Friday, February 21, 2014

പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ

  പുസ്തകം  പ്രസിദ്ധീകരിക്കുമ്പോൾ



. പേരെടുക്കാത്ത മിക്കവാറും എല്ലാ എഴുത്തുക്കാരും ( ബ്ലോഗിൽ ഉള്ളവരായാലും ഇല്ലാത്തവരായാലും ) സ്വന്തം കൈയ്യിൽ നിന്ന് പൈസ മുടക്കി തന്നെയാണ് പുസ്തകങ്ങൾ ഇറക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ( ചിലവ് ഒരു സഹൃദയൻ വഹിച്ചു എന്നതൊഴിച്ച്, എന്റെ അനുഭവവും ഇതു തന്നെ )  പുതുമുഖങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുമ്പോൾ, പ്രമുഖ പ്രസാധകർ പോലും റോയൽട്ടി നൽകാറില്ല എന്നും കേട്ടിട്ടുണ്ട്. പ്രസിദ്ധരായ എഴുത്തുകാർക്ക് മാത്രമെ റോയൽട്ടി ലഭിക്കാറുള്ളു. പറഞ്ഞിരിക്കുന്നതിലും പതിന്മടങ്ങ് കോപ്പികൾ അച്ചടിച്ചും പതിപ്പുകൾ തന്നെ ഇറക്കിയും അവരെയും പ്രസാധകർ പറ്റിക്കാറുണ്ട് എന്ന് കേൾക്കുന്നു. എഴുത്തുകാരൻ ചോദിക്കേണ്ട പോലെ ചോദിച്ചപ്പോൾ ( എന്നു പറഞ്ഞാൽ കുറച്ച് ഗുണ്ടായിസം കാണിച്ച് വിരട്ടിയപ്പോൾ ) വിറ്റു പോയ കോപ്പികളുടെ എണ്ണം കൃത്യമായി പറഞ്ഞ് അതിനനുസരിച്ച് റോയൽട്ടി കൂടുതൽ കൊടുത്ത പ്രസാധകർ പോലും ഉണ്ടത്രെ. ഇതുകൊണ്ടൊക്കെ തന്നെ, സ്വന്തം കൈയ്യിൽ നിന്ന് പൈസ മുടക്കി പുസ്തകം അച്ചടിച്ചിറക്കുന്നത്  ഒരപരാധമായി കാണുന്നില്ല.

അതേസമയം, ഇപ്പോഴും തങ്ങൾ തന്നെ പൈസ കൊടുത്താണ് പുസ്തകം ഇറക്കിയത് എന്നു പറയാൻ എല്ലാവരും മടിക്കുന്നു. ഈ മടി കാണിക്കുന്നിടത്താണ്, എഴുത്തുകാർക്കിടയിൽ പരസ്പരവിനിമയം ഇല്ലാത്തിടത്താണ് പ്രസാധകർക്ക് അവരെ ചൂഷണം ചെയ്യാനാവുന്നത്. പല പ്രസാധകരും പല തരം വ്യവസ്ഥകളാണ് പുസ്തകപ്രസിദ്ധീകരണത്തിനു മുന്നോട്ടു വെക്കുന്നത്. മാർക്കറ്റിങ്ങ് സംവിധാനങ്ങൾ, ബുക്സ്റ്റാളുകൾ, പ്രസിദ്ധി, എന്നിവയൊക്കെ അനുസരിച്ച് മുൻപന്തിയിലുള്ള പ്രസാധകർ കൂടുതൽ നിബന്ധനകൾ വച്ചാലും അതിനു ഒരു പരിധി വരെ ന്യായീകരണമുണ്ട്. ( അപ്പോഴും എഴുത്തുകാരൻ ചൂഷണം ചെയ്യപ്പെടുകയാണ് എന്നതിൽ തർക്കമൊന്നുമില്ല. കാരണം, വിറ്റു പോകും എന്ന് ഉറപ്പുള്ള, മിനിമം നിലവാരമുള്ള പുസ്തകങ്ങളേ അവർ പ്രസിദ്ധീകരിക്കാറുള്ളൂ ).

കവർ, ഇല്ലസ്റ്റ്രേഷൻ ഉൾപ്പെടെ ഒരു പേജിന് എഴുപത് പൈസ മുതൽ ഒന്നൊര രൂപ വരെ എന്ന നിരക്കിലാണ് പുസ്തകങ്ങളുടെ ഏകദേശ വില്പന വില നിശ്ചയിക്കപ്പെടുന്നത്. മിക്ക പ്രസാധകരും ആദ്യ എഡിഷനിൽ തന്നെ 1000 പുസ്തകങ്ങൾ അച്ചടിക്കും ( എഴുത്തുകാരനെ വഞ്ചിക്കുന്ന പ്രസാധകർ ഇതിൽ കുറവോ കൂടുതലോ അച്ചടിച്ചിട്ടുണ്ടാവും ). അച്ചടി ചിലവ് അനുസരിച്ച് , എഴുത്തുകാരനിൽ നിന്ന് 20000 മുതൽ 35000 വരെ ചില പ്രസാധകർ വാങ്ങുന്നു ( ( 75 - 150 വരെ പേജുകൾ ) പേജുകൾ കൂടുമ്പോൾ ആനുപാതികമായി നിരക്ക് കുറയാനാണ് സാധ്യത. എന്നിട്ട് ഈ തുകയ്ക്കുള്ള പുസ്തകങ്ങൾ എഴുത്തുകാരന് തിരികെ നൽകുന്നു. (ചിലർ അതിലും കുറവോ കൂടുതലോ നൽകിയെന്നും വരാം ). അത്രയും പുസ്തകങ്ങൾ വിറ്റു തീർത്താൽ എഴുത്തുകാരന് തന്റെ മുടക്കുമുതൽ തിരികെ ലഭിക്കുന്നു.  ( വ്യത്യസ്തരായ എഴുത്തുകാരുടെ  സമാഹാരങ്ങളാണെങ്കിൽ, മുടക്കുമുതലും പുസ്തകവും ആ എഴുത്തുകാർക്ക് പങ്കിട്ടെടുക്കാം. പങ്കിട്ട് മുടക്കുന്നതുകൊണ്ട്, ഒരാളെ സംബന്ധിച്ച് മുടക്കുമുതൽ കുറവായിരിക്കും എന്ന മെച്ചവുമുണ്ട് ).  ഇങ്ങനെ  എഴുത്തുകാരനു പുസ്തകം നൽകാതെ, പുസ്തകത്തിന്റെ വില്പന അനുസരിച്ച് നിശ്ചിത ശതമാനം ( 40 - 60 % ) കമ്മീഷൻ നൽകാം എന്ന വ്യവസ്ഥ മുന്നോട്ടു വെക്കുന്ന  പ്രസാധകരും ഉണ്ട്.

  പ്രസാധകരെ സംബന്ധിച്ചിടത്തോളം അവരുടെ കൈയ്യിലുള്ള പുസ്തകങ്ങൾ  വിറ്റു പോകുന്തോറും  ലാഭം വർദ്ധിക്കുകയാണ് എന്നുള്ളതുകൊണ്ട്, പുസ്തകങ്ങൾ പരമാവധി വിൽക്കാൻ തന്നെയായിരിക്കും  ഈ രംഗത്ത് നിലനില്പാഗ്രഹിക്കുന്ന പ്രസാധകരൊക്കെ ചെയ്യുക.   എന്നു വെച്ച് പുസ്തകങ്ങൾ ചറപറാ വിറ്റു പോകും എന്നൊന്നും കണക്കാക്കരുത്. ഒരു പുസ്തകമേളയിൽ നിന്നോ ബുക്സ്റ്റാളിൽ നിന്നോ, അപരിചിതരോ അപ്രശസ്തരോ ആയ എത്ര എഴുത്തുകാരുടെ പുസ്തകം നാം വാങ്ങാറുണ്ട് എന്നാലോചിച്ചു നോക്കുക. എന്തിന്,   നിങ്ങളുടെ സുഹൃത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു എന്നു കേട്ടാൽ നിങ്ങളിൽ എത്ര പേർ തന്നെ  അത് വില കൊടുത്തു വാങ്ങാൻ തയ്യാറാവും ? ' എല്ലാവരും എന്റെ  സൃഷ്ടിക്ക് കമന്റ് ചെയ്യണം, എന്നാൽ പിന്നെയുള്ളവരുടെ സൃഷ്ടികൾ വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത് മെനക്കെട്ട പണിയാണ്' എന്ന ബ്ലോഗർമാരുടെ മനോഭാവം തന്നെയാണ്  ബ്ലോഗർമാരുടെ പുസ്തകങ്ങൾ വാങ്ങുന്നതിലും മറ്റു ബ്ലോഗർമാർക്ക് കണ്ടു  വരുന്നത്. ഇതു കൊണ്ടൊക്കെ തന്നെ, സ്റ്റോക്ക് ഉള്ള പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിച്ച് പ്രസാധകർ ലക്ഷാധിപതികളാവും എന്ന കണക്കുക്കൂട്ടൽ യുക്തിക്ക് നിരക്കുന്നതല്ല. എന്നാലും വിറ്റു പോയാൽ, 'പ്രശസ്തി' എഴുത്തുകാരനും പണം പ്രസാധകനും തന്നെ.

ഇനി  മറ്റൊരു കൂട്ടരുണ്ട് -  പുസ്തകങ്ങൾ  ഒട്ടും വിപണനം ചെയ്യാത്ത,  അപ്രശസ്തരായ പ്രസാധകർ. സൃഷ്ടികളുടെ നിലവാരത്തെക്കാളുപരി, തന്റെ സൃഷ്ടി അച്ചടിക്കപ്പെടണം എന്ന എഴുത്തുകാരന്റെ ആഗ്രഹത്തിനാണ് ഇവർ പ്രാധാന്യം നൽകുന്നത്. അച്ചടിചിലവ് മുൻകൂർ വാങ്ങിയ ശേഷം, അടിക്കുന്ന കോപ്പികൾ ഏകദേശം മുഴുവനായും ( 1000 കോപ്പിയിൽ 700 - 900 എണ്ണം വരെ )  എഴുത്തുകാർക്ക് തന്നെ തിരികെ നൽകുന്നതോടെ ഇവർക്ക് എഴുത്തുകാരനോടുള്ള ബാധ്യത  അവസാനിക്കുന്നു. പിന്നെ പുസ്തകങ്ങൾ വിപണനം ചെയ്യാനുള്ള ഉത്തരവാദിത്തം പൂർണ്ണമായും എഴുത്തുകാരനു തന്നെയാണ് . തന്റെ സൃഷ്ടി പ്രസിദ്ധീകരിക്കണം എന്നൊരാൾ ആഗ്രഹിക്കുന്നതോ അത് പരിഗണിക്കുന്ന പ്രസാധകരുണ്ടാവുന്നതിലോ തെറ്റൊന്നുമില്ല. വിപണന സാധ്യത വളരെ കുറവുള്ള പുസ്തകങ്ങൾ അച്ചടിക്കുമ്പോൾ, ചുരുങ്ങിയത് അതിന്റെ മുതൽമുടക്കും ന്യായമായ ലാഭവും അത്തരം പ്രസാധകർ വാങ്ങുന്നതും തെറ്റല്ല. അല്ലെങ്കിൽ അവർക്ക് നില നിൽപ്പുണ്ടാവില്ലല്ലോ. പക്ഷേ, എഴുത്തുകാരന്റെ ആ ആഗ്രഹത്തെ ചൂഷണം ചെയ്ത് പണമുണ്ടാക്കാൻ ശ്രമിക്കുന്ന പ്രസാധകരുണ്ടാവുക നന്നല്ല. അവരെക്കാളുപരി, തനിക്ക് അത്രയും പുസ്തങ്ങൾ വിപണനം ചെയ്യാൻ കഴിയുമോ, ഇല്ലെങ്കിൽ മറ്റൊന്തൊക്കെ വിപണനരീതികൾക്ക് സാദ്ധ്യതയുണ്ട്,  എന്നൊന്നും  ചിന്തിക്കാതെ, അത്തരം പ്രസാധകർ ആവശ്യപ്പെടുന്ന തുക ആരോരുമറിയാതെ എണ്ണികൊടുക്കുന്ന എഴുത്തുകാരെയാണ് ഇവിടെ കൂടുതൽ കുറ്റപ്പെടുത്തേണ്ടത് . തന്റെ സൃഷ്ടിയുൾപ്പെടുന്ന ഒരു കഥാസമാഹരത്തിലോ കവിതാ സമാഹാരത്തിലോ ഒക്കെ മറ്റുള്ള എഴുത്തുകാരുടെ ഏതൊക്കെ കഥകളാണ്, കവിതകളാണ് പ്രസിദ്ധീകരിക്കുന്നത് എന്നൊന്നും അന്വേഷിക്കാതെ അതിലേക്ക് മുതൽമുടക്കുന്നതും ഇത്തരം  അലം‌ഭാവത്തിന്റെ ലക്ഷണമാണ്.

സൃഷ്ടിയും പ്രസിദ്ധീകരിക്കാനുള്ള പണവും ആവശ്യപ്പെട്ട് പ്രസാധകർ ഇങ്ങോട്ടു സമീപിക്കുന്നതിനു മുൻപ് സൃഷ്ടികൾ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയുണ്ടാക്കി, ആ കൂട്ടായ്മ വഴി സൃഷ്ടികൾ തീരുമാനിച്ച്, ഒത്തൊരുമയോടെ പ്രസാധകരെ സമീപിച്ച്, അവരിൽ തന്നെ ഏറ്റവും ഗുണകരമായ, സ്വീകാര്യമായ വ്യവസ്ഥകൾ മുന്നോട്ടു വെക്കുന്നവരെ പരിഗണിക്കുന്നത് ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ബ്ലോഗേഴ്സ് ഗ്രൂപ്പുകൾക്കും കഥാ ഗ്രൂപ്പുകൾക്കും കവിതാ ഗ്രൂപ്പുകൾക്കും എല്ലാം ഇതിൽ മുൻകൈയ്യെടുക്കാൻ കഴിയും.

ഇനി വിപണനത്തിന്റെ മേഖലയിലേക്ക് വരാം. ബുക്സ്റ്റാളുകൾ അന്യപ്രസാധകരിൽ നിന്ന് 60 % മുതൽ താഴോട്ട് കമ്മീഷൻ വാങ്ങുന്നുണ്ട് എന്നാണറിവ്.  പേരെടുത്ത ബുക്സ്റ്റാളുകളേക്കാൾ, ചെറിയ ബുക്സ്റ്റാളുകൾക്ക് നൽകേണ്ട കമ്മീഷൻ കുറവായിരിക്കും. സ്വന്തമായി  പുസ്തകം വിപണനം ചെയ്യാനുദ്ദേശിക്കുന്നവർ നല്ലൊരന്വേഷണം ഈ മേഖലയിലും നടത്തേണ്ടതുണ്ട്.

പ്രസാധനത്തിലെന്ന പോലെ, വിപണനത്തിലും ബ്ലോഗർമാരുടെ ക്രിയാത്മക ഇടപെടലുണ്ടായാൽ പുസ്തകങ്ങൾ എളുപ്പത്തിൽ വിറ്റു തീർക്കാൻ കഴിയും. അതിനേറ്റവും വേണ്ടത്, പുസ്തകങ്ങൾ വാങ്ങാനുള്ള  മനസ്സു തന്നെയാണ്. ഇതു കൂടാതെ, നഗരകേന്ദ്രങ്ങളിലും മറ്റുമുള്ള  സുഹൃത്തുക്കളുടെ വ്യാപാരസ്ഥാപനങ്ങളും കഫേകളുമൊക്കെ  ഇതിനായി ഉപയോഗപ്പെടുത്താമോയെന്നുള്ളതും പരിശോധിക്കണം .(  അത്തരം ഒരു ശ്രമം ഇതാ >> ജോർജ്ജേട്ടന്റെ പെട്ടിക്കട. താല്പര്യമുള്ളവർക്ക് സഹകരിക്കാം. )

അക്ഷരങ്ങളിൽ മഷി പടർത്താനുള്ള തീരുമാനം നല്ലപോലെ ആലോചിച്ചു മാത്രം എടുക്കുക. മാർക്കറ്റിങ്ങ്  ഉദ്ദേശിച്ചിട്ടില്ലെങ്കിൽ അതിനനുസരിച്ച് കുറച്ച് കോപ്പികൾ മാത്രം പ്രിന്റ് ചെയ്യിക്കുക.  പൊടിപിടിച്ചു കിടക്കുന്ന പുസ്തകകെട്ടുകൾ കൊണ്ട്, ആക്രിക്കാർക്കല്ലാതെ ആർക്കും പ്രയോജനമുണ്ടാവില്ല എന്നുള്ളത്  ഓർമ്മയിൽ വെക്കുക.

19 comments:

  1. നമുക്ക് ഒരു പ്രസാധന സ്ഥാപനം തുടങ്ങിയാലോ ?

    ReplyDelete
    Replies
    1. പ്രസാധനത്തേക്കാൾ വിപണനം ആണ് എനിക്കു കൂടുതൽ പ്രശ്നമായി തോന്നുന്നത്.

      Delete
    2. വേണമെങ്കില്‍ ഏറ്റെടുത്ത്‌ നടത്താവുന്ന , അനേകം റിസ്കുകള്‍ ഉള്ള ഒരു പദ്ധതിയാണ് പുസ്തകപ്രസാധനം ,സിയാഫ് ഭായ്

      Delete
  2. നിങ്ങൾ പറഞ്ഞതെല്ലാം വസ്തുതകളാണ്

    ReplyDelete
  3. കഴിഞ്ഞ ദിവസം തിരുവനന്തപുരം മ്യൂസിയത്ത് വച്ച് ഒരു ചെറിയ ചര്‍ച്ച നടക്കുക ഉണ്ടായി.. ഏതാണ്ട് ഇതേ കാര്യങ്ങള്‍ തന്നെയാണ് നമ്മള്‍ ചര്‍ച്ച ചെയ്തതും.. അച്ചടിക്കാന്‍ അല്ലെങ്കില്‍ പ്രസാധകനാകാന്‍ ഒരു ചെറിയ പ്രസ് സ്വന്തമായി ഉണ്ടാകുകയോ , അല്ലെങ്കില്‍ കയ്യില്‍ കാശ് ഉണ്ടാകുകയോ ചെയ്താല്‍ മതി. പക്ഷെ അച്ചടിച്ച്‌ ഇറക്കുന്ന സാധനം വിപണിയുടെ ശ്രദ്ധയില്‍ പെടുത്താനും അങ്ങനെ നിലനിര്‍ത്താനുമാണ് പ്രയാസം.. അതിനു കയ്യില്‍ കാശ് മാത്രം ഉണ്ടായാല്‍ പോരാ..

    ReplyDelete
  4. ആലോചിക്കാവുന്ന കാര്യംതന്നെ.

    ReplyDelete
  5. വായിച്ചു, ഇവിടെ രേഖപ്പെടുത്താന്‍ അഭിപ്രായമൊന്നുമില്ല

    ReplyDelete
  6. സത്യമാണിതില്‍ പലതും..പക്ഷെ നമ്മില്‍ പലര്‍ക്കും സ്വന്തം സൃഷ്ട്ടി തന്നെയാണ് മഹത്തരമെന്നത് വിസ്മരിക്കരുത്...rr

    ReplyDelete
  7. അക്ഷരം കൊണ്ട് അരി വാങ്ങുന്നവർ ഇവരോട് യോജിക്കാൻ ഞാൻ മാനസികമായി വല്ര്ന്നിട്ടില്ല അത് കൊണ്ട് തന്നെ കാശ് കൊടുത്ത് പുസ്തകം ഇരക്കുന്നതിനൊടു ഞാൻ യോജിക്കുന്നില്ല

    ReplyDelete
  8. വായിച്ചു. എന്തുപറയണമെന്നറിയില്ല. പ്രാസാധനമാണോ വിപണമാണോ വലിയപ്രശനമെന്നു ചോദിച്ചാൽ വിപണനമാണേന്ന് പറയേണ്ടിവരും. വായനക്കാരുണ്ടെങ്കിൽ കാര്യങ്ങൾക്കൊക്കെ എന്തെക്കിലുമൊരു നീക്കുപോക്ക് ആയേക്കാം.

    ReplyDelete
  9. പുത്തൻ അറിവുകൾ മനോജ്‌ ഭായ്... നന്ദി..ലേഖനത്തിലെ താങ്കളുടെ എഴുത്തിന്റെ ഭംഗി എടുത്ത് പറയാതെ വയ്യ !!

    ReplyDelete
  10. അപ്പോള്‍ ആ ആഗ്രഹം ഇനി നടക്കില്ല അല്ലേ

    ReplyDelete
  11. കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട് മനോജ്..ഈ എഴുത്തിനു നന്ദി..

    ReplyDelete
  12. thankal paranjathellaam, sathyangal thanne,അതേസമയം, ഇപ്പോഴും തങ്ങൾ തന്നെ പൈസ കൊടുത്താണ് പുസ്തകം ഇറക്കിയത് എന്നു പറയാൻ എല്ലാവരും മടിക്കുന്നു. ഈ മടി കാണിക്കുന്നിടത്താണ്, എഴുത്തുകാർക്കിടയിൽ പരസ്പരവിനിമയം ഇല്ലാത്തിടത്താണ് പ്രസാധകർക്ക് അവരെ ചൂഷണം ചെയ്യാനാവുന്നത്, enthinathil naanikkunnu, ennenikk manassilaakunnilla

    ReplyDelete
  13. എന്റെ ഇന്ത്യാ യാത്ര ഒരു പുസ്തകമായി ഇറക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍...
    എന്നെപ്പോലുള്ളവര്‍ക്ക് ഉപകാരപ്രദമായ പോസ്റ്റ്....

    ReplyDelete
    Replies
    1. എന്റെ ആസ്സാം കഥ എന്ന് പേരും ഇടം :P

      Delete
    2. നിനക്കെന്താ അസ്സാം എന്നു കേള്‍ക്കുമ്പോള്‍ ഒരു പുച്ചം?

      Delete
  14. ആ രണ്ടാമത് പറഞ്ഞ പ്രസാധകരുടെ പണിയില്‍ എന്റെ പിതാശ്രീ ക്ക് ഒരു 25000 പോയിട്ടുണ്ട്..
    ആ പുസ്തകങ്ങളൊക്കെ കേട്ട് കെട്ടായി വീട്ടിലിരിപ്പും ഉണ്ട്.. പാവം പിതാശ്രീ അന്നത്തോടെ എഴുത്തും നിര്‍ത്തി.. ഇപ്പൊ ഞാന്‍ നിര്‍ബന്ധിക്കുന്നുണ്ട് ബ്ലോഗ്‌ എഴുതാന്‍ .. തുടങ്ങിയോ എന്തോ..!!

    ReplyDelete
  15. പലർക്കും ഉപകാരപ്രദമായ പോസ്റ്റ്

    ReplyDelete