Sunday, June 22, 2014

സിംഹാസനങ്ങൾ.

ഒരു വായനക്കാരനായിരിക്കുമ്പോൾ ഞാൻ വായനക്കാരന്റെ സിംഹാസനത്തിലാണ്. 'എനിക്കിഷ്ടപ്പെട്ടില്ലെങ്കിൽ നിന്റെ പുസ്തകം ഞാൻ വലിച്ചെറിയും' എന്ന തന്റേടമുള്ള രാജാവ്.

ഒരു എഴുത്തുകാരനായിരിക്കുമ്പോൾ ഞാൻ എഴുത്തുകാരന്റെ സിംഹാസനത്തിലേക്ക് കയറുന്നു. 'നിനക്ക് താല്പര്യമുണ്ടെങ്കിൽ നീ വായിച്ചാൽ മതി' എന്ന തന്റേടമുള്ള രാജാവ്.

ഈ തന്റേടമില്ലെങ്കിൽ, ഒരു വായനക്കാരനെന്ന നിലയിൽ അഭിപ്രായം പറയാനോ, ഒരെഴുത്തുകാരനെന്ന രീതിയിൽ കഥ പറയാനോ എനിക്ക് കഴിയുമായിരുന്നില്ല. പകരം പതിനായിരക്കണക്കിന് ആത്മസങ്കോചങ്ങളുടെ വേരുകൾ എന്നെ വിഴുങ്ങി മൂടി കളഞ്ഞേനെ.

രാജ്യം എങ്ങനെ ഭരിക്കണമെന്ന്, എന്തൊക്കെ പരിഷ്ക്കാരങ്ങൾ വേണമെന്ന് രാജാവിനു തീരുമാനിക്കാം.നിരന്തരം പരിഷ്ക്കരിച്ചു കൊണ്ടിരിക്കുകയും വേണം. പരിഷ്ക്കരിക്കലാണല്ലോ വളർച്ചയുണ്ടാക്കുന്നത്. പക്ഷേ എല്ലാ പരിഷ്ക്കാരങ്ങളും പഠിച്ചു കഴിഞ്ഞിട്ട് ഭരണമേറ്റെടുക്കാം എന്ന നിഷ്ഠയുടെ ആവശ്യമില്ലെന്ന് തോന്നുന്നു. . ഏതു സിംഹാസനത്തിലിരിക്കുമ്പോഴും അതുവരെ സ്വയം പരിഷ്ക്കരിച്ച നിറവിൽ, സങ്കോചമില്ലാതെ തീരുമാനമെടുത്ത് ആ പദവിയോടുള്ള പ്രതിബദ്ധത നിലനിർത്തുക എന്നതാണ് വേണ്ടത്. അതിനേക്കാളുമപ്പുറം പരിഷ്ക്കാരലോകങ്ങൾ കണ്ടിട്ടുള്ള പ്രജകൾ വിമർശിച്ചേക്കാം. അതിനെ ക്രിയാത്മകമായി ഉൾക്കൊള്ളുക. വീണ്ടും സ്വയം പരിഷ്ക്കരിക്കുക. വായിക്കുക, എഴുതുക. അത്ര തന്നെ.

Sunday, June 01, 2014

പുരുഷന്റെ നോട്ടം, സ്ത്രീയുടെ ചാട്ടം.

പുരുഷന്റെ നോട്ടം, സ്ത്രീയുടെ ചാട്ടം.

1. പുരുഷന്റെയും സ്ത്രീയുടെയും സ്വഭാവപ്രകൃതികൾ, മാറ്റങ്ങളെ ഉൾകൊള്ളാനുള്ള മനോഭാവം, ശ്രദ്ധിക്കപ്പെടാനുള്ള ആഗ്രഹം തുടങ്ങിയ പലതും സ്ത്രീക്കുമേലുള്ള പുരുഷന്റെ നോട്ടത്തിൽ  വിഷയമാവുന്നുണ്ട്. മിക്ക സമൂഹങ്ങളിലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് വികാരനിയന്ത്രണം കുറവാണെന്ന് തോന്നിയിട്ടുണ്ട്. (അത്തരം ഒരു സ്വഭാവം രൂപപ്പെട്ടത് പുരാതനകാലം മുതൽക്കേ പുരുഷാധിപത്യസമൂഹമാണ് നിലവിലുള്ളത് എന്നുള്ളതുകൊണ്ടാണെന്ന് കരുതുന്നു.സ്ത്രീയെ സംരക്ഷിക്കാനുള്ള സാമൂഹ്യമനോഭാവവും താനാണ് അധികാരി എന്ന ബോധവും അവനെ പെട്ടന്ന് വികാരം കൊള്ളുന്നവനായി രൂപപ്പെടുത്തിയിരിക്കണം. പുരുഷനാണു ഭരിക്കപ്പെട്ടിരുന്നെങ്കിൽ ഇതിനേക്കാൾ നന്നായി വികാരം നിയന്ത്രിക്കാൻ പുരുഷൻ  പഠിച്ചേനെ. സ്ത്രീകൾക്ക് കൂടുതൽ അധികാരവും സ്വാതന്ത്ര്യവും ലഭ്യമാവുന്ന സമൂഹങ്ങളിൽ പുരുഷന്റെ സ്വയം നിയന്ത്രണവും ഏറി വരുന്നുണ്ട് എന്നുള്ളത് ശ്രദ്ധിക്കുക. അതുകൊണ്ടു തന്നെ 'എനിക്കു വികാരം നിയന്ത്രിക്കാനാവില്ല' എന്ന ധാർഷ്ട്യം കലർന്ന പരാതി, തങ്ങളുടെ തന്നെ മേൽക്കോയ്മാ മനോഭാവത്തിന്റെ സൃഷ്ടിയാണ് എന്നു പുരുഷൻ തിരിച്ചറിയേണ്ടതുണ്ട്. )

2. മറ്റൊന്ന്, തനിക്കു താല്പര്യമുള്ളതും അതേ സമയം അപ്രത്യക്ഷമായി തുടരുന്നതുമായി ഒന്നിനെ തിരഞ്ഞു കൊണ്ടിരിക്കാനുള്ള മനുഷ്യന്റെ നൈസ്സർഗീകമായ താല്പര്യമാണ്.  ഒരു സ്ത്രീ, മുട്ടിനു മുകളിലെത്തുന്ന  ട്രൗസർ അണീഞ്ഞ് പ്രത്യക്ഷപ്പെടുമ്പോൾ പുരുഷന് അവളുടെ തുടകളോടുള്ള ആകർഷണത്തേക്കാൾ പതിന്മടങ്ങായിരിക്കും, മുട്ടിനു താഴെയെത്തുന്ന പാവാട  അനാവൃതമാക്കപ്പെട്ടാൽ അതേ തുടകളോടു തോന്നുന്നത്. അതേ തുടകളിലേക്കു നോക്കുമ്പോൾ തന്നെ, അവനിലുള്ള 'സദാചാരബോധ'വും വ്യക്തിത്വബോധവും സൃഷ്ടിക്കുന്ന ബുദ്ധി, അവനെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് അവൾ അറിഞ്ഞു കൊണ്ടല്ല വസ്ത്രം അനാവൃതമായതെന്നു തോന്നിയാൽ നോട്ടത്തിൽ അവനു കൂടുതൽ കുറ്റബോധം തോന്നുന്നതും  അറിയാതെയാണെങ്കിലും അറിഞ്ഞുകൊണ്ടാണെങ്കിലും  വസ്ത്രം നേരെയിട്ട ശേഷം അവളൊന്നു നോക്കിയാൽ അവൻ ആ നോട്ടത്തിൽ ചൂളി പോകുന്നതും.

പക്ഷേ
വികാരം നൈസ്സർഗ്ഗികവും   നിയന്ത്രണബുദ്ധി സാമൂഹ്യബോധസൃഷ്ടിയും സ്വയം ഉണർത്തേണ്ടതുമാണ്.  വികാരത്തിനു മേൽ ബുദ്ധികൊണ്ടുള്ള നിയന്ത്രണം, മാനസികമായും ശാരീരികവുമായി  പുരുഷനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, തനിക്കു മേധാവിത്വമുള്ള സമൂഹങ്ങളിൽ, സ്ത്രീ തനിക്കു വികാരമുണർത്തുന്ന രീതിയിൽ പ്രത്യക്ഷപ്പെടരുത് എന്ന് പുരുഷൻ ശഠിക്കുന്നു. പുരുഷാധിപത്യത്തെ പിന്തുണയ്ക്കുന്നതായതുകൊണ്ട്, മതവും ഈ ശാഠ്യത്തെ പിന്തുണയ്ക്കുന്നു.

3. സ്ത്രീയ്ക്ക് പുരുഷനു തുല്യമായ  അവകാശങ്ങൾ അനുവദിക്കപ്പെട്ടിട്ടുള്ള പുരോഗമനസമൂഹങ്ങൾ ഈ ദു;ശാഠ്യത്തെ വകവെച്ചു കൊടുക്കുന്നില്ല.
ഇവിടെ ലെഗ്ഗിൻസ് കണ്ടാൽ വികാരാധീനൻ ആകുന്ന പുരുഷൻ തന്നെ ദുബായിലോ മറ്റ് പല വിദേശരാജ്യങ്ങളിലോ പോയാൽ അതു പോലുമില്ലാതെ നടക്കുന്ന സ്ത്രീകളെ കണ്ടാലും വികാരം നിയന്ത്രിക്കുന്നത്, 'ഇല്ലെങ്കിൽ ഉണ്ട തിന്നേണ്ടി വരും' എന്ന് അവന്റെ 'ബൗദ്ധികമുന്നറിയിപ്പ്' ഉണരുന്നതുകൊണ്ടാണ്.  അങ്ങനെ വികാരം അടക്കി അടക്കി അതൊരു ശീലമാവുന്ന ചരിത്രം ഉള്ളതുകൊണ്ടാണ്, കുട്ടികളേയും  വൃദ്ധകളേയുമൊക്കെ നഗ്നത  കാണുമ്പോൾ വികാരം ഉണരാതിരിക്കുന്ന ശീലം ഉരുത്തിരിഞ്ഞു വന്ന് കൂടുതൽ കൂടുതൽ ഉന്നതമായ തലങ്ങളിലേക്കുയർന്ന് ഇന്നു കാണുന്ന സാമൂഹ്യജീവിതം സാദ്ധ്യമായത്. ആ ശീലത്തിലേയ്ക്കും ബുദ്ധിയിലേക്കും, 'മറ്റൊരാൾക്ക് താല്പര്യമില്ലാതെ അയാളുടെ ശരീരത്തെ തൊടുകയോ തുറിച്ചു നോക്കുകയോ പാടില്ല' എന്ന അടിസ്ഥാന ബോധം ചേർത്തു വെയ്ക്കുകയേ വേണ്ടൂ. പക്ഷേ പുരുഷാധിപത്യത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന,  ഇതെഴുതുന്നയാൾ അടക്കമുള്ള പുരുഷസമൂഹത്തിന്, അതത്ര എളുപ്പമൊന്നുമല്ലെന്നു മാത്രം.
 
   

4. പുരുഷൻ യാഥാസ്ഥിതികനാണ്. മാറ്റങ്ങളെ പെട്ടന്ന് ഉൾക്കൊള്ളില്ല. സ്ത്രീകൾ നേരെ തിരിച്ചും.
സമൂഹത്തെയും കുടുംബത്തെയും നയിക്കുന്നവനായതുകൊണ്ടായിരിക്കണം പുരുഷനിൽ യാഥാസ്ഥിതികത്വം രൂഢമൂലമായത്. തനിക്കൊപ്പമുള്ളവരെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ഒരാൾ,  പരിചിതമായ   സ്ഥിരം വഴികളിലൂടെ സഞ്ചരിക്കാനാണല്ലോ ഇഷ്ടപ്പെടുക. പുതിയതെന്തും   ( ഉദാ, ഭക്ഷണം,  ആവാസകേന്ദ്രം, അയൽസമൂഹങ്ങൾ ) പരീക്ഷിച്ച് നല്ലതാണോ കെട്ടതാണോ എന്നറിയാൻ അംഗങ്ങളിൽ പലരുടേയും ജീവൻ ബലി കൊടുക്കേണ്ടി വന്നേക്കാം.  ഒഴിവാക്കാനാവാത്ത  സന്ദർഭങ്ങളിൽ മാത്രം അതു ചെയ്യുക എന്നതായിരിക്കുമല്ലോ ഒരു തലവൻ ഇഷ്ടപ്പെടുക. അതുകൊണ്ടു തന്നെ,  സ്ത്രീകളാണ് സമൂഹത്തെ നിയന്ത്രിച്ചിരുന്നതെങ്കിൽ, ഈ  'യാഥാസ്ഥിതികത്വം' അവരിൽ രൂപപ്പെടുമായിരുന്നു എന്നു കരുതുന്നു. അങ്ങനെയല്ലാതിരുന്നതുകൊണ്ടായിരിക്കണം, പുതിയതെന്തും പരീക്ഷിക്കുക എന്ന പ്രകൃതിദത്തവും ജൈവീകവുമായ സ്വഭാവം സ്ത്രീയിൽ തുടർന്നു വന്നത്.   

  
5. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ട് എന്നും തോന്നാറുണ്ട്.  അവന്റെ സംരക്ഷണം ആവശ്യപ്പെടുന്ന ഒരു ജീവിതശൈലിയും സാമൂഹ്യജീവിതവും രൂപപ്പെടുത്തിയതാവണം അതും. ഭൂരിപക്ഷം സ്ത്രീകളും അതു പിന്തുടരുന്നു. പക്ഷേ താൻപോരിമയും സ്വാതന്ത്ര്യബോധവുമുള്ള സ്ത്രീ,  ഇന്ന് അവരൊരു ന്യൂനപക്ഷമാണെങ്കിലും, അതിൽ നിന്നു പുറത്തുകടക്കുന്നുണ്ട് എന്നും കാണാൻ കഴിയും. 

6. സ്ത്രീകൾ പുതിയ രീതിയിലുള്ള വസ്ത്രം ധരിക്കുന്നതും 'സെക്സി'യായി പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധിക്കപ്പെടാൻ തന്നെയായിരിക്കണം. തനിക്ക് മനോഹരമായി തോന്നുന്ന, തന്റെ സ്വന്തമായ ഒന്ന് മറ്റുള്ളവർക്ക് മുമ്പിൽ അഭിമാനപൂർവ്വം പ്രദർശിപ്പിക്കാനുള്ള താല്പര്യം. ( 'സിക്സ് പാക്' പുരുഷന്മാർ തങ്ങളുടെ സിക്സ് പാക്കും മസിലുകളുമെല്ലാം പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെ.) പക്ഷേ ആ 'ശ്രദ്ധ' തന്നെ മുറിപ്പെടുത്തണം എന്ന് അവൾ ആഗ്രഹിക്കുന്നുണ്ടാവില്ല. പുതിയ മട്ടിലുള്ള മണിമാളികകൾ പണിതുയർത്തുന്നത്, ആഡംഭരക്കാറുകൾ വാങ്ങുന്നത്, ബ്രാന്റഡ് വസ്ത്രങ്ങളും വാച്ചും കൂളിങ്ങ് ഗ്ലാസ്സുമെല്ലാം  പുരുഷൻ ധരിക്കുന്നതും ഇതേ ആഗ്രഹത്തോടെ തന്നെ. പുരാതന പുരുഷൻ ഇതിനു പകരം താൻ കീഴ്പ്പെടുത്തിയ മൃഗത്തിന്റെ കൊമ്പോ പല്ലോ തുകലോ ഒക്കെ ആഭരണമായി അണിയുന്നതിന്റെ തുടർച്ചയായിരിക്കണം ഇത്. പക്ഷേ ഇതിന്റെയൊക്കെ പേരിൽ താൻ ആക്രമിക്കപ്പെടുന്നതോ കുറ്റപ്പെടുത്തുന്ന നോട്ടം നേരിടേണ്ടി വരുന്നതോ പുരുഷനും ഇഷ്ടപ്പെടുന്നില്ലല്ലോ. (ഇത്തരം പ്രദർശനങ്ങളും ആഡംഭരങ്ങളും തുല്യത ആഗ്രഹിക്കുന്ന ഒരു സമൂഹത്തിൽ  വേണോ എന്നത് വേറെ വിഷയമാണ്, അതവിടെ നിൽക്കട്ടെ. നിലവിലുള്ള വ്യക്തിസ്വാതന്ത്രനിയമങ്ങൾ അനുവദിക്കുന്നിടത്തോളം അതുപയോഗിക്കുന്നത് തടയാൻ ആർക്കും അവകാശമില്ലല്ലോ. )

വാൽക്കഷണം :


ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ച് ഒരു പുരുഷന്റെ നോട്ടം അന്തസ്സുകെട്ടതാായി അനുഭവപ്പെട്ടാൽ പോലും സ്ത്രീക്ക് ഇപ്പോൾ നടപടികൾ സ്വീകരിക്കാം എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
അതുകൊണ്ട് സ്ത്രീകൾ ( പുരുഷനും ) അവർക്കിഷ്ടമുള്ളത് ധരിക്കട്ടെ. ( മുഖം മൂടി ഒരു വസ്ത്രമല്ല എന്നത് ഓർക്കുക)  പുരുഷന്മാർ അവരെ നോക്കുകയും ചെയ്യട്ടെ. പക്ഷേ ആ നോട്ടം അവരെ അലോസരപ്പെടുത്താതിരിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്.  നമ്മുടെ ഭരണഘടന അത്ര മാത്രം കൃത്യവും നിക്ഷ്പക്ഷവും സമതുലിതവുമാണ്. 

മോഡി പേടി


കേരളത്തിലെ ന്യൂനപക്ഷം ( അവരിൽ തന്നെ മുസ്ലീങ്ങൾ ) മോഡിയെയും സംഘപരിവാറിനേയും നല്ലപോലെ ഭയപ്പെടുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്. ആ ഭയത്തെ മുതലെടുക്കാൻ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ തീവ്രവാദമറുചേരികൾ ശ്രമിക്കുന്നുണ്ട് എന്നുള്ളതും കാണാം.

അത്രയ്ക്കൊന്നും ഭയപ്പെടേണ്ടതില്ല എന്ന് കേരളത്തിന്റെ ഇടതുപക്ഷമനസ്സ് അവരെ എക്കാലവും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മേധാവിത്വം ലഭിക്കുന്നതിനു വേണ്ടി മതവും ജാതിയും വർഗീയതയും വികസനവും വ്യവസായവും തുടങ്ങി എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി മുന്നിലെത്തിയ ആളാണു മോഡി. ഇനി എന്തു വേണം എന്ന് തീരുമാനിക്കാൻ മോഡിക്ക് സ്വാതന്ത്ര്യമുള്ളിടത്തോളം കാലം കരുതിയിരിക്കുകയും വേണം.

പക്ഷേ ഒരനാവശ്യ ഭീതി അസ്ഥാനത്താണ്. എതിർക്കപ്പെടേണ്ടത് നടപ്പാക്കപ്പെടുമ്പോൾ എതിർക്കുക എന്നതാണ് ജനാധിപത്യത്തിൽ കരണീയമായിട്ടുള്ളത്. ആ എതിർപ്പിനു ഭൂരിപക്ഷപിന്തുണ നേടുക എന്നതാണ് മുഖ്യം. അത് വർഗ്ഗീയ ശക്തികൾക്കും അറിയാവുന്നതുകൊണ്ട്, അവിടെ വിള്ളലുകൾ വീഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. അതുകൊണ്ട് ആത്യന്തികമായി ഭയപ്പെടേണ്ടത് മോഡിയെ അല്ല, ജനങ്ങൾക്കിടയിലെ മതിലുകളെയാണ്. സ്വയമറിയാതെയാണെങ്കിലും ആ മതിലുകളിൽ പലതും നാം സ്വയം സൃഷ്ടിക്കുന്നവയുമാണ്.

ഞാനും നീയ്യും ഒരുമിച്ച് പഠിച്ച പൊതുവിദ്യാലയങ്ങൾ ഇന്ന് ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കേ, എന്റെ കുഞ്ഞിനു സരസ്വതിനികേതനവും നിന്റെ കുഞ്ഞിനു ഉമരിയ്യ സ്കൂളും ശക്തിപ്പെടുന്നിടത്ത് തുടങ്ങുന്നു അത്. ഞാനും നീയും നീന്തിത്തുടിച്ച പുഴമടിത്തട്ടുകൾ വരണ്ടു മലർന്നിരിക്കേ എന്റെ കുഞ്ഞിനു എന്റെ നീന്തൽകുളവും നിന്റെ കുഞ്ഞിനു നിന്റെ നീന്തൽകുളവും തീർക്കുന്നിടത്ത് ശക്തിപ്പെടുന്നു അത്.

എന്റെ കുഞ്ഞിനു മുറിവേറ്റാൽ നിന്റെ കുഞ്ഞ് വാവിട്ടുകരയാൻ, നിന്റെ കുഞ്ഞിന്റെ ഭയത്തെ എന്റെ കുഞ്ഞ് കല്ലെടുത്തോടിക്കാൻ, ഏറ്റവും കുറഞ്ഞത് അവർ പരസ്പരം അറിയേണ്ടതെങ്കിലുമുണ്ട്.

തോളോടു തോൾ ചേർന്ന് ഓടിക്കളിക്കാൻ, പാടിത്തിമർക്കാൻ അവർക്കു പൊതു ഇടങ്ങൾ വേണ്ടതുണ്ട്. ഓണവും വിഷുവും പെരുന്നാളും നോമ്പും വീടുകളിൽ നിന്ന് വീടുകളിലേക്ക് നിർഭയം സഞ്ചരിക്കണമെങ്കിൽ നമുക്കിടയിലെ മതിലുകൾ നാം തകർക്കേണ്ടതുണ്ട്, ഉമ്മറത്ത് കാവൽ നിർത്തിയിരിക്കുന്ന പ്രദർശന നായ്ക്കളെ പുറത്താക്കേണ്ടതുണ്ട്.

'എന്റേത്' എന്ന അഹങ്കാരങ്ങൾ തകർത്ത്
വീണ്ടെടുക്കുക നാം ആ പൊതുഇടങ്ങൾ, കളിമൈതാനങ്ങൾ, പുൽമേടുകൾ, പുഴയോരങ്ങൾ.