Sunday, May 28, 2017

കശാപ്പുനിയന്ത്രണ നിയമം നിയമവിരുദ്ധം

സംഘികളും, നിഷ്പക്ഷരും ‘പുരോഗമന’ സ്നേഹികളും മൃഗസ്നേഹികളും ഉയർത്തിയ വാദമുഖങ്ങൾ വായിച്ചു.

ശരിയെന്നു തോന്നിയ നാലു കാര്യങ്ങൾ :

1.  അറവിനായി കൊണ്ടു പോകുന്ന മൃഗങ്ങളെ വാഹനങ്ങളിൽ കുത്തി നിറച്ചു കൊണ്ടു പോകുന്നത് പാടില്ലാത്തതാണ്.
2. മൃഗങ്ങളെ പ്രാകൃതമായ രീതിയിൽ കശാപ്പു ചെയ്യുന്നത് പാടില്ലാത്തതാണ്.
3. മൃഗമാംസം പൊതുഇടങ്ങളിൽ വില്പനയ്ക്കായി തൂക്കിയിടുന്നത് പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല.
4. മൃഗബലി നിരോധിക്കണം. 

ഈ നാലു കാര്യങ്ങളും സംസ്ഥാനങ്ങളുമായി  ചർച്ച ചെയ്ത്, അവിടെ നിന്നുള്ള നിർദ്ദേശങ്ങളും ഉൾക്കൊണ്ടു കൊണ്ട് രമ്യമായി പരിഹരിക്കാവുന്നതേയുള്ളൂ. പ്രധാനമായും ഈ വിഷയങ്ങൾ മാത്രമേ മൃഗസ്നേഹികൾ തങ്ങളുടെ പരാതിയിൽ ഉന്നയിച്ചിട്ടുമുള്ളൂ എന്നും കരുതുന്നു.  അതിനുമപ്പുറം കടന്ന്, ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ഫെഡറലിസത്തിന്റെ അന്തസത്ത തകർത്ത് പുറപ്പെടുവിച്ച,  സംഘപരിവാർ അജണ്ടകൾ നടപ്പാക്കാനുദ്ദേശിച്ചു കൊണ്ടുള്ള    ഈ നിയമവിരുദ്ധചട്ടം രാജ്യത്തിന്റെ  സാമൂഹ്യ, സാമ്പത്തിക, ആരോഗ്യ, തൊഴിൽ മേഖലകളിൽ  ഉണ്ടാക്കാവുന്ന കടുത്ത പ്രത്യാഘാതങ്ങളെന്തൊക്കെയായിരിക്കുമെന്ന് പരിശോധിച്ചുകൊണ്ടുള്ളതാണ് ഈ കുറിപ്പ്.

അതുകൊണ്ട് ഒരു മുന്നറിയിപ്പുണ്ട് : സംഘി ആശയങ്ങൾ തിരുകി കയറ്റാൻ തയ്യാറായി  സ്വന്തം കുണ്ഠലിനിയിൽ എണ്ണയൊഴിച്ച് കുമ്പിട്ടു വണങ്ങി നിൽക്കുന്ന മസ്തിഷ്ക്ക ശൂന്യർക്ക് ഇതൊന്നും ബോധ്യപ്പെടണമെന്നില്ല. അവരിത് വായിച്ച് സമയം മെനക്കെടുത്തണമെന്നുമില്ല

1. ഇന്ത്യയിലെ ഉയർന്ന ഹിന്ദുവിഭാഗങ്ങൾ പൊതുവേ സസ്യഭുക്കുകളാണ്. മാംസം കഴിക്കുന്നവരോട് അവർക്ക് ചെറുതല്ലാത്ത വെറുപ്പുമുണ്ട്.   എന്നാൽ ഇവിടങ്ങളിലുള്ള പട്ടികജാതി/പട്ടികവർഗ്ഗവിഭാഗങ്ങളും മുസ്ലീം, ക്രിസ്ത്യൻ  മത വിഭാഗങ്ങളും മാംസം ഭക്ഷിക്കുന്നവരാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു കാശ്മീർ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം മാംസഭുക്കുകളുടെ എണ്ണം കൂടുതലാണ്. കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ജാതിശ്രേണിയിൽ മദ്ധ്യവിഭാഗങ്ങളിൽ പെടുന്ന ഹിന്ദുക്കളും മാംസം ഭക്ഷിക്കുന്നു.  രാജ്യത്തെ മാംസഭുക്കുകളിൽ തന്നെ ബീഫ് കഴിക്കുന്നവരിൽ അധികവും പട്ടികജാതി/പട്ടിക വർഗ്ഗവിഭാഗങ്ങളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. കേരളത്തിൽ എല്ലാ വിഭാഗങ്ങളും ബീഫ് കഴിക്കാൻ താല്പര്യമുള്ളവരാണ്.

ബീഫിനെ വെറുപ്പോടെ കാണുന്നവർ ഈ ഉത്തരവിനെ പിന്തുണയ്ക്കുമ്പോൾ, ബീഫിനോട് താല്പര്യമുള്ളവർ ഇതിനെതിരെ എതിർപ്പുയർത്തുമെന്ന് ഉറപ്പാണ്. ഇത് ജനങ്ങൾക്കിടയിൽ ഹിന്ദു സവർണ്ണ – പട്ടികജാതി/പട്ടികവർഗ്ഗ, ഹിന്ദു – മുസ്ലീം  സ്പർദ്ധകൾ ഉണ്ടാകാൻ കാരണമാകും. അങ്ങനെ ഉണ്ടാവുമ്പോൾ  ഈ നിയമത്തിന്റെയും ക്രമസമാധാനപാലനത്തിന്റേയും പേരു പറഞ്ഞ് പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളേയും മുസ്ലീങ്ങളേയും അടിച്ചമർത്താം, ഒറ്റപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാം, തങ്ങളോട് വിധേയത്വമുള്ള ഹിന്ദു ബെൽട്ടുകൾ എമ്പാടും സൃഷ്ടിച്ചെടുക്കാം. ബി ജെ പി ഭരിക്കുന്ന  സംസ്ഥാനങ്ങളിൽ ഇത് വളരെ എളുപ്പം സാദ്ധ്യമാകും.

2. മൃഗകശാപ്പ് നടത്തുന്നതും തോലുരിച്ച് സംസ്ക്കരിക്കുന്നതുമെല്ലാം പൊതുവേ പട്ടികജാതി/പട്ടികവർഗ്ഗവിഭാഗങ്ങളും മുസ്ലീങ്ങളുമാണ്. ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന ഇവരെല്ലാം  അസംഘടിതരുമാണ്. അംഗീകൃത, ആധുനീക കശാപ്പുശാലകൾ നിർബന്ധമാക്കുന്നതോടെ ഇവരിൽ നല്ലൊരു വിഭാഗത്തിനും തൊഴിൽ നഷ്ടപ്പെടും. പാരമ്പര്യമായി ഒരേ തൊഴിൽ ചെയ്ത് വരുന്ന ഒരു വിഭാഗത്തിന് ആ തൊഴിൽ നഷ്ടപ്പെട്ടാൽ, അവർ പതിയെ ആ നാട്ടിൽ നിന്നും പാലായനം ചെയ്യും, പതിയെ നശിച്ചൊടുങ്ങി ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവും. മുസ്ലീങ്ങൾ സംഘപരിവാറിന്റെ പ്രഖ്യാപിത ശത്രുക്കളാണെങ്കിൽ, പട്ടികജാതി പട്ടികവർഗ്ഗവിഭാഗങ്ങൾ അവരുടെ അപ്രഖ്യാപിത ശത്രുക്കളാണ്. ഒരേകീകൃത ഹിന്ദുവിനെ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്കു പിടി കൊടുക്കാതെ എക്കാലവും തങ്ങളുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമായി സ്വതന്ത്രമായി ജീവിച്ചു പോകുന്ന ഇവരെ ‘മെരുക്കിയെടുക്കുക’ സംഘപരിവാറിന്റെ  സ്ഥിരം അജണ്ടയിൽ  ഒന്നാണ്. തങ്ങൾക്കൊപ്പം വരാൻ തയ്യാറുള്ളവരെ  ‘പരിഷ്ക്കരിച്ചെടുക്കുക’ ( യോഗി ആദിത്യനാഥിന്റെ സോപ്പിട്ടു കുളിപ്പിക്കൽ ഓർക്കുക ) , അല്ലാത്തവരെ ഇത്തരം പരോക്ഷമാർഗ്ഗങ്ങളിലൂടെ ഉന്മൂലനം ചെയ്യുക എന്നുള്ളത് അവരുടെ ലക്ഷ്യമാണ്.  നോട്ട് നിരോധനം വഴി ഏറ്റവും ദുരന്തങ്ങൾ ഏറ്റത് രാജ്യത്തെ അസംഘടിത തൊഴിലാളി വിഭാഗങ്ങളാണെന്നും ഓർക്കുക.

2. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളിൽ നല്ലൊരു ശതമാനവും പട്ടികജാതിപട്ടികവർഗ്ഗവിഭാഗങ്ങളും മുസ്ലീങ്ങളും മറ്റു പിന്നോക്കവിഭാഗങ്ങളുമാണ്. പോഷകാഹാരങ്ങൾ സ്വപ്നം പോലും  കാണാൻ കഴിയാത്ത ഈ വിഭാഗങ്ങൾക്ക് മാംസ്യത്തിന്റെ(പ്രോട്ടീൻ) കുറവ് പരിഹരിക്കുന്നതും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതും എളുപ്പത്തിലും കുറഞ്ഞ വിലയിലും ലഭ്യമാവുന്ന മാംസമാണ്. അറവ്, അംഗീകൃത അറവുശാലകൾ വഴി ആക്കുന്നതോടെ മാംസത്തിന്റെ വില കുതിച്ചുയരും, ലഭ്യത കുറയും. അമൂല്യമാവുന്നതോടെ, രാജ്യത്തെ  പട്ടിണിപ്പാവങ്ങൾ മാംസഭക്ഷണവും ഉപേക്ഷിക്കും.  ഇത് ഈ വിഭാഗങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും- സംഘപരിവാറിനെ സംബന്ധിച്ച്,  പരോക്ഷമായ മറ്റൊരു ഉന്മൂലനമാർഗ്ഗം. ‘പട്ടിണിക്കാരെ ഇല്ലാതാക്കി പട്ടിണി ഇല്ലാതാക്കാം’ എന്ന  മുതലാളിത്ത സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർക്കും പട്ടിണിക്കാരെ കാണുന്നത് ചതുർത്ഥിയായി കാണുന്ന  പുത്തൻ പണക്കാർക്കും ഏറെ പ്രിയപ്പെട്ടതായിരിക്കും ഈ തന്ത്രം.  ‘കാശ് കുറച്ച് കൂടിയാലെന്താ, നല്ല പായ്ക്ക് ചെയ്ത മാംസം കിട്ടിയല്ലോ,’ എന്ന് ‘അഭിമാനിക്കുന്ന’ ഇടത്തരക്കാരും ഏറെയുണ്ടാവും. 

3. ‘വിദേശരാജ്യങ്ങളിലൊക്കെ ഇതാണല്ലോ നടക്കുന്നത്, നമുക്കും അവരുടെ നിലവാരത്തിലെത്തണ്ടേ?’ എന്നു ചോദിക്കുന്നവരുണ്ട്. അവരോട് ഒരഭ്യർത്ഥനയേയുള്ളൂ. താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ എണ്ണവും, അവരുടെ വാങ്ങൽ ശേഷിയും, ധനിക-ദരിദ്ര അനുപാതവുമെല്ലാം കണക്കിലെടുത്തുകൊണ്ട്  സമഗ്രമായ ഒരു താരതമ്യപ്പെടുത്തൽ നടത്തുക.

നമ്മുടെ രാജ്യം ഇപ്പോഴും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അവിടങ്ങളിലൊക്കെ തനതായ സാമ്പത്തിക ക്രയവിക്രയങ്ങളും ഭക്ഷണരീതികളുമുണ്ട്. അതോരോന്നും പ്രത്യേകമായി പഠിച്ച്,  അതാതിലെ ചൂഷണങ്ങളും അശാസ്ത്രീയതകളും അസമത്വങ്ങളും പരിഹരിക്കലാണ് വേണ്ടത്, അല്ലാതെ അന്ധമായി മറ്റേതെങ്കിലും രാജ്യത്തെ നടപടികളെ അനുകരിക്കുകയല്ല എന്ന് തിരിച്ചറിയുക. സൂപ്പർ ഹൈവേകളും കാറുകളും ഷോപ്പിങ്ങ് മാളുകളുമല്ല, അസമത്വങ്ങളും പട്ടിണിയുമില്ലാതെ, സഹവർത്തിത്വത്തോടെ സംതൃപ്തരായി ജീവിക്കുന്ന ജനതയാണ് ഒരു രാജ്യത്തിന്റെ സ്ഥായിയായ സ്വത്ത്  എന്ന് തിരിച്ചറിയുക.

4. അടുത്ത വാദം, കശാപ്പ് കശാപ്പുശാലകളും മൃഗങ്ങളെ കശാപ്പിനു മാത്രമായി വളർത്തുന്ന ഫാംഹൗസുകളിലൂടെയുമാവുമ്പോൾ ഈ  രംഗത്ത് ഗുണമേന്മക്കായുള്ള മത്സരം വരുമെന്നും അങ്ങനെ ഗുണമേന്മയുള്ള മാംസം ജനങ്ങൾക്ക് ലഭ്യമാവുകയും ചെയ്യും എന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അടിസ്ഥാനവുമില്ലാത്ത വാദമാണിത്. ഇന്ത്യയിൽ, ഗുണമേന്മയില്ലാത്ത മാംസം വാങ്ങി ഉപയോഗിച്ച് രോഗാതുരരാവുകയോ മരണപ്പെടുകയോ ചെയ്യുന്നവരുടെ കണക്കുകൾ വച്ചു  കൊണ്ടാണോ ഈ വാദം നിരത്തിയിട്ടുള്ളത്? മാംസ ഉല്പന്നങ്ങൾ സംസ്ക്കരിച്ചോ പാകം ചെയ്തോ വിറ്റവരിൽ നിന്ന് വാങ്ങി കഴിച്ചവർക്ക് അത്തരം പ്രശ്നങ്ങളുണ്ടായേക്കാം. അത്  അറവുമാംസം വിൽക്കുന്നവരുടെ കുറ്റം ആകണമെന്നില്ലല്ലോ. മാത്രമല്ല,  പാക്ക് ചെയ്ത മാംസം പാചകം ചെയ്തു വിൽക്കുമ്പോഴും കൃത്രിമം നടന്നുകൂടെന്നില്ലല്ലോ. 

ഇവിടെ കമ്പനികൾ ശ്രമിക്കാറുള്ളത് പരസ്യങ്ങളിലൂടെ തങ്ങളുടെ ബ്രാന്റ് നെയിം ജനങ്ങൾക്കുള്ളിൽ ഊട്ടിയുറപ്പിക്കാനാണ്. ബ്രാന്റഡ് ആയാൽ ഗുണം ആയി എന്നൊരു ചിന്ത/സങ്കല്പം ഇന്ത്യയിൽ ഉണ്ട്. പക്ഷേ കുപ്പിവെള്ളവും കോളയും തൊട്ട് പേരയ്ക്കാ ജ്യൂസ് വരെ, ബഹുരാഷ്ട്ര കമ്പനികളടക്കം വിൽക്കുന്ന  ഉല്പന്നങ്ങളുടെ ‘ഗുണമേന്മ’ പരീക്ഷിച്ചറിഞ്ഞിട്ടുള്ളവരാണ് നാം.  സിനിമാതാരങ്ങളും പണച്ചാക്കുകളുമെല്ലാം, അത്തരം ഉല്പന്നങ്ങൾ അന്യരാജ്യങ്ങളിൽ നിന്ന്  വരുത്തിയാണ് ഉപയോഗിക്കുന്നതെന്ന ഒരു സംസാരവും പ്രചാരത്തിലുണ്ടല്ലോ.

ഇതിൽ കൂടുതൽ ഗുണമേന്മയൊന്നും, ഇന്ത്യയിൽ ബ്രാൻഡഡ് മാംസത്തിനും ലഭിക്കുമെന്ന് കരുതുക വയ്യ. കാരണം, അവരുടേയും ലക്ഷ്യം പരമാവധി ലാഭം തന്നെയായിരിക്കും.  നൂറുകണക്കിനോ ആയിരക്കണക്കിനോ ഉരുക്കൾ ഉള്ള ഒരു ഫാമിൽ,  അവയ്ക്കോരോന്നിനും രോഗമുണ്ടോ എന്നു പരിശോധിച്ച്, ഉണ്ടെന്നു തെളിഞ്ഞാൽ അവയെ കൊന്നു കുഴിച്ചു മൂടുമെന്നും അല്ലാതെ പൂർണ്ണ ആരോഗ്യമുള്ളവയെ മാത്രമേ കശാപ്പു ചെയ്തു  പാക്ക് ചെയ്ത് വില്പനയ്ക്ക് വെക്കൂ എന്ന് വിശ്വസിക്കുന്നവരുണ്ടെങ്കിൽ നല്ല നമസ്ക്കാരം. മാംസം കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനികളെല്ലാം  അത്തരം പരിശോധനകളെല്ലാം കൃത്യമായും കർശനമായും ഇപ്പോൾ നടക്കുന്നതു പോലെ തന്നെ നടന്നേക്കും, ഗുണമേന്മയില്ലാത്തതും നിസ്സാരപിഴ ചുമത്തി ഒഴിവാക്കാനോ വിറ്റഴിക്കാനോ അവസരം നൽകുന്ന ഇന്ത്യ പോലെയല്ലല്ലോ മറ്റു രാജ്യങ്ങൾ. ( വലിയ ഗുണപരിശോധനകൾ നടക്കുന്ന അമേരിക്കയടക്കമുള്ള മറ്റു രാജ്യങ്ങളിൽ ബഹുരാഷ്ട്ര കമ്പനികളുടെ ഉല്പന്നങ്ങളുടെ ‘ഗുണമേന്മ’  തുറന്നു കാണിക്കുന്ന food.inc എന്ന ഡോക്യുമെന്ററി സമയവും താല്പര്യവുമുള്ളവർ കണ്ടു നോക്കുക ) ഇതിനേക്കാളും മെച്ചപ്പെട്ടതല്ലേ, തങ്ങളുടെ കണ്മുന്നിൽ വച്ച്, തങ്ങൾക്കു തന്നെ പരിചയമുള്ളവർ അറക്കുന്ന മൃഗങ്ങളുടെ മാംസം വാങ്ങാൻ കഴിയുന്ന ഇന്ത്യൻ ഗ്രാമീണരുടെ ജീവിതാവസ്ഥ ?


5. ഇനി ഒരു കൂട്ടർ വാദിച്ചു കണ്ടത്, ഇപ്പോൾ മാംസക്കച്ചവടം വഴി രാജ്യത്തിനു ലഭിക്കേണ്ട നികുതിയൊന്നും ലഭിക്കുന്നില്ല, എന്നാൽ അറവുശാലകൾ വഴിയാവുമ്പോൾ നികുതി ലഭിക്കും എന്നുള്ളതാണ്. തെറ്റായ വാദമാണിത്. ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളും ഏതാനും മാസങ്ങൾക്കകം വരാൻ പോകുന്ന ജി എസ് ടി അനുസരിച്ചും മറ്റ് അവശ്യഭക്ഷണവസ്തുക്കൾ പോലെ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ് മാംസവും.  എന്നാൽ മറ്റൊരു വസ്തുതയുണ്ട് – സംസ്ക്കരിച്ച മാംസത്തിന് ( ഫ്രോസൺ മീറ്റ്) ജി എസ് ടി യിൽ 12 % നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം മൂന്നുമാസത്തിനകം നടപ്പിൽ വരുത്തിയാൽ ഉണ്ടാവുക,  മാംസത്തിന്റെ ഉപഭോക്താക്കൾക്ക് അത് എളുപ്പത്തിൽ ലഭ്യമാവാതെ വരികയായിരിക്കും. ആ ഇടത്തിലേക്ക് ഇന്ത്യയിൽ നിന്ന് മാംസം കയറ്റി അയക്കുന്ന കമ്പനികൾക്ക് ( ഇനി വരാനിരിക്കുന്ന കമ്പനികൾക്കും ) എളുപ്പം പ്രവേശിക്കാം. ജി എസ് ടി ഉൾപ്പെടെ  നികുതി ചാർത്തി കൊണ്ട് തങ്ങൾക്ക് തോന്നിയ വിലയ്ക്ക് മാംസം വിറ്റഴിക്കുകയും ചെയ്യാം. മാംസപ്രിയർക്ക് അതു വാങ്ങുകയല്ലാതെ   മറ്റൊരു പോംവഴിയുണ്ടാവില്ല. സർക്കാരിനു 12 ശതമാനം നികുതിയും കിട്ടും,  കമ്പനികൾക്ക്  കൊള്ളലാഭം നേടുകയും ചെയ്യാം.

6. ഇന്ന് മാംസം. നാളെ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാന്യങ്ങളും ആയിക്കൂടെന്നുണ്ടോ ? ഗുണമേന്മയില്ലെന്നു ആരോപിക്കപ്പെടുന്ന മാംസം നേരിടുന്ന അതേ ആരോപണങ്ങൾ നേരിടുന്നവയല്ലേ ഇന്ന് നാം ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കോഴിയിറച്ചിയുമെല്ലാം. നാളെ ഇവയും ഇങ്ങനെ ചന്തയിലോ കടകളിലോ വിൽക്കാൻ പാടില്ല, ‘ഗുണമേന്മ/നികുതി വരുമാനം’ ഉറപ്പു വരുത്താനായി ഫാം ഹൗസുകൾക്ക് ( എന്നു വെച്ചാൽ ബ്രാൻഡഡ് കമ്പനികൾക്ക് )  കൊടുക്കുകയോ അവർക്ക് മാത്രം കൃഷി ചെയ്യാൻ അവസരം നൽകുകയോ  അവരുടേത് മാത്രം വാങ്ങുകയോ ചെയ്യാൻ പാടുള്ളൂ എന്ന് നിർബന്ധിച്ചു കൊണ്ട് ഉത്തരവ്/നിയമം ഇറക്കിയാൽ എന്തായിരിക്കും മറുപടി ?  അംബാനിക്കും അദാനിക്കും കൊള്ളയടിക്കാനായി ജനതയേയും  രാജ്യത്തിന്റെ വരുമാനമാർഗ്ഗങ്ങളേയും ഓരോന്നായി കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്ന ഒരുകൂട്ടം കൂട്ടിക്കൊടുപ്പുകാർ രാജ്യം  ഭരിച്ചു കൊണ്ടിരിക്കുമ്പോൾ ഇതൊന്നുമുണ്ടാവില്ലെന്ന് എന്താണുറപ്പ് ?             

7. നിയമം അനുസരിക്കുക, അതോടൊപ്പം സംസ്ഥാന സർക്കാരുകൾ മുൻകൈ എടുത്ത് കശാപ്പുകാരുടെ സഹകരണസംഘങ്ങളുണ്ടാക്കി അവരിലൂടെ ആധുനിക കശാപ്പു ശാലകൾ സ്ഥാപിക്കുക എന്ന ഉപായം പലരും നിർദേശിക്കുന്നു.  സുപ്രീം കോടതി  ഈ ചട്ടം നിർബന്ധമാക്കിയാൽ അതല്ലാതെ മറ്റൊരു പോംവഴിയില്ല. ആദ്യം പറഞ്ഞ പ്രശ്നങ്ങൾക്കും അതൊരു പരിഹാരമാർഗ്ഗമാണ്. പക്ഷേ പലർക്കും തൊഴിൽ നഷ്ടപ്പെടും എന്നുള്ളതും  ഇത്തരം  ചെറുകിട സ്ഥാപനങ്ങളോട് മത്സരിക്കാനുണ്ടാവുക ഈ രംഗത്ത് ദീർഘകാലത്തെ പ്രവർത്തി പരിചയമുള്ള ബഹുരാഷ്ട്ര കമ്പനികളായിരിക്കും എന്നുള്ളതും മറക്കരുത്.  മാർക്കറ്റ് പിടിച്ചടക്കാനായി പ്രചണ്ഠമായ പരസ്യകോലാഹലങ്ങൾക്കും  വില കുറച്ച് വിൽക്കുന്നതടക്കമുള്ള സകല അടവുകൾക്കും അവർ തയ്യാറായിരിക്കും.  അതിനോടെല്ലാം ഏറ്റു മുട്ടാൻ തയ്യാറുള്ള സംഘങ്ങളും അവരെ പിന്തുണയ്ക്കുന്ന സംസ്ക്കാരമുള്ള ഒരു ജനതയും ഉണർന്നു വരുമോ ? 

NB : ക്ഷീര/മാംസ കർഷകർ നേരിടാൻ പോകുന്ന പ്രതിസന്ധികൾ ചർച്ച ചെയ്ത്ട്ടില്ല. ഏതൊരു കൊച്ചു കുട്ടിക്കും തിരിച്ചറിയാവുന്നതാണല്ലോ അത്.

-----------------------------------------------------------------------------------
അധിക വായനയ്ക്ക് :

1. http://www.thehindu.com/opinion/op-ed/the-economics-of-cow-slaughter/article7880807.ece

2. http://www.azhimukham.com/employment-unorganised-sectors-ilo-epw/

3. https://en.wikipedia.org/wiki/Food,_Inc.

4. http://www.reporterlive.com/2017/04/24/379083.html

5. http://timesofindia.indiatimes.com/home/science/High-level-of-pesticides-in-bottled-water-Report/articleshow/36498467.cms

6. http://www.thehindu.com/todays-paper/Pesticide-levels-in-soft-drinks-too-high/article13135337.ece

7. http://www.india.com/business/gst-rollout-no-tax-on-milk-jaggery-list-of-products-under-0-5-and-12-gst-slab-2147810/

------------------------------------------------------------------------------------

No comments:

Post a Comment