Monday, November 03, 2014

ചുംബനസമര ചിന്തകൾ

1. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കൂ.. മാറു മറയ്ക്കൽ സമരത്തിലും ഇതു തന്നെയല്ലേ സംഭവിച്ചത് ? സമൂഹത്തിന്റെ പ്രമാണിമാരും മുതിർന്നവരും പോലീസും ഭരണകൂടവും എല്ലാം സമരത്തെ എതിർത്തു തോല്പിക്കാനല്ലേ ശ്രമിച്ചിട്ടുള്ളത് ?

അനാചാരങ്ങൾക്കെതിരെ ഇന്ത്യയിലോ കേരളത്തിലോ അരങ്ങേറിയിട്ടുള്ള ഓരോ സമരവും പരിശോധിക്കൂ.. ഓരോന്നിന്റേയും ആരംഭകാലത്ത് അത് സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരുന്ന ഒന്നായിരുന്നോ അവ ?
തുടങ്ങി വെക്കുക എന്നത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയത് സമൂഹത്തിൽ കൂടുതൽ കൂടുതലായി ചർച്ച ചെയ്യപ്പെടും. സമരത്തോട് ഐക്യപ്പെടുന്ന യുവാക്കളും കൗമാരക്കാരും അതേറ്റെടുക്കും. അതിന്റെ പ്രതികരണങ്ങൾ അവർ നേരിടും. അവരുടെ സമരരീതികളോട് താല്പര്യമില്ലെങ്കിലും സമുഹത്തിലെ യാഥാസ്ഥിതികരും ഭരണകൂടവും അതിനെ എതിരിട്ട രീതി അവരുടെ സ്നേഹിതരിലും വീട്ടുകാരിലുമെല്ലാം അമർഷവും വേദനയുമുണ്ടാവും. സമരക്കാരുടെ ആശയങ്ങളോട് അതവരെ കൂടുതലായി അടുപ്പിക്കും. ( സംശയമുണ്ടെങ്കിൽ, ഇന്നലെ സമരത്തിനു വന്ന് അടിയേറ്റു വാങ്ങേണ്ടി വന്നവരുടെ വീട്ടുകാരോടു ചോദിക്കൂ..). അത്തരം പിന്തുണകൾ പുതിയ പ്രതിഷേധ മാർഗ്ഗങ്ങൾ തുറക്കും..അത് പ്രത്യക്ഷമായതോ സംഘടിതമായതോ ആസൂത്രിതമായതോ ആവണം എന്നുപോലുമില്ല.. എതിർപ്പു ശക്തമാവുന്തോറും സമരക്കാരുടെ ആത്മവീര്യവും സംഖ്യയും വർദ്ധിക്കും... ഒടുവിൽ കൂടുതൽ പുരോഗമനപരമായത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.

ഇത്തരമൊരു സമരം വിജയിക്കുന്നത്, ഇന്നുമുതൽ എല്ലാവർക്കും പരസ്യമായി ചുംബിച്ചു തുടങ്ങാം എന്നൊരു സർക്കാർ ഉത്തരവിറക്കുന്നതോടെയായിരിക്കും എന്നൊന്നുമല്ലല്ലോ സമരത്തിറങ്ങിയവരോ അവരെ പിന്തുണയ്ക്കുന്നവരോ പറഞ്ഞിട്ടുള്ളത്..

ഇങ്ങനെയൊരു തുടർപ്രക്രിയ നടക്കണമെങ്കിൽ ആകെ വേണ്ടത് , സമരക്കാർ പറയുന്നതിൽ എന്തോ ഒരു ശരിയുണ്ടല്ലോ എന്നൊരു തോന്നൽ സമരത്തെ നിശബ്ദം നോക്കി കാണുകയോ സമരത്തെ എതിർക്കുകയോ ചെയ്യുന്നവരുടെ ഉള്ളിന്റെയുള്ളിൽ വേരു പിടിക്കുകയാണ്. അങ്ങനെയൊരു വേരുപിടിക്കൽ നടക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.

2. ഇനിയുമൊരു പത്തു നൂറു വർഷങ്ങൾ കഴിഞ്ഞാൽ, പൊതു ഇടങ്ങളിലെ ലൈംഗീകവേഴ്ച്ച കുറ്റകരമായി  കാണുന്ന ഒരു സമൂഹമായിരിക്കില്ല  ലോകത്തിൽ പലയിടത്തും നിലവിലുണ്ടാവുക എന്നാണ് കരുതുന്നത്.   ലൈംഗികത അതിലേർപ്പെടുന്നവരുടെ സ്വകാര്യതയായിരിക്കും എന്നായിരിക്കും അന്നുള്ളവർ ചിന്തിക്കുക. ഇപ്പോൾ തന്നെ, അത്തരം സ്വകാര്യതകൾ മാനിക്കുന്ന 'സ്വകാര്യപൊതുഇടങ്ങൾ'- ചില ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും, ബീച്ചുകളും, ലൈംഗീകകേന്ദ്രങ്ങളും  നിലവിലുണ്ടല്ലോ. മാനസികമായും ലൈംഗീകമായും അത്രമാത്രം പക്വതയാർജ്ജിച്ച ഒരു സമൂഹമായിരിക്കും അത് എന്നോർത്ത് ആഹ്ലാദിക്കുന്നു.  മൃഗങ്ങൾ  മറയില്ലാതെ ഇണ ചേരുന്നതിൽ അസ്വാഭാവികതയും അസ്വസ്ഥതയും അനുഭവപ്പെടാത്ത  ഇന്നത്തെ പരിഷ്കൃത മനുഷ്യന്റെ സ്ഥാനത്ത്, അവക്കിടയിലേക്ക് സഹജീവികളെ കൂടെ ഉൾപ്പെടുത്തുക മാത്രമാണല്ലോ അന്നത്തെ പരിഷ്കൃത മനുഷ്യൻ ചെയ്യുക. .

6 comments:

 1. ഏതൊരു മാറ്റങ്ങളുടെയും ആരംഭം ഇങ്ങിനെത്തന്നെയാണ് നടന്നിട്ടുള്ളത്. മാറു മറയ്ക്കാതെ നടക്കുന്ന കാലഘട്ടത്തില്‍ അതിനെതിരെ സമരം തുടങ്ങിയപ്പോള്‍ അത് അന്നത്തെ സംസ്ക്കാരത്തിനു നേരെയുള്ള കടന്നു കയറ്റമായി വ്യാഖ്യാനിച്ചെങ്കില്‍ പിന്നീട് അതൊരു അവകാശമായി മാറുകയും എതിര്‍ത്തവര്‍ അനുകൂലമാകുകയും ചെയ്തു. ചുരിദാര്‍ ധരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്തായിരുന്നു, ഇപ്പോഴോ? സംസ്ക്കാരം എന്നത് ഓരോ കാലഘട്ടത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ്. അതിലെ ഏറ്റക്കുറച്ചിലുകള്‍ മനുഷ്യര്‍ ശീലിച്ച ശീലങ്ങള്‍ അകന്നുപോകുന്ന സമയദൈര്‍ഘ്യത്തിന്റെ സ്വഭാവം അനുസരിച്ചായിരിക്കും. എന്തായാലും മാറ്റങ്ങള്‍ക്ക് വിധേയമാകാതെ മനുഷ്യന് മുന്നോട്ട് പോകാന്‍ കഴിയില്ല. ആരെതിര്‍ത്താലും അത് സംഭവിക്കാതിരിക്കില്ല. ദാ...ഇന്നുമുതല്‍ ആകെ മാറുന്നു എന്ന തോന്നലാണ് ഇത്രയും വികാരപരമായ പ്രയാസങ്ങള്‍ക്ക് വഴി വെക്കുന്നത്. എത്രയോ വര്‍ഷങ്ങളുടെ ചലനങ്ങളിലൂടെയാണ് മനുഷ്യന്‍ ഇന്നത്തെ രൂപത്തില്‍ എത്തിയിരിക്കുന്നത്. ഇനിയും അതുപോലെ സമയമെടുത്ത് തന്നെയാണ് തുടര്‍ന്നും സംഭവിക്കുക. ഒരുപക്ഷെ അതിനല്പം വേഗത കൂട്ടാന്‍ മനുഷ്യന്റെ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ വഴി വെക്കുന്നുണ്ട് എന്ന് സമ്മതിച്ചാല്‍ പോലും.

  ReplyDelete
 2. മാറ്റങ്ങൾ അനിവാര്യമാണ്...... അത് സമൂഹത്തിന് ബോദ്ധ്യമാകണം.. ഉമ്മ സമരങ്ങൾ ഉപരിപ്ലവമാണ് ഉണ്മയുള്ള സമരങ്ങൾ വിജയിക്കും..കുറച്ച് കാലമെടുക്കുമെങ്കിലും.......

  ReplyDelete
 3. "അധരം കൊണ്ടധരത്തിൽ അമൃത് നിവേദിയ്ക്കും" ചുംബനം ഭാരതീയർക്ക് അന്യമാണ്. സായിപ്പന്മാർ ചെയ്യുന്നത് പോലെ അവർ ചെയ്യാറുമില്ല, അതൊട്ട്‌ ആസ്വദിയ്ക്കുന്നുമില്ല. അങ്ങിനെയൊരു കർമം ചെയ്യാത്ത ഭാര്യാ ഭർത്താക്കന്മാർ ധാരാളം. ഈ സമരം നടത്തിയവർ തന്നെ അത് മുൻപ് ചെയ്തിട്ടുണ്ടോ, അതിൽ തല്പ്പരരാണോ എന്തോ.

  എന്താണ് ആചാരങ്ങളും അനാചാരങ്ങളും?മാറ് മറയ്ക്കാതിരുന്നാൽ എന്തായിരുന്നു പ്രശ്നം? മറച്ചതു കൊണ്ട് എന്തായിരുന്നു ഗുണം?

  ഓരോരുത്തരും അവരവരുടെ സൌകര്യത്തിനു കാര്യങ്ങൾ ചെയ്യട്ടെ. അത് നിയമ ങ്ങൾക്ക് എതിരാകാതിരുന്നാൽ മതി. മറ്റുള്ളവർക്ക് അസൌകര്യം ഉണ്ടാകാതിരുന്നാൽ മതി.

  ഇനി നിയമത്തിന്റെ കാര്യം പറഞ്ഞാൽ അതും അങ്ങിനെ സമൂഹത്തിൻറെ നില നിൽപ്പിന് വേണ്ടി ആരൊക്കെയോ ഉണ്ടാക്കിയതാണ്.

  ചുംബിയ്ക്കുന്നവർ ചുംബിയ്ക്കട്ടെ. കഴിവുള്ളവർ അത് പിന്തുടരുക. അല്ലാത്തവർ കണ്ടു നിൽക്കുക.

  ReplyDelete
 4. Many of keralite do not kiss even their wives. When did you last kiss your wife!!

  ReplyDelete
 5. കോഴിക്കോട്ട് ഡൗൺടൗൺ ഹോട്ടലിൽ നടന്ന സംഭവത്തോട് എതിർപ്പുണ്ട്. അത് ചെയ്തവരോട് അനുകൂലിക്കുന്നുമില്ല. എന്നാൽ അത് ചെയ്തവരോടും ആ സംഭവത്തോടുമുള്ള പ്രതിഷേധം പ്രകടിപ്പിക്കാനും, അമർഷം അറിയിക്കാനുമായി ജനാധിപത്യവ്യവസ്ഥിതിയിൽ ഇതായിരുന്നില്ല. ഒരു സമൂഹത്തിന്റെ പൊതുബോധത്തിന് പെട്ടെന്ന് അംഗീകരിക്കാനാവാത്ത ഒരു സമരമാർഗം തിരഞ്ഞെടുത്തതാണ് ഇതിന്റെ സംഘാടകർക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം അവരുടെ കാൽക്കീഴിൽ നമസ്കരിക്കുന്നു എന്നൊക്കെ കവികൾ പാടിപ്പുകഴ്ത്തുകയും, സംസ്കാരം ആ നിലവാരത്തിലേക്ക് എത്തിയിട്ടുള്ള സമൂഹങ്ങൾ അംഗീകരിക്കുകയും ചെയ്തേക്കാം. എന്നാൽ സാംസ്കാരിക ചിന്തകൾ ആ നിലവാരത്തിൽ ഇനിയും എത്തിയിട്ടില്ല ഒരു സമൂഹത്തിനെക്കൊണ്ട് ഇത്തരമൊരു സമരമാർഗം അംഗീകരിപ്പിക്കുക ദുഷ്കരമാണ്. അത് നമ്മൾ കൊച്ചിയിൽ കാണുകയും ചെയ്തു.....

  നാളെ മലയാളിയുടെ പൊതുബോധം ഏതെല്ലാം തരത്തിലേക്കു വളരുമെന്നുമെന്തെന്നും ആർക്കറിയാം. പക്ഷേ ഇന്നത്തെ മലയാളിക്ക് കൊച്ചിയിൽ നടത്താൻ ശ്രമിച്ച സമരമുറ വെറും ആഭാസമാണ്....

  വലിയ സാമൂഹ്യപ്രവർത്തകരുടെ യുക്തിഭദ്രമായ ചിന്തയുടെ പിൻബലത്തോടെ നടത്തിയതും, നമ്മുടെ സാംസ്കാരികചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയതുമായ മാറുമറക്കൽ സമരവും , കൊച്ചിയിൽ ആരോ കണ്ട പുലർകാല സ്വപ്നത്തിന്റെ അവശേഷിപ്പായി നടത്തിയ ചുംബനസമരവും - ഇവ തമ്മിലൊരു താരതമ്യം പോലും ആവശ്യമില്ല.....

  ReplyDelete
 6. ലൈംഗികത അതിലേർപ്പെടുന്നവരുടെ സ്വകാര്യതയായിരിക്കും എന്നായിരിക്കും അന്നുള്ളവർ ചിന്തിക്കുക. ഇപ്പോൾ തന്നെ, അത്തരം സ്വകാര്യതകൾ മാനിക്കുന്ന 'സ്വകാര്യപൊതുഇടങ്ങൾ'- ചില ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും, ബീച്ചുകളും, ലൈംഗീകകേന്ദ്രങ്ങളും നിലവിലുണ്ടല്ലോ. മാനസികമായും ലൈംഗീകമായും അത്രമാത്രം പക്വതയാർജ്ജിച്ച ഒരു സമൂഹമായിരിക്കും അത് എന്നോർത്ത് ആഹ്ലാദിക്കുന്നു. മൃഗങ്ങൾ മറയില്ലാതെ ഇണ ചേരുന്നതിൽ അസ്വാഭാവികതയും അസ്വസ്ഥതയും അനുഭവപ്പെടാത്ത ഇന്നത്തെ പരിഷ്കൃത മനുഷ്യന്റെ സ്ഥാനത്ത്, അവക്കിടയിലേക്ക് സഹജീവികളെ കൂടെ ഉൾപ്പെടുത്തുക മാത്രമാണല്ലോ അന്നത്തെ പരിഷ്കൃത മനുഷ്യൻ ചെയ്യുക

  ReplyDelete