Sunday, June 01, 2014

മോഡി പേടി


കേരളത്തിലെ ന്യൂനപക്ഷം ( അവരിൽ തന്നെ മുസ്ലീങ്ങൾ ) മോഡിയെയും സംഘപരിവാറിനേയും നല്ലപോലെ ഭയപ്പെടുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്. ആ ഭയത്തെ മുതലെടുക്കാൻ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ തീവ്രവാദമറുചേരികൾ ശ്രമിക്കുന്നുണ്ട് എന്നുള്ളതും കാണാം.

അത്രയ്ക്കൊന്നും ഭയപ്പെടേണ്ടതില്ല എന്ന് കേരളത്തിന്റെ ഇടതുപക്ഷമനസ്സ് അവരെ എക്കാലവും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മേധാവിത്വം ലഭിക്കുന്നതിനു വേണ്ടി മതവും ജാതിയും വർഗീയതയും വികസനവും വ്യവസായവും തുടങ്ങി എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി മുന്നിലെത്തിയ ആളാണു മോഡി. ഇനി എന്തു വേണം എന്ന് തീരുമാനിക്കാൻ മോഡിക്ക് സ്വാതന്ത്ര്യമുള്ളിടത്തോളം കാലം കരുതിയിരിക്കുകയും വേണം.

പക്ഷേ ഒരനാവശ്യ ഭീതി അസ്ഥാനത്താണ്. എതിർക്കപ്പെടേണ്ടത് നടപ്പാക്കപ്പെടുമ്പോൾ എതിർക്കുക എന്നതാണ് ജനാധിപത്യത്തിൽ കരണീയമായിട്ടുള്ളത്. ആ എതിർപ്പിനു ഭൂരിപക്ഷപിന്തുണ നേടുക എന്നതാണ് മുഖ്യം. അത് വർഗ്ഗീയ ശക്തികൾക്കും അറിയാവുന്നതുകൊണ്ട്, അവിടെ വിള്ളലുകൾ വീഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. അതുകൊണ്ട് ആത്യന്തികമായി ഭയപ്പെടേണ്ടത് മോഡിയെ അല്ല, ജനങ്ങൾക്കിടയിലെ മതിലുകളെയാണ്. സ്വയമറിയാതെയാണെങ്കിലും ആ മതിലുകളിൽ പലതും നാം സ്വയം സൃഷ്ടിക്കുന്നവയുമാണ്.

ഞാനും നീയ്യും ഒരുമിച്ച് പഠിച്ച പൊതുവിദ്യാലയങ്ങൾ ഇന്ന് ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കേ, എന്റെ കുഞ്ഞിനു സരസ്വതിനികേതനവും നിന്റെ കുഞ്ഞിനു ഉമരിയ്യ സ്കൂളും ശക്തിപ്പെടുന്നിടത്ത് തുടങ്ങുന്നു അത്. ഞാനും നീയും നീന്തിത്തുടിച്ച പുഴമടിത്തട്ടുകൾ വരണ്ടു മലർന്നിരിക്കേ എന്റെ കുഞ്ഞിനു എന്റെ നീന്തൽകുളവും നിന്റെ കുഞ്ഞിനു നിന്റെ നീന്തൽകുളവും തീർക്കുന്നിടത്ത് ശക്തിപ്പെടുന്നു അത്.

എന്റെ കുഞ്ഞിനു മുറിവേറ്റാൽ നിന്റെ കുഞ്ഞ് വാവിട്ടുകരയാൻ, നിന്റെ കുഞ്ഞിന്റെ ഭയത്തെ എന്റെ കുഞ്ഞ് കല്ലെടുത്തോടിക്കാൻ, ഏറ്റവും കുറഞ്ഞത് അവർ പരസ്പരം അറിയേണ്ടതെങ്കിലുമുണ്ട്.

തോളോടു തോൾ ചേർന്ന് ഓടിക്കളിക്കാൻ, പാടിത്തിമർക്കാൻ അവർക്കു പൊതു ഇടങ്ങൾ വേണ്ടതുണ്ട്. ഓണവും വിഷുവും പെരുന്നാളും നോമ്പും വീടുകളിൽ നിന്ന് വീടുകളിലേക്ക് നിർഭയം സഞ്ചരിക്കണമെങ്കിൽ നമുക്കിടയിലെ മതിലുകൾ നാം തകർക്കേണ്ടതുണ്ട്, ഉമ്മറത്ത് കാവൽ നിർത്തിയിരിക്കുന്ന പ്രദർശന നായ്ക്കളെ പുറത്താക്കേണ്ടതുണ്ട്.

'എന്റേത്' എന്ന അഹങ്കാരങ്ങൾ തകർത്ത്
വീണ്ടെടുക്കുക നാം ആ പൊതുഇടങ്ങൾ, കളിമൈതാനങ്ങൾ, പുൽമേടുകൾ, പുഴയോരങ്ങൾ.

1 comment:

  1. മേധാവിത്വം ലഭിക്കുന്നതിനു വേണ്ടി മതവും ജാതിയും വർഗീയതയും വികസനവും വ്യവസായവും തുടങ്ങി എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി മുന്നിലെത്തിയ ആളാണു മോഡി. ഇനി എന്തു വേണം എന്ന് തീരുമാനിക്കാൻ മോഡിക്ക് സ്വാതന്ത്ര്യമുള്ളിടത്തോളം കാലം കരുതിയിരിക്കുകയും വേണം.

    ReplyDelete