Sunday, March 19, 2017

സംഘപരിവാർ റിക്രൂട്ട്മെന്റ് തന്ത്രങ്ങൾ ; മറ്റു മതമൗലികവാദികളുടേതും. – 1

സംഘപരിവാറിന്റേയും മറ്റ് മതമൗലീകവാദികളുടേയും  'ആളെചേർക്കൽ' തന്ത്രങ്ങൾ എന്തൊക്കെ, എങ്ങനെ അതു പ്രതിരോധിക്കാം എന്നുള്ളത് സംബന്ധിച്ച് ചില ചിന്തകൾ/നിരീക്ഷണങ്ങൾ പങ്കു വെക്കുന്നു.


റിക്രൂട്ട്മെന്റ് തന്ത്രം നമ്പർ  1 :  പൊതുഇടങ്ങളും ഇടപെടലുകളും അവസാനിപ്പിക്കുന്ന വിധത്തിൽ ആചാനാനുഷ്ഠാനങ്ങളും  മതാഭിമുഖ്യവും പെരുപ്പിക്കുക. 

ദശാബ്ദങ്ങൾ നീണ്ട സംസർഗ്ഗത്തിലൂടെയും കച്ചവടതാല്പര്യങ്ങൾ മുൻനിർത്തിയും കേരളത്തിലെ വിവിധ മതാഘോഷങ്ങൾക്ക് ഒരു പൊതുസ്വഭാവം കൈ വന്നിട്ടുണ്ട്. ഓണം, ക്രിസ്തുമസ്സ്, നബിദിനം എന്നിവ പൊതുവേ പറയാവുന്നയാണെങ്കിൽ, വിവിധക്ഷേത്രങ്ങളിലേയും പെരുന്നാളുകൾ, ഉത്സവങ്ങൾ, നേർച്ചകൾ എന്നിവ പ്രാദേശികമായും അത്തരത്തിൽ പൊതുസ്വഭാവം കൈവരിച്ചവയാണ്. ചടങ്ങുകളും ആചാരങ്ങളും ഒരു മത/ജാതി വിഭാഗത്തിന്റേതായി തുടരുമ്പോൾ തന്നെ, മറ്റു മതസ്ഥർക്കു കൂടി പങ്കെടുക്കാൻ അവസരമുള്ള അഘോഷങ്ങളായി ഇത്തരം ഉത്സവങ്ങൾ മാറിയത്, കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളുടെ സ്വാധീനം കൊണ്ടു കൂടിയാണ്. അതുകൊണ്ടാണ് വീടിനടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിന് ലീവെടുത്തെത്തുന്ന ക്രിസ്ത്യാനിയും മുസ്ലീമും ഉണ്ടായതും പള്ളിപ്പെരുന്നാൾ ആഘോഷിക്കുന്ന ഹിന്ദുവുമെല്ലാം ഇവിടെ ഉണ്ടായത്.

പക്ഷേ നവോത്ഥാനത്തിന്റെ ഒരു പ്രശ്നം, അതിനു തുടർച്ചയുണ്ടായില്ലെങ്കിൽ ജനത വീണ്ടും പഴമയിലേക്ക് തിരിച്ചു പോകും എന്നുള്ളതാണ്. സ്വാതന്ത്ര്യസമരവും കേരളപിറവിക്കു ശേഷമുള്ള സർക്കാരുകളും നവോത്ഥാനത്തിനു തുടർച്ച നൽകിയെങ്കിലും പിന്നീടങ്ങോട്ട് കേരളത്തിന്റെ നടത്തം പതിയെ പതിയെ നിലച്ചു പോകുന്ന കാഴ്ച്ചയാണുണ്ടായത്. നവോത്ഥാനത്തെ പിന്നോട്ടടിപ്പിക്കാൻ ശ്രമിച്ചവർ ശക്തിപ്രാപിക്കുമെന്ന് മുൻകൂട്ടി കാണാനും അതിനെതിരെയുള്ള പ്രതിരോധങ്ങൾ സംഘടിപ്പിക്കാനും പുരോഗമനപ്രസ്ഥാനങ്ങൾ പരാജയപ്പെടുകളും കമ്പോളവത്ക്കരണം പകർന്ന സുഖലോലുപത മലയാളികളെ കീഴടക്കുകയും ചെയ്തു.

. ഒരു ഏകീകൃതഹിന്ദുവിനെ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്ക് എന്നും തടസ്സം നിന്നിട്ടുള്ളത്, ജനനം തൊട്ട് മരണം വരെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആരാധനയിലും വൈജാത്യങ്ങൾ പുലർത്തുന്ന ഹിന്ദുവാണ്, ഹിന്ദുവിലെ ജാതീയതയാണ് ; മുസ്ലീമോ ക്രിസ്ത്യാനിയോ കമ്മ്യൂണിസ്റ്റുകളോ, എന്തിന്, ജനാധിപത്യമോ പോലുമല്ല. ആദ്യത്തേതിനെ ഹിമാലയത്തോടുപമിക്കാമെങ്കിൽ പിന്നീടുള്ളവയെയെല്ലാം ചെറുകുന്നുകളാണ്. ജനാധിപത്യമാണെങ്കിൽ, വർഗ്ഗീയത നിറച്ച ഒരൊറ്റ ഊത്തുകൊണ്ട് തകർന്നടിയുന്ന ചീട്ടുകൊട്ടാരമാണെന്ന് ഗുജറാത്ത് തെളിയിച്ചതാണ്, ഉത്തർപ്രദേശും അതിനു പുറകേ മറ്റു പല സംസ്ഥാനങ്ങളും തെളിയിക്കാനിരിക്കുന്നതാണ്.

ഇന്ത്യയൊട്ടാകെ ഒരു പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഹിന്ദുകുലം സംഘപരിവാറിന്റെ സ്വപ്നമാണ്. അതിനു വേണ്ടിയാണ് അവർ ഏറെ വർഷങ്ങൾക്കു മുമ്പേ തന്നെ ജന്മാഷ്ടമി ഘോഷായാത്രകൾ കേരളത്തിലും സംഘടിപ്പിച്ചു തുടങ്ങിയത്. രണ്ടു മുന്നു വർഷങ്ങൾക്കു മുമ്പ് ഗണേശവിഗ്രഹനിമഞ്ജനഘോഷായാത്രകൾ അവതരിപ്പിച്ചു തുടങ്ങിയത്. അടുത്തതായി നവരാത്രി/ദുർഗ്ഗാപൂജ ആഘോഷങ്ങൾ തുടങ്ങാൻ പോകുന്നത്.

എന്നാലും ദക്ഷിണേന്ത്യയിൽ, വിശേഷിച്ചും കേരളത്തിലും തമിഴ്നാട്ടിലും ഹിന്ദുക്കൾക്ക് ഈ ദൈവങ്ങളൊന്നുമല്ലാതെ, അയ്യപ്പനും മുത്തപ്പനും മുരുകനും പെരുമാളും കണ്ണകിയുമെല്ലാമുണ്ട്, ഈ ദൈവങ്ങളെ ആരാധിക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളുണ്ട്. കേരളത്തിലാണെങ്കിൽ, ഈ ഹിന്ദുദൈവങ്ങളുടെയെല്ലാം ക്ഷേത്രോത്സവങ്ങളിൽ പങ്കെടുക്കുന്ന ധാരാളം അന്യമതസ്ഥരുണ്ട്. അങ്ങനെ പല മതക്കാരും ഒത്തു ചേരുന്നതുകൊണ്ട് പൊതുഇടങ്ങളുണ്ട്, സ്നേഹോപചാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളുണ്ട്, മതസൗഹാർദ്ദമുണ്ട്, ഇതൊക്കെ ഇങ്ങനെയൊക്കെ തന്നെ തുടരണം എന്ന സഹിഷ്ണുതയിലധിഷ്ഠിതമായ പൊതുബോധമുണ്ട് .

ഇതിൽ വിള്ളൽ വീഴ്ത്താതെ ഒരേകീകൃതഹിന്ദുവിനെ സൃഷ്ടിക്കുക സാധ്യമല്ല. അതുകൊണ്ട് അവർ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഇത്തരം ഉത്സവാഘോഷങ്ങളുടെ പൊതു ഇടങ്ങളിൽ നിന്ന് പതിയെ അന്യമതസ്ഥരെ ഒഴിവാക്കി ഹിന്ദുക്കളുടേതു മാത്രമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ്. അതിനു വേണ്ടി അവർ ഇത്തരം ക്ഷേത്രങ്ങളിൽ, ഉത്സവങ്ങളിൽ, ‘അഭിഷേക കാവടി*, ഗോപൂജ’ എന്നൊക്കെയുള്ള പേരിൽ ഹിന്ദുക്കളുടേത് മാത്രമായ പുതിയ ആചാരങ്ങളും ചടങ്ങുകളും അവതരിപ്പിക്കുന്നു, സൃഷ്ടിച്ചെടുക്കുന്നു. ഭക്തിപ്രഭാഷണങ്ങൾ എന്ന പേരിൽ സ്വമതപ്രേമവും അന്യമതവിദ്വേഷവും പെരുപ്പിക്കുന്ന, ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിഷം തുപ്പലുകൾ അവതരിപ്പിക്കുന്നു. ഇടതുപക്ഷ അനുഭാവികൾ ഭരിക്കുന്ന ഭരണസമിതികളും ദേവസ്വങ്ങളും പോലും ഇതെങ്ങനെ നേരിടണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയോ, ‘വിശ്വാസികളല്ലേ, ക്ഷേത്രത്തിനു പെരുമയല്ലേ ( ?)’ എന്നൊക്കെ കരുതി ഈ വലയിൽ വീഴുകയോ ചെയ്യുന്നു. അത്തരം ഇടങ്ങളിൽ നിശ്ചയമായും ഇന്നു കാണുന്ന ജനക്കൂട്ടായ്മകൾ നാളെ ഹിന്ദുക്കൂട്ടായ്മയായി മാറും. അത്തരമൊരു കൂട്ടായ്മയെ അക്രമസജ്ജരാക്കാൻ ചെറിയൊരു തീപ്പൊരിയും മതിയാകും.

------------------------------------------------------

2. തൊണ്ണൂറുകളുടെ ആരംഭത്തിലാണ് പോട്ട ഡിവൈൻ കേന്ദ്രം ആരംഭിക്കുന്നതെന്നാണോർമ്മ. ക്രിസ്ത്യാനികളിലെ തീവ്രമതവിശ്വാസക്കാരായ പെന്തക്കോസ്ത് വിഭാഗങ്ങളിലേക്ക് റോമൻ കത്തോലിക്കർ വ്യാപകമായി പരിവർത്തിക്കപ്പെടുന്നുണ്ടെന്നും അതിനെ ചെറുക്കാനാണ് സഭ, ഡിവൈൻ കേന്ദ്രം ആരംഭിച്ചതെന്നും അക്കാലത്ത് ഇന്ത്യാ ടുഡേയിൽ ഒരു ലേഖനം വായിച്ചതോർക്കുന്നു. സഭയിലെ പുരോഹിതരിൽ തന്നെ നല്ലൊരു വിഭാഗത്തിനും അന്ന് ഡിവൈൻ കേന്ദ്രത്തിനോടോ അതിന്റെ പ്രവർത്തനത്തിനോടോ യോജിപ്പുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിപ്പിച്ചിരുന്ന ഒരച്ചൻ ( അദ്ദേഹത്തിന്റെ പേരോർക്കുന്നില്ല. പ്രീ-ഡിഗ്രീ ഓർഗാനിക്ക് കെമിസ്ട്രി ആയിരുന്നു) 'അവിടെ നടക്കുന്നതെല്ലാം തട്ടിപ്പാണ്’ എന്ന് ക്ലാസ്സിൽ പരസ്യമായി പറഞ്ഞത് ഇന്നുമോർക്കുന്നു.ക്രിസ്ത്യാനികളിൽ തന്നെ നല്ലൊരു വിഭാഗത്തിന് അന്ന് ഇത്തരം ധ്യാനങ്ങളോട്  ആഭിമുഖ്യമുണ്ടായിരുന്നില്ല.

ഇന്ന് പോട്ടയിലുള്ളത് കൂടാതെ, വ്യക്തികൾ നടത്തുന്നതും സഭ നടത്തുന്നതുമായ ധാരാളം ധ്യാനകേന്ദ്രങ്ങളുണ്ട് കേരളത്തിൽ. വാടകയ്ക്കെടുക്കാവുന്ന ഹാളുകൾ, മൈതാനങ്ങൾ തുടങ്ങിയവയിലും ശീതീകരിച്ച പന്തലുകൾ കെട്ടിയുയർത്തി ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചെകിടടപ്പിക്കുന്ന വിധം ഉച്ചത്തിലുള്ള ധ്യാന, വചന പ്രഘോഷങ്ങളും അവിടെ വിശ്വാസതീവ്രതയിൽ ആടിയുലയുന്ന ആൾക്കൂട്ടങ്ങളും സാധാരണമായ കാഴ്ച്ചയാണ്. ഇതൊന്നും കൂടാതെ ഇപ്പോൾ പള്ളികളിലും ക്രിസ്ത്യൻ കൂട്ടായ്മകളിലും ‘ധ്യാനങ്ങൾ’ നടത്തുന്ന സ്ഥാപനങ്ങളും അച്ചൻമാരുമുണ്ട്.

രണ്ടു മൂന്നു വർഷങ്ങളായി നാട്ടിലെ പള്ളിയിലിലും ( നൂറ് വർഷത്തിലധികം പഴക്കമുള്ള പള്ളിയാണ് ) ഇതു പോലെ ധ്യാനം നടക്കുന്നുണ്ട്.  വെളുപ്പിന് അഞ്ചുമണിക്ക് ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങളോടെ നാട്ടിലെ ക്രിസ്ത്യാനികൾ മുഴുവൻ ജാഥയായി പള്ളിയിലേക്ക് പോകുന്നത് ആദ്യ ദിവസം അമ്പരപ്പോടെയാണ് നോക്കി നിന്നത്.  നാലഞ്ചു ദിവസം  പള്ളിക്കു കീഴിലുള്ള പല കേന്ദ്രങ്ങളിൽ ഈ ധ്യാനങ്ങൾ നടക്കുന്നു. മൈക്ക് മിതമായ ശബ്ദത്തിലേ പ്രവർത്തിപ്പിച്ചുള്ളൂ എന്നത് അവർ പുലർത്തിയ ഒരു മാന്യതയായി തോന്നി.( ഹിന്ദുക്കളോ മുസ്ലീങ്ങളോ ഈ മാന്യത പുലർത്താറില്ല )  പള്ളിപെരുന്നാളിന് ശേഷം അധികം വൈകാതെയാണ് ഈ ധ്യാനം സംഘടിപ്പിക്കപ്പെട്ടെന്നുള്ളത് ആകസ്മികമായിരിക്കാം.

--------------------------

3. കേരളത്തിലെ മുസ്ലീങ്ങൾ സ്വത്വപരമായി സംഘടിച്ചു തുടങ്ങുന്നത് തൊണ്ണൂറുകളുടെ ആരംഭത്തിലാണെന്ന് കരുതുന്നു. അതിനും മുമ്പ് 1985 -ൽ രാജീവ് ഗാന്ധി, ബാബറി മസ്ജിലെ ക്ഷേത്രം ഹിന്ദുക്കൾക്കായി തുറന്നു കൊടുത്തതും 1992 ഇൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതും അതിനു ശേഷം ബി ജെ പി ഇന്ത്യയിലെ അജയ്യമായ രാഷ്ട്രീയ ശക്തിയായി വളർന്നതും അവരിൽ അതിശക്തമായ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ടാവണം. ഒരു ബഹുവർഗ്ഗസമൂഹത്തിൽ ജീവിക്കുന്ന ന്യൂനപക്ഷം, അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയാൽ സ്വത്വപരമായി സംഘടിക്കാൻ തുടങ്ങുന്നത് ലോകമെങ്ങുമുള്ള കാഴ്ച്ചയാണ്. ( അല്പനാളുകൾക്കുള്ളിൽ, അമേരിക്കയിലെ ഇന്ത്യക്കാർ അത്തരത്തിൽ സംഘടിക്കുമെന്ന് കരുതുന്നു )

ഗൾഫിലേക്കുള്ള കുടിയേറ്റവും അവിടത്തെ ഇസ്ലാം ജീവിതവും അതിനെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടാവണം. മദനിയുടേയും അതിനു ശേഷം വന്ന സമാനമനസ്ക്കരുടേയും മതപ്രഭാഷണങ്ങൾ അതിന്റെ ആക്കം കൂട്ടിയിട്ടുമുണ്ടാകും. ഇന്ന് മതപ്രഭാഷണങ്ങൾ നടക്കാത്ത, ‘ഖുറാനിൽ എല്ലാമുണ്ട്, ( അതിന്റെ വ്യംഗ്യം മറ്റു മതങ്ങളിൽ അതൊന്നുമില്ല എന്നാണല്ലോ. അല്പമൊന്ന് പ്രകോപിപ്പിച്ചാൽ, ഇത്തരം മതമൗലികവാദികളിൽ നിന്ന് എളുപ്പം പുറത്തു വരികയും ചെയ്യും അത് ) എന്നൊക്കെയുള്ള സ്വമതപ്രേമം വളർത്തുന്ന ശകലങ്ങളില്ലാത്ത പ്രസംഗങ്ങളില്ലാത്ത പള്ളികൾ ഇന്ന് കേരളത്തിലുണ്ടാവില്ല. നടപ്പിലും എടുപ്പിലും മറ്റുള്ളവരിൽ നിന്ന് വേറിട്ട ‘സ്വത്വം’ പുലർത്തേണ്ടവരാണ് തങ്ങൾ എന്ന വിശ്വാസം കേരളത്തിലുള്ള മുസ്ലീങ്ങളിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്നു.

-----------------------

4. ഹിന്ദുവിനെ ഏകീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംഘപരിവാർ ഹിന്ദു പുരോഹിതർക്ക് അളവില്ലാത്ത പിന്തുണയാണ് നൽകുന്നത്. ഇടതുപക്ഷപാർട്ടികൾക്കോ  കോൺഗ്രസ്സിനോ  ഇതിനാവില്ലെന്നുള്ളത്  അവരുടെ നേട്ടം. അതേ സമയം തങ്ങളെ വിമർശിക്കുന്ന സന്ദീപാനന്ദഗിരിയെ പോലുള്ള മതചിന്തകരെ ദേഹോപദ്രവമേല്പിക്കാനും ഇവർ മടിക്കുന്നില്ല. ഇതുകൊണ്ടൊക്കെ കേരളത്തിലെ ഹിന്ദു പുരോഹിതരിലും ജ്യോത്സ്യന്മാരിലും നല്ലൊരു പങ്കും ഇന്ന് സംഘപരിവാറിന്റെ വിരുന്നുണ്ണുന്നവരാണ്.ഒരു പരസ്പരസഹായസഹകരണസംഘം ഈ മൂന്നുകൂട്ടരും കൂടി പടുത്തുയർത്തി വരുന്നുണ്ട്.

--------------------------
മതവിശ്വാസം  മതമൗലീകതയാകുമ്പോൾ :
--------------------------

 തന്നെക്കൂടാതെ മറ്റുള്ളവരേയും കെണിയിൽ പെടുത്തുന്ന, സ്വയം ആണ്ടുപോവുന്തോറും മറ്റുള്ളവരുടേയും കുരുക്കുകൾ കൂടുതൽ മുറുക്കുന്ന വളരെ വിചിത്രമായ ഒരു കെണിയാണ് മതവിശ്വാസം.
മതസംഘടനാ നേതാക്കളും പുരോഹിതരും  ആ കെണിയിലേക്ക് മനുഷ്യരെ ആകർഷിച്ചു കുടുക്കുന്നു. സ്വാന്ത്വനം,ആത്മശാന്തി, രോഗവിമുക്തി, നല്ല ഭാവി, മരണാനന്തരസ്വർഗ്ഗം, തുടങ്ങിയ അനേകം 'ചക്കരക്കുടങ്ങൾ' പൂജാരി/പുരോഹിതൻ മനുഷ്യർക്ക്  നീട്ടും. ഏതു നിമിഷവും തെറ്റു പറ്റാവുന്ന, തെറ്റു പറ്റിക്കൊണ്ടിരിക്കുന്ന ഒരു ദുർബലജീവിയാണ് നിങ്ങൾ, തങ്ങളും ദൈവവും ചേർന്നാണത് തിരുത്തേണ്ടത് എന്ന് അവർ മനുഷ്യരെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും.'കണ്ടോ കണ്ടോ മറ്റവന്മാർ ചെയ്യുന്നത് കണ്ടോ ?! എത്ര അധമം !! പക്ഷേ നമ്മുടേത് കണ്ടോ, തികച്ചും ദൈവീകം" എന്ന്  തരം കിട്ടുമ്പോഴെല്ലാം  അവർ മനുഷ്യരിൽ അന്യമതവിദ്വേഷവും സ്വമത പ്രേമവും പെരുക്കിക്കൊണ്ടിരിക്കും.

തങ്ങൾക്കൊപ്പമില്ലാത്ത ഭരണാധികാരികളും രാഷ്ട്രീയനേതാക്കളുമടക്കം മറ്റെല്ലാ മനുഷ്യരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും നിങ്ങളുടെ ദൈവവും നിങ്ങളുടെ പുരോഹിതനും മാത്രമാണ് അനന്തമായ വിശ്വാസ്യത പുലർത്തുന്നതെന്നും അവർ  മതാനുയായികളോട് ഒളിഞ്ഞും തെളിഞ്ഞും ഓർമ്മപ്പെടുത്തികൊണ്ടിരിക്കും.  ആത്മവിശ്വാസം കൂട്ടാനെന്ന പേരിൽ അവർ നൽകുന്ന ഓരോ 'സമ്മാന'ങ്ങളും വിശ്വാസിയുടെ ആത്മവിശ്വാസം തകർക്കുകയും വിശ്വാസിയെ കൂടുതൽ കൂടുതൽ അവരിലേക്ക് ബന്ധിതരാക്കുകയും ചെയ്യും.

ജപിച്ചൂതിയ ഏലസ്സ്/പൂജിച്ച പേന/പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ, ഒരു പരീക്ഷയിൽ വിജയിക്കാൻ  ആത്മവിശ്വാസം പകരുന്നുണ്ടല്ലോയെന്ന് നിങ്ങൾ ചോദിച്ചേക്കും. പക്ഷേ തുടർന്നുണ്ടാവുന്ന ചെറുതും വലുതുമായ ആയിരം പരീക്ഷകളൊന്നു പോലും അത്തരമൊന്നിന്റെ പിൻബലമില്ലാതെ നേരിടാൻ ധൈര്യമില്ലാത്ത വിധം, അവർ നിങ്ങളെ അവരിലേക്ക് വലിച്ചു കെട്ടും.

നിങ്ങളതിൽ കൂടുതൽ മുങ്ങുന്തോറും പൊതുഇടങ്ങളെന്ന തുരുത്തുകൾ അന്യമാവുകയും മറ്റു മനുഷ്യർ നിങ്ങളിൽ നിന്ന് അകന്നകന്ന് അവരവരുടേതായ മതഇടങ്ങളിലേക്ക് ആണ്ടു പോവുകയും ചെയ്യും. മനുഷ്യസ്നേഹവും സഹിഷ്ണുതയും സാമൂഹ്യബോധവുമാണ് ആ കെണിയെ ദുർബലമാക്കുന്ന ഉപാധികൾ. പൊതുവേ പറഞ്ഞാൽ ഇതെല്ലാം മനുഷ്യസഹജവുമാണ്. അതുകൊണ്ടു ഇതു മൂന്നും വേണ്ടുവോളമുള്ളവർക്ക് തന്നെ മതവിശ്വാസം ഒരു കെണിയല്ലെന്നും തന്റെയും മറ്റുള്ളവരുടേയും ആശ്വാസത്തിന്/നന്മയ്ക്ക് വേണ്ട ഒരു സംവിധാനമാണെന്നു പോലും അനുഭവപ്പെടാം.ഒരു നല്ല മനുഷ്യൻ മതവിശ്വാസിയാവണമെന്നില്ലെന്ന് ഇപ്പോഴത്തെ മാർപ്പാപ്പ പറഞ്ഞതു പോലെ, ഒരു നല്ല മനുഷ്യൻ യുക്തിവാദിയാവണമെന്നും നിർബന്ധമില്ല. പക്ഷേ താൻ/തങ്ങൾ എവിടെ നിൽക്കുന്നു എന്ന് നിഷ്പക്ഷമായി സ്വയം വിലയിരുത്താനുള്ള ശേഷി അയാൾ/അവർക്ക് കണിശമായും ഉണ്ടായിരിക്കണം.

---------------------------------
പ്രതിരോധിക്കുന്നതെങ്ങനെ ?
‌---------------------------------

മലയാളികൾ ഈ മതമൗലീകവാദികളൊരുക്കുന്ന  കെണിയിലേക്ക് ആണ്ടു പോകുന്നത് തടയാൻ ഇനിയും വൈകിക്കൂടാ. പൊതുഇടങ്ങൾ ശക്തിപ്പെടുത്തി കൊണ്ടും ജാതിക്കും മതത്തിനും അതീതമായ പൊതുകൂട്ടായ്മകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, കലാ, സാഹിത്യ, സാംസ്ക്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു കൊണ്ടുമേ അത് സാധ്യമാവൂ. മതം തന്നെയാണ് തങ്ങളുടെ തട്ടകം എന്നു കരുതുന്നവർക്ക്, മറ്റു വിശ്വാസികളിലും മനുഷ്യരിലും സ്നേഹസഹായങ്ങൾ പകർന്നുകൊണ്ടും ആ കെണിയെ ദുർബലമാക്കാൻ ശ്രമിക്കാം.പക്ഷേ തന്റെ മതത്തിൽ മാത്രം ആണ്ടുമുങ്ങി നിൽക്കുന്ന, മറ്റു മതസ്ഥരെ അഭിസംബോധന ചെയ്യാത്ത ഒരാൾക്ക് ഒരിക്കലും അത് സാധ്യമാവില്ല.

                                                                                                                                    ( തുടരും.....)
-----------------------------
* ശ്രീ ശിവകുമാരേശ്വര ക്ഷേത്രം, എടതിരിഞ്ഞി.
**സെന്റ് മേരീസ് പള്ളി, ചേലൂർ, എടതിരിഞ്ഞി.