Thursday, April 10, 2014

നോട്ട

കാപട്യം, വിശ്വാസവഞ്ചന, കൈക്കൂലി, അഴിമതി.. വെറുപ്പ് തോന്നാനുള്ള ഒരുപാട് കാരണങ്ങൾ ഇന്നത്തെ രാഷ്ട്രീയത്തിലുണ്ട്. പക്ഷേ ഇപ്പോഴും ജനാധിപത്യത്തിൽ എനിക്കു പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഇതിനേക്കാൾ മികച്ച മറ്റൊരു വ്യവസ്ഥ ചൂണ്ടിക്കാട്ടാനുമില്ല. 

എപ്പോഴും തമ്മിൽ ഭേദം എന്നൊരു താരതമ്യപഠനം സാധ്യമാണ് എന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അങ്ങനെയൊരു പഠനം നടത്തണമെങ്കിൽ, അതിനോട് പുറം തിരിഞ്ഞുകൊണ്ട് സാധ്യമല്ല. 

ജനപക്ഷത്തു നിന്നുള്ള തിരുത്തലുകളും പ്രതിഷേധവുമെല്ലാം പുറമേ അവഗണിക്കുന്നതായി ഭാവിക്കുമെങ്കിലും രാഷ്ട്രീയപാർട്ടികളും ഭരണകൂടവും  അതെല്ലാം കണക്കിലെടുക്കുന്നുണ്ട് എന്നു വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്.
ഡെൽഹി പെൺകുട്ടിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തല്ലെ ബന്ധപ്പെട്ട വകുപ്പുകൾ തന്നെ പരിഷ്ക്കരിക്കപ്പെട്ടതും വിവരാവകാശനിയമവും ജനലോക്പാൽ ബിൽ അവതരിപ്പിക്കപ്പെട്ടതുമെല്ലാം ഇതിനുദാഹരണങ്ങളാണ്.

അതേ സമയം, പ്രതിഷേധിക്കുന്നവർ ശരിയായ കാര്യത്തിനാണു പ്രതിഷേധിക്കുന്നതെങ്കിലും അവർക്ക് ജനങ്ങളെ ഒപ്പം കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിഷേധം അവഗണിക്കപ്പെട്ടെന്നു വരും. ഒരേ സമയം ജനാധിപത്യത്തിന്റെ ശക്തിയും ദൗർബല്യവുമാണത്. ശാസ്ത്രബോധവും സാമൂഹ്യബോധവും പക്വതയുമുള്ള ഒരു സമൂഹത്തിലെ ഭൂരിപക്ഷ തീരുമാനം ആ സമൂഹത്തെ ശക്തിപ്പെടുത്തും. ഇതിലേതിങ്കിലുമൊക്കെ കുറവുള്ള അംഗങ്ങൾ ഭൂരിപക്ഷമായുള്ള ഒരു സമൂഹത്തിൽ ചില ഭൂരിപക്ഷ തീരുമാനങ്ങൾ സമൂഹത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം എന്നതാണ് ശരിയായ നിലപാടായി ഇവിടത്തെ പരിസ്ഥിതി പ്രവർത്തകർ ( ഞാനും ) കണക്കാക്കുന്നത്. പക്ഷേ അതു നേർപ്പിച്ച കസ്തൂരി രംഗൻ റിപ്പോർട്ട് പോലും നടപ്പാക്കാൻ കഴിയാത്ത വിധം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ അതിനെ എതിർക്കുന്നവർക്ക് കഴിയുന്നു. സ്വാഭാവികമായും ഭരണകൂടവും രാഷ്ട്രീയപാർട്ടികളും  ആ പ്രതിഷേധത്തിനു മുൻഗണന നൽകുന്നു. പ്രതിഷേധം സംഘടിപ്പിക്കുന്നവർ വളരെ കുറച്ചേയുള്ളൂ, സമൂഹത്തിലെ ഭൂരിപക്ഷവും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന് അനുകൂലമാണ്, അവർ മിണ്ടാതിരിക്കുന്നെന്നേയുള്ളൂ എന്ന് ഒരു പരിസ്ഥിതി വാദിക്ക് വാദിക്കാം. അത് സത്യവുമായിരിക്കാം. പക്ഷേ ആ സത്യം അധികാരികളെയും ജനങ്ങളെ തന്നെയും ബോധ്യപ്പെടുത്താത്തിടത്തോളം കാലം അതിനെന്തു പ്രസക്തിയാണുള്ളത് ?

 ജനപക്ഷത്തു നിന്നുകൊണ്ടുള്ള നിരന്തരമായ പ്രതികരണവും ജാഗ്രതയും ആണ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള മാർഗ്ഗമായി കാണുന്നത്. 


'നോട്ട' യും ഒരു പ്രതിഷേധമാർഗ്ഗമാണ്. പക്ഷേ രാഷ്ട്രീയ പാർട്ടികൾക്ക് അവഗണിക്കാൻ ഏറ്റവും എളുപ്പമുള്ള പ്രതിഷേധമാർഗ്ഗമാണെന്നു മാത്രം. മാത്രമല്ല, സമൂഹതാല്പര്യങ്ങളേക്കാളുപരി സ്വന്തം വ്യക്തിതാല്പര്യം മാത്രം പരിഗണിക്കുകയാണ് 'നോട്ട'യ്ക്ക് വോട്ട് ചെയ്യുന്ന ഒരാൾ ചെയ്യുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. നോട്ടയ്ക്ക് കുത്തുന്നവർ, ഇന്ന് സമൂഹത്തിൽ കാണുന്ന  ഏത് രാഷ്ട്രീയപാർട്ടിയിലെ ഏത് നേതാവിനെ അവിടെ മത്സരിപ്പിച്ചാലും നോട്ടയ്ക്ക് തന്നെ കുത്തുവാനാണ് സാധ്യത. എല്ലാ രാഷ്ട്രീയചിന്തകളോടും  വിരോധമുള്ളവരാണല്ലോ നോട്ട ജയിക്കണമെന്ന് ആഗ്രഹിക്കുന്നത്.

  നല്ല പഴങ്ങളും ചീത്ത പഴങ്ങളും കൂട്ടികലർത്തി വിൽക്കാനിരിക്കുന്ന കച്ചവടക്കാരോട്, നിങ്ങൾ ചീത്ത പഴങ്ങളും വിൽക്കുന്നു, അതുകൊണ്ട് ഞാൻ പഴം വാങ്ങുന്നില്ല' എന്നത് നിഷേധം തന്നെ. പക്ഷേ അതിനേക്കാൾ ശക്തമായത്, കൂടയിൽ നിന്ന് നല്ല പഴങ്ങൾ മാത്രം തിരഞ്ഞെടുത്ത് 'കച്ചവടക്കാരാ, ചീത്ത പഴങ്ങൾ തന്ന് എന്നെ പറ്റിക്കാൻ നോക്കണ്ട കെട്ടോ' എന്ന് ഓർമ്മപ്പെടുത്തുകയാണ് എന്നതാണ് ഞാൻ കരുതുന്നത്. വാങ്ങുന്നതിന് പിന്നെയും ആളുകൾ വരുന്നിടത്തോളം കാലം ( എല്ലാവരും 'നോട്ട' ചെയ്താലും, ഒരു വോട്ട് കിട്ടിയാൽ പോലും സ്ഥാനാർത്ഥിക്ക് ജയിക്കാം ) 'വാങ്ങുന്നില്ല' എന്ന പ്രതിഷേധം കച്ചവടക്കാരൻ അവഗണിക്കും. അതുമാത്രമല്ല, നല്ല പഴം ആ പ്രതിഷേധക്കാരൻ/ക്കാരി തിരഞ്ഞെടുക്കാത്തതു കൊണ്ട്, അയാളുടെ കുടുബത്തിലെ നല്ലതും ചീത്തയും തിരിച്ചറിയാനാവാത്ത ഒരാൾ ചീത്തപഴം വാങ്ങി വീട്ടിലേക്ക് കൊണ്ടു വന്നാൽ അതു തന്നെ വീട്ടിലെല്ലാവർക്കും കഴിക്കേണ്ടിയും വരുന്നു. ചീത്തപഴം ( ചീത്ത നിയമം ) വാങ്ങി ( നടപ്പാക്കി )ക്കഴിഞ്ഞാൽ പിന്നെയത് കഴിക്കാതെ നിവൃത്തിയില്ലല്ലോ.

നോട്ട'യുടെ വോട്ട് ഭൂരിപക്ഷത്തേക്കാൾ അധികമാവുകയോ നിശ്ചിത ശതമാനത്തേക്കാൾ അധികമാവുകയോ ഒക്കെ ചെയ്താൽ അവിടെ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടും എന്നോ മറ്റോ നിയമം കൊണ്ടു വന്നാൽ പ്രയോജനമുണ്ടാവാൻ സാധ്യതയുണ്ട്.

പക്ഷേ, ഇങ്ങനെയൊരു നിയമം കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തെ കൊണ്ട് അംഗീകരിപ്പിക്കേണ്ടതും , ആ അംഗീകാരം അധികാരികളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട് . ഒരു പക്ഷേ ഇങ്ങനെ ഒരു ആലോചന മുന്നോട്ടു വെക്കുമ്പോഴായിരിക്കും സമൂഹത്തിലെ തന്നെ മറ്റൊരാൾ ആ തീരുമാനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുക. അതും പരിഗണിക്കേണ്ടതുണ്ട്.
അതുവരെ നോട്ടയ്ക്ക് ചെയ്യുന്ന വോട്ടുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും കാണുന്നില്ല.

10 comments:

  1. ഏറ്റവും സിമ്പിളായി കാര്യം പറഞ്ഞു. പിന്നെ നോട്ട അതങ്ങ് ചുമ്മാ നടപ്പാക്കിയതാണ്.കൂടുതലൊന്നും ആലോചിക്കാതെ നോട്ടയില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ ഇനിയും സംഭവിച്ചാല്‍ ഇതുകൊണ്ട് ഗുണമുണ്ട് ,ഇപ്പോഴത്തെ നിലയില്‍ നോട്ട പറഞ്ഞതുപോലെ വെറുതെയാണ്.

    ReplyDelete
    Replies
    1. "ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതുപ്രകാരം വോട്ടിങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും ഇതിനുള്ള അവകാശം രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
      പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഒമ്പത് വര്‍ഷമായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലാണ് ഇന്ന് വിധിപറഞ്ഞത്. ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ 13 പേര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പതിനാലാമതായി 'ഇതൊന്നുമല്ല' -എന്നതു കൂടി ഉള്‍പ്പെടുത്തി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകരെ അനുവദിക്കണമന്നാണ് ഉത്തരവ്. ഏറ്റവും അടുത്ത തിരഞ്ഞെടുപ്പില്‍തന്നെ നിഷേധ വോട്ടിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ജനപ്രാതിനധ്യ നിയമമനുസരിച്ച് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലത്ത വോട്ടര്‍മാര്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തെത്തി വിവരം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഇതൊഴിവാക്കാനാണ് ഇപ്പോള്‍ സംവിധാനമൊരുങ്ങുന്നത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ , നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതായി വ്യക്തമാക്കിയിരുന്നു. നിഷേധ വോട്ട് നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശുപാര്‍ശചെയ്ത് 2001 ഡിസംബര്‍ 10നും 2004 ജൂലായ് 5നും കേന്ദ്രത്തിന് കത്തുനല്‍കിയതായും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വിശദീകരിച്ചിരുന്നു."

      Quoted from Mathrubhumi Online

      പുതിയ മാറ്റങ്ങളെ അംഗീകരിക്കുവാന്‍ സമയമെടുക്കും. പക്ഷെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പാര്‍ട്ടികളിലെ കോക്കസുകളാണ്‌ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്‌. അവര്‍ അത്‌ പരമാവധി മുതലെടുക്കുകയും ചെയ്യുന്നുണ്ട്‌. മാഫിയകള്‍ക്കും അത്യാഗ്രഹികള്‍ക്കും എളുപ്പം കടന്നു കയറാന്‍ പറ്റുന്ന വിധം ദുര്‍ബലമാണ്‌ ഇപ്പോഴത്തെ നമ്മുടെ പാര്‍ട്ടികളുടെ ഘടന. അതിനാല്‍ ഇതിനെ പോസിറ്റീവായി കാണുക. രണ്ടല്ല. മുന്നല്ല, നാലല്ല, എത്രതവണ റീ ഇലക്ഷന്‍ നടത്തിയാലും, തിരഞ്ഞെടുക്കപ്പെട്ട കള്ളന്മാര്‍ കട്ടെടുക്കുന്ന തുകയോളം വരില്ല അതിനുവേണ്ടി വരുന്ന ചിലവ്‌.

      ഏതെങ്കിലും ഒരാളെ തിരഞ്ഞെടുത്തേ പറ്റൂ എന്ന നിസ്സഹായവസ്ഥയിലാണ്‌ നാം. പാര്‍ട്ടി ടിക്കറ്റ്‌ കൊടുത്താല്‍, കുറച്ചു മാഫിയകളുടെ പിന്തുണയുമുണ്ടെങ്കില്‍, പിന്നെ രക്ഷപ്പെട്ടു എന്ന രാഷ്ട്രീയ അവസ്ഥ മാറണം. പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്‌താലും ജനങ്ങള്‍ക്കുവേണ്ട എന്നു പറയാന്‍ കഴിയണം. പാര്‍ട്ടികള്‍ നിര്‍ത്തിയിരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും ഒരുപോലെ മുമ്പ്‌ നമ്മെ ഭരിച്ചുമുടിച്ചിട്ടുള്ളവരാണെങ്കില്‍ അവരെ നമുക്ക്‌ സ്ഥാനാര്‍ത്ഥികളായി വേണ്ട എന്നു പറയാന്‍ കഴിയണം. അങ്ങനെ വരുമ്പോള്‍ രാഷട്രിയപാര്‍ട്ടികള്‍ നല്ല സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്താന്‍ നിര്‍ബന്ധിതരാകും. മത്സരത്തില്‍ ആര്‌ ജയിച്ചു എന്നതിനേക്കാളുപരി, ആരൊക്കെ മത്സരിക്കാന്‍ ഉണ്ടായിരുന്നു എന്നതാണ്‌ പ്രസക്തം

      ഇത് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ്ശമാണ്. ഈ ജനാധിപത്യത്തിന്റെ ഉത്പന്നം തന്നെയാണ് ഈ നിയമവും. എല്ലാ നിയമങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യപ്പെടാനുള്ളതാണ്‌. ഇത്‌ ഒരു പരീക്ഷണത്തിന്റെ തുടക്കം മാത്രമായി സ്വാഗതം ചെയ്യുക. എതിര്‍പ്പുകളും ആശയകുഴപ്പങ്ങളും വാഗ്വാദങ്ങളും ഉണ്ടാകും. അത്‌ സ്വാഭാവികമാണ്‌.

      Delete
  2. നോട്ട ഉൾപ്പെടുത്തണമെന്നു മാത്രമേ സുപ്രീം കോടതി വിധിച്ചിട്ടുള്ളു സുധീർ. പട്ടികയിലുള്ള ആർക്കും വോട്ട് നൽകാൻ അവസരം നൽകണം എന്നേ ബന്ധപ്പെട്ട നിയമത്തിലും പറയുന്നുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്. 'നോട്ട'യ്ക്ക് ആ മണ്ഢലത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടായാൽ പോലും വീണ്ടും ഇലക്ഷൻ നടത്തണമെന്ന് നിയമം പറയുന്നില്ല. നോട്ടയ്ക്ക് കിട്ടുന്ന വോട്ടുകൾ എത്രയായാലും, ഭൂരിപക്ഷം വോട്ടുകൾ കിട്ടുന്ന ആൾ ജയിച്ചതായി കണക്കാക്കും എന്നാണ് മനസ്സിലാക്കുന്നത്. അപ്പോൾ പിന്നെ നോട്ട എന്ന പ്രതിഷേധം കൊണ്ട് ജനങ്ങൾ ഉദ്ദേശിച്ച ഫലം ഉണ്ടാകുന്നില്ലല്ലോ. അങ്ങനെ ഉണ്ടാവാത്തിടത്തോളം കാലം രാഷ്ട്രീയപാർട്ടികൾ അത് അവഗണിക്കാനാണ് സാധ്യത. ആ സാഹചര്യത്തിൽ തമ്മിൽ ഭേദം ആരെന്നു നോക്കി അവർക്ക് വോട്ട് ചെയ്യുകയാണ് നല്ലതെന്നാണ് കരുതുന്നത്. നോട്ടയ്ക്ക് കിട്ടുന്ന വോട്ടുകൾക്ക് പ്രാധാന്യം വരണമെങ്കിൽ, അത്തരത്തിലുള്ള നിയമനിർമ്മാണം നടക്കേണ്ടതുണ്ട്. അങ്ങനെ നിയമനിർമ്മാണം നടക്കണമെങ്കിൽ അതിനു വേണ്ടി ആഗ്രഹിക്കുന്നവർ അത് ജനങ്ങളുടെ ആഗ്രഹമാക്കി മാറ്റേണ്ടതുണ്ട്, അതാണ് ജനഹിതം എന്ന് നിയമനിർമ്മാണ സഭകളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്.

    പിന്നെ പൊതുമുതൽ കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാർ വീണ്ടും വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാൽ ഇല്ലാതാവും എന്ന വിശ്വാസം എനിക്കില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയുടെ ഭരണം ഏറ്റെടുത്ത രാജ്യസ്നേഹികളായ കോൺഗ്രസ്സുകാരിൽ നിന്നും കേരളപ്പിറവിക്കു ശേഷം കേരളത്തല്ലെ ആദർശധീരരും സാധാരണക്കാരുമായ രാഷ്ട്രീയ നേതാക്കളിൽ നിന്നും പതിയെ പതിയെ അഴിമതിക്കാരുണ്ടായി എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എത്ര ആദർശധീരരും ജനപ്രിയരുമാണെങ്കിലും അധികാരം മിക്കവരെയും സ്വജനപക്ഷപാതികളും അഴിമതിക്കാരുമായി മാറ്റുന്നു എന്നല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. നോട്ട ഉപയോഗിച്ച് നിലവിലുള്ളവരെ അരിച്ചു മാറ്റി പുതിയവർ വന്നാലും, അധികാരം കൈയ്യാളുന്നതോടെ അവരും അഴിമതിക്കാരാവില്ലെന്ന് ഉറപ്പു പറയാൻ കഴിയുമോ ?
    അതുകൊണ്ട് അഴിമതിയെ നേരിടാൻ അധികാരങ്ങൾ വികേന്ദ്രീകരിക്കുകയും അധികാരവുമായ ബന്ധപ്പെട്ടപ്രക്രിയകൾ സുതാര്യമാക്കുകയും അഴിമതി ചെയ്യുന്നവരെ വേഗത്തിലും കൃത്യമായും കർശനമായും ശിക്ഷിക്കുന്ന നിയമവ്യവസ്ഥകൾ ശക്തമാക്കുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. അഞ്ചു വർഷം കഴിയുമ്പോൾ ഭരണം കിട്ടിയില്ലെങ്കിലും വേണ്ടില്ല ഇപ്പോൾ കിട്ടുന്നത് പരമവധി അടിച്ചെടുക്കാം എന്ന മനോഭാവം അങ്ങനെയെ അവസാനിക്കാൻ സാധ്യതയുള്ളൂ.

    ReplyDelete
    Replies
    1. പട്ടികയിലുള്ള ആർക്കും വോട്ട് നൽകാൻ അവസരം നൽകണം >> നൽകാതിരിക്കാൻ എന്ന് തിരുത്തി വായിക്കുക

      Delete
  3. ഇതൊരു ആദ്യ പരീക്ഷണമല്ലേ ,, ഞാനും കാത്തിരിക്കുകയാണ് ഈ വര്‍ഷത്തെ ഇലക്ഷന്‍ റിസള്‍ട്ട് വരാന്‍ , പറഞ്ഞപോലെ നോട്ടയുടെ ശരശാരി ശതമാനം നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഒരു വട്ടം ചിന്തിപ്പിക്കാന്‍ കഴിഞങ്കില്‍ അത്രയും നല്ലത് . വോട്ടു ചെയ്യാതിരിക്കുന്നതിലും നല്ലത് ഒരു പ്രതിഷേധം രേഖപ്പെടുത്തി പ്രതികരിക്കുന്നതാണ് നല്ലത് എന്നാണു എന്‍റെ അഭിപ്രായം , എങ്കിലും ഇപ്പോള്‍ ഉള്ള സംവിധാനം പൂര്‍ണ്ണമാണ് എന്ന് അഭിപ്രായമില്ല.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. നണ്‍ ഓഫ് ദ അബവ്!!!
    എന്റെ മണ്ഡലത്തില്‍ മൂന്നും ചീത്തപ്പഴങ്ങള്‍ ആയിരുന്നു!!

    ReplyDelete
  6. ജനങ്ങൾക്ക്‌ നിഷേധിക്കാൻ ഉള്ള അവസരവും ഉണ്ടെന്ന് രാഷ്ട്രീയ ക്കാരെ ഓർമിപ്പിക്കുകയാണ് നോട്ടയുടെ ലക്ഷ്യം. തെരഞ്ഞെടുത്തയച്ചവരെ തിരിച്ചു വിളിക്കാൻ ഉള്ള ആദ്യ പടി.

    ReplyDelete
  7. ഇത് ആദ്യപടി എങ്കില്‍ ഇനി എന്ത് ?

    ReplyDelete
  8. നോട്ട വെറും നോട്ട പിശകല്ല...!

    ReplyDelete