Friday, July 27, 2012

അഭിപ്രായം

നമുക്കൊരാളുടെ ഒരു കഥ ഏറ്റവും ഇഷ്ടമായെന്നിരിക്കട്ടെ.. ആ കഥ വച്ചാണ് അയാളുടെ മറ്റു കഥകൾ നമ്മിൽ 99 % പേരും വിലയിരുത്തുന്നത്. അത് അച്ചടിലോകത്തെ പ്രമുഖരുടേതായാൽ പോലും. അങ്ങിനെയല്ല വേണ്ടതെങ്കിലും, ഞാനതിൽ അത്ര അസ്വാഭാവികതയൊന്നും കാണുന്നില്ല. ഒരാൾ കുളിച്ച് കുറി തൊട്ട് സുന്ദരക്കുട്ടപ്പനായി നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു എന്നു കരുതുക. നമുക്കയാളെ ഇഷ്ടം തോന്നും. അതെ ആൾ തന്നെ മുടി ചീകാതെ, മുഷിഞ്ഞു നാറിയ വേഷവുമിട്ടു വന്നാൽ നാം അനിഷ്ടം പ്രകടിപ്പിക്കും.. അയാൾക്ക് ഏതു വേഷത്തിലും പ്രത്യക്ഷപ്പെടാൻ അവകാശമുണ്ട് എന്നോർക്കാതെ..അതൊക്കെയാണല്ലൊ മനുഷ്യസ്വഭാവം.. :)

ഇതിനു തന്നെ മറ്റൊരു വശം ചൂണ്ടിക്കാണിക്കാം..നാം ഒരാളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ അയാളുടെ മറ്റു കഥകൾക്ക് ശേഷമാണ് വായിക്കുന്നതെന്ന് കരുതുക. മിക്കവാറും ആ കഥകൾ നമുക്കത്ര മോശമായി തോന്നില്ല..അതായത്, നമ്മുടെ വായനയിൽ ഉണ്ടായ ഒരു ക്രമമാറ്റം കൊണ്ടു പോലും നമ്മുടെ അഭിപ്രായം മാറുന്നു..

Tuesday, June 26, 2012

നിങ്ങൾ

നിങ്ങൾ മദ്യത്തെ പ്രകീർത്തിക്കുകയും സ്നേഹിക്കുകയും ചെയ്യും..എന്നാലോ എല്ലാം കൊണ്ടും നല്ലതായ ഈ സംഭവം സ്വന്തം ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും നിഷേധിക്കുകയും ചെയ്യും..
നിങ്ങൾ അക്രമങ്ങളെയും കൊലപാതകങ്ങളെയും അപലപിക്കുകയും ആക്രോശിക്കുകയും ചെയ്യും. എന്നാൽ, നല്ലൊരു വിഭാഗം അക്രമികളും കൊലപാതകികളും വാഹനാപകടം ഉണ്ടാക്കുന്നവരും മദ്യപിച്ചാണ് അത് ചെയ്തതെന്ന് മറക്കുകയും ചെയ്യും.
നിങ്ങൾ മദ്യത്തോടുള്ള നിങ്ങളുടെ കണ്ട്രോളിനെ കുറിച്ച് വീമ്പിളിക്കും. എന്നാൽ നിങ്ങളുടെ മദ്യപാനത്തിന്റെ ഇടവേളകൾ കുറഞ്ഞു വരികയും, ഗ്ലാസുകളുടെ എണ്ണം കൂടി വരികയും ചെയ്യും..

നിങ്ങൾ ഒരു വിരോധാഭാസം തന്നെ ..!!!

Saturday, May 12, 2012

മൈര് !

എന്തെങ്കിലും കാരണത്താൽ ഒരു ബ്രാഹ്മണൻ ദേഷ്യം വന്നിട്ട് ഒരാളെ ' ശുംഭൻ' എന്നു വിളിക്കുമ്പോഴും, ഒരു സമ്പന്നൻ/ഉദ്യോഗസ്ഥപ്രഭു 'ബ്ലഡി ഫക്ക്' എന്നു പറയുമ്പോഴും ഒരു ദളിതൻ/ചേരിനിവാസി മറ്റൊരാളെ 'മൈരൻ' എന്നു വിളിക്കുമ്പോഴും മൂവരുടേയും ഉള്ളിലെ കോപത്തിന്റെ താപനില തുല്യമായിരിക്കും.

'ശുംഭനും ബ്ലഡി ഫക്കിനും ' മാന്യത ലഭിക്കുന്നതും, 'മൈരന്' ലഭിക്കാത്തതും ഒന്ന് സവർണ്ണന്റെയും/പണക്കാരന്റെയും/അധികാരിയുടെയും മറ്റേത് അവർണ്ണന്റെയും/സാധാരണക്കാരന്റെയും/ഭരിക്കപ്പെടുന്നവന്റെയും ഭാഷ ആയതുകൊണ്ടാണ്.

Wednesday, April 25, 2012

കമന്റ്

പുകഴ്ത്തൽ ഇഷ്ടപ്പെടാത്ത ആരെങ്കിലും ബൂലോകത്തല്ല ; ഭൂലോകത്തു പോലും ഉണ്ടെന്ന് തോന്നുന്നില്ല. അതെ സമയം പൊള്ളയായ പുകഴ്ത്തലുകൾ ഒരുവിധം ജീവിതാനുഭവമുള്ളവർക്കെല്ലാം എളുപ്പം പിടി കിട്ടുകയും ചെയ്യും. അത്തരക്കാർ വിമർശനങ്ങളെയും അതെ അർത്ഥത്തിൽ ഉൾക്കൊള്ളും. യഥാർത്ഥത്തിൽ കമന്റ്, ബൂലോകത്തെ എഴുത്തുകാരനും വായനക്കാരനും വീണു കിട്ടിയ ഏറ്റവും വലിയ വരദാനമാണ്.. തന്റെ എഴുത്ത്  എങ്ങനെ വായിക്കപ്പെട്ടു എന്നറിയാൻ എഴുത്തുകാരനും താൻ എങ്ങനെ വായിച്ചു എന്നഭിപ്രായപ്പെടാൻ വായനക്കാരനും അവസരം നൽകുന്ന വേദി..അഭിപ്രായം പറയുമ്പോൾ, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും സത്യസന്ധത പാലിക്കാൻ ശ്രദ്ധിച്ചാൽ മതി.ബൂലോകത്ത്, വായനക്കാരിലധികവും എഴുത്തുകാർ ആണെന്നുള്ളതു കൊണ്ട്, ആ സത്യസന്ധത സ്വയം പാലിച്ചില്ലെങ്കിൽ, എല്ലാവരും പുറംചൊറിയൽ കമന്റുകൾ സൃഷ്ടിക്കുന്ന മൂഢസ്വർഗ്ഗത്തിൽ മുഴുകി  എഴുത്തുജീവിതം നരകമാക്കാനിടയുണ്ട്..

Thursday, April 19, 2012

സ്വാതന്ത്ര്യം

അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യം നേടുമ്പോൾ ഭരിച്ചവർ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം മാത്രമല്ല, ദു:സ്വാതന്ത്ര്യം കൂടി അവരിൽ വന്നു ചേരും, അത് സ്വാഭാവികമാണ്. അതാണ് സ്വാതന്ത്ര്യത്തിലെ മന:ശാസ്ത്രം. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന പുരുഷന്മാർ ധാരാളമുള്ള നാട്ടിൽ, വളർന്ന് വലുതാവുമ്പോൾ അതു കൂടി ചെയ്താലെ തങ്ങളുടെ സ്വാതന്ത്ര്യത്തിനു പൂർണ്ണതയുള്ളു എന്നു കുട്ടികൾ കരുതും.അങ്ങിനെ ചെയ്യുകയും ചെയ്യും. നേരെ മറിച്ച്, ഉയരമുള്ള ഒരു തെങ്ങിൽ കയറുകയാണ് പുരുഷനായതിന്റെ ലക്ഷണം എന്നു കരുതുന്ന സമൂഹത്തിൽ , കുട്ടികൾ ( സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ ) തെങ്ങിൽ കയറാൻ പരിശ്രമിച്ചു കൊണ്ടിരിക്കും.

അതുകൊണ്ട് സ്ത്രീകൾ ദു:സ്വാതന്ത്ര്യമെടുക്കുന്നു എന്ന് പരിഭവമുള്ള പുരുഷന്മാർ, ആദ്യം തങ്ങളാസ്വദിക്കുന്ന ദു:സ്വാതന്ത്ര്യങ്ങൾ വേണ്ടെന്നു വെക്കുകയാണു വേണ്ടത്..

Monday, December 26, 2011

നാളെ (ഡിസം ബർ 3 ) അന്താരാഷ്ട്ര വികലാംഗ ദിനം

നാളെ അന്താരാഷ്ട്ര വികലാംഗ ദിനം..
..( ഡിസംബർ രണ്ടിന് പ്രസിദ്ധീകരിച്ചത് )
അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും കേരളത്തിലും ആഘോഷങ്ങൾ നടക്കും..ശാരീരിക വൈകല്യമുള്ളവരും മാനസിക വൈകല്യമുള്ളവരും വിവിധ കളികളിൽ/മത്സരങ്ങളിൽ ഏർപ്പെടും..മാധ്യമങ്ങൾ ഫോട്ടോ/വാർത്തകൾ കൊടുക്കും. ചിലത് ഒരു പടി കൂടി കടന്ന് ചില നല്ല മാതൃകയെ അവതരിപ്പിക്കും..മന്ത്രിമാർ പ്രസ്താവനകൾ ഇറക്കും..ഒക്കെയും നല്ലതു തന്നെ.. പക്ഷെ ഒരാണ്ടു തുറ പോലെ ഇതൊക്കെ നടന്നാൽ മതിയോ ?
1995 ലെ വികലാംഗസംരക്ഷണം നിയമം, വികലാംഗർക്ക് സർക്കാർ തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 3% സംവരണം അനുശാസിച്ചിട്ടുണ്ട് ( കാഴ്ച്ചസംബന്ധമായ വൈകല്യമുള്ളവർക്ക്, ശ്രവണ,സംസാര സംബന്ധമായ വൈകല്യമുള്ളവർക്ക്, ചലനസംബന്ധമായ വൈകല്യമുള്ളവർക്ക് ഒരു ശതമാനം വീതം ) . വികലാംഗർക്ക് അനുയോജ്യമായ തൊഴിലുകൾ തരം തിരിച്ചു വരുമ്പോൾ പിന്നെയും അവസരം കുറയും .ഏറ്റവും പരമാവധി പോയാൽ 500 നും 1000 നും മിടയ്ക്ക് നിയമനങ്ങൾ ലഭ്യമാവുന്നുണ്ടാവും. ( കേരളത്തിൽ വികലാംഗരുടെ ജനസംഖ്യ 9 ലക്ഷത്തോട് അടുത്താണ്. ഇന്ത്യയിലേത് 2.2 കോടിയും ). നിയമത്തിൽ , സ്വകാര്യമേഖലയിൽ വികലംഗർക്ക് 5 % തൊഴിൽ സംവരണം നിർദേശിച്ചിട്ടൂണ്ടെങ്കിലും ഇത് നിർബന്ധമാക്കിയിട്ടില്ല. മാത്രമല്ല, ഈ നിയമം ഇന്ത്യയിൽ നടപ്പിൽ വന്ന് 9 വർഷങ്ങൾ കഴിഞ്ഞ് 2004 ഓടെയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ വികലാംഗർക്ക് സംവരണം നൽകി തുടങ്ങിയത്. നിയമം നടപ്പിലാക്കുന്നതിലും അനാസ്ഥ വേണ്ടുവോളമുണ്ടെന്ന് സാരം..
ഇനി ഇതൊക്കെ കഴിഞ്ഞ് ജോലി ലഭ്യമായാലുള്ള അവസ്ഥയോ ? ശാരീരികാവസ്ഥ മൂലം മേലുദ്യോസ്ഥരിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ ഒരിക്കലെങ്കിലും അധിക്ഷേപമേൽക്കാത്ത വികലാംഗജീവനക്കാർ കുറവായിരിക്കും. എട്ടുവർഷം മുമ്പ് പ്യൂണായി കോടതിയിൽ ജോലിക്ക് കയറിയപ്പോൾ എഴുതുന്നയാൾക്കുണ്ടായ അനുഭവം തന്നെ ഗുരു. ജില്ലാ കോടതിയിൽ നിന്ന് നിയമന ഉത്തരവുമായി സബ് കോടതിയിലേക്ക്. അവിടെ നിന്ന് പ്രധാനജഡ്ജി രണ്ടാ‍ം ജഡ്ജിയുടെ അടുത്തേയ്ക്കു വിട്ടു. പരിചയപ്പെടുത്തായി കോടതിയിലെ മറ്റൊരു ഉദ്യോഗസ്ഥനുമുണ്ടായിരുന്നു കൂടെ. ‘ആരാ ഇയാളെ ഇങ്ങോട്ടയച്ചത് ? എനിക്കിയാളെ കിട്ടിയിട്ട് എന്തുപകാരം ? ആർക്കും വേണ്ടാത്തവരെ തട്ടിയിടാനുള്ള സ്ഥലമാണോ ഇത് ?’ ഇത്രയും കൂടെ വന്ന ഉദ്യോഗസ്ഥനോട്. പിന്നെ തിരിഞ്ഞ് എന്നോട് : ‘ എഴുതാനും വായിക്കാനും അറിയ്യോ ? ആ മൂലയ്ക്കെവിടെയെങ്കിലുമിരുന്നോ’. കോടതിയിൽ, പ്യൂണ്മാർക്ക് ജഡ്ജിയുടെ വീട്ടിലാണു പണി. ശരിക്കും ഒരു വീട്ടു വേലക്കാരൻ ..അതാണ് അങ്ങേർക്കിത്ര കോപം വരാൻ കാരണം ! ( ഇപ്പോൾ കോടതികളിൽ ഈ വീട്ടുജോലിപ്പണി ചെയ്യിക്കൽ ഇല്ലെന്നു കേൾക്കുന്നു ) വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ. അവിടെ ആരോടു പരാതി പറയാൻ …എങ്കിലും ഒന്നു മനസ്സിലായി. ന്യായാധിപന്മാരും സാധാരണ മനുഷ്യരാണെന്ന്..ചിലർ അതിലും താഴെയാണെന്ന്..
ഇതൊന്നുമല്ലാതെ, സ്നേഹിക്കുന്ന, പരിഗണിക്കുന്ന, സഹായിക്കുന്ന ധാരാളം സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമുണ്ടെന്നുള്ളത് മറക്കുന്നില്ല.
മണ്ണിലിരുന്ന് നിരങ്ങുന്നവർ മുതൽ കണ്ണറിയാതെ ഇരുട്ടിൽ തപ്പുന്ന അന്ധർ വരെ പരമ പ്രധാനമായി ആഗ്രഹിക്കുന്നത് ഒന്നു മാത്രമാണ് – സ്വന്തം അദ്ധ്വാനത്തിൽ ജീവിതം പുലർത്താനാവണം.
ഒരു ജോലിയും ചെയ്യാനാവാത്തവിധം അവശതയുള്ളവർക്ക് സർക്കാർ നല്കുന്ന പെൻഷൻ നാമമാത്രമായ 300 രൂപയാണ്. അതിനും നൂറായിരം നൂലാമാലകളാണ്. വാ‍ർഷികകുടുബവരുമാനം 24000 രൂപയിലധികമാണെങ്കിൽ പെൻഷന് അർഹതയില്ല !.
വികലാംഗസംരക്ഷണ നിയമപ്രകാരം കേന്ദ്രത്തിലും കേരളത്തിലും വിപുലമായ അധികാരങ്ങളോടെ ഓരോ കമ്മീഷണറേറ്റുകൾ രൂപികരിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ 5 കൊല്ലം കൂടുമ്പോഴുള്ള രാഷ്ട്രീയ നിയമനമായതുകൊണ്ട് , ഉശിരുള്ള ഒരു പിന്തുണ ഇവിടെ നിന്നും വികലാംഗർക്ക് ലഭ്യമാവുന്നില്ല.
സർക്കാർ സ്ഥാപനങ്ങളും കാര്യാലയങ്ങളും വികലാംഗർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിൽ നിർമിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതും പാലിക്കപ്പെടുന്നില്ല.
സർക്കാറിൽ നിന്ന് പ്രധാനമായും വികലാംഗർക്ക് ലഭിക്കുന്ന മറ്റ് പ്രധാന ആനുകൂല്യങ്ങൾ സഹായ ഉപകരണങ്ങളും വായ്പയുമാണ്.
ഉപകരണങ്ങൾ മിക്കതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയും മറ്റും സൌജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാവുന്നുണ്ട്. പക്ഷെ പുതിയ സാങ്കേതികവിദ്യയുള്ള, കൂടുതൽ ‘യൂസർ ഫ്രണ്ട്ലി’ ആയ ഉപകരണങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് ഇപ്പോഴും വലിയ ധാരണയില്ല ( വിദേശരാജ്യങ്ങളിൽ ഇത്തരം ഉപകരണങ്ങൾ വ്യാപകമായി ലഭ്യമായി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ). സ്വകാര്യമേഖലയിൽ നിന്ന് ലഭ്യമാവുന്ന പുതിയ ഉപകരണങ്ങൾക്കാണെങ്കിൽ തൊട്ടാൽ പൊള്ളുന്ന വിലയുമാണ്.
സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ബാങ്കുകൾ വഴിയും വികലംഗക്ഷേമകോർപ്പറേഷൻ വഴിയും വായ്പ ലഭ്യമാക്കുന്നുണ്ട്. വായ്പാ പലിശയാണെങ്കിൽ 5% മുതൽ മേലോട്ടാണ്. ( കാ‍ർഷിക വായ്പ 4% പലിശയ്ക്ക് ലഭ്യമാണെന്ന് ഓർക്കണം ) . മാത്രമല്ല, അതെങ്കിലത് പാസ്സായി കിട്ടാനും ആയിരം കടമ്പകൾ കടക്കണം.
റെയിൽ‌വേ, കെ. എസ്. ആർ. ടി.സി., സ്വകാര്യബസ്സ് എന്നിവയിൽ വികലാംഗർക്ക് യാത്രാക്കൂലിയിളവുണ്ട്. എന്നാൽ ഓരോന്നിന്നും വെവ്വേറെ അപേക്ഷാഫോമുമും സർട്ടിഫിക്കറ്റുമാണ്. മിക്കതിനും കാലപരിധിയുമുണ്ട്. അത് കഴിഞ്ഞാൽ പുതുക്കണം. കെ. എസ്. ആർ. ടി. സി. യിൽ 24000 രൂപ വാർഷികവരുമാനത്തിൽ കൂടുതലുള്ളവർക്ക് യാത്രയിളവ് ലഭിക്കില്ല ) സ്വകാര്യബസ്സ് ജീവനക്കാരുടെ പുച്ഛ ഭാഷയും തെറി വിളിയും കേട്ട് യാത്ര ചെയ്യണമെന്കിലും അസാമാന്യ മനോധൈര്യം വേണം. ചില യാത്രക്കാർക്ക് , വികലാംഗർക്കായി മാറ്റി വെച്ച സീറ്റിൽ നിന്നു പോലും ഒന്നെണീറ്റു കൊടുക്കാൻ മടിയാണ് !.
പൊതുസമൂഹത്തിൽ വികലാംഗരുടെ അവസ്ഥയെന്താണ് ?
വികലാംഗരെന്നാൽ ചിലരെ സംബന്ധിച്ചിടത്തോളം യാചകരാണ്. അല്ലെങ്കിൽ ലോട്ടറി വില്പനക്കാർ..ചിലർക്ക് വികലാംഗരെന്ന് കേൾക്കുമ്പോൾ മനസ്സിലുദ്ദിക്കുന്ന രൂപം മാനസിക വൈകല്യമുള്ളവരുടേതാണ്.
സാമ്പത്തികമായി ഉയർന്ന/ഇടത്തരം വിഭാഗത്തിൽ നിന്നു വരുന്ന വികലാംഗരെ സംബന്ധിച്ചിടത്തോളം , അവർ അനുഭവിക്കുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകളെ നേരിട്ടാൽ മതി. പക്ഷെ താഴ്ന്ന വരുമാനക്കാരെ സംബന്ധിച്ചിടത്തോളം അവസ്ഥ ഇന്നും പരിതാപകരമാണ്.അച്ഛനുമമ്മയും മരിക്കുന്നതോടെ, ജീവിതകാലം മുഴുവൻ സഹോദരങ്ങളുടെ സംരക്ഷണത്തിൽ കഴിയേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥ ചിന്തിച്ചു നോക്കൂ..
വിവാഹക്കമ്പോളത്തിലും എടുക്കാ ചരക്കാണ് വികലാംഗർ. ധനാഡ്യരാണെങ്കിൽ വികലംഗയായ മകൾക്കൊപ്പം കൂടുതൽ സ്ത്രീധനം കൊടുത്ത്, അല്ലെങ്കിൽ മകനു വേണ്ടി സ്ത്രീധനം വാങ്ങിക്കാതിരിക്കുകയോ അല്ലെങ്കിൽ അങ്ങോട്ട് ധനം കൊടുത്തോ ജീവിത പങ്കാളിയെ നേടാം. പക്ഷെ ദരിദ്രരായ, വിശേഷിച്ചും വികലാംഗരായ സ്ത്രീകൾ എന്തു ചെയ്യും ? നാല്പതും അമ്പതും വയസ്സെത്തിയിട്ടും അവിവാഹിതരായി തുടരുന്ന വികലാംഗസ്ത്രീകളെ എത്രവേണമെങ്കിലും ചൂണ്ടി കാണിക്കാം. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ലളിതസമവാക്യം ആരോഗ്യമുള്ള ഒരു സമൂഹത്തിനു ചേർന്നതാണോ ? താരമത്യേന ഉയർന്ന വിദ്യാഭ്യാസവും വിശാലമായ കാഴ്ച്ചപ്പാടുകളുമുള്ള പുതിയ തലമുറയും വികലാംഗരെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നതിൽ വൈമുഖ്യം കാണിക്കുന്നുണ്ട് എന്നുള്ളത് ഖേദകരമാണ്.
ഭാരതത്തിന്റെ ആത്മീയതയെക്കുറിച്ചൊക്കെ വീമ്പു പറയുന്നവരെയൊക്കെ ധാരാളം കാണാം.പക്ഷെ ഇത്തരം കാര്യങ്ങൾ വരുമ്പോൽ ഭൌതികസാഹചര്യങ്ങളിൽ നിന്ന് ഒരു നിമിഷംപോലും ഉയർന്നു ചിന്തിക്കാൻ അവർക്കാവുകയില്ല. എന്നാൽ അവരൊക്കെ പുഛത്തോടെ കാണുന്ന പാശ്ചാത്യസംസ്ക്കാരം ഈ കാര്യത്തിലൊക്കെ എത്രയോ ഔന്നത്യത്തിലാണ്. വികലാംഗത്വമുള്ളതുകൊണ്ടു മാത്രം ജീവിതപങ്കാളിയെ ലഭ്യമാവാതിരിക്കുന്ന അവസ്ഥ അവിടെയൊക്കെ തുലോം കുറവാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
മാനസികസംബന്ധമായ വൈകല്യമുള്ളവരെ സംബന്ധിച്ചടത്തോളം അവരെക്കാൾ എന്നും സങ്കടം അവരുടെ മാതാപിതാക്കൾക്കായിരിക്കും. ഫീസ് നൽകി പഠിപ്പിക്കാവുന്ന സ്ഥാപനങ്ങൾ നഗരങ്ങൾ കേന്ദ്രീകരിച്ച് കാണാറുണ്ടെങ്കിലും സാമ്പത്തികശേഷി കുറഞ്ഞവർക്കും ഇത്തരം സ്ഥാപനങ്ങൾ അടുത്തില്ലാവരും , മറ്റൊരിടത്ത് ജോലി ചെയ്യുമ്പോഴും വീടിൽ, മുറിക്കുള്ളിൽ കഴിയുന്ന തന്റെ കുഞ്ഞിനെയോർത്ത് ഉരുകയായിരിക്കും. മാത്രമല്ല, ഇത്തരക്കാരിൽ , പ്രായം കൊണ്ട് മുതിർന്നവർക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾ വളരെ കുറവാണ്. രക്ഷിതാക്കൾക്ക് വിശ്വാസത്തോടെ തങ്ങളുടെ മക്കളെ ഏല്പിക്കാവുന്ന സ്ഥാപനങ്ങൾ ഇനിയും ഉയർന്ന് വരേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അവരുടെ അച്ഛനമ്മമാർക്ക് കുഴിമാടത്തിൽ പോലും സംതൃപ്തിയോടെയൊന്ന് കണ്ണടയ്ക്കാൻ പറ്റില്ല.
ഇത്രയും പറഞ്ഞത് നാളെ മുതൽ എല്ലാം ശരിയാവും എന്ന പ്രതീക്ഷയിലല്ല. എങ്കിലും മനസ്സുകൊണ്ടെങ്കിലും വികലാംഗരോടുള്ള ഒരു പിന്തുണ, ഒപ്പം നിൽക്കാനുള്ള സന്നദ്ധത എന്നിവ നിങ്ങളോരോരുത്തരിൽ നിന്നും പ്രതീക്ഷിക്കുന്നു.