Monday, February 11, 2019

സ്ത്രീലോകം

സ്ത്രീലോകം 
-------------------------
സ്ത്രീയുടെ സ്വാർത്ഥത അവളുടെ മാതൃത്വത്തിൽ നിന്നാണ് പിറവി കൊണ്ടതെന്ന് കരുതുന്നു.
കുഞ്ഞിന്റെയും അടുത്ത തലമുറയുടേയും നിലനില്പിന് അമ്മ ആവശ്യമാണെന്ന ബോധ്യമായിരിക്കണം സ്ത്രീയെ സ്വാർത്ഥയാക്കിയത്. എന്നാൽ, അതേ മാതൃത്വം തന്നെയാണ് അവൾക്ക് അളവറ്റ ഉദാരത സമ്മാനിക്കുന്നതെന്നും കാണാം.
ഒരേ സമയം രണ്ട് ധ്രുവങ്ങളിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ വൈരുദ്ധ്യങ്ങളാണ് സ്ത്രീയെ ഒരു പ്രഹേളികയായി തീർക്കുന്നത്.
പ്രതികാരം കൊണ്ടല്ലാതെ തന്നിൽ നിന്ന് മുറിവേറ്റ ഒരാളോട് അടുത്ത നിമിഷം മുതൽ അവളിൽ സഹാനുഭൂതി പെരുകാൻ തുടങ്ങും ; അത് അയാളുടേ സ്വാർത്ഥതയിൽ നിന്ന് രൂപമെടുത്ത ഒരു നീക്കം കൊണ്ടാണെന്ന് തിരിച്ചറിഞ്ഞാൽ പോലും.
അതുകൊണ്ട് സ്ത്രീയെ കൈയ്യിലെടുക്കാനാഗ്രഹിക്കുന്ന കൗശലക്കാരനായ ഒരു പുരുഷൻ ഈ തന്ത്രമാണ് അവളോട് പയറ്റുക. സൗന്ദര്യമോ പണമോ അധികാരമോ ഒന്നുമല്ല അവളുടെ മനസ്സ് കീഴടക്കുകയെന്ന് അയാൾക്കറിയാം.
കുഞ്ഞുങ്ങളുടെ ദീർഘകാലത്തെ സംരക്ഷണച്ചുമതല മനുഷ്യസ്ത്രീയിൽ പെരുപ്പിച്ചെടുത്ത മറ്റൊരു സവിശേഷതയാണ് അവളുടെ നിരീക്ഷണപാടവം. നിരന്തരമായ നിരീക്ഷണപരീക്ഷണങ്ങളിലൂടെയാണല്ലോ കുഞ്ഞിന്റെ ( തന്റെയും ) ശത്രുമിത്രാദികളെ തിരിച്ചറിയാനാവുക. പുരുഷന്റേതിനേക്കാൾ പതിന്മടങ്ങ് ശക്തവും ജാഗ്രത്തുമായ നിരീക്ഷണബുദ്ധി അങ്ങനെയായിരിക്കണം അവളിൽ രൂപപ്പെട്ടിരിക്കുക.പുരുഷൻ മനസ്സിൽ കാണുമ്പോഴേക്കും സ്ത്രീക്ക് മരത്തിൽ കാണാനാവുന്നത് അതുകൊണ്ടാണ്.
വിശ്വാസ്യത ആർജ്ജിച്ചു കഴിഞ്ഞാൽ നിരീക്ഷണവും സംശയബുദ്ധിയും ദുർബലമാകുമെന്ന യാഥാർത്ഥ്യമാണ് കൗശലക്കാരനായ പുരുഷന്റെ രണ്ടാമത്തെ മന്ത്രം. അതിനു വേണ്ടി സമയവും സന്ദർഭങ്ങളുമൊരുക്കി അയാൾ തന്ത്രപൂർവ്വം കാത്തിരിക്കുക തന്നെ ചെയ്യും.
ഏറ്റവും സുരക്ഷിതമായി ജീവിക്കുമ്പോഴും തന്റെ ആരോഗ്യവും ബുദ്ധിയുമുപയോഗിച്ച് പ്രതിബന്ധങ്ങളെ തൂത്തെറിഞ്ഞും ഇഷ്ടങ്ങളെ കൂടുതലായി കീഴ്പ്പെടുത്തിക്കൊണ്ടും തന്റെ യാഗാശ്വത്തെ പായിച്ചു കൊണ്ടിരിക്കാൻ മനുഷ്യന്റെ ബുദ്ധി അവനെ ഉപദേശിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിമതിയായ സ്ത്രീക്കും ആ 'ഉപദേശി'യിൽ നിന്ന് അകന്നു നിൽകാനാവില്ല. അപകടകരമായ ഒരു നീക്കം നടത്തുമ്പോൾ, തന്റെ സകലബുദ്ധിയുമുപയോഗിച്ച് നേട്ടകോട്ട വിശകലനങ്ങൾ പലവട്ടം നടത്തിയതിനു ശേഷമേ അവളതിന് തയ്യാറാവുകയുള്ളൂ. പക്ഷേ പുരുഷനെ അപേക്ഷിച്ച് ശുഷ്ക്കമായ ലോകപരിചയവും അതിലുപരി അവനിൽ സമർപ്പിക്കപ്പെട്ട തെറ്റായ വിശ്വാസവും അവളെ അപകടത്തിൽപ്പെടുത്തിയേക്കാം.
വഞ്ചിക്കപ്പെട്ടതിന്റെ ആഘാതം മറികടന്നാൽ, കൂടുതൽ ജാഗ്രതയോടെ ജീവിക്കാനും പ്രതികാരം ചെയ്യാനും തന്നെയായിരിക്കും അവൾ ആഗ്രഹിക്കുക. മാതൃത്വം കനിഞ്ഞനുഗ്രഹിച്ച വരങ്ങളിലൊന്ന് - ഉദാരത കുടഞ്ഞെറിഞ്ഞ് സകലായുധ പാണിയായി അവൾ പ്രതികാരയുദ്ധം തുടങ്ങിയാൽ പുരുഷനോ അവന്റെ കൗശലമോ നിലം തൊടില്ലെന്നതു കൊണ്ടു തന്നെയാവണം 'പെണ്ണൊരുമ്പെട്ടാൽ' എന്ന് പുരുഷലോകം സ്വയം പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്നതും.
---------------------
( ഒരു പുരുഷന്റെ കാഴ്ച്ചയുടെ പോരായ്മകൾ ഉണ്ടാവും. ചൂണ്ടിക്കാട്ടുക )
@ Viddiman

Thursday, February 07, 2019

D N A ടെസ്റ്റ് നടത്തിയാണോ യുക്തിവാദികൾ അച്ഛനെ തീരുമാനിക്കുന്നത് ?

  
D N A ടെസ്റ്റ് നടത്തിയാണോ യുക്തിവാദികൾ അച്ഛനെ തീരുമാനിക്കുന്നത് ?

അല്ല.

പക്ഷേ DNA ടെസ്റ്റ് കണ്ടുപിടിക്കുന്നതിനു മുമ്പേ തന്നെ സ്‌ത്രീയും പുരുഷനും ഇണ ചേർന്നാലേ കുഞ്ഞ് ജനിക്കൂ എന്ന ശാസ്‌ത്രീയ സത്യം മനുഷ്യർ കണ്ടെത്തിയിരുന്നു. (സ്വർഗ്ഗത്തിലിരുന്ന് ഭൂമിയിൽ ഗർഭം ധരിപ്പിക്കാനും പ്രസവിച്ചാലും കനകാത്വം നിലനിർത്താനുമൊക്കെ ദൈവങ്ങൾക്ക് ശേഷിയുണ്ടെന്ന് വിശ്വസിച്ചിരുന്നെങ്കിലും (?) തന്റെ ഇണയ്ക്ക് അത്തരമൊര’നുഗ്രഹം’ ലഭ്യമാവില്ലെന്ന് ഓരോ മനുഷ്യജീവിക്കും ഉറപ്പുണ്ടായിരുന്നു )

സ്വത്ത്,  കുടുംബം, ഗോത്രം, കുഞ്ഞുങ്ങൾ എന്നിവയുടെ സംരക്ഷണം ഒരു സാമൂഹ്യപ്രശ്നമായപ്പോഴായിരിക്കണം വിവാഹം എന്ന സമ്പ്രദായത്തിലേക്ക് മനുഷ്യർ തിരിഞ്ഞത്. കുഞ്ഞുങ്ങളെ ജനിപ്പിക്കുക, സംരക്ഷിക്കുക എന്നീ സാമൂഹ്യധർമ്മങ്ങൾ അതോടെ ഭാര്യാഭർത്താക്കന്മാരിൽ വന്നു ചേർന്നു. അതായത്, ഒരു കുഞ്ഞു പിറന്നാൽ അവനെ സംരക്ഷിക്കുക മാതാവും പിതാവും ചേർന്നായിരിക്കും എന്ന സാമൂഹ്യരീതി മനുഷ്യസമൂഹങ്ങളിൽ നിലവിൽ വന്നു.

അതുകൊണ്ടു തന്നെ സമൂഹത്തിന്റെ അറിവോടെ വിവാഹം കഴിക്കുകയും ജനിപ്പിക്കുകയും  
ചെയ്തവർ ( എന്ന് കരുതപ്പെടുന്നവർ)   തന്റെ മാതാപിതാക്കൾ എന്നാണ് പൊതുവെ ഏതു കുഞ്ഞും കരുതുക.  തന്റെ മാതാവിനെ വിവാഹം കഴിച്ച്   ഒപ്പം ജീവിക്കുകയും മറ്റ് മക്കളോടൊപ്പം സംരക്ഷിച്ച് വളർത്തുകയും ചെയ്തയാളെ അച്ഛൻ എന്നു ഉറപ്പാക്കിക്കൊണ്ടാണ് കുഞ്ഞ് വളർന്നു വരുന്നത്. ഇവിടെ അച്ഛനമ്മമാരുടെ വിവാഹം, അവരുടേ സംരക്ഷണം എന്നിവയ്ക്ക് തെളിവുകൾ ഉണ്ട്. ( വിവാഹത്തിന് - പണ്ടാണെങ്കിൽ വിവാഹഫോട്ടോ, ആൽബം, അതിനും മുമ്പാണെങ്കിൽ വിവാഹിതരായവരുടേയും
മറ്റുള്ളവരുടേയും സാക്ഷ്യം. സംരക്ഷണത്തിന് – സ്വാനുഭവം തന്നെ ). ബുദ്ധിയുറയ്ക്കുന്നതിനു മുമ്പേ തന്നെ അനുഭവവേദ്യമായി തുടങ്ങുന്ന ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞ് തന്റെ  പിതൃത്വം ഉറപ്പിക്കുന്നത്. അതൊരു ദീർഘകാലാനുഭവമായി മാറുന്നതുകൊണ്ട് എവിടെ, എന്ന്, എപ്പോൾ തുടങ്ങിയ തെളിവുപരിശോധനാഘടകങ്ങൾ ഇവിടെ കൃത്യമായി ചേർക്കാനാവില്ല എന്ന് മാത്രം.

മനസ്സിലായല്ലോ – ഡി എൻ എ ടെസ്റ്റ് നടത്തുന്നില്ലെങ്കിലും ശാസ്‌ത്രീയ സത്യങ്ങളുടേയും തെളിവുകളുടേയും പിൻബലത്തിൽ തന്നെയാണ് മനുഷ്യർ പിതൃത്വം നിർണ്ണയിക്കുന്നത്.  എളുപ്പവും ചെലവില്ലാത്തതുമായ പരീക്ഷണരീതി ഉള്ളപ്പോൾ  താരമന്യേന ബുദ്ധിമുട്ടേറിയതും ചെലവേറിയതുമായ മറ്റൊന്നിനെ ആശ്രയിക്കേണ്ടതില്ലല്ലോ.  

പിൻകുറിപ്പ് :

ഈ രണ്ടു തെളിവുകളുടെ അഭാവത്തിൽ കുഞ്ഞിന് പിതൃത്വത്തെ സംബന്ധിച്ച്  സംശയമുണ്ടാവുക സ്വാഭാവീകമാണെന്നു കാണാം.  ഭർത്താവ്, കുഞ്ഞിന്റെ പിതൃത്വത്തെ സംബന്ധിച്ച് സംശയമുന്നയിക്കുകയാണെങ്കിൽ, ആ സംശയം ഒന്നുകൂടി ദൃഢപ്പെടുന്നു.
ഇവിടെ രണ്ട് സാധ്യതകളാണുള്ളത് : 1. സംശയിക്കുന്ന ഭർത്താവ്, കുഞ്ഞിന്റെ  ജൈവ‌പിതാവ് ആയിരിക്കുമ്പോൾ തന്നെ, സംശയരോഗം കൊണ്ടോ കുഞ്ഞിനേയും ഭാര്യയേയും  സ്വീകരിക്കാനുള്ള  താല്പര്യമില്ലായ്മ കൊണ്ടോ പിതൃത്വം നിഷേധിക്കുക.
2. സംശയിക്കപ്പെടുന്നതു പോലെ, കുഞ്ഞിന്റെ ജൈവപിതാവ് മറ്റൊരാൾ ആയിരിക്കുക.

ഡി എൻ എ ടെസ്റ്റ് കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ്, ഈ സാധ്യതകളിൽ ഏതാണു സത്യം എന്നു കണ്ടെത്തുക ബുദ്ധിമുട്ടുള്ള  പണിയായിരുന്നു. രണ്ടു സാധ്യതകൾക്കുമുള്ള സാഹചര്യതെളിവുകൾ, സാക്ഷികൾ  തുടങ്ങിയ ദുർബലമായ തെളിവുകൾ ആസ്പദമാക്കി പിതൃത്വം നിർണ്ണയിക്കുമ്പോൾ തെറ്റുകൾ പറ്റുക സ്വാഭാവീകം. അതുകൊണ്ടു തന്നെ ഡി എൻ എ ടെസ്റ്റ് റിസൾട്ട് എന്ന വിശ്വസനീയമായ തെളിവ് ശാസ്ത്രം കണ്ടുപിടിച്ചപ്പോൾ സത്യം കണ്ടെത്തുന്നതിന് ആധുനീകമനുഷ്യൻ അതുപയോഗിക്കുന്നു. ഡി എൻ എ ടെസ്റ്റിന്റെ വിശ്വാസ്യതയിൽ എന്തെങ്കിലും സംശയങ്ങളുണ്ടായാൽ ശാസ്‌ത്രം അത് പരിശോധിക്കുകയും ആവശ്യമെങ്കിൽ തിരുത്തലുകളും പരിഷ്ക്കരണങ്ങളും വരുത്തുകയും ചെയ്യും.

 ശാസ്‌ത്രമെന്നാൽ സത്യാന്വേഷണമാണ്. 
 തെറ്റുള്ളപ്പോൾ തെറ്റിൽ നിന്ന് ശരിയിലേക്കും ശരിയിൽ നിന്ന് കൂടുതൽ ശരിയിലേക്കും ശാസ്‌ത്രം അതിന്റെ സഞ്ചാരം തുടരുന്നു. സത്യത്തിന്റെ മറ്റൊരു മുഖമുദ്രയാണ് തെളിവ്.  തെളിവിനെ അടിസ്ഥാനമാക്കിയല്ലാതെ മനുഷ്യർക്ക് പരസ്പരം ഇടപാടുകൾ നടത്താനോ വിശ്വാസ്യത ആർജ്ജിക്കാനോ സാധ്യമല്ല.