Monday, October 09, 2017

ജാതി ഇല്ലാതാക്കാൻ

ജാതി ഇല്ലാതാക്കാൻ ജാതിയും സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുന്നതും നിരോധിച്ചാൽ മതിയോ ?

മതിയായേക്കും. പക്ഷേ ഇന്ത്യൻ ഭരണഘടനയും ഇന്ത്യയിലെ ജനകോടികളും അതിനനുവദിക്കുമെന്ന് തോന്നുന്നില്ല. നൂറ്റാണ്ടുകളിലെ തലമുറകളിലൂടെ പടർന്നു കയറിയ ഈ വിഷവേര് ഒറ്റയടിക്ക് മുറിച്ച് മനുഷ്യജാതി മാത്രമായി ജീവിക്കാൻ ഇവിടത്തെ ഭൂരിപക്ഷജനത അനുവദിക്കാത്തിടത്തോളം കാലം അതേ കുറിച്ച് ചിന്തിക്കാനോ പറയാനോ പോലും ഇവിടത്തെ രാഷ്ട്രീയപാർട്ടികൾ തയ്യാറാവില്ല; കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും. ചുരുങ്ങിയത്  പത്തുതലമുറകൾക്കെങ്കിലും  അതൊരു  ചിന്തിക്കാനാവാത്ത കാര്യമായി തന്നെ തുടരും.


നവോത്ഥാനകാലഘട്ടങ്ങൾ ശ്രദ്ധിക്കുക.

തങ്ങൾക്ക് നിഷേധിക്കപ്പെട്ട പേരുകൾ  തങ്ങളുടേ കുഞ്ഞുങ്ങൾക്ക് ഇട്ടുകൊണ്ട് അടിച്ചമർത്തപ്പെട്ടവർ മുന്നോട്ടുവരാൻ തുടങ്ങിയപ്പോൾ, തങ്ങളുടെ വർഗ്ഗത്തിന്റെ മേധാവിത്ത അടയാളങ്ങളും ജാതിപ്പേരുകളും ഉപേക്ഷിച്ചുകൊണ്ട്  അടിച്ചമർത്തപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്  സവർണ്ണരിലെ മനുഷ്യസ്നേഹികൾ ചെയ്തത്.

തങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഓരോയിടത്തും  'തുല്യത' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട്  കടന്നു ചെല്ലാൻ അടിച്ചമർത്തപ്പെട്ടവർ പോരാട്ടങ്ങൾ തുടങ്ങിയപ്പോൾ യാഥാസ്ഥിതികർ അടച്ചു കളഞ്ഞ  വാതിലുകൾ തുറന്നുകൊടുക്കാൻ അവർക്കൊപ്പം അണിചേരുകയാണ് സവർണ്ണരിലെ മനുഷ്യസ്നേഹികൾ ചെയ്തത്.

ആ പോരാട്ടങ്ങളുടെ തുടർച്ചയാണ് ജാതിസംവരണം എന്ന നീതി. എന്നാൽ, ഇന്നയിന്ന ജാതികളിൽപ്പെട്ടവർ എന്ന് വ്യക്തമായി രേഖപ്പെടുത്തികൊണ്ടു തന്നെ അടിച്ചമർത്തപ്പെട്ടവർക്ക് ഉദ്യോഗങ്ങൾ ഉറപ്പുവരുത്തിയ ജനത, അതേ ജാതിപ്പേര് അവരെ വിളിക്കുന്നത് കുറ്റകരമായി പ്രഖ്യാപിക്കുന്നതിനും ജാഗ്രത കാണിച്ചു. എത്ര മഹത്തായ ദീർഘവീക്ഷണം !!!

നിയമങ്ങൾ ഇന്നും നിലനിൽക്കുന്നു. എന്നാൽ ജനതയിലൊരു വിഭാഗം പിന്നോട്ടുനടക്കാൻ തുടങ്ങുന്നു. അവർ തങ്ങളുടെ ജാതിപ്പേരും അടയാളങ്ങളും ധരിച്ച് മേൽക്കോയ്മ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. തിരുവിതാംകൂർ ദേവസം 32 അബ്രാഹ്മണശാന്തിമാരെ നിയമിച്ചപ്പോൾ അതിനെതിരെ നമ്പൂതിരി യോഗക്ഷേമസഭ രംഗത്തു വരുന്നു.( മാതൃഭൂമി - ജൂലൈ 18, 2017 ) നാളെ അവർ മറ്റു സമരരൂപങ്ങളിലേക്ക് കടന്നേക്കാം.  സാമൂഹ്യവിരുദ്ധമാണെങ്കിലും നിയമവിരുദ്ധമല്ല അത്.

എങ്ങനെയാണിത് തകർക്കാനാവുക ?

നവോത്ഥാനകാലത്താണ് ജാതീയ ഉച്ചനീചത്വങ്ങൾക്ക് അറുതിവരാൻ തുടങ്ങിയത് എന്നുള്ളത് നിസ്തർക്കമാണല്ലോ. അന്നുണ്ടായ പോരാട്ടങ്ങളേയും മാറ്റങ്ങളേയും  അത്തരം പോരാട്ടങ്ങൾ സൃഷ്ടിച്ച നിയമങ്ങളേയും സൂഷ്മമായി പഠിക്കുക, അതിനു തുടർച്ചയുണ്ടാക്കുക  എന്നതു തന്നെയാണ്  പോംവഴിയായി കാണാവുന്നത്.

ഇപ്പോൾ ശാന്തിപ്പണി നൽകിയതു പോലെ, സവർണ്ണർ കൈയ്യടക്കി വച്ച എല്ലാ തൊഴിൽ മേഖലകൾ അവർണ്ണർക്കു കൂടി നൽകുക, അവരുടെ മതപരമായ എല്ലാ മേൽക്കോയ്മകളും അവർണ്ണർക്കു കൂടി അനുവദിക്കുക ഇതൊക്കെയാണ് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്നു തോന്നുന്നു.

അവർണ്ണരും പൂണൂൽ ധരിക്കുക, സംസ്കൃതവും താന്ത്രിക വിധികളും ജ്യോതിഷവും പഠിക്കുക, എല്ലാ ക്ഷേത്രങ്ങളിലും പുജാരിയാവുക, നമ്പൂതിരി, നായർ, മേനോൻ തുടങ്ങിയ ജാതിവാലുകൾ ചേർത്ത് പേരിടുക, മഠം, ഇല്ലം, പിഷാരത്ത് എന്നൊക്കെ വീടുകൾക്ക് പേരിടുക.. മഹാക്ഷേത്രങ്ങൾക്കു ചുറ്റും താമസിക്കുക, മുറ്റത്ത് കോലമിടുക, അവരുടെ വേഷവിധാനങ്ങൾ സ്വീകരിക്കുക.. ഇതൊക്കെ ചെയ്യണം. ഇങ്ങനെയൊരു മാറ്റമുണ്ടാവുമ്പോൾ, തങ്ങളുടേ 'വ്യതിരിക്തത' നിലനിർത്താൻ തുടർന്ന് സവർണ്ണർ എന്തൊക്കെ ചെയ്യുമോ, അതൊക്കെ അനുകരിക്കുക..ചുരുക്കത്തിൽ തങ്ങൾക്കിടയിലെ അവർണ്ണരെ തിരിച്ചറിയാൻ സവർണ്ണർക്ക് ഒരു മാർഗ്ഗവുമില്ലാതെ വരുന്ന എല്ലാ മാർഗ്ഗവും സ്വീകരിക്കുക, അങ്ങനെ ദൈവം/മതം തങ്ങൾക്ക് നൽകിയതെന്നു കരുതുന്നതെന്തും മറ്റു മനുഷ്യർക്കും പ്രാപ്യമാണെന്ന ബോധ്യം അവരിലുണ്ടാക്കി ആ ബോധം അപ്രസക്തമാക്കുക.

ഒരു സാമൂഹ്യമുന്നേറ്റത്തിന്റെ തുടർച്ചയായി/ ഭാഗമായി പിന്നോക്ക ജാതികളിൽ പെട്ടവരുടെ സംഘടനകളും അവർക്ക് പിന്തുണ നൽകുന്നവരും ചെയ്യേണ്ടതും പുരോഗമനചിന്തയുള്ള ഭരണകൂടങ്ങൾ നടപ്പാക്കേണ്ടതുമായ വിപ്ലവമായിരുന്നു അത്. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സവർണ്ണരും, തുല്യതാബോധം ഓരോ അണുവിലും അനുഭവപ്പെടുന്ന അടിച്ചമർത്തപ്പെട്ടവരിലെ മനുഷ്യരും  ജാതിയില്ലാത്ത വെറും മനുഷ്യരായി ജീവിച്ച് തുടങ്ങുകയും വേണം.

നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യൻ സാഹചര്യത്തിലും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന സ്വപ്നം മാത്രമാണ് കണ്ടത്. അതിനേക്കാൾ ആഴത്തിൽ , നൂറ്റാണ്ടുകളായി വേരുകളാഴ്ത്തി നിന്ന ജാതീയത എന്ന വിഷവൃഷത്തിന്റെ തണലിലാണ് തങ്ങളും ഇരിക്കുന്നതെന്നും അതാണാദ്യം മുറിച്ചു മാറ്റേണ്ടതെന്നും എപ്പോഴാണവർ തിരിച്ചറിയുകയെന്നറിയില്ല., അറുപത് - എഴുപതുകളിലെ കേരളത്തിലെ ചില സമരങ്ങളും പാർട്ടി സഖാക്കളുടെ മിശ്രവിവാഹവും ( അതിൽ തന്നെ ഒരു സവർണ്ണൻ, അവർണ്ണവിഭാഗത്തിൽ പെട്ടവരെ വിവാഹം കഴിച്ചത് വിരലിലെണ്ണാൻ കഴിയും ) തമിഴ്നാട്ടിലെ 'ജാതി ചുമർ' തകർത്തതുമെല്ലാം ചില സഖാക്കൾ ഉദ്ധരിച്ചേക്കാം. ജാതീയതയെ സംബന്ധിച്ച് അതെല്ലാം നിസ്സാര ഉറുമ്പുകടികൾ മാത്രമാണ് സഖാക്കളേ. ബോധ്യപ്പെടുന്നില്ലെങ്കിൽ, നമ്മളിൽ തന്നെ എത്രപേർ ജാതിപരിഗണിക്കാതെ പ്രണയവിവാഹം ചെയ്യുന്നുണ്ട് എന്നു പരിശോധിക്കുക. മതപരിഗണനയില്ലാതെ വിവാഹം കഴിച്ചവരിൽ നിന്ന് തുലോം കുറവായിരിക്കും അത്. ( പ്രത്യേകിച്ചും സ്ത്രീ, പുരുഷനെക്കാൾ ജാതിവ്യവസ്ഥയിൽ താഴെയുള്ളവർ ).  ജാതിവ്യവസ്ഥയിൽ താഴെയുള്ള പെൺകുട്ടികളോടാണോ അതോ ഒപ്പമോ അതോ മുകളിലിലുള്ള പെൺകുട്ടികളോടാണോ പലപ്പോഴായി പ്രണയം തോന്നിയിട്ടുണ്ട് എന്നും പരിശോധിക്കാം.  അതെന്തുകൊണ്ടായിരിക്കാം എന്നുമാത്രം ചിന്തിക്കുക.

@Manoj V D Viddiman

Saturday, June 10, 2017

സംഘപരിവാർ റിക്രൂട്ട്മെന്റ് തന്ത്രങ്ങൾ ; മറ്റു മതമൗലീകവാദികളുടേയും. – 2.
1. വിഗ്രഹത്തിൽ നിന്ന് ഒരു ‘പോസറ്റീവ് എനർജി’ പ്രസരിക്കുന്നുണ്ട്. അത് വിശ്വാസികളുടെ ശരീരത്തിലേക്ക് പ്രവഹിക്കുന്ന പാത സുഗമമാവാനാണ് ചെരിപ്പ് ഇടാതെ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് നിഷ്ക്കർഷിക്കുന്നത്.

2. ഇന്ത്യയിലെ മഹാശിവക്ഷേത്രങ്ങളെല്ലാം ഭൂപടത്തിൽ നേർരേഖയിലാണ് സ്ഥിതി ചെയ്യുന്നത്.

3. ഭൂമി ഉരുണ്ടതാണെന്ന് ഖുറാനിൽ പറയുന്നുണ്ട്.

4. ക-അബ സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ കേന്ദ്രത്തിലാണ്.

5. പുരോഹിതർ/ധ്യാനഗുരുക്കൾ നടത്തുന്ന രോഗശാന്തിധ്യാനത്തിലൂടെ ക്രിസ്ത്യാനികളുടെ ഏതു രോഗവും മാറ്റിയെടുക്കാം.

ഇതൊക്കെ ഫേസ്ബുക്കിലും വാട്ട്സാപ്പിലുമായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രസ്താവനകളുടെ ഏതാനും സാമ്പിളുകൾ മാത്രമാണ്. ഇത്തരം പ്രചരണങ്ങൾക്ക് എന്തുകൊണ്ട് സ്വീകാര്യത കിട്ടുന്നു, ആരൊക്കെയാണിതിന്റെ പുറകിൽ എന്ന ചിന്ത പങ്കു വെക്കുന്നു.

1. തന്റെ ബുദ്ധിയും അനുഭവങ്ങളും വച്ച് ‘യുക്തി’പൂർവ്വം തീരുമാനമെടുക്കുകയും, എല്ലാ തീരുമാനങ്ങളും താൻ അങ്ങനെ എടുത്തതാണെന്ന് വിശ്വസിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവരാണ് മനുഷ്യൻ. അടിസ്ഥാനപരമായി മനുഷ്യൻ ‘യുക്തി’ജീവിയാണ്. അവൻ തന്റെ ‘ആരാധനാമൂർത്തി’കളെ രൂപപ്പെടുത്തിയതും ഈ ‘യുക്തി’ വെച്ചായിരിക്കണം. തന്റെ ഇച്ഛയ്ക്ക് വഴങ്ങാത്ത, പ്രവചനാതീതമായ എല്ലാ പ്രതിഭാസങ്ങളേയും ആരാധനാ മൂർത്തികളായി മാറ്റുകയും, അവർക്ക്/അവയ്ക്ക് കാണിക്ക നൽകിയും പുകഴ്കീർത്തികൾ പാടിയും ആടിയും പ്രീതിപ്പെടുത്തി ‘തോഴരാ’ക്കി മാറ്റി തന്റെ തന്നെ വരുതിക്ക് നിർത്താമെന്നും കരുതിയതിനു പിന്നിൽ പ്രവർത്തിച്ചത് അത്തരമൊരു ‘യുക്തി’ തന്നെയായിരിക്കണം.

വിശ്വാസിയായ ഓരോ മനുഷ്യനേയും അവനറിയാതെ തന്നെ നയിക്കുന്നത്, തലമുറകളായി കൈമാറി വന്ന ഇത്തരമൊരു പ്രാകൃതയുക്തിയാണെന്ന ബോധ്യത്തോടെ വേണം അവന്റെ നടപടികളെ പരിശോധിക്കാൻ. ഒരു വിശ്വാസി, ക്ഷേത്രത്തിലോ പള്ളിയിലോ പോകുന്നതും ആരാധനയിൽ ഏർപ്പെടുന്നതും അവൻ ജനിക്കുന്നതിനു മുമ്പേ ആരംഭിക്കുന്ന പ്രക്രിയയാണല്ലോ. അവൻ ജനിച്ച നിമിഷം മുഴുവൻ കേൾക്കുന്നതും അത്തരം ആരാധനാമൂർത്തികളുടെ സ്തുതിഗീതങ്ങൾ തന്നെ. മറ്റേതൊരു മനുഷ്യനെയും വിമർശിക്കാനും ചോദ്യം ചെയ്യാനും മടിക്കാത്ത തന്റെ മാതാപിതാക്കളും സമൂഹവും, ജനനത്തിലും മരണത്തിലും തുടങ്ങി ഏത് സന്തോഷങ്ങളിലും ദു‌:ഖങ്ങളിലും ദുരന്തങ്ങളിലും ഈ സ്തുതിഗീതങ്ങൾ ഭക്തിപുരസ്സരം ആവർത്തിക്കുന്നത് അവൻ കാണുന്നു. ക്രമേണ അവനും അത് പിന്തുടരുന്നു.

എന്നാൽ ജീവിതത്തിൽ താനങ്ങനെ പിന്തുടരുന്ന മറ്റ് വ്യവസ്ഥകൾ - മാതാപിതാക്കളെയും ഇണയേയും മക്കളേയും സംരക്ഷിക്കൽ, പൊതുനിയമങ്ങൾ അനുസരിക്കൽ തുടങ്ങിയവയ്ക്കെല്ലാം യുക്തിപൂർവ്വമായ പിന്തുണ കാണുന്ന അവൻ, ഈ വ്യവസ്ഥയ്ക്ക് – ആരാധനയ്ക്ക്, യുക്തിപൂർവ്വമായ ഉത്തരങ്ങൾ കിട്ടാതെ കുഴങ്ങുന്ന അവസരങ്ങൾ ധാരാളമുണ്ടായിരിക്കും. ഇവിടെയാണ് മതഗ്രന്ഥങ്ങളും മതപ്രചാരകരും പുരോഹിതരും അവനു കൂട്ടിനെത്തുക. ഒന്നാമതായി അവർ പറയുക, ഇതെല്ലാം ‘ദൈവഹിതമാണെന്നും അത് പ്രവചനാതീതമാണെന്നും, ഇപ്പോൾ അനുഭവിക്കുന്നതിനെല്ലാം മറുപടി പരലോകത്ത് ലഭിക്കുമെന്നും പരലോകം മനുഷ്യർക്ക് ഗോചരമല്ലെന്നുമായിരിക്കും’. വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്ന അവരിൽ ഭൂരിഭാഗവും ഈ ഉത്തരം കൊണ്ട് തൃപ്തരാവില്ല. അതുകൊണ്ട്, കൂടുതൽ ‘വിശ്വസനീയമായ’ തെളിവുകൾ അവർക്കു മുമ്പിൽ നിരത്തേണ്ടി വരും. അവിടെയാണ് ഗോപാലകൃഷ്ണനും ശശികലയും സക്കീർനായക്കും യോഹന്നാൻ ബിഷപ്പും എല്ലാം ഇടപെടുന്നതും മുകളിൽ പറഞ്ഞതു പോലുള്ള പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതും.

2. മനുഷ്യരുടെ ഈ മത/ദൈവവിശ്വാസം സംഘപരിവാറും മറ്റ് മതമൗലികവാദികളും എങ്ങനെയാണ് ഉപയോഗപ്പെടുത്തുക എന്നു നോക്കാം.

ആദ്യം, മേല്പറഞ്ഞ രീതിയിലുള്ള പ്രസ്താവനകൾ ഫേസ്ബുക്കിലും വാട്ട്സാപ്പിലും തങ്ങളുടെ വിശ്വസ്തർ വഴി പ്രചരിപ്പിക്കുകയോ നിരുപദ്രവമെന്ന് കരുതപ്പെടുന്ന ഭക്തിപ്രഭാഷണങ്ങളിലൂടെയോ പുറത്തു വിടുകയാണ് ആദ്യം ചെയ്യുക. അത്തരത്തിലുള്ള പ്രസ്താവനകൾ കാണുന്ന/കേൾക്കുന്ന, അതാത് മതവിഭാഗത്തിൽപ്പെട്ട ആളെ, തന്റെ വിശ്വാസത്തിനു ‘യുക്തി’ പകരുന്ന ഒന്നായതുകൊണ്ട് അത് സന്തോഷിപ്പിക്കാതിരിക്കില്ല. അയാൾ/അവൾ അത് പങ്കു വെക്കും. അതേ മതവിശ്വാസത്തിൽപ്പെട്ട മറ്റു പലരേയും അത് സന്തോഷിപ്പിക്കും, അവരും ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യും. മറ്റൊരു മതവിശ്വാസിയോ യുക്തി/നിരീശ്വരവാദിയോ അതിലെ ‘യുക്തി’ കമന്റിലൂടെ ചോദ്യം ചെയ്യുമ്പോൾ, മൗലീകവാദികൾക്ക് പ്രചരണത്തിനുള്ള അടുത്ത അവസരം തുറന്നു കിട്ടുകയായി.

എന്തുകൊണ്ടെന്നാൽ, ഷെയർ ചെയ്യപ്പെട്ട പ്രസ്താവനയിലെ ‘യുക്തി’ ക്ക് വേണ്ടത്ര തെളിവ് അവന്റെ/അവളുടെ പക്കൽ ഉണ്ടാവുകയില്ല, തന്നെ ആനന്ദിപ്പിക്കുന്ന ഒന്നായതുകൊണ്ട്, ആ പ്രസ്താവന ആദ്യം കണ്ടപ്പോൾ അവൻ അങ്ങനെ സ്വയം ചോദിക്കുകയുമുണ്ടായിട്ടുണ്ടാവില്ല. ( ഉദാഹരണത്തിന്, വിഗ്രഹം – കൽക്കഷണം ?, വിഗ്രഹത്തിൽ നിന്ന് ‘പോസറ്റീവ് എനർജി’ ?, പ്രസരിക്കുന്നതിനുള്ള ശാസ്ത്രീയമായ തെളിവ് ? ). സ്വാഭാവികമായും, അവൻ ആ പോസ്റ്റ് ഷെയർ ചെയ്തയാളെ തേടിപ്പോകുന്നു, മിക്കപ്പോഴും അതവനെ അത്തരക്കാർ ധാരാളാമുള്ള മറ്റൊരു ‘ഗ്രൂപ്പിലേക്ക്’ നയിക്കുന്നു. അവിടെ അത്തരം ചർച്ചകൾ നടക്കുകയും, മേല്പറഞ്ഞ ചോദ്യത്തിനുള്ള ‘യുക്തിപരവും ശാസ്ത്രപരവുമായ’ തെളിവുകൾ മുൻപേ ലഭിച്ചതായി കാണുന്നു, അത്തരം ‘അറിവുകൾ’ പങ്കു വെച്ച ‘വിശ്വാസിശാസ്ത്രജ്ഞ’രെ പരിചയപ്പെടാനും അവസരം ലഭിക്കുന്നു. അവന് ആ ഗ്രൂപ്പിനോട് ആദരവു തോന്നുന്നു. അവിടെ നിന്ന് ലഭിച്ച മറുപടി ( ഉദാ : പൂജയിലൂടെ ലഭിക്കുന്ന ‘ഊർജ്ജം’, ഡൗസർ ദണ്ഢുകൾ, കിർലിയൻ ഫോട്ടോഗ്രാഫി) അവൻ തനിക്കു ചോദ്യം ചെയ്തവന് ഉത്തരമായി നൽകുന്നു. അവൻ അതിന്റെ ശാസ്ത്രീയത/ആധികാരികത ചോദ്യം ചെയ്യുമ്പോൾ, വിശ്വാസി വീണ്ടും പഴയ ഗ്രൂപ്പിലേക്ക് വരുന്നു.

‘ ‘ശാസ്ത്രത്തിൽ’ അങ്ങനെ പല ശാഖകളും സിദ്ധാന്തങ്ങളും നിലവിലുണ്ടെന്നും’ ,‘ അവൻ അന്യമതമൗലീകവാദിയാണ്,’ ‘അവനോടു തർക്കിച്ച് സമയം പാഴാക്കരുത്’ തുടങ്ങിയ മറുപടികളും ലഭിക്കുന്നു. കൂടുതൽ പഠിക്കുന്നതിനേക്കാൾ തന്റെ വിശ്വാസം ‘യുക്തിപൂർവ്വം’ നിലനിർത്താൻ നല്ലത് ഈ ‘വിശ്വാസിശാസ്ത്രജ്ഞരെ’ വിശ്വസിക്കുകയാണ് എന്ന് അവന്/അവൾക്ക് ബോധ്യപ്പെടുന്നു. അവരെ അനുസരിക്കുന്നു. എന്നു മാത്രമല്ല, തന്റെ ‘വിശ്വാസയുക്തി’യെ പിന്തുണയ്ക്കുന്ന അനേകം പോസ്റ്റുകൾ അവനാ ഗ്രൂപ്പിൽ കാണുന്നു, ആ ഗ്രൂപ്പും അതിലുള്ളവരും അവനു പ്രിയപ്പെട്ടതാവുന്നു. ആ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയ ‘രാഷ്ട്രീയവിശ്വാസവും’ അവനു പതിയെ പ്രിയപ്പെട്ടതാവുന്നു. ‘പുരാതനവും മനുഷ്യനന്മയിലധിഷ്ഠിതവും ശാസ്ത്രീയവു’മായ അതിനെ എതിർക്കുന്നവർ/ചോദ്യം ചെയ്യുന്നവർ അവന്റെ ശത്രുക്കളാവുന്നു. അവനൊരു സംഘപരിവാറുകാരൻ/മതമൗലീകവാദിയായി മാറുന്നു.

അന്വേഷണത്വരയുള്ളവനും സക്രിയമാവാൻ ആഗ്രഹമുള്ളവനും ‘കൂടുതൽ കൂടുതൽ അറിയാനും ആഴത്തിൽ പഠിക്കാനും’ അവിടെ നിന്ന് ക്ലോസ്ഡ് ഗ്രൂപ്പുകളിലേക്കും സീക്രട്ട് ഗ്രൂപ്പുകളിലേക്കും യാത്ര തുടരുന്നു. ആ യാത്ര, വർഗ്ഗീയ/രാഷ്ട്രീയ സംഘർഷത്തിലെ പ്രതിയാകുന്നതുവരേയോ സിറിയയിൽ ആടു മേയ്ക്കുന്നതു വരെയോ അതിനു ശേഷമോ നീണ്ടു പോകുന്നു.

ജാതിയിലും വർണ്ണത്തിലും അധിഷ്ഠിതമായ കാരണം ഇങ്ങനെയൊരു പ്രക്രിയ ഹിന്ദു മതത്തിൽ കുറച്ചു കാലം മുമ്പു വരെ എളുപ്പമായിരുന്നില്ല. എന്നാൽ ഇന്നത് സാധ്യമാണ്.( അതിനു പല കാരണങ്ങൾ ഉണ്ട്. അത് പിന്നീട് പരിശോധിക്കാം ) ക്ഷേത്രങ്ങളിലേയും ഭക്തജനക്കൂട്ടായ്മകളിലേയും ഭക്തിപ്രഭാഷണങ്ങൾ വഴിയും പുരാണപാരായണങ്ങൾ വഴിയും ഫേസ്ബുക്ക്/വാട്ട്സ്സാപ്പ് ഗ്രൂപ്പുകൾ വഴിയും അത് നടക്കുന്നു. സമാന്തരമായി പള്ളികളിലെ മതപ്രഭാഷണങ്ങളും ധ്യാനകേന്ദ്രങ്ങളും അതിന് വേദിയാവുന്നു. സംഘപരിവാറിനും മതമൗലീകവാദികൾക്കും ചാകര !!

3. ആദ്യം പറഞ്ഞ പ്രസ്താവനകൾ ഒന്നു കൂടി പരിശോധിക്കാം. ഇത്തരം പ്രസ്താവനകൾ പരോക്ഷമായി പറഞ്ഞു വെക്കുന്ന മറ്റൊന്നു കൂടിയുണ്ട്- തങ്ങളുടെ മതസ്ഥർ/വിശ്വാസികൾ ഒഴിച്ച് മറ്റുള്ളവരെല്ലാം തങ്ങൾ പറയുന്ന ഈ ‘സ്വർലോകം’ നേടുന്നതിന് അർഹതയില്ലാത്തവരോ അതിന് തടസ്സം നിൽക്കുന്നവരോ ആണ്, ലോകത്തിന് (തങ്ങളുടെ ? ) ഒന്നാകെ നല്ലതു സംഭവിക്കണമെങ്കിൽ അവർ കൂടി തങ്ങളുടേ മാർഗ്ഗത്തിലേക്കു വരികയോ തങ്ങളുടെ മാർഗ്ഗത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയോ വേണ്ടതുണ്ട്. ഇത്രയും കടന്നു ചിന്തിക്കാൻ, ഈ പ്രസ്താവനകളുടെ ലോകത്തേയ്ക്കു കടന്നു വരുന്ന, മൃദുലമനസ്ക്കനും മനുഷ്യസ്നേഹിയുമായ ഒരാൾ തയ്യാറാവില്ലെന്നത് ശരി തന്നെ.

പക്ഷേ തന്റെ മതത്തിന്റെ 'നന്മകൾ' (?) പകരുന്നതിനേക്കാളുപരി ഓരോ മതമൗലീകവാദിയും ശ്രദ്ധിക്കുക, ഇങ്ങനെ അന്യമതങ്ങളോടുള്ള വെറുപ്പ് വർദ്ധിപ്പിക്കാനായിരിക്കും. ആരൊക്കെയാണ് ശത്രുക്കൾ, അവരെന്തുകൊണ്ട് ശത്രുക്കളാണ് എന്ന് ആവർത്തിച്ചാവർത്തിച്ച് ഓർമ്മിപ്പിക്കാനാണ് സംഘപരിവാർ ശ്രമിച്ചു കൊണ്ടിരിക്കുക. ഈ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചു കൊണ്ടാണ് ലോകമെങ്ങും മതമൗലീകവാദികളും ഫാസിസ്റ്റുകളും ഭരണം പിടിച്ചെടുത്തിട്ടുള്ളതും അന്യരെ നിഷ്ക്കാസനം ചെയ്തിട്ടുള്ളതും. അവർക്കേറ്റവും പ്രിയപ്പെട്ട തന്ത്രങ്ങളിലൊന്നാണത്.


അതുകൊണ്ടു തന്നെ, ഇത്തരം പ്രസ്താവനകളുടേ നൈരന്തര്യം, അത്തരം പ്രസ്താവനകളുടെ ഉടമകളുമായുള്ള അടുപ്പം, ഒരു മനുഷ്യന്റെ മാനസീകാവസ്ഥ അത്തരത്തിൽ മാറ്റിയെടുക്കുക തന്നെ ചെയ്യും. അതുകൊണ്ടാണ് ഇവിടെ മതമൗലീകവാദികൾ അഴിഞ്ഞാടുന്ന ഗ്രൂപ്പുകളും മതവൈരം വളർത്തുന്ന പ്രസ്താവനകളും അന്യമതവിശ്വാസികളെല്ലാം അന്യരാജ്യങ്ങളിലേക്ക് പോകണമെന്ന് ആക്രോശിക്കുന്നവരും ഞാൻ തിന്നാത്ത പശുവിറച്ചി നീയും തിന്നരുതെന്ന് തിട്ടീരുമിറക്കി മനുഷ്യരെ കൊല്ലുന്നവരും അന്യരാജ്യത്തെവിടെയോ പോയി പൊട്ടിത്തെറിക്കുന്നവരുമായ മത/രാഷ്ട്രീയവിശ്വാസികളും ഉണ്ടായത്.

4. ‘ക്രിസ്ത്യൻ മതവിശ്വാസികൾ ഇതിൽ നിന്നെല്ലാം മുക്തരും സംയമനത്തോടെ ഇടപെടുന്നവരുമാണല്ലോ’ എന്നു ചോദിക്കുന്നവരുണ്ടാവും. പരിഹാസ്യമായ ചോദ്യങ്ങളുയർത്തുന്നവിധത്തിൽ തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാതിരിക്കുക, അഥവാ അങ്ങനെ ഉയർന്നാൽ തന്നെ നിസ്സംഗത പാലിക്കുക എന്നീ പൊതുബോധ്യങ്ങൾ ക്രിസ്ത്യാനികൾക്കിടയിലുണ്ട്. സ്വന്തം വിശ്വാസത്തെ തുറന്ന പരിശോധനയിൽ നിന്ന് മാറ്റി നിർത്തുന്ന ഈ നിലപാട്, സഹിഷ്ണുതയെക്കാളുപരി, താൻ പ്രകോപിതനായേക്കാവുന്ന വേദികളിൽ നിന്ന് ഒഴിഞ്ഞു പോവുക എന്ന ഒരു ബൗദ്ധികതന്ത്രം മാത്രമാണ്.

അതൊരിക്കലും കൃസ്ത്യാനികൾ മതമൗലീകവാദികളല്ല എന്ന നിഗമനത്തിലെത്താൻ സഹായകമല്ല. സംശയമുണ്ടെങ്കിൽ മതവിശ്വാസിയായ ഒരു ക്രിസ്ത്യാനിയുമായി ഒരു സ്വകാര്യസംവാദം നടത്തിനോക്കുക. പക്ഷേ കായികമായ മതസംഘർഷങ്ങൾ നടക്കുന്ന ഒരിടത്ത്, അതൊരു ഭേദപ്പെട്ട നിലപാട് തന്നെയാണ്. സഭയാണെങ്കിൽ, സാത്താനിറക്കിയ പുതിയ ചീട്ടുകളായ ബിലീവേഴ്സ് ചർച്ചും സ്പിരിറ്റ് ഇൻ ജീസസ്സുമൊക്കെയായി മുട്ടാൻ ആന്തരീകനവീകരണധ്യാനവും ഊട്ടുതിരുനാളുമൊക്കെയായി പുതിയ ചീട്ടുകളിറക്കി ദൈവനാമത്തിൽ വിശുദ്ധയുദ്ധത്തിലുമാണ്.

5. കൗതുകകരമായ മറ്റൊരു നിരീക്ഷണം കൂടി പങ്കു വെച്ചുകൊണ്ട് അവസാനിപ്പിക്കാം. മേല്പറഞ്ഞ
‘ശാസ്ത്ര പ്രസ്താവന’കൾക്കെല്ലാം ( ഇനി വരാൻ പോകുന്നവയ്ക്കും) മതങ്ങളിൽ നിന്ന് പുരാതനമായ ‘തെളിവ്’ ഹാജരാക്കുക ഏറ്റവുമെളുപ്പം ഏതു മതത്തിനായിരിക്കും ? സംശയമില്ല. ഹിന്ദു മതത്തിനു തന്നെ. ജീവോല്പത്തിക്കും പരിണാമത്തിനുമായി ‘ദശാവതാരവും’ വിമാനത്തിന് ‘പുഷ്പകവിമാനവും’ ക്ലോണിങ്ങിന് ‘കൗരവരുടെ ജനനവും’ ആറ്റം ബോബ് മിസൈലിനു ‘ബ്രഹ്മാസ്ത്ര’വും അങ്ങനെ ഉദാഹരിക്കാൻ അനേകമുണ്ടാവുമല്ലോ പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റ് നാട്ടുകഥകളിലുമായി.

എന്തിന്, മുഷ്ടി ചുരുട്ടി പിടിച്ച് വലതു കൈ നീട്ടി, ഇടതുകാൽ പുറകിലേക്ക് മടക്കി വെച്ചാൻ പറന്നു പോകാൻ കഴിയുന്ന മന്ത്രം വരെ പൗരാണികഹിന്ദുമതത്തിന്റെ കൈയ്യിലുണ്ട്. രഹസ്യം വെളിപ്പെടുമെന്നുള്ളതുകൊണ്ട്, ശാസ്ത്രം അങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയ ശേഷമേ സംഭവം പുറത്തു വിടുള്ളൂ എന്നു മാത്രം. എന്നു മാത്രമല്ല, ‘അപ്പോ ബ്രഹ്മാവ് സൃഷ്ടി നടത്തിയതോ ? പിന്നീടുള്ള ഹിന്ദുക്കൾ മുഗളന്മാരെയും ബ്രിട്ടീഷുകാരെയുമെല്ലാം ഓടിക്കാൻ ബ്രഹ്മാസ്ത്രം പ്രയോഗിക്കാഞ്ഞതെന്ത്? തുടങ്ങിയ വഷളൻ ചോദ്യങ്ങളൊന്നും ചോദിക്കരുത്. ഞങ്ങൾക്കത് ഇഷ്ടമല്ല, പറഞ്ഞേക്കാം.

മുസ്ലീങ്ങൾക്ക് അകെയൊരു ഖുറാനും പിന്നെ ഏതാനും ചില ഹദീസ്സുകളും മാത്രമുള്ളതുകൊണ്ട് ഇത്രയും സാദ്ധ്യമല്ല. അതുകൊണ്ട് ശ്രദ്ധാപൂർവ്വമാണ് ഇടപെടൽ. ഭൂമി ഉരുണ്ടതാണെന്നും സൂരനെ ചുറ്റുകയാണേന്നുമ്മുള്ള ശാസ്ത്രസിദ്ധാന്തം മുസ്ലീങ്ങൾക്ക് പഥ്യമാണ്. കാരണം, അങ്ങനെ പറഞ്ഞതെന്ന് വ്യാഖ്യാനിക്കാവുന്ന ചിലത് ഖുറാനിലുണ്ടത്രെ. പക്ഷേ പരിണാമത്തെ കുറിച്ചു പറഞ്ഞാൽ അവർ കണ്ടം തുണ്ടം അരിഞ്ഞു കളയും. ഖുറാനിൽ കളിമണ്ണുരുട്ടി ഊതിയാണ് മനുഷ്യനെ സൃഷ്ടീച്ചതെന്ന് എഴുതി വെച്ചിരിക്കുകയല്ലേ, പിന്നെങ്ങനെ പരിണാമം ശാസ്ത്രീയമാവും ?

ക്രിസ്തീയ സഭകൾ ഈ സീനോക്കെ പണ്ടേ വിട്ടതാണ് . ഗലീലിയോയെ തടവിലിട്ടും ഡാർവിനെ ഭീഷണിപ്പെടുത്തിയും ബ്രൂണോയെ ചുട്ടെരിച്ചും, കുരിശിൽ തറച്ചതിന്റെ മൂന്നാം നാൾ ശാസ്ത്രം ഉയർത്തെഴുന്നേറ്റതു നേരിട്ടു കണ്ട അനുഭവം തന്നെ അവർക്കു ഗുരു. അതുകൊണ്ട് സഭ അത്തരം അവകാശവാദങ്ങൾക്കൊന്നും നിൽക്കാറില്ല. എന്നു മാത്രമല്ല, പണ്ടു ചെയ്ത പാതകങ്ങൾക്ക് മാപ്പു ചോദിക്കുകയും ചെയ്യുന്നു. പുതിയ മാർപ്പാപ്പ വിപ്ലവകരമായ നിലപാടുകൾ സ്വീകരിക്കുന്നു, യേശുവിനെ കണ്ടെത്താൻ ശ്രമിക്കുന്നു. ഇവിടത്തെ ബിഷപ്പുമാർ പല്ലു കടിച്ചിരിക്കുകയാണെന്നതു തന്നെ, അത് സ്വാഗതാർഹമായ നിലപാടാണെന്നുള്ളതിന്റെ തെളിവ്. ഘോരാന്ധകാരത്തിൽ ഒരു തരി വെളിച്ചമെങ്കിലും തെളിയട്ടെ, മനുഷ്യർക്കും കാലത്തിനുമൊപ്പം.

Sunday, May 28, 2017

കശാപ്പുനിയന്ത്രണ നിയമം നിയമവിരുദ്ധം

സംഘികളും, നിഷ്പക്ഷരും ‘പുരോഗമന’ സ്നേഹികളും മൃഗസ്നേഹികളും ഉയർത്തിയ വാദമുഖങ്ങൾ വായിച്ചു.

ശരിയെന്നു തോന്നിയ നാലു കാര്യങ്ങൾ :

1.  അറവിനായി കൊണ്ടു പോകുന്ന മൃഗങ്ങളെ വാഹനങ്ങളിൽ കുത്തി നിറച്ചു കൊണ്ടു പോകുന്നത് പാടില്ലാത്തതാണ്.
2. മൃഗങ്ങളെ പ്രാകൃതമായ രീതിയിൽ കശാപ്പു ചെയ്യുന്നത് പാടില്ലാത്തതാണ്.
3. മൃഗമാംസം പൊതുഇടങ്ങളിൽ വില്പനയ്ക്കായി തൂക്കിയിടുന്നത് പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല.
4. മൃഗബലി നിരോധിക്കണം. 

ഈ നാലു കാര്യങ്ങളും സംസ്ഥാനങ്ങളുമായി  ചർച്ച ചെയ്ത്, അവിടെ നിന്നുള്ള നിർദ്ദേശങ്ങളും ഉൾക്കൊണ്ടു കൊണ്ട് രമ്യമായി പരിഹരിക്കാവുന്നതേയുള്ളൂ. പ്രധാനമായും ഈ വിഷയങ്ങൾ മാത്രമേ മൃഗസ്നേഹികൾ തങ്ങളുടെ പരാതിയിൽ ഉന്നയിച്ചിട്ടുമുള്ളൂ എന്നും കരുതുന്നു.  അതിനുമപ്പുറം കടന്ന്, ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ഫെഡറലിസത്തിന്റെ അന്തസത്ത തകർത്ത് പുറപ്പെടുവിച്ച,  സംഘപരിവാർ അജണ്ടകൾ നടപ്പാക്കാനുദ്ദേശിച്ചു കൊണ്ടുള്ള    ഈ നിയമവിരുദ്ധചട്ടം രാജ്യത്തിന്റെ  സാമൂഹ്യ, സാമ്പത്തിക, ആരോഗ്യ, തൊഴിൽ മേഖലകളിൽ  ഉണ്ടാക്കാവുന്ന കടുത്ത പ്രത്യാഘാതങ്ങളെന്തൊക്കെയായിരിക്കുമെന്ന് പരിശോധിച്ചുകൊണ്ടുള്ളതാണ് ഈ കുറിപ്പ്.

അതുകൊണ്ട് ഒരു മുന്നറിയിപ്പുണ്ട് : സംഘി ആശയങ്ങൾ തിരുകി കയറ്റാൻ തയ്യാറായി  സ്വന്തം കുണ്ഠലിനിയിൽ എണ്ണയൊഴിച്ച് കുമ്പിട്ടു വണങ്ങി നിൽക്കുന്ന മസ്തിഷ്ക്ക ശൂന്യർക്ക് ഇതൊന്നും ബോധ്യപ്പെടണമെന്നില്ല. അവരിത് വായിച്ച് സമയം മെനക്കെടുത്തണമെന്നുമില്ല

1. ഇന്ത്യയിലെ ഉയർന്ന ഹിന്ദുവിഭാഗങ്ങൾ പൊതുവേ സസ്യഭുക്കുകളാണ്. മാംസം കഴിക്കുന്നവരോട് അവർക്ക് ചെറുതല്ലാത്ത വെറുപ്പുമുണ്ട്.   എന്നാൽ ഇവിടങ്ങളിലുള്ള പട്ടികജാതി/പട്ടികവർഗ്ഗവിഭാഗങ്ങളും മുസ്ലീം, ക്രിസ്ത്യൻ  മത വിഭാഗങ്ങളും മാംസം ഭക്ഷിക്കുന്നവരാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു കാശ്മീർ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം മാംസഭുക്കുകളുടെ എണ്ണം കൂടുതലാണ്. കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ജാതിശ്രേണിയിൽ മദ്ധ്യവിഭാഗങ്ങളിൽ പെടുന്ന ഹിന്ദുക്കളും മാംസം ഭക്ഷിക്കുന്നു.  രാജ്യത്തെ മാംസഭുക്കുകളിൽ തന്നെ ബീഫ് കഴിക്കുന്നവരിൽ അധികവും പട്ടികജാതി/പട്ടിക വർഗ്ഗവിഭാഗങ്ങളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. കേരളത്തിൽ എല്ലാ വിഭാഗങ്ങളും ബീഫ് കഴിക്കാൻ താല്പര്യമുള്ളവരാണ്.

ബീഫിനെ വെറുപ്പോടെ കാണുന്നവർ ഈ ഉത്തരവിനെ പിന്തുണയ്ക്കുമ്പോൾ, ബീഫിനോട് താല്പര്യമുള്ളവർ ഇതിനെതിരെ എതിർപ്പുയർത്തുമെന്ന് ഉറപ്പാണ്. ഇത് ജനങ്ങൾക്കിടയിൽ ഹിന്ദു സവർണ്ണ – പട്ടികജാതി/പട്ടികവർഗ്ഗ, ഹിന്ദു – മുസ്ലീം  സ്പർദ്ധകൾ ഉണ്ടാകാൻ കാരണമാകും. അങ്ങനെ ഉണ്ടാവുമ്പോൾ  ഈ നിയമത്തിന്റെയും ക്രമസമാധാനപാലനത്തിന്റേയും പേരു പറഞ്ഞ് പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളേയും മുസ്ലീങ്ങളേയും അടിച്ചമർത്താം, ഒറ്റപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാം, തങ്ങളോട് വിധേയത്വമുള്ള ഹിന്ദു ബെൽട്ടുകൾ എമ്പാടും സൃഷ്ടിച്ചെടുക്കാം. ബി ജെ പി ഭരിക്കുന്ന  സംസ്ഥാനങ്ങളിൽ ഇത് വളരെ എളുപ്പം സാദ്ധ്യമാകും.

2. മൃഗകശാപ്പ് നടത്തുന്നതും തോലുരിച്ച് സംസ്ക്കരിക്കുന്നതുമെല്ലാം പൊതുവേ പട്ടികജാതി/പട്ടികവർഗ്ഗവിഭാഗങ്ങളും മുസ്ലീങ്ങളുമാണ്. ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന ഇവരെല്ലാം  അസംഘടിതരുമാണ്. അംഗീകൃത, ആധുനീക കശാപ്പുശാലകൾ നിർബന്ധമാക്കുന്നതോടെ ഇവരിൽ നല്ലൊരു വിഭാഗത്തിനും തൊഴിൽ നഷ്ടപ്പെടും. പാരമ്പര്യമായി ഒരേ തൊഴിൽ ചെയ്ത് വരുന്ന ഒരു വിഭാഗത്തിന് ആ തൊഴിൽ നഷ്ടപ്പെട്ടാൽ, അവർ പതിയെ ആ നാട്ടിൽ നിന്നും പാലായനം ചെയ്യും, പതിയെ നശിച്ചൊടുങ്ങി ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവും. മുസ്ലീങ്ങൾ സംഘപരിവാറിന്റെ പ്രഖ്യാപിത ശത്രുക്കളാണെങ്കിൽ, പട്ടികജാതി പട്ടികവർഗ്ഗവിഭാഗങ്ങൾ അവരുടെ അപ്രഖ്യാപിത ശത്രുക്കളാണ്. ഒരേകീകൃത ഹിന്ദുവിനെ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്കു പിടി കൊടുക്കാതെ എക്കാലവും തങ്ങളുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമായി സ്വതന്ത്രമായി ജീവിച്ചു പോകുന്ന ഇവരെ ‘മെരുക്കിയെടുക്കുക’ സംഘപരിവാറിന്റെ  സ്ഥിരം അജണ്ടയിൽ  ഒന്നാണ്. തങ്ങൾക്കൊപ്പം വരാൻ തയ്യാറുള്ളവരെ  ‘പരിഷ്ക്കരിച്ചെടുക്കുക’ ( യോഗി ആദിത്യനാഥിന്റെ സോപ്പിട്ടു കുളിപ്പിക്കൽ ഓർക്കുക ) , അല്ലാത്തവരെ ഇത്തരം പരോക്ഷമാർഗ്ഗങ്ങളിലൂടെ ഉന്മൂലനം ചെയ്യുക എന്നുള്ളത് അവരുടെ ലക്ഷ്യമാണ്.  നോട്ട് നിരോധനം വഴി ഏറ്റവും ദുരന്തങ്ങൾ ഏറ്റത് രാജ്യത്തെ അസംഘടിത തൊഴിലാളി വിഭാഗങ്ങളാണെന്നും ഓർക്കുക.

2. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളിൽ നല്ലൊരു ശതമാനവും പട്ടികജാതിപട്ടികവർഗ്ഗവിഭാഗങ്ങളും മുസ്ലീങ്ങളും മറ്റു പിന്നോക്കവിഭാഗങ്ങളുമാണ്. പോഷകാഹാരങ്ങൾ സ്വപ്നം പോലും  കാണാൻ കഴിയാത്ത ഈ വിഭാഗങ്ങൾക്ക് മാംസ്യത്തിന്റെ(പ്രോട്ടീൻ) കുറവ് പരിഹരിക്കുന്നതും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതും എളുപ്പത്തിലും കുറഞ്ഞ വിലയിലും ലഭ്യമാവുന്ന മാംസമാണ്. അറവ്, അംഗീകൃത അറവുശാലകൾ വഴി ആക്കുന്നതോടെ മാംസത്തിന്റെ വില കുതിച്ചുയരും, ലഭ്യത കുറയും. അമൂല്യമാവുന്നതോടെ, രാജ്യത്തെ  പട്ടിണിപ്പാവങ്ങൾ മാംസഭക്ഷണവും ഉപേക്ഷിക്കും.  ഇത് ഈ വിഭാഗങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും- സംഘപരിവാറിനെ സംബന്ധിച്ച്,  പരോക്ഷമായ മറ്റൊരു ഉന്മൂലനമാർഗ്ഗം. ‘പട്ടിണിക്കാരെ ഇല്ലാതാക്കി പട്ടിണി ഇല്ലാതാക്കാം’ എന്ന  മുതലാളിത്ത സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർക്കും പട്ടിണിക്കാരെ കാണുന്നത് ചതുർത്ഥിയായി കാണുന്ന  പുത്തൻ പണക്കാർക്കും ഏറെ പ്രിയപ്പെട്ടതായിരിക്കും ഈ തന്ത്രം.  ‘കാശ് കുറച്ച് കൂടിയാലെന്താ, നല്ല പായ്ക്ക് ചെയ്ത മാംസം കിട്ടിയല്ലോ,’ എന്ന് ‘അഭിമാനിക്കുന്ന’ ഇടത്തരക്കാരും ഏറെയുണ്ടാവും. 

3. ‘വിദേശരാജ്യങ്ങളിലൊക്കെ ഇതാണല്ലോ നടക്കുന്നത്, നമുക്കും അവരുടെ നിലവാരത്തിലെത്തണ്ടേ?’ എന്നു ചോദിക്കുന്നവരുണ്ട്. അവരോട് ഒരഭ്യർത്ഥനയേയുള്ളൂ. താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ എണ്ണവും, അവരുടെ വാങ്ങൽ ശേഷിയും, ധനിക-ദരിദ്ര അനുപാതവുമെല്ലാം കണക്കിലെടുത്തുകൊണ്ട്  സമഗ്രമായ ഒരു താരതമ്യപ്പെടുത്തൽ നടത്തുക.

നമ്മുടെ രാജ്യം ഇപ്പോഴും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അവിടങ്ങളിലൊക്കെ തനതായ സാമ്പത്തിക ക്രയവിക്രയങ്ങളും ഭക്ഷണരീതികളുമുണ്ട്. അതോരോന്നും പ്രത്യേകമായി പഠിച്ച്,  അതാതിലെ ചൂഷണങ്ങളും അശാസ്ത്രീയതകളും അസമത്വങ്ങളും പരിഹരിക്കലാണ് വേണ്ടത്, അല്ലാതെ അന്ധമായി മറ്റേതെങ്കിലും രാജ്യത്തെ നടപടികളെ അനുകരിക്കുകയല്ല എന്ന് തിരിച്ചറിയുക. സൂപ്പർ ഹൈവേകളും കാറുകളും ഷോപ്പിങ്ങ് മാളുകളുമല്ല, അസമത്വങ്ങളും പട്ടിണിയുമില്ലാതെ, സഹവർത്തിത്വത്തോടെ സംതൃപ്തരായി ജീവിക്കുന്ന ജനതയാണ് ഒരു രാജ്യത്തിന്റെ സ്ഥായിയായ സ്വത്ത്  എന്ന് തിരിച്ചറിയുക.

4. അടുത്ത വാദം, കശാപ്പ് കശാപ്പുശാലകളും മൃഗങ്ങളെ കശാപ്പിനു മാത്രമായി വളർത്തുന്ന ഫാംഹൗസുകളിലൂടെയുമാവുമ്പോൾ ഈ  രംഗത്ത് ഗുണമേന്മക്കായുള്ള മത്സരം വരുമെന്നും അങ്ങനെ ഗുണമേന്മയുള്ള മാംസം ജനങ്ങൾക്ക് ലഭ്യമാവുകയും ചെയ്യും എന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അടിസ്ഥാനവുമില്ലാത്ത വാദമാണിത്. ഇന്ത്യയിൽ, ഗുണമേന്മയില്ലാത്ത മാംസം വാങ്ങി ഉപയോഗിച്ച് രോഗാതുരരാവുകയോ മരണപ്പെടുകയോ ചെയ്യുന്നവരുടെ കണക്കുകൾ വച്ചു  കൊണ്ടാണോ ഈ വാദം നിരത്തിയിട്ടുള്ളത്? മാംസ ഉല്പന്നങ്ങൾ സംസ്ക്കരിച്ചോ പാകം ചെയ്തോ വിറ്റവരിൽ നിന്ന് വാങ്ങി കഴിച്ചവർക്ക് അത്തരം പ്രശ്നങ്ങളുണ്ടായേക്കാം. അത്  അറവുമാംസം വിൽക്കുന്നവരുടെ കുറ്റം ആകണമെന്നില്ലല്ലോ. മാത്രമല്ല,  പാക്ക് ചെയ്ത മാംസം പാചകം ചെയ്തു വിൽക്കുമ്പോഴും കൃത്രിമം നടന്നുകൂടെന്നില്ലല്ലോ. 

ഇവിടെ കമ്പനികൾ ശ്രമിക്കാറുള്ളത് പരസ്യങ്ങളിലൂടെ തങ്ങളുടെ ബ്രാന്റ് നെയിം ജനങ്ങൾക്കുള്ളിൽ ഊട്ടിയുറപ്പിക്കാനാണ്. ബ്രാന്റഡ് ആയാൽ ഗുണം ആയി എന്നൊരു ചിന്ത/സങ്കല്പം ഇന്ത്യയിൽ ഉണ്ട്. പക്ഷേ കുപ്പിവെള്ളവും കോളയും തൊട്ട് പേരയ്ക്കാ ജ്യൂസ് വരെ, ബഹുരാഷ്ട്ര കമ്പനികളടക്കം വിൽക്കുന്ന  ഉല്പന്നങ്ങളുടെ ‘ഗുണമേന്മ’ പരീക്ഷിച്ചറിഞ്ഞിട്ടുള്ളവരാണ് നാം.  സിനിമാതാരങ്ങളും പണച്ചാക്കുകളുമെല്ലാം, അത്തരം ഉല്പന്നങ്ങൾ അന്യരാജ്യങ്ങളിൽ നിന്ന്  വരുത്തിയാണ് ഉപയോഗിക്കുന്നതെന്ന ഒരു സംസാരവും പ്രചാരത്തിലുണ്ടല്ലോ.

ഇതിൽ കൂടുതൽ ഗുണമേന്മയൊന്നും, ഇന്ത്യയിൽ ബ്രാൻഡഡ് മാംസത്തിനും ലഭിക്കുമെന്ന് കരുതുക വയ്യ. കാരണം, അവരുടേയും ലക്ഷ്യം പരമാവധി ലാഭം തന്നെയായിരിക്കും.  നൂറുകണക്കിനോ ആയിരക്കണക്കിനോ ഉരുക്കൾ ഉള്ള ഒരു ഫാമിൽ,  അവയ്ക്കോരോന്നിനും രോഗമുണ്ടോ എന്നു പരിശോധിച്ച്, ഉണ്ടെന്നു തെളിഞ്ഞാൽ അവയെ കൊന്നു കുഴിച്ചു മൂടുമെന്നും അല്ലാതെ പൂർണ്ണ ആരോഗ്യമുള്ളവയെ മാത്രമേ കശാപ്പു ചെയ്തു  പാക്ക് ചെയ്ത് വില്പനയ്ക്ക് വെക്കൂ എന്ന് വിശ്വസിക്കുന്നവരുണ്ടെങ്കിൽ നല്ല നമസ്ക്കാരം. മാംസം കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനികളെല്ലാം  അത്തരം പരിശോധനകളെല്ലാം കൃത്യമായും കർശനമായും ഇപ്പോൾ നടക്കുന്നതു പോലെ തന്നെ നടന്നേക്കും, ഗുണമേന്മയില്ലാത്തതും നിസ്സാരപിഴ ചുമത്തി ഒഴിവാക്കാനോ വിറ്റഴിക്കാനോ അവസരം നൽകുന്ന ഇന്ത്യ പോലെയല്ലല്ലോ മറ്റു രാജ്യങ്ങൾ. ( വലിയ ഗുണപരിശോധനകൾ നടക്കുന്ന അമേരിക്കയടക്കമുള്ള മറ്റു രാജ്യങ്ങളിൽ ബഹുരാഷ്ട്ര കമ്പനികളുടെ ഉല്പന്നങ്ങളുടെ ‘ഗുണമേന്മ’  തുറന്നു കാണിക്കുന്ന food.inc എന്ന ഡോക്യുമെന്ററി സമയവും താല്പര്യവുമുള്ളവർ കണ്ടു നോക്കുക ) ഇതിനേക്കാളും മെച്ചപ്പെട്ടതല്ലേ, തങ്ങളുടെ കണ്മുന്നിൽ വച്ച്, തങ്ങൾക്കു തന്നെ പരിചയമുള്ളവർ അറക്കുന്ന മൃഗങ്ങളുടെ മാംസം വാങ്ങാൻ കഴിയുന്ന ഇന്ത്യൻ ഗ്രാമീണരുടെ ജീവിതാവസ്ഥ ?


5. ഇനി ഒരു കൂട്ടർ വാദിച്ചു കണ്ടത്, ഇപ്പോൾ മാംസക്കച്ചവടം വഴി രാജ്യത്തിനു ലഭിക്കേണ്ട നികുതിയൊന്നും ലഭിക്കുന്നില്ല, എന്നാൽ അറവുശാലകൾ വഴിയാവുമ്പോൾ നികുതി ലഭിക്കും എന്നുള്ളതാണ്. തെറ്റായ വാദമാണിത്. ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളും ഏതാനും മാസങ്ങൾക്കകം വരാൻ പോകുന്ന ജി എസ് ടി അനുസരിച്ചും മറ്റ് അവശ്യഭക്ഷണവസ്തുക്കൾ പോലെ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ് മാംസവും.  എന്നാൽ മറ്റൊരു വസ്തുതയുണ്ട് – സംസ്ക്കരിച്ച മാംസത്തിന് ( ഫ്രോസൺ മീറ്റ്) ജി എസ് ടി യിൽ 12 % നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം മൂന്നുമാസത്തിനകം നടപ്പിൽ വരുത്തിയാൽ ഉണ്ടാവുക,  മാംസത്തിന്റെ ഉപഭോക്താക്കൾക്ക് അത് എളുപ്പത്തിൽ ലഭ്യമാവാതെ വരികയായിരിക്കും. ആ ഇടത്തിലേക്ക് ഇന്ത്യയിൽ നിന്ന് മാംസം കയറ്റി അയക്കുന്ന കമ്പനികൾക്ക് ( ഇനി വരാനിരിക്കുന്ന കമ്പനികൾക്കും ) എളുപ്പം പ്രവേശിക്കാം. ജി എസ് ടി ഉൾപ്പെടെ  നികുതി ചാർത്തി കൊണ്ട് തങ്ങൾക്ക് തോന്നിയ വിലയ്ക്ക് മാംസം വിറ്റഴിക്കുകയും ചെയ്യാം. മാംസപ്രിയർക്ക് അതു വാങ്ങുകയല്ലാതെ   മറ്റൊരു പോംവഴിയുണ്ടാവില്ല. സർക്കാരിനു 12 ശതമാനം നികുതിയും കിട്ടും,  കമ്പനികൾക്ക്  കൊള്ളലാഭം നേടുകയും ചെയ്യാം.

6. ഇന്ന് മാംസം. നാളെ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാന്യങ്ങളും ആയിക്കൂടെന്നുണ്ടോ ? ഗുണമേന്മയില്ലെന്നു ആരോപിക്കപ്പെടുന്ന മാംസം നേരിടുന്ന അതേ ആരോപണങ്ങൾ നേരിടുന്നവയല്ലേ ഇന്ന് നാം ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കോഴിയിറച്ചിയുമെല്ലാം. നാളെ ഇവയും ഇങ്ങനെ ചന്തയിലോ കടകളിലോ വിൽക്കാൻ പാടില്ല, ‘ഗുണമേന്മ/നികുതി വരുമാനം’ ഉറപ്പു വരുത്താനായി ഫാം ഹൗസുകൾക്ക് ( എന്നു വെച്ചാൽ ബ്രാൻഡഡ് കമ്പനികൾക്ക് )  കൊടുക്കുകയോ അവർക്ക് മാത്രം കൃഷി ചെയ്യാൻ അവസരം നൽകുകയോ  അവരുടേത് മാത്രം വാങ്ങുകയോ ചെയ്യാൻ പാടുള്ളൂ എന്ന് നിർബന്ധിച്ചു കൊണ്ട് ഉത്തരവ്/നിയമം ഇറക്കിയാൽ എന്തായിരിക്കും മറുപടി ?  അംബാനിക്കും അദാനിക്കും കൊള്ളയടിക്കാനായി ജനതയേയും  രാജ്യത്തിന്റെ വരുമാനമാർഗ്ഗങ്ങളേയും ഓരോന്നായി കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്ന ഒരുകൂട്ടം കൂട്ടിക്കൊടുപ്പുകാർ രാജ്യം  ഭരിച്ചു കൊണ്ടിരിക്കുമ്പോൾ ഇതൊന്നുമുണ്ടാവില്ലെന്ന് എന്താണുറപ്പ് ?             

7. നിയമം അനുസരിക്കുക, അതോടൊപ്പം സംസ്ഥാന സർക്കാരുകൾ മുൻകൈ എടുത്ത് കശാപ്പുകാരുടെ സഹകരണസംഘങ്ങളുണ്ടാക്കി അവരിലൂടെ ആധുനിക കശാപ്പു ശാലകൾ സ്ഥാപിക്കുക എന്ന ഉപായം പലരും നിർദേശിക്കുന്നു.  സുപ്രീം കോടതി  ഈ ചട്ടം നിർബന്ധമാക്കിയാൽ അതല്ലാതെ മറ്റൊരു പോംവഴിയില്ല. ആദ്യം പറഞ്ഞ പ്രശ്നങ്ങൾക്കും അതൊരു പരിഹാരമാർഗ്ഗമാണ്. പക്ഷേ പലർക്കും തൊഴിൽ നഷ്ടപ്പെടും എന്നുള്ളതും  ഇത്തരം  ചെറുകിട സ്ഥാപനങ്ങളോട് മത്സരിക്കാനുണ്ടാവുക ഈ രംഗത്ത് ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള ബഹുരാഷ്ട്ര കമ്പനികളായിരിക്കും എന്നുള്ളതും മറക്കരുത്.  മാർക്കറ്റ് പിടിച്ചടക്കാനായി പ്രചണ്ഠമായ പരസ്യകോലാഹലങ്ങൾക്കും  വില കുറച്ച് വിൽക്കുന്നതടക്കമുള്ള സകല അടവുകൾക്കും അവർ തയ്യാറായിരിക്കും.  അതിനോടെല്ലാം ഏറ്റു മുട്ടാൻ തയ്യാറുള്ള സംഘങ്ങളും അവരെ പിന്തുണയ്ക്കുന്ന സംസ്ക്കാരമുള്ള ഒരു ജനതയും ഉണർന്നു വരുമോ ? 

NB : ക്ഷീര/മാംസ കർഷകർ നേരിടാൻ പോകുന്ന പ്രതിസന്ധികൾ ചർച്ച ചെയ്ത്ട്ടില്ല. ഏതൊരു കൊച്ചു കുട്ടിക്കും തിരിച്ചറിയാവുന്നതാണല്ലോ അത്.

-----------------------------------------------------------------------------------
അധിക വായനയ്ക്ക് :

1. http://www.thehindu.com/opinion/op-ed/the-economics-of-cow-slaughter/article7880807.ece

2. http://www.azhimukham.com/employment-unorganised-sectors-ilo-epw/

3. https://en.wikipedia.org/wiki/Food,_Inc.

4. http://www.reporterlive.com/2017/04/24/379083.html

5. http://timesofindia.indiatimes.com/home/science/High-level-of-pesticides-in-bottled-water-Report/articleshow/36498467.cms

6. http://www.thehindu.com/todays-paper/Pesticide-levels-in-soft-drinks-too-high/article13135337.ece

7. http://www.india.com/business/gst-rollout-no-tax-on-milk-jaggery-list-of-products-under-0-5-and-12-gst-slab-2147810/

------------------------------------------------------------------------------------

Monday, May 22, 2017

മുഖപടം നിരോധിക്കുക

--------------------------------------------------------------------
മുഖം  മറയ്ക്കുന്ന മൂടുപടം (നിഖാബ് ?) നിരോധിക്കുക
------------------------------------------------------------------------

സ്ത്രീയ്ക്കും പുരുഷനും ലിംഗഭേദമില്ലാതെ  മൗലീകാവകാശങ്ങൾ അനുവദിക്കപ്പെട്ടിട്ടുള്ള നാടാണ്  നമ്മുടേത്.

1. വസ്ത്രധാരണത്തിലും ഈ  തുല്യ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട്, ചില മുസ്ലീം സ്ത്രീകൾ ( മറ്റു മതവിഭാഗക്കാരും ഉണ്ടോയെന്നറിയില്ല ) തങ്ങളുടെ മുഖം പൂർണ്ണമായി മറച്ച്, എന്നാൽ തങ്ങൾക്ക് മറ്റുള്ളവരെയെല്ലാം കാണാവുന്ന വിധത്തിൽ കണ്ണുകൾക്ക് മുകളിൽ മാത്രം വല കെട്ടി, അത് തങ്ങളുടേ വസ്ത്രധാരണത്തിനുള്ള മൗലീകഅവകാശമാണെന്ന വാദമുന്നയിച്ച്  നടക്കുന്നതു പോലെ, ഇന്ത്യയിലെ ഓരോ  വ്യക്തിക്കും നടക്കാൻ അവകാശമുണ്ടായിരിക്കണം. ഉണ്ട്.

 ആ സ്വാതന്ത്ര്യം  ഇന്ത്യയിലെ വ്യക്തികളെല്ലാം ഉപയോഗിക്കുന്നു എന്നു കരുതുക. എന്തായിരിക്കും സംഭവിക്കുക?  അക്രമികൾക്ക്, ബലാത്സംഗവീരന്മാർക്ക്, തട്ടിപ്പറിക്കാർക്ക്, കൊള്ളക്കാർക്ക് അങ്ങനെ എല്ലാ കൊള്ളരുതായ്മക്കാർക്കും തങ്ങളുടെ മുഖം ഒളിപ്പിക്കാനുള്ള സ്വാതന്ത്ര്യം ആ മുഖപടം നൽകും. തീർച്ചയായും അവരെല്ലാം അത് ഉപയോഗിക്കും. ജനങ്ങൾക്ക് പരസ്പരവിശ്വാസം നഷ്ടമാകും, പുറത്തിറങ്ങി നടക്കാൻ ഭയമാകും. ചുരുക്കത്തിൽ, ഭരണഘടന ഉറപ്പു നൽകുന്ന, സ്വതന്ത്രവും നിർഭയവുമായി സഞ്ചരിക്കാനും ജീവിക്കാനുമുള്ള മൗലീകസ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടും.

2.  ഇനി, മുഖം മറയ്ക്കുന്നത് ഒരു മതവിശ്വാസമാണെന്ന വാദം  ഇതേ മുസ്ലീംസ്ത്രീകൾ ഉന്നയിക്കുന്നുവെന്ന് കരുതുക. ( അത് തെറ്റാണെന്നും മതം അങ്ങനെ ആവശ്യപ്പെടുന്നില്ലെന്നും  ഇതേ മതവിശ്വാസികളായ മറ്റു ചിലർ വിശ്വസിക്കുകയും മുഖം മറയ്ക്കാതെ നടക്കുകയും ചെയ്യുന്നുണ്ട്. അതവിടെ നിൽക്കട്ടെ). ഹിന്ദുക്കളുടെ പുരാണങ്ങളും അസംഖ്യം  ഐതീഹ്യങ്ങളും ആചാരങ്ങളുംവിശ്വാസങ്ങളുമെല്ലാം പരിശോധിച്ചാൽ, മുഖം മറച്ച് നടക്കുന്നത് ഉത്തമ പുരുഷന്റെ/സ്ത്രീയുടെ ലക്ഷണമാണെന്ന് വ്യാഖ്യാനിക്കാവുന്ന ഒരു വരി കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. ഏതെങ്കിലും ഒരു ആചാരത്തിന്റെ ഭാഗമായി, ജീവിതത്തിൽ   ഒരല്പനേരത്തേയ്ക്കെങ്കിലും മുഖം മറച്ച് ആ ആചാരം അനുഷ്ഠിക്കുന്ന ഒരു ഹിന്ദുമതവിഭാഗത്തേയും കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. ( നമ്മുടെ കേരളത്തിൽ തന്നെ പുരുഷന്മാർ സ്ത്രീവേഷം കെട്ടി ഒരു ക്ഷേത്രത്തിൽ പോകുന്ന ആചാരം നിലവിലുണ്ട്.).

അതുകൊണ്ട്, മുഖം മറയ്ക്കുകയെന്ന മതവിശ്വാസം, തങ്ങൾക്കും അനുഷ്ഠിക്കണമെന്ന് ഹിന്ദു മതവിശ്വാസികൾക്കും അവകാശവാദമുന്നയിക്കാനുള്ള സകലസാദ്ധ്യതയുണ്ട്. ഇപ്പോൾ ആ വഴിക്ക്  ഹിന്ദുമതതീവ്രവാദികൾ നീങ്ങാതിരിക്കുന്നത്, ഇങ്ങനെ മുഖം മറച്ചു നടക്കുന്ന മുസ്ലീം സ്ത്രീകൾ താരതമ്യേന കുറവായതുകൊണ്ടും ഉള്ളവർ തന്നെ  മുസ്ലീം ബൽറ്റുകളിൽ മാത്രം അധികമായി കാണപ്പെടുന്നതുകൊണ്ടും,  ഈ രണ്ടുകാരണങ്ങളാൽ  ഹിന്ദുക്കൾക്കിടയിൽ അസ്വസ്ഥതയോ മുസ്ലീം വിരുദ്ധതയോ പകർത്താൻ സാധിക്കാത്തതുകൊണ്ടുമാണ്. നേരെമറിച്ച്   ഇത് വ്യാപകമായാൽ അത് സംഭവിക്കുക തന്നെ ചെയ്യും. ഫലം, നേരത്തേ പറഞ്ഞ സ്വതന്ത്രവും നിർഭയവുമായി സഞ്ചരിക്കാനും ജീവിക്കാനുമുള്ള മൗലീകസ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുക തന്നെ.

3. ഒരു മൗലീകവകാശത്തിന്റെ (ദുരു)ഉപയോഗം, കൂടുതൽ പ്രാധാന്യമാർന്ന മറ്റൊരു മൗലീകവാശത്തെ അപകടപ്പെടുത്തുന്നുവെങ്കിൽ,  ആദ്യത്തേതിനു ചില നിയന്ത്രണങ്ങൾ കൊണ്ടു വരേണ്ടത് ആവശ്യമാണ്. അത്തരം നിയന്ത്രണങ്ങൾ കൂടി നമ്മുടെ മൗലീകാവകാശങ്ങളിൽ നിലവിലുണ്ട്. അതുകൊണ്ടു തന്നെ, നിർഭയവും സ്വതന്ത്രവുമായ ജീവിതം നയിക്കാനുള്ള  അവകാശത്തെ മുൻനിർത്തി, മുഖം മറച്ച് വസ്ത്രധാരണം ചെയ്യാനുള്ള  ‘മൗലീകാവകാശത്തെ’  നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ക്രമസമാധാനപാലനത്തിനുള്ള അവകാശത്തെ ഉപയോഗപ്പെടുത്തി കൊണ്ട് കേന്ദ്ര/സംസ്ഥാന സർക്കാരുകൾ ഇതിനുള്ള നടപടിയെടുക്കണം, മുഖം മറയ്ക്കുന്ന മുഖപടം നിരോധിക്കണം. തീർച്ചയായും, അത് പൊതു ഇടങ്ങളിൽ മതി. നമ്മുടെ സ്വകാര്യതകളിൽ എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ.

വാൽക്കഷണം : ഇതൊന്നുമല്ലെങ്കിൽ പോലും, സ്വന്തം ധാർമ്മികത വച്ചും ഈ മൂടുപടം ധരിക്കലിനെ  പരിശോധിക്കാം. അതിന് മതമൗലീകത എന്ന തടവറയിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനുള്ള ചിന്താശേഷി ഉണ്ടായിരിക്കണമെന്നൊരു ‘പ്രശ്നം’ മാത്രമേയുള്ളൂ. അങ്ങനെ കഴിയുന്നവർ സ്വയം പരിശോധിക്കൂ,  ആരും കാണാതെ ഒരു അറയ്ക്കുള്ളിൽ ഒളിച്ചിരുന്ന് മറ്റുള്ളവരെയെല്ലാം കാണുന്നതിനുള്ള സ്വാതന്ത്ര്യം, നിങ്ങൾക്കു നേരെ മറ്റൊരാൾ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ, വിശ്വാസമില്ലായ്മകൾ, ഭയങ്ങൾ. മുഖം മറയ്ക്കുന്ന മുഖപടം നിങ്ങൾക്ക് സ്വാതന്ത്ര്യങ്ങളെല്ലാം, മുഖം മറയ്ക്കണം എന്ന പാരതന്ത്ര്യത്തിനു കീഴെയാണ് എന്ന തിരിച്ചറിവും ഒപ്പം തന്നെ വീണ്ടെടുക്കാൻ കഴിയും.

Sunday, April 02, 2017

മദ്യപാന ചിന്തകൾ - 2

മലയാളികൾക്ക് നല്ല ഒരു മദ്യപാന സംസ്ക്കാരമില്ല. എന്തിന്, ഭക്ഷ്യസംസ്ക്കാരം പോലുമില്ല. ഇതു രണ്ടും പരമാവധി കഴിക്കുക എന്ന പ്രാകൃതമായ ചിന്തയാണ് പൊതുവേ മലയാളിയെ നയിക്കുന്നത്. ഒരു പക്ഷേ പട്ടിണിയും ക്ഷാമവും നിറഞ്ഞ ഒരു ഭൂതകാലം ഭക്ഷണത്തോടുള്ള ആർത്തി കേരളീയരിൽ സൃഷ്ടിച്ചിട്ടുണ്ടാവാം.

പക്ഷേ മദ്യത്തോട് എന്തിനിത്ര അഭിനിവേശം ? മദ്യപിക്കുന്നത് ഒരു കൗമാരക്കാരൻ യുവാവായി മാറുന്നതിന്റെ ലക്ഷണമായി എന്തുകൊണ്ട് ചെറുപ്പക്കാർ സ്വീകരിക്കുന്നു ?

ലോകത്തിൽ എമ്പാടും മദ്യം സുലഭമാണെന്ന് ലോകം കണ്ടിട്ടുള്ള പലരും പറയുന്നു. പക്ഷേ മലയാളികളോളം മദ്യപാനാസക്തിയും അതുമൂലമുള്ള ആരോഗ്യ, കുടുംബ,സാമൂഹ്യ, പ്രശ്നങ്ങളുള്ള ഒരു സമൂഹം എന്തുകൊണ്ട് ലോകത്തിൽ മറ്റൊരിടത്തും കാണാതെ പോകുന്നു ? (അഥവാ ഉണ്ടെങ്കിൽ തന്നെ അതൊരു നല്ല ഉദാഹരണമല്ലല്ലോ) ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താതെ മദ്യം സുലഭമാക്കിയാൽ അത് പ്രശ്നങ്ങൾക്കുള്ള ഉത്തരമാകുന്നതെങ്ങനെയാണ് ?

വീര്യം കൂടിയ മദ്യം നിരോധിക്കുക, വീര്യം കുറഞ്ഞവ ലഭ്യമാക്കുക എന്നീ നടപടികൾ ഇത്തരം ഒരു സമൂഹത്തിൽ അനിവാര്യമാണ് എന്നാണ് എന്റെ തോന്നൽ. ഒപ്പം മദ്യപാനാസാക്തി കുറച്ചു കൊണ്ടുവരുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളും വേണം. അതുകൊണ്ടു തന്നെ ബാറുകൾക്ക് പകരം ബീയർ, വൈൻ പാർലറുകൾ എന്നിവ സ്വീകാര്യമായ നിലപാടായി തോന്നിയിരുന്നു.

പക്ഷേ സുപ്രീം കോടതിവിധി പ്രായോഗീകമാണെന്ന് ഞാൻ കരുതുന്നില്ല. മദ്യം കഴിച്ച് ശീലമുള്ളവർ അതെവിടെയായാലും തേടി പോകും. സർക്കാർ അത് നേരായ മാർഗ്ഗത്തിലൂടെ ലഭ്യമാക്കിയില്ലെങ്കിൽ അവർ വളഞ്ഞ മാർഗ്ഗങ്ങൾ തേടും. അവരെ ചൂഷണം ചെയ്യുന്ന വ്യാജമദ്യമാഫിയ ഉയർന്നു വരും. മാഫിയയുടെ ലക്ഷ്യം പണമായതുകൊണ്ട്, ഏറ്റവും മോശപ്പെട്ട വസ്തുക്കൾക്കൊണ്ട്, ഏറ്റവും വീര്യം കൂടിയ മദ്യം അവർ നിർമ്മിക്കും, വിൽക്കും.മദ്യപാനിയുടെ ആരോഗ്യം ഒന്നുകൂടി തകരാറിലാവും. ഹൈവേ വഴിയോരങ്ങളിൽ, മദ്യപാനിക്കും വിൽക്കുന്നവനും അറിയാവുന്ന പ്രത്യേക അടയാളങ്ങൾ/ആളുകൾ വഴി വ്യാജമദ്യം സുലഭമായി വിൽക്കപ്പെടും. അത് നേരിടാൻ സംസ്ഥാനങ്ങളിലെ പോലീസ്, എക്സൈസ് സംവിധാനങ്ങൾ അപര്യാപ്തമാവും. വ്യാജമദ്യദുരന്തങ്ങൾ ഉണ്ടാവും.

ഈ കാര്യത്തിൽ ക്രിസ്തീയസഭയുടെ നിലപാട് ആത്മാർത്ഥതയുള്ളതാണെന്ന് തോന്നുന്നില്ല. മദ്യം വിറ്റു കിട്ടുന്ന പണം പള്ളി സംഭാവനയായി സ്വീകരിക്കാതിരിക്കട്ടെ, മതചടങ്ങുകളിൽ നിന്ന് വീഞ്ഞ് ഒഴിവാക്കി പനിനീരോ വെറും വെള്ളമോ ഉൾപ്പെടുത്തട്ടെ. എന്നിട്ട് സഭ മദ്യപാനാസക്തിക്കെതിരെ സംസാരിക്കട്ടെ.

Sunday, March 19, 2017

സംഘപരിവാർ റിക്രൂട്ട്മെന്റ് തന്ത്രങ്ങൾ ; മറ്റു മതമൗലികവാദികളുടേതും. – 1
1. മതാഭിമുഖ്യം പെരുപ്പിക്കുക; പൊതുഇടങ്ങളും ഇടപെടലുകളും അവസാനിപ്പിക്കുക.

ദശാബ്ദങ്ങൾ നീണ്ട സംസർഗ്ഗത്തിലൂടെയും കച്ചവടതാല്പര്യങ്ങൾ മുൻനിർത്തിയും കേരളത്തിലെ വിവിധ മതാഘോഷങ്ങൾക്ക് ഒരു പൊതുസ്വഭാവം കൈ വന്നിട്ടുണ്ട്. ഓണം, ക്രിസ്തുമസ്സ്, നബിദിനം എന്നിവ പൊതുവേ പറയാവുന്നയാണെങ്കിൽ, വിവിധക്ഷേത്രങ്ങളിലേയും പെരുന്നാളുകൾ, ഉത്സവങ്ങൾ, നേർച്ചകൾ എന്നിവ പ്രാദേശികമായും അത്തരത്തിൽ പൊതുസ്വഭാവം കൈവരിച്ചവയാണ്. ചടങ്ങുകളും ആചാരങ്ങളും ഒരു മത/ജാതി വിഭാഗത്തിന്റേതായി തുടരുമ്പോൾ തന്നെ, മറ്റു മതസ്ഥർക്കു കൂടി പങ്കെടുക്കാൻ അവസരമുള്ള അഘോഷങ്ങളായി ഇത്തരം ഉത്സവങ്ങൾ മാറിയത്, കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളുടെ സ്വാധീനം കൊണ്ടു കൂടിയാണ്. അതുകൊണ്ടാണ് വീടിനടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിന് ലീവെടുത്തെത്തുന്ന ക്രിസ്ത്യാനിയും മുസ്ലീമും ഉണ്ടായതും പള്ളിപ്പെരുന്നാൾ ആഘോഷിക്കുന്ന ഹിന്ദുവുമെല്ലാം ഇവിടെ ഉണ്ടായത്.

പക്ഷേ നവോത്ഥാനത്തിന്റെ ഒരു പ്രശ്നം, അതിനു തുടർച്ചയുണ്ടായില്ലെങ്കിൽ ജനത വീണ്ടും പഴമയിലേക്ക് തിരിച്ചു പോകും എന്നുള്ളതാണ്. സ്വാതന്ത്ര്യസമരവും കേരളപിറവിക്കു ശേഷമുള്ള സർക്കാരുകളും നവോത്ഥാനത്തിനു തുടർച്ച നൽകിയെങ്കിലും പിന്നീടങ്ങോട്ട് കേരളത്തിന്റെ നടത്തം പതിയെ പതിയെ നിലച്ചു പോകുന്ന കാഴ്ച്ചയാണുണ്ടായത്. നവോത്ഥാനത്തെ പിന്നോട്ടടിപ്പിക്കാൻ ശ്രമിച്ചവർ ശക്തിപ്രാപിക്കുമെന്ന് മുൻകൂട്ടി കാണാനും അതിനെതിരെയുള്ള പ്രതിരോധങ്ങൾ സംഘടിപ്പിക്കാനും പുരോഗമനപ്രസ്ഥാനങ്ങൾ പരാജയപ്പെടുകളും കമ്പോളവത്ക്കരണം പകർന്ന സുഖലോലുപത മലയാളികളെ കീഴടക്കുകയും ചെയ്തു.

. ഒരു ഏകീകൃതഹിന്ദുവിനെ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്ക് എന്നും തടസ്സം നിന്നിട്ടുള്ളത്, ജനനം തൊട്ട് മരണം വരെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആരാധനയിലും വൈജാത്യങ്ങൾ പുലർത്തുന്ന ഹിന്ദുവാണ്, ഹിന്ദുവിലെ ജാതീയതയാണ് ; മുസ്ലീമോ ക്രിസ്ത്യാനിയോ കമ്മ്യൂണിസ്റ്റുകളോ, എന്തിന്, ജനാധിപത്യമോ പോലുമല്ല. ആദ്യത്തേതിനെ ഹിമാലയത്തോടുപമിക്കാമെങ്കിൽ പിന്നീടുള്ളവയെയെല്ലാം ചെറുകുന്നുകളാണ്. ജനാധിപത്യമാണെങ്കിൽ, വർഗ്ഗീയത നിറച്ച ഒരൊറ്റ ഊത്തുകൊണ്ട് തകർന്നടിയുന്ന ചീട്ടുകൊട്ടാരമാണെന്ന് ഗുജറാത്ത് തെളിയിച്ചതാണ്, ഉത്തർപ്രദേശും അതിനു പുറകേ മറ്റു പല സംസ്ഥാനങ്ങളും തെളിയിക്കാനിരിക്കുന്നതാണ്.

ഇന്ത്യയൊട്ടാകെ ഒരു പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഹിന്ദുകുലം സംഘപരിവാറിന്റെ സ്വപ്നമാണ്. അതിനു വേണ്ടിയാണ് അവർ ഏറെ വർഷങ്ങൾക്കു മുമ്പേ തന്നെ ജന്മാഷ്ടമി ഘോഷായാത്രകൾ കേരളത്തിലും സംഘടിപ്പിച്ചു തുടങ്ങിയത്. രണ്ടു മുന്നു വർഷങ്ങൾക്കു മുമ്പ് ഗണേശവിഗ്രഹനിമഞ്ജനഘോഷായാത്രകൾ അവതരിപ്പിച്ചു തുടങ്ങിയത്. അടുത്തതായി നവരാത്രി/ദുർഗ്ഗാപൂജ ആഘോഷങ്ങൾ തുടങ്ങാൻ പോകുന്നത്.

എന്നാലും ദക്ഷിണേന്ത്യയിൽ, വിശേഷിച്ചും കേരളത്തിലും തമിഴ്നാട്ടിലും ഹിന്ദുക്കൾക്ക് ഈ ദൈവങ്ങളൊന്നുമല്ലാതെ, അയ്യപ്പനും മുത്തപ്പനും മുരുകനും പെരുമാളും കണ്ണകിയുമെല്ലാമുണ്ട്, ഈ ദൈവങ്ങളെ ആരാധിക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളുണ്ട്. കേരളത്തിലാണെങ്കിൽ, ഈ ഹിന്ദുദൈവങ്ങളുടെയെല്ലാം ക്ഷേത്രോത്സവങ്ങളിൽ പങ്കെടുക്കുന്ന ധാരാളം അന്യമതസ്ഥരുണ്ട്. അങ്ങനെ പല മതക്കാരും ഒത്തു ചേരുന്നതുകൊണ്ട് പൊതുഇടങ്ങളുണ്ട്, സ്നേഹോപചാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളുണ്ട്, മതസൗഹാർദ്ദമുണ്ട്, ഇതൊക്കെ ഇങ്ങനെയൊക്കെ തന്നെ തുടരണം എന്ന സഹിഷ്ണുതയിലധിഷ്ഠിതമായ പൊതുബോധമുണ്ട് .

ഇതിൽ വിള്ളൽ വീഴ്ത്താതെ ഒരേകീകൃതഹിന്ദുവിനെ സൃഷ്ടിക്കുക സാധ്യമല്ല. അതുകൊണ്ട് അവർ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഇത്തരം ഉത്സവാഘോഷങ്ങളുടെ പൊതു ഇടങ്ങളിൽ നിന്ന് പതിയെ അന്യമതസ്ഥരെ ഒഴിവാക്കി ഹിന്ദുക്കളുടേതു മാത്രമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ്. അതിനു വേണ്ടി അവർ ഇത്തരം ക്ഷേത്രങ്ങളിൽ, ഉത്സവങ്ങളിൽ, ‘അഭിഷേക കാവടി*, ഗോപൂജ’ എന്നൊക്കെയുള്ള പേരിൽ ഹിന്ദുക്കളുടേത് മാത്രമായ പുതിയ ആചാരങ്ങളും ചടങ്ങുകളും അവതരിപ്പിക്കുന്നു, സൃഷ്ടിച്ചെടുക്കുന്നു. ഭക്തിപ്രഭാഷണങ്ങൾ എന്ന പേരിൽ സ്വമതപ്രേമവും അന്യമതവിദ്വേഷവും പെരുപ്പിക്കുന്ന, ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിഷം തുപ്പലുകൾ അവതരിപ്പിക്കുന്നു. ഇടതുപക്ഷ അനുഭാവികൾ ഭരിക്കുന്ന ഭരണസമിതികളും ദേവസ്വങ്ങളും പോലും ഇതെങ്ങനെ നേരിടണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയോ, ‘വിശ്വാസികളല്ലേ, ക്ഷേത്രത്തിനു പെരുമയല്ലേ ( ?)’ എന്നൊക്കെ കരുതി ഈ വലയിൽ വീഴുകയോ ചെയ്യുന്നു. അത്തരം ഇടങ്ങളിൽ നിശ്ചയമായും ഇന്നു കാണുന്ന ജനക്കൂട്ടായ്മകൾ നാളെ ഹിന്ദുക്കൂട്ടായ്മയായി മാറും. അത്തരമൊരു കൂട്ടായ്മയെ അക്രമസജ്ജരാക്കാൻ ചെറിയൊരു തീപ്പൊരിയും മതിയാകും.

-----------------------------------------------------------------------------

തൊണ്ണൂറുകളുടെ ആരംഭത്തിലാണ് പോട്ട ഡിവൈൻ കേന്ദ്രം ആരംഭിക്കുന്നതെന്നാണോർമ്മ. ക്രിസ്ത്യാനികളിലെ തീവ്രമതവിശ്വാസക്കാരായ പെന്തക്കോസ്ത് വിഭാഗങ്ങളിലേക്ക് റോമൻ കത്തോലിക്കർ വ്യാപകമായി പരിവർത്തിക്കപ്പെടുന്നുണ്ടെന്നും അതിനെ ചെറുക്കാനാണ് സഭ, ഡിവൈൻ കേന്ദ്രം ആരംഭിച്ചതെന്നും അക്കാലത്ത് ഇന്ത്യാ ടുഡേയിൽ ഒരു ലേഖനം വായിച്ചതോർക്കുന്നു. സഭയിലെ പുരോഹിതരിൽ തന്നെ നല്ലൊരു വിഭാഗത്തിനും അന്ന് ഡിവൈൻ കേന്ദ്രത്തിനോടോ അതിന്റെ പ്രവർത്തനത്തിനോടോ യോജിപ്പുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിപ്പിച്ചിരുന്ന ഒരച്ചൻ ( അദ്ദേഹത്തിന്റെ പേരോർക്കുന്നില്ല. പ്രീ-ഡിഗ്രീ ഓർഗാനിക്ക് കെമിസ്ട്രി ആയിരുന്നു) 'അവിടെ നടക്കുന്നതെല്ലാം തട്ടിപ്പാണ്’ എന്ന് ക്ലാസ്സിൽ പരസ്യമായി പറഞ്ഞത് ഇന്നുമോർക്കുന്നു.

ഇന്ന് പോട്ടയിൽ കൂടാതെ, വ്യക്തികൾ നടത്തുന്നതും സഭ നടത്തുന്നതുമായ ധാരാളം ധ്യാനകേന്ദ്രങ്ങളുണ്ട് കേരളത്തിൽ. വാടകയ്ക്കെടുക്കാവുന്ന ഹാളുകൾ, മൈതാനങ്ങൾ തുടങ്ങിയവയിലും ശീതീകരിച്ച പന്തലുകൾ കെട്ടിയുയർത്തി ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചെകിടടപ്പിക്കുന്ന വിധം ഉച്ചത്തിലുള്ള ധ്യാന, വചന പ്രഘോഷങ്ങളും അവിടെ വിശ്വാസതീവ്രതയിൽ ആടിയുലയുന്ന ആൾക്കൂട്ടങ്ങളും സാധാരണമായ കാഴ്ച്ചയാണ്. ഇതൊന്നും കൂടാതെ ഇപ്പോൾ പള്ളികളിലും ക്രിസ്ത്യൻ കൂട്ടായ്മകളിലും ‘ധ്യാനങ്ങൾ’ നടത്തുന്ന സ്ഥാപനങ്ങളും അച്ചൻമാരുമുണ്ട്. ഒരു ദിവസം വെളുപ്പിന് അഞ്ചുമണിക്ക് ഉച്ചത്തിലുള്ള ശബ്ദകോലാഹലം കേട്ടാണുണർന്നത്. നോക്കിയപ്പോൾ അടുത്ത പള്ളിയിൽ** ഇങ്ങനെ ധ്യാനത്തിൽ പങ്കെടുക്കുന്നവർ മുദ്രാവാക്യവും വിളിച്ച് പോകുന്നതാണ്. നാലഞ്ചു ദിവസം മൂന്നു കേന്ദ്രങ്ങളിലായി പള്ളിക്കു കീഴിൽ ഈ ധ്യാനങ്ങൾ നടന്നു. മൈക്ക് മിതമായ ശബ്ദത്തിലേ പ്രവർത്തിപ്പിച്ചുള്ളൂ എന്നത് അവർ പുലർത്തിയ ഒരു മാന്യതയായി തോന്നി. പള്ളിപെരുന്നാളിന് ശേഷം അധികം വൈകാതെയാണ് ഈ ധ്യാനം സംഘടിപ്പിക്കപ്പെട്ടെന്നുള്ളത് ആകസ്മികമായിരിക്കാം.

--------------------------------------------------------------------------------

കേരളത്തിലെ മുസ്ലീങ്ങൾ സ്വത്വപരമായി സംഘടിച്ചു തുടങ്ങുന്നത് തൊണ്ണൂറുകളുടെ ആരംഭത്തിലാണെന്ന് കരുതുന്നു. അതിനും മുമ്പ് 1985 -ൽ രാജീവ് ഗാന്ധി, ബാബറി മസ്ജിലെ ക്ഷേത്രം ഹിന്ദുക്കൾക്കായി തുറന്നു കൊടുത്തതും 1992 ഇൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതും അതിനു ശേഷം ബി ജെ പി ഇന്ത്യയിലെ അജയ്യമായ രാഷ്ട്രീയ ശക്തിയായി വളർന്നതും അവരിൽ അതിശക്തമായ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ടാവണം. ഒരു ബഹുവർഗ്ഗസമൂഹത്തിൽ ജീവിക്കുന്ന ന്യൂനപക്ഷം, അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയാൽ സ്വത്വപരമായി സംഘടിക്കാൻ തുടങ്ങുന്നത് ലോകമെങ്ങുമുള്ള കാഴ്ച്ചയാണ്. ( അല്പനാളുകൾക്കുള്ളിൽ, അമേരിക്കയിലെ ഇന്ത്യക്കാർ അത്തരത്തിൽ സംഘടിക്കുമെന്ന് കരുതുന്നു )

ഗൾഫിലേക്കുള്ള കുടിയേറ്റവും അവിടത്തെ ഇസ്ലാം ജീവിതവും അതിനെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടാവണം. മദനിയുടേയും അതിനു ശേഷം വന്ന സമാനമനസ്ക്കരുടേയും മതപ്രഭാഷണങ്ങൾ അതിന്റെ ആക്കം കൂട്ടിയിട്ടുമുണ്ടാകും. ഇന്ന് മതപ്രഭാഷണങ്ങൾ നടക്കാത്ത, ‘ഖുറാനിൽ എല്ലാമുണ്ട്, ( അതിന്റെ വ്യംഗ്യം മറ്റു മതങ്ങളിൽ അതൊന്നുമില്ല എന്നാണല്ലോ. അല്പമൊന്ന് പ്രകോപിപ്പിച്ചാൽ, ഇത്തരം മതമൗലികവാദികളിൽ നിന്ന് എളുപ്പം പുറത്തു വരികയും ചെയ്യും അത് ) എന്നൊക്കെയുള്ള സ്വമതപ്രേമം വളർത്തുന്ന ശകലങ്ങളില്ലാത്ത പ്രസംഗങ്ങളില്ലാത്ത പള്ളികൾ ഇന്ന് കേരളത്തിലുണ്ടാവില്ല. നടപ്പിലും എടുപ്പിലും മറ്റുള്ളവരിൽ നിന്ന് വേറിട്ട ‘സ്വത്വം’ പുലർത്തേണ്ടവരാണ് തങ്ങൾ എന്ന വിശ്വാസം കേരളത്തിലുള്ള മുസ്ലീങ്ങളിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്നു.

--------------------------------------------------------------------------------

ഹിന്ദുവിനെ ഏകീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംഘപരിവാർ ഹിന്ദു പുരോഹിതർക്ക് അളവില്ലാത്ത പിന്തുണയാണ് നൽകുന്നത്. മറ്റ് രാഷ്ട്രീയ കക്ഷികൾക്കൊന്നും ഇതിനാവില്ലെന്നതാണ് അവരുടെ നേട്ടം. അതേ സമയം തങ്ങളെ വിമർശിക്കുന്ന സന്ദീപാനന്ദഗിരിയെ പോലുള്ള മതചിന്തകരെ ദേഹോപദ്രവമേല്പിക്കാനും ഇവർ മടിക്കുന്നില്ല. ഇതുകൊണ്ടൊക്കെ കേരളത്തിലെ ഹിന്ദു പുരോഹിതരിലും ജ്യോത്സ്യന്മാരിലും നല്ലൊരു പങ്കും ഇന്ന് സംഘപരിവാറിന്റെ വിരുന്നുണ്ണുന്നവരാണ്.

തന്നെക്കൂടാതെ മറ്റുള്ളവരേയും കെണിയിൽ പെടുത്തുന്ന, സ്വയം ആണ്ടുപോവുന്തോറും മറ്റുള്ളവരുടേയും കുരുക്കുകൾ കൂടുതൽ മുറുകുന്ന വളരെ വിചിത്രമായ ഒരു കെണിയാണ് മതവിശ്വാസം.
മതസംഘടനാ നേതാക്കളും പുരോഹിതരും നിങ്ങളെ ആ കെണിയിലേക്ക് ആകർഷിച്ചു കുടുക്കുന്നു. സ്വാന്ത്വനം,ആത്മശാന്തി, രോഗവിമുക്തി, നല്ല ഭാവി, മരണാനന്തരസ്വർഗ്ഗം, തുടങ്ങിയ അനേകം 'ചക്കരക്കുടങ്ങൾ' പൂജാരി/പുരോഹിതൻ നിങ്ങൾക്കു നീട്ടും. ഏതു നിമിഷവും തെറ്റു പറ്റാവുന്ന, തെറ്റു പറ്റിക്കൊണ്ടിരിക്കുന്ന ഒരു ദുർബലജീവിയാണ് നിങ്ങൾ, തങ്ങളും ദൈവവും ചേർന്നാണത് തിരുത്തേണ്ടത് എന്ന് അവർ നിങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും.'കണ്ടോ കണ്ടോ മറ്റവന്മാർ ചെയ്യുന്നത് കണ്ടോ ?! എത്ര അധമം !! പക്ഷേ നമ്മുടേത് കണ്ടോ, തികച്ചും ദൈവീകം" എന്ന്  തരം കിട്ടുമ്പോഴെല്ലാം  അവർ നിങ്ങളിൽ അന്യമതവിദ്വേഷവും സ്വമത പ്രേമവും പെരുക്കിക്കൊണ്ടിരിക്കും.

തങ്ങൾക്കൊപ്പമില്ലാത്ത ഭരണാധികാരികളും രാഷ്ട്രീയനേതാക്കളുമടക്കം മറ്റെല്ലാ മനുഷ്യരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും നിങ്ങളുടെ ദൈവവും നിങ്ങളുടെ പുരോഹിതനും മാത്രമാണ് അനന്തമായ വിശ്വാസ്യത പുലർത്തുന്നതെന്നും അവർ നിങ്ങളോട് ഒളിഞ്ഞും തെളിഞ്ഞും ഓർമ്മപ്പെടുത്തികൊണ്ടിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാനെന്ന പേരിൽ അവർ നൽകുന്ന ഓരോ 'സമ്മാന'ങ്ങളും നിങ്ങളുടെ ആത്മവിശ്വാസം തകർക്കുകയും നിങ്ങളെ കൂടുതൽ കൂടുതൽ അവരിലേക്ക് ബന്ധിതരാക്കുകയും ചെയ്യും. ജപിച്ചൂതിയ ഏലസ്സ്/പൂജിച്ച പേന/പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ, ഒരു പരീക്ഷയിൽ വിജയിക്കാൻ നിങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുണ്ടല്ലോയെന്ന് നിങ്ങൾ ചോദിച്ചേക്കും. പക്ഷേ തുടർന്നുണ്ടാവുന്ന ചെറുതും വലുതുമായ ആയിരം പരീക്ഷകളൊന്നു പോലും അത്തരമൊന്നിന്റെ പിൻബലമില്ലാതെ നേരിടാൻ ധൈര്യമില്ലാത്ത വിധം, അവർ നിങ്ങളെ അവരിലേക്ക് വലിച്ചു കെട്ടും.

നിങ്ങളതിൽ കൂടുതൽ മുങ്ങുന്തോറും പൊതുഇടങ്ങളെന്ന തുരുത്തുകൾ അന്യമാവുകയും മറ്റു മനുഷ്യർ നിങ്ങളിൽ നിന്ന് അകന്നകന്ന് അവരവരുടേതായ മതഇടങ്ങളിലേക്ക് ആണ്ടു പോവുകയും ചെയ്യുന്നു. മനുഷ്യസ്നേഹവും സഹിഷ്ണുതയും സാമൂഹ്യബോധവുമാണ് ആ കെണിയെ ദുർബലമാക്കുന്ന ഉപാധികൾ. പൊതുവേ പറഞ്ഞാൽ ഇതെല്ലാം മനുഷ്യസഹജവുമാണ്. അതുകൊണ്ടു ഇതു മൂന്നും വേണ്ടുവോളമുള്ളവർക്ക് തന്നെ മതവിശ്വാസം ഒരു കെണിയല്ലെന്നും തന്റെയും മറ്റുള്ളവരുടേയും ആശ്വാസത്തിന്/നന്മയ്ക്ക് വേണ്ട ഒരു സംവിധാനമാണെന്നു പോലും അനുഭവപ്പെടാം.ഒരു നല്ല മനുഷ്യൻ മതവിശ്വാസിയാവണമെന്നില്ലെന്ന് ഇപ്പോഴത്തെ മാർപ്പാപ്പ പറഞ്ഞതു പോലെ, ഒരു നല്ല മനുഷ്യൻ യുക്തിവാദിയാവണമെന്നും നിർബന്ധമില്ല. പക്ഷേ താൻ/തങ്ങൾ എവിടെ നിൽക്കുന്നു എന്ന് നിഷ്പക്ഷമായി സ്വയം വിലയിരുത്താനുള്ള ശേഷി അയാൾ/അവർക്ക് കണിശമായും ഉണ്ടായിരിക്കണം.

അങ്ങനെ ബോധ്യപ്പെടുന്നവർക്കായി :

മലയാളികൾ ഈ കെണിയിലേക്ക് ആണ്ടു പോകുന്നത് തടയാൻ ഇനിയും വൈകിക്കൂടാ. പൊതുഇടങ്ങൾ ശക്തിപ്പെടുത്തി കൊണ്ടും ജാതിക്കും മതത്തിനും അതീതമായ പൊതുകൂട്ടായ്മകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, കലാ, സാഹിത്യ, സാംസ്ക്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു കൊണ്ടുമേ അത് സാധ്യമാവൂ. മതം തന്നെയാണ് തങ്ങളുടെ തട്ടകം എന്നു കരുതുന്നവർക്ക്, മറ്റു വിശ്വാസികളിലും മനുഷ്യരിലും സ്നേഹസഹായങ്ങൾ പകർന്നുകൊണ്ടും ആ കെണിയെ ദുർബലമാക്കാൻ ശ്രമിക്കാം.പക്ഷേ തന്റെ മതത്തിൽ മാത്രം ആണ്ടുമുങ്ങി നിൽക്കുന്ന, മറ്റു മതസ്ഥരെ അഭിസംബോധന ചെയ്യാത്ത ഒരാൾക്ക് ഒരിക്കലും അത് സാധ്യമാവില്ല.
---------------------------------------------------------------------------------------------------------------------------------
* ശ്രീ ശിവകുമാരേശ്വര ക്ഷേത്രം, എടതിരിഞ്ഞി.
**സെന്റ് മേരീസ് പള്ളി, ചേലൂർ, എടതിരിഞ്ഞി.

Monday, December 12, 2016

ജനഗണമന


1. ജനഗണമനയ്ക്ക്, ത്രിവർണ്ണ പതാകയ്ക്ക് ഒക്കെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അണിനിരക്കുന്നവരെ ഐക്യപ്പെടുത്തുന്നതിൽ പങ്കുണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അങ്ങനെ അണി നിരന്നവർ, തങ്ങളുടേ രാജ്യത്തിനു സ്വന്തമായി ഉണ്ടാകാൻ പോകുന്ന പതാകയും ദേശീയഗാനവും എന്ന നിലയിൽ ബ്രിട്ടീഷ് ആധിപത്യത്തെ ചെറുക്കാൻ വൈകാരികമായി തന്നെ അതെല്ലാം കണ്ടിരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളതും യാഥാർത്ഥ്യമാണ്.

വിവിധ നാനാത്വങ്ങൾ ഇന്നും പുലർത്തുന്ന ഇന്ത്യൻ ജനതയ്ക്ക് അവരെ ഐക്യപ്പെടുത്തുന്ന ചില ദേശീയതാ ബോധങ്ങൾ (ബിംബങ്ങൾ?) ആവശ്യമുണ്ട് എന്നുള്ളതുകൊണ്ട്, കാലോചിതമായി ഇങ്ങനെ ചിലത് തുടർന്നു പോരുന്നതിൽ തെറ്റും കാണുന്നില്ല.

പക്ഷേ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തി, സമരം ചെയ്തവരെ വിസ്മരിച്ചു കൊണ്ട് 'ജനഗണമന' പോലുള്ള ചില ബിംബങ്ങളെ ദിവ്യമായി ഉയർത്തി പ്രതിഷ്ഠിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവിധ ധാരകളും വൈവിധ്യങ്ങളും ദീർഘകാല ചരിത്രവുമുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട് ചെയ്യുന്ന കടുത്ത അനീതിയാകും അത്. സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇടമില്ലാത്ത ചില കൂട്ടരുടെ ഗൂഡോദ്ദേശം തന്നെ അതാണെന്നും വ്യക്തമാണല്ലോ. രക്തസാക്ഷി മണ്ഡപത്തെ ബിംബമായി ആരാധിക്കുകയും രക്തസാക്ഷികളെ മറന്നു പോവുകയും ചെയ്യുന്ന അപകടം അവിടെ സംഭവിച്ചേക്കാം. അതുണ്ടാവരുത്. .

ഉപ്പു സത്യാഗ്രഹത്തിൽ ഉപ്പു കുറുക്കി സമരം ചെയ്തതിന് ധാരാളം സമരസേനാനികൾ മർദ്ദനമേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും ഉപ്പിന് നാം ദിവ്യത്വം കൽപ്പിക്കുന്നില്ലല്ലോ. പകരം അത് ചെയ്തവരെയാണ് നാം ഓർക്കുന്നതും ആദരിക്കുന്നതും. അതാണ് ചരിത്രത്തോടു ചെയ്യുന്ന ശരിയും.

2. എനിക്ക് ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീം കോടതി മുമ്പ് സ്വീകരിച്ച നിലപാടിനോടാണ് യോജിപ്പ്. അവിടെ കോടതി മതസഹിഷ്ണുതയെ കുറിച്ചാണ് പറയുന്നത്. ടാഗോർ, 'ജനഗണമന' യിൽ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്ന ഒരു ദൈവത്തെ സങ്കല്പിക്കുന്നുണ്ട്. എന്നാൽ ഹിന്ദു - ചാർവാക മാർഗ്ഗം/ബുദ്ധമതം ( ഭരണഘടന, അവിശ്വാസിക്ക് പ്രത്യേക സ്വാതന്ത്ര്യമൊന്നും എടുത്തു പറഞ്ഞിട്ടുള്ളതായി അറിവില്ലാത്തതുകൊണ്ടാണ് ബുദ്ധമതത്തെ/ചാർവാക മാർഗ്ഗത്തെ കൂട്ടു പിടിച്ചത് ) പിന്തുടരുന്ന ഒരാൾക്ക് ഈ ദൈവസങ്കല്പത്തോട് യോജിപ്പുണ്ടാവില്ല. അതുകൊണ്ടു തന്നെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അനുവദിച്ചു കൊണ്ട്, 'നിർബന്ധ ബഹുമാനിപ്പിക്കൽ' റദ്ദാക്കുകയാണ് വേണ്ടത് എന്നാണ് എന്റെ നിലപാട്.

ബിജോയ് ഇമ്മാനുവൽ കേസ് വിക്കി ലിങ്ക്  >>
ബിജോയ് ഇമ്മാനുവൽ