Saturday, December 20, 2014

വീണ്ടും ചുംബാൻസികൾ
ചുംബാൻസികൾ എന്ന പേര് കുറെ ചിരിപ്പിച്ചു. അതുകൊണ്ടാണിങ്ങനെയൊരു തലക്കെട്ട്. അല്ലാതെ സദാചാര ഗോറില്ലയായതുകൊണ്ടല്ല.

1.ഒരു സമരം/കലാപം രൂപപ്പെടുന്നതും മുന്നേറുന്നതും മിക്കപ്പോഴും അക്കമിട്ടെഴുതിയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടല്ല എന്ന് ഒരുവിധം ചരിത്രബോധമുള്ളവർക്കെല്ലാവർക്കുമറിയാം.  സമരം തുടങ്ങുന്ന ആളോ ആളുകളോ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളായിരിക്കണമെന്നില്ല  ജനപങ്കാളിത്തം ഏറുന്തോറും സമരസംഘങ്ങളിൽ നിന്നുയരുക. 1857 ലെ ശിപായി ലഹള തൊട്ട്, മുല്ലപ്പൂ വിപ്ലവം വരെ എത്രയോ ഉദാഹരണങ്ങൾ. ജനക്കൂട്ടത്തിന്റെ വൈകാരികനിയന്ത്രണമേറ്റെടുക്കാൻ പാടവമുള്ളവർക്ക്, പുതിയ ലക്ഷ്യങ്ങൾ മുന്നോട്ടു വെച്ചുകൊണ്ട് സമരത്തിന്റെ ഗതി മാറ്റാൻ വരെ കഴിയാറുണ്ട്.

2.മാർഗ്ഗവും ലക്ഷ്യബോധവും പലതായിരിക്കേ, ഒരൊറ്റ മുദ്രാവ്യാക്യത്തിനു കീഴിൽ അണിനിരക്കുന്ന ഒരു സമരജനത പുലർത്തുന്ന  ചില സവിശേഷതകളും ദൗർബല്യങ്ങളുമുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമരം തന്നെ നോക്കൂ.  ‘സ്വാതന്ത്ര്യം വേണം, ബ്രിട്ടീഷുകാർ ഇന്ത്യ വിടണം’ എന്ന  ഒരൊറ്റ മുദ്രാവാക്യത്തിനു കീഴിൽ അണിനിരക്കുമ്പോഴും  സായുധവിപ്ലവത്തിലൂടെയും അഹിംസാസമരങ്ങളിലൂടെയും  അതിനു ശ്രമിച്ച, അഖണ്ഡഭാരതവും, ഹിന്ദുരാജ്യവും, ജനാധിപത്യ രാജ്യവും കമ്മ്യൂണിസ്റ്റ് രാജ്യവും എല്ലാം ലക്ഷ്യങ്ങളായി പ്രഖ്യാപിച്ച, പരസ്പരം അംഗീകരിക്കാൻ പോലും തയ്യാറാവാതിരുന്ന പല പല സംഘങ്ങൾ ചേർന്ന ഒരു കൂട്ടായ്മയാണല്ലോ അത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട ശേഷവും, ഇതല്ല ഞങ്ങൾ പറഞ്ഞ സ്വാതന്ത്ര്യം, ഇതല്ല ഞങ്ങൾ പറഞ്ഞ ഭാരതം എന്നു ചിന്തിക്കുന്നവർ പോലും ഇന്നും നമുക്കിടയിലുണ്ട്.

3.കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടലിൽ, യുവതീയുവാക്കൾ പരസ്യമായി ചുംബനത്തിലേർപ്പെടുന്നു എന്ന വാർത്ത ജയ്ഹിന്ദ് ചാനൽ പ്രക്ഷേപണം ചെയ്യുകയും സംഘപരിവാർ സംഘടനകൾ ആ  ഹോട്ടൽ അടിച്ചു  തകർക്കുകയും   ചെയ്യുന്നതോടെയാണ്,  ‘വ്യക്തിസ്വാതന്ത്ര്യത്തിനും സാമൂഹ്യജീവിതത്തിനും മേലെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കുക’ എന്നൊരു മുദ്രാവാക്യം    അക്രമത്തെ അപലപിച്ച ഓരോരുത്തരിലും രൂപപ്പെടുന്നത്. അങ്ങനെയൊരു മുദ്രാവാക്യത്തിനു കീഴിൽ ഒരുമിക്കുമ്പോൾ പോലും, എങ്ങനെയായിരിക്കണം വ്യക്തിസ്വാതന്ത്ര്യം, എങ്ങനെയായിരിക്കണം സാമൂഹ്യജീവിതം എങ്ങനെയായിരിക്കണം  ഫാസിസത്തോടുള്ള ചെറുത്തു നില്പ് എന്നീ കാര്യങ്ങളിൽ ആശയപരമായ ഒരുമ രൂപപ്പെട്ടിരുന്നില്ല.
(രൂപപ്പെടേണ്ട ആവശ്യമുണ്ടെന്നും കരുതുന്നില്ല. അതല്ലല്ലോ ജനാധിപത്യം ). ചിലർ പത്രപ്രസ്താവനകളിലൂടെ പ്രതികരിച്ചു. പിന്നെ ചിലർ സോഷ്യൽ സൈറ്റുകൾ ഉപയോഗപ്പെടുത്തി. കോഴിക്കോട്ടുകാരാകട്ടെ, പിറ്റേന്നു മുതൽ തന്നെ കുടുംബസമേതവും സുഹൃദ്സമേതവും ഡൗൺ ടൗൺ ഹോട്ടലിൽ  കയറി ഭക്ഷണം കഴിച്ച് എതിർപ്പ് ബോധ്യപ്പെടുത്തി. 

4.ചുംബിക്കുന്നവരെ ആക്രമിക്കുന്നു – അതുകൊണ്ട് ആലിംഗനങ്ങൾ കൊണ്ടും ചുംബനം കൊണ്ടും  അക്രമത്തെ എതിർക്കാം’ എന്ന വളരെ ലളിതമായ ആശയമാണ്  ചുംബനസമരത്തെ രൂപപ്പെടുത്തിയത് എന്നാണു മനസ്സിലാക്കുന്നത്. ആ ആശയലാളിത്യമാണ് സമരത്തിന്റെ ആകർഷണീയതയും. ഫാസിസത്തെ എതിർക്കുന്ന ആർക്കും – നക്സലൈറ്റുകൾക്കു തൊട്ട് അരാഷ്ട്രീയവാദികൾക്കു വരെ വിശ്വാസികൾ  തൊട്ട് അവിശ്വാസികൾക്കു വരെ അവിടെ ഇടമുണ്ടായിരുന്നു.  സ്വാഭാവികമായും, ചുംബനസമരത്തെ എതിർത്തവരും  അനുകുലിച്ചവരും ചുംബനത്തെ  വ്യാഖാനിച്ചത് താന്താങ്ങളുടെ ഇഷ്ടപ്രകാരമാണ്. ചിലർക്ക് അത് സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു,  ചിലർക്ക് വാത്സല്യവും സ്നേഹവും,  ചിലർക്ക് പ്രണയം, പിന്നെയും ചിലർക്ക് ഇതെല്ലാം. അതാതിനനുസരിച്ച്, എവിടെയൊക്കെ, എങ്ങനെയൊക്കെ  ചുംബിക്കാം/ചുംബിക്കാതിരിക്കാം എന്നുള്ള ധാരണകൾ പോലും അതാതുവിഭാഗക്കാർക്ക് ഉണ്ടായിരുന്നിരിക്കാനുമിടയുണ്ട്. സ്വന്തം സ്കെയിൽ വെച്ച് മറ്റുള്ളവരുടെ അവകാശങ്ങളെ  അളക്കുന്നവർക്ക്,  ആ വ്യാഖ്യാനങ്ങൾ പലതും അതിർത്തി ലംഘിക്കുന്നതായി അനുഭവപ്പെടുന്നത് അസ്വാഭാവികമല്ല.  അത്തരക്കാർ, ജനാധിപത്യമാർഗ്ഗങ്ങളിലൂടെ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുന്നതും തെറ്റല്ല. പക്ഷേ നിയമപാലനസംവിധാനങ്ങളും നീതിപീഠങ്ങളും അവയിലേതെങ്കിലും വ്യാഖ്യാനങ്ങളെ  മുറുകെ പിടിക്കുന്നതും ഇതര വ്യാഖ്യാനങ്ങളെ പിന്തുണയ്ക്കുന്നവരെ  നിയമലംഘകരായി കണക്കാക്കുന്നതും അപകടകരമായ തെറ്റാണ്. അവർ നോക്കേണ്ടത്, പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ, സ്വത്തിനും ജീവനും അപകടമുണ്ടാക്കുന്ന  നീക്കങ്ങൾ ഉണ്ടാവുന്നുണ്ടോ, നിയമലംഘനം ഉണ്ടാവുന്നുണ്ടോ എന്നെല്ലാമാണ്. അതുമാത്രമാണ്. ഒറ്റനോട്ടത്തിൽ,  ചുബനസമരത്തിൽ പങ്കെടുക്കാനെത്തിയവരേയും എതിർക്കുന്നവരേയും ഒരുപോലെ  കൈകാര്യം ചെയ്തു എന്ന് തോന്നാമെങ്കിലും, അത്തരമൊരു നീക്കത്തിലൂടെ, സമരത്തെ അനുകൂലിക്കുന്നവരുടെ മൗലികാവകാശങ്ങൾ, നിയമം ലംഘിച്ച് എതിർക്കുന്നവർക്കൊപ്പം നിന്ന് ലംഘിക്കുകയായിരുന്നു പോലീസ് ചെയ്തത് എന്ന് കാണാൻ കഴിയും. സദാചാരലംഘനം, സാംസ്ക്കാരികാധപതനം, ഭാര്യയും ഭർത്താവും മുറിയിൽ ചെയ്യുന്നത് പരസ്യമാക്കുന്നു എന്നെല്ലാം വിമർശിക്കുമ്പോഴും, പരസ്യചുംബനം നിയമവിരുദ്ധമാവുന്നതെങ്ങനെ എന്ന് ഇതിനെ എതിർക്കുന്നവർക്കാർക്കെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല. വസ്ത്രധാരണനിയന്ത്രണങ്ങളും ലിംഗഅസമത്വവും ജാതി,മത അസമത്വങ്ങളും ഒക്കെയുൾപ്പെടെ മതങ്ങളും ജാതികളുമെല്ലാം ചേർന്ന് രൂപപ്പെടുത്തിയ ‘അലിഖിത സദാചാര’നിയമങ്ങളെ  ചോദ്യം ചെയ്യാൻ ഭരണഘടനയേയും  നിയമവ്യവസ്ഥയെയും കൂട്ടുപിടിക്കാൻ ഇവരാരും മടിക്കാറുമില്ല.

5.ഇങ്ങനെയെല്ലാം ചെയ്യാൻ നിങ്ങളുടെ സഹോദരിയെ/ഭാര്യയെ/അമ്മയെ അനുവദിക്കുമോ എന്നുള്ള ചോദ്യമാണ് എതിർപ്പുകാർ ഉയർത്തിയ പ്രധാന ചോദ്യങ്ങളിലൊന്ന്.( തിരുവനന്തപുരത്തെ ചുംബനഗാഢത കണ്ട ചുംബനാനുകൂലികൾ പലരും ‘ഹോ..ഇത്രയ്ക്കൊന്നും വേണ്ടിയിരുന്നില്ല’ എന്ന് ഉള്ളിൽ പറഞ്ഞിട്ടുമുണ്ടാവും.  മുൻപ് പറഞ്ഞതു പോലെ, അവരുടെ വ്യാഖ്യാനപ്രകാരമുള്ള ചുംബനം അതായിരുന്നിരിക്കില്ല.) ഈ ചോദ്യങ്ങളുയർത്തുന്നവർ,  ചുംബനസമരത്തിൽ പങ്കെടുത്ത സ്ത്രീകൾ സഹോദരനോ ഭർത്താവോ മകനോ ഒന്നുമില്ലാത്തവരാണ് എന്ന ധാരണ വച്ചു പുലർത്തുന്നവരായിരിക്കില്ലല്ലോ. ഇവരൊക്കെയുണ്ടായിട്ടും അവർ എന്തുകൊണ്ട് സമരത്തിൽ പങ്കെടുത്തു എന്ന ചോദ്യത്തിനു മറുപടി അന്വേഷിക്കുമ്പോൾ, ആദ്യ ചോദ്യത്തിനും മറുപടി കിട്ടും. ഈ സമരത്തിനായി ആകാശത്തു നിന്ന് പ്രത്യക്ഷപ്പെട്ടവരല്ലോ അവർ. ഇത്തരം സമരങ്ങളിൽ പങ്കെടുത്തുകൊണ്ടോ അതിനു മുമ്പേ തന്നെ സമാന ആശയങ്ങൾ പങ്കു വെച്ചുകൊണ്ടോ ഇതാണ് തങ്ങളുടെ വ്യക്തിത്വം, വ്യക്തിസ്വാതന്ത്ര്യം എന്ന് കുടുംബാംഗങ്ങളേയും സമൂഹത്തേയും ബോധ്യപ്പെടുത്താൻ/ഓർമ്മപ്പെടുത്താനാണല്ലോ സമരത്തിൽ പങ്കെടുക്കുന്നത്. അതുമായി സമരസപ്പെടാനുള്ള സന്നദ്ധതയ്ക്കനുസരിച്ചാണ്   ഒരാൾ സമരപങ്കാളിയോ സമരത്തെ എതിർക്കാത്തയാളോ ഒക്കെയായി മാറുന്നത്. ( അതുകൊണ്ടാണ് സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കും സഹോദരനും അച്ഛനും ഭർത്താവുമൊക്കെയുണ്ടാവുന്നത് ) ഇതാകട്ടെ, പെട്ടന്നൊരു ദിവസം സംഭവിക്കുന്നതുമല്ല. എങ്കിൽ തന്നെയും, താൻ അനുകൂലിക്കുന്ന, തന്റെ വ്യാഖാനത്തിനനുസരിച്ചുള്ള, ഒരു സമരരീതിയിൽ മറ്റൊരു കുടുംബാംഗം പങ്കാളിയാവുന്നത് എതിർക്കുന്നത് ഇരട്ടത്താപ്പാണെന്ന് പറയാതെയും വയ്യ. താൻ അനുകൂലിച്ചില്ലെങ്കിൽ പോലും, തന്റെ കുടുംബത്തിലെ മറ്റൊരാൾക്ക്   വ്യത്യസ്തമായ ചിന്തയും സമരരീതികളും സ്വീകരിക്കാമെന്ന് തിരിച്ചറിയുന്നത് കൂടുതൽ കൂടുതൽ ജനാധിപത്യബോധം ഉൾക്കൊള്ളുന്നതിനനുസരിച്ചായിരിക്കും. പുരുഷാധിപത്യകുടുംബവ്യവസ്ഥ നിലനിൽക്കുന്ന ഒരിടത്ത്, അത് പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ലെങ്കിലും, യാഥാർത്ഥ്യമാവുന്ന കാലം വരിക തന്നെ ചെയ്യും. വ്യക്തിപരമായി പറഞ്ഞാൽ, ചുംബനസമരത്തിൽ പങ്കെടുത്തുകൊണ്ട്  എതിർലിംഗത്തിൽ പെട്ട ഒരാളെ ചുബിക്കാൻ എന്റെ ലജ്ജ അനുവദിക്കാനിടയില്ല എന്നത് തുറന്നു സമ്മതിക്കാൻ മടിയില്ല.  സാമൂഹ്യവിരുദ്ധമല്ലാതിരുന്നിട്ടും ചുംബനം  സാമൂഹ്യവിരുദ്ധമായി പരിഗണിക്കുന്ന ഒരു സമൂഹത്തിൽ  വളർന്നതുകൊണ്ടാണ് എനിക്കത് കഴിയാതിരിക്കുന്നതെന്ന് തിരിച്ചറിയുന്നതുകൊണ്ടും അതില്ലാതാവണമെങ്കിൽ അത് സാർവത്രികമാവണമെന്നും ബോധ്യമുള്ളതുകൊണ്ടാണ് ഞാൻ സമരത്തെ പിന്തുണയ്ക്കുന്നത്. ഒരു സ്ത്രീ സ്പർശിച്ചാൽ ലൈംഗീകചിന്തയുണ്ടാവുന്ന മാനസികാ(ദുര)വസ്ഥയിൽ  നിന്ന് കര കയറണമെങ്കിൽ, സ്ത്രീകൾ സ്പർശിക്കുന്നത് നിരോധിക്കുന്നതിനേക്കാൾ നല്ലത്, ലൈംഗീകതാല്പര്യമില്ലാതെ തന്നെ സ്ത്രീകൾ സ്പർശിക്കാം എന്നത്  സ്വയം ബോധ്യപ്പെടുത്തുകയും, ആ ബോധ്യപ്പെടുത്തൽ  നിരന്തരമാവുന്ന വിധത്തിൽ സ്പർശം  സാർവത്രികമാവുകയുമാണ്  എന്ന് ഞാൻ കരുതുന്നു, ആഗ്രഹിക്കുന്നു.

6.വ്യഖ്യാനങ്ങളുടെ വൈവിധ്യം നിലനിൽക്കുന്നതുകൊണ്ടു തന്നെ രാഹുൽ പശുപാലനെയോ രശ്മിയേയോ അരുന്ധതിയേയോ  ഒറ്റയൊറ്റയായി പരിഗണിച്ച് സമരത്തെ നിർവചിക്കാൻ നടത്തുന്ന ശ്രമങ്ങളും യുക്തിസഹമല്ല. ലാലാ ലജ്പത് റായിയേയോ ബാലഗംഗാധരതിലകനേയോ സവർക്കറെയോ ഒക്കെ വച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നിർവചിക്കുന്നതു പോലെയായിരിക്കും അത്. രാഹുൽ പശുപാലൻ പബ്ളിസിറ്റിക്കു വേണ്ടിയും രശ്മി തന്റെ പ്രൊഫഷണൽ വളർച്ചയ്ക്കുവേണ്ടിയുമാണ് സമരം സംഘടിപ്പിച്ചത് എന്ന വാദവും അപ്രസക്തമാവുന്നതും  അതുകൊണ്ടാണ്. ആണെങ്കിലും അല്ലെങ്കിലും,  ചുംബനസമരത്തിന്റെ പ്രസക്തി അതിനേക്കാളേറെ മടങ്ങ് വളർന്നു കഴിഞ്ഞിരിക്കുന്നു. ( ഈ വാദവും എത്രമാത്രം ശരിയാണ് എന്ന് സംശയമുണ്ട്. ഞാൻ മനസ്സിലാക്കിയേടത്തോളം, ഫേസ് ബുക്കിലെ ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലായിരുന്നു  രാഹുൽ പശുപാലൻ ഉൾപ്പെടെയുള്ള സംഘാടകർ ഇതേ കുറിച്ചുള്ള പ്രാരംഭചർച്ചകൾ ആരംഭിച്ചത്. അവിടെ രാഹുൽ അതിനു മുമ്പും സജീവമായിരുന്നു എന്നാണോർമ്മ. പബ്ലിസിറ്റിയാണ് രാഹുലിന്റെ  ഉള്ളിലിരുപ്പെങ്കിൽ, അതേക്കാൾ വളരെയധികം അംഗങ്ങളുള്ള  റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ്  ആവണമായിരുന്നല്ലോ രാഹൽ തിരഞ്ഞെടുക്കാൻ. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് സമരത്തിനു ശേഷം ഉണ്ടായതുമാണ്. ഒരു സാധാരണക്കാരൻ പോലും കൂടുതൽ കൂടുതൽ ‘സെൽഫികൾ’ പോസ്റ്റ് ചെയ്യുന്ന ഇക്കാലത്ത് മോഡലിങ്ങ് രംഗത്തുള്ള രശ്മി തന്റെ ചിത്രങ്ങൾ കൂടുതൽ പ്രസിദ്ധീകരിക്കുന്നതിൽ എന്താണ് തെറ്റ് ? ചുംബനസമരത്തെ എതിർക്കുന്നവരും വേണ്ടുവോളമുള്ള ഈ നാട്ടിൽ, നവമാധ്യമങ്ങളിൽ അതാണ് കൂടുതൽ പ്രശസ്തി നൽകുന്നതെന്ന് എങ്ങനെ പറയാൻ കഴിയും ? )

7.പിന്നൊരു വാദം ‘ഞാനാണ് ശരി’  എന്ന്  ആരംഭം മുതൽ മാറ്റമില്ലാതെ നിൽക്കുന്നു എന്നതാണ്. ശരിയാണ്. തന്റെ ശരി, ഏതൊരാളും നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കേണ്ടതു തന്നെ. പക്ഷേ ഈ വാദം ചുംബനസമരത്തെ എതിർക്കുന്നവർക്കും ബാധകമല്ലേ ?  ‘ഞാനാണ് ശരി’ എന്നുള്ള തീർപ്പ് അവർ  നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കുന്നുണ്ടോ ?

8.പിന്നൊന്ന്, നാട്ടിലെ മറ്റു പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ കേവലം ചുംബനസ്വാതന്ത്ര്യത്തിനായി ഇറങ്ങിയത് മോശമല്ലേ എന്ന വാദമാണ്.  ഏത് സമരത്തിനിറങ്ങുന്ന എത് സംഘത്തിനും, നാട്ടിലെ മറ്റേത് പ്രശ്നത്തേക്കാളും രൂക്ഷമായത് തങ്ങളുടെ വിഷയമാണ് എന്നു തോന്നുന്നതുകൊണ്ടാണല്ലോ അവർ സമരത്തിനിറങ്ങുന്നതു തന്നെ. അതൊരു ജനാധിപത്യപരമായ സ്വാതന്ത്ര്യമാണ്. നാട്ടിലെ ഓരോ വ്യക്തിക്കും, തന്റെ താല്പര്യത്തിനനുസരിച്ച്  വിവിധസംഘങ്ങൾ  നയിക്കുന്ന  സമരങ്ങൾക്ക് മുൻഗണനാ ക്രമത്തിൽ പരിഗണിക്കാനും  പങ്കെടുക്കാനും അവഗണിക്കാനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഒരു വശത്ത് ബാർമുതലാളികളും മറ്റൊരു വശത്ത് ആദിവാസികളും സമരം ചെയ്യുന്നത്. പക്ഷേ അവരുടെ പ്രശ്നം കഴിഞ്ഞിട്ടു മതി  ഇവരുടെ സമരം നടത്തേണ്ടത് എന്ന നിലപാടെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.