Sunday, October 14, 2012

ബ്ലോഗർ സംഗമം


റീജ്യണൽ തീയറ്ററിലെ ബ്ലോഗർ സംഗമം അഥവാ ഒരു മോഡേൺ ആർട്ട് നാടകം..
( 2012 ഒക്ടോബർ 13 ന് തൃശ്ശൂരിൽ നടന്ന ബ്ലോഗർസൗഹൃദസംഗമം അനുസ്മരണം )

അപ്പൊ എവിടെയാണു പറഞ്ഞു നിർത്തിയത് ? ഓ..പറഞ്ഞില്ലല്ലൊ അല്ലെ..
അതു തന്നെ.. കാലത്തു പത്തേമുക്കാലോടെ റീജ്യണൽ തിയ്യറ്ററിനു മുന്നിലെത്തിയപ്പോൾ തുറക്കാത്ത  ബാർഗേറ്റിനുമുന്നിൽ കൈവിറയോടെ കാത്തു നിൽക്കുന്ന കുടിയന്മാരെ പോലെ നാലു പേർ. അരുൺ, പ്രജിൽ, നന്ദൻ, ഷാജി ഷാ. അവിടെത്തന്നെ ഒന്നു ചുറ്റിത്തിരിഞ്ഞ് കോമ്പൗണ്ടിലെ ഒരു മരത്തണലിലിരുന്നു. അഞ്ചു മിനിറ്റനകം ദാ വരുന്നു ഒരു സുന്ദര, സൗമ്യ, സിക്സ് പാക്ക്, യുവകോള..ച്ഛെ ..യുവകോമളൻ.. അതായിരുന്നത്രെ ശ്രീമാൻ നിസാർ..വന്നയുടനെ തന്നെ നായകൻ സ്ഥാനം ഏറ്റെടുത്തു. നാവു കൊണ്ടുള്ള കളരിപ്പയറ്റ്..ഞങ്ങളൊക്കെ അടിയറവ് പറഞ്ഞ് ശിഷ്യത്വം സ്വീകരിച്ചു.
 
വന്നയുടനെ, ബി ബി സിയിൽ വന്ന ഒരു ഫ്ലാഷ് ന്യൂസ്സ് നായകൻ അനൗൺസ് ചെയ്തു. 2012 ഒക്ടോബർ 13ന് കേരളത്തിലുള്ള ചില ബ്ലൊഗേഴ്സിന് ഒരജ്ഞാതരോഗം പിടിപെട്ടുവത്രെ. തമാശ എന്താണെന്നു വച്ചാൽ, ആ രോഗം അന്നു തന്നെ തങ്ങളെ പിടികൂടുമെന്ന് അവർക്കൊക്കെ അറിയുകയും ചെയ്യാം. മറ്റ് പ്രതിവിധിയൊന്നുമില്ല, വീട്ടിലിരുന്ന് കഞ്ഞി കുടിക്കുകമാത്രമാണത്രെ പോംവഴി. രോഗികൾക്കെല്ലാം ഇപ്പോൾ സുഖമായിട്ടുണ്ടാവുമെന്ന് കരുതുന്നു.

. കുറച്ചു കഴിഞ്ഞപ്പോൾ തീയറ്ററിന്റെ ഹാളിനുള്ളിൽ നിന്ന് ഒരനൗൺസ്മെന്റ് കേട്ടു..കൂർക്കഞ്ചേരി അനാമിക തിയ്യറ്റേഴ്സിന്റെ ഒന്നാമത് നാടകം അടുത്ത ബെല്ലോടു കൂടി ആരംഭിക്കും നിസാറിന്റെ ഫോൺ ബെല്ലടിച്ചു. ! പിന്നാലെ , തട്ടമിട്ട ഒരു ഓട്ടോറിക്ഷ ഉരുണ്ട് വന്ന് ഞങ്ങൾക്കു മുന്നിൽ നാടകം ആരംഭിച്ചു. അങ്ങനെ എല്ലാവരും കൂടി നാവങ്കം തുടങ്ങി ഒരു പത്തു മുപ്പതു മിനിറ്റായി കാണും, അതാ ഒരു കൈലിമുണ്ടുടുത്ത സംവിധായകൻ ! ‘എന്ത്യേരാ ശവി’ എന്ന റോള്.

‘എന്തുട്ടാ നിങ്ങടെ ഉദ്ദേശ്യം ?’

കൂട്ടത്തിൽ കള്ളലക്ഷണം ഉള്ള ഒരേയൊരാളുടെ കഴുത്തിൽ പിടിച്ച് ഒറ്റച്ചോദ്യം..നായകനു അടിപതറി എന്നു പറഞ്ഞാൽ മതിയല്ലൊ..
 
“അല്ല ചേട്ടാ..ഞങ്ങള്..ഇവടെ..ഇങ്ങനെ..” ബ ബ ബ

ചേട്ടൻ ഒന്നു കൂടി മസിലു പെരുപ്പിച്ചു.. “ ഇതൊന്നും ഇവടെ നടക്കില്ല്യാട്ടാ.. ബാബുട്ടൻ  ഇത്  കൊറെ കണ്ട്ട്ടൊള്ളതാ..”
 
തലേ ദിവസം തന്നെ ലൊക്കേഷൻ സന്ദർശിച്ച് ഓ കെ  പറഞ്ഞിരുന്ന മ്മടെ ഒറിജിനൽ സംവിധായകന് അരിശം കയറി. “ എടോ ബാബൂട്ടാ താനെന്താ വിചാരിച്ചേ.താൻ ബാബുട്ടൻ ആണെങ്ങെ ഞാൻ ബാബുതൗസന്റ് ആടാ.. പ്രജിൽ അമാൻ ആടാ...ഞങ്ങളൊക്കെ ആരാന്നാ തന്റെ വിചാരം..പുലികളാടോ പുലികൾ..ഒറ്റച്ചവിട്ടിന് തന്റെ അണ്ഡകടാഹം കലങ്ങും ! (ഇത്രയും സ്വയം കേൾക്കാൻ മാത്രമായാണു പറഞ്ഞത് ). പിന്നെ അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞ് ഗർജിച്ചു.. “ പാക്കപ്പ് ഗഡീസ് പാക്കപ്പ്..മ്മളോടാ കളി..പുലീരെ വായേ കയ്യിട്ടു കളിക്ക്ണ മ്മളോട്..!”

ചെമ്മരിന്മേൽ പന്തടിച്ച പോലെ എല്ലാവരും പെരുവഴിയിൽ..
 
മൃഗശാലയിൽ വരുന്ന തമിഴത്തികളുടെ മുന്നിൽ കൂതറ നമ്പറുകൾ അടിച്ച് പരിചയമുള്ള നായകൻ അവസരം പാഴാക്കിയില്ല. “ ഗോ റ്റു സൂ..!”. അരുണും നന്ദനും കാറിൽ വന്നതുകൊണ്ട് ലൊക്കേഷൻ ഷിഫ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല.
 
സോഷ്യലിസത്തോട് താല്പര്യമുള്ളതുകൊണ്ട് പാർക്കിങ്ങ് ഫീ, എൻട്രൻസ് ഫീ, ഫോട്ടോ എടുക്കൽ ഫീ തുടങ്ങിയ നിസ്സാരസംഭവങ്ങളൊക്കെ  നമ്മൾ പുല്ലു പോലെ അവഗണിച്ചു. മുതലാളിത്ത വ്യവസ്ഥയോട് താല്പര്യമുള്ളതുകൊണ്ട് അരുണും നന്ദനുമൊക്കെ ലജ്ജയില്ലാതെ അതെല്ലാം കൊടുത്തു. വർഗ്ഗശത്രുക്കൾ !
 
അങ്ങനെ കുറച്ചു നടന്നും ഇരുന്നും നടന്നും  ഇരുന്നും   പറ്റിയ സ്പോട്ടെരെണ്ണം കണ്ടെത്തി. അജിത്തേട്ടൻ സഹധർമ്മിണിയുമൊത്ത് കാലടിയിൽ എത്തിയിട്ടുണ്ടെന്ന് അറിയിപ്പ് വന്നു. ശനിയാഴ്ച്ച ദിവസം ജോലിയോട് കൂടുതൽ ആത്മാർത്ഥത കാണിക്കുന്ന   സക്കീനയുടെ ഫോൺ വന്നു. വരാത്ത എല്ലാവരെയും തെറി വിളിച്ചു കൊണ്ട് ആദ്യപ്രമേയം കൈയ്യടിയോടെ പാസാക്കി. കൂട്ടായ്മയ്ക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ഗ്രൂപ്പിൽ നടന്ന ഡിസ്കഷന്റെ പ്രസക്തഭാഗങ്ങൾ അരുൺ പ്രിന്റെടുത്ത് കൊണ്ടു വന്നിട്ടുണ്ടായിരുന്നു. ഓരോരുത്തം ഊഴം വച്ച് അതു വായിച്ച് കോട്ടുവായിട്ടു. ഹും..ഇതുപോലെ നൂറ് പ്രസ്താവന  ദിവസവും അടിച്ചിറക്കുന്ന മ്മളോടാണ് കളി..

നായകനോട് മ്മളോട് എന്തൊ പ്രത്യേക മമതയുണ്ടായിരുന്നു. ചാൻസ് കിട്ടുമ്പോഴെല്ലാം തോക്കെടുത്ത് മ്മടെ മേത്ത് ഓരോന്ന് പൊട്ടിക്കും. വെടി പൊട്ടിച്ച് അനുഭവല്ല്യാണ്ട് എങ്ങന്യാ ഉന്നം പിടിക്ക്യാന്ന്ണ് നായകന്റെ ചോദ്യം.. ഉണ്ടയില്ലാ വെടിയെ കുറിച്ച് ഡാ ഗോപാലകൃഷ്ണാ നിനക്കൊരു ചുക്കുമറിയില്ല !
 

അങ്ങനെയിരിക്കെ കൂടും കുടുക്കയും കുലുങ്ങുന്ന ഒരു ഗംഭീര  അലർച്ച..എല്ലാവരും ഒന്നു പേടിച്ചു. നോക്കിയപ്പോൾ ശ്രീനന്ദനെ മാത്രം കാണാനില്ല. ഒരു മരത്തിന്റെ കൊമ്പിലെത്തിയിരിക്കുന്നു. ബഹറിനിൽ മയില്പീലി, മയിലെണ്ണ ഇത്യാദികൾ വിറ്റ് ഉപജീവനം കണ്ടെത്തുന്ന ഷാജി ഷാ ആശ്വസിപ്പിച്ചു.. “ പേടിക്കണ്ട..മയിലാണ്.. മ്മള് കൊറെ കണ്ട്ട്ടൊള്ളതാ..” .. നന്ദൻ താഴേക്കിറങ്ങി.   “ ഏയ് അതൊന്നുമല്ല, ഞാനവിടെയൊരു കാട്ടു പൂച്ചയെ കണ്ടു.. എനിക്കീ പുലിവർഗത്തെ ഭയങ്കരാ ക്രേസാ..കണ്ടാ അപ്പോ  ഒന്നു തൊട്ടുതലോടണം.. അതാ.. അല്ലാതെ ..”

മൃഗശാല കാണാനെത്തിയ തമിഴത്തികളെ കണ്ടപ്പോൾ നായകൻ വീണ്ടും ഉഷാറായി അരുണിന്റെ കാമറ തട്ടിപ്പറിച്ച് ഇരുന്നും കിടന്നുമെല്ലാം പടം പിടുത്തം തുടങ്ങി. വീരനായകന്റെ അഭ്യാസപ്രകടനം കണ്ടാവണം അണ്ണാച്ചികളും അണ്ണാച്ചിനികളും തൊട്ടപ്പുറത്ത് ടിക്കറ്റെടുത്ത് ഇരിപ്പും തുടങ്ങി. ദോഷം പറയരുതല്ലോ ഒരണ്ണന് ഉഷ്ണം കൂടുതലായിരുന്നതുകൊണ്ട് എവിടെയും ദേഹത്തെവിടേയും കാറ്റെത്തുന്ന രീതിയിലാണ് ഇരുന്നത്.. ഹും നമ്മളോടാണങ്കം..കാറ്റു വീശുന്ന ദിശയിൽ നിന്നൊന്ന് മാറിയിരുന്ന് നമ്മളയാളെ അവഗണിച്ചു.

അതിനിടയ്ക്ക് അനാമിക ലഘുഭക്ഷണം ഓഫർ ചെയ്തു. പഫ്സ് ആണത്രെ പഫ്സ്.. ചൂടുണ്ട്..പക്ഷെ സംഭവം , മൂന്നുമാസം പഴക്കാവുമ്പോ ജയാ ബേക്കറീന് ചുളുവെലയ്ക്ക്  കിട്ട്ണതാന്ന് മ്മൾ തൃശ്ശൂക്കാർക്കല്ലെ അറിയൂ.

ഇടയ്ക്ക് അജിത്തേട്ടൻ ഒല്ലൂർ എത്തിയിട്ടുണ്ടെന്ന് ഫോൺ വന്നു. ചർച്ച വീണ്ടും ബ്ലോഗുകൾ കേന്ദ്രീകരിച്ചായി.മാർക്കറ്റിങ്ങ്, എഴുത്ത്, അവലോകനം, കമന്റുകൾ ബ്ലോഗർമാർ, ബ്ലോഗടി, ഗ്രൂപ്പടി..എല്ലാം ചർച്ചാ വിഷയമായി.
ഇതൊക്കെയായിരുന്നു പ്രധാന വിഷയങ്ങൾ
കണ്ണൂരാന്റെയും അബസ്വരം ഡോക്ടറുടെയും ബ്ലോഗ്‌ മാര്‍ക്കറ്റിംഗ് .
 സാമൂഹ്യ വിഷയങ്ങളില്‍ ഉള്ള ഇടപെടല്‍
ഷബീറും ഗിലുവും കൂടെയുള്ള കണ്ടു മുട്ടല്‍
പ്രവീണിനെ കാളി പിടിച്ചത്
മോഹിയും ഇന്ദുവും
ഗ്രൂപ്പിന്റെ ആരംഭവും അതിലേക്കു നയിച്ച സംഭവങ്ങളും
മികച്ച ചില ബ്ലോഗ്ഗുകള്‍
ഗ്രൂപ്പിലെ സ്ത്രീസാന്നിധ്യം
ശ്രീകുട്ടന്റെ FB പോസ്റ്റുകള്‍
ഇ-മഷി
റിയാസിന്റെ വര
കൊമ്പൻ ( അത്രേ ഉള്ളൂ.. കൊമ്പൻ തന്നെ !!)
ഗ്രൂപ്പിനെ രാത്രിയും ആക്റ്റിവ് ആക്കി നിര്‍ത്തുന്ന ചിലര്‍ ( മുബി, നാച്ചി, വിഗ്നേഷ് , സാബു )
പുലിയും മേരിയും. ( ഹോ അത് കേട്ട് കേട്ട് അവസാനം പുലി കൂട് പോളിക്കുമോ എന്ന് പേടിച്ചു )

  എഴുത്തുകാരൻ പുസ്തകം ഇറക്കുന്നത് , ആനുകാലികങ്ങളിൽ എഴുതി പേരെടുത്ത ശേഷമാവുന്നതാണ് നല്ലതെന്ന് നായകൻ പറഞ്ഞു. നമ്മൾ അതിനെ പിന്താങ്ങി.  ( നായകാ എന്നും ഇതു തന്നെ പറഞ്ഞോളണം ! )

അല്പം കഴിഞ്ഞ് അജിത്തേട്ടനും സഹധർമ്മിണിയും എത്തി. അജിത്തേട്ടൻ വരുന്ന വഴിക്ക് ഒന്നു ശർദ്ദിച്ചുവത്രെ. നാലഞ്ചു മണിക്കൂർ കഴിഞ്ഞിട്ടും ഡ്രൈവിങ്ങ് അല്ലാത്തെ അനക്കമൊന്നുമില്ലെന്നു കണ്ടപ്പോൾ  അനു ചേച്ചി വായിലൊന്ന് വിരലിട്ടു നോക്കിയതാണത്രെ. അഞ്ചുപത്തു മിനിറ്റിനകം അജിത്തേട്ടന്റെ ലൈൻ മനസ്സിലായി. അടൂരിന്റെ ലൊക്കേഷനിൽ നിന്നിറങ്ങി വന്നതുപോലെയാണ്. കൈമുദ്രയാണു പഥ്യം. അഥവാ പിന്നെയെന്തെങ്കിലും പറയാനുണ്ടെങ്കിൽ കമന്റെഴുതി കാണിക്കും !

പിന്നെ എല്ലാവരും ചേർന്നൊരു ഫോട്ടൊയെടുപ്പ്..നായകൻ തനിച്ചിരുന്നു ഫോട്ടൊ എടുത്തു. മിനുക്കുപണികൾ നടത്തണമല്ലൊ. 


സമയം നോക്കിയപ്പോൾ രണ്ടുമണി ! വയറ്റിൽ നിന്നൊരു വിളി.. മോനേ ദിനേശാ നീയെന്നെ മറന്നോടാ ? വെറുതെയൊന്ന് പറഞ്ഞു നോക്കി.. ഗഡ്യേളൊക്കെ വീട്ടീന്ന് നല്ല പൂശു പൂശീട്ടാ വന്നതെന്ന് മനസ്സിലായി – ആർക്കും ഒരു മൈന്റില്ല. നന്ദൻ മാത്രം കൂടെയൊന്ന് ഞരങ്ങി സപ്പോർട്ട് ചെയ്തു. പാവം നമ്മൾ ഓസിനൊരു ബിരിയാണിയടിക്കാമെന്നു കരുതി കാലത്തേ ഒന്നും കഴിക്കാതിറങ്ങിയത് വെറുതെയായി.

അപ്പൊ എല്ലാവർക്കും ഒരാഗ്രഹം ഇവിടം വരെയെത്തിയിട്ട് പുലിയെ ഒന്നു കാണാതെങ്ങനെ ?  (സത്യം പറയാലോ മ്മക്ക് പുലീനെയല്ല, മേരീനെ  കണ്ടാമതീന്നായ്ര്ന്നു ആഗ്രഹം.) അങ്ങനെ എല്ലാരും കൂടി പുലീനെ തപ്പിയിറങ്ങി. പോകുന്ന വഴിക്കതാ മ്മടെ കഥാതന്തു ! രണ്ട് പീരങ്കികൾ ! ഹൗ..മ്മക്ക് രോമാഞ്ചണ്ടായി..അയിന്റെടയ്ക്ക് നായകൻ മ്മടീം ഒരു പോട്ടം പൂശി.

നടന്ന് നടന്ന് ഒരു ചെരിഞ്ഞ മരം കണ്ടപ്പൊ നായകൻ വെള്ളം കണ്ട  പോത്തിന്റെ പോലെ ഒരമറൽ ! പ്രജിലിന്റെ കണ്ണട തട്ടിപ്പറിച്ച് ചാഞ്ഞും ചെരിഞ്ഞും നില്പായി. ആരു പോട്ടം പിടിച്ചിട്ടും നായകനു തൃപ്തി പോരാ.കാണാൻ ഒരു ഗുമ്മില്ല്യാത്രെ.ഒടുവിൽ പഴേപോലെ ഫോട്ടോഷോപ്പ് വച്ച് ഒപ്പിക്കാന്ന് തീരുമാനായി.

അതിന്റെടയ്ക്ക് പുലിക്കുട് തുറന്ന് പുലിക്ക് സവാരിക്കുള്ള സംവിധാനമൊരുക്കി ജീവനക്കാർ. ‘പുലി’യെ നോക്കി കുറെ നേരം വായപൊളിച്ചു നിന്ന ശേഷം അരുണിന്റെ ദു:ഖം നിറഞ്ഞ ആത്മഗതം .. “ മദ്രാസിലൊക്കെ ഈ മൃഗത്തിനെ  ബംഗാൾ ടൈഗർ എന്നാണു പറയുക. കഷ്ടം !.കേരളം വല്ലാതെ മാറിപ്പോയിരിക്കുന്നു !”അതിനിടയ്ക്ക് ഡോ.അബ്സാറിന്റെ ഫോൺ.. ‘വരാതിരുന്നത് നഷ്ടമായി.. പക്ഷെ വരാതിനുന്നാൽ മെഡിക്കൽ ക്യാമ്പെന്ന പേരിൽ പോക്കറ്റടിക്കാനുള്ള ചാൻസ് പോകും..അതാ വരാതിരുന്നത്. കോഴിക്കോടാവുമ്പൊ രണ്ടും കൂടി ഒത്തു പോകും..നമുക്കിവിടെയൊന്ന് കൂടണം.’.  

മയിലുകളുടെ കൂട്ടനിലവിളി കേട്ടാണ് എല്ലാവരും അങ്ങോട്ട് തിരിഞ്ഞത്. ഷാജി ഷാ കവിത ചൊല്ലിക്കൊടുത്തതാണ്..പാവങ്ങൾ .. ആ മിണ്ടാപ്രാണികൾ എന്തു തെറ്റു ചെയ്തു !
  

പിന്നെയും കുറച്ച് നടന്നപ്പോൾ അജിത്തേട്ടൻ ഒറ്റ അലർച്ച ! പുലിക്കൂടിനു മുന്നിലാണ്. പാവം പുള്ളിപ്പുലി..പേടിച്ചു വിറച്ച് അതിനുള്ളിൽ ചുരുണ്ടുകൂടികിടന്നു. ‘പേടിക്കാനില്ല’ ചേച്ചി പറഞ്ഞു.  ഇപ്പോ പുലി എന്നു കേട്ടാൽ അപ്പൊ അജിത്തേട്ടന്റെ കൺട്രോൾ പോകുമത്രെ!          
           
നടന്നു നടന്നു തിരിച്ചിറങ്ങാറായപ്പോൾ സമയം മൂന്നര. നായകൻ പാമ്പിൻ കൂടുകൾക്കടുത്തേക്ക് വന്നില്ല. പേടിയായിട്ടല്ല.. വെറുപ്പ്..പക്ഷെ നാട്ടുകാരും വീട്ടുകാരും അതിനെ പേടി എന്നു തന്നെയാണത്രെ പറയുക – വിവരമില്ലാത്തവർ.

മലയാളിയുടെ ദേശീയജീവിയെ കണ്ട്  അവസാനം എല്ലാവരും ഒന്ന് ഒത്തു ചേർന്നിരുന്നപ്പോൾ സമയം നാലോടടുത്തു. വെറുതെയിങ്ങനെ കത്തിയടിച്ചാൽ പോരല്ലൊ..എന്തെങ്കിലും ഒരു തീരുമാനം.. ?

ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കണം, ഡിസംബറിൽ ബ്ലോഗേഴ്സ് മീറ്റ് നടത്തണം, അന്ന്  അനാഥാലയത്തിലൊ മറ്റൊ അവരോടൊപ്പം ചേർന്ന് ഒരു ദിവസത്തെ ഭക്ഷണം കഴിക്കണം.. അവർക്ക് ഉപകാരപ്രദമായ എന്തെങ്കിലും സമ്മാനങ്ങൾ കൊടുക്കണം..എല്ലാവരും യോജിച്ചു. അവസാനം നായകൻ മ്മളെ ഒറ്റക്കുത്ത് – നാട്ടിലുള്ളതുകൊണ്ട് അബ്സാർ ഡോക്ടറും വിഡ്ഡിമാനും ചുമതലയെടുക്കണം ! ചതി .. ചതി
കൊലച്ചതി !  നടന്നതു തന്നെ..അങ്ങനെയെന്തെങ്കിലും നീക്കമുണ്ടായാൽ നമ്മൾ ഗ്രൂപ്പിൽ നിന്നു തന്നെ സ്കൂട്ടാവും നായകാ.. വാചകമടിയല്ല ജീവിതം !

എല്ലാം കഴിഞ്ഞു. ഫുഡ് അടിക്കാൻ തീരുമാനമായി. അനാമിക ബുദ്ധിപൂർവം ഒഴിവായി. വീട് തൊട്ടടുത്താണത്രെ..അല്ലാതെ ബില്ലടക്കേണ്ടി വരും എന്ന ഭയം കൊണ്ടല്ല. അജിത്തേട്ടനും ചേച്ചിയും മുമ്പെ ഗോൾ അടിച്ചിരുന്നു. അവർ ഉച്ചഭക്ഷണം കഴിച്ചാണു വന്നത്. അങ്ങനെ അതൊരു തീരുമാനമായി. അജിത്തേട്ടൻ തിരിച്ചു പോകുന്ന വഴിക്ക് അനാമികയെ വീട്ടിലെത്തിക്കും. പിന്നെ ഞങ്ങൾ ആറു പേർ. സഫയറിലേക്ക് വച്ചടിച്ചു. അവിടെ ചെന്നപ്പോൾ പൂരത്തിന്റെ തിരക്ക്. തൊട്ടപ്പുറത്ത് കുന്നംകുളത്തുകാരൻ നടത്തുന്ന ഡ്യൂപ്ലീക്കേറ്റ് സഫയറിൽ കയറി. മ്മൾക്കൊരു മനശ്ചാല്ല്യം അപ്പോഴേ ഉണ്ടായിരുന്നു. “ ഡാ പോത്തേ നിൻക്ക് ഡയറ്റിങ്ങാന്ന് പറഞ്ഞ് നേരത്തെ സ്കൂട്ടാവായ്ര്ന്നില്ല്യേ. റീജ്യണൽ തീയറ്ററിലെ കാന്റീനിന്ന് ഇരുപത്തഞ്ച് രുപേരെ ഊണ് വെല്യകാര്യത്തില് സ്പോൺസർ ചെയ്യാന്ന് വിചാരിച്ച്ര്ന്ന നിൻക്കിപ്പോ എന്തുപറ്റി ? .ഇനിപ്പോ നീയൊരു തൃശ്ശൂക്കാരനും സർക്കാർ ജോലിക്കാരനുമൊക്കെയായിട്ട് ബില്ലടയ്ക്കാണ്ടിര്ന്നാ മോശാവില്ല്യെ ?” മനസ്സിലെ ബുദ്ധിമാൻ ചീത്ത വിളിച്ചു. വിഡ്ഡിമാൻ തലതല്ലിക്കരഞ്ഞു. വര്ണത് വരട്ടെ.. ഇനി ഏതെങ്കിലും വിശാലമനസ്ക്കൻ ഉണ്ടായാലോ ? യേത് ?
ഫുഡടിച്ചു..ആ കള്ളപ്പന്നി വെയ്റ്റര് കൃത്യം മ്മടെ മുന്നീ തന്നെ വിഷപ്പൊതി കൊണ്ടു വച്ചു. ഹൗ ! കാര്യം ബ്ലോഗർമാരൊക്കെയണങ്കിലും പടിച്ച  കള്ളമ്മാരാ.. ഒരാളും തിരിഞ്ഞ് നോക്ക്ണിൽല്യ..തുറന്നു നോക്കി..കണ്ണടയ്ക്കുള്ളിലായ കാരണം കണ്ണുകൾ പുറത്തേയ്ക്ക് തള്ളിയില്ല. ഏന്തിവലിഞ്ഞ് ആയിരത്തിന്റെ പടം ഒരെണ്ണം എടുത്തുവച്ചു..ശോകഗാനം പാടി..ദുഷ്ടന്മാർ. നീയായി നിന്റെ പാടായി എന്ന ലൈനിലിരുന്ന് എന്തോ ചർച്ചിക്കുകയാണ്. . നിർത്തി.. ഈ  പരിപാടി നിർത്തി..

‘എത്രയായി ?” അരുൺ ബിൽപുസ്തകം തുറന്നു..പ്രതീക്ഷയുടെ ആശാകിരണം !

“ ഓ..അത് ഞാൻ കൊടുത്തോളാം..” ആരും തെറ്റിദ്ധരിക്കരുത്. വെറുതെ പറഞ്ഞതാണ്. സമ്മതിച്ചു തരരുത് !

സമ്മതിച്ചില്ല ! മസ്സിലു പിടിത്തം.. നിർത്തണ്ടേടത്തെത്തിയപ്പോൾ നമ്മൾ നിർത്തി. ആയിരത്തിന്റെ പടം വീണ്ടും പോക്കറ്റിൽ..

അരുൺ..ഉമ്മാസ്..നിങ്ങളാണിഷ്ടാ ചങ്ങാതി.. അരുൺജി വാഴ്കെ ! അരുൺജി വാഴ്കെ! അരുൺജി വാഴ്കെ!

അവസാനനിമിഷം നായകനും അരുണും തമ്മിൽ ബില്ലിനെ ചൊല്ലി വീണ്ടും കശപിശ..നമ്മൾ ശ്രദ്ധിക്കാൻ പോയില്ല. എന്തെങ്കിലുമാവട്ടെ..നമ്മളുടെ റോൾ നമ്മൾ ഭംഗിയാക്കി..

സമയമായി. മംഗളം പാടി പലവഴിക്ക് പിരിഞ്ഞു.

ബ്ലോഗേഴ്സ് സമ്മേളനം സിന്ദാബാദ് !
മലയാളം ബ്ലോഗേഴ്സ് സിന്ദാബാദ് !
ഇങ്ക്വിലാബ്  ഇങ്ക്വിലാബ്  ഇങ്ക്വിലാബ്  സിന്ദാബാദ് !!
ബ്ലോഗ് അവലോകനം


ഇ - മഷി ബ്ലോഗ് മാഗസിൻ സെപ്റ്റംബർ  ലക്കത്തിൽ പ്രസിദ്ധീകരിച്ച ബ്ലോഗ് അവലോകനം


. ബ്ലോഗുകൾ അവലോകനം  ചെയ്യാൻ ലഭിച്ച ഈ സന്ദർഭത്തിൽ, അവയുടെ നിലവാരത്തെ  അതിനെ കുറിച്ചായി ആദ്യചിന്ത.  അച്ചടി മാധ്യമവുമായി താരതമ്യം ചെയ്യുകയാണ് ആദ്യം ചെയ്തത്.

 റാക്കുകളിൽ  നിറഞ്ഞ ശേഖരമുള്ള ഒരു വായനശാലയിലെ എല്ലാ പുസ്തകങ്ങളും ഒരേ നിലവാരത്തിലുള്ളതാണെന്ന്  അഭിപ്രായപ്പെടാൻ ആരെങ്കിലും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. ക്ഷേക്സ്പിയറും മുട്ടത്തുവർക്കിയും തകഴിയും മാധവിക്കുട്ടിയും കോട്ടയം പുഷ്പനാഥുമെല്ലാം തോളോട് തോൾ ചേർന്നിരിക്കുന്ന സംഗമസ്ഥാനമാണല്ലൊ അത്. ഒരു പക്ഷെ അവിടെ നിന്ന് മനസ്സിനിഷ്ടപ്പെട്ട ഒരു പുസ്തകം കണ്ടെത്താൻ, എഴുത്തുകാരെ ഒട്ടും പരിചയമില്ലാത്ത ഒരു പുതുവായനക്കാരൻ ബുദ്ധിമുട്ടേണ്ടിയും വരും.

ഇനി ഒരു തട്ടുകടയിലേക്ക് വരാം.. ദാ ഒരു ചരടിൽ കൈയ്യോട് കൈ ചേർത്ത് ചിരിച്ചു കിടക്കുന്നു മാതൃഭൂമിയും, മലയാളമനോരമയും, കലാകൗമുദിയും, മംഗളവും, മാധ്യമവും,   ജ്യോതിഷരത്നവും, ശാസ്ത്രഗതിയും വനിതയുമെല്ലാം. കൊള്ളാം, അവിടെയുമുണ്ട് നിലവാരവൈവിധ്യം !

ഇനിൽപ്പോൾ,  ഒരു ചെറിയ ചുറ്റുവട്ടത്തിൽ ഒതുങ്ങുന്ന കൈയ്യെഴുത്ത് മാസികകളും കോളേജ് മാഗസിനുകളും പരിശോധിച്ചാലോ ? ( അവിടെയാണല്ലോ എഴുതി തുടങ്ങുന്ന പുതുനാമ്പുകളെ കാണാനാവുന്നത് ) അവിടെ വിഷയം മിക്കപ്പോഴും പ്രണയവും പ്രണയനൈരാശ്യവും പ്രവാസവും തിരിച്ചു വരവും ആത്മഹത്യയും പാടവരമ്പും പുഴയോരവും ഒക്കെ തന്നെ.. 

സമാധാനമായി ! വെറും വെള്ളക്കടലാസ്സ് ‘കക്കൂസ് ചുമരു’കളിൽ  എഴുതിയും മായ്ച്ചും  വളർന്നവർ തന്നെ അച്ചടിലോകത്തും ഉള്ളത് !!
ഇവിടെ ‘ ഇ ടോയ്ലറ്റ്’ ചുമരിലാണെങ്കിൽ, പ്രസാധനത്തിനു ഒരു ക്ലിക്ക് മതി എന്ന മെച്ചമുണ്ട്. നയാപൈസ ചിലവുമില്ല. പോരാത്തതിനു എഴുതിയിട്ട് സെക്കന്റുകൾക്കുള്ളിൽ പ്രതികരണങ്ങളും വായിക്കാം, അതും ഈ ഭൂഗോളത്തിന്റെ മറുപകുതിയിൽ നിന്നു പോലുമെത്തുന്നവ..എന്തുകൊണ്ടും കൊള്ളാം..

ആ ചിന്തയോടെ ആഗസ്റ്റ് മാസത്തിലെ ബ്ലോഗ് ലിങ്കുകളിലേക്ക് പോയി. കഥകളും കവിതകളും ലേഖനങ്ങളും നോവലും യാത്രാക്കുറിപ്പുകളും ഓർമ്മക്കുറിപ്പുകളും നർമ്മഭാവനകളും സിനിമാനിരൂപണവും ഫോട്ടോബ്ലോഗുകളുമായി  ഇരുന്നൂറിലധികം വിഭവങ്ങൾ !എല്ലാത്തിനെ കുറിച്ചും എഴുതുക അസാധ്യം.. സിനിമകൾ കാണുന്നത് കുറവായതുകൊണ്ട് ആദ്യം തന്നെ സിനിമാ നിരൂപണം ഒഴിവാക്കി.( നിരൂപകർ ക്ഷമിക്കുക )  ഒരു ബ്ലോഗറുടെ ഒന്നിലധികം പോസ്റ്റുകൾ പരിഗണിക്കണ്ട എന്നു തീരുമാനിച്ചു. പിന്നെയുള്ളതെല്ലാം വായിച്ച് മനസ്സിൽ തങ്ങിയത് ചിലത് തിരിച്ചെടുത്തു.

വായനയിൽ , എന്താണെന്നറിയില്ല, മറ്റു പലരെയും സ്വാധീനിച്ച പല സൃഷ്ടികളും എന്നെ സ്പർശിച്ചില്ല. മനുഷ്യസ്വഭാവം ഇങ്ങനെയൊക്കെയാവും എന്നാശ്വസിക്കുന്നു.  അതുകൊണ്ട്,  ഇഷ്ടാനിഷ്ടങ്ങൾ വ്യക്തിപരമാണെന്ന് അടിവരയിട്ട് പറഞ്ഞതായി കരുതുക.


കഥകൾ  

അച്ചടിലോകത്തെ എല്ലാ കഥാരൂപങ്ങളും ബ്ലോഗുകളിലും കണ്ടെത്താൻ കഴിയുന്നുണ്ട്. മൈക്രൊ കഥകൾ , ഉത്തരാധുനികം, മാജിക്കൽ റിയലിസം, ഇനിയിപ്പോൾ തനി പാരമ്പര്യവാദികൾ വേണമെങ്കിൽ അതുമുണ്ട് ധാരാളം.
ഗ്രഹണശേഷിയും ദഹനശേഷിയും കുറവായതുകൊണ്ട് ഉത്തരാധുനികരെയും മാജിക്കൽ റിയലിസ്റ്റുകളെയുമൊന്നും തൊട്ടില്ല. ക്ഷമിക്കുക.
ഏറ്റവും ആദ്യം ഓർമ്മയിൽ വരുന്നത് മൻസൂർ ചെറുവാടിയുടെ ‘ഗോതമ്പ് പാടങ്ങൾ തിരികെ തന്നത്’ (http://mansoormaruppacha.blogspot.com/2012/08/blog-post.html ) എന്ന മിനിക്കഥയാണ്. ആറ്റിക്കുറുക്കിയ കുറച്ചു വരികളിലൂടെ ഒരു ഭൂതകാലം ചെറുവാടി മനോഹരമായി വരച്ചിട്ടിരിക്കുന്നു.

ചുരുങ്ങിയ വാക്കുകളിൽ ഒതുക്കിയ മറ്റൊരു കഥ കണ്ടെത്തിയത് അംജത് ഖാന്റെ അമാവാസി എന്ന ബ്ലോഗിലാണ്.(
http://amaavaasi.blogspot.in/2012/08/blog-post.html#comment-form ) ഒരു മരണവീട്ടിലെ പ്രധാനപ്പെട്ട ഒരു കുടുംബാംഗം അത്തരമൊരവസ്ഥയിൽ ജാരസംസർഗത്തിനു മുതിരുമോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. ഉവ്വായിരിക്കാം, പ്രായോഗികതകൾ വരെ ഓരോരുത്തരിലും വ്യത്യസ്തമാണല്ലൊ.
മിമിക്രി ട്രൂപ്പുകൾ തമാശയായി അവതരിപ്പിക്കാറുള്ള ഒരു വിഷയമാണ് ഷലീർ അലി ഇത്തവണ തന്റെ കഥയ്ക്കു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.- കള്ളം പറയാത്ത ആത്മാവുകൾ.
(http://kanalchinthukal.blogspot.com/2012/07/blog-post_19.html )
  ഷമീറിന്റെ ഭാഷയാണ്  വശ്യമായി തോന്നിയത്.

    ബെഞ്ചമിൻ അലക്സ് ജേക്കബിന്റെ ‘വേനലിൽ ഒരു പുതുമഴ’ (http://saumyadharsanam.blogspot.in/2012/07/blog-post_31.html ) എന്ന കഥ ധൃതി പിടിച്ച് അവസാനിപ്പിച്ച പോലെ തോന്നി.അത്രയും നിർണ്ണായകമായ ഒരു തീരുമാനം ടീച്ചർ എടുക്കുമ്പോൾ, അതിനനുയോജ്യമായ മനോവിചാരങ്ങൾ അല്പം കൂടി ചേർക്കാമായിരുന്നു.

ഗോകുൽ വി ഉണ്ണിത്താന്റെ  ‘ ഒരു നുണക്കഥ’  (http://moltenmemories.blogspot.in/2012/08/blog-post.html
 ) എന്ന കഥയിൽ സിനിമയിൽ മുകേഷും ജഗദീഷും ഒക്കെ സാധാരണയായി അഭിനയിക്കാറുള്ള ഒരു കഥാപാത്രത്തെ കാണാം. നുണകൾ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകുകയും ഒടുവിൽ അതിൽ തന്നെ ചെന്നു കുടുങ്ങകയും ചെയ്യുന്ന ഒരു കഥാപാത്രം.

കവിതകൾ

കവിതകൾ വിലയിരുത്താൻ ഞാൻ ഒട്ടും പോരാ എന്നു ബോധ്യമുണ്ടെങ്കിലും ആ മേഖലയിലും ഒന്ന് കൈ വെക്കുകയാണ്. ബിംബങ്ങളും കവിതയുടെ ഉൾച്ചൂടുമറിഞ്ഞ് കവിതയെ ആസ്വദിക്കുന്നവർ കുറഞ്ഞു വരികയാണ് എന്നുള്ളത് വ്യക്തം. പലപ്പോഴും  കവിയുടെ മനസ്സറിഞ്ഞവരെഴുതുന്ന അഭിപ്രായങ്ങളാണ്  കവിതയിലേക്ക് പ്രവേശിക്കാൻ  സഹായകമാവാറുള്ളത്. അവയില്ലാതായാൽ എന്നെ പോലുള്ളവർക്ക് ആസ്വാദനം വഴി മുട്ടും !

ശ്രദ്ധേയമായ കവിതകളുള്ള  ബ്ലോഗാണ് ശിവപ്രസാദ് പാലോടിന്റെ കവിഭാഷ. ഒരു പക്ഷെ, ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ അപ്പപ്പോൾ ഷെയർ ചെയ്യുന്നതുകൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ ബ്ലോഗിൽ അധികം കമന്റുകൾ കാണാത്തത്.(
http://www.kavibhasha.blogspot.in/2012_08_01_archive.html )എന്തായാലും കവിതാ വായനക്കാർ കവിഭാഷയ്ക്കു നൽകുന്ന പരിഗണന പോരാ എന്നു തന്നെയാണ് അഭിപ്രായം.  ആവർത്തനങ്ങളില്ലാതെ കവിതയെഴുതാനും ബ്ലോഗ്പ്രചാരത്തിൽ അല്പം കൂടി ശ്രദ്ധിക്കാനും പാലോടും ശ്രദ്ധിച്ചാൽ നന്നായിരുന്നു.
മികച്ച കവിതകൾ കാണാറുള്ള മറ്റൊരു ബ്ലോഗാണ് സതീശൻ ഓ. പി. യുടെ പൂമരം . .നിഴലുകൾ ബാക്കി വെക്കുന്നത്’ (http://sat1111.blogspot.in/2012/08/blog-post_20.html ) എന്ന കവിത,  പകൽ വെളിച്ചത്തിൽ പിന്തുടരാൻ മാത്രം വിധിക്കപ്പെട്ട
ചില  നിഴൽ ജന്മങ്ങളെ കുറിച്ചുള്ളതാണ്. ജീവിതാവസാനം വരെ നടന്നെത്തുമ്പോഴേക്കും പകൽജീവിതത്തിൽ പരാജയപ്പെട്ട എത്രയോ നിഴലോർമ്മകൾ നമ്മെ പിന്തുരുന്നുണ്ടാവും ?

‘എന്റെ കവിതയ്ക്ക് പുതുമയില്ല’ (
http://nishashalabhangal.blogspot.com/2012/08/blog-post.html ) എന്ന റൈനി ഡ്രീംസിന്റെ കവിത എല്ലാക്കാലത്തുമുള്ള എഴുത്തുകാരന്റെ സങ്കടമാണ്. പുതുമയില്ലെന്ന് തള്ളിക്കളഞ്ഞ സമൂഹം തന്നെ, മരണാനന്തരം സാഹിത്യകാരന്റെ സൃഷ്ടികൾ നെഞ്ചേറ്റു വാങ്ങിയ ചരിത്രങ്ങളുണ്ട്. അതിനെയൊക്കെയായിരിക്കുമോ ‘യോഗം’ എന്നു നാട്ടിൻപുറത്തുകാർ  പറയുന്നത് ? കവിതയുടെ സാരാംശം തന്നെ തുറന്നു പറയുന്ന ഒരു പേരു വേണ്ടായിരുന്നു എന്നഭിപ്രായമുണ്ട്.

വളരെ വ്യത്യസ്തമായ ഒരു കവിത ശ്രദ്ധയിൽ പെട്ടു. ഇന്നത്തെ കാലത്ത് ഇത്തരം പാരമ്പര്യം പിൻപറ്റി പോകുന്നവർ  അപൂർവം..ഗിരിജ ചെമ്മങ്ങാട്ട് എഴുതിയ മൂഷികചരിതം ഓട്ടൻ തുള്ളലിനെ കുറിച്ചാണു പറഞ്ഞു വരുന്നത്. സാധനയും അർപ്പണമനോഭാവവുള്ളവർക്കേ ഇത്തരത്തിൽ എഴുതാൻ കഴിയൂ.. ഗിരിജയ്ക്കൊരു വലിയ കൈയ്യടി.

നർമ്മം..

ബൂലോകത്തിൽ എറ്റവും അധികം വായനക്കാരുള്ളത് നർമ്മ പോസ്റ്റുകൾക്കാണ് എന്നുള്ളത് നിസ്തർക്കമാണ്.ചാനലുകളും യൂറ്റ്യൂബും ഒരുക്കുന്ന ദൃശ്യചാരുതകളിൽ നിന്ന്  വായനക്കാരനെ തിരിച്ചു പിടിച്ചതിൽ കൊടകരപുരാണം പോലുള്ള ബ്ലോഗുകൾക്ക് വലിയ പങ്കുണ്ട്. രുചിക്കുന്ന രസക്കൂട്ടുകൾ ഒരുക്കി  വായനക്കാരെ ആകർഷിക്കുന്ന എല്ലാ നർമ്മസാ‌മ്രാട്ടുകൾക്കും സലാം.പക്ഷെ ഏറ്റവും വെല്ലുവിളി നേരിടുന്നതും ഇവർ തന്നെ. എന്നും  ഒരേ സാമഗ്രികൾ ഒരേ പോലെ പാചകം ചെയ്തു വിളമ്പിയാൽ കഴിക്കുന്നവന്റെ പരാതി കേൾക്കാനേ നേരമുണ്ടാവുള്ളല്ലൊ.

ബിജു ഡേവിസിന്റെ ഉഗ്രന്മാർ  ഏറെ ആസ്വാദകരുള്ള ബ്ലോഗാണ്. മൈക്കിളേട്ടന്റെ ഫഫദ് ഫോബിയ (http://www.angelvoiceonline.blogspot.com/2012/08/blog-post.html )  എന്ന പുതിയ പോസ്റ്റും നർമ്മം കൊണ്ട് സമ്പന്നം..തൃശ്ശൂർ ഭാഷയുടെയും ഇംഗ്ലീഷീന്റെയും സാധ്യതകൾ   അദ്ദേഹം പരമാവധി ഉപയോഗിക്കുന്നു. അല്ല,  എന്തൂട്ടാ ഇസ്റ്റാ ഈ ഫഫദ് ഫോബിയ ?
കറുപ്പിനഴക് പാടി നടന്ന മോനായി എങ്ങനെ  ഒരു ഐഡിയൽ മല്ലുബാച്ച് കുടിയനായി എന്ന കഥ പറയുകയാണ് സുമേഷ് വാസുവിന്റെ മോനായിയുടെ യാഗം (
http://sumeshvasu.blogspot.com/2012/08/blog-post.html ) എന്ന പോസ്റ്റിൽ. വായിച്ചാൽ ആർക്കും ഒരു ഐഡിയൽ മല്ലു ചിരി വിരിയും.

അതാ മറ്റൊരു ബാച്ചിലൈഫ് കഥയുമായി  അദ്ബുൾ വദ്‌ഹൂദ് റഹ്മാൻ - ഹെമിങ്ങ്‌വേയുടെ കോട്ടും നാലു  സോപ്പും (
http://weirdoandco.blogspot.in/2012/08/blog-post.html ) എന്ന പോസ്റ്റിൽ. മാർകേസ്,  പൗലോ കെയ്ലോ എന്നൊക്കെ മാത്രം കേട്ടാൽ ഇളകുന്ന ബുദ്ധിജീവി വർഗ്ഗത്തെ കൂടി ഇളക്കാനായിരിക്കണം ഹെമിങ്ങ്‌വേയുടെ കോട്ടിന്റെ കാര്യത്തിൽ തുടങ്ങിയത്. സോപ്പ്, പേസ്റ്റ്   സോഷ്യലിസം നീണാൽ വാഴട്ടെ !

പട്ടിയെ വെടിവെക്കാൻ നിയോഗിക്കപ്പെട്ട പട്ടാളക്കാരന്റെ ദുരവസ്ഥയാണ് ഷാർപ്പ് ഷൂട്ടർ ഫ്രം എയർ ഫോഴ്സ് (
http://nurungukadha.blogspot.com/2012/07/blog-post_7141.html ) എന്ന പോസ്റ്റിൽ രഘു നന്ദന മേനോൻ പറയുന്നത്. ‘ഷാർപ്പ് ഷൂട്ടിങ്ങി’ൽ നരകിച്ച പട്ടിയുടെ കഥ മനേകാ ഗാന്ധി കേൾക്കണ്ട..

നാച്ചി’ ഉപ്പയുടെ സ്വന്തം ചക്കര ( ഇത്ര വലിയ പേരൊന്നും ഇടല്ലെ ചങ്ങാതീ )  തന്റെ സ്നേഹക്കൂട് എന്ന ബ്ലോഗിൽ സുഹൃത്ത് കോയാസ് കൊടിഞ്ഞിയുടെ കോയാസ് സുപ്രീം (http://www.snehakkoodu.com/2012/08/blog-post_27.html )എന്ന നുറുങ്ങുനർമ്മ കഥ പോസ്റ്റ് ചെയ്തിരിക്കുന്നു.  ഒരു ചിരിവിടർത്താൻ ഏതാനും ചില വരികൾ പോരെ എന്നോർമിപ്പിക്കുന്നു ഈ പോസ്റ്റ്.
എന്നാലും ഡോക്ടറെ, ഇത്രയും വലിയ  അപവാദം പറയാമോ ? കാവ്യാമാധവൻ ഗർഭം ധരിച്ചെന്ന്  !! (  തടി കേടാവാതിരിക്കാൻ ഞാനും യുധിഷ്ഠിരനെപ്പോലെ പതുക്കെ ചിലത് പറയുന്നുണ്ട് ). പോയൊന്ന് വായിച്ചു നോക്കൂ  ഡോ. ജയൻ ദാമോദരന്റെ ക്ഷീര വിപ്ളവം വരുന്ന വഴി എന്ന പോസ്റ്റ്.

ഓർമ്മകൾ/അനുഭവം

ഏറ്റവുമധികം ബ്ലോഗുകൾ പോസ്റ്റ് ചെയ്യപ്പെടുന്നത് ഈ വിഭാഗത്തിലായിരിക്കുമെന്ന് തീർച്ച. പ്രവാസമലയാളികൾ തന്നെ  എഴുത്തുകാരിൽ ഏറിയ പങ്കും.വിദ്യാർത്ഥികളും ടെകി ബോയ്സും ഗേൾസുമൊന്നും ഓർമ്മകളും അനുഭവങ്ങളും പങ്കു വെക്കുന്നതിൽ ഒട്ടും പിന്നില്ലല്ല.ചിരിപ്പിച്ചും കരയിപ്പിച്ചും  തീ പോലെ പൊള്ളിച്ചും പീലി പോലെ തഴുകിയും ഓർമ്മകൾ
. തനിച്ചിരിക്കുമ്പോൾ  ഓർമ്മകൾ അല്ലാതെ ആര് കൂട്ട് അല്ലെ ? 

കുട്ടിക്കാലത്തെ തീവണ്ടി യാത്രകളെ കുറിച്ചുള്ള വിവരണം കേട്ട് രസിച്ച് ഡോ അബ്സാറിന്റെ ഒപ്പം യാത്ര ചെയ്തവസാനം നമ്മളെത്തി ചേരുക തീർത്തും അപ്രതീക്ഷിതമായൊരന്ത്യത്തിലാണ്..ജീവിതം പോലെ തന്നെ ! എങ്കിലും ചില മനുഷ്യാവസ്ഥകളോർത്ത് വിറങ്ങലിച്ചു പോകുന്നു, കടലുണ്ടി എക്സ്പ്രസ്സ് (
http://absarmohamed.blogspot.in/2012/08/blog-post.html )എന്ന പോസ്റ്റ് വായിക്കുമ്പോൾ.

അബ്സാർ ഡോക്ടറെ കുറിച്ചോർക്കുമ്പോൾ, അദ്ദേഹത്തോട് പരസ്യമായി കുമ്പസാരിച്ച വസീം മേലാറ്റൂരിനെ  മറക്കുന്നതെങ്ങിനെ ?  പകർത്തെഴുത്തു വീരന്മാരെ, ഇതാ നിങ്ങൾക്കൊരു നല്ല മാതൃക – വസീകരണങ്ങൾ (http://mvaseem.blogspot.in/2012/08/blog-post_18.html ) എന്ന ബ്ലോഗിൽ.

ഇനി ഒരു ടിപ്പിക്കൽ നൊസ്റ്റാൾജിയ – മഴയെ കുറിച്ച് . ലിപി രഞ്ജിത്തിന്റെ  മഴക്കാഴ്ച്ചകൾ(http://revathiyute-ormakal.blogspot.com.au/2012_07_01_archive.html ) എന്ന പോസ്റ്റ്. നല്ല ഭാഷ കൈവശമുള്ള എഴുത്തുകാരി പുതിയ വിഷയങ്ങൾ കണ്ടെത്തട്ടെ എന്നാശിക്കുന്നു.
മറ്റൊരു നൊസ്റ്റാൾജിയ  - പ്രണയം, വിരസത ഉളവാക്കാതെ വായിച്ചു പോകാം,   അനീഷ് കാത്തിയുടെ ഒരു ഫ്രണ്ട്ഷിപ്പ് വീരഗാഥ (http://kaathi-njan.blogspot.com/2012/08/blog-post.html) എന്ന പോസ്റ്റിൽ. സംഭാഷണങ്ങൾ ഉദ്ധരണിയിൽ ഇടാനും വരികളായി  നീണ്ട ഖണ്ഡികകൾ ചെറുതാക്കി എഴുതാനും ശ്രദ്ധിച്ചാൽ വായനയ്ക്ക് കൂടുതൽ സുഖമുണ്ടാകും.

അനീഷിനോട് പറഞ്ഞത്  ഓർമ്മകളിലെ സായാഹ്നം  (http://donuthedude.blogspot.in/2012/08/blog-post_15.html )എഴുതിയ ജോമോൻ ജോസഫിനും പ്രാവർത്തികമാക്കാവുന്നതാണ്.  നീണ്ട പാരഗ്രാഫുകൾ വായനക്കാരെ അകറ്റും എന്നുള്ളത് മറക്കാതിരിക്കുക.

നോവൽ

അരുൺ കറുകച്ചാലിന്റെ ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി  (
http://arunarsha.blogspot.in/2012/08/blog-post_14.html ) സമാനതകളില്ലാത്ത ഒരു വായനാനുഭവം സമ്മാനിക്കുന്നു. വായനക്കാർ ഓരോ ലക്കത്തിനും കാത്തിരിക്കുന്നു. എനിക്കുറപ്പാണ്, ഈ വാക്കുകളിൽ അച്ചടിമഷി പുരളാതെ പോകില്ല.

കാർട്ടൂൺ

കോയാസ് കൊടിഞ്ഞിയുടെ ‘പോത്ത് കച്ചവടം’ (http://koyascartoons.blogspot.com/2012/07/blog-post_26.html#comment-form ) മാത്രമെ നിലവാരമുള്ളതായി തോന്നിയുള്ളു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന  പോസ്റ്റ്.
കൂലങ്കഷത്തിൽ യാസീൻ പാടൂരിന്റെ വരയുടെ അകമ്പടിയിൽ മെഹ്ദ് മഖ്ബൂൽ ചോദിക്കുന്നു..എന്തിന് അമ്മ മാത്രം  ഇങ്ങനെ ഓടുന്നു ? (
http://kolangasham.blogspot.in/2012/08/blog-post_7789.html#comment-form ) അച്ഛനൊന്നലക്കി നോക്കട്ടെ.. അച്ഛനല്ല, അച്ഛന്റെ അപ്പൂപ്പൻ വരെ ഓടും.. !

ഫോട്ടോ ബ്ലോഗ്

ചിത്രവരമ്പ് എന്ന ബ്ലോഗിലെ ചിത്രങ്ങൾ മനോഹരമാണ് . ഇതിൽ കൂടുതൽ ഫോട്ടോകൾ വിലയിരുത്താനുള്ള ജ്ഞാനമൊന്നും എനിക്കില്ല. (http://chithravaramb.blogspot.in/2012/08/blog-post_10.html?showComment=1344704351839#c2545928245789100238 )

സാങ്കേതികം

ഫോട്ടോഷോപ്പ് പഠിക്കേണ്ടവർക്ക് ഒരു ഓൺലൈൻ ഗൂരുവായ ഫസലുൽ കുഞ്ഞാക്കയുടെ ‘ഫോട്ടോഷൊപ്പി’(www.fotoshopi.net) എന്ന ബ്ലോഗ് ഉപയോഗപ്പെടും. ഫേസ്ബുക്കിലെ സ്വകാര്യത സംരക്ഷിക്കാനുള്ള കുറിപ്പുമായി (http://jadutips.blogspot.com/2012/08/blog-post_26.html ) പി. എസ്. സലീം വെമ്പൂർ കൂടെയുണ്ട്..

യാത്ര.
 
സുനി തോമസിന്റെ ‘മസ്ക്കറ്റ് ഭാഗം – 1’ (
http://ourtrip-syamsuni.blogspot.com/2012/08/1.html ) എന്ന പോസ്റ്റിൽ മസ്ക്കറ്റിന്റെ കാഴ്ച്ചകൾ കാണാം.. കാണുക തന്നെയാണെളുപ്പം.. ചിത്രങ്ങളാണു കൂടുതൽ.

 അറബി നാട്ടിൽ നിന്ന് നേരെ പോകുന്നത് സ്കാൻഡിനേവിയയിലേക്കാണ് – സ്വീഡനിലെ ഹെൽസിംഗ് ബോർഗിലേക്ക് (http://perumanam.blogspot.com/2012/08/blog-post.html )  കൂട്ടികൊണ്ടുപോകുന്നത് ജെയിംസ് വർഗീസ്. അദ്ദേഹം പട്ടണത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വരെ  നമ്മളോട് പങ്കു വെക്കുന്നു. സുനിയുടെ ബ്ലോഗിനെ അപേക്ഷിച്ചു നോക്കുമ്പോൾ ചിത്രങ്ങൾ കുറവും വാചകം കൂടുതലും..

അവിടെ നിന്ന് നേരെ പോയത് ആഫ്രിക്കയിലേക്കാണ് ‘ഏത്തപ്പഴവും പോത്തിറച്ചിയും’ (
http://lambankathhakal.blogspot.com/2012/08/blog-post.html ) വിളമ്പി കാത്തിരിക്കുന്നത് ശ്രീജിത്ത് എൻ. പി. ഇതുമാത്രമല്ല, മീനും പയറു കറിയും മുതലയിറച്ചിയുമെല്ലാമുണ്ടത്രെ.. ഒരു കൈ നോക്കുന്നോ ?

എന്തായാലും നമ്മെ പോലുള്ള കൂപമണ്ഢൂകങ്ങൾക്ക് സന്തോഷം – കാണാത്ത ലോകത്തേയ്ക്ക് കൈ പിടിച്ചുയർത്താൻ എത്ര ചങ്ങാതിമാർ !!

ചിന്ത/ലേഖനം

മാധ്യമ ലോകം അറിഞ്ഞും അറിയാതെയും നിർബന്ധിക്കപ്പെട്ടും തമസ്ക്കരിക്കുന്ന പല വാർത്തകളും നമ്മിലേക്കെത്തിക്കുന്നതിൽ ഇന്ന് നിർണ്ണായക സ്വാധീനമുണ്ട് ഇന്റർനെറ്റിന്. ഭരണകൂടങ്ങളെയും അധികാരിവർഗ്ഗങ്ങളെയും പിടിച്ചു കുലുക്കുന്ന വിവരങ്ങൾ വായുവേഗത്തിൽ ലോകം മുഴുവൻ പരക്കുന്നു. ചിലപ്പോഴെങ്കിലും അസത്യങ്ങളും കിംവദന്തികളും തീ പോലെ പടരുന്നു.സ്വകാര്യതകളും ചിന്തകളും പകർത്തിവെക്കാനുള്ള സ്ഥാനം ഡയറിയിൽ നിന്ന് ബ്ലോഗുകളും ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. വിപ്ളവകരമായ മാറ്റം എന്നൊക്കെ പറയുന്നത് ഇതല്ലെ ?

എങ്കിലും നമ്മൾക്കൊക്കെ നിന്നു തിരിയാനാവാത്ത വിധം തിരക്കു തന്നെ. ഈ തിടുക്കത്തിന്റെ  ആവശ്യമുണ്ടോ എന്നാണ് ‘ഞാൻ ബിസിയാ’  (
http://arunkappur.blogspot.in/2012/08/blog-post.html )എന്ന പോസ്റ്റിലൂടെ അരുൺ കപ്പൂർ ചോദിക്കുന്നത്. ഉത്തരം പറയാൻ നമുക്കുണ്ടോ വല്ല നേരവും ?

ഉറൂസ് എന്താണെന്നറിയാമോ ? ആൾ ദൈവങ്ങൾ ?   - ദാ  പടന്നക്കാരൻ പറഞ്ഞു തരും.
(http://wwwpadanna.blogspot.com/2012/08/blog-post.html) അരൂപിയാണെന്ന് പറഞ്ഞാൽ അപ്പോൾ മുടിയുടെയും നാരിന്റെയും പല്ലിന്റെയും എല്ലിന്റെയുമെല്ലാം പിന്നാലെ പോകും. മുപ്പത്തി മുക്കോടി ഉണ്ടെന്നു പറഞ്ഞാൽ ‘അതിലൊരെണ്ണം ഞാനായാലെന്താ കൊഴപ്പം’ എന്നു കണ്ണുരുട്ടി തലയിൽ കിരീടം വച്ചിരിക്കും. ഈ മനുഷ്യരെ കൊണ്ടു തോറ്റു ! 

ദാ നോക്കൂ,  മാവേലിയെ വരെ വെറുതെ വിടില്ലെന്നെ.. ഓണം കഴിഞ്ഞെങ്കിലും ഷാരൂൺ ശങ്കറിന്റെ  ‌- ‘ഓണം ഐതിഹ്യം – പറയപ്പെടാത്ത കഥ’ (
http://sharunsankar.blogspot.in/2012/08/blog-post_31.html ) എന്ന ഈ പോസ്റ്റിലേക്കൊന്നു തല വച്ചു കൊടുത്തു നോക്കൂ..ചിന്തയുടെ പാതാളത്തിലേക്ക് പോകാം..

ചീഫ് വിപ്പും വനം മന്ത്രിയുമെല്ലാം പരസ്പരം പലതും പറഞ്ഞെന്നിരിക്കും. പിന്നെ അതു മറന്നെന്നിരിക്കും. എങ്കിലും നെല്ലിയാമ്പതിയെ നമുക്കങ്ങനെ മറക്കാമോ ? നെല്ലിയാമ്പതിയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് ജോൺ പെരുവന്താനം കേളികൊട്ട്  മാസികയിൽ (
http://kelikottumagazine.blogspot.in/2012/08/blog-post.html ) എഴുതിയത് വായിക്കൂ.

ഈ വക ചേനക്കാര്യങ്ങൾക്കിടയിൽ അതാ ഒരാനക്കാര്യവുമായി പ്രവീൺ ശേഖർ വരുന്നു.( http://praveen-sekhar.blogspot.com/2012/08/blog-post_22.html ) ആനക്കാര്യമല്ലേ,  അല്പം കൂടി വിവരങ്ങൾ ചേർക്കാമായിരുന്നു. ആയുസ്സ്, സംവേദനം, ഭക്ഷണം, പ്രജനനം,ബുദ്ധി, പക (? ‌),  ഏഷ്യ, ആഫ്രിക്ക എന്തൊക്കെ വിഷയങ്ങൾ ഇനിയും ബാക്കി കിടക്കുന്നു.

നമ്മുടെ മാത്രം ആരാധനാലയം, നമ്മുടെ മാത്രം ആശുപത്രി, നമ്മുടെ മാത്രം സ്കൂൾ,  നമ്മുടെ മാത്രം മണ്ണ്, നമ്മുടെ മാത്രം വിണ്ണ് എന്നെല്ലാം  മതിലുകളുയർത്തി ഓരോ മത, ജാതി വിഭാഗങ്ങളും വേർതിരിക്കുമ്പോൾ, അന്യരുടേത്  മറ്റൊരു അപരിഷ്കൃതമായ മറ്റൊരു ലോകമായി തോന്നി തുടങ്ങും ആർക്കായാലും . കുട്ടികൾക്ക് ഇടയിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പൊതുഇടങ്ങളെ കുറിച്ചുള്ള വേവലാതി പങ്കു വെക്കുകയാണ് നിസാർ എൻ. വി,  പൊതു ഇടം നഷ്ടപ്പെടുന്ന കുട്ടികൾ (
http://chockupodi.blogspot.in/2012/08/blog-post.html ) എന്ന  പോസ്റ്റിലൂടെ.കാലിക പ്രസക്തമായ ലേഖനം.  ഈ കുട്ടികളാണ്  നാളത്തെ പൗരന്മാർ എന്നുള്ളതു കൂടി ചേർത്തു വച്ച് ആലോചിച്ചു നോക്കൂ..ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടുന്നില്ലേ ? പോംവഴി എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷെ ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്നാണല്ലൊ  ഇന്നത്തെ മുദ്രാവാക്യം .

മലയാളികൾക്കിടയിൽ സർവ്വസാധാരണമായി കൊണ്ടിരിക്കുന്ന ഒരു ശീലം സൃഷ്ടിക്കുന്ന ദുരന്തത്തിലേക്ക് വിരൽ ചൂണ്ടുകയാണ് സമീരൻ വർത്തമാനകഥ (http://sameerachinthanam.blogspot.com/2012/08/blog-post_31.html#comment-form ) എന്ന പോസ്റ്റിലൂടെ. അതെ -  മദ്യപാനം തന്നെ ! വൈകാരികമായി കാണുമ്പോൾ തന്നെ, സ്ഥിതിവിവരക്കണക്കുകൾ കൂടി നൽകിയിരുന്നെങ്കിൽ മദ്യപിക്കാത്തവർക്ക് ഒന്നു കൂടി ആശങ്ക വർദ്ധിപ്പിക്കാമായിരുന്നു. മലയാളികളുടെ സവിശേഷമായ അഹന്ത, ഗ്ലാസ്സുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുകൊണ്ടാണോ കുടിച്ച് അന്തം മറിയുന്നവർ ഇത്രയധികമാവുന്നത് ? നിരോധനമോ ലഭ്യത കുറക്കുന്നതോ വീര്യം കുറക്കുന്നതോ എന്താണു പോവംഴി ? ഒരു സാമൂഹ്യ ആത്മഹത്യയിലേക്കാണോ നാം ആടിയും ഇഴഞ്ഞും യാത്രയാവുന്നത് ? നാടിനെ കുറിച്ച് ചിന്തിക്കുന്ന  എല്ലാവർക്കും ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഇത്രയും ബ്ലോഗുകൾ പരിശോധിച്ചത്  ഇവിടെ ലിസ്റ്റ് ചെയ്യപ്പെട്ട ലിങ്കുകളിൽ നിന്നാണ്.  ആക്റ്റീവ് അല്ലാത്തതോ അംഗമല്ലാത്തതോ ആയ അവനധിപേരുടെ ബ്ലോഗുകൾ ഉണ്ട് .  വായന തുടങ്ങിയാൽ എല്ലാ പോസ്റ്റുകളും  ഒന്നൊഴിയാതെ വായിപ്പിക്കാൻ  തോന്നുന്നത്ര ഗംഭീരമായവയാണവയിൽ പലതും. അത്തരത്തിലുള്ള ചില ബ്ലോഗുകളെങ്കിലും  പരാമർശിക്കാതിരിക്കുന്നത്  അപരാധമാവും.
പരിഭാഷരവികുമാർ. വി.
കഥവണ്ടി,  ആമിയുടെ ചിത്ര പുസ്തകം .. .-  സിയാഫ് അബ്ദുൽഖാദിർ
ലസ്സി. – ജയേഷ് എസ്.
അലസമാസക്തമനാവശ്യം – ഹരിശങ്കർ കർത്താ
കാടോടിക്കാറ്റ് – ഷീല ടോമി.
സ്വയംബ്ലോഗം – രാം മോഹൻ പാലിയത്ത്.
നീഹാരബിന്ദുക്ക - സാബു. എം. എച്ച്.

 ആമുഖത്തിൽ ബ്ലോഗുകളുടെ ഗുണഗണങ്ങളെ വാഴ്ത്തി.കുറെ നല്ല ബ്ലോഗുകളെ പരിചയപ്പെടുത്തുകയും ചെയ്തു.  ഇപ്പോൾ ഒരു  സംശയം.. ബ്ലോഗുകൾ എന്നാൽ എല്ലാം തികഞ്ഞോ ? ഒരു മറുവശം ഇല്ലാതിരിക്കില്ലല്ലൊ.
.
 വായനക്കാർ പരിമിതമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വായനക്കാരെ എഴുത്തുകാരൻ തന്നെ കണ്ടെത്തണം എന്നുള്ളതു തന്നെ ഏറ്റവും മുഖ്യം. ഓൺലൈൻ ലോകത്ത് പരിചയമുള്ള സുഹൃത്തുക്കളെ അറിയിക്കാം. എങ്കിലും അതു വളരെ കുറച്ചു പേർ മാത്രം ബ്ലോഗ് എഴുതുന്നവരെല്ലാം ‘ബ്ലോഗപ്പാടന്മാ’മാരാവുന്ന അവസ്ഥ.  . അപ്പോൾ പിന്നെ  പുതിയ സഹൃദയരെ കണ്ടെത്തണം.അവരിൽ മിക്കവരും എഴുത്തുകാർ തന്നെ. അപ്പോൾ പിന്നെ  അവരുടെ ‘ബ്ലോഗപ്പാടു’കളും വായിക്കണം. വായിച്ചാൽ പോരാ, അഭിപ്രായം പറയണം. അഭിപ്രായം പറഞ്ഞാൽ പോരാ, ഇഷ്ടപ്പെടുന്ന അഭിപ്രായം പറയണം. ഇനിയിപ്പോൾ എതിരഭിപ്രായം പറഞ്ഞാൽ,  ‘ഓ.. ഇവനാര്’ എന്നു തോന്നിയാലോ ?, തിരികെ വായനയ്ക്ക് എത്തിയില്ലെങ്കിലൊ?, എത്തിയാലും അവൻ പ്രതികാരം ചെയ്താലോ ? ഒന്ന് സുഖിപ്പിച്ചാൽ നമുക്കും പരമസുഖം..അനുമോദന കമന്റുകളുടെ സ്വർഗത്തിൽ രാജാവായി വാഴാം. പൂച്ച കണ്ണടച്ച് പാൽ കുടിക്കുന്നില്ലെ , അതു പോലെ..

എന്താണു പോംവഴി ?

സൗഹൃദം വ്യക്തിജീവിതത്തിൽ മാത്രമാണെന്നു കരുതണം.സൃഷ്ടികളെ മുൻധാരണകളില്ലാതെ സമീപിക്കണം. സത്യസന്ധമായ അഭിപ്രായമാണ്  ആത്മാർത്ഥത പുലർത്താനുള്ള ഏറ്റവും നല്ല വഴി എന്നു കരുതണം. ഇഷ്ടപ്പെട്ട ബ്ലോഗുകൾ എവിടെ കണ്ടാലും നാലോളോട് പറയണം. നല്ല പുസ്തകങ്ങൾ വായിക്കണം..

 സ്വയം വളരണം.

.വായിച്ചു വായിച്ചു വളരണം.. എഴുതിയെഴുതി വളരണം