Tuesday, October 30, 2018

സംഘപരിവാർ റിക്യ്രൂട്ട്മെന്റ് തന്ത്രങ്ങൾ ( ഭാഗം 3 ) - സംഘ് സത്യം

സംഘപരിവാർ റിക്യ്രൂട്ട്മെന്റ് തന്ത്രങ്ങൾ ( ഭാഗം 3 ) - സംഘ് സത്യം
-------------------------
1. Communalism - വർഗ്ഗീയത നമുക്കെല്ലാവർക്കും കേട്ടു പരിചയമുള്ള വാക്കാണ്. വർഗ്ഗീയപാർട്ടി, വർഗ്ഗീയവാദി എന്നൊക്കെ നമ്മളും ചിലപ്പോഴൊക്കെ ചിലരെ വിമർശിച്ചും കാണും. പക്ഷേ എന്താണു വർഗ്ഗീയത എന്നു ചോദിച്ചാൽ ?

താൻ/തങ്ങളുൾപ്പെടുന്ന ഒരു വർഗ്ഗം, മറ്റുള്ള മനുഷ്യരിൽ നിന്ന് ചില സവിശേഷകാരണങ്ങളാൽ വ്യത്യസ്തരാണ്, ശ്രേഷ്ഠരാണ് എന്ന ചിന്തയാണ് വർഗ്ഗീയത എന്ന് ലളിതമായി പറയാമെന്ന് തോന്നുന്നു. ആ വർഗ്ഗം, മതത്തേയോ ജാതിയേയോ നിറത്തേയോ ദേശത്തേയോ തൊഴിലിനേയോ ഒക്കെ അടിസ്ഥാനമാക്കി പുതുതായി സൃഷ്ടിക്കപ്പെടുന്നതോ പാരമ്പര്യമായി തുടർന്നു വരുന്നതോ ആകാം. മറ്റു വർഗ്ഗത്തിലുള്ള മനുഷ്യരോട് ഇടപഴകേണ്ടി വരുമ്പോഴേ ഇതിലേതു വർഗ്ഗീയതയും ഉണരുകയുള്ളൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പല കാരണങ്ങൾകൊണ്ടും അസംതൃപ്തരായ മനുഷ്യരോട്, നിങ്ങളുടെ ഏത് പ്രശ്നങ്ങളുടെയും കാരണം ഇവരാണ്, ഇവരുടെ സാനിദ്ധ്യവും ചെയ്തികളുമാണ് എന്നു മറുപക്ഷത്തെ/പക്ഷങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുകയാണ് വർഗ്ഗീയശക്തികൾ ചെയ്യുക. നിങ്ങൾ ഇന്ന വർഗ്ഗമാണെന്ന് നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുക, ഇന്നയിന്നവരാണ് നിങ്ങളെന്ന ശ്രേഷ്ഠരുടെ ശത്രുക്കൾ, അവരുടെ അക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കും, എന്ന് ഭയപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുക, അതുകൊണ്ട് നിങ്ങൾ സംഘടിക്കുക, നേതാവിനെ സ്വീകരിക്കുക - ഇതൊക്കെ വർഗ്ഗീയത വളമാക്കാൻ ശ്രമിക്കുന്നവർ നിരന്തരം ചെയ്തുകൊണ്ടിരിക്കും. പ്രശ്നങ്ങളെ കാര്യകാരണസഹിതം പഠിക്കാനും വിശകലനം ചെയ്ത് പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കാൻ ശേഷിയും പക്വതയുമില്ലാത്ത ജനതകൾ ഇത്തരം പ്രചരണങ്ങളിൽ എളുപ്പം വീഴുകയും ചെയ്യും.

ഇന്ത്യയെ പോലെ നൂറ്റാണ്ടുകളുടെ മതവർഗ്ഗീയത പാരമ്പര്യമുള്ള ഒരു രാജ്യത്തിന്, ജനങ്ങളെ എളുപ്പത്തിൽ സംഘടിക്കാൻ മതം ഒരു ആയുധമാക്കുന്ന സംഘങ്ങൾ ഉണ്ടാവുന്നത് വർഗ്ഗീയതയുടെ ഈ 'ആളെപ്പെരുപ്പിക്കൽ' സ്വഭാവം കൊണ്ടാണ്. വർഗ്ഗീയത ആയുധമാക്കിയ ഭരണകൂടത്തിന് ഭരണവും വളരെ എളുപ്പമാണ്. ഇത്തരം വർഗ്ഗീയതീറ്റപ്പണ്ടങ്ങൾ ജനങ്ങൾക്കു മുമ്പിൽ ഇട്ടു കൊടുത്ത്ശ്രദ്ധ തിരിച്ച് ഏത് രാഷ്ട്ര വിരുദ്ധ, ജനവിരുദ്ധനയങ്ങളും തീരുമാനങ്ങളും എടുക്കാം. നിർബാധം അഴിമതി നടത്താം. എങ്ങാനും അതിനെതിരെ മുറുമുറുപ്പുയർന്നാൽ, വർഗ്ഗീയവിഷയങ്ങൾ ഒന്നു കൂടി തീവ്രമായി കത്തിച്ച് അത് എളുപ്പത്തിൽ മറികടക്കാം.

മതവർഗ്ഗീയതയാണ് സംഘപരിവാർ അവരുടെ വളർച്ചയ്ക്കായി എക്കാലത്തും നിർലോഭം ഉപയോഗിച്ചിട്ടുള്ളത്. 1984 -ൽ രണ്ട് ലോക്സഭാ സീറ്റുകളുണ്ടായിരുന്ന ബി ജെ പി , 1991 ലെ ഇലക്ഷനിൽ 120 സീറ്റുകൾ നേടിയത് രാമജന്മഭൂമി പ്രശ്നത്തിന്റെ പേരിൽ ഉത്തരേന്ത്യയിലെങ്ങും സംഘർഷം സൃഷ്ടിച്ചു കൊണ്ടാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചതിൽ രാജ്യത്തെ സവർണ്ണർക്കുള്ള അമർഷം വോട്ടാക്കുന്നതിലും അന്ന് സംഘപരിവാർ വിജയിച്ചു. ഹിന്ദുത്വവർഗ്ഗീയതയാണ് തങ്ങളുടെ വളം എന്നു തിരിച്ചറിഞ്ഞതോടെ, 1992 ൽ ബാബറി മസ്ജിദ് തകർത്ത്, രാഷ്ട്രം ഏറെ പണിപ്പെട്ട് കല്ലറയിൽ അടക്കിയ വർഗ്ഗീയസംഘർഷങ്ങൾ എന്ന രക്തദാഹിയായ ഡ്രാക്കുളയെ രക്തവും മാംസവും സമർപ്പിച്ച് ഉണർത്തിയെടുത്തു.

പിന്നീട് ഉത്തരേന്ത്യയിൽ അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മതവർഗ്ഗീയതയെ നേരിടാൻ ഗാന്ധിജിയല്ലാതെ മറ്റൊരു ഉദാഹരണവും മുന്നിലില്ലാത്ത കോൺഗ്രസ്സിന് അതിനെ ചെറുക്കാൻ കഴിഞ്ഞിട്ടില്ല. ജനതയുടേ അസമത്വവും തൊഴിലില്ലായ്മയും പട്ടിണിയുമൊന്നും കോൺഗ്രസ്സിന്റെ അകത്തളങ്ങളെ കാര്യമായി സ്പർശിച്ചിട്ടുമില്ല. പ്രാദേശീക, ഭാഷാ, സ്വത്വവാദങ്ങൾക്കൊപ്പം അഴിമതി എന്ന ദൗർബല്യം ഒപ്പം കൊണ്ടു നടക്കുന്ന ദക്ഷിണേന്ത്യൻ പ്രാദേശീകപാർട്ടികളെ ബി ജെ പി അധികാരവും ധനവുമുപയോഗിച്ച് വാരിക്കുഴികളൊരുക്കി. പാർട്ടിയുടേ അടിസ്ഥാന തത്വമനുസരിച്ച് ഇന്ത്യൻ ജനതയെ തൊഴിലാളിയും മുതലാളിയുമായി മാത്രം കാണാൻ ശ്രമിച്ചു കൊണ്ടിരുന്ന, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഇന്ത്യയൊട്ടാകെ വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഫലത്തിൽ, മതവർഗ്ഗീയത വിതച്ചുള്ള തേരോട്ടം അപ്രതിരോധിതമായി തുടരാൻ സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ട്.

കേരളത്തിൽ, അയ്യപ്പഭക്തരുടേ വിശ്വാസം ആളിക്കത്തിച്ച് ഇപ്പോൾ ശബരിമലയിൽ നടത്തിയ കലാപശ്രമങ്ങളും മറ്റൊന്നല്ല. ( കേരളത്തിൽ സംഘപരിവാർ സ്വീകരിച്ച തന്ത്രങ്ങൾ പ്രത്യേകമായി ഒന്ന്, രണ്ട് ഭാഗങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട് ) കേരളത്തിൽ തങ്ങളുടെ മണ്ണ് പാകപ്പെട്ടു എന്ന് വർഷങ്ങൾക്കു മുമ്പേ ഹിന്ദു ഐക്യവേദിയും ഇപ്പോൾ അമിത് ഷാ യും പറയുന്നത് ഇത്രയും കാലം ഇവിടെ മതവർഗ്ഗീയത കളിച്ച് നേടിയ ആത്മവിശ്വാസം കൊണ്ടു തന്നെയാകണം. ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി, പ്രവാസി മലയാളികൾക്കിടയിൽ പ്രത്യേക പ്രചരണങ്ങൾ നടത്തുന്നതും, ഈ കളി മലയാളികൾ ഉള്ളിടത്തേയ്ക്കെല്ലാം വ്യാപിപ്പിച്ച് മലയാളികളെ വിഭജിപ്പിക്കാനാണ്. തങ്ങൾക്ക് ഇതു വരെ വേരോട്ടം സൃഷ്ടിക്കാനാകാത്ത തമിഴ്നാട്ടിലും അവരുടെ പ്രിയപ്പെട്ട ദൈവമായ അയ്യനെ ചൊല്ലിയുള്ള സംഘർഷം വ്യാപിപ്പിച്ച് വിള്ളലുകളുണ്ടാക്കാൻ സംഘപരിവാർ ശ്രമം തുടങ്ങിയിട്ടുണ്ട്.

                                                                           *******

2. ഗീബൽസിയൻ തന്ത്രം രാഷ്ട്രീയ നേതാക്കന്മാർക്ക് കേട്ടു പരിചയമുള്ള വാക്കായിരിക്കും. ( 'ഗോബിൾസിയൻ' ആണ് ശരി എന്ന് ശ്രീ. സുരേഷ് സി പിള്ള പറയുന്നു. ).
ഗോബിൾസിനെ അറിയാത്തവർക്കായി :
ഹിറ്റ്ലറുടെ മന്ത്രിസഭയിലെ പ്രചരണ വിഭാഗം മന്ത്രിയായിരുന്നു നുണ പറച്ചിലിനെ രാഷ്ട്രീയകലയാക്കി വികസിപ്പിച്ച ഗോബിൾസ്. . "My Hitler ‍" എന്ന പേരിലുള്ള പ്രസംഗങ്ങളിലൂടെയും കുറിപ്പുകളിലൂടെയുമാണ് ഇയാളുടെ കുതന്ത്രങ്ങൾ‍ വെളിവായിട്ടുള്ളത്. നാസിസത്തിന്റെ തുടക്കത്തിനും വളര്‍ച്ചയ്ക്കും ഈ തന്ത്രങ്ങള്‍ വലിയ പങ്കുവഹിച്ചിരുന്നു.
.
"ഒരു നുണ ആയിരം തവണ ആവർത്തിച്ചു ആണയിട്ടാൽ അത് സത്യമായി അനുഭവപ്പെടും, പറയുകയാണെങ്കില്‍ പെരുംനുണകള്‍ തന്നെ പറയണം ; അവ എഴുതുകയല്ല പ്രസംഗിക്കപ്പെടുക തന്നെ വേണം " തുടങ്ങിയവയാണ് ഗോബിൾസിന്റെ കുപ്രസിദ്ധമായ 'കണ്ടെത്തലു'കൾ. . മുട്ടൻ നുണകളെ, സത്യമാണെന്ന തികഞ്ഞ ഭാവത്തോടെ പ്രസംഗിക്കുന്നതിൽ ‍ മറ്റാരെക്കാളും മുന്നിലായിരുന്നു ഹിറ്റ്ലറിന്റെ ശിഷ്യനായിരുന്ന ഗോബിൾസ് . ഹിറ്റ്ലറിന്റെ അക്രമപരമ്പരകളെ ന്യായീകരിച്ച് മറ്റൊരു മാനം നൽകി അവതരിപ്പിക്കുന്നതില്ഗോബിൾസിന്റെ നുണകള്‍ വിജയിച്ചു.

അംഗപരിമിതനായ ഗോബിൾസ്, ഉറച്ച ശബ്ദവും മികച്ച വാക്ചാതുരിയും വഴിയാണ് നല്ലൊരു പ്രഭാഷകനായത്. ഹിറ്റ്ലറിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രവും നാസീസം ജർമ്മനിയുടെ രാഷ്ട്രീയ അടിത്തറയുമാക്കാൻ ഗോബിൾസിയൻ പ്രസംഗങ്ങൾ വലിയ പങ്കു വഹിച്ചു. നാസീസം എന്നാൽ ജന്മനാടായ ജർമ്മനിയോടുള്ള അകൈതവമായ കടപ്പാടും സ്നേഹവും മാത്രമല്ല, രാജ്യത്തിന്റെ ശത്രുക്കളായ ജൂതന്മാരെയും കമ്മ്യൂണിസ്റ്റുകളേയും അനാര്യരേയും തുടച്ചു നീക്കുന്നതിനുള്ള സൈദ്ധാന്തീക പിന്തുണ കൂടിയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഈ തീവ്രവൈകാരീകതയാണ് പന്ത്രണ്ടു വര്‍ഷത്തെ ഭരണം കൊണ്ട് ആറ് ദശലക്ഷം ജൂതന്മാരേയും അഞ്ച് ദശലക്ഷം അനാര്യന്മാരേയും ജർമ്മൻ ദേശീയതയുടെ പേരിൽ ഉന്മൂലനം ചെയ്യാൻ ഹിറ്റ്ലർക്ക് അവസരമൊരുക്കി കൊടുത്തത്. ഒരൊറ്റ ദിവസം കൊണ്ട് അമ്പതിനായിരത്തിലധികമാളുകളെ കൊന്നൊടുക്കിയ ചരിത്രം വരെ അക്കാലത്തുണ്ടായിട്ടുണ്ട്. ഓഷ്വിറ്റ്സ്‌ ക്യാമ്പില്‍ മാത്രം 30 ലക്ഷം പേരെയാണ്‌ രാസവാതകം പ്രയോഗിച്ച്‌ ഹിറ്റ്ലര്‍ കൊന്നത്‌. ഇത്തരത്തിലുള്ള കൊടും ക്രൂരതകളും ഉന്മൂലനങ്ങളും ഒരു വിനോദമായി ആസ്വദിക്കത്തവണ്ണം, ഇതെല്ലാം 'ആര്യൻ വംശത്തിന്റെ' വിജയാഘോഷങ്ങളാണ് എന്ന മനോനിലയിലേക്ക് ജർമ്മൻ അധികാരികളേയും ജനങ്ങളേയും എത്തിക്കുന്ന വിധത്തിൽ പഴുതടച്ചതും നിരന്തരവുമായ പ്രചരണങ്ങളും പ്രസംഗങ്ങളും ഒരുക്കുകയായിരുന്നു ഗോബിൾസിന്റെ കുതന്ത്രം. ഈ നിരന്തരമായ മസ്തിഷ്ക്കപ്രക്ഷാളനമാണ് സമാധാന തല്പരരും ജനാധിപത്യവിശ്വാസികളുമായിരുന്ന ജർമ്മൻ ജനതയെ ലോകം കണ്ട ഏറ്റവും കൊടും ‌ക്രൂരനു ജയ് വിളിച്ച് അയാളുടെ കുടിലതകൾക്ക് പിന്തുണ നൽകാൻ പ്രേരിപ്പിച്ചത് എന്നുള്ളത് കാണാതിരുന്നു കൂടാ.

3. Post truth - സത്യോത്തരം എന്ന വാക്ക് സാധാരണക്കാർ അധികമൊന്നും കേൾക്കാനിടയില്ല. സമാനമായി Post factual - വാസ്തവോത്തരം (?) എന്ന വാക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. 2016 - ലെ ഏറ്റവും പ്രമുഖമായ വാക്കായി ഒക്സ്ഫോഡ് നിഘണ്ടു തിരഞ്ഞെടുത്ത വാക്കാണ് ഇത്.

'സത്യോത്തരം' എന്നൊക്കെ കേൾക്കുമ്പോൾ ഇത് 'സത്യ'വും 'ഉത്തര'വും തമ്മിലുള്ള എന്തോ ഇടപാടാണെന്ന് ചിലരെങ്കിലും കരുതിയേക്കാം. അങ്ങനെയല്ല. Post truth നെ സാമ്യപ്പെടുത്താവുന്നത് , സാഹിത്യത്തിലും കലയിലുമെല്ലാം ആധുനീകതയ്ക്ക് ( Modernism) ശേഷം, അതിനൊരു തുടർച്ചയോ മറുപടിയോ ഒക്കെയായി ഉത്തരാധുനീകത (Post Modernism) വിശേഷിപ്പിക്കപ്പെടുന്നതു പോലെയാണ്. - സത്യത്തിന്റേതായ, യാഥാർത്ഥ്യത്തിന്റേതായ കാലത്തിനും അവസ്ഥയ്ക്കും ശേഷമുള്ള, അതിനുള്ള മറുപടി എന്നു തന്നെ പറയാവുന്ന അവസ്ഥാവിശേഷം - അതാണ് സത്യോത്തരം അഥവാ വാസ്തവോത്തരം. അവിടെ സത്യത്തിനോ യാഥാർത്ഥ്യത്തിനോ അല്ല വില. പകരം, വൈകാരികമായി സുഖമോ സംതൃപ്തിയോ ഉത്തേജനമോ നൽകുന്ന കേട്ടുകേൾവികൾ മിഥ്യാബോധങ്ങൾ, വിഭ്രമദൃശ്യങ്ങൾ ഇതൊക്കെയാണ് സത്യോത്തര ചന്തയിൽ ചൂടപ്പം പോലെ വിറ്റു പോകുക. വസ്തുതകൾക്കല്ല, വൈകാരീകതയ്ക്കാണ് അവിടെ പ്രാധാന്യം എന്നു മാത്രമല്ല, വൈകാരീകസുഖത്തിനു എതിരു നിൽക്കുന്ന വസ്തുതകൾ അഥവാ സത്യം, സത്യോത്തരത്തിന്റെ ഒന്നാം നമ്പർ ശത്രുവുമാകും.

'സത്യം ചെരുപ്പിടുമ്പോഴേക്കും അസത്യം മൂന്നു തവണ ലോകസഞ്ചാരം കഴിഞ്ഞിരിക്കും' എന്ന പഴമൊഴിയിൽ പറയുന്ന ആ സഞ്ചാരലോകവും കാലവും സത്യാന്തരലോകത്തിന്റെ അസ്തിത്വത്തിലേക്കുള്ള ചൂണ്ടുപലകയായി കാണുന്നതിൽ തെറ്റില്ല. സത്യം ഇഴഞ്ഞ് വലിഞ്ഞ് വരുമ്പോഴേക്കും ആ യാത്ര കൊണ്ട് തങ്ങൾക്ക് ഒരുപാട് നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടു വരാമെന്നാണ് സത്യോത്തരത്തിന്റെ പ്രയോക്താക്കൾ - അവരിൽ കോർപ്പറേറ്റുകളുണ്ട്, ഭരണകർത്താക്കളുണ്ട്, രാഷ്ട്രീയകക്ഷികളുണ്ട്, തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ബ്രിട്ടനിൽ ബ്രെക്സിറ്റ് വോട്ടെടുപ്പിലും സത്യോത്തര രാഷ്ട്രീയം വിജയകരമായി കരുക്കൾ നീക്കിയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

4. ഗോബിൾസിയൻ തന്ത്രങ്ങളും സത്യോത്തരവും കുഴച്ചുണ്ടാക്കുന്ന 'സംഘ്സത്യ'ങ്ങൾ തങ്ങൾക്ക് ഏറേ പഥ്യമാണെന്ന് ബി ജെ പി യുടെ ദേശീയ അദ്ധ്യക്ഷനും സംസ്ഥാന അദ്ധ്യക്ഷനും ഈയീടെ നടത്തിയ പ്രസംഗങ്ങളിലൂടെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം രാജസ്ഥാനിലെ കോട്ടയിൽ ബി ജെ പി യിലെ സാമൂഹ്യമാധ്യമവളണ്ടിയർമാർക്കായി സംഘടിപ്പിച്ച യോഗത്തിൽ, വാർത്ത സത്യമോ വ്യാജമോ ആകട്ടെ, എരിവും പുളിയും ചേർന്നതോ ആകട്ടെ, നമുക്ക് വേണ്ടത് ജനങ്ങളെയാണ് എന്നാണ് അമിത് ഷാ ആഹ്വാനം ചെയ്തത്. ഉദാഹരണമായി, ആയിടെ സംഘപരിവാർ നടത്തിയ ഒരു വ്യാജവാർത്തയുടെ 'വിജയം' ചൂണ്ടിക്കാട്ടുകയും ചെയ്തു. ( മാധ്യമം : ലിങ്ക് >> https://www.madhyamam.com/…/bjp-can-spread-fake-news…/561381)

പെട്രോൾ വില അമ്പതു രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് ചോദിച്ചപ്പോൾ തിരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ ചിരിച്ചു തള്ളിയതും കഴിഞ്ഞ മാസമാണ്. 'ഞങ്ങൾ അങ്ങനെ ആവശ്യാനുസാരം പല നുണകളും പറയും, കാര്യമാക്കണ്ട' എന്നാണല്ലോ ഇതിന്റേയും സാരം.

നുണകളുടെ വിജയത്തെ കുറിച്ച് എന്തുകൊണ്ടാണ് ഇത്ര നിസ്സങ്കോചം അഭിമാനപുളകിതരാകാൻ ബി ജെ പി അദ്ധ്യക്ഷൻമാർക്ക് കഴിയുന്നത് ?

നുണകൾ പറഞ്ഞ് വൈകാരികമായി ഉണർത്താൻ കഴിയുന്ന ഒരു ജനവിഭാഗം ഇവിടെയുണ്ട്, അതിനനുസരിച്ച് ഒരുക്കി നിർത്തിയിരിക്കുന്ന മാധ്യമസംവിധാനങ്ങൾ കൈപ്പിടിയിലുണ്ട് എന്ന ആത്മവിശ്വാസം തന്നെ.

വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിനു പകരം, വാർത്താ തുലനത്തിനെന്ന പേരിൽ മാധ്യമങ്ങൾ അക്രമത്തിനിരയായവർക്കൊപ്പം അക്രമികൾക്കും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അവസരം നൽകികൊണ്ട്, വാർത്താ സമയവും ലോകവും 'ചർച്ചാസമയവും ലോകവുമാക്കി മാറ്റിയത് അക്രമികൾക്ക് പൊതുവേ ഗുണകരമായി മാറുമല്ലോ. ഇരയ്ക്കു വേണ്ടി സംസാരിക്കുന്നയാൾ വാചാലതയും മിടുക്കും കുറവുള്ളയാളും മറുപക്ഷത്ത് നേരെ തിരിച്ചുള്ളയാളും ആയാൽ ഏത് അക്രമത്തേയും ഇത്തരം ചില അന്തിചർച്ചകൾ വഴി വെളുപ്പിച്ചെടുക്കാം. വസ്തുതകൾ ചൂണ്ടി കാട്ടാതെ, ( അല്ലെങ്കിൽ, താല്പര്യമുള്ള വസ്തുതകൾ മാത്രം തിരഞ്ഞെടുത്ത് ) 'നിഷ്പക്ഷത' പാലിക്കുന്ന വാർത്താ അവതാരകരാണെങ്കിൽ ഒന്നുകൂടി എളുപ്പമായി. ഇത്തരത്തിലുള്ള 'വാർത്താ ചർച്ചകളും' തങ്ങളുടെ 'സംഘസത്യം' പ്രചരിപ്പിക്കാൻ സംഘപരിവാർ ഉപയോഗിച്ചു വരുന്നുണ്ട്. എത്ര കൊടിയ തിന്മ ചെയ്താലും ലോകത്തിനു മുമ്പിൽ തങ്ങൾ തന്നെ സൃഷ്ടിക്കുന്ന നുണകളുടേയും അർദ്ധസത്യങ്ങളുടേയും പിന്തുണയോടെ അവതരിപ്പിക്കാൻ അവസരം കിട്ടും എന്ന ആത്മവിശ്വാസം ഏത് അക്രമികളെയാണ് പ്രചോദിപ്പിക്കാതിരിക്കുക ?

@ Manoj V D Viddiman