Monday, May 16, 2016

ഇടതുപക്ഷം - പ്രതീക്ഷകളും പോരായ്മകളും


ഒരു ഇടതുപക്ഷ കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ അനുഭാവം മുലപ്പാൽ നുണഞ്ഞ കാലം തൊട്ടേയുണ്ട്.

കൗമാരം തൊട്ടേ ശാസ്ത്രസാഹിത്യ പരിഷത്തിൽ പ്രവർത്തിച്ചു തുടങ്ങി. കാര്യകാരണ സഹിതം, അന്വേഷണ ബുദ്ധിയോടെ വസ്തുതകളെ സമീപിക്കാൻ പരിഷത്താണ് പരിശീലിപ്പിച്ചത്. അതേ ബുദ്ധിയോടെ രാഷ്ട്രീയ കക്ഷികളേയും പരിശോധിച്ചു. ബി ജെ പി യും സംഘപരിവാറും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും നയങ്ങളും മനുഷ്യർക്ക് യോജിച്ചതല്ലെന്ന് തിരിച്ചറിഞ്ഞു. (തീർച്ചയായും അവരിൽ മനുഷ്യത്വമുള്ളവർ ഉണ്ടായിരിക്കാം. നല്ല സ്വപ്നങ്ങൾ ഉള്ളവർ ഉണ്ടായിരിക്കാം. അവർ ബി ജെ പി യെ ( ആർ എസ് എസിനെ എന്നു പറയാൻ കഴിയില്ല) മറ്റൊരു വഴിയിലേക്ക് നയിക്കുകയും ചെയ്തേക്കാം. പക്ഷേ അതൊരു വിദൂരവും വിരളവുമായ സാധ്യത മാത്രമാണ് ) സോഷ്യലിസ്റ്റ് ആശയപരിസരത്തു നിന്നിരുന്ന കോൺഗ്രസ്സ് നശിച്ചുകൊണ്ടിരിക്കുന്നത് അഴിമതി കൊണ്ടാണെന്നു മനസ്സിലാക്കി. അങ്ങനെ കോൺഗ്രസ്സ് നശിക്കുന്നിടത്തേക്ക് ബി ജെ പിയാണ് കയറി വരുന്നത് വരുന്നത് എന്നു കണ്ടു, കാണുന്നു. അതൊട്ടും സന്തോഷം പകരുന്നില്ല.

ഇടതുപക്ഷത്തോടുള്ള അനുഭാവം ഇല്ലാതായില്ല. അതിന്റെ ആവശ്യമില്ലെന്ന് ബോധ്യമായതോടെ ആ അനുഭാവം ഉൾകൊണ്ടു തന്നെ സ്വയം വിമർശനത്തിനു ശ്രമിച്ചു. പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ എന്ന പേരിൽ നിലനിന്നിരുന്നത് ഏകാധിപത്യ ഭരണമായിരുന്നു എന്നു കണ്ടു. അതുകൊണ്ടു തന്നെ ജനാധിപത്യത്തിൽ ഇടതുപക്ഷം ശക്തിപ്പെടുന്നതിനൊപ്പം ഇടതുപക്ഷത്തിൽ (പാർട്ടികളിൽ )ജനാധിപത്യവും ശക്തിപ്പെടേണ്ടതുണ്ട്, എന്നു തിരിച്ചറിഞ്ഞു. നവോത്ഥാനവും സ്വാതന്ത്ര്യസമരവും ഉഴുതുമറിച്ച മണ്ണിൽ ജനാധിപത്യരീതിയിൽ അധികാരത്തിൽ വന്ന ഇടതുപക്ഷത്തെ പരിശോധിച്ചു. ഭൂപരിഷ്ക്കരണത്തിലൂടെയും വിദ്യാഭ്യാസ, ആരോഗ്യ, പൊതുവിതരണ നയങ്ങളിലൂടെയും ശക്തമായി ഇടപ്പെട്ട് പുതിയൊരു കേരളം സൃഷ്ടിക്കാൻ ആത്മാർത്ഥമായി ശ്രമിച്ച, അതിൽ ഒരു പരിധി വരെ വിജയിച്ച ഇടതുപക്ഷത്തേയും ഭരണകൂടങ്ങളേയും കണ്ടു. അന്നത്തെ ഇടതുപക്ഷത്തിന്റെ പോരായ്മകളായി തോന്നിയത് :

1. കൃഷിയേയും വ്യവസായത്തേയും ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.
2. അവകാശം എന്നാൽ പണിയെടുക്കാതിരിക്കലാണ് എന്ന തെറ്റായ കാഴ്ച്ചപ്പാടിലേക്ക് വഴുതിപ്പോയ തൊഴിലാളികാഴ്ച്ചപ്പാട് സൃഷ്ടിച്ചു.
3. പട്ടികജാതി/പട്ടികവർഗ്ഗങ്ങളെ പരിഗണിക്കുന്നതിൽ ഗുരുതരമായ വീഴ്ച്ച.
4. പരിസ്ഥിതിഅവബോധമില്ലായ്മ.
5. തൊഴിൽ നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് യന്ത്രവൽക്കരണത്തോടുള്ള എതിർപ്പ് ഒരു തൊഴിലാളിവർഗ്ഗപാർട്ടിയിൽ നിന്ന് ഉയർന്നു വരുന്നത് സ്വാഭാവികമാണെങ്കിലും ഒരു ഭരണകൂടത്തിന്റെ പക്ഷത്തു നിന്ന് അതിന്റെ ക്രിയാത്മകമായി മറികടക്കാൻ കഴിയാതിരുന്നത്.

ഇതിൽ ഒന്നും രണ്ടും പ്രശ്നങ്ങൾ പ്രവാസവും അതിലൂടെ ( തീർച്ചയായും അത് ഇടതുപക്ഷം കണ്ടെത്തി വച്ചു നീട്ടിയ ഒരു പാതയല്ല ; മെച്ചപ്പെട്ട ജീവിതസാഹചര്യം കണ്ടെത്താനുള്ള മനുഷ്യന്റെ സഹജമായ അന്വേഷണത്വര കൊണ്ടുണ്ടായതാണ്. പക്ഷേ ആ വഴിയിലൂടെ എളുപ്പത്തിൽ നടന്നു കയറാൻ രണ്ടാം ഘട്ട പ്രവാസമലയാളിയെ സഹായിച്ചത് കേരളത്തിലെ സാർവത്രികമായ വിദ്യാഭ്യാസം തന്നെയാണ് ) നാട്ടിലെത്തിക്കുന്ന പണവും പരിഹരിച്ചു.

അഞ്ചാമത്തേത് സാങ്കേതികവിദ്യയിലെ പുരോഗതിയും പ്രവാസിപ്പണവും ഇല്ലാതാക്കി.

മൂന്നാമത്തേയും നാലാമത്തേയും പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.

ഇതുകൂടാതെ കേരളത്തിലെ ഇടതുപക്ഷം ഇപ്പോൾ നേരിടുന്ന പോരായ്മകളായി തോന്നുന്നത്.

1. അധികാരത്തിന്റേയും പണത്തിന്റേയും ദു:സ്വാധീനം.

2. പ്രവാസികളും കച്ചവടക്കാരും ബ്രോക്കർമാരും ഉൾപ്പെടുന്ന ഒരു മദ്ധ്യവർഗ്ഗത്തിന്റെ ദു:സ്വാധീനം.

3. ശാസ്ത്രബോധമില്ലായ്മ.

ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ, തിരുത്തലുകളില്ലാതെ ഇടതുപക്ഷം മുന്നോട്ടു പോയാൽ, ആ തിരുത്തലുകൾ മലയാളികൾക്ക് ബോധ്യമാവുകയും സ്വീകരിക്കുകയും ചെയ്യാതിരുന്നാൽ ഇന്നത്തെ ഇടതുപക്ഷം നാളെ മറ്റൊരു കോൺഗ്രസ്സും പിന്നെ മറ്റൊരു ബി ജെ പിയുമായി രൂപാന്തരപ്പെടുമെന്നു തന്നെ ഭയക്കുന്നു. നാളത്തെ കേരളം ഒരു മതതീവ്രവാദ മരുഭൂമിയായി മാറുമെന്നും.