ്ട് സംഭവം ഒരു ഏറുപടക്കം പോലെ ചീറ്റിപ്പോയെങ്കിലും 
എടുത്തത് തെറ്റല്ലാത്ത ഒരു നിലപാടായിരുന്നുവെന്ന് കരുതുന്നു. 

വ്യോമാതിർത്തി ലംഘിച്ച് പാക് അധിനിവേശ കാശ്മീരിലേക്ക് കടന്ന് ബോംബിട്ട് തിരിച്ചു പോരുക. - ജനവാസമേഖലയിലല്ലെങ്കിൽ പോലും അത് കൃത്യമായ ഒരു മുന്നറിയിപ്പാണ്.

അവിടെ ഭീകരവാദികളുടെ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്ന് അറിയാത്തവരാണ് ഇന്ത്യൻ ചാരസംഘടനയിലുള്ളവരെന്ന് കരുതുന്നില്ല. തങ്ങൾ സിവിലിയന്മാരെയോ പാക് സൈനികരെയോ അല്ല, ഭീകരവാദികളുടെ ക്യാമ്പ് മാത്രമാണ് 'ആക്രമിച്ച'തെന്ന് ലോകരാഷ്ട്രങ്ങളുടെ പിന്തുണ എളുപ്പത്തിൽ നേടുകയും ചെയ്യാം. അതേ സമയം, ഭീകരവാദികളെ നിങ്ങൾ സംരക്ഷിക്കുകയാണെങ്കിൽ ഞങ്ങൾ ഇനിയും വ്യോമാതിർത്തി ലംഘിച്ചു വന്ന് ആക്രമണം നടത്തും എന്ന പാകിസ്ഥാനുള്ള കൃത്യമായ മുന്നറിയിപ്പും.( ഒരു രാഷ്ട്രത്തിന്റെ അതിർത്തി കടന്നു ചെന്ന് യുദ്ധവിമാനങ്ങൾ ‌ബോംബിടുന്നത് - അത് കുളത്തിലായാലും മരത്തിലായാലും അതീവ ഗൗരവമുള്ള കാര്യം തന്നെ ). പാകിസ്ഥാൻ എന്ന ഭ്രാന്തൻ രാഷ്ട്രം അതെങ്ങനെ കൈകാര്യം ചെയ്യും എന്ന സന്ദേഹമുണ്ടെങ്കിലും, അവരുടെ അഭിമാനത്തിനല്ലാതെ ആർക്കും ക്ഷതമില്ലാത്ത നടപടി.

അതങ്ങനെ തന്നെയാവുകയും ചെയ്തേനെ. - കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കാനിറങ്ങുകയും 'അനേകം ഭീകരവാദികൾ കൊല്ലപ്പെട്ടു' എന്ന നുണ സർക്കാർ വക്താവിനെ കൊണ്ട് പറയിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ. ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ സൈനീകോദ്യോഗസ്ഥൻ പറഞ്ഞത് ശ്രദ്ധിച്ചിരുന്നോ ‌-' ഞങ്ങൾ ലക്ഷ്യം നേടി' എന്നു മാത്രം. നയതന്ത്രത്തിൽ താല്പര്യമുള്ള ഏതൊരാളും വാക്കുകൾ കൃത്യമായും അതിലൊതുക്കും.പക്ഷേ കേന്ദ്രസർക്കാരിനിപ്പോൾ വോട്ടാണല്ലോ നോട്ടം.

പാകിസ്ഥാൻ ഒന്നാന്തരം നുണകൾ പറയാറുണ്ടെന്ന് നമുക്കറിയാം. എഫ് - 16 വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തില്ലെന്ന് അവർ നുണ പറഞ്ഞത്, ഇന്നലത്തെ പത്രസമ്മേളനത്തിൽ കൃത്യമായ തെളിവുകളോടെ നമ്മുടെ സൈനീകവക്താക്കൾ പുറത്തുകൊണ്ടു വരികയുമുണ്ടായി.

പക്ഷേ നമ്മുടെ സർക്കാർ വക്താവ് തലേന്ന് നുണ പറഞ്ഞതോടെ ഈ വിഷയത്തിൽ ഇന്ത്യയുടെ വിശ്വാസ്യത നഷ്ടമായി. "നുണ' എന്ന് പാകിസ്ഥാനു നേരെ വിരൽ ചൂണ്ടുമ്പോൾ, അഭിമാനികളും സത്യസന്ധരുമായ ഇന്ത്യൻ സൈന്യത്തിന് കേന്ദ്രസർക്കാരിന്റെ അതേ നുണ നിറഞ്ഞ വമ്പുപറച്ചിലിന്റെ നിഴലിൽ നിന്ന് അത് ചെയ്യേണ്ടി വന്നു. വാസ്തവവിരുദ്ധമായ ഇത്തരം പൊങ്ങച്ചവർത്തമാനങ്ങൾ സൈന്യത്തിന്റെയും രാജ്യത്തിന്റേയും അന്തസ്സ് തകർക്കുകയാണ് ചെയ്യുന്നതെന്ന് നുണകളുടെ അക്ഷൗഹിണികൾ മാത്രം നയിച്ച് പരിചയമുള്ള ഈ അധികാരമോഹികൾ എന്നാണ് തിരിച്ചറിയുക ?

@ Viddiman

കുമ്പളങ്ങ ജഡ്ജീസ്.

-----------------------------
കുമ്പളങ്ങ ജഡ്ജീസ്.
-----------------------------

ഫ്ലവേഴ്സ് ടി വി സ്റ്റാർ സിംഗർ പരിപാടിയിലെ പൊന്നു ജഡ്ജിയങ്ങുന്നുമാരേ, നിങ്ങൾ പറയുന്നതുപോലെയല്ല കാര്യങ്ങൾ. 

'കണ്ണു പറ്റുക' എന്നൊരു സംഭവമില്ല. അതൊരു അന്ധവിശ്വാസമാണ്. നിങ്ങൾ ഈ മണ്ടത്തരം ഇങ്ങനെ ആവർത്തിച്ചാവർത്തിച്ചു പറയരുത്; പ്രത്യേകിച്ചും കുട്ടികളോട്. ടി വിയിലൂടെ ആയിരക്കണക്കിന് ആളുകൾ കാണുന്ന പരിപാടിയാണ്. മണ്ടത്തരം പറയണമെന്ന് നിർബന്ധമാണെങ്കിൽ, വീട്ടിൽ ഒറ്റയ്ക്കാവുമ്പോൾ മുറിയടച്ചിരുന്ന് പറഞ്ഞോളൂ.

പ്രിയ അനുരാധാ ശ്രീറാമേ, കുമ്പളങ്ങയിൽ മന്ത്രവാദം ചെയ്ത് 'കണ്ണുപറ്റൽ' പരിഹരിക്കൂ എന്നൊക്കെ ഉപദേശിക്കാൻ അല്പം പോലും ലജ്ജ തോന്നുന്നില്ലേ താങ്കൾക്ക് ? സംഗീതതിനു പുറമേ അടിസ്ഥാനശാസ്ത്രമൊന്നും പഠിക്കാതെയാണോ താങ്കൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ? എല്ലാം 'ദൈവത്തിന്റെ ചെയ്തികളാണെന്ന് കരുതി ആശ്വസിക്കൂ' എന്നുപദേശിക്കുന്ന താങ്കൾ തന്നെ പ്രശ്ന പരിഹാരത്തിന് 'കുമ്പളങ്ങാകൂടോത്ര'വും ഉപദേശിക്കുന്നത് ഇരട്ടത്താപ്പല്ലേ ?

ശ്രീകുമാറണ്ണാ, മൂകാംബികാ ദേവിയുടെ റേഞ്ചിനു പുറത്ത് , മൂകാംബികയിലെ ഭജനവും ചണ്ഡികാഹോമവുമില്ലാതെ ധാരാളം ഗായകർ പാടി നടന്നു ജീവിക്കുന്നുണ്ട്. ഇനി താങ്കൾ പറയുന്നതു പോലെ മൂകാംബികയ്ക്ക് ജാതിയും മതവുമില്ലെങ്കിൽ അവിടത്തെ പുരോഹിതരായി പട്ടികജാതിക്കാരെയും ക്രിസ്ത്യാനികളേയും മുസ്ലിങ്ങളേയുമെല്ലാം നിയമിക്കൂ. മൂകാംബികയ്ക്കാപ്പം കുരിശും കുന്തക്കാരനേയുമെല്ലാം പ്രതിഷ്ഠിക്കൂ. അതല്ലേ ഹീറോയിസം ?

@ Viddiman

ഒന്നു മുതൽ പൂജ്യം വരെ

ഏറ്റവും പ്രിയപ്പെട്ടതിനെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടാതെ പോകുന്ന ഒരവസ്ഥയുണ്ടല്ലോ... പറയാനുള്ളതെല്ലാം ഹൃദയതാളങ്ങൾക്കുള്ളിൽ ഒതുങ്ങി പോകുന്ന ..

'ഒന്നു മുതൽ പൂജ്യം വരെ' എന്ന സിനിമയെ കുറിച്ച്, ദീപമോളേയും അലീനയേയും ജോസൂട്ടിയേയും അയാളെയും കുറിച്ച്, രാരീ രാരീരം രാരോ..യെ കുറിച്ച് പറയാൻ തുടങ്ങുമ്പോൾ ആ അവസ്ഥയിലെത്തും. 

1986 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ സിനിമയുടെ പരസ്യം കണ്ടിരുന്നത് ചെറിയൊരോർമ്മയുണ്ട്. പക്ഷേ പിന്നീടെത്രയോ വർഷങ്ങൾക്കു ശേഷം ടി വി യിലാണ് സിനിമ കാണുന്നത്. രഘുനാഥ് പലേരി എന്ന പേര് അസ്ഥിയിലുറച്ചു പോയതും അന്നാണ്.

എന്തൊരു സിനിമ ! സ്നേഹത്തിന്റെ അണമുറിയാത്ത അരുവി പോലെ, കവിത പോലെ. സ്നേഹിക്കുന്ന മനുഷ്യർ മാത്രമുള്ള സിനിമയിൽ മരണത്തെ പോലും വില്ലനായി അവതരിപ്പിക്കുന്നില്ല. മരണപ്പെട്ട ഭർത്താവിനോടുള്ള സ്നേഹം ഭാര്യയെ തളച്ചിടാനുള്ള ഒരു ബാധ്യതയല്ലെന്നും , സംഭവിക്കേണ്ടത് സ്നേഹത്തിന്റെ തുടർച്ച മാത്രമാണെന്നും ഒരു നനുത്ത തൂവൽ തലോടൽ പോലെ സിനിമ പറഞ്ഞു വെക്കുന്നു. ഭാര്യയ്ക്കും മകൾക്കും ഇഷ്ടപ്പെട്ട ഒരാൾക്ക് തന്റെ പിയാനോയും ഇരിപ്പിടവും സമ്മാനിക്കപ്പെടുമ്പോൾ അതിൽ ആഹ്ലാദിക്കുന്നയാളാണ് ജോസൂട്ടിയെന്ന് അലീനയിലൂടെ കഥാകൃത്ത് പറയുന്നുണ്ട്. 'എന്നെ പറ്റിച്ഛാൽ ജോസ്സൂട്ടി നിങ്ങൾക്ക് മാപ്പു തരില്ല' എന്ന് അലീനയ്ക്ക് നായകനെ ശകാരിക്കാൻ കഴിയുന്നതും സ്നേഹം ഒരു ബാധ്യതയായി മാറാതിരിക്കുന്നതു കൊണ്ടാണ്.

ബേബി ശാലിനിയായിരുന്നു അക്കാലത്തെ ബാലതാരം. പക്ഷേ ഈ ഒരൊറ്റ സിനിമയിലൂടെ ഗീതു മോഹൻദാസ് ( ഇന്നത്തെ നടിയും സംവിധായകയും തന്നെ) പപ്പ ജോസൂട്ടിയുടെ ഷർട്ടുമിട്ട് ഹൃദയത്തിലങ്ങ് കയറിയിരുന്നു കളഞ്ഞു ! "അയ്യോ എനിച്ച് മരന്നു പോയി' എന്ന ആ കൊഞ്ചൽമൊഴി കേൾക്കുമ്പോൾ വാരിയെടുത്ത് ഉമ്മ വെക്കാൻ തോന്നും ഇപ്പോഴും.

ദീപമോളീലൂടെയാണ് കഥ മുന്നോട്ടു പോകുന്നതിന്റെങ്കിലും കഥ സത്യത്തിൽ 'അലീന'യുടേതാണ്. ചിത്രകാരിയായ അലീന. സംഗീതജ്ഞനായ ജോസ്സൂട്ടിയെ അയാളുടെ കിറുക്കുനിറഞ്ഞ സ്നേഹവും സംഗീതവും പോലെ സ്നേഹിക്കുന്ന അലീന. അയാൾ പെട്ടന്ന് മരണപ്പെട്ടുപോകുമ്പോൾ മകൾക്കൊപ്പം ഒറ്റപ്പെട്ടു പോകുന്ന അലീന. ദീപ മോളുടെ ടെലഫോൺ അങ്കിളിനെ, അയാളുടെ സ്നേഹത്തെ, ശബ്ദത്തിലൂടെ അറിഞ്ഞ് അയാളെ വരയ്ക്കുന്ന അലീന.

ശബ്ദം കൊണ്ട് സിനിമയിൽ നല്ല പോലെ സാന്നിദ്ധ്യമുണ്ടെങ്കിലും മോഹൻലാൽ അവസാനസീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ട് തന്റെ രഹസ്യം വെളിപ്പെടുത്തുന്നത്. അയാൾ സൂക്ഷിക്കുന്ന സസ്ൻപെൻസാണ് സിനിമയുടെ മറ്റൊരു മനോഹാരിത.

സംവിധായകൻ, നായിക, ബാലതാരം, സംഗീതസംവിധായകൻ, ഗായകൻ എങ്ങനെ നല്ലൊരു വിഭാഗവും പുതുമുഖങ്ങൾ..

കഥയെഴുത്തുകാരനായ രഘുനാഥ് പലേരി തന്നെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചപ്പോൾ അത് അഭ്രപാളിയിലെ കവിതയായി.

മമ്മൂട്ടി, ബേബി ശാലിനി, നായിക - ഇതായിരുന്നു അന്നത്തെ കുടുംബചിത്രങ്ങളുടെ ഹിറ്റ് ചേരുവ. അങ്ങനെ നോക്കുമ്പോൾ ഇത് അന്നത്തെ ന്യൂ ജെൻ സിനിമയാണ്. ഇന്നു കാണുമ്പോഴും ഏച്ചുകെട്ടലുകളുടെ അലോസരമില്ലാതെ ആസ്വദിക്കാവുന്ന ചിത്രം. 



രാരീ രാരീരം രാരോ >> https://www.youtube.com/watch?v=INStoqhEI5I&fbclid=IwAR3zv9IGjVDXQIlQj_p2rgGgblrUzR75kU0c-Y1C__sXBio7jK3FBf8Lrls