Sunday, October 06, 2013

മതം, സമൂഹം

മതവും രാഷ്ട്രീയവും ചർച്ച ചെയ്യുന്നതിന് ഓൺലൈൻ ലോകത്ത് വിലക്കില്ല. നമ്മുടെ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം പോലെ തന്നെ. പക്ഷെ പിന്നൊരാൾ വികാരം വ്രണപ്പെട്ടു എന്ന് പരാതിയും കൊണ്ട് വന്നാൽ അതും പ്രശ്നമായി. അത്തരം കലാപങ്ങളും നമ്മുടെ രാജ്യത്തുണ്ടല്ലൊ. പറയാനുള്ളത് പലതും മനസ്സിലൊതുക്കി പലരും മിണ്ടാതിരിക്കുന്നത് താനായിട്ട് അങ്ങനെയൊരു കലാപം സൃഷ്ടിക്കണ്ട എന്നു കരുതിയാവണം. ആരെങ്കിലും ചിലത് പറഞ്ഞാലും ഇടപെടലുണ്ടാകുന്നതും അത്തരം പേടി കൊണ്ടാവാം. ഒരു കലാപം മണക്കുന്ന അന്തരീക്ഷത്തിൽ പ്രത്യേകിച്ചും.

പക്ഷെ ഇതിനെ എങ്ങനെ നേരിടണം എന്നത് കുഴക്കുന്ന ഒരു പ്രശ്നമാണ്. ഒരു സമൂഹത്തിലെ അനാചാരങ്ങൾ, ആ സമൂഹത്തിനു തന്നെ ബോധ്യപ്പെട്ട് തിരുത്തുന്നതാണ് ഏറ്റവും ഉചിതം.പക്ഷെ പ്രത്യക്ഷമോ പരോക്ഷമോ ( പരോക്ഷം എന്നു പറയുമ്പോൾ, വിദ്യാഭ്യാസം നൽകലോ ആരോഗ്യസംവിധാനങ്ങൾ ഒരുക്കി കൊടുക്കുകയോ ഒക്കെയാവാം )ആയ ഒരിടപെടലില്ലാതെ, തങ്ങളുടെ തെറ്റുകൾ,പോരായ്മകൾ, അനാചാരങ്ങൾ ഒക്കെ ഒരു സമൂഹത്തിനു ബോധ്യപ്പെടാനുള്ള സാധ്യത കുറവാണ്. ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്.


ഈ സഹിഷ്ണുത നമുക്ക് നഷ്ടപ്പെടുന്നു എന്നുള്ളതാണ് കേരളം സമീപകാലത്ത് നേരിടുന്ന ദുരന്തങ്ങളിലൊന്ന് . ചൂണ്ടി കാണിക്കുന്ന വസ്തുതയ്ക്ക് പകരം, ചൂണ്ടി കാണിക്കുന്ന വ്യക്തിയെ നോക്കി തീരുമാനമെടുക്കുന്ന കാലം. 'നിന്റെ മുണ്ടഴിഞ്ഞു പോയി' എന്ന് അപരൻ ചൂണ്ടി കാട്ടുമ്പോൾ, സ്വയമൊന്ന് കീഴോട്ട് നോക്കുന്നതിനു പകരം, അപരന്റെ ഐഡന്റിറ്റി കാർഡ് അന്വേഷിക്കുന്ന കാലം. അവൻ മുണ്ട് മുറുക്കിയാണോ ഉടുത്തിരിക്കുന്നത് എന്ന അന്വേഷണം ആവശ്യപ്പെടുന്ന കാലം. ( നുണ പറയുന്നവർ സമൂഹത്തിൽ പെരുകിയാൽ, അത്തരമൊരന്വേഷിക്കൽ വേണ്ടി വന്നേക്കാം. എങ്കിലും അതിലുമെത്രയോ എളുപ്പമാണ് സ്വയമൊന്നു കീഴോട്ട് നോക്കി അതിനു മറുപടി പറയുന്നത് . മുണ്ടഴിഞ്ഞ് നിൽക്കുക നാണക്കേടാണ് എന്ന് ബോധ്യമുള്ള ഒരാൾ, ആദ്യം തന്നെ പരിശോധിക്കേണ്ടത് തന്നെ തന്നെയാണല്ലൊ. )

ആദ്യ പരാമർശത്തിലേക്ക് വരാം. അപരന്റെ കോട്ടങ്ങൾ ചൂണ്ടികാട്ടിയാൽ പ്രശ്നമാകും, അക്രമമുണ്ടാക്കും എന്ന് കരുതുന്ന ഒരു സമൂഹത്തിൽ, പോരായ്മകൾ പരസ്പരം ചൂണ്ടി കാട്ടാനുള്ള സാധ്യത വളരെ കുറയും. ഫലത്തിൽ രണ്ടു കൂട്ടരുടെയും മുണ്ടഴിഞ്ഞു പോയത് പരസ്പരം കാണുമ്പോഴും, അത് ചൂണ്ടികാട്ടിയാൽ കലാപമാകും എന്ന അവസ്ഥ നില നിൽക്കുമ്പോൾ, ഇരു കൂട്ടരും മുണ്ടുടുക്കാതെ നടക്കുകയും അവസാനം മുണ്ടില്ലായ്മ സാധാരണമാവുകയും ചെയ്യും. മുണ്ടുടുക്കാതിരിക്കുന്നത് തെറ്റാണ് എന്ന ബോധ്യത്തിൽ നിന്ന്, മുണ്ടുടുക്കാതിരിക്കുന്നത് ശരിയാണ് എന്ന അപകടകരമായ വിശ്വാസത്തിലേക്ക് സമൂഹം താഴും.

അതുകൊണ്ടു തന്നെ, വളർച്ച ആഗ്രഹിക്കുന്ന ഒരു സമൂഹത്തിൽ നിരന്തരം നടന്നു കൊണ്ടിരിക്കേണ്ട ഒന്നാണ് ചോദ്യം ചെയ്യൽ. അതിനോട് സന്ധി ചെയ്യുക എന്നത്, താൽക്കാലികമായി ഒരു പരിഹാരമായി തോന്നുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് വളർച്ച മുരടിപ്പിക്കുവാനെ ഉതകൂ. പണ്ടെന്നോ ശരീരത്തിൽ തറഞ്ഞ് ഉറഞ്ഞു പോയ മുള്ളൂകൾ പിഴുതെടുക്കുമ്പോൾ അല്പമെങ്കിലും വേദന അനുഭവിച്ചേ പറ്റൂ; അത് സ്വയം പിഴുതെടുക്കുമ്പോഴായാലും മറ്റുള്ളവർ പിഴുതെടുക്കുമ്പോഴായാലും. പക്ഷേ അത് മുള്ള് ആയിരുന്നെന്ന് ബോധ്യപ്പെട്ടാൽ ആ വേദന നിസ്സാരമായിരിക്കും.