Sunday, March 20, 2016

മദ്യപാന ചിന്തകൾ, സൗഹൃദം


മദ്യപിച്ച് കാലുറക്കാതെ വീട്ടിലെത്തിയ അച്ഛന്റെ നേരിയൊരോർമ്മയുണ്ട്. മദ്യപിക്കാറുണ്ടായിരുന്നെങ്കിലും അച്ഛനു ലക്കു കെട്ടത് അന്നു മാത്രമായിരുന്നു എന്ന് അമ്മ പറയുന്നു. അതിനു ശേഷം അച്ഛൻ മദ്യപിച്ചിട്ടില്ല. പക്ഷേ ചെയ്യാനൊട്ടും താല്പര്യമില്ലാതിരുന്ന ഒരു ജോലിയിലൂടെ പെൻഷനാവുന്ന കാലം വരെ മദ്യം അച്ഛനൊപ്പവും അതു വഴി ഞങ്ങൾക്കൊപ്പവും ഉണ്ടായിരുന്നു. അത്യാവശ്യമായി മറ്റാവശ്യങ്ങൾക്കെവിടേക്കെങ്കിലും പോകേണ്ടി വരുമ്പോൾ, മുതിർന്നതിനു ശേഷം ഇടയ്ക്കൊക്കെ എന്നെ ഷാപ്പിൽ ഇരുത്താറുണ്ടായിരുന്നു അച്ഛൻ. അവിടെ ഞാൻ പലതരം മദ്യപാനികളെ കണ്ടു. കുടിച്ചാൽ സ്നേഹവും വാത്സല്യവും പെരുകുന്നവർ, തെറി പറയുന്നവർ, ചൂടാവുന്നവർ, ശണ്ഠയ്ക്കു തയ്യാറെടുക്കുന്നവർ, പറ്റിക്കുന്നവർ, പാടുന്നവർ, കരയുന്നവർ, കൃത്യമായ അളവ് സൂക്ഷിക്കുന്നവർ, ഒന്നിൽ നിന്ന് രണ്ടിലേക്കും മൂന്നിലേക്കും പോകുന്നവർ.

കള്ളുഷാപ്പിനൊരു പ്രത്യേകതയുണ്ട്. കുടിച്ചതിനു ശേഷമേ പൈസ നൽകേണ്ടതുള്ളൂ.  'വലുതും ചെറുതു'മൊക്കെ വാങ്ങുന്നവരുടെ കണക്കു സൂക്ഷിക്കുക,  പൈസ വാങ്ങുക, ചില്ലറ തിരികെ കൊടുക്കുക ഇതൊക്കെ മെനക്കേടു പിടിച്ച പണിയായിരുന്നു.  കുപ്പി വാങ്ങി ഷാപ്പിന്റെ മൂലകളിലേക്കു  നീങ്ങുന്നവരൊക്കെ കുടി കഴിഞ്ഞ് കൃത്യമായി പൈസ തരുമോ, തരാതെ മുങ്ങുമോ എന്നൊക്കെ ഓർത്ത് വലിയ വേവലാതി അനുഭവപ്പെട്ടിരുന്നു അന്ന്. ഷാപ്പിൽ നിന്നിറങ്ങാൻ നേരത്ത് അച്ഛൻ ഒരു ഗ്ലാസ്സ് കള്ളു തരും. നല്ല എരിവുള്ള ഷാപ്പുകറിയും. “നാം മദ്യം കുടിക്കുന്നതിൽ തെറ്റില്ല. പക്ഷേ നമ്മളെ മദ്യം കുടിക്കരുത്” ഇതായിരുന്നു അച്ഛന്റെ മദ്യനയം.  നാട്ടിലെ ഉത്സവത്തിനു സുഹൃത്തുക്കൾക്ക് മദ്യസത്കാരം നടത്തുന്ന പതിവ്, ചേച്ചിമാർ മുതിർന്നതോടെ അച്ഛൻ നിർത്തി. അന്നൊക്കെ അതിൽ നിന്നുള്ള 'പൊട്ടും പൊടിയും'    ഒക്കെ കഴിക്കുന്നതിൽ അമ്മയും എതിർപ്പ് കാണിച്ചിരുന്നില്ല.

കൂട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം ബിയറും കഴിച്ചിട്ടുണ്ട്. കൂടിയ അളവിൽ മദ്യം കഴിക്കുന്നത് അതു പോലൊരു ഉത്സവദിവസമാണ്. വിരുന്നുകാരായ രണ്ടു സുഹൃത്തുക്കൾക്കൊപ്പം. പാനോത്സവത്തിനു ശേഷം അവരിൽ ഒരാൾ അകാരണമായി ചിരിച്ചു കൊണ്ടിരുന്നു. രണ്ടാമത്തെയാൾ കൂടുതൽ ഗൗരവക്കാരനായി. ഞാനാകട്ടെ, നാവിന്റെ കെട്ടു വിട്ട് ഉച്ചത്തിൽ സംസാരിക്കാനും. മൊത്തത്തിൽ ഒരു ലാഘവത്വം അനുഭവപ്പെടുന്നുണ്ട് എന്നതല്ലാതെ, പ്രിയപ്പെട്ടവർക്കൊപ്പമിരുന്ന്  ഭക്ഷണം കഴിക്കുമ്പോഴും സല്ലാപങ്ങളിലേർപ്പെടുമ്പോഴും ലഭിക്കുന്ന ആഹ്ലാദത്തേക്കാൾ ഒരു തരി പോലും കൂടുതലായി അപ്പോഴും അനുഭവപ്പെടുന്നില്ലെന്ന്  തിരിച്ചറിഞ്ഞതോടെ മദ്യത്തോടുള്ള താല്പര്യം  ഇല്ലാതായി.  ഇപ്പോൾ ബാക്കിയുള്ളത് വിവിധ തരം മദ്യങ്ങൾ രുചിച്ചു നോക്കാനുള്ള ആഗ്രഹം  മാത്രമാണ്.( അഡിക്ഷനായി കഴിഞ്ഞ എന്തിനോടും ‘നോ’ പറയാൻ അച്ഛനെ പോലെ ഉറപ്പുള്ള മനസ്സില്ലെന്ന് തീർച്ചയുള്ളതു കൊണ്ട്, ആദ്യത്തെ പെഗ്ഗിനു/കപ്പിനുള്ള ‘സ്നേഹനിർബന്ധ’ത്തിനു തന്നെ ‘നോ’ പറയുന്നു. ആ നിലപാടു കൂടുതലുറയ്ക്കാൻ മദ്യപാനാസക്തിക്കെതിരെ പരസ്യമായി നിലപാടു സ്വീകരിക്കുന്നു. )


അതിനു ശേഷം,  ജോലി കിട്ടിയതിനു രണ്ടു സുഹൃത്തുക്കളെ അവരുടെ നിർബന്ധപ്രകാരം ബാറിൽ സത്ക്കരിച്ചു.  ‘മൂന്നു പെഗ്ഗു വീതം’ അതായിരുന്നു എന്റെ ഓഫർ.  അതു കഴിച്ചു കൊണ്ടിരിക്കേ നാട്ടിലെ എന്റെ ഒരു സുഹൃത്ത് ഞങ്ങൾക്കരികിലേക്ക് വന്നു. പിന്നെ അവർ തമ്മിൽ പരിചയപ്പെട്ടു. കുപ്പികൾ ഒഴിഞ്ഞു കൊണ്ടിരുന്നു. എന്റെ  ‘ഓഫറിനു’ ശേഷമുള്ള മദ്യത്തിനു ഞാൻ പൈസ കൊടുക്കേണ്ടതില്ലെന്ന് അവർ  പറഞ്ഞു. മദ്യം നൽകി ആരേയും സത്ക്കരിക്കേണ്ടതുമില്ല എന്ന തീരുമാനമെടുക്കുന്നത് അതോടെയാണ്.  

പോളിയിൽ പഠിക്കുമ്പോൾ, കുടിച്ചു പൂസാവാറുള്ള സുഹൃത്തുക്കളെ ഓർമ്മ വരുന്നുണ്ട്. അവരിലൊരാൾക്ക്  ബോധം വരുന്നതുവരെ വെളിമ്പറമ്പിൽ  കാവലിരുന്നതും, നാട്ടുകാരിലൊരാൾ പറഞ്ഞതനുസരിച്ച് മോരു കുടിപ്പിച്ച് ചർദ്ദിപ്പിച്ചതും ഓർമ്മയുണ്ട്. ബോധം മറയുന്നതുവരെ കുടിക്കുന്നതെന്തിന് എന്ന ചോദ്യത്തിനു കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ( ശാസ്ത്രീയമായ വിശദീകരണമല്ല, തങ്ങൾ എന്തിനങ്ങനെ കുടിക്കുന്നു എന്നതിനുള്ള മറുപടിയാണന്വേഷിച്ചത് ) അതങ്ങനെ സംഭവിച്ചു പോകുന്നതാണ് എന്ന് ചിലർ പറയുന്നു. അതെന്തായാലും ചെറുപ്പക്കാർക്കിടയിൽ ‘കൂടുതൽ കപ്പാസിറ്റി’, ‘ ഡ്രൈ അടിക്കുന്നവൻ’ ഇതൊക്കെ ബഹുമാനാർത്ഥം നൽകുന്ന വിശേഷങ്ങളായി തോന്നിയിട്ടുണ്ട്. ഈ ‘ബഹുമതി’ക്കു വേണ്ടിയാണോ അവർ കൂടുതൽ കൂടുതൽ കഴിച്ചു തുടങ്ങുന്നത് ?

ചാണകവും ചന്ദനവും ഇളനീരും വാറ്റും  വാളും മുരളിയും നല്ല പണവും കള്ളപ്പണവും ഒക്കെ എല്ലാ കാലത്തും സമൂഹത്തിലുണ്ടാവും. ഇതിലേതൊക്കെ വേണമെന്നും വേണ്ടമെന്നും ആത്യന്തികമായി തീരുമാനിക്കേണ്ടത് അവനവൻ തന്നെയാണ്, സംശയമില്ല. . പക്ഷേ അയാൾക്കു ചുറ്റുമുള്ളവർ, പ്രത്യേകിച്ചും സുഹൃത്തുക്കൾ അയാളുടെ തിരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്നുള്ളത് നിഷേധിക്കാൻ കഴിയുമോ ? .


കൂട്ടുകാരോടൊപ്പം മകൻ/ഭർത്താവ് ഇറങ്ങിപ്പോയ ശേഷം ഉറക്കം നഷ്ടപ്പെട്ട അമ്മയെ/ഭാര്യയെ കണ്ടിട്ടുണ്ട്. കൂട്ടുകാർ തിരിച്ചു കൊണ്ടാക്കിയ ശേഷം, മകന്റെ/ഭർത്താവിന്റെ ചർദ്ദിൽ കോരേണ്ടി വരുന്ന അമ്മയെ/ഭാര്യയെ, അവരുടെ കണ്ണീർച്ചാലുകളെ കണ്ടിട്ടുണ്ട്, ശാപവചനങ്ങൾ കേട്ടിട്ടുണ്ട്. എന്നുമാത്രമല്ല, അത്തരം കാഴ്ച്ചകളാണ് കൂടുതൽ കണ്ടിട്ടുള്ളത്. നേരെ മറിച്ചുള്ളവ വിരളവും. മദ്യാസക്തയിലേക്ക് ആണ്ടിറങ്ങി പോവുകയും ഇടക്കിടെ അതിൽ നിന്നു സ്വതന്ത്രനാവാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തിനു അവന്റെ വീട്ടുകാർക്കൊപ്പം അത്തരമൊരു ശ്രമത്തിനു പിന്തുണയും പ്രോത്സാഹനവും നൽകി കൊണ്ടിരിക്കേ, മദ്യപാനിയായ മറ്റൊരു സുഹൃത്തിന്റെ ക്ഷണത്തിനു കീഴടങ്ങി, നിരർത്ഥകമായ എന്തൊക്കെയോ വാദങ്ങൾ പറഞ്ഞ് അവൻ ഇറങ്ങിപ്പോവുന്നതു കാണേണ്ടി വന്ന നേരനുഭവം ഉണ്ടായിട്ടുമുണ്ട്.

അതൊക്കെ എങ്ങനെയായാലും,  എന്തെങ്കിലുമൊക്കെ വിശേഷാവസരങ്ങളിൽ മദ്യപിക്കുകയും  മിതമായി കഴിക്കുകയും ഒക്കെ ചെയ്യുന്നവരാണ് എനിക്കു ചുറ്റിലും എന്റെ സുഹൃദ്‌വലയത്തിലും കൂടുതൽ എന്ന് തീർച്ചയുണ്ട്.  ‘മദ്യപിക്കുന്നു’ എന്ന ഒരൊറ്റക്കാരണം കൊണ്ട് അവർക്ക് എന്റെ സുഹൃത്തുക്കളാവാനുള്ള യോഗ്യതയില്ല എന്ന നിലപാട് മണ്ടത്തരമാണ് എന്ന ബോധ്യവുമുണ്ട്.  

അതുകൊണ്ടു തന്നെ കലാഭവൻ മണിക്ക് വാറ്റ് സംഘടിപ്പിച്ചു കൊടുത്തയാൾ ( അങ്ങനെയാണു നടന്നതെങ്കിൽ ) അതുകൊണ്ടു മാത്രം മണിയുടെ നല്ല സുഹൃത്തല്ലായിരുന്നുവെന്ന് പറയാനാവില്ല. പക്ഷേ മണിക്ക് കരൾ രോഗമുണ്ടായിരുന്നുവെന്നും മദ്യം കഴിച്ചാൽ മണിയുടെ ആരോഗ്യം തകരാറിലാവുമെന്നും അറിഞ്ഞിട്ടും ( മണി നിർബന്ധിച്ചിട്ടുണ്ടെങ്കിൽ പോലും ) മദ്യം നൽകിയിട്ടുള്ളവർ നല്ല സുഹൃത്തുക്കളല്ല എന്ന് നിസ്സംശയം പറയാം. അവസാനത്തെ ആഗ്രഹമായി ഒരാൾ അങ്ങനെ ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകുന്നതിൽ തെറ്റൊന്നുമില്ല എന്ന് മുൻപ് ആരോ പറഞ്ഞു കണ്ടിട്ടുണ്ട്. അത് ശരിയാണോ തെറ്റാണോ എന്ന് തീർപ്പ് കല്പിക്കാനാവുന്നില്ല. പക്ഷേ, ഞാനാണ് അങ്ങനെയൊരു ശീലം അയാളിലുണ്ടാക്കിയതെങ്കിൽ, ഞാനോ സുഹൃത്തുക്കളോ  മദ്യം വാങ്ങിക്കൊടുത്താണ്  അയാളുടെ രോഗം മൂർച്ഛിച്ചതെങ്കിൽ, ആ അവസാന ആഗ്രഹം സാധിപ്പിച്ചു കൊടുക്കലിന്  എന്റെ മനസ്സാക്ഷി എനിക്കു മാപ്പു തരില്ല. ‘കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടോയി കൊല്ലിച്ചതും നീയേ ചാപ്പാ’ എന്ന്  ഞാനെന്നെ സ്വയം നീറ്റിക്കൊണ്ടിരിക്കും.

'നല്ല സുഹൃത്ത്' എന്ന് വിശേഷണത്തിന് എങ്ങനെയാണൊരാൾ അർഹനാവുന്നത് എന്ന സംശയം ബാക്കിയാവുന്നു.. തീർച്ചയായും അയാൾ നമ്മുടെ സുഖദു:ഖങ്ങൾ പങ്കിടേണ്ടതുണ്ട്,  നമ്മെ ആഹ്ലാദിപ്പിക്കേണ്ടതുണ്ട്, ആശ്വസിപ്പിക്കേണ്ടതുണ്ട്. ദുരിതകാലത്ത് കൂടെ നിൽക്കേണ്ടതുണ്ട്.  കണ്ണാടിയാവേണ്ടതുണ്ട്. 
 
വീട്ടിലെത്തുമ്പോൾ വീട്ടുകാർക്കു കൂടി സന്തോഷം ജനിപ്പിക്കുന്നയാൾ എന്നൊരു നിബന്ധന കൂടി ചേർക്കേണ്ടതുണ്ട് എന്നിപ്പോൾ തോന്നുന്നു.