Thursday, April 10, 2014

അമ്മീമ്മ വെളിച്ചം.




മാധവിക്കുട്ടിയുടെ ‘ബാല്യകാല സ്മരണകളുടെ’ ഒരനുകരണം –  സത്യത്തിൽ ഇതായിരുന്നു ‘എച്മുവോട്  ഉലകം’ എന്ന ബ്ലോഗിൽ എച്മുക്കുട്ടിയുടെ അമ്മീമ്മ സ്മരണകൾ വായിച്ചു തുടങ്ങിയപ്പോൾ മനസ്സിലുയർന്നത്. ‘അമ്മമ്മ’ എന്നതിനുപകരം അമ്മീമ്മ, നാലപ്പാട്ടെ പരിസരത്തുണ്ടായിരുന്നതു പോലെ തന്നെ വേലക്കാരും കാര്യസ്ഥനും ആവലാതികൾ പറയാൻ വരുന്നവരും - താരതമ്യപ്പെടുത്തൽ അങ്ങനെ മുന്നോട്ടു പോയി. ഇതേ ധാരണയോടെ ബ്ലോഗിൽ നാലഞ്ച് പോസ്റ്റുകൾ വായിച്ചിട്ടുമുണ്ടാവണം.

ഇപ്പോൾ  ‘അമ്മീമ്മക്കഥകൾ’ എന്ന പുസ്തകം മുന്നാം വായനയും കഴിഞ്ഞ് കൈയ്യിലിരിക്കുന്നു. ശൈലിയിൽ സാമ്യമുണ്ട്, പക്ഷേ നാലപ്പാടും പരിസരവുമല്ല ഇവിടെ പ്രത്യക്ഷപ്പെടുന്നത് എന്ന് വായന ഓർമ്മപ്പെടുത്തുന്നു. ‘ബാല്യകാലസ്മരണകളി’ൽ  ബാല്യമായിരുന്നു മുന്നിട്ടു നിന്നിരുന്നതെങ്കിൽ, ഇവിടെ അതോടൊപ്പം ഔന്നത്യത്തോടെ ജീവിതസമരങ്ങളും തലയുയർത്തി നിൽക്കുന്നു - അമ്മീമ്മയുടെ മാത്രമല്ല, തെണ്ടി മയിസ്ട്രേട്ടിന്റെയും ഗോയിന്നന്റെയും തീട്ടമ്പ്‌രാൻ നായരുടേയുമെല്ലാം. കണ്ണുകൾ ഈറനണിയിക്കുകയും ഹൃദയം ഓരോ നുറുങ്ങുകളായി പിളർന്നുപോകുന്ന തീവ്രനൊമ്പരം പകരുകയും ചെയ്യുന്ന  ജീവിതാനുഭവങ്ങൾ. അനുകൂലമായ ചുറ്റുപാടുകളിൽ ആദർശജീവിതം അനുഷ്ഠിച്ച നാലപ്പാട്ടെ സ്ത്രീകളെപ്പോലെയായിരുന്നില്ല തന്റെ ജീവിതപ്പാതകൾ എന്ന് അമ്മീമ്മയുടെ ഹൃദയത്തുടിപ്പുകൾ പേറുന്ന ഈ പുസ്തകത്തിലെ ഓരോ ഏടും ഓർമ്മപ്പെടുത്തുന്നു.

പന്ത്രണ്ടാം വയസ്സിൽ വിവാഹം, അതു കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപേക്ഷിക്കപ്പെടുക, മുപ്പതാം വയസ്സിൽ അക്ഷരാഭ്യാസത്തിനു വേണ്ടി സ്വന്തം വീട്ടിൽ തന്നെ  നിരാഹാരം കിടക്കേണ്ടിവരിക -  ഇതൊന്നുമില്ലായിരുന്നില്ലെങ്കിൽ, അമ്മീമ്മയുണ്ടാവുമായിരുന്നില്ല. ‘ദൈവം മരിക്കുന്ന ദിവസം ഞാനീ അലങ്കാരമൊക്കെ അഴിച്ചു വെയ്ക്കും, പുലയും വൈധവ്യവും ആചരിക്കും’, ‘ചുടലച്ചാരവും പൂശി ചോരയിറ്റുന്ന ആനത്തോലുമുടുത്ത് പാമ്പിനേയും കഴുത്തിലിട്ട് ഗംഗാദേവിയെ ജടയ്ക്കുള്ളിൽ ഇരുത്തുന്നയാൾക്ക് മാസക്കുളി പോലെയുള്ള അതീവ സാധാരണമായ ശാരീരികകാര്യങ്ങളൊക്കെ ഒരു വിഷയമാവുന്നതെങ്ങനെയാണ്?’, ‘ഇനിയിപ്പോ എന്റെ അപ്പാ ബ്രഹ്മരക്ഷസ്സായി ഈ വീട്ടിലുണ്ടെന്ന് തന്നെ കരുതൂ.. ഞാൻ ആ അപ്പാവിന്റെ മകളല്ലേ? എനിക്ക് സങ്കടം വരുത്തുന്ന ഒന്നും അദ്ദേഹത്തിനു ചെയ്യാൻ പറ്റില്ല’  എന്നിങ്ങനെയുള്ള  ഉന്നതമായ ചിന്താഗതികളും ജീവിതവീക്ഷണവും അമ്മീമ്മയിൽ വേരുപിടിപ്പിച്ചത്, പിച്ചക്കാരോടും കൂലിപ്പണിക്കാരോടും ദരിദ്രരോടുമെല്ലാം  അകമഴിഞ്ഞ അടുപ്പം കാണിക്കാനും  അവരെയൊക്കെ ചായയോ മുറുക്കോ പഴമോ കൊടുത്ത് സൽക്കരിക്കാനുമുള്ള ശീലം പകർന്നത്, വായിച്ചോ പാരമ്പര്യത്തിലൂടെയോ സ്വായത്തമായ ഉദാരമനസ്ഥിതിയല്ല,  അവർ കടന്നു പോന്ന കനൽവഴികൾ തന്നെയാണ് എന്ന് കാണാൻ കഴിയും. സ്വർണ്ണക്കട്ടിയിൽ നിന്ന് മുറിച്ചെടുത്ത് മുന്നോട്ടു വെക്കപ്പെട്ട ഒരു മാതൃകയായിരുന്നില്ല അവർ. അസംസ്കൃതരൂപത്തിൽ നിന്ന് ജീവിതം അതിന്റെ മൂശയിൽ നിർദ്ദാക്ഷിണ്യം  ഉരുക്കിയൊഴിച്ച്  ഊതിയൂതി രൂപപ്പെടുത്തിയ  ഉത്കൃഷ്ടത – അത്തരമൊരു വിശേഷണമാണ് അവർക്ക് ചേരുക. ദാരിദ്ര്യവും അവഗണനയും  ജാതിമതവിഭാഗീയതകളും ഒക്കെ എന്തെന്നനുഭവിപ്പിച്ച്  പാരിൽ  മനുഷ്യരെ  ഊതിക്കാച്ചിയെടുക്കുന്ന ഈ ജീവിതക്രിയ തന്നെയായിരിക്കണം അമ്മീമ്മയുടെ തുടർച്ചയായി പരക്ലേശവിവേകമുള്ള  എച്ച്മുക്കുട്ടി എന്ന എഴുത്തുകാരിയെയും സൃഷ്ടിച്ചത്.

ഒരദ്ധ്യായത്തിലേ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും, അമ്മീമ്മയ്ക്കൊപ്പം മറ്റൊരു സമരതീഷ്ണതയെയും സ്ത്രീ രൂപത്തിൽ നാം പരിചയപ്പെടുന്നുണ്ട് – തെണ്ടി മയിസ്രേട്ട് എന്ന ജാനകിയമ്മ. ജാനകിയമ്മയും അമ്മീമ്മയും രണ്ടുതരം പ്രതിഷേധരൂപങ്ങളാണ്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും സ്വാതന്ത്ര്യത്തിനു വേണ്ടി വ്യത്യസ്ത സമരരൂപങ്ങൾ സ്വീകരിച്ചതു പോലെ   ഒന്നു മറ്റൊന്നിൽ നിന്ന് വേർതിരിഞ്ഞു നിൽക്കുമ്പോഴും, മറ്റേയാൾക്കു വേണ്ടി ഇരുവരും പുലർത്തുന്ന കരുതൽ, സ്നേഹത്തിന്റെ അന്തർധാര ഇതെല്ലാം സ്പഷ്ടമാണ്. ആത്മഹത്യ ചെയ്യാനൊരുങ്ങിയ തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കാവൽ നിന്നത് ജാനകിയമ്മയാണ് എന്ന് അമ്മീമ്മ തന്നെ പറയുന്നുമുണ്ട്. നിർഭയം സത്യം വിളിച്ചു പറഞ്ഞ് ലോകത്തിന്റെ ശത്രുത നേടുമ്പോഴും അമ്മീമ്മയെ പോലുള്ളവർ നൽകുന്ന മാനസിക പിന്തുണ ജാനകിയമ്മയ്ക്കും ആശ്വാസമാകുന്നുണ്ടാവണം.

വൈകാരികമായി മനുഷ്യൻ എത്രമാത്രം ദുർബലനാണ് എന്ന് വ്യക്തമാക്കുന്ന മുന്ന് പുരുഷജീവിതങ്ങളെ  പുസ്തകത്തിൽ ചിത്രീകരിക്കുന്നുണ്ട് എച്മുക്കുട്ടി. ഒന്നാമത്തെയാൾ ‘ഗോവിന്ന’നാണ്. തൊഴിലിലും കൂലിയിലുമെല്ലാം കണിശത പുലർത്തുന്ന, കിട്ടിയ നന്മ തിരിച്ചു നൽകാൻ ശ്രമിക്കുന്ന ഗോവിന്നൻ തോറ്റു തുടങ്ങുന്നത്  ‘ഭർത്താവ് തന്റെ മാത്രം സ്വത്താണ്’ എന്ന് അവകാശപ്പെടുന്ന പെണ്ണിനു മുമ്പിലാണ്. മുത്താച്ചി കൂടി ഇല്ലാതാവുന്നതോടെ ഏകാന്തതയ്ക്ക് പൂർണ്ണമായും കീഴടങ്ങുന്ന ഗോവിന്നൻ തന്റെ യാത്ര അവസാനിപ്പിക്കുന്നത് ഒരു പൂരാടരാത്രിയിലാണ്.അന്നു പകൽ ഗോവിന്നൻ നട്ട പതിനെട്ടാം പട്ടയിൽ ഗോവിന്നന്റെ കണ്ണീരും സ്നേഹവുമുണ്ടാവാതെ തരമില്ല.

പിന്നെയൊരാൾ ‘ലാജഹോമം’ എന്ന അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന അപ്പച്ചനാണ്. അമ്മീമ്മയുടെ സഹോദരൻ നൽകിയ കാശും കള്ളും വാങ്ങിച്ച് പൊതുവഴിയിൽ വച്ച് അമ്മീമ്മയെ  വസ്ത്രാക്ഷേപം ചെയ്ത അപ്പച്ചൻ. ‘അപ്പച്ചാ നീ പാപം ചെയ്തവനാണ്’ എന്ന കർത്താവിന്റെ നിരന്തരഓർമ്മപ്പെടുത്തലിൽ  വെന്ത് അതേ അമ്മീമ്മയുടെ കാൽക്കൽ വീണ് മാപ്പിരക്കുന്ന അപ്പച്ചൻ. പാപി കുമ്പസാരിക്കേണ്ടത് ആർക്കു മുമ്പിലാണ് എന്ന് അപ്പച്ചനും മേരിയും കർത്താവും ഇവിടെ  വ്യക്തമാക്കുന്നുണ്ട്. പക്ഷേ  വിശ്വാസം മതമായി നിലനിർത്തേണ്ടത് ആവശ്യമാവുമ്പോൾ പാപികളെ കേൾക്കുകയും മാപ്പ് നൽകുകയും ചെയ്യുന്നത് തങ്ങളുടെ ജോലിയായി ഏറ്റെടുക്കാൻ   പുരോഹിതന്മാരുണ്ടാവാതെ തരമില്ലല്ലൊ.

മൂന്നാമത്തേത്  ഒരു കാമുകനാണ്. അത്രയേറെ മോഹിച്ചിട്ടും അജ്ഞാതമായ കാരണങ്ങളാൽ കാമുകിയാൽ ഉപേക്ഷിക്കപ്പെട്ട ഒരുവൻ. ചിലപ്പോൾ അവൾക്കും അയാൾക്കും കാരണങ്ങൾ അറിയാമായിരിക്കും. എഴുത്തുകാരി അത് വ്യക്തമാക്കുന്നില്ല, കാര്യമായി അന്വേഷിക്കുന്നുമില്ല. ഹൃദയം തകരുന്ന അയാളുടെ വേദന,  ചിത്രീകരിക്കുക മാത്രം ചെയ്യുന്നു. അതൊന്നുമറിയാതെ തന്നെ, ‘മനുഷ്യര് കൊന്നു പോണതാ അല്ലേ..അറിയാണ്ട്..അല്ലേ ടീച്ചറേ..’ എന്ന് അവസാനം അയാൾ  തേങ്ങുമ്പോൾ,  ‘നിന്നിലും ഒരു ഹൃദയമുണ്ട്’ എന്നോർമ്മിപ്പിച്ചു കൊണ്ട് പാറുക്കുട്ടിക്കൊപ്പം വായനക്കാരുടെ കണ്ണുകളും കുതിച്ചു ചാടുന്നു.

ബാല്യത്തിന്റെ നിഷ്ക്കളങ്കത  തൊട്ടറിയാവുന്ന അദ്ധ്യായങ്ങളാണ് ‘ഘനമുള്ള പുസ്തകവും ’, ‘തെരട്ടിപ്പാലും’.  ‘ഒന്നും മനസ്സിലാവാത്ത ഘനമുള്ള പുസ്തകം’ എന്താണെന്നറിയുമ്പോൾ അച്ഛനൊപ്പം വായനക്കാരും പൊട്ടിച്ചിരിച്ചു പോകും. ‘ഒരു വിരൽ കൊണ്ട് തോണ്ടിയാൽ എനിക്ക് കഷ്ടിച്ച് ഒന്ന് നക്കി നോക്കാനേ സാധിക്കൂ.. അവൾക്കും കൊടുക്കണ്ടേ? നക്കിയ വിരൽ നന്നായി കഴുകാതെ  പിന്നെ പാത്രത്തിൽ തൊടാൻ പാടില്ല. അപ്പോൾ രണ്ടുവിരലെങ്കിലും കൊണ്ട് തൊട്ട്  നോക്കണം. അങ്ങനെയാണെങ്കിൽ നാലു വിരലും വച്ച് തൊട്ടാൽ രണ്ടു പേർക്കും ധാരാളം സ്വാദു നോക്കാൻ പറ്റുമല്ലോ’ – കളങ്കമില്ലാത്ത ബാല്യത്തിന്റെ മാത്രം ചിന്തയാണത്.  അത്തരം ചിന്തകളിലേക്ക് വീണ്ടുവിചാരം കടന്നെത്തുതിന് കുട്ടികൾ നൽകേണ്ടുന്ന വലിയ പ്രതിഫലം നൽകിയാണ് എഴുത്തുകാരിയും മുതിരുന്നത്.

ജീവിതത്തിലെ അനന്തമായ നാടകീയതകൾക്കൊപ്പം  ചരിത്രപരമായി പ്രാധാന്യമുള്ള വസ്തുതകളും  കണ്ടെടുക്കാനാവും എന്നുള്ളതാണ് ഓർമ്മക്കുറിപ്പുകളുടെ സവിശേഷതകളിലൊന്ന്. പത്തൊമ്പത് അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന അമ്മീമ്മക്കഥകൾ ഷൊർണ്ണൂരിനടുത്ത ഏതോ ഒരു കുഗ്രാമത്തിന്റെ ചരിത്രം കൂടിയാവുന്നത് അങ്ങനെയാണ്.ചിരട്ടക്കയിലുകളും  മൊളേരിപ്പായസവും തെരട്ടിപ്പാലും തൃക്കാക്കരയപ്പനും  ബ്രഹ്മരക്ഷസുമെല്ലാം ഇന്ന് ചരിത്രത്തിന്റെ ഏടുകളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണല്ലൊ. പത്ത് മുപ്പതു വർഷങ്ങൾക്കു മുമ്പേ തന്നെ തുള്ളിനനയും മാലിന്യസംസ്ക്കരണവും സ്ത്രീശാക്തീകരണവുമെല്ലാം പ്രാവർത്തികമാക്കാൻ ശ്രമിച്ചിരുന്ന വെപ്പുകാരൻ നായരെ അന്നത്തെ സമൂഹം ‘തീട്ടമ്പ്‌രാൻ നായരായി’ പരിഹസിച്ചു തള്ളിയതും ഇതേ ചരിത്രത്തിൽ കണ്ടെടുക്കാമെന്നത് കൗതുകമുണർത്തുന്ന വസ്തുതതയാണ്. ഏതാനും ദിവസത്തെ ദാമ്പത്യത്തിനു ശേഷം  ഉപേക്ഷിക്കപ്പെട്ട പന്ത്രണ്ടുവയസ്സുകാരിക്ക് ഭർതൃപിതാവ് സ്വത്ത് ഭാഗം വെച്ചു നൽകുന്നതും അത് കൈപ്പറ്റിയ അവളുടെ സ്വന്തം പിതാവ്  അവളുടെ സഹോദരന്മാരുടെ സുഖസൗകര്യങ്ങൾക്കു വേണ്ടി അത് കൈമാറുന്നതും  മറ്റൊരു കൗതുകകാഴ്ച്ചയാണല്ലോ.  അതേ സമയം തന്നെ, ഇന്നിന്റെ ചരിത്രവും പരിസരവും ഇന്നലെകളോട് താരതമ്യം ചെയ്യുക ഒരു  ഓർമ്മക്കുറിപ്പിൽ അനാവശ്യമാണ് എന്നാണ് എന്റെ പക്ഷം. വായനയോടൊപ്പമോ ശേഷമോ വായനക്കാരന്റെ മനസ്സിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണത്. അതുകൊണ്ടു തന്നെ, ‘ഒരു പൊണ്ണുണ്ടോടീ വക്കീല്..ഒരു പൊണ്ണുണ്ടോടീ ജഡ്ജി? ഒരു പൊണ്ണുണ്ടോടി..’ എന്ന അദ്ധ്യായത്തിൽ   ഇന്നത്തെ സ്ഥിതിവിവരക്കണക്കുകൾ വെച്ച് സ്ത്രീജീവിതത്തെ താരതമ്യപ്പെടുത്തുന്നത് അനുചിതമായി തോന്നി.

അവതാരികയിൽ പി ഇ ഉഷ പറയുന്നതു പോലെ, തെളിമയും ഒഴുക്കുമുള്ള ശൈലിയാണ് എച്ച്മുക്കുട്ടിയുടേത്. സംസാരഭാഷയുടെ ലാളിത്യമാണ് പുസ്തകത്തിൽ ഉടനീളം കാണാനാവുക.  അതിനൊപ്പം ബാല്യത്തിന്റെ  നൈർമ്മല്യം കൂടി കലരുമ്പോൾ, പുസ്തകം കൈയ്യിലെടുത്താൽ അവസാനം വരെ ഒറ്റയിരുപ്പിൽ  വായിക്കാൻ തക്ക ആകർഷണശക്തിയുള്ളതാവുന്നു അമ്മീമ്മക്കഥകൾ. തളിപ്പറമ്പ സി എൽ എസ് ബുക്സ്  പ്രസിദ്ധീകരിച്ച  ഈ പുസ്തകത്തിനു 90 രൂപയാണ് വില. പേജ് 104. പ്രസാധകരിൽ നിന്നു തപാൽ വഴിയും ഇന്ദുലേഖ ഓൺലൈൻ പോർട്ടൽ വഴിയും പുസ്തകം ലഭ്യമാണ്. ഇതുകൂടാതെ തൃശ്ശൂരിലും തിരുവനന്തപുരത്തും  നേരിട്ടുവാങ്ങാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

7 comments:

  1. ബ്ലോഗിലിട്ട അമ്മീമ്മ കഥകള്‍ എല്ലാം ഞാന്‍ വായിച്ചിരുന്നു.എന്നിട്ടും അമ്മീമ്മക്കഥകള്‍ എന്ന പുസ്തകം കിട്ടിയ ഉടനെ,പ്രകാശനം കഴിഞ്ഞു തിരികെപ്പോരുമ്പോള്‍ ട്രെയിനില്‍ ഇരുന്നു തുടങ്ങിയ വായന വീട്ടില്‍ ചെന്നതിനു ശേഷം അന്ന് തന്നെ പൂര്‍ത്തിയാക്കി . പിന്നീട് ഒന്ന് കൂടി വായിച്ചു. ഇനിയും പല പ്രാവശ്യം ഞാന്‍ അമ്മീമ്മയെ വായിക്കുമായിരിക്കും പ്രിയ എച്ചുമുവിന്റെ .അമ്മീമ്മയെക്കുറിച്ചു ഇവിടെ വായിക്കാനായത്തില്‍ സന്തോഷം

    ReplyDelete
  2. പുസ്തകത്തിന്റെ ആഴം മനസ്സിലാക്കിയുള്ള വളരെ നല്ല വായന.
    വെറും കഥകള്‍ മാത്രമായല്ലാതെ കഥകളിലൂടെ പുറത്തെത്തുന്ന ദുര്‍ബലരെ എന്നും കീഴ്പ്പെടുത്താമെന്ന വ്യാമോഹത്തിന് ഒറ്റയാള്‍ പോരാട്ടം നടത്തി വിജയിക്കാനാകും എന്ന കാട്ടിക്കൊടുക്കല്‍ കൂടെയാണ് അമ്മീമ്മയിലൂടെ കഥാകാരി പറഞ്ഞു വെക്കുന്നത്. വായിച്ചു തുടങ്ങിയാല്‍ അവസാനിപ്പിക്കാതെ മടക്കാന്‍ കഴിയാത്ത പുസ്തകം എന്നതിന് പുസ്തകം വായിക്കുന്ന ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
    വളരെ ഇഷ്ടപ്പെട്ടു മനോജ്‌ ഈ വായന.

    ReplyDelete
  3. പുസ്തകം കിട്ടിയിട്ട് മൂന്ന് ദിവസം ആയി. വായിച്ചില്ല ഇതുവരെ.

    ReplyDelete
  4. അമ്മീമ്മക്കഥകള്‍ രണ്ടാവര്‍ത്തി ഞാനും വായിച്ചു ...

    ReplyDelete
  5. ഒന്ന് രണ്ടു കഥകൾ വായിച്ചിരുന്നു. ഒഴുക്കുള്ള ഒരു ശൈലി ശ്രദ്ധിച്ചിരുന്നു. വിഡ്ഢിമാന്റെ അഭിപ്രായത്തോട് യോജിക്കാൻ കഴിയും. കഥകൾ മുഴുവൻ വായിക്കണമെന്നുമുണ്ട്.

    ReplyDelete
  6. എച്മുവിന്റെ അമ്മീമ്മയെ ആഴത്തിൽ തൊട്ടറിയിച്ചു..കേട്ടൊ ഭായ്

    ReplyDelete
  7. ബ്ലോഗിൽ വന്ന അമ്മീമ്മക്കഥകൾ വായിച്ചതാണു.

    കണ്ണിൽ ഇത്‌ വരെ പെടാത്ത ബ്ലോഗ്‌ കണ്ടാൽ അതിലെ മുഴുവൻ പോസ്റ്റും വായിച്ച്‌ ഓരോന്നിലും കമന്റിടുന്ന ശീലം വെച്ച്‌ എച്ച്മുക്കഥകൾ വായിക്കാനിരുന്നു.2012 വരെ മാത്രമെ കഴിഞ്ഞുള്ളൂ.ഓരോ കഥകളും തലച്ചോറിനുള്ളിൽ ഭൂകമ്പം തന്നെ സൃഷ്ടിക്കുന്നു..ആർത്തവരക്തം തുടക്കാൻ ഒരു കഷ്ണം തുണി എടുക്കാനില്ലാത്തവരുടെ ദുരവസ്ഥ ചിത്രീകരിച്ച ഒരു കഥ വായിച്ചപ്പോൾ ഞാൻ തളർന്ന് പോയി..തൽക്കാലത്തേക്ക്‌ കലച്ചേച്ചിയുടെ കഥാലോകത്തോട്‌ സുല്ല് പറഞ്ഞു..ഒരു കഥ വായിച്ചാൽ രണ്ട്‌ മണിക്കൂറെങ്കിലും വിഭ്രാന്തിയിലാകും.അത്രക്കുണ്ട്‌ അവരുടെ എഴുത്തിന്റെ മാസ്മരിക ശക്തി.

    ReplyDelete