Thursday, April 25, 2013

'എന്റെ മലയാളമേ' നെഞ്ചത്തടികൾ

സംസാരിക്കപ്പെടുന്നതുകൊണ്ടു മാത്രം ഒരു ഭാഷ നിലനിൽക്കും എന്ന് തോന്നുന്നില്ല. ആ ഭാഷ സംസാരിക്കുന്നവർക്ക് അതിനോടുള്ള ബഹുമാനവും സ്നേഹവും അത് നിലനിർത്താനുള്ള ബോധപൂർവ്വമുള്ള ശ്രമവും ഇല്ലെങ്കിൽ ക്രമേണ അതില്ലാതാവും. ഇതൊന്നുമില്ലാത്തതുകൊണ്ടാണ് ലോകത്ത് പലഭാഷകളും മരിച്ചു മണ്ണടിഞ്ഞത്. അദ്ധ്യയന മാദ്ധ്യമം മാതൃഭാഷയാക്കുന്നത് ഇത്തരമൊരു നിലനില്പിനും അത് അടുത്ത തലമുറയിലേക്കെത്തിക്കുന്നതിനും സഹായകരമാണ്. മാത്രമല്ല, അതാണ് സ്വാഭാവികവും. മാതൃഭാഷയിൽ അദ്ധ്യയനം നടത്തുന്നതാണ് കുട്ടികൾക്ക് അനുയോജ്യമെന്ന് ലോകത്തിലെ മിക്കവാറും എല്ലാ പരിഷ്കൃത സമൂഹങ്ങളും സ്വീകരിച്ചു വരുന്ന നിലപാടാണ്. അതിന് അതിന്റേതായ യുക്തിയും ശാസ്ത്രീയ പിന്തുണയുമുണ്ട്.

ഇംഗ്ലീഷിന്റെ പ്രാധാന്യം മനസ്സിലാക്കിയതു കൊണ്ട് തന്നെയാണ് ഇംഗ്ലീഷ് കേരള സിലബസ്സിൽ രണ്ടാം ഭാഷയായി സ്വീകരിച്ചിട്ടുള്ളതും ഒന്നാം തരം മുതൽ പഠിപ്പിച്ചു തുടങ്ങുന്നതും. പാഠപുസ്തകങ്ങളിലെ ഇംഗ്ലീഷ് കൃത്യമായി പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ടെങ്കിൽ, പത്താം തരം കഴിയുമ്പോഴേക്കും കുട്ടികൾക്ക് സുന്ദരമായി ഇംഗ്ലീഷ് സംസാരിക്കാനാവുന്ന വിധത്തിലാണ് ഇന്നത്തെ സിലബസ്സ് എന്നുള്ളത് ആ പാഠപുസ്തകങ്ങളും അദ്ധ്യയനരീതിയും കണ്ട് മനസ്സിലാക്കിയിട്ടുള്ള ഒരാളെന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ( കൃത്യമായി പഠിപ്പിക്കുന്ന അദ്ധ്യാപകർ എന്നതിന് അടിവരയിടുന്നു ).

ഭാഷയാകട്ടെ, ശാസ്ത്രശാഖകളാകട്ടെ, ഗണിതമാകട്ടെ, വിഷയങ്ങളോടുള്ള താത്പര്യം ജനിപ്പിക്കുന്നതിൽ അത് പഠിപ്പിക്കുന്ന അദ്ധ്യാപകനുള്ള പങ്ക് നിർണ്ണായകമാണ്. അദ്ധ്യാപകരോടുള്ള ഇഷ്ടവും അവർ വിഷയം കൈകാര്യം ചെയ്യുന്ന രീതിയുമാണ് കുട്ടികളെ വിഷയങ്ങളിലേക്ക് അടുപ്പിക്കുന്നത്; അല്ലാതെ അതിന്റെ പ്രയോജനക്ഷമതയും സങ്കീർണ്ണതകളുമൊന്നുമല്ല. അതുകൊണ്ടു തന്നെയാണ് പത്താം ക്ലാസ്സ് വരെ ഹിന്ദി പഠിച്ചിട്ടും ഒരു ശരാശരി മലയാളിയ്ക്ക് ഹിന്ദി പറയാനാവാത്തതും മലയാളം മൂന്നാം ഭാഷയായി പഠിക്കുന്ന കർണ്ണാൽ നവോദയ സ്കൂളിലെ കുട്ടികൾക്ക് അത് ജിലേബിയായി തോന്നുന്നതും. അവിടെ പ്രശ്നം വിഷയത്തിന്റേതല്ല, കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്റേതാണ് എന്നു ചുരുക്കം.

ഇംഗ്ലീഷ് മാദ്ധ്യമത്തിൽ പഠിച്ച കുട്ടികൾക്ക് മലയാളികൾക്ക് സുപരിചിതമായ പല വാക്കുകളും അറിയില്ല എന്ന് പൊതുവെ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ( അല്ലെങ്കിൽ രക്ഷാകർത്താക്കളിൽ നിന്ന് അതിനെതിരെയുള്ള ബോധപൂർവ്വമായ ശ്രമം വേണം. ആയിരത്തിലൊന്നു പേരെങ്കിലും അങ്ങനെ ശ്രമിക്കുന്നുണ്ടാവുമെന്ന് തോന്നുന്നില്ല ). സ്വാഭാവികമായും ഒരു തലമുറ കഴിയുമ്പോൾ മലയാളത്തിന്റെ തനതായ പല വാക്കുകളും ഇല്ലാതാവുകയും അവിടെ ഇംഗ്ലീഷ് വാക്കുകൾ കടന്നു വരികയും ചെയ്യും. അങ്ങനെയങ്ങനെ ശോഷിച്ച് ശോഷിച്ച് അഞ്ചോ പത്തോ തലമുറകൾ കഴിയുമ്പോൾ ഭാഷ ഇല്ലാതാവുകയും ചെയ്യും.

മലയാളത്തിൽ പഠിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല, അതിനേക്കാൾ അവരുടെ ഭാവിക്ക് നല്ലത് ഇംഗ്ലീഷിൽ പഠിപ്പിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സ്കൂളുകളാണ് എന്ന് കരുതുന്നവർക്ക് അത്തരം സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാം. പക്ഷെ ഒപ്പം തന്നെ 'എന്റെ മലയാളമേ' എന്ന് നെഞ്ചത്തടിച്ച് നിലവിളിക്കരുത്. അത് കാപട്യമാണ്. ദൂരെയുള്ള ശത്രുവിനെ ചൂണ്ടിക്കാട്ടി കൂട്ടായ്മയുടെ മുദ്രാവാക്യം വിളിക്കുകയും ശത്രു അടുത്തെത്തിയാൽ'സ്വന്തം കാര്യം സിന്ദാബാദ്' വിളിച്ച് അവന്റെ കാൽക്കൽ വീഴുകയും ചെയ്യുന്ന മലയാളികളുടെ സ്ഥിരം കാപട്യങ്ങളിലൊന്ന്.