Thursday, June 30, 2016

ഹോമിയോ

ഒരു അനുഭവം എന്തുകൊണ്ട് ഉണ്ടാവുന്നു എന്നുള്ള അന്വേഷണമാണ് ശാസ്ത്രം. ഇന്നയിന്ന കാരണങ്ങൾ കൊണ്ട് കാന്തത്തിന് ആകർഷണബലം ഉണ്ടാവുന്നു, ഇന്നയിന്ന കാരണങ്ങൾ കൊണ്ട് ഷോക്ക് അനുഭവപ്പെടുന്നു എന്ന നിഗമനങ്ങൾ അത്തരം അന്വേഷണത്തിനൊടുവിൽ ശാസ്ത്രം മുന്നോട്ടു വെക്കുന്നു. ആ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും പരീക്ഷണങ്ങൾ നടത്തുന്നു, അതിനടിസ്ഥാനമായ ശാസ്ത്രതത്വം/സിദ്ധാന്തം രൂപീകരിക്കുന്നു. എന്തുകൊണ്ട് ചില വസ്തുക്കൾക്ക് കാന്തശക്തി ഉണ്ടാവുന്നില്ല, ചില വസ്തുക്കളെ കാന്തം ആകർഷിക്കുന്നില്ല, എന്തുകൊണ്ട് കുറഞ്ഞ അളവിലുള്ള വൈദ്യുതിയിൽ ഷോക്ക് അനുഭവപ്പെടുന്നില്ല എന്നെല്ലാം ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാവുന്നുണ്ടെങ്കിൽ ആ ശാസ്ത്രതത്വങ്ങളുടെ/സിദ്ധാന്തങ്ങളുടെ സ്വീകാര്യത വർദ്ധിക്കുന്നു. ഇല്ലെങ്കിൽ സിദ്ധാന്തം നിരാകരിക്കപ്പെടുകയോ തിരുത്തപ്പെടുകയോ പുതുക്കപ്പെടുകയോ ചെയ്യുന്നു. ഇതാണ് ശാസ്ത്രത്തിന്റെ രീതി. അതുകൊണ്ടു തന്നെ അന്തിമമായി ഇതുമാത്രമാണ് ശരി എന്ന നിലപാട് ശാസ്ത്രം സ്വീകരിക്കില്ല. അതേ സമയം അതുവരെയുള്ള തെളിവുകളുടെയും സ്വീകാര്യതയുടേയും അടിസ്ഥാനത്തിൽ, നിലവിലുള്ള പ്രതിഭാസങ്ങളെ/സംഭവങ്ങളെ പരിശോധിച്ച് നിലവിൽ അതു ശാസ്ത്രീയമാണോ അല്ലയോ എന്നു പറയാതിരിക്കാനും ശാസ്ത്രത്തിനാവില്ല. ശാസ്ത്രീയമായി സ്വീകരിക്കപ്പെടുന്നില്ലെങ്കിൽ 'ശാസ്ത്രത്തിന് ഇതുവരെ വിശദീകരിക്കാനാവാത്ത പ്രതിഭാസമാണ്' എന്ന നിഗമനത്തിലെത്താം, അന്വേഷണം തുടരാം, പുതിയ സിദ്ധാന്തങ്ങൾ അവതരിപ്പിക്കാം. വീണ്ടും പരിശോധന തുടരാം.
സദൃശ്യം സദൃശ്യത്തെ സുഖപ്പെടുത്തുന്നു, നേർപ്പിക്കുന്തോറും വീര്യം കൂടും - ഹോമിയോയുടെ ഈ രണ്ട് അടിസ്ഥാന തത്വങ്ങൾ, നിലവിൽ സ്വീകാര്യമായ ശാസ്ത്രതത്വങ്ങളുടേയും സിദ്ധാന്തങ്ങളുടേയും അടിസ്ഥാനത്തിൽ തെളിയിക്കാൻ ഇതുവരെ ഹോമിയോപ്പതിക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഇതു ശാസ്ത്രവിരുദ്ധമാണ് എന്ന നിലപാടെടുക്കാതിരിക്കാനും ശാസ്ത്രത്തിനാവില്ല.
ഹോമിയോ മരുന്നിലൂടെ രോഗം മാറിയ അനുഭവമുള്ളവർ ധാരാളമുണ്ട്. എന്റെ വീട്ടിലും ആ അനുഭവമുള്ള ഒരാൾ ഉണ്ട്. ഒരാളുടെ അനുഭവത്തെ നിഷേധിക്കാൻ മറ്റൊരാൾക്കോ ശാസ്ത്രത്തിനോ ആവില്ല. പക്ഷേ ഹോമിയോ ചികിത്സ ശാസ്ത്രീയമായി തെളിയിക്കണമെങ്കിൽ, ആദ്യം തന്നെ മരുന്ന് ഡബിൾ ബ്ലൈന്റ് ടെസ്റ്റിനു വിധേയമാക്കണം. അതിന്റെ അടിസ്ഥാനത്തിൽ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ കൂടുതൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി ഉറപ്പിച്ച്, അതൊരു പ്രതിഭാസമായി വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ആ പ്രതിഭാസത്തെ വിശദീകരിക്കാൻ കഴിയുന്ന ഒരു പുതിയ സിദ്ധാന്തം മുന്നോട്ടുവെക്കുകയും വേണം. ആ സിദ്ധാന്തം നിലവിലുള്ള മറ്റ് ശാസ്ത്രസിദ്ധാന്തങ്ങളെ അനുസരിക്കുന്നുണ്ടോ എന്നു നോക്കണം. ഇല്ലെങ്കിൽ ആ സിദ്ധാന്തത്തെ നിരാകരിക്കുകയോ തിരുത്തുകയോ പുതുക്കുകയോ വേണം. അതല്ല സിദ്ധാന്തം ശരിയാണെന്ന് ഉറച്ചു നിൽക്കുകയാണെങ്കിൽ, അതിനെ നിരാകരിക്കുന്ന നിലവിലുള്ള മറ്റ് ശാസ്ത്രസിദ്ധാന്തങ്ങളെ അതിന്റെ അടിസ്ഥാനത്തിൽ തിരുത്തുകയോ പുതുക്കുകയോ ചെയ്യണം, ആ ശാസ്ത്രസിദ്ധാങ്ങൾ വിശദീകരിച്ചിരുന്ന പ്രതിഭാസങ്ങളെ ഈ പുതുക്കലിന്റെ അടിസ്ഥാനത്തിൽ പുതുതായി വിശദീകരിക്കണം. അത്രയേ വേണ്ടൂ. അല്ലാതെ ശാസ്ത്രത്തിനു 'ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്' സമീപനമൊന്നുമില്ല. പക്ഷേ ഈ പണി ഹോമിയോപ്പതിക്കാർ തന്നെ ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ 'ഞാൻ മന്ത്രവാദം ചെയ്തു രോഗം മാറ്റും. ചിലപ്പോൾ മാറിയില്ലെന്നും വരും. മാറുന്നതും മാറാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്' എന്ന നിലപാട് നമ്മളൊക്കെ അംഗീകരിക്കേണ്ടി വരും.

No comments:

Post a Comment