Thursday, January 23, 2014

എന്റെ ദൈവമേ !

യുക്തിയില്ലായ്മ ബോധ്യപ്പെട്ട് ദൈവവിശ്വാസത്തിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഇപ്പോഴും അതിൽ പൂർണ്ണമായി വിജയിച്ചിട്ടില്ലാത്ത ഒരാളാണു ഞാൻ. രണ്ടു വർഷം മുമ്പ്, പ്രസവത്തോടനുബന്ധിച്ച് എന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ ഓപ്പറേഷൻ തിയ്യറ്ററിനു മുന്നിലിരുന്ന് ഞാൻ ഉള്ളുരുകി ദൈവത്തെ വിളിച്ചു. അടുത്ത നിമിഷം തന്നെ, എത്രയോ  മനുഷ്യർ  ഇങ്ങനെ ഓപ്പറേഷൻ തീയ്യറ്ററിനു മുമ്പിലിരുന്ന് പ്രാർത്ഥിച്ചിട്ടുണ്ടാവും, അവരെയെല്ലാം ദൈവം രക്ഷിച്ചോ എന്നെന്റെ മനസ്സിന്റെ മറുപാതി ചോദ്യം ഉന്നയിച്ചു. 'മറ്റുള്ളവരുടെയൊന്നും കാര്യം എനിക്കറിയണ്ട, എന്റെ ഭാര്യ രക്ഷപ്പെട്ടാൽ മതി' എന്ന്  ഇപ്പുറത്തെ പാതി താക്കീതു ചെയ്തു. 'ഇതിലും തീവ്രമായി, ആത്മാർത്ഥതയോടെ, കൊടുമ്പിച്ച വിശ്വാസികൾ പോലും പ്രാർത്ഥിച്ചിട്ടുണ്ടാവും, എന്നിട്ടവരുടെ പ്രിയപ്പെട്ടവർ രക്ഷപ്പെട്ടോ?" എന്ന് മറുപാതിയുടെ ചോദ്യം. " അതൊക്കെ ഞാനെന്തിനാ അറിയുന്നത് ? ഒരൊറ്റ ജീവൻ, അതിന്റെ ഉറപ്പാണ് ഞാൻ ചോദിക്കുന്നത്". ഇപ്പുറത്തെ  പാതി.

ആ സംഘർഷം  അങ്ങനെ തുടർന്നു കൊണ്ടിരിക്കേ, ഭാര്യ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന് ഡോക്ടറുടെ അറിയിപ്പ് വന്നു. എന്റെ ചേച്ചി ആശുപത്രിയിലുള്ള മാതാവിന്റെ പ്രതിമയ്ക്കു മുമ്പിൽ മെഴുകുതിരി കത്തിച്ചു.  അച്ഛൻ അമ്പലത്തിൽ എന്തോക്കെയോ വഴിപാടുകൾ ചീട്ടാക്കി.  

 'ദൈവം ഉണ്ട്' എന്ന വിശ്വാസം സ്വീകരിക്കാൻ,  ദൈവമുണ്ടോ എന്ന അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ യുക്തിചിന്ത ഉപേക്ഷിക്കുന്നവരാണ് വിശ്വാസികളെല്ലാം തന്നെ എന്നാണു തോന്നിയിട്ടുള്ളത്. അത് ഏത് ഘട്ടത്തിൽ ഉപേക്ഷിക്കുന്നു എന്നതിനനുസരിച്ച്, ചിലർക്ക് കല്ലും മണ്ണുമെല്ലാം ദൈവമാകും, പിന്നെ ചിലർക്ക് അതൊക്കെ അന്ധവിശ്വാസവും, അരൂപിയായ, ജീവിതത്തിലെ നന്മതിന്മകൾ തൂക്കി നോക്കി മരണശേഷം സ്വർഗ്ഗവും നരകവും പുനർജന്മവുമെല്ലാം വിധിക്കുന്ന പ്രപഞ്ചസ്രഷ്ടാവ് ദൈവമാവും, അതുമുപേക്ഷിക്കുന്ന പിന്നൊയുമൊരു കൂട്ടർക്ക് ദൈവം, അമാനുഷിക ശക്തിയുള്ള പ്രകൃതി തന്നെയാവും, പിന്നെയുമൊരു കൂട്ടർക്ക് വെറും ദൃക്സാക്ഷി മാത്രമാവും.

വിശ്വാസം, അടിസ്ഥാനപരമായി സ്വാർത്ഥതയുടെ രക്ഷയ്ക്ക് വേണ്ടിയല്ലാതെ പിന്നൊന്നിനുമല്ല എന്ന്  സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാൻ കഴിയും. എന്റെ അനുഭവവും അങ്ങനെ തന്നെയാണല്ലോ.

"അര്‍ദ്ധരാത്രി ബ്രേക്ക്‌ പോയി എന്ന് കരുതിയ  കാറില്‍ വലിയൊരു അപകടം മുന്നില്‍ കണ്ടു പതറിയ ഞങ്ങളെ ഒരു തരിവെളിച്ചത്തിന്റെ സഹായത്തില്‍ ബ്രേക്കിനടിയില്‍ കുടുങ്ങിയ പെപ്സി ബോട്ടില്‍ കാണിച്ചു തന്നത് ദൈവമല്ല എന്ന് വിശ്വസിക്കാന്‍ കഴിയുമോ ?കാറ്റും മഴയും തകര്‍ത്താടിയപ്പോള്‍ പെട്ടെന്ന്  വീട്ടിലെക്കെത്തുവാന്‍ ഓടിയപ്പോള്‍ ,കാല്‍ ഉളുക്കി റോഡില്‍ ഇരുന്നതുകൊണ്ട് മാത്രം പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്നും രക്ഷപെടുത്തിയത്  ദൈവമായിരിക്കില്ലേ ? ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ എന്നെ ലോറിക്കടിയില്‍പെടാതെ  സൈഡിലേക്ക്  വലിച്ചു മാറ്റിയ അജ്ഞാതനായ  വഴിപോക്കന്‍  എനിക്ക് ദൈവമല്ലേ ?' എന്നെല്ലാം തോന്നുന്നതും ഇതേ സ്വാർത്ഥത കൊണ്ടാണ്.
ബ്രേക്ക് പോയി എന്ന പരിഭ്രമത്താൽ അപകടത്തിൽ പെട്ടവരും മരിച്ചവരും ഉണ്ടാവില്ലേ ? പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു വീണവർ ഉണ്ടാവില്ലേ ? ബൈക്കിൽ നിന്നും വീണ് ലോറി കയറി മരിച്ചവരുണ്ടായില്ലേ ? എന്തുകൊണ്ട് അവരെയൊന്നും ദൈവം രക്ഷപ്പെടുത്തിയില്ല ? എന്നൊരു ചോദ്യം ഉള്ളിലുയർന്നാൽ. ( അങ്ങനെ  മരിച്ചവരിൽ, തന്നേക്കാൾ  പ്രിയപ്പെട്ടവരുണ്ടായാൽ  പ്രത്യേകിച്ചും ) ഈ സ്വാർത്ഥത തിരിച്ചറിയാൻ കഴിയും.

ഇങ്ങനെയൊക്കെയായിട്ടും എനിക്കുമൊരു ദൈവവിശ്വാസമുണ്ട് കെട്ടോ. ഞാൻ അറിയാൻ ബാക്കിയുള്ള സത്യമാണ് എന്റെ  ദൈവം. എന്നെ അപേക്ഷിച്ച്, ആ  ദൈവത്തിന് എന്റെ ഭാവി എന്ന സത്യം കൂടി അറിയാം എന്നുള്ളതുകൊണ്ട്, ആ ദൈവത്തോട് കളി ചിരി പറഞ്ഞിരിക്കാനും 'ഇങ്ങനെയൊക്കെയാണോ ആശാനേ ഭാവിയിലുണ്ടാവുക?' എന്നൊക്കെ ചോദിക്കാനും എനിക്കിഷ്ടമാണ്. മറുപടിയൊന്നും കിട്ടിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ മറുപടി കിട്ടുന്നുണ്ട് എന്നു വിശ്വസിക്കാനും.

കടപ്പാട് : ശ്രീ പ്രമോദ് കൃഷ്ണപുരത്തിന്റെ 'വിശ്വാസം അതല്ലേ എല്ലാം' എന്ന ബ്ലോഗ് പോസ്റ്റ്
(

9 comments:

 1. ദൈവം ഓരോരുത്തരുടെയും തലേലെഴുത്ത് എഴുതിവച്ചിട്ട് അടുത്തയാളിന്റെ തലേല്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ എഴുതിയതില്‍ യാതൊരുവിധ എഡിറ്റിംഗും നടത്തുന്നില്ല. മലകയറിയാലും ഉരുണ്ട് വണങ്ങിയാലും ദേഹമാസകലം മുറിവേല്പിച്ചാലും നിരാഹാരഭജനം നടത്തിയാലും ഉപവാസമിരുന്നാലും കരഞ്ഞുവിളിച്ച് പ്രാര്‍ത്ഥിച്ചാലും യാതൊരുവിധ എഡിറ്റിംഗും ചെയ്യുന്നതല്ല. വെള്ളത്തില്‍ പുളച്ചുനടക്കുന്ന ഒരു മീന്‍കൂട്ടത്തിലേയ്ക്ക് കല്ലെറിഞ്ഞാല്‍ ഏതെങ്കിലും ഒന്നുരണ്ടെണ്ണം മലര്‍ക്കും. ആരാണ് തീരുമാനിയ്ക്കുന്നത് ഏതെന്ന്? രക്ഷപ്പെട്ടവന്‍ വിചാരിക്കുന്നു ദൈവം രക്ഷപ്പെടുത്തിയെന്ന്. ചത്തവന്‍ എന്തു വിചാരിച്ചുവോ എന്തോ? എനിക്ക് ആകെപ്പാടെ കണ്‍ഫ്യൂഷന്‍.

  ReplyDelete
 2. 'അത് പറയാഞ്ഞത് നന്നായി,ചെയ്യാഞ്ഞത് നന്നായി' എന്ന് ചിലപ്പോഴെങ്കിലും തോന്നാത്തവര്‍ ഉണ്ടാകുമോ? 'അത് പറയിക്കാഞ്ഞത് ,ചെയ്യിക്കാഞ്ഞത് 'ആരായിരിക്കും ? ദൈവമല്ലേ ?

  ReplyDelete
  Replies
  1. അത് പറഞ്ഞത് കഷ്ടമായി, ചെയ്തത് മോശമായി എന്ന് ചിലപ്പോഴെങ്കിലും തോന്നുന്നവർ ഉണ്ടാകും. അത് പറഞ്ഞത്, ചെയ്യിച്ചത് ആരായിരിക്കും ? ദൈവമല്ലേ ?

   Delete
 3. യാതൊരു പിടിയുമില്ല.. ചിലപ്പോള്‍ ചില നേരങ്ങളില്‍ എങ്ങനെയൊക്കെയൊ ഇങ്ങനെ ബാക്കിയായി.. ഇപ്പോ അത്രേ അറിയൂ..

  ReplyDelete
 4. അഹം ബ്രഹ്മാസ്മി എന്നല്ലേ..?

  ReplyDelete
 5. ..ദൈവത്തെയല്ല നാം പലപ്പോഴും നിഷേധിക്ക്യുന്നത്..അതിന്നിടയില്‍ ഗോളി കളിക്ക്യുന്ന ..പരാന്ന ഭോജികളെയാണ്!...rr

  ReplyDelete
 6. ദൈവമുണ്ട് .ഒരു സംശയവുമില്ല .പക്ഷെ മതങ്ങളും അതിന്‍റെ നടത്തിപ്പുകാരും ശുദ്ധ തട്ടിപ്പാണ് ..

  ReplyDelete
  Replies
  1. എന്റെ ദൈവമാണോ സിയാഫ് ഭായിയുടെയും ദൈവം ?

   Delete
 7. നന്നയി കൂട്ടുകാര ..പറയേണ്ടത് നന്നായി പറഞ്ഞു ...ആശംസകള്‍

  ReplyDelete