Thursday, April 25, 2013

'എന്റെ മലയാളമേ' നെഞ്ചത്തടികൾ

സംസാരിക്കപ്പെടുന്നതുകൊണ്ടു മാത്രം ഒരു ഭാഷ നിലനിൽക്കും എന്ന് തോന്നുന്നില്ല. ആ ഭാഷ സംസാരിക്കുന്നവർക്ക് അതിനോടുള്ള ബഹുമാനവും സ്നേഹവും അത് നിലനിർത്താനുള്ള ബോധപൂർവ്വമുള്ള ശ്രമവും ഇല്ലെങ്കിൽ ക്രമേണ അതില്ലാതാവും. ഇതൊന്നുമില്ലാത്തതുകൊണ്ടാണ് ലോകത്ത് പലഭാഷകളും മരിച്ചു മണ്ണടിഞ്ഞത്. അദ്ധ്യയന മാദ്ധ്യമം മാതൃഭാഷയാക്കുന്നത് ഇത്തരമൊരു നിലനില്പിനും അത് അടുത്ത തലമുറയിലേക്കെത്തിക്കുന്നതിനും സഹായകരമാണ്. മാത്രമല്ല, അതാണ് സ്വാഭാവികവും. മാതൃഭാഷയിൽ അദ്ധ്യയനം നടത്തുന്നതാണ് കുട്ടികൾക്ക് അനുയോജ്യമെന്ന് ലോകത്തിലെ മിക്കവാറും എല്ലാ പരിഷ്കൃത സമൂഹങ്ങളും സ്വീകരിച്ചു വരുന്ന നിലപാടാണ്. അതിന് അതിന്റേതായ യുക്തിയും ശാസ്ത്രീയ പിന്തുണയുമുണ്ട്.

ഇംഗ്ലീഷിന്റെ പ്രാധാന്യം മനസ്സിലാക്കിയതു കൊണ്ട് തന്നെയാണ് ഇംഗ്ലീഷ് കേരള സിലബസ്സിൽ രണ്ടാം ഭാഷയായി സ്വീകരിച്ചിട്ടുള്ളതും ഒന്നാം തരം മുതൽ പഠിപ്പിച്ചു തുടങ്ങുന്നതും. പാഠപുസ്തകങ്ങളിലെ ഇംഗ്ലീഷ് കൃത്യമായി പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ടെങ്കിൽ, പത്താം തരം കഴിയുമ്പോഴേക്കും കുട്ടികൾക്ക് സുന്ദരമായി ഇംഗ്ലീഷ് സംസാരിക്കാനാവുന്ന വിധത്തിലാണ് ഇന്നത്തെ സിലബസ്സ് എന്നുള്ളത് ആ പാഠപുസ്തകങ്ങളും അദ്ധ്യയനരീതിയും കണ്ട് മനസ്സിലാക്കിയിട്ടുള്ള ഒരാളെന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ( കൃത്യമായി പഠിപ്പിക്കുന്ന അദ്ധ്യാപകർ എന്നതിന് അടിവരയിടുന്നു ).

ഭാഷയാകട്ടെ, ശാസ്ത്രശാഖകളാകട്ടെ, ഗണിതമാകട്ടെ, വിഷയങ്ങളോടുള്ള താത്പര്യം ജനിപ്പിക്കുന്നതിൽ അത് പഠിപ്പിക്കുന്ന അദ്ധ്യാപകനുള്ള പങ്ക് നിർണ്ണായകമാണ്. അദ്ധ്യാപകരോടുള്ള ഇഷ്ടവും അവർ വിഷയം കൈകാര്യം ചെയ്യുന്ന രീതിയുമാണ് കുട്ടികളെ വിഷയങ്ങളിലേക്ക് അടുപ്പിക്കുന്നത്; അല്ലാതെ അതിന്റെ പ്രയോജനക്ഷമതയും സങ്കീർണ്ണതകളുമൊന്നുമല്ല. അതുകൊണ്ടു തന്നെയാണ് പത്താം ക്ലാസ്സ് വരെ ഹിന്ദി പഠിച്ചിട്ടും ഒരു ശരാശരി മലയാളിയ്ക്ക് ഹിന്ദി പറയാനാവാത്തതും മലയാളം മൂന്നാം ഭാഷയായി പഠിക്കുന്ന കർണ്ണാൽ നവോദയ സ്കൂളിലെ കുട്ടികൾക്ക് അത് ജിലേബിയായി തോന്നുന്നതും. അവിടെ പ്രശ്നം വിഷയത്തിന്റേതല്ല, കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്റേതാണ് എന്നു ചുരുക്കം.

ഇംഗ്ലീഷ് മാദ്ധ്യമത്തിൽ പഠിച്ച കുട്ടികൾക്ക് മലയാളികൾക്ക് സുപരിചിതമായ പല വാക്കുകളും അറിയില്ല എന്ന് പൊതുവെ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ( അല്ലെങ്കിൽ രക്ഷാകർത്താക്കളിൽ നിന്ന് അതിനെതിരെയുള്ള ബോധപൂർവ്വമായ ശ്രമം വേണം. ആയിരത്തിലൊന്നു പേരെങ്കിലും അങ്ങനെ ശ്രമിക്കുന്നുണ്ടാവുമെന്ന് തോന്നുന്നില്ല ). സ്വാഭാവികമായും ഒരു തലമുറ കഴിയുമ്പോൾ മലയാളത്തിന്റെ തനതായ പല വാക്കുകളും ഇല്ലാതാവുകയും അവിടെ ഇംഗ്ലീഷ് വാക്കുകൾ കടന്നു വരികയും ചെയ്യും. അങ്ങനെയങ്ങനെ ശോഷിച്ച് ശോഷിച്ച് അഞ്ചോ പത്തോ തലമുറകൾ കഴിയുമ്പോൾ ഭാഷ ഇല്ലാതാവുകയും ചെയ്യും.

മലയാളത്തിൽ പഠിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല, അതിനേക്കാൾ അവരുടെ ഭാവിക്ക് നല്ലത് ഇംഗ്ലീഷിൽ പഠിപ്പിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സ്കൂളുകളാണ് എന്ന് കരുതുന്നവർക്ക് അത്തരം സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാം. പക്ഷെ ഒപ്പം തന്നെ 'എന്റെ മലയാളമേ' എന്ന് നെഞ്ചത്തടിച്ച് നിലവിളിക്കരുത്. അത് കാപട്യമാണ്. ദൂരെയുള്ള ശത്രുവിനെ ചൂണ്ടിക്കാട്ടി കൂട്ടായ്മയുടെ മുദ്രാവാക്യം വിളിക്കുകയും ശത്രു അടുത്തെത്തിയാൽ'സ്വന്തം കാര്യം സിന്ദാബാദ്' വിളിച്ച് അവന്റെ കാൽക്കൽ വീഴുകയും ചെയ്യുന്ന മലയാളികളുടെ സ്ഥിരം കാപട്യങ്ങളിലൊന്ന്.

26 comments:

 1. എന്താ ചെയ്യ്വാ...ഇംഗ്ലീഷുകാരന്‍ ഇവിടം വിട്ടു പോകുമ്പോള്‍ അവന്‍റെ ഭാഷയും സംസ്കൃതിയും മാത്രമല്ല അധിനിവേശത്തിന്റെ പരോക്ഷ (പ്രത്യക്ഷ)തന്ത്രങ്ങളും അതി സൂക്ഷ്മം കുത്തിവച്ചാണ് പോയിട്ടുള്ളത്...അതിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കാന്‍ മാത്രമല്ല അതാണേറേ മികച്ചതെന്നു വിളിച്ചു കൂവാനും നാം വിധിക്കപ്പെട്ടിരിക്കുന്നു.സ്വന്തം അസ്തിത്വബോധം വീണ്ടെടുക്കാന്‍ വൈകി.

  ReplyDelete
 2. ഡി പി ഇ പി വന്നത് മുതല്‍ ഇന്നത്തെ നമ്മുടെ സ്കൂള്‍ വിദ്യാഭ്യസ സംബ്രതായത്തോട് തികഞ്ഞ അവജ്ഞയാണ്. മലയാളം മാത്രമല്ല അവിടെ പഠിപ്പിക്കുന്നത്‌. മാറിവരുന്ന സര്‍ക്കാരുകള്‍ക്ക് കൈകടത്താനുള്ള ഒന്നല്ല വിദ്യാഭ്യാസ രംഗം. ഇന്ത്യയില്‍ തന്നെ ഏകീകൃത സിലബസ് എന്ന ആശയം നമ്മള്‍ എന്തുകൊണ്ട് അന്ഗീകരിക്കുന്നില്ല എന്നത് മനസിലാകാത്ത സംഗതിയാണ്. അല്പമെങ്കിലും ഇന്റര്‍നാഷണല്‍ നിലവാരമുള്ളത് സി.ബി എസ്.സി സിലബസ്സിനാണ്. അത് നമ്മുടെ സംവിധാനങ്ങള്‍ മനസിലാക്കി വിദ്യാഭ്യാസ വിദഗ്ധരെയും പണ്ഡിതരെയും ഉള്‍പെടുത്തി നല്ല രീതിയില്‍ പുനസംഘടിപ്പിക്കട്ടെ. അപ്പോള്‍ തീര്‍ച്ചയായും സര്‍ക്കാര്‍ സ്കൂളിലും കുട്ടികളുടെ ക്ഷാമം ഉണ്ടാവില്ല.

  വന്നുവന്ന് മലയാളം സ്കൂളില്‍ പഠിച്ചിട്ടും കുട്ടികള്‍ക്ക് മലയാളം പോലും വായിക്കാന്‍ അറിയില്ല. എന്നാലോ നൂറു ശതമാനം വിജയവും ഉണ്ട്.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. ഞാനും ജോസെലെറ്റുമെല്ലാം പഠിച്ചത് അദ്ധ്യാപകകേന്ദ്രീകൃതമായ വിഭ്യാഭ്യാസരീതിയായിരുന്നു. അന്ന് വിജയശതമാനം അമ്പത്തിനടുത്തായിരുന്നു എന്നായിരുന്നു എന്നാണോർമ്മ. അതായത്, ആ വിഭ്യാഭ്യാസരീതിയിൽ പഠിച്ചിരുന്ന അമ്പത് ശതമാനം കുട്ടികളും പരാജയപ്പെട്ടിരുന്നു എന്നാണല്ലൊ മനസ്സിലാക്കേണ്ടത്.നൂറിൽ അമ്പത് കുട്ടികൾ പരാജയപ്പെടുന്ന ഒരു വിഭ്യാഭ്യാസസമ്പ്രദായം, എന്തുകൊണ്ടാണ് മികച്ചത് എന്നു ജോസെലെറ്റ് പറയുമെന്ന് കരുതുന്നു.
   ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ശിശുകേന്ദ്രീകൃതമാണ്. ( http://en.wikipedia.org/wiki/Student-centred_learning ). അദ്ധ്യാപകകേന്ദ്രീകൃത വിഭ്യാഭ്യാസത്തെ അപേക്ഷിച്ച് ഒരുപാട് നേട്ടങ്ങൾ ഈ വിഭ്യാഭ്യാസരീതിയ്ക്കുണ്ട്. പലതും മുകളിലെ വിക്കി ലിങ്കിൽ പറയുന്നുമുണ്ട്. തെത്സുകൊ കുറേയാനഗി എഴുതിയ 'ടോട്ടോ - ചാൻ' ഈ രീതിയിൽ വിദ്യാഭ്യാസം നേടിയ ഒരു കുട്ടിയുടെ അനുഭവക്കുറിപ്പുകളാണ് പങ്കു വെക്കുന്നത്. ജോസെലെറ്റിനു സമയമുണ്ടെങ്കിൽ ഈ പുസ്തകമൊന്ന് വാങ്ങി വായിക്കൂ.ഈ രീതിയുടെ പലഗുണങ്ങളും അതിൽ നിന്നു തന്നെ മനസ്സിലാകും. ചില മാധ്യമങ്ങളും ഈ സമ്പ്രദായത്തോട് എതിർപ്പുള്ള ചില അദ്ധ്യാപകരും പുലർത്തുന്ന അഭിപ്രായം സ്വീകരിച്ചാണ് ജോസെലെറ്റിന് ഈ സമ്പ്രദായത്തോട് പുച്ഛമുണ്ടായതെന്ന് ഭയക്കുന്നു.

   കുട്ടികളുടെ വിഭിന്നശേഷികൾ, നിരന്തരമൂല്യനിർണ്ണയത്തിലൂടെ ഈ സമ്പ്രദായത്തിൽ അളക്കപ്പെടുന്നുണ്ട്.

   സി ബി എസ് സി സിലബസ്സും കേരള സിലബസ്സും തമ്മിൽ താരതമ്യ പഠനം നടത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കെ എസ് ടി ഏ എന്ന അദ്ധ്യാപകസംഘടനയും ഓരോ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ധ്യാപകർക്ക് നിരന്തര പരിശീലനം, മറ്റ് സാമൂഹ്യസ്ഥാപനങ്ങളുടെയും ഗവണ്മെന്റ് വകുപ്പുകളുടെയും പിന്തുണ, മികച്ച അദ്ധ്യാപകർ ( ഗവ. സ്കൂളിൽ പി എസ് സി വഴിയാണല്ലൊ അദ്ധ്യാപകർ നിയമിക്കപ്പെടുന്നത് ), പ്രാദേശിക പ്രാധാന്യമുള്ള വിവരങ്ങൾ കൂടുതലായി ഉൾക്കൊള്ളിച്ചതും സംതുലിതവുമായ സിലബസ്സ്, തുടങ്ങി പല ഗുണങ്ങളും അതിൽ കേരള സിലബസ്സിനു എടുത്തു പറയുന്നുണ്ട്. ഗവണ്മെന്റ് സ്കൂളുകളുടെ ഭൗതികസാഹചര്യവും വളരെ മെച്ചപ്പെട്ടിട്ടുണ്ട്. പിന്നെയല്പം മോശം പറയാവുന്നത് എയിഡഡ് സ്കൂളുകളാണ്. ഇനിയും ഏറെ മാറ്റം വരാനുള്ളത് അദ്ധ്യാപകർക്ക് മാത്രമാണ് എന്നാണ് എന്റെ തോന്നൽ. ഈ വിഭ്യാഭ്യാസസമ്പ്രദായത്തിൽ അവർക്ക് പിടിപ്പത് ജോലിയുണ്ട് എന്നതു തന്നെ ഒന്നാമത്തെ കാരണം. മറ്റൊന്ന്, മനുഷ്യരെല്ലാം ശീലിച്ചവർ പാലിക്കുന്നതായതുകൊണ്ടും.
   പല രീതിയിലും നാനാത്വം പുലർത്തുന്ന ഇന്ത്യൻ ജനതയ്ക്ക്, അനുയോജ്യമായ ഒരു ഏകീകൃത വിഭ്യഭ്യാസരീതി നടപ്പാക്കുന്നതിന് വലിയ രീതിയിലുള്ള ചർച്ചകൾ ആവശ്യമാണ്.

   പല സംസ്ഥാനങ്ങളിലും മാറി മാറി ജോലി ചെയ്യേണ്ടി വരുന്ന കേന്ദ്രഗവണമെന്റ് ജീവനക്കാരുടെ കുട്ടികളുടെ വിഭ്യാഭ്യാസത്തിനു വേണ്ടിയാണ് സി ബി എസ് ഇ സിലബസ്സ് തയ്യാറാക്കപ്പെട്ടത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതുപോലെ, ഇന്ത്യയിൽ ജീവിതം തുടരുന്ന ആംഗ്ലോ - ഇന്ത്യൻ വംശജർക്ക് വേണ്ടിയാണ് ഐ സി എസ് ഇ സിലബസ്സ് തയ്യാറാക്കപ്പെട്ടതെന്നും.

   കഴിഞ്ഞ തവണ, സി ബി എസ് സി സ്കൂളുകൾക്കും തൊണ്ണൂറിനു മേലെ വിജയശതമാനം ഉണ്ടായിരുന്നു എന്നാണോർമ്മ. അതൊരിക്കലും ഒരു ചർച്ചയായി വന്നില്ല. അവിടെ നിന്ന് വിജയിച്ചു പുറത്തു വരുന്ന എല്ലാ കുട്ടികൾക്കും അവർ പഠിച്ച വിഷയങ്ങളില്ലെല്ലാം പ്രാവീണ്യമുണ്ടോ, അവർക്ക് എല്ലാ വാക്കുകളും അക്ഷരത്തെറ്റ് കൂടാതെ എഴുതാനാവുമോ ഇതൊന്നും ചർച്ചയായില്ല.കാരണം, അവിടെ സമൂഹത്തിലെ വരേണ്യവർഗ്ഗത്തിന്റെ മക്കളാണ് പഠിക്കുന്നത്. അവർക്ക് പെരുത്തും ബുദ്ധിയാണല്ലൊ.

   കേരള ഗവ/എയിഡഡ് സ്കൂളുകളിൽ പത്താം ക്ലാസ്സ് വിജയശതമാനം തൊണ്ണൂറിനു മേലെയാവുമ്പോൾ പലർക്കും കണ്ണു തള്ളുന്നു. അവരുടെ ഗുണമില്ലായ്മയെ കുറിച്ച് വലിയ ആശങ്കകളുയരുന്നു. കാരണം അവർ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ മക്കളാണല്ലൊ.അവർക്ക് ബുദ്ധിയുണ്ടാവാൻ തരമില്ലല്ലൊ.

   Delete
 3. ഒക്കെ ഇല്ലാതാക്കും; എന്നിട്ട് 'എല്ലാം ഇല്ലാതായി' എന്ന്‍ വിലപിക്കുന്ന മലയാളിയുടെ മുതലക്കണ്ണീര്‍, അല്ലെ?

  ReplyDelete
 4. മുംബൈ പോലുള്ള നഗരങ്ങളില്‍ പ്രവാസികളായ ഞങ്ങള്‍ക്ക് മലയാളം മീഡിയം സ്കൂളുകള്‍ പരിമിതമാണ്. അങ്ങിങ്ങായി വിരലില്‍ എണ്ണാവുന്ന ഒന്നോ രണ്ടോ സ്കൂളുകള്‍ മാത്രം. കിലോമീറ്ററുകള്‍ ദൂരമുള്ള ഇത്തരം ഇടങ്ങളില്‍ അയച്ചു കുട്ടികളെ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. പ്രത്യേകിച്ചും ഭാര്യയും ഭര്‍ത്താവും കൂടി ജോലി ചെയ്താലേ കാര്യങ്ങള്‍ നടക്കൂ എന്ന തലത്തിലുള്ള എന്നെ പോലോരാള്‍ക്ക്. അപ്പോള്‍ സ്വാഭാവികമായും ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തന്നെ ശരണം. എന്റെ മക്കള്‍ നന്നായി മലയാളം സംസാരിക്കും. മോന്‍ എഴുതുകയും വായിക്കുകയും ചെയ്യും. മോള്‍ക്ക്‌ എഴുതാനും വായിക്കാനും അറിയില്ല. ഈ പരിമിതികള്‍ എല്ലാം ഉള്ള നിരവധി പേര്‍ ഉണ്ടെന്നിരിക്കെ ഒരിക്കലും എന്റെ മലയാളമേ എന്ന് നെഞ്ചത്തടിച്ചു ഞാന്‍ വിലപിക്കാറില്ല. എന്റെ ജന്മനാടിനോടുള്ള സ്നേഹവും എന്റെ ഭാഷാ സ്നേഹവും എന്റെ ഉള്ളില്‍ തന്നെയാണ്.

  ReplyDelete
  Replies
  1. കുടുംബസമേതം അന്യദേശത്ത് താമസിക്കുന്ന മലയാളികളെ ഉദ്ദേശിച്ചല്ല ഇതെഴുതിയതെന്ന് വ്യക്തമാക്കട്ടെ. കുട്ടികളെ മലയാളമാദ്ധ്യമത്തിൽ തന്നെ പഠിപ്പിക്കാൻ അവർക്ക് പ്രായോഗികബുദ്ധിമുട്ടുകളുണ്ട് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിൽ തന്നെയും, സ്വന്തം കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കാൻ ആത്മാർത്ഥമായ യാതൊരു ശ്രമവും ഇല്ലാതെ ( അത് വീട്ടിൽ വച്ചും ചെയ്യാമല്ലൊ ) മലയാളം നശിക്കുന്നതിനെ ചൊല്ലി കണ്ണീരൊഴുക്കുന്നവരെയാണ് പരാമർശിക്കാൻ ശ്രമിച്ചത്. പ്രവാസികളെ മാറ്റി നിർത്തിയാലും, കേരളത്തിൽ തന്നെയുണ്ടല്ലൊ ആറുകോടിയോളം മലയാളികൾ. അവരെന്തു ചെയ്യുന്നു,( പ്രത്യേകിച്ചും ഇടത്തരക്കാരും അതിനു മുകളിലുള്ളവരും ) എന്നുള്ള ചോദ്യം കൂടിയാണ് ഉയർത്താൻ ശ്രമിച്ചത്.

   Delete
 5. മൂത്താര് പറഞ്ഞപോലെ

  പാക്കിസ്ഥാന്‍ ആക്രമിച്ചപ്പോള്‍ ഉറുദുവും ചൈനീസ്‌ അധിനിവേശം ഉണ്ടായപ്പോള്‍ രഹസ്യമായി ചൈനീസും പഠിച്ചവര്‍, ചിലപ്പോള്‍ ആവശ്യം വന്നാലോ !!!

  (പയ്യന്‍സ്)

  ReplyDelete
 6. ഞാനിന്നാട്ടുക്കാരനെയല്ല:))

  ReplyDelete
 7. മനുഷ്യത്വം പഠിപ്പിക്കട്ടെ

  ReplyDelete
 8. താങ്കള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത് എന്ന വ്യക്തമാവുന്നില്ല. പോസ്റ്റിനോടൊപ്പം താങ്കള്‍ ചേര്‍ത്ത കമന്റില്‍ നിന്നുകൂടി വായിച്ച് താങ്കളിവിടെ അവതരിപ്പിക്കാന്‍ ശ്രമിച്ച ആശയം അബദ്ധജടിലമായിപ്പോയി എന്നു പറയുമ്പോള്‍ ഞാന്‍ എതിര്‍ക്കുന്നത് താങ്കളെയല്ല , അവതരിപ്പിച്ച വാദഗതികളെയാണ് എന്ന് ദയവായി മനസ്സിലാക്കുക....

  ഒരു കാര്യം മാത്രം ചോദിച്ചോട്ടെ - സി.ബി.എസ്.സി സിലബസില്‍ സമൂഹത്തിലെ വരേണ്യവര്‍ഗത്തിന്റെ മക്കളും, സ്റ്റേറ്റ് സിലബസില്‍ താഴേക്കിടയിലുള്ളവരുടെ മക്കളുമാണ് പഠിക്കുന്നതെന്ന് താങ്കള്‍ സാമാന്യവല്‍ക്കരിച്ചതിന്റെ യുക്തി എന്താണ്.....ശാസ്ത്രസാഹിത്യ പരിഷത്തിലേയും, കെ.എസ്.ടി.എ യിലേയും ജന്മമഹത്വം കൊണ്ട് ബുദ്ധിജീവിപ്പട്ടം കിട്ടിയ ചില വരേണ്യകുമാരന്മാര്‍ യാതൊരു ഗവേഷണ പഠനങ്ങളുടേയും പിന്‍ബലമില്ലാതെ എഴുതിവിട്ട ആ പുസ്തകത്തിലെ വരികള്‍ താങ്കള്‍ ആവര്‍ത്തിക്കും മുമ്പ് സാമാന്യയുക്തികൊണ്ട് ഒന്നു ചിന്തിക്കാമായിരുന്നു.ചുറ്റും ഒന്ന് കണ്ണോടിക്കാമായിരുന്നു......

  പഴയകാലത്തെ വിദ്യാഭ്യാസമെന്താ ശിശുകേന്ദ്രീകൃതമല്ലായിരുന്നോ... പഴയ ചില അദ്ധ്യാപകരോട് ചോദിച്ചുനോക്കൂ. അവര്‍ പഠിപ്പിച്ചതും ശിശുകേന്ദ്രീകൃതവിദ്യാഭ്യാസം തന്നെ.... ക്ലാസ് റൂമുകളിലെ രീതികള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതും മനസിലാക്കുക.... ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള അശാസ്ത്രീയ നിലപാടുകളുടെ കൂത്തരങ്ങായ പ്രസ്ഥാനങ്ങള്‍ വ്യവസ്ഥിതിയെ മധ്യകാലത്തെ മൂല്യബോധത്തിനും പിന്നിലെത്തിച്ചതിന്റെ കുഴപ്പങ്ങള്‍ ക്ലാസ് മുറികളില്‍ കാണാനുമുണ്ട്. വളരേയധികം കേന്ദ്രീകരിക്കപ്പെട്ട പുതിയ സമ്പ്രദായത്തില്‍ തന്റേതായ സര്‍ഗാത്മകമായ ഏതെങ്കിലും പഠനപ്രവര്‍ത്തനം അദ്ധ്യാപകന് ക്ലാസ് മുറിയില്‍ നടത്താനുള്ള സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു. ചില ശാസ്ത്രസാഹിത്യകുമാരന്മാര്‍ പറഞ്ഞതിനപ്പുറം അറിവിന്റെ അനന്തവിഹായസ്സലേക്ക് പറക്കാന്‍ ശ്രമിക്കുന്ന അദ്ധ്യാപകന്‍ സസ്പെന്‍ഷന്‍ വാങ്ങി വീട്ടില്‍ ഇരിക്കുകയേ ഉള്ളു - സത്യമാണ് സുഹൃത്തേ ,മലയാളിയുടെ വിദ്യാഭ്യാസം പഴയതിനേക്കാളും പതിന്മടങ്ങ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സര്‍ഗാത്മകത നഷ്ടമായിരിക്കുന്നു....

  വിജയശതമാനം വര്‍ദ്ധിച്ചതുകൊണ്ട് നിലവാരം ഉയര്‍ന്നതായി ഒരു വാദം താങ്കള്‍ അവതരിപ്പിച്ചതിന് മറുപടിയായി ഹാ കഷ്ടം എന്നു മാത്രം പറയുന്നു....

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. ആശയങ്ങളെ ആശയങ്ങളായി കണ്ട് എതിർക്കാനും ഒപ്പം തന്നെ വ്യക്തികളോടുള്ള സ്നേഹം നിലനിർത്താനും കഴിയും എന്നു തന്നെയാണ് വിശ്വാസം മാഷെ. ആ കാര്യത്തിൽ പേടി വേണ്ട. :)

   പോസ്റ്റിൽ പറയാനുദ്ദേശിച്ചത് മലയാളത്തെ ചൊല്ലി നിലവിളിക്കുകയും, അതേ സമയം വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി മലയാളത്തെ തള്ളികളയുകയും ചെയ്യുന്ന മലയാളികളുടെ കാപട്യത്തെ കുറിച്ചാണ്.

   ജോസെലെറ്റിനുള്ള മറുപടിയിൽ, മലയാളികളിൽ പൊതുവെ കാണുന്ന ചില പ്രവണതകൾക്കും തെറ്റിദ്ധാരണകൾക്കും മറുപടി നൽകാനും ശ്രമിച്ചു.

   ഇതിലേതൊക്കെയാണ് അബദ്ധജടിലം എന്ന് സ്പഷ്ടമായി ചൂണ്ടി കാണിച്ചാൽ ഉപകാരമായി.

   ഒരു സി ബി എസ് സി സ്കൂളിലെ (പത്താം തരം വരെയുള്ള ) രക്ഷാകർത്താക്കളിൽ ബി പി എൽ വിഭാഗത്തിൽ പെടുന്ന എത്ര രക്ഷിതാക്കളുണ്ട് എന്ന് മാഷൊന്നു പരിശോധിച്ചു നോക്കുക. രക്ഷാകർത്താക്കളുടെ ശരാശരി വരുമാനം കണക്കാക്കുക. ഇതു തന്നെ ഒരു ഗവണ്മെന്റ് സ്കൂളിലും കണക്കാക്കി നോക്കുക. മാസ്റ്റർക്ക് ഞാൻ സാമാന്യവൽക്കരിച്ചതിന്റെ യുക്തി മനസ്സിലാകും.

   (പ്ലസ് ടു സ്കൂളുകളുടെ കാര്യത്തിൽ വ്യത്യാസമുണ്ട്. സി ബി എസ് സി സ്കൂളുകൾ പ്ലസ് ടു മേഖലയിൽ കുറവായതുകൊണ്ട് പത്താം തരത്തിനു ശേഷം സി ബി എസ് ഇ കുട്ടികളും കേരള ഗവ,/എയിഡഡ് പ്ലസ് ടു സ്കൂളുകളിൽ പഠിക്കുന്നുണ്ട് ). പരിഷത്തല്ല, ഏത് വരേണ്യകുമാരന്മാർ പറഞ്ഞാലും എന്റെ യുക്തി കൂടി വച്ച് ബോധ്യപ്പെട്ടിട്ടേ ഒരു കാര്യം പറയാറുള്ളു.

   ഗവ. സ്കൂളുകളുടെ നേട്ടമായി അവർ പറഞ്ഞതായി മേലെ പറഞ്ഞത് ഇതൊക്കെയാണ് : 1. അദ്ധ്യാപകർക്ക് നിരന്തര പരിശീലനം - വിദ്യാഭ്യാസ വകുപ്പ് എല്ലാ വർഷവും വെക്കേഷൻ സമയത്ത് അദ്ധ്യാപകർക്ക് നിർബന്ധപരിശീലനം നൽകി വരുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയത്.
   2. മറ്റ് സാമൂഹ്യസ്ഥാപനങ്ങളുടെയും ഗവണ്മെന്റ് വകുപ്പുകളുടെയും പിന്തുണ - കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഹെൽത്ത് സെന്ററുകൾ വഴിയും ആരോഗ്യവകുപ്പ് വഴിയും നൽകുന്ന പരിശോധനകൾ, ചികിത്സകൾ, വനം വകുപ്പ്, ഗതാഗത വകുപ്പ്,കൃഷിവകുപ്പ്, ആഭ്യന്തരവകുപ്പ് ( പോലീസ്) തുടങ്ങിയ വകുപ്പുകളിലൂടെ നൽകുന്ന സേവനങ്ങളും ബോധവൽക്കരണക്ലാസുകളും. 3. മികച്ച അദ്ധ്യാപകർ - ഗവ. സ്കൂളിൽ പി എസ് സി വഴി നിയമിക്കപ്പെടുന്നതുകൊണ്ട്>
   4.പ്രാദേശിക പ്രാധാന്യമുള്ള വിവരങ്ങൾ കൂടുതലായി ഉൾക്കൊള്ളിച്ചതും സംതുലിതവുമായ സിലബസ്സ് - എസ് സി ഇ ആർ ടി തയ്യാറാക്കുന്നത്. ഇതൊക്കെയാണ് സർക്കാർ സ്കൂളുകളുടെ പ്രധാനഗുണങ്ങളായി എടുത്തു പറഞ്ഞത്. ഇതിലേതാണ് സാമാന്യയുക്തിയ്ക്ക് നിരക്കാത്തതായി മാഷിനു തോന്നിയത് ? പി എസ് സി ടെസ്റ്റിനും മറ്റുമായി ജില്ലയിലും പുറത്തുമുള്ള പല ഗവൺമ്നെറ്റ് സ്കൂളുകളും നേരിട്ട് കണ്ടപ്പോഴും ഭൗതികസാഹചര്യങ്ങൾ പണ്ടത്തെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എന്നു തന്നെയാണ് തോന്നിയിട്ടുള്ളത്.

   പണ്ടത്തെ അദ്ധ്യയനരീതി ശിശുകേന്ദ്രീകൃതമല്ല, അദ്ധ്യാപകകേന്ദ്രീകൃതം തന്നെയായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.പണ്ടും ചില അദ്ധ്യാപകരെങ്കിലും ശിശുകേന്ദ്രീകൃതരീതിയിൽ പഠിപ്പിച്ചിട്ടുണ്ടാവാം. പക്ഷെ അദ്ധ്യയനരീതിയിൽ കാതലായ മാറ്റമുണ്ടാവുന്നത് പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതോടെയാണ്. ക്ലാസ്സ് റൂമിലെ രീതികളിൽ വലിയ മാറ്റം ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നു. അദ്ധ്യാപകർ മാറിയിട്ടില്ല എന്ന് തന്നെയാണല്ലൊ ഞാനും പറഞ്ഞത്. പുതിയ പാഠ്യപദ്ധതി അദ്ധ്യാപകർ ഇനിയും വേണ്ടത്ര ഉൾകൊള്ളുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല എന്നതിനു പ്രധാന കാരണം അതിൽ അദ്ധ്വാനം കൂടുതലായതുകൊണ്ടാണ് എന്നു പറയുകയും ചെയ്തു. ശീലിച്ചതേ പാലിക്കാനാണ് മനുഷ്യനു പൊതുവെ ഇഷ്ടം എന്ന രണ്ടാമതൊരു കാരണം കൂടി ചൂണ്ടി കാട്ടി.


   Delete
  3. ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള അശാസ്ത്രീയ നിലപാടുകളുടെ കൂത്തരങ്ങായ പ്രസ്ഥാനങ്ങള്‍ വ്യവസ്ഥിതിയെ മധ്യകാലത്തെ മൂല്യബോധത്തിനും പിന്നിലെത്തിച്ചതിന്റെ കുഴപ്പങ്ങള്‍ ക്ലാസ് മുറികളില്‍ കാണാനുമുണ്ട്. >> ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഏതു നിലപാടുകളിലാണ് അശാസ്ത്രീയത എന്നു സ്പഷടമാക്കാനഭ്യർത്ഥിക്കുന്നു. ചിലപ്പോൾ എനിക്കു മറുപടി തരാൻ കഴിഞ്ഞേക്കില്ല. എങ്കിലും അത് മുതിർന്ന പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുകയെങ്കിലും ചെയ്യാമല്ലൊ. ക്രിയാത്മകവിമർശനങ്ങൾ ഉൾകൊള്ളാനും സ്വയം പരിഷ്ക്കരിക്കാനും തയ്യാറുള്ള സംഘടനയാണ് പരിഷത്ത് എന്ന് ഇത്രയും കാലത്തെ പ്രവർത്തനത്തിൽ എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്.

   പുതിയ പാഠ്യപദ്ധതിയനുസരിച്ചുള്ള സർഗാത്മകമായ എന്ത് പഠനപ്രവർത്തനം നടത്താനും അദ്ധ്യാപകനു സ്വാതന്ത്ര്യമുണ്ട് എന്നാണ് പുറമെ നിന്നു നോക്കുന്നയാൾ എന്ന രീതിയിൽ എനിക്കു തോന്നിയിട്ടുള്ളത്. തീർത്തും വിപ്ലവകരവും നവീനവുമായ പ്രവർത്തനങ്ങളാണെങ്കിൽ അത് മേലുദ്യോഗസ്ഥരെയും സഹപ്രവർത്തകരെയും രക്ഷിതാക്കളെയുമെല്ലാം ബോധ്യപ്പെടുത്തുക കൂടി ആവശ്യമാണ്/നന്നായിരിക്കും എന്നും തോന്നുന്നു.

   വിജയശതമാനം വർദ്ധിച്ചതുകൊണ്ട് നിലവാരം ഉയർന്നതായി ഞാൻ പറഞ്ഞില്ല. സർക്കാർ സ്കൂളുകളിൽ വിജയശതമാനം തൊണ്ണൂറ് ശതമാനത്തിനു മുകളിലെത്തിയാൽ അത് അശാസ്ത്രീയവും കൃത്രിമവുമാണെന്ന് പറയുകയും സി ബി എസ് ഇ സ്കൂളുകളിലെ വിജയശതമാനം ഇതേ ശതമാനത്തിലെത്തിയാൽ അതിൽ അസ്വാഭാവികതയൊന്നുമില്ല എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് ആണ് ചൂണ്ടി കാണിച്ചത്.

   Delete
 9. "അവിടെ സമൂഹത്തിലെ വരേണ്യവർഗ്ഗത്തിന്റെ മക്കളാണ് പഠിക്കുന്നത്. അവർക്ക് പെരുത്തും ബുദ്ധിയാണല്ലൊ."
  ഇത് തികച്ചും തെറ്റായ ചിന്തയാണ്.ഞാന്‍ ഇവിടെ പറയുന്നത് സെന്‍ട്രല്‍ സ്കൂളുകളെ പറ്റിയാണ്. അവിടെ ഏറ്റവും താഴെയുള്ള ജീവനക്കാരന്‍റെ മുതല്‍ ഏറ്റവും ഉയര്‍ന്ന ജീവനക്കാരന്റെ മക്കള്‍ വരെ ഒരേ സ്കൂളിലാണ് പഠിക്കുന്നത്. C B S E കുട്ടികള്‍ക്ക് നിലവാരം ഇല്ല എന്നൊക്കെ വെറുതെ ഊഹമാണ്. നമ്മുടെ സംസ്ഥാന സിലബസിലെ കുട്ടികളും C B S E സിലബസിലെ കുട്ടികളും NCRT യുടെ തന്നെ പുസ്തകമാണ് പഠിക്കുന്നത് എന്നാണു എന്റെ അറിവ്(രണ് കൊല്ലം മുന്‍പ് വരെ അങ്ങനെ ആയിരുന്നു.ഇപ്പോള്‍ മാറ്റം ഉണ്ടോ എന്നറിഞ്ഞു കൂട). പക്ഷെ അവര്‍ പ്ലസ്‌ ടൂ കഴിഞ്ഞു എന്‍ട്രന്‍സ്‌ റിസല്‍റ്റു വന്നു കഴിയുമ്പോള്‍ മാര്‍ക്കുകള്‍ ഒന്ന് താരതമ്യം ചെയ്‌താല്‍ മനസ്സിലാകും തൊണ്ണൂറിനടുത്ത് വരെ മാര്‍ക്ക് വാങ്ങിയ സംസ്ഥാന സിലബസിലെ കുട്ടികള്‍ എത്ര പിന്നോട്ട് പോയി എന്ന്. ഒരേ പുസ്തകം പഠിക്കുന്നു എങ്കിലും അവരുടെ സിലബസ്‌ വളരെ കുറവാണ് എന്നാണു ആ കുട്ടികള്‍ തന്നെ എന്നോടു പറഞ്ഞത്‌. 2007 ലും 2011 ലും കേരള സിലബസിലെ കുട്ടികള്‍ കേരള സര്‍ക്കാര്‍ തന്നെ നടത്തിയ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ C B S E കുട്ടികളേക്കാള്‍ വളരെ പിന്നിലായിരുന്നു. കാരണം ഈ രണ്ടു വര്‍ഷവും എന്റെ മക്കള്‍ ഈ പരീക്ഷ എഴുതിയിരുന്നത് കൊണ്ടു .എനിക്ക് ഇക്കാര്യം പത്ര വാര്‍ത്തകളില്‍ അറിയാന്‍ കഴിഞ്ഞതാണ്. മറ്റു വര്‍ഷങ്ങളിലെ ഞാന്‍ ശ്രദ്ധിച്ചതും ഇല്ല.

  ReplyDelete
  Replies
  1. കേരളത്തിലെ സാഹചര്യം വച്ചാണ് ഞാൻ മറുപടി പറഞ്ഞിട്ടുള്ളത് റോസിലി ചേച്ചി.
   മറ്റു സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകളുടെയും സ്വാശ്രയസ്കൂളുകളുടെയും കാര്യം എനിക്കറിഞ്ഞു കൂടാ.
   അവിടത്തെ സെൻട്രൽ സ്കൂളുകളിൽ 'താഴെ തട്ടിലുള്ള ജീവനക്കാരന്റെയും' താഴെയുള്ള മനുഷ്യർ - കൂലിതൊഴിലാളികൾ, പാരമ്പര്യതൊഴിലുകൾ ചെയ്യുന്നവർ,തോട്ടികൾ, കർഷകതൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലെയൊക്കെ കുട്ടികൾ വ്യാപകമായി പഠിക്കുന്നുണ്ടോ എന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് എന്നും അന്വേഷിച്ചറിയുന്നത് നന്നായിരിക്കും.

   സി ബി എസ് ഇ കുട്ടികൾക്ക് നിലവാരമില്ല എന്ന അർത്ഥത്തിലല്ല 'അവർക്കു പെരുത്തും ബുദ്ധിയാണല്ലൊ' എന്നു ഞാൻ പറഞ്ഞത്. കുട്ടികളെ ഞാൻ ഉദ്ദേശിച്ചതേയില്ല. മറിച്ച്, സി ബി എസ് ഇ സ്കൂളുകൾ തൊണ്ണൂറ് ശതമാനത്തിലധികം വിജയശതമാനം നേടുന്നത് സ്വാഭാവികമാണ്, അതവിടത്തെ കുട്ടികളുടെ പഠനമികവുകൊണ്ടാണ് എന്ന വാദത്തെ എതിർക്കാനാണ്.

   എൻട്രൻസ് റിസൾട്ടുകൾ വച്ച് കേരള സിലബസ്സ് സ്കൂളുകളെയും സി ബി എസ് ഇ സ്കൂളുകളെയും താരതമ്യം ചെയ്യുന്നത് ശാസ്ത്രീയമാണ് എന്നു തോന്നുന്നില്ല. ചില കാരണങ്ങൾ : 1. സി ബി എസ് ഇ സ്കൂളുകളിൽ പഠിച്ച് എൻട്രൻസ് എഴുതുന്ന കുട്ടികളിൽ തൊണ്ണൂമ്പൊതത് ശതമാനവും എൻട്രൻസ് കോച്ചിങ്ങിനു പോകുന്നവരായിരിക്കും. സർക്കാർ സ്കൂളുകളിലെ കുട്ടികളിൽ ഏറി വന്നാൽ അറുപത് - എഴുപത് ശതമാനത്തോളവും.അതിൽ തന്നെ ഏറ്റവും ചിലവു കുറഞ്ഞ കോച്ചിങ്ങ് സെന്ററുകളായിരിക്കും സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളുടെ നോട്ടം. എൻട്രൻസ് വിജയം മുന്നിൽ കണ്ടുള്ള പഠനരീതി പോലും പല സി ബി എസ് സി സ്കൂളുകളിലും നിലവിലുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

   2. ഒരു ശരാശരി സി ബി എസ് ഇ സ്കൂൾ വിദ്യാർത്ഥിയുടെ ഗൃഹാന്തരീക്ഷം ഒരു ശരാശരി സർക്കാർ സ്കൂൾ വിദ്യാർത്ഥിയുടെ ഗൃഹാന്തരീക്ഷത്തിൽ നിന്ന് കൂടുതൽ മികച്ചതും അനുകൂലവും പ്രോത്സാഹനം പകരുന്നതുമായിരിക്കും.

   Delete
 10. .ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും മനോജ്‌ ഈ പോസ്റ്റിലും കമന്റുകളിലും നിരത്തുന്ന വാദങ്ങള്‍ തീര്‍ത്തും കഴമ്പില്ലാത്തതാണെന്ന് പറയാതെ വയ്യ .
  മലയാളം അദ്ധ്യയനമാധ്യമം ആക്കിയാല്‍ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു എന്നും അദ്ധ്യാപകര്‍ നല്ല രീതിയില്‍ പഠിപ്പിച്ചാല്‍ ഇംഗ്ലീഷ് ,ഹിന്ദി ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കാം എന്നൊക്കെയുള്ള കണ്ടെത്തലുകള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാതെ വയ്യ.കേരളത്തില്‍ മലയാളം മീഡിയത്തില്‍ പഠിച്ചു വളര്‍ന്ന ഒരാളും അത് സമ്മതിച്ചു തരാനും പോകുന്നില്ല ,കേരളത്തിലെ അദ്ധ്യാപകരില്‍ തൊണ്ണൂറു ശതമാനവും മികച്ച രീതിയില്‍ തന്നെ തങ്ങളുടെ തൊഴില്‍ ചെയ്യുന്നവരാണ് എന്ന കാര്യത്തില്‍ സംശയമില്ല .തങ്ങള്‍ക്കു ലഭിക്കുന്ന കുറഞ്ഞ സമയത്തിനിടെ കടല് പോലെ പറന്നു കിടക്കുന്ന സിലബസ് പഠിപ്പിച്ചു തീര്‍ക്കുകയും എന്യൂമേറേഷനും എലെക്ഷന്‍ ഡ്യൂട്ടിയും മറ്റു നൂറായിരം ജോലികളും ചെയ്യേണ്ടി വരികയും ചെയ്യുന്ന അദ്ധ്യാപകരുടെ തലയില്‍ മലയാളത്തിന്‍റെയും മറ്റു പ്രാദേശികഭാഷകളുടെയും തകര്‍ച്ചയുടെ പാപഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് മഹാപാപം എന്നേ പറയേണ്ടൂ .
  സംസാരിക്കുന്നതിലൂടെ മാത്രമാണ് നാം എല്ലാ ഭാഷയും പഠിക്കുന്നത് എന്ന കാര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തര്‍ക്കമേതുമുണ്ടാകയില്ല.ഔപചാരികവിദ്യാഭ്യാസം അല്പം പോലും നേടാത്തവര്‍ പോലും മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അവിടത്തെ ഭാഷ പഠിച്ചെടുക്കുന്നതു ഏതെങ്കിലും സ്കൂളില്‍ പോയി പഠിച്ചിട്ടല്ല ,മറിച്ച് പരസ്പരം ആശയവിനിമയത്തിലൂടെയാണ് .
  സ്കൂളില്‍ പഠിപ്പിക്കുന്ന ഭാഷയില്‍ നമുക്ക് പ്രാവീണ്യംഉണ്ടാകാന്‍ അത് സംസാരിക്കുക തന്നെ വേണമെന്നുള്ളതിന് കേരളത്തിലെ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്ന് നിബന്ധനയുള്ള സ്കൂളുകള്‍ തന്നെ ആണ് തെളിവ് .അങ്ങനെയല്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പിറകോട്ടാണ് എന്നതും വിസ്മരിച്ചു കൂടാ .
  മലയാളം സ്കൂളുകളില്‍ പഠിപ്പിച്ചത് കൊണ്ട് മാത്രം മലയാളം മെച്ചപ്പെടുമായിരുന്നെങ്കില്‍ ലക്ഷക്കണക്കിന്‌ മലയാളം ബിരുദധാരികള്‍ ഉള്ള കേരളത്തില്‍ മലയാളം എങ്ങനെ വളരണമായിരുന്നു ?ഇംഗ്ലീഷ് അദ്ധ്യയന മാധ്യമം ആക്കിയെ തീരൂ എന്ന് ഞാന്‍ അഭിപ്രയപ്പെട്ടതിനു പ്രധാനമായ കാരണം നമ്മുടെ വിദ്യാഭ്യാസരംഗത്ത് കാതലായ അഴിച്ചു പണികള്‍ നടത്തേണ്ട സമയം അതിക്രമിച്ചു എന്നത് കൊണ്ടാണ് .നമ്മുടെ കുട്ടികള്‍ ഇന്ന് മത്സരിക്കേണ്ടത് അയല്‍വക്കത്തെ കുട്ടിയോടല്ല ,പകരം ന്യൂയോര്‍ക്കിലോ ലണ്ടനിലോ പഠിക്കുന്ന കുട്ടികളോടാണ്.
  വിദ്യാഭ്യാസത്തിന്‍റെ ആത്യന്തിക ലക്ഷ്യം ഒരു തൊഴില്‍ നേടുക ആയിരിക്കുന്ന ഇക്കാലത്ത് പഴയ തുരുമ്പിച്ച വിദ്യാഭ്യാസ രീതികള്‍ പോര തന്നെ .ഭാഷകള്‍ സ്കൂളില്‍ പഠിക്കുന്നതിനു പകരം തൊഴില്‍ നേടാന്‍ ആവശ്യമായ സ്കില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇന്നത്തെ വിദ്യാഭ്യാസം ആവശ്യപ്പെടുന്നത് .അന്ധമായ ഭാഷാസ്നേഹം കുട്ടികളുടെ ഭാവിയുടെ ചെലവില്‍ എഴുതിത്തള്ളരുത് എന്ന് ചുരുക്കം.ഭാഷാ മഞ്ജരിയും കവ്യപീഡികയും ഒക്കെ പഴയ ഗുരുകുലസമ്പ്രദായത്തില്‍ ആവശ്യമായിരുന്നിരിക്കാം .കാലം വല്ലാതെ മാറിപ്പോയിരിക്കുന്നു .നമുക്ക് പിടിച്ചു നില്‍ക്കാന്‍ പുതിയ ആയുധങ്ങള്‍ കൂടിയേ തീരൂ .അത് മനസ്സിലാക്കിയ ബുദ്ധിമാനായ മലയാളി തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ടു പഠിപ്പിക്കുന്നു .ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ഉട്ടോപ്പിയകളെ അവര്‍ താലോലിക്കട്ടെ,കുട്ടികളെ തങ്ങളുടെ ജീവിതത്തെ നേരിടാന്‍ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസരീതി രക്ഷിതാക്കള്‍ തിരഞ്ഞെടുക്കുക തന്നെ ചെയ്യും .

  ReplyDelete
  Replies
  1. മലയാളം അദ്ധ്യയനമാധ്യമം ആക്കിയാൽ പ്രശ്നങ്ങളെല്ലാം തീർന്നു എന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. "അദ്ധ്യയന മാദ്ധ്യമം മാതൃഭാഷയാക്കുന്നത് മാതൃഭാഷയുടെ നിലനില്പിനും അത് അടുത്ത തലമുറയിലേക്കെത്തിക്കുന്നതിനും സഹായകരമാണ്. മാത്രമല്ല, അതാണ് സ്വാഭാവികവും. മാതൃഭാഷയിൽ അദ്ധ്യയനം നടത്തുന്നതാണ് കുട്ടികൾക്ക് അനുയോജ്യമെന്ന് ലോകത്തിലെ മിക്കവാറും എല്ലാ പരിഷ്കൃത സമൂഹങ്ങളും സ്വീകരിച്ചു വരുന്ന നിലപാടാണ്. അതിന് അതിന്റേതായ യുക്തിയും ശാസ്ത്രീയ പിന്തുണയുമുണ്ട്. ' എന്നാണു പറഞ്ഞത്. അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു.

   സിയാഫ് ഭായിയുടെ വാദത്തിലെ വൈരുദ്ധ്യങ്ങൾ കണ്ടാണ് എനിക്കു ചിരി വരുന്നത്. ഭാഷ സംസാരിക്കുന്നതിലൂടെയാണ് വളരുക എന്ന് പറയുന്നയാൾ തന്നെ, ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന സ്കൂളുകൾ വേണമെന്നും ആവശ്യപ്പെടുന്നു. ഇംഗ്ലീഷ് മാത്രം സംസാരിക്കുമ്പോൾ/കൂടുതൽ നേരം സംസാരിക്കുമ്പോൾ എങ്ങനെയാണ് സംസാരിക്കുന്നതിലൂടെ മലയാളം വളരുക എന്ന് മനസ്സിലാവുന്നില്ല.

   സംസാരത്തിലൂടെ മാത്രമാണ് ഭാഷ പഠിക്കുക എന്ന തത്വം തന്നെയാണ് ഇപ്പോൾ കേരളത്തിലെ ഗവണമെന്റ് സ്കൂളുകളിൽ ഇംഗ്ലീഷും ഹിന്ദിയും മലയാളവും പഠിപ്പിക്കാനുപയോഗിക്കുന്നത്. പദങ്ങളും വാചകഘടനയും വ്യാകരണവുമെല്ലാം പഠിച്ച് ( പദങ്ങളിൽ നിന്ന് വാക്യങ്ങളിലേക്ക് ) ഭാഷ പഠിക്കുന്ന പഴയ രീതിയല്ല പുതിയ പാഠ്യപദ്ധതിയിലുള്ളത്. ലളിതമായ സംഭാഷണങ്ങളിലൂടെയാണ് അവർ ഭാഷ പഠിച്ചു തുടങ്ങുന്നത്. സംഭാഷണങ്ങളിൽ നിന്ന് വാക്യങ്ങളിലേക്കും വാക്യങ്ങളിൽ നിന്ന് പദങ്ങളിലേക്കും. കുട്ടികളാവട്ടെ, വലിയ മനുഷ്യരാവട്ടെ, ഭാഷ സ്വായത്തമാക്കുന്നതിനുള്ള സ്വാഭാവികരീതി ഇതാണ്. അങ്ങനെ സംഭാഷണത്തിലൂടെ ഒരു ഭാഷ 'പഠിച്ചെടുക്കാൻ' കേവലം മൂന്നോ നാലോ മാസങ്ങൾ മാത്രം മതി താനും. ഒന്നു മുതൽ പത്തു വരെയുള്ള ഇംഗ്ലീഷ് പഠന സമയം കണക്കാക്കിയാൽ ഇതിനെക്കാൾ വളരെയധികം സമയം കുട്ടികൾ ഇംഗ്ലീഷിൽ ചിലവഴിക്കുന്നുണ്ട്. കൃത്യമായ ആസൂത്രണവും പാഠ്യപദ്ധതിയും സമയവും ഉണ്ടായിട്ടും അത് വിജയിക്കാത്തതിന്റെ പ്രധാന കാരണം അദ്ധ്യാപകർ അതേറ്റെടുക്കാത്തത് തന്നെയാണ്. അതിനു 24 മണിക്കൂറും തലകുത്തി നിന്ന് അദ്ധ്വാനിക്കുകയൊന്നും വേണ്ട, അതുൾക്കൊള്ളാനും അതിനനുസരിച്ച് സ്വയം മാറാനുമുള്ള സന്നദ്ധത ഉണ്ടായാൽ മാത്രം മതി.

   മലയാളത്തിന്റെ തകർച്ചയുടെ 'പാപഭാരം' അദ്ധ്യാപകരിലല്ല കെട്ടി വച്ചത്, ആ അദ്ധ്യാപകരുൾപ്പെടുന്ന മലയാളികളിലാണ്

   മലയാളം പഠിച്ച ബിരുദധാരികൾ ഉണ്ടായിട്ടെന്ത് കാര്യം! മലയാളം മാത്രമല്ല, സയൻസും എഞ്ചിനീ്യറിങ്ങും ഗണിതവും എല്ലാം പഠിച്ച ബിരുദധാരികൾ കേരളത്തിൽ ധാരാളമുണ്ട്. അവരിലെത്ര പേർ താല്പര്യത്തോടെ അതാത് വിഷയം പഠിച്ചിട്ടുണ്ട് എന്നന്വേഷിച്ചു നോക്കൂ.പ്രത്യേകിച്ചും, ഭാഷ പോലുള്ളവ മറ്റൊരു വിഷയത്തിലും പ്രവേശനം കിട്ടാതെ വരുമ്പോൾ കുട്ടികൾ സ്വീകരിക്കുന്നവയാണ്. താല്പര്യത്തോടെ മലയാളം പഠിച്ച ബിരുധദാരികൾ മലയാളത്തെ പോഷിപ്പിക്കുന്നതിലും ശ്രദ്ധയുള്ളവരായിരിക്കും എന്ന് എനിക്കുറപ്പുണ്ട്.

   Delete
  2. ഒരു തൊഴിൽ നേടുക എന്ന ആത്യന്തിക ലക്ഷ്യം മാത്രം മുന്നിൽ വച്ച് വിഭ്യാഭ്യാസം നൽകിയാൽ ഒരു മനുഷ്യനാവുക എന്ന വലിയ ലക്ഷ്യം പതുക്കെ ഇല്ലാതാവും. കഥാകൃത്തുക്കൾക്ക് കഥയെഴുതാൻ ഇഷ്ടം പോലെ വിഷയം കിട്ടും, ശരി തന്നെ. പക്ഷെ മാനവകുലത്തിനോ പ്രകൃതിയ്ക്കോ അത് ഉപകാരപ്പെടുകയില്ല. തോക്കുകളോ ആണവായുധങ്ങളൊ രാസായുധങ്ങളൊ നിർമ്മിക്കലും യന്ത്രങ്ങളുപയോഗിച്ച് മരം മുറിക്കുന്നതും ഭൂമി നിരപ്പാക്കുന്നതും എല്ലാം തൊഴിലുകളാണല്ലൊ.

   ഭാഷാമഞ്ജരിയും കാവ്യപീഡികയും ഗുരുകുലസമ്പ്രദായവുമെല്ലാം തിരിച്ചുകൊണ്ടു വരണമെന്ന് ഇവിടെ ആവശ്യപ്പെട്ടിട്ടില്ല. മലയാളം അദ്ധ്യയന മാധ്യമം ആക്കുന്നതിനെ കുറിച്ചാണ് സംസാരം.

   'ബുദ്ധിമാനായ മലയാളി ' സായിപ്പിന്റെ കുഞ്ഞുങ്ങളോട് മത്സരിക്കാൻ കുട്ടികളെ ഇംഗ്ലീഷ്മാധ്യമവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതിനോട് വിരോധമൊന്നുമില്ല. അതേ സമയം തന്നെ 'എന്റെ മലയാളമേ' എന്ന് ആ ബുദ്ധിമാന്മാർ നെഞ്ചത്തടിക്കുന്നതിനോടാണ് വിയോജിപ്പ്. അതൊരു കാപട്യമാണ് എന്ന് ചോറുമാത്രമല്ല, ഗോതമ്പു തിന്നുന്ന മലയാളിക്കും മനസ്സിലാവും.

   Delete
  3. സി ബി എസ് സി സിലബസ്സ് എന്നൊന്നില്ല, അവിടെ എൻ സി ഇ ആർ ടി സിലബസ്സ് ആണ് എന്ന് സമ്മതിക്കുന്നു. സി ബി എസ് ഇ സിലബസ്സ് എന്നുദ്ദേശിച്ചത് ആ സ്ക്കൂളുകളിൽ പഠിപ്പിക്കുന്ന സിലബസ്സ് ആണ്.

   കേരളത്തിൽ സി ബി എസ് ഇ സ്കൂളുകളെല്ലാം സ്വാശ്രയമേഖലയിലാണ് നിലവിലുള്ളത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ഫീ വാങ്ങിക്കാതെ പഠിപ്പിക്കുന്ന എത്ര സി ബി എസ് ഇ സ്കൂളുകൾ സിയാഫ് ഭായ്ക്ക് ചൂണ്ടി കാണിക്കാനാവും ? സി ബി എസ് ഇ സ്കൂളുകളിൽ പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്നുണ്ടാവാം, പക്ഷെ അത് വിരലിലെണ്ണാവുന്നതേ ഉണ്ടാവുള്ളു.

   പേരെടുത്ത ചില ഗവണ്മെന്റ് സ്കൂളുകളിൽ സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരുടെ മക്കളും പഠിക്കുന്നുണ്ടാവാം. പക്ഷെ ആ സ്കൂളുകളും വിരലിലെണ്ണാവുന്നവയേ ഉണ്ടാവൂ.

   അപൂർവമായവയെ വച്ച് കാര്യങ്ങൾ സാമാന്യവൽക്കരിക്കുന്നത് യുക്തിയായിരിക്കില്ല.

   ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു. ഒരു സി ബി എസ് ഇ സ്കൂൾ എടുക്കുക. അതിലെത്ര ബി പി എൽ രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ട് എന്നും മൊത്തം രക്ഷിതാക്കളിൽ അവരുടെ ശതമാനം എത്രയെന്നും കണക്കാക്കുക. അവിടത്തെ രക്ഷിതാവിന്റെ ശരാശരി വരുമാനവും കണക്കാക്കുക. ഇതേ കാര്യങ്ങൾ ഒരു സാധാരണ ഗവണമെൻ സ്കൂളിലും ചെയ്യുക. രണ്ടും താരതമ്യം ചെയ്യുക. കൂടുതൽ ആധികാരികതയ്ക്കായി സ്റ്റാറ്റിസ്റ്റിക്കൽ നിയമങ്ങളനുസരിച്ച് തിരഞ്ഞെടുത്ത സ്കൂളുകൾ ആയാലും വിരോധമില്ല.

   Delete
 11. എന്‍റെ വാപ്പ മലയാളം മീഡിയം സ്കൂളിലാണ് പഠിച്ചത്. ഒന്നാന്തരമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യും.
  ഞാനും മലയാളം മീഡിയം സ്കൂളിലാണ് പഠിച്ചത്. പക്ഷെ എനിക്ക് ഇംഗ്ലിഷ് എന്ന് കേട്ടാല്‍ ഇന്നും മുട്ടിടിക്കും. ഒരു പാട് തവണ ഒരു പാടിടത്ത് ഇംഗ്ലീഷ് നേരാംവണ്ണം അറിയാത്തത് കൊണ്ട് കഷായിച്ചിട്ടുണ്ട്.

  വാപ്പ സ്കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥി ആയിരുന്നു, ഞാന്‍ ശരാശരിയും.

  ReplyDelete
 12. എന്തുകൊണ്ട് മാതൃഭാഷയിലെ വിദ്യാഭ്യാസം എന്നതിന് ചില ലിങ്കുകൾ :

  ഹോങ്കോങ്ങ് എഡ്യുക്കേഷൻ ബ്യൂറോ : http://www.edb.gov.hk/en/edu-system/primary-secondary/applicable-to-secondary/moi/key-events-moi-fine-tuning-bg/moi-guidance-for-sec-sch/sep-1997/mother-tongue/index.html

  ReplyDelete
 13. സ്വീഡനിൽ പഠിക്കുന്ന, സ്വീഡിഷ് ഭാഷ മാതൃഭാഷയല്ലാത്ത കുട്ടികൾ
  അവരവരുടെ തന്നെ മാതൃഭാഷയിൽ തന്നെ വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച് : http://modersmal.skolverket.se/engelska/index.php/mother-tongue-education

  ReplyDelete
 14. ഇത് മാതൃഭാഷയിലുള്ള പഠനത്തിന്റെ ആവശ്യകതയെ കുറിച്ച് യുനെസ്കോയ്ക്കു വേണ്ടി കാരോൾ ബെൻസൺ എന്നൊരാൾ തയ്യാറാക്കിയ പഠന റിപ്പോർട്ട് : http://www.google.co.in/url?sa=t&rct=j&q=education+in+mother+tongue+advantages&source=web&cd=9&cad=rja&ved=0CG4QFjAI&url=http%3A%2F%2Funesdoc.unesco.org%2Fimages%2F0014%2F001466%2F146632e.pdf&ei=zYx7UaWlBsTLrQfIt4GAAg&usg=AFQjCNEloe3EHh4_Mol-FSDR43wmeoBYLw&bvm=bv.45645796%2Cd.bmk

  ReplyDelete
 15. ഇംഗ്ലീഷിലല്ല പഠിക്കേണ്ടത് ഇംഗ്ലീഷിൽ പഠിക്കുന്നതിലൂടെ ഇംഗ്ലീഷും പഠിക്കുന്നില്ല, പഠിക്കാനുള്ളതും മനസിലാക്കി പഠിക്കുന്നില്ല.മലയാളത്തിൽ പഠിക്കുക,മലയാളത്തിൽ ചിന്തിക്കുകയും ചെയ്യുക. ഒപ്പം ലോക ഭാഷയായ ഇംഗ്ലീഷ് ഭാഷയും പഠിക്കുക അതിലൂടെ മാത്രമേ ഭാഷക്ക് എന്നു മാത്രമല്ല വ്യക്തിക്കും ശരിയായ ഗുണമുള്ളൂ എന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
 16. "ഭാഷയാകട്ടെ, ശാസ്ത്രശാഖകളാകട്ടെ, ഗണിതമാകട്ടെ, വിഷയങ്ങളോടുള്ള താത്പര്യം ജനിപ്പിക്കുന്നതിൽ അത് പഠിപ്പിക്കുന്ന അദ്ധ്യാപകനുള്ള പങ്ക് നിർണ്ണായകമാണ്".നൂറു ശതമാനം സത്യം.

  ReplyDelete