Sunday, October 06, 2013

മതം, സമൂഹം

മതവും രാഷ്ട്രീയവും ചർച്ച ചെയ്യുന്നതിന് ഓൺലൈൻ ലോകത്ത് വിലക്കില്ല. നമ്മുടെ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം പോലെ തന്നെ. പക്ഷെ പിന്നൊരാൾ വികാരം വ്രണപ്പെട്ടു എന്ന് പരാതിയും കൊണ്ട് വന്നാൽ അതും പ്രശ്നമായി. അത്തരം കലാപങ്ങളും നമ്മുടെ രാജ്യത്തുണ്ടല്ലൊ. പറയാനുള്ളത് പലതും മനസ്സിലൊതുക്കി പലരും മിണ്ടാതിരിക്കുന്നത് താനായിട്ട് അങ്ങനെയൊരു കലാപം സൃഷ്ടിക്കണ്ട എന്നു കരുതിയാവണം. ആരെങ്കിലും ചിലത് പറഞ്ഞാലും ഇടപെടലുണ്ടാകുന്നതും അത്തരം പേടി കൊണ്ടാവാം. ഒരു കലാപം മണക്കുന്ന അന്തരീക്ഷത്തിൽ പ്രത്യേകിച്ചും.

പക്ഷെ ഇതിനെ എങ്ങനെ നേരിടണം എന്നത് കുഴക്കുന്ന ഒരു പ്രശ്നമാണ്. ഒരു സമൂഹത്തിലെ അനാചാരങ്ങൾ, ആ സമൂഹത്തിനു തന്നെ ബോധ്യപ്പെട്ട് തിരുത്തുന്നതാണ് ഏറ്റവും ഉചിതം.പക്ഷെ പ്രത്യക്ഷമോ പരോക്ഷമോ ( പരോക്ഷം എന്നു പറയുമ്പോൾ, വിദ്യാഭ്യാസം നൽകലോ ആരോഗ്യസംവിധാനങ്ങൾ ഒരുക്കി കൊടുക്കുകയോ ഒക്കെയാവാം )ആയ ഒരിടപെടലില്ലാതെ, തങ്ങളുടെ തെറ്റുകൾ,പോരായ്മകൾ, അനാചാരങ്ങൾ ഒക്കെ ഒരു സമൂഹത്തിനു ബോധ്യപ്പെടാനുള്ള സാധ്യത കുറവാണ്. ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്.


ഈ സഹിഷ്ണുത നമുക്ക് നഷ്ടപ്പെടുന്നു എന്നുള്ളതാണ് കേരളം സമീപകാലത്ത് നേരിടുന്ന ദുരന്തങ്ങളിലൊന്ന് . ചൂണ്ടി കാണിക്കുന്ന വസ്തുതയ്ക്ക് പകരം, ചൂണ്ടി കാണിക്കുന്ന വ്യക്തിയെ നോക്കി തീരുമാനമെടുക്കുന്ന കാലം. 'നിന്റെ മുണ്ടഴിഞ്ഞു പോയി' എന്ന് അപരൻ ചൂണ്ടി കാട്ടുമ്പോൾ, സ്വയമൊന്ന് കീഴോട്ട് നോക്കുന്നതിനു പകരം, അപരന്റെ ഐഡന്റിറ്റി കാർഡ് അന്വേഷിക്കുന്ന കാലം. അവൻ മുണ്ട് മുറുക്കിയാണോ ഉടുത്തിരിക്കുന്നത് എന്ന അന്വേഷണം ആവശ്യപ്പെടുന്ന കാലം. ( നുണ പറയുന്നവർ സമൂഹത്തിൽ പെരുകിയാൽ, അത്തരമൊരന്വേഷിക്കൽ വേണ്ടി വന്നേക്കാം. എങ്കിലും അതിലുമെത്രയോ എളുപ്പമാണ് സ്വയമൊന്നു കീഴോട്ട് നോക്കി അതിനു മറുപടി പറയുന്നത് . മുണ്ടഴിഞ്ഞ് നിൽക്കുക നാണക്കേടാണ് എന്ന് ബോധ്യമുള്ള ഒരാൾ, ആദ്യം തന്നെ പരിശോധിക്കേണ്ടത് തന്നെ തന്നെയാണല്ലൊ. )

ആദ്യ പരാമർശത്തിലേക്ക് വരാം. അപരന്റെ കോട്ടങ്ങൾ ചൂണ്ടികാട്ടിയാൽ പ്രശ്നമാകും, അക്രമമുണ്ടാക്കും എന്ന് കരുതുന്ന ഒരു സമൂഹത്തിൽ, പോരായ്മകൾ പരസ്പരം ചൂണ്ടി കാട്ടാനുള്ള സാധ്യത വളരെ കുറയും. ഫലത്തിൽ രണ്ടു കൂട്ടരുടെയും മുണ്ടഴിഞ്ഞു പോയത് പരസ്പരം കാണുമ്പോഴും, അത് ചൂണ്ടികാട്ടിയാൽ കലാപമാകും എന്ന അവസ്ഥ നില നിൽക്കുമ്പോൾ, ഇരു കൂട്ടരും മുണ്ടുടുക്കാതെ നടക്കുകയും അവസാനം മുണ്ടില്ലായ്മ സാധാരണമാവുകയും ചെയ്യും. മുണ്ടുടുക്കാതിരിക്കുന്നത് തെറ്റാണ് എന്ന ബോധ്യത്തിൽ നിന്ന്, മുണ്ടുടുക്കാതിരിക്കുന്നത് ശരിയാണ് എന്ന അപകടകരമായ വിശ്വാസത്തിലേക്ക് സമൂഹം താഴും.

അതുകൊണ്ടു തന്നെ, വളർച്ച ആഗ്രഹിക്കുന്ന ഒരു സമൂഹത്തിൽ നിരന്തരം നടന്നു കൊണ്ടിരിക്കേണ്ട ഒന്നാണ് ചോദ്യം ചെയ്യൽ. അതിനോട് സന്ധി ചെയ്യുക എന്നത്, താൽക്കാലികമായി ഒരു പരിഹാരമായി തോന്നുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് വളർച്ച മുരടിപ്പിക്കുവാനെ ഉതകൂ. പണ്ടെന്നോ ശരീരത്തിൽ തറഞ്ഞ് ഉറഞ്ഞു പോയ മുള്ളൂകൾ പിഴുതെടുക്കുമ്പോൾ അല്പമെങ്കിലും വേദന അനുഭവിച്ചേ പറ്റൂ; അത് സ്വയം പിഴുതെടുക്കുമ്പോഴായാലും മറ്റുള്ളവർ പിഴുതെടുക്കുമ്പോഴായാലും. പക്ഷേ അത് മുള്ള് ആയിരുന്നെന്ന് ബോധ്യപ്പെട്ടാൽ ആ വേദന നിസ്സാരമായിരിക്കും.

10 comments:

 1. തെറ്റ് ചൂണ്ടിക്കാട്ടുക വളരെ സ്വാഭാവികമായി നടക്കുന്ന ഒരു സമൂഹത്തിൽ, എല്ലാവരും നിരന്തരം സ്വയം പരിശോധനയ്ക്കും അപരന്റെ വാക്കുകൾ പരിഗണിക്കുന്നതിനും തയ്യാറാവും എന്നാണ് കരുതുന്നത്

  ReplyDelete
 2. രാഷ്ട്രീയത്തെക്കാള്‍ വൈകാരികമാണ് മതം. മതത്തിന്‍റെപേരില്‍ നടന്നിട്ടുള്ള അക്രമത്തിന്‍റെയും കൊലയുടെയും നൂറയലത്ത് വരില്ല രാഷ്ട്രീയപ്പേരില്‍ നടന്നിട്ടുള്ളത്. മതത്തിന്‍റെപേരില്‍ തര്‍ക്കവും കലാപവുമുണ്ടാക്കിയിട്ട് ആരും സമാധാനമായി പോയിട്ടുമില്ല, ഒരു തര്‍ക്കത്തിലും ആരും ജയിച്ചിട്ടുമില്ല, ഒന്നും രമ്യമായി അവസാനിച്ചതുമില്ല. നവോത്ഥാനകാലത്ത് വലിയ ചോദ്യം ചെയ്യലുകളും തിരുത്തലുകളുമൊക്കെ നടന്നെങ്കിലും ദശകങ്ങള്‍ കഴിഞ്ഞപ്പോള്‍ മതവാദികളുടെ സംഖ്യ അധികരിച്ചതേയുള്ളു. പുറംപൂച്ചുകള്‍ അറിയാതെ നീങ്ങിപ്പോകുമ്പോള്‍ മതേതരവാദികളുടെ ഉള്ളില്‍ നിന്നും ഒന്നാന്തരം മതക്കലാപക്കാര്‍ പുറത്ത് ചാടിയേക്കാം. അതുകൊണ്ട് ഞാന്‍ എല്ലാ മതവാദികളില്‍ നിന്നും സുരക്ഷിതമായൊരു അകലം പാലിക്കാനാഗ്രഹിക്കുന്നു.

  ReplyDelete
 3. വര്‍ഷത്തില്‍ ഒരു മുണ്ട് എങ്കിലും ഫ്രീയായി കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം ! ഇല്ലേല്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം !

  ReplyDelete
 4. ഞാന്‍ എല്ലാ മതവാദികളില്‍ നിന്നും സുരക്ഷിതമായൊരു അകലം പാലിക്കാനാഗ്രഹിക്കുന്നു.
  me too

  ReplyDelete
 5. മതത്തെ ചോദ്യം ചെയ്യാനോ,വിലയിരുത്താനോ,വിമര്‍ശിക്കാനോ പാടില്ല എന്നത് ശരിയല്ല...പക്ഷെ എല്ലാ വിമര്‍ശനങ്ങളും,വിലയിരുത്തലുകളും മാന്യതയുടെ അതിര്‍വരമ്പില്‍ നിന്നാവണം :) നിന്‍റെ മതം ശരിയല്ലടാ കഴുവേറി ...താങ്കളുടെ മതത്തില്‍ ചില പോരായ്മകള്‍ ഉണ്ട് ഇന്നതാണ് ആ പോരായ്മകള്‍ എന്നതും തമ്മിലുള്ള വ്യത്യസം !!! അത്ര തന്നെ !!

  ReplyDelete
 6. തങ്ങളോട് എതിര്‍ത്ത് അല്ലെങ്കില്‍ തങ്ങളുടെ രീതികളെ എതിര്‍ത്ത് പറയുന്നവരെല്ലാം തങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുന്നവരാണെന്ന്‍ ഒരുവിഭാഗം വിശ്വസിക്കുമ്പോള്‍ കലാപം ഉണ്ടാകാതെ എന്തു ചെയ്യും. നമ്മുടെ നിലവിലെ സാമൂഹികസാഹചര്യങ്ങള്‍ അവയെ സ്പഷ്ടമായി വെളിവാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ഒരു യുദ്ധപ്രഖ്യാപനത്തിന്റെ സമയത്ത് സംയമനം പാലിച്ച് ഒരുവന്‍ മിണ്ടാതെ വഴിമാറിപ്പോകുകയാണെങ്കില്‍ അതല്ലേ നല്ലത്. തെറ്റുകുറ്റങ്ങള്‍ സ്വയം തിരിച്ചറിയണം. നിരന്തരം അപഹാസ്യരാകുന്നതെന്തുകൊണ്ടെന്ന്‍ സ്വയം തിരിച്ചറിയണം. സ്വന്തം കണ്ണിലെ കരടെടുത്ത് ആദ്യം മാറ്റണം. സര്‍വ്വോപരി മനുഷ്യനെ സ്നേഹിക്കാനും മനസ്സിലാക്കാനും പഠിക്കണം. ഇതെല്ലാം സംഭവിച്ചാല്‍ കലാപം എന്നത് വിസ്മൃതിയിലാണ്ട ഒരു വാക്കായി മാറും..

  ആകുലതകള്‍ ന്യായമാണ് വിഡ്ഡിമാന്‍.

  ReplyDelete
 7. എല്ലാവരുടെയും ഉള്ലിൽ ഒരു തീവ്ര വർഗ്ഗീയ (രാഷ്ട്രീയ/യുക്തി വാദി)ഉ ണ്ട്. മതത്തെ ചോദ്യം ചെയ്യപ്പെടാൻ ആവാത്ത ഉന്നതസ്താനത്ത് പ്രതിഷ്ടിക്കുന്നവർക്കുള്ളിൽ അതിനെതിരായി വരുന്ന ചെറിയ ഒരു പരാമർശം പോലും അസഹ്യമായിരിക്കും
  ചിലർ എല്ലാകാര്യവും മതത്തിനെതിരായ ആക്രമണം ആക്കുന്നു. 16ലെ കല്ല്യാണം പോലും ഒരു സാമൂഹ്യ പ്രശ്നമായി എടുക്കാതെ ഒരു മത പ്രശ്നമാക്കിയതിനു പിന്നിലെ വർഗ്ഗീയ ലക്ഷ്യം പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. രൂക്ഷമായ അസഭ്യ വർഷം നടത്തുമ്പോൾ ആരെങ്കിലും തിരിചെന്തെങ്കിലും പറഞ്ഞാൽ അയ്യോ ഇതാ മതം ആക്രമിക്കപ്പെടുന്നേ എന്ന് വിളിച്ചു കൂവും.അതു കേൾക്കുന്നതോടെ ചിലരുടെ വർഗ്ഗീയവിഷം ഉണരും (സ്വാഭാവികം) ഇരു പക്ഷത്തും ആളു കൂടി പരസ്പരം തെറി അഭിഷേകം തുടങ്ങും.
  ചിലർക്ക് കേൾക്കുന്നതെന്തും കാണുന്നതെന്തും മതമാണു.സ്വകാര്യമായി അന്യ മതത്തെ ഭർസിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ഫേസ് ബുക്ക് ലോകത്ത് വല്ല്യ ആലോചനയില്ലാതെ വച്ചു കീച്ചുമ്പോൾ എല്ലാവരും ഓർക്കണം അതിനേക്കാൾ വല്ല്യ ആരൊപണങ്ങളും അസഭ്യങ്ങളും എതിർ വിഭാഗത്തിനും പറയാൻ കഴിയും എന്നതു. വിദ്യാഭ്യാസവും വിവേകവുമില്ലാത്തവർ വർഗ്ഗീയ സംഘർഷം തെരുവിൽ നടത്തുമ്പോൾ വിദ്യാഭ്യാസമുണ്ടായിട്ടും വിവേകമില്ലാത്തവർ സോഷ്യൽ മീഡിയയിൽ സ്പർദ്ദ വളർത്തുന്നു. മനുഷ്യൻ നന്നായില്ലങ്കിലും മതം നന്നായാൽ മതി എന്നാണു ചിലരുടെ വിചാരം. ഇതൊക്കെ കാണുമ്പോൾ എന്തിനാണു മതം എന്ന് തോന്നി പോകും അല്ലെങ്കിൽ യുക്തിവാദികൾ മതത്തിനെതിരെ പറയുന്നത് സത്യമാണെന്നു തോന്നി പോകുന്നു. നമ്മൾ യഥാർഥ ജീവിതത്തിൽ പാലിക്കുന്ന കുറച്ച് മര്യാദ കാട്ടിയാൽ സോഷ്യൽ മീഡിയ ശാന്തമാകും.
  ഒരീശ്വര വിശ്വാസി (മതവാദിയല്ല)

  ReplyDelete
 8. മതം വിഷയമാകുമ്പോൾ മുണ്ട് അഴിഞ്ഞു പോയത് കണ്ടാലും, അത് അങ്ങിനെ തന്നെ ഇരുന്നോട്ടെ എന്ന് ചിന്തിക്കലാണ് നല്ലത് !

  അഴിഞ്ഞു വീണ മുണ്ടോട്ട് ഉടുക്കുകേമില്ല.. പറഞ്ഞതിന് ഒരു വിലയും ഇല്ല എന്ന് വരുമ്പോൾ , പറയാതെ ഇരിക്കയല്ലേ നല്ലത് ;)

  ReplyDelete
 9. മതത്തില്‍ തൊടുന്നത് തീയില്‍ തൊടുന്നതിനു സമമാണ്. ഞാനില്ലേയ്

  ReplyDelete
 10. ഞാന്‍ വൈകിയാണ് ഈ വഴിയെ -
  എഴുതിയത് പലതും എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല - ഏതാണ്ട് 'രണ്ട് പെഗ് അടിച്ചിട്ട് എഴുതുന്നത്‌ പോലെ ' എന്ന് എന്‍റെ ഭാര്യ പറയുന്നത് പോലെ -
  പക്ഷെ ഇത് കൊള്ളാം -

  ReplyDelete