Monday, December 12, 2016

ജനഗണമന


1. ജനഗണമനയ്ക്ക്, ത്രിവർണ്ണ പതാകയ്ക്ക് ഒക്കെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അണിനിരക്കുന്നവരെ ഐക്യപ്പെടുത്തുന്നതിൽ പങ്കുണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അങ്ങനെ അണി നിരന്നവർ, തങ്ങളുടേ രാജ്യത്തിനു സ്വന്തമായി ഉണ്ടാകാൻ പോകുന്ന പതാകയും ദേശീയഗാനവും എന്ന നിലയിൽ ബ്രിട്ടീഷ് ആധിപത്യത്തെ ചെറുക്കാൻ വൈകാരികമായി തന്നെ അതെല്ലാം കണ്ടിരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളതും യാഥാർത്ഥ്യമാണ്.

വിവിധ നാനാത്വങ്ങൾ ഇന്നും പുലർത്തുന്ന ഇന്ത്യൻ ജനതയ്ക്ക് അവരെ ഐക്യപ്പെടുത്തുന്ന ചില ദേശീയതാ ബോധങ്ങൾ (ബിംബങ്ങൾ?) ആവശ്യമുണ്ട് എന്നുള്ളതുകൊണ്ട്, കാലോചിതമായി ഇങ്ങനെ ചിലത് തുടർന്നു പോരുന്നതിൽ തെറ്റും കാണുന്നില്ല.

പക്ഷേ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തി, സമരം ചെയ്തവരെ വിസ്മരിച്ചു കൊണ്ട് 'ജനഗണമന' പോലുള്ള ചില ബിംബങ്ങളെ ദിവ്യമായി ഉയർത്തി പ്രതിഷ്ഠിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവിധ ധാരകളും വൈവിധ്യങ്ങളും ദീർഘകാല ചരിത്രവുമുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട് ചെയ്യുന്ന കടുത്ത അനീതിയാകും അത്. സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇടമില്ലാത്ത ചില കൂട്ടരുടെ ഗൂഡോദ്ദേശം തന്നെ അതാണെന്നും വ്യക്തമാണല്ലോ. രക്തസാക്ഷി മണ്ഡപത്തെ ബിംബമായി ആരാധിക്കുകയും രക്തസാക്ഷികളെ മറന്നു പോവുകയും ചെയ്യുന്ന അപകടം അവിടെ സംഭവിച്ചേക്കാം. അതുണ്ടാവരുത്. .

ഉപ്പു സത്യാഗ്രഹത്തിൽ ഉപ്പു കുറുക്കി സമരം ചെയ്തതിന് ധാരാളം സമരസേനാനികൾ മർദ്ദനമേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും ഉപ്പിന് നാം ദിവ്യത്വം കൽപ്പിക്കുന്നില്ലല്ലോ. പകരം അത് ചെയ്തവരെയാണ് നാം ഓർക്കുന്നതും ആദരിക്കുന്നതും. അതാണ് ചരിത്രത്തോടു ചെയ്യുന്ന ശരിയും.

2. എനിക്ക് ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീം കോടതി മുമ്പ് സ്വീകരിച്ച നിലപാടിനോടാണ് യോജിപ്പ്. അവിടെ കോടതി മതസഹിഷ്ണുതയെ കുറിച്ചാണ് പറയുന്നത്. ടാഗോർ, 'ജനഗണമന' യിൽ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്ന ഒരു ദൈവത്തെ സങ്കല്പിക്കുന്നുണ്ട്. എന്നാൽ ഹിന്ദു - ചാർവാക മാർഗ്ഗം/ബുദ്ധമതം ( ഭരണഘടന, അവിശ്വാസിക്ക് പ്രത്യേക സ്വാതന്ത്ര്യമൊന്നും എടുത്തു പറഞ്ഞിട്ടുള്ളതായി അറിവില്ലാത്തതുകൊണ്ടാണ് ബുദ്ധമതത്തെ/ചാർവാക മാർഗ്ഗത്തെ കൂട്ടു പിടിച്ചത് ) പിന്തുടരുന്ന ഒരാൾക്ക് ഈ ദൈവസങ്കല്പത്തോട് യോജിപ്പുണ്ടാവില്ല. അതുകൊണ്ടു തന്നെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അനുവദിച്ചു കൊണ്ട്, 'നിർബന്ധ ബഹുമാനിപ്പിക്കൽ' റദ്ദാക്കുകയാണ് വേണ്ടത് എന്നാണ് എന്റെ നിലപാട്.

ബിജോയ് ഇമ്മാനുവൽ കേസ് വിക്കി ലിങ്ക്  >>
ബിജോയ് ഇമ്മാനുവൽ

സ്വത്വം

തൃശ്ശൂർക്കാരൻ, മലയാളി, ഇന്ത്യാക്കാരൻ, ഏഷ്യാക്കാരൻ, ഭൂവാസി, പ്രപഞ്ചവാസി, സസ്തനി, ദൈവവിശ്വാസി, മതവിശ്വാസി, യുക്തിവാദി, ഇടത്തരക്കാരൻ, ദരിദ്രൻ, ശമ്പളക്കാരൻ, ജീവിതശൈലീ രോഗമുള്ളവൻ, ഇങ്ങനെയിങ്ങനെ പലർക്കും
അനേകമനേകം 'സ്വത്വ'ങ്ങൾ ഉണ്ട്.. പലയിടത്തും പലതും പറയേണ്ടിയും ഉപയോഗിക്കേണ്ടിയും അറിയിക്കേണ്ടിയും വരുന്നു. എന്നാൽ ഒരിടത്ത് 'മലയാളി' എന്ന 'സ്വത്വം' പ്രസക്തമാവുമ്പോൾ മറ്റൊരിടത്ത് 'എ പോസീറ്റീവ് ബ്ലഡ്ഡുകാരൻ എന്ന 'സ്വത്വ'വും , പിന്നെയൊരിടത്ത് 'വിവാഹിതൻ' എന്ന സ്വത്വവും പ്രസക്തമായി വരും. ഇനിയൊരിടത്ത് 'വരുമാന നികുതി അടക്കുന്നവൻ' എന്ന 'സ്വത്വ'വും പിന്നെയൊരിടത്ത് ''ചുരിദാർ ഇടുന്നവൾ' എന്ന 'സ്വത്വ'വും പ്രസക്തമായേക്കാം. ഇങ്ങനെ പലയിടത്ത് പല തലങ്ങളിൽ സ്വത്വങ്ങളുടെ വൈവിധ്യമാർന്ന പ്രയോഗങ്ങളും മറ്റൊരിടത്ത് പല തലത്തിൽ, സമയങ്ങളിൽ സ്വത്വത്തിന്റെ ഏകത്വവും സാധ്യമാവുന്നു. പലതും താൽക്കാലികമായി രൂപപ്പെടുന്നതും മിനിറ്റുകളുടെ ആയുസ്സുള്ളതുമാവുമ്പോൾ ചിലത് നൂറ്റാണ്ടുകളിലൂടേ കടന്നു പോകുന്നു. ആവശ്യത്തിന്റെ അടിസ്ഥാനത്തിനനുസരിച്ച് അതുവരെയില്ലാത്ത പലതും പുതുതായി രൂപപ്പെടുന്നു. മറ്റ് ചിലത് അപ്രസക്തമാവുമ്പോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടോ അല്ലാതെയോ അപ്രത്യക്ഷമാവുന്നു.

ഏതെങ്കിലും ഒരു സ്വത്വം പുലർത്തുന്നു/പേറുന്നു എന്നതിന്റെ പേരിൽ ഒരാൾ / ഒരു സമൂഹം മറ്റുള്ളവരിൽ നിന്ന് ചൂഷണം നേരിടുമ്പോൾ അതേ സ്വത്വം പുലർത്തി കൊണ്ടു തന്നെ ചൂഷകനെ അതിനു മുകളിൽ ചൂഷിതനും ചൂഷകനും ഒരുമിച്ചു വരുന്ന സ്വത്വത്തെ ഓർമ്മിപ്പിച്ചു കൊണ്ട് പോരാട്ടങ്ങൾ ഉണ്ടാവുന്നു, ചൂഷകൻ പോരാട്ടം അതംഗീകരിച്ചു കൊണ്ടു പിൻവാങ്ങിയാൽ, അതിന്റെ പേരിലുള്ള ചൂഷണം പൂർണ്ണമായി അവസാനിച്ചാൽ, താഴെയുള്ള സത്വം പതിയെ ഇല്ലാതാവുകയോ അപ്രസക്തമാവുകയോ ചെയ്യുകയും മുകൾത്തട്ടിലെ സത്വം നിലനിൽക്കുകയും ചെയ്യുന്നു. ആ സത്വം മറ്റൊരു തരത്തിലുള്ള ചൂഷണത്തിനു കാരണമാകുന്നുണ്ടെങ്കിൽ മറ്റൊരു പോരാട്ടം ജനിക്കുന്നു/തുടരുന്നു..


എന്നാൽ, ഇതിൽ താഴെത്തട്ടിലുള്ള/സങ്കുചിതമായ ഏതെങ്കിലും ഒരു സ്വത്വബോധത്തോടു മാത്രം കടുത്ത ആഭിമുഖ്യം പുലർത്തുകയും മറ്റെല്ലാം നിരാകരിക്കുകയും ചെയ്യുന്ന ഒരാൾ ഒരു സ്വന്തന്ത്ര സമൂഹത്തിൽ, മനുഷ്യർ തമ്മിലുള്ള സ്വതന്ത്രമായും പല തലത്തിലും നടക്കേണ്ടുന്ന 'സ്വത്വപരമായ' കൊടുക്കൽ വാങ്ങലുകൾക്കും സംഘം ചേരലുകൾക്കും വിഘാതമാവുകയും മിക്കപ്പോഴും ഒരു തലത്തിലും സമൂഹത്തിന്റെ ഏകത്വം സാധ്യാമാവാത്ത രീതിയിൽ അപകടകാരിയായി തീരുകയും ചെയ്യുന്നു.

അതുകൊണ്ട്, പോരാട്ടങ്ങൾ വേണ്ടത് സ്വത്വങ്ങളെ ഇല്ലാതാക്കാനോ നിരാകരിക്കാനോ അല്ല, , സ്വത്വങ്ങൾ ചൂഷണത്തിനു വേണ്ടി വിനിയോഗപ്പെടുത്തുന്നതിനെതിരെയാണ്. താഴെത്തട്ടിലുള്ള/സങ്കുചിതമായ ഏതെങ്കിലും ഒരു സ്വത്വബോധത്തിൽ മാത്രം അഭിരമിക്കുന്നതിനെതിരെയും അങ്ങനെ ഒതുക്കി നിർത്തുന്നതിനെതിരെയുമാണ്.

കറുത്തവന്റേയും ഇരുണ്ടവന്റേയും നിറം ഇല്ലാതാക്കി വെളുത്തവനൊപ്പമെത്തിക്കാനാവില്ല. കറുത്തവനും ഇരുണ്ടവനും വെളുത്തവനും മനുഷ്യനാണ് എന്ന മറ്റൊരു സ്വത്വം പകർന്നു കൊണ്ടേ അതു സാധ്യമാവൂ. വെളുത്തവനിലെ അവസാന മനുഷ്യനും തന്റെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള ചൂഷണം അവസാനിപ്പിക്കുമ്പോൾ, ആ നിറം കൊണ്ടുമാത്രം താൻ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠനാണ് എന്ന ചിന്ത അവസാനിപ്പിക്കുമ്പോൾ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള സ്വത്വം അവസാനിക്കുകയോ അപ്രസക്തമാവുകയോ ചെയ്യുകയും മനുഷ്യൻ എന്ന സ്വത്വം മാത്രം പ്രസക്തമാവുകയും ചെയ്യുന്നു.

Thursday, June 30, 2016

ഹോമിയോ

ഒരു അനുഭവം എന്തുകൊണ്ട് ഉണ്ടാവുന്നു എന്നുള്ള അന്വേഷണമാണ് ശാസ്ത്രം. ഇന്നയിന്ന കാരണങ്ങൾ കൊണ്ട് കാന്തത്തിന് ആകർഷണബലം ഉണ്ടാവുന്നു, ഇന്നയിന്ന കാരണങ്ങൾ കൊണ്ട് ഷോക്ക് അനുഭവപ്പെടുന്നു എന്ന നിഗമനങ്ങൾ അത്തരം അന്വേഷണത്തിനൊടുവിൽ ശാസ്ത്രം മുന്നോട്ടു വെക്കുന്നു. ആ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും പരീക്ഷണങ്ങൾ നടത്തുന്നു, അതിനടിസ്ഥാനമായ ശാസ്ത്രതത്വം/സിദ്ധാന്തം രൂപീകരിക്കുന്നു. എന്തുകൊണ്ട് ചില വസ്തുക്കൾക്ക് കാന്തശക്തി ഉണ്ടാവുന്നില്ല, ചില വസ്തുക്കളെ കാന്തം ആകർഷിക്കുന്നില്ല, എന്തുകൊണ്ട് കുറഞ്ഞ അളവിലുള്ള വൈദ്യുതിയിൽ ഷോക്ക് അനുഭവപ്പെടുന്നില്ല എന്നെല്ലാം ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാവുന്നുണ്ടെങ്കിൽ ആ ശാസ്ത്രതത്വങ്ങളുടെ/സിദ്ധാന്തങ്ങളുടെ സ്വീകാര്യത വർദ്ധിക്കുന്നു. ഇല്ലെങ്കിൽ സിദ്ധാന്തം നിരാകരിക്കപ്പെടുകയോ തിരുത്തപ്പെടുകയോ പുതുക്കപ്പെടുകയോ ചെയ്യുന്നു. ഇതാണ് ശാസ്ത്രത്തിന്റെ രീതി. അതുകൊണ്ടു തന്നെ അന്തിമമായി ഇതുമാത്രമാണ് ശരി എന്ന നിലപാട് ശാസ്ത്രം സ്വീകരിക്കില്ല. അതേ സമയം അതുവരെയുള്ള തെളിവുകളുടെയും സ്വീകാര്യതയുടേയും അടിസ്ഥാനത്തിൽ, നിലവിലുള്ള പ്രതിഭാസങ്ങളെ/സംഭവങ്ങളെ പരിശോധിച്ച് നിലവിൽ അതു ശാസ്ത്രീയമാണോ അല്ലയോ എന്നു പറയാതിരിക്കാനും ശാസ്ത്രത്തിനാവില്ല. ശാസ്ത്രീയമായി സ്വീകരിക്കപ്പെടുന്നില്ലെങ്കിൽ 'ശാസ്ത്രത്തിന് ഇതുവരെ വിശദീകരിക്കാനാവാത്ത പ്രതിഭാസമാണ്' എന്ന നിഗമനത്തിലെത്താം, അന്വേഷണം തുടരാം, പുതിയ സിദ്ധാന്തങ്ങൾ അവതരിപ്പിക്കാം. വീണ്ടും പരിശോധന തുടരാം.
സദൃശ്യം സദൃശ്യത്തെ സുഖപ്പെടുത്തുന്നു, നേർപ്പിക്കുന്തോറും വീര്യം കൂടും - ഹോമിയോയുടെ ഈ രണ്ട് അടിസ്ഥാന തത്വങ്ങൾ, നിലവിൽ സ്വീകാര്യമായ ശാസ്ത്രതത്വങ്ങളുടേയും സിദ്ധാന്തങ്ങളുടേയും അടിസ്ഥാനത്തിൽ തെളിയിക്കാൻ ഇതുവരെ ഹോമിയോപ്പതിക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഇതു ശാസ്ത്രവിരുദ്ധമാണ് എന്ന നിലപാടെടുക്കാതിരിക്കാനും ശാസ്ത്രത്തിനാവില്ല.
ഹോമിയോ മരുന്നിലൂടെ രോഗം മാറിയ അനുഭവമുള്ളവർ ധാരാളമുണ്ട്. എന്റെ വീട്ടിലും ആ അനുഭവമുള്ള ഒരാൾ ഉണ്ട്. ഒരാളുടെ അനുഭവത്തെ നിഷേധിക്കാൻ മറ്റൊരാൾക്കോ ശാസ്ത്രത്തിനോ ആവില്ല. പക്ഷേ ഹോമിയോ ചികിത്സ ശാസ്ത്രീയമായി തെളിയിക്കണമെങ്കിൽ, ആദ്യം തന്നെ മരുന്ന് ഡബിൾ ബ്ലൈന്റ് ടെസ്റ്റിനു വിധേയമാക്കണം. അതിന്റെ അടിസ്ഥാനത്തിൽ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ കൂടുതൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി ഉറപ്പിച്ച്, അതൊരു പ്രതിഭാസമായി വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ആ പ്രതിഭാസത്തെ വിശദീകരിക്കാൻ കഴിയുന്ന ഒരു പുതിയ സിദ്ധാന്തം മുന്നോട്ടുവെക്കുകയും വേണം. ആ സിദ്ധാന്തം നിലവിലുള്ള മറ്റ് ശാസ്ത്രസിദ്ധാന്തങ്ങളെ അനുസരിക്കുന്നുണ്ടോ എന്നു നോക്കണം. ഇല്ലെങ്കിൽ ആ സിദ്ധാന്തത്തെ നിരാകരിക്കുകയോ തിരുത്തുകയോ പുതുക്കുകയോ വേണം. അതല്ല സിദ്ധാന്തം ശരിയാണെന്ന് ഉറച്ചു നിൽക്കുകയാണെങ്കിൽ, അതിനെ നിരാകരിക്കുന്ന നിലവിലുള്ള മറ്റ് ശാസ്ത്രസിദ്ധാന്തങ്ങളെ അതിന്റെ അടിസ്ഥാനത്തിൽ തിരുത്തുകയോ പുതുക്കുകയോ ചെയ്യണം, ആ ശാസ്ത്രസിദ്ധാങ്ങൾ വിശദീകരിച്ചിരുന്ന പ്രതിഭാസങ്ങളെ ഈ പുതുക്കലിന്റെ അടിസ്ഥാനത്തിൽ പുതുതായി വിശദീകരിക്കണം. അത്രയേ വേണ്ടൂ. അല്ലാതെ ശാസ്ത്രത്തിനു 'ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്' സമീപനമൊന്നുമില്ല. പക്ഷേ ഈ പണി ഹോമിയോപ്പതിക്കാർ തന്നെ ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ 'ഞാൻ മന്ത്രവാദം ചെയ്തു രോഗം മാറ്റും. ചിലപ്പോൾ മാറിയില്ലെന്നും വരും. മാറുന്നതും മാറാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്' എന്ന നിലപാട് നമ്മളൊക്കെ അംഗീകരിക്കേണ്ടി വരും.

Sunday, June 26, 2016

ഹോമിയോ ചികിത്സ നിരോധിക്കണോ ?


ഹോമിയോ ചികിത്സയിലെ എടുത്തു പറയാവുന്ന അനുഭവങ്ങൾ :

1. തൂജ ഓയിന്മെന്റ് പുരട്ടിയപ്പോൾ പശുവിന്റെ അരിമ്പാറ പോലുള്ള അടയാളങ്ങൾ മാറി.
2. അമ്മയ്ക്ക് കാലിൽ ഒരു മുഴ പോലെയുണ്ടായിരുന്നു. പുറത്തേക്ക് കാണില്ല. പക്ഷേ തൊട്ടു നോക്കുമ്പോൾ അറിയാം. അലോപ്പതിയിൽ ആദ്യം കാണിച്ചു. മരുന്നു കഴിച്ചും മാറാതായപ്പോൾ സർജറി വേണ്ടി വന്നേക്കും എന്നു പറഞ്ഞു. ഹോമിയോ ചികിത്സിച്ചപ്പോൾ ഇതു പൂർണ്ണമായും മാറി. ഇതേ അനുഭവം ഒരു സഹപ്രവർത്തകയ്ക്കും ഉണ്ടായി.
3. എന്റെ കുട്ടികളുടേത് ഉൾപ്പെടേ വീട്ടിലെ എല്ലാവരും പല രോഗങ്ങൾക്കും ( പനി, ജലദോഷം, രക്തസമ്മർദ്ദം, പ്രമേഹം ) പലപ്പോഴായി ഹോമിയോയെ സമീപിച്ചിട്ടുണ്ട്. രോഗങ്ങൾ മാറാതെ അലോപ്പതിയെ സമീപിക്കേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും അലോപ്പതിയെ സ്വീകരിച്ചത് ഹോമിയോ ഡോക്ടർ റഫർ ചെയ്തതുകൊണ്ടല്ല, രോഗം മാറാത്തതുകൊണ്ടാണ്.

ചികിത്സ ഫലപ്രദമല്ലെന്നു കണ്ടാൽ രോഗികൾ ഡോക്ടറെ മാറ്റും. അത് അലോപ്പതിയിൽ നിന്ന് അലോപ്പതിയിലേക്കും ഹോമിയോപ്പതിയിലേക്കും ആയുർവേദത്തിലേക്കും യുനാനിയിലേക്കും നേരെ തിരിച്ചും മറിച്ചും ഒക്കെ സംഭവിക്കാറുണ്ട്. എന്തിന് ധ്യാനകേന്ദ്രങ്ങളേയും ആൾദൈവങ്ങളേയും മന്ത്രവാദത്തേയും വരെ രോഗികൾ സമീപിക്കുന്നു. ശാസ്ത്രമല്ല, അനുഭവത്തിലൂന്നിയ വിശ്വാസമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരുടെ അനുഭവങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശകളും കേട്ടറിവുകളുമെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്.

പക്ഷേ അനുഭവത്തിലൂന്നിയുള്ള നിഗമനങ്ങളെ ഒരു പൊതുതത്വമായി സ്വീകരിക്കാൻ കഴിയില്ല. അതിന് വികാരമോ വിശ്വാസമോ വർഗ്ഗമോ ഒന്നും സ്വാധീനിക്കാത്ത സത്യത്തിന്റെ പിന്തുണ വേണം. ശാസ്ത്രം സത്യാന്വേഷണമായതുകൊണ്ട് ശാസ്ത്രീയമായ നിഗമനങ്ങളെ സ്വീകരിക്കണം. അനുഭവങ്ങളെ പഠനവിധേയമായി ശാസ്ത്രീയ പിന്തുണയില്ലാത്തവയെ അങ്ങനെ തന്നെ അംഗീകരിക്കണം. അല്ലാതെ സമൂഹത്തിനു മുന്നോട്ടു പോകാൻ കഴിയില്ല.
ഹോമിയോയുടെ മരുന്ന് നിർമ്മാണ തത്വത്തിന് ശാസ്ത്രീയ പിന്തുണയില്ലെന്ന് വ്യക്തമാണ്. ഹോമിയോ ഭേദപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന മിക്കരോഗങ്ങളും ശരീരം സ്വയം ചികിത്സിച്ചു മാറ്റുമെന്നും ഹോമിയോ മരുന്നുകൾ 'പ്ലാസിബോ ഇഫക്ട്. മാത്രമേ ചെയ്യുന്നുള്ളൂവെന്ന് അലോപ്പതിക്കാർ അഭിപ്രായപ്പെടുന്നു. ഫലപ്രാപ്തിയും ജനസ്വീകാര്യതയുമാണ് ഹോമിയോ ഡോക്ടർമാർ മുന്നോട്ടു വെക്കുന്ന തെളിവുകൾ. ചില ഹോമിയോ ഡോക്ടർമാർ, ' എങ്ങനെ രോഗം മാറുന്നു എന്നുള്ളത് ഭാവിയിൽ ശാസ്ത്രം തെളിയിക്കും' എന്ന നിലപാട് സ്വീകരിക്കുന്നു. ഈ രണ്ടു നിലപാടും പക്ഷിശാസ്ത്രം തൊട്ടുള്ള സകല കപടശാസ്ത്രക്കാരും സ്വീകരിക്കുന്ന ഒന്നാണ്.

പക്ഷേ ഹോമിയോഡോക്ടർമാർ ശരീരത്തെക്കുറിച്ചും രോഗങ്ങളെ കുറിച്ചും ശാസ്ത്രീയമായി പഠിക്കുന്നുണ്ട് (എന്നാണ് കരുതുന്നത്.) അല്ലോപ്പതിയിലെ ടെസ്റ്റുകളും അവർ സ്വീകരിച്ചു കാണുന്നു. അതുകൊണ്ടു തന്നെ ചികിത്സാസംബന്ധമായി വ്യാജവൈദ്യന്മാരേക്കാളും ആൾദൈവങ്ങളേക്കാളുമെല്ലാം വളരെയധികം അറിവ് ഹോമീയോ ഡോക്ടർമാർക്ക് ഉണ്ടെന്നു തന്നെ അംഗീകരിക്കേണ്ടതുണ്ട്. ചികിത്സാരീതിയും അതിനടിസ്ഥമായ സിദ്ധാന്തവുമാണ് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത്. തങ്ങളുടെ പരിധിയിൽ നിൽക്കാത്ത രോഗങ്ങളെ അവർ അലോപ്പതിയിലേക്ക് റഫർ ചെയ്യാറുണ്ട് എന്നും ചില ഹോമിയോ ഡോക്ടർമാർ പറയുന്നു. അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിൽ തന്നെ രോഗം മാറിയില്ലെങ്കിൽ ആദ്യം പറഞ്ഞപോലെ ചികിത്സാരീതി രോഗി തന്നെ മാറ്റും. ആകെ പ്രശ്നമുള്ളത് ഇതിനു വേണ്ടിയെടുക്കുന്ന സമയം മാത്രമാണ്. ഗുരുതരമായ രോഗങ്ങളെ ( അങ്ങനെ സംശയിക്കുന്നവയേയും ) ആദ്യമേ തന്നെ അലോപ്പതിയിലേക്ക് റഫർ ചെയ്യാൻ ഹോമിയോ ഡോക്ടർമാർ തയ്യാറായാൽ അതില്ലാതാകും. അതുകൊണ്ട്, 'ഭാവിയിൽ തെളിയിക്കപ്പെടും' എന്ന ശുഭാപ്തിവിശ്വാസം സ്വീകരിച്ചുകൊണ്ടു തന്നെ 'നിലവിൽ ഹോമിയോ ചികിത്സ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല' എന്ന് അംഗീകരിക്കാൻ ഹോമിയോ ഡോക്ടർമാർ തയ്യാറാവണം. തപാൽ വഴി ഹോമിയോ പഠിച്ച് ചികിത്സക്കിറങ്ങുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. അതുപോലെ തന്നെ രോഗിയേ കുറിച്ചും രോഗത്തേ കുറിച്ചും നിർദ്ദേശിക്കുന്ന ചികിത്സയും ആദ്യം മുതൽ രേഖപ്പെടുത്തുന്ന കുറിപ്പുകൾ രോഗിക്ക് നൽകി ഇക്കാര്യത്തിലെ രഹസ്യാത്മകത അവസാനിപ്പിക്കാനും ഒരു രോഗിയെന്ന നിലയിൽ അയാളുടെ അവകാശം അംഗീകരിക്കാനും ഹോമിയോപ്പതിക്കാർ തയ്യാറാവണം.

പ്രകോപനം : ഡിങ്കമതം ഹോമിയോയെ ചൊല്ലി പിളർന്നത്രേ.

Monday, May 16, 2016

ഇടതുപക്ഷം - പ്രതീക്ഷകളും പോരായ്മകളും


ഒരു ഇടതുപക്ഷ കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ അനുഭാവം മുലപ്പാൽ നുണഞ്ഞ കാലം തൊട്ടേയുണ്ട്.

കൗമാരം തൊട്ടേ ശാസ്ത്രസാഹിത്യ പരിഷത്തിൽ പ്രവർത്തിച്ചു തുടങ്ങി. കാര്യകാരണ സഹിതം, അന്വേഷണ ബുദ്ധിയോടെ വസ്തുതകളെ സമീപിക്കാൻ പരിഷത്താണ് പരിശീലിപ്പിച്ചത്. അതേ ബുദ്ധിയോടെ രാഷ്ട്രീയ കക്ഷികളേയും പരിശോധിച്ചു. ബി ജെ പി യും സംഘപരിവാറും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും നയങ്ങളും മനുഷ്യർക്ക് യോജിച്ചതല്ലെന്ന് തിരിച്ചറിഞ്ഞു. (തീർച്ചയായും അവരിൽ മനുഷ്യത്വമുള്ളവർ ഉണ്ടായിരിക്കാം. നല്ല സ്വപ്നങ്ങൾ ഉള്ളവർ ഉണ്ടായിരിക്കാം. അവർ ബി ജെ പി യെ ( ആർ എസ് എസിനെ എന്നു പറയാൻ കഴിയില്ല) മറ്റൊരു വഴിയിലേക്ക് നയിക്കുകയും ചെയ്തേക്കാം. പക്ഷേ അതൊരു വിദൂരവും വിരളവുമായ സാധ്യത മാത്രമാണ് ) സോഷ്യലിസ്റ്റ് ആശയപരിസരത്തു നിന്നിരുന്ന കോൺഗ്രസ്സ് നശിച്ചുകൊണ്ടിരിക്കുന്നത് അഴിമതി കൊണ്ടാണെന്നു മനസ്സിലാക്കി. അങ്ങനെ കോൺഗ്രസ്സ് നശിക്കുന്നിടത്തേക്ക് ബി ജെ പിയാണ് കയറി വരുന്നത് വരുന്നത് എന്നു കണ്ടു, കാണുന്നു. അതൊട്ടും സന്തോഷം പകരുന്നില്ല.

ഇടതുപക്ഷത്തോടുള്ള അനുഭാവം ഇല്ലാതായില്ല. അതിന്റെ ആവശ്യമില്ലെന്ന് ബോധ്യമായതോടെ ആ അനുഭാവം ഉൾകൊണ്ടു തന്നെ സ്വയം വിമർശനത്തിനു ശ്രമിച്ചു. പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ എന്ന പേരിൽ നിലനിന്നിരുന്നത് ഏകാധിപത്യ ഭരണമായിരുന്നു എന്നു കണ്ടു. അതുകൊണ്ടു തന്നെ ജനാധിപത്യത്തിൽ ഇടതുപക്ഷം ശക്തിപ്പെടുന്നതിനൊപ്പം ഇടതുപക്ഷത്തിൽ (പാർട്ടികളിൽ )ജനാധിപത്യവും ശക്തിപ്പെടേണ്ടതുണ്ട്, എന്നു തിരിച്ചറിഞ്ഞു. നവോത്ഥാനവും സ്വാതന്ത്ര്യസമരവും ഉഴുതുമറിച്ച മണ്ണിൽ ജനാധിപത്യരീതിയിൽ അധികാരത്തിൽ വന്ന ഇടതുപക്ഷത്തെ പരിശോധിച്ചു. ഭൂപരിഷ്ക്കരണത്തിലൂടെയും വിദ്യാഭ്യാസ, ആരോഗ്യ, പൊതുവിതരണ നയങ്ങളിലൂടെയും ശക്തമായി ഇടപ്പെട്ട് പുതിയൊരു കേരളം സൃഷ്ടിക്കാൻ ആത്മാർത്ഥമായി ശ്രമിച്ച, അതിൽ ഒരു പരിധി വരെ വിജയിച്ച ഇടതുപക്ഷത്തേയും ഭരണകൂടങ്ങളേയും കണ്ടു. അന്നത്തെ ഇടതുപക്ഷത്തിന്റെ പോരായ്മകളായി തോന്നിയത് :

1. കൃഷിയേയും വ്യവസായത്തേയും ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.
2. അവകാശം എന്നാൽ പണിയെടുക്കാതിരിക്കലാണ് എന്ന തെറ്റായ കാഴ്ച്ചപ്പാടിലേക്ക് വഴുതിപ്പോയ തൊഴിലാളികാഴ്ച്ചപ്പാട് സൃഷ്ടിച്ചു.
3. പട്ടികജാതി/പട്ടികവർഗ്ഗങ്ങളെ പരിഗണിക്കുന്നതിൽ ഗുരുതരമായ വീഴ്ച്ച.
4. പരിസ്ഥിതിഅവബോധമില്ലായ്മ.
5. തൊഴിൽ നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് യന്ത്രവൽക്കരണത്തോടുള്ള എതിർപ്പ് ഒരു തൊഴിലാളിവർഗ്ഗപാർട്ടിയിൽ നിന്ന് ഉയർന്നു വരുന്നത് സ്വാഭാവികമാണെങ്കിലും ഒരു ഭരണകൂടത്തിന്റെ പക്ഷത്തു നിന്ന് അതിന്റെ ക്രിയാത്മകമായി മറികടക്കാൻ കഴിയാതിരുന്നത്.

ഇതിൽ ഒന്നും രണ്ടും പ്രശ്നങ്ങൾ പ്രവാസവും അതിലൂടെ ( തീർച്ചയായും അത് ഇടതുപക്ഷം കണ്ടെത്തി വച്ചു നീട്ടിയ ഒരു പാതയല്ല ; മെച്ചപ്പെട്ട ജീവിതസാഹചര്യം കണ്ടെത്താനുള്ള മനുഷ്യന്റെ സഹജമായ അന്വേഷണത്വര കൊണ്ടുണ്ടായതാണ്. പക്ഷേ ആ വഴിയിലൂടെ എളുപ്പത്തിൽ നടന്നു കയറാൻ രണ്ടാം ഘട്ട പ്രവാസമലയാളിയെ സഹായിച്ചത് കേരളത്തിലെ സാർവത്രികമായ വിദ്യാഭ്യാസം തന്നെയാണ് ) നാട്ടിലെത്തിക്കുന്ന പണവും പരിഹരിച്ചു.

അഞ്ചാമത്തേത് സാങ്കേതികവിദ്യയിലെ പുരോഗതിയും പ്രവാസിപ്പണവും ഇല്ലാതാക്കി.

മൂന്നാമത്തേയും നാലാമത്തേയും പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.

ഇതുകൂടാതെ കേരളത്തിലെ ഇടതുപക്ഷം ഇപ്പോൾ നേരിടുന്ന പോരായ്മകളായി തോന്നുന്നത്.

1. അധികാരത്തിന്റേയും പണത്തിന്റേയും ദു:സ്വാധീനം.

2. പ്രവാസികളും കച്ചവടക്കാരും ബ്രോക്കർമാരും ഉൾപ്പെടുന്ന ഒരു മദ്ധ്യവർഗ്ഗത്തിന്റെ ദു:സ്വാധീനം.

3. ശാസ്ത്രബോധമില്ലായ്മ.

ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ, തിരുത്തലുകളില്ലാതെ ഇടതുപക്ഷം മുന്നോട്ടു പോയാൽ, ആ തിരുത്തലുകൾ മലയാളികൾക്ക് ബോധ്യമാവുകയും സ്വീകരിക്കുകയും ചെയ്യാതിരുന്നാൽ ഇന്നത്തെ ഇടതുപക്ഷം നാളെ മറ്റൊരു കോൺഗ്രസ്സും പിന്നെ മറ്റൊരു ബി ജെ പിയുമായി രൂപാന്തരപ്പെടുമെന്നു തന്നെ ഭയക്കുന്നു. നാളത്തെ കേരളം ഒരു മതതീവ്രവാദ മരുഭൂമിയായി മാറുമെന്നും.

Sunday, March 20, 2016

മദ്യപാന ചിന്തകൾ, സൗഹൃദം


മദ്യപിച്ച് കാലുറക്കാതെ വീട്ടിലെത്തിയ അച്ഛന്റെ നേരിയൊരോർമ്മയുണ്ട്. മദ്യപിക്കാറുണ്ടായിരുന്നെങ്കിലും അച്ഛനു ലക്കു കെട്ടത് അന്നു മാത്രമായിരുന്നു എന്ന് അമ്മ പറയുന്നു. അതിനു ശേഷം അച്ഛൻ മദ്യപിച്ചിട്ടില്ല. പക്ഷേ ചെയ്യാനൊട്ടും താല്പര്യമില്ലാതിരുന്ന ഒരു ജോലിയിലൂടെ പെൻഷനാവുന്ന കാലം വരെ മദ്യം അച്ഛനൊപ്പവും അതു വഴി ഞങ്ങൾക്കൊപ്പവും ഉണ്ടായിരുന്നു. അത്യാവശ്യമായി മറ്റാവശ്യങ്ങൾക്കെവിടേക്കെങ്കിലും പോകേണ്ടി വരുമ്പോൾ, മുതിർന്നതിനു ശേഷം ഇടയ്ക്കൊക്കെ എന്നെ ഷാപ്പിൽ ഇരുത്താറുണ്ടായിരുന്നു അച്ഛൻ. അവിടെ ഞാൻ പലതരം മദ്യപാനികളെ കണ്ടു. കുടിച്ചാൽ സ്നേഹവും വാത്സല്യവും പെരുകുന്നവർ, തെറി പറയുന്നവർ, ചൂടാവുന്നവർ, ശണ്ഠയ്ക്കു തയ്യാറെടുക്കുന്നവർ, പറ്റിക്കുന്നവർ, പാടുന്നവർ, കരയുന്നവർ, കൃത്യമായ അളവ് സൂക്ഷിക്കുന്നവർ, ഒന്നിൽ നിന്ന് രണ്ടിലേക്കും മൂന്നിലേക്കും പോകുന്നവർ.

കള്ളുഷാപ്പിനൊരു പ്രത്യേകതയുണ്ട്. കുടിച്ചതിനു ശേഷമേ പൈസ നൽകേണ്ടതുള്ളൂ.  'വലുതും ചെറുതു'മൊക്കെ വാങ്ങുന്നവരുടെ കണക്കു സൂക്ഷിക്കുക,  പൈസ വാങ്ങുക, ചില്ലറ തിരികെ കൊടുക്കുക ഇതൊക്കെ മെനക്കേടു പിടിച്ച പണിയായിരുന്നു.  കുപ്പി വാങ്ങി ഷാപ്പിന്റെ മൂലകളിലേക്കു  നീങ്ങുന്നവരൊക്കെ കുടി കഴിഞ്ഞ് കൃത്യമായി പൈസ തരുമോ, തരാതെ മുങ്ങുമോ എന്നൊക്കെ ഓർത്ത് വലിയ വേവലാതി അനുഭവപ്പെട്ടിരുന്നു അന്ന്. ഷാപ്പിൽ നിന്നിറങ്ങാൻ നേരത്ത് അച്ഛൻ ഒരു ഗ്ലാസ്സ് കള്ളു തരും. നല്ല എരിവുള്ള ഷാപ്പുകറിയും. “നാം മദ്യം കുടിക്കുന്നതിൽ തെറ്റില്ല. പക്ഷേ നമ്മളെ മദ്യം കുടിക്കരുത്” ഇതായിരുന്നു അച്ഛന്റെ മദ്യനയം.  നാട്ടിലെ ഉത്സവത്തിനു സുഹൃത്തുക്കൾക്ക് മദ്യസത്കാരം നടത്തുന്ന പതിവ്, ചേച്ചിമാർ മുതിർന്നതോടെ അച്ഛൻ നിർത്തി. അന്നൊക്കെ അതിൽ നിന്നുള്ള 'പൊട്ടും പൊടിയും'    ഒക്കെ കഴിക്കുന്നതിൽ അമ്മയും എതിർപ്പ് കാണിച്ചിരുന്നില്ല.

കൂട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം ബിയറും കഴിച്ചിട്ടുണ്ട്. കൂടിയ അളവിൽ മദ്യം കഴിക്കുന്നത് അതു പോലൊരു ഉത്സവദിവസമാണ്. വിരുന്നുകാരായ രണ്ടു സുഹൃത്തുക്കൾക്കൊപ്പം. പാനോത്സവത്തിനു ശേഷം അവരിൽ ഒരാൾ അകാരണമായി ചിരിച്ചു കൊണ്ടിരുന്നു. രണ്ടാമത്തെയാൾ കൂടുതൽ ഗൗരവക്കാരനായി. ഞാനാകട്ടെ, നാവിന്റെ കെട്ടു വിട്ട് ഉച്ചത്തിൽ സംസാരിക്കാനും. മൊത്തത്തിൽ ഒരു ലാഘവത്വം അനുഭവപ്പെടുന്നുണ്ട് എന്നതല്ലാതെ, പ്രിയപ്പെട്ടവർക്കൊപ്പമിരുന്ന്  ഭക്ഷണം കഴിക്കുമ്പോഴും സല്ലാപങ്ങളിലേർപ്പെടുമ്പോഴും ലഭിക്കുന്ന ആഹ്ലാദത്തേക്കാൾ ഒരു തരി പോലും കൂടുതലായി അപ്പോഴും അനുഭവപ്പെടുന്നില്ലെന്ന്  തിരിച്ചറിഞ്ഞതോടെ മദ്യത്തോടുള്ള താല്പര്യം  ഇല്ലാതായി.  ഇപ്പോൾ ബാക്കിയുള്ളത് വിവിധ തരം മദ്യങ്ങൾ രുചിച്ചു നോക്കാനുള്ള ആഗ്രഹം  മാത്രമാണ്.( അഡിക്ഷനായി കഴിഞ്ഞ എന്തിനോടും ‘നോ’ പറയാൻ അച്ഛനെ പോലെ ഉറപ്പുള്ള മനസ്സില്ലെന്ന് തീർച്ചയുള്ളതു കൊണ്ട്, ആദ്യത്തെ പെഗ്ഗിനു/കപ്പിനുള്ള ‘സ്നേഹനിർബന്ധ’ത്തിനു തന്നെ ‘നോ’ പറയുന്നു. ആ നിലപാടു കൂടുതലുറയ്ക്കാൻ മദ്യപാനാസക്തിക്കെതിരെ പരസ്യമായി നിലപാടു സ്വീകരിക്കുന്നു. )


അതിനു ശേഷം,  ജോലി കിട്ടിയതിനു രണ്ടു സുഹൃത്തുക്കളെ അവരുടെ നിർബന്ധപ്രകാരം ബാറിൽ സത്ക്കരിച്ചു.  ‘മൂന്നു പെഗ്ഗു വീതം’ അതായിരുന്നു എന്റെ ഓഫർ.  അതു കഴിച്ചു കൊണ്ടിരിക്കേ നാട്ടിലെ എന്റെ ഒരു സുഹൃത്ത് ഞങ്ങൾക്കരികിലേക്ക് വന്നു. പിന്നെ അവർ തമ്മിൽ പരിചയപ്പെട്ടു. കുപ്പികൾ ഒഴിഞ്ഞു കൊണ്ടിരുന്നു. എന്റെ  ‘ഓഫറിനു’ ശേഷമുള്ള മദ്യത്തിനു ഞാൻ പൈസ കൊടുക്കേണ്ടതില്ലെന്ന് അവർ  പറഞ്ഞു. മദ്യം നൽകി ആരേയും സത്ക്കരിക്കേണ്ടതുമില്ല എന്ന തീരുമാനമെടുക്കുന്നത് അതോടെയാണ്.  

പോളിയിൽ പഠിക്കുമ്പോൾ, കുടിച്ചു പൂസാവാറുള്ള സുഹൃത്തുക്കളെ ഓർമ്മ വരുന്നുണ്ട്. അവരിലൊരാൾക്ക്  ബോധം വരുന്നതുവരെ വെളിമ്പറമ്പിൽ  കാവലിരുന്നതും, നാട്ടുകാരിലൊരാൾ പറഞ്ഞതനുസരിച്ച് മോരു കുടിപ്പിച്ച് ചർദ്ദിപ്പിച്ചതും ഓർമ്മയുണ്ട്. ബോധം മറയുന്നതുവരെ കുടിക്കുന്നതെന്തിന് എന്ന ചോദ്യത്തിനു കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ( ശാസ്ത്രീയമായ വിശദീകരണമല്ല, തങ്ങൾ എന്തിനങ്ങനെ കുടിക്കുന്നു എന്നതിനുള്ള മറുപടിയാണന്വേഷിച്ചത് ) അതങ്ങനെ സംഭവിച്ചു പോകുന്നതാണ് എന്ന് ചിലർ പറയുന്നു. അതെന്തായാലും ചെറുപ്പക്കാർക്കിടയിൽ ‘കൂടുതൽ കപ്പാസിറ്റി’, ‘ ഡ്രൈ അടിക്കുന്നവൻ’ ഇതൊക്കെ ബഹുമാനാർത്ഥം നൽകുന്ന വിശേഷങ്ങളായി തോന്നിയിട്ടുണ്ട്. ഈ ‘ബഹുമതി’ക്കു വേണ്ടിയാണോ അവർ കൂടുതൽ കൂടുതൽ കഴിച്ചു തുടങ്ങുന്നത് ?

ചാണകവും ചന്ദനവും ഇളനീരും വാറ്റും  വാളും മുരളിയും നല്ല പണവും കള്ളപ്പണവും ഒക്കെ എല്ലാ കാലത്തും സമൂഹത്തിലുണ്ടാവും. ഇതിലേതൊക്കെ വേണമെന്നും വേണ്ടമെന്നും ആത്യന്തികമായി തീരുമാനിക്കേണ്ടത് അവനവൻ തന്നെയാണ്, സംശയമില്ല. . പക്ഷേ അയാൾക്കു ചുറ്റുമുള്ളവർ, പ്രത്യേകിച്ചും സുഹൃത്തുക്കൾ അയാളുടെ തിരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്നുള്ളത് നിഷേധിക്കാൻ കഴിയുമോ ? .


കൂട്ടുകാരോടൊപ്പം മകൻ/ഭർത്താവ് ഇറങ്ങിപ്പോയ ശേഷം ഉറക്കം നഷ്ടപ്പെട്ട അമ്മയെ/ഭാര്യയെ കണ്ടിട്ടുണ്ട്. കൂട്ടുകാർ തിരിച്ചു കൊണ്ടാക്കിയ ശേഷം, മകന്റെ/ഭർത്താവിന്റെ ചർദ്ദിൽ കോരേണ്ടി വരുന്ന അമ്മയെ/ഭാര്യയെ, അവരുടെ കണ്ണീർച്ചാലുകളെ കണ്ടിട്ടുണ്ട്, ശാപവചനങ്ങൾ കേട്ടിട്ടുണ്ട്. എന്നുമാത്രമല്ല, അത്തരം കാഴ്ച്ചകളാണ് കൂടുതൽ കണ്ടിട്ടുള്ളത്. നേരെ മറിച്ചുള്ളവ വിരളവും. മദ്യാസക്തയിലേക്ക് ആണ്ടിറങ്ങി പോവുകയും ഇടക്കിടെ അതിൽ നിന്നു സ്വതന്ത്രനാവാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തിനു അവന്റെ വീട്ടുകാർക്കൊപ്പം അത്തരമൊരു ശ്രമത്തിനു പിന്തുണയും പ്രോത്സാഹനവും നൽകി കൊണ്ടിരിക്കേ, മദ്യപാനിയായ മറ്റൊരു സുഹൃത്തിന്റെ ക്ഷണത്തിനു കീഴടങ്ങി, നിരർത്ഥകമായ എന്തൊക്കെയോ വാദങ്ങൾ പറഞ്ഞ് അവൻ ഇറങ്ങിപ്പോവുന്നതു കാണേണ്ടി വന്ന നേരനുഭവം ഉണ്ടായിട്ടുമുണ്ട്.

അതൊക്കെ എങ്ങനെയായാലും,  എന്തെങ്കിലുമൊക്കെ വിശേഷാവസരങ്ങളിൽ മദ്യപിക്കുകയും  മിതമായി കഴിക്കുകയും ഒക്കെ ചെയ്യുന്നവരാണ് എനിക്കു ചുറ്റിലും എന്റെ സുഹൃദ്‌വലയത്തിലും കൂടുതൽ എന്ന് തീർച്ചയുണ്ട്.  ‘മദ്യപിക്കുന്നു’ എന്ന ഒരൊറ്റക്കാരണം കൊണ്ട് അവർക്ക് എന്റെ സുഹൃത്തുക്കളാവാനുള്ള യോഗ്യതയില്ല എന്ന നിലപാട് മണ്ടത്തരമാണ് എന്ന ബോധ്യവുമുണ്ട്.  

അതുകൊണ്ടു തന്നെ കലാഭവൻ മണിക്ക് വാറ്റ് സംഘടിപ്പിച്ചു കൊടുത്തയാൾ ( അങ്ങനെയാണു നടന്നതെങ്കിൽ ) അതുകൊണ്ടു മാത്രം മണിയുടെ നല്ല സുഹൃത്തല്ലായിരുന്നുവെന്ന് പറയാനാവില്ല. പക്ഷേ മണിക്ക് കരൾ രോഗമുണ്ടായിരുന്നുവെന്നും മദ്യം കഴിച്ചാൽ മണിയുടെ ആരോഗ്യം തകരാറിലാവുമെന്നും അറിഞ്ഞിട്ടും ( മണി നിർബന്ധിച്ചിട്ടുണ്ടെങ്കിൽ പോലും ) മദ്യം നൽകിയിട്ടുള്ളവർ നല്ല സുഹൃത്തുക്കളല്ല എന്ന് നിസ്സംശയം പറയാം. അവസാനത്തെ ആഗ്രഹമായി ഒരാൾ അങ്ങനെ ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകുന്നതിൽ തെറ്റൊന്നുമില്ല എന്ന് മുൻപ് ആരോ പറഞ്ഞു കണ്ടിട്ടുണ്ട്. അത് ശരിയാണോ തെറ്റാണോ എന്ന് തീർപ്പ് കല്പിക്കാനാവുന്നില്ല. പക്ഷേ, ഞാനാണ് അങ്ങനെയൊരു ശീലം അയാളിലുണ്ടാക്കിയതെങ്കിൽ, ഞാനോ സുഹൃത്തുക്കളോ  മദ്യം വാങ്ങിക്കൊടുത്താണ്  അയാളുടെ രോഗം മൂർച്ഛിച്ചതെങ്കിൽ, ആ അവസാന ആഗ്രഹം സാധിപ്പിച്ചു കൊടുക്കലിന്  എന്റെ മനസ്സാക്ഷി എനിക്കു മാപ്പു തരില്ല. ‘കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടോയി കൊല്ലിച്ചതും നീയേ ചാപ്പാ’ എന്ന്  ഞാനെന്നെ സ്വയം നീറ്റിക്കൊണ്ടിരിക്കും.

'നല്ല സുഹൃത്ത്' എന്ന് വിശേഷണത്തിന് എങ്ങനെയാണൊരാൾ അർഹനാവുന്നത് എന്ന സംശയം ബാക്കിയാവുന്നു.. തീർച്ചയായും അയാൾ നമ്മുടെ സുഖദു:ഖങ്ങൾ പങ്കിടേണ്ടതുണ്ട്,  നമ്മെ ആഹ്ലാദിപ്പിക്കേണ്ടതുണ്ട്, ആശ്വസിപ്പിക്കേണ്ടതുണ്ട്. ദുരിതകാലത്ത് കൂടെ നിൽക്കേണ്ടതുണ്ട്.  കണ്ണാടിയാവേണ്ടതുണ്ട്. 
 
വീട്ടിലെത്തുമ്പോൾ വീട്ടുകാർക്കു കൂടി സന്തോഷം ജനിപ്പിക്കുന്നയാൾ എന്നൊരു നിബന്ധന കൂടി ചേർക്കേണ്ടതുണ്ട് എന്നിപ്പോൾ തോന്നുന്നു.