Saturday, December 09, 2017

ഇണക്കവും പിണക്കവും സാമൂഹ്യമാദ്ധ്യമങ്ങളും




 

---------------------------------------------------
ഇണക്കവും പിണക്കവും സാമൂഹ്യമാദ്ധ്യമങ്ങളും
---------------------------------------------------

സാമൂഹ്യമാദ്ധ്യമങ്ങൾ ശക്തിപ്പെടുന്നതിനു മുമ്പുള്ള, കുടുംബങ്ങൾക്കും വ്യക്തികൾക്കും പണം കൊണ്ടുമാത്രം എല്ലാം നേടാനാവാതിരുന്ന, കാലത്തേയ്ക്ക് തിരിച്ചു പോവുക.
അന്നും പിണക്കങ്ങളുണ്ടായിരുന്നു. പിണക്കങ്ങൾ ചിലപ്പോൾ അടികലശലിലേക്കും കൊലപാതകങ്ങളിലേക്കുവരേയും നയിച്ചിരുന്നു. സുഹൃത്തുക്കൾ തമ്മിലും ഭാര്യാഭർത്താക്കന്മാർ തമ്മിലും അയല്പക്കങ്ങൾ തമ്മിലും രാഷ്ട്രീയപാർട്ടികൾ തമ്മിലും ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിരുന്നു.

എന്നിട്ടും പിണക്കങ്ങളുടെ പേരിൽ സാമൂഹ്യമാദ്ധ്യമങ്ങൾ പഴി കേൾക്കുന്നതെന്തുകൊണ്ട് എന്ന പരിശോധനയാണ് ഈ കുറിപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്.

പിണക്കം എങ്ങനെയാണ് വീണ്ടും ഇണക്കമാവുന്നത് ?

1. പിണങ്ങിയവർക്ക്, പിണങ്ങേണ്ടിയിരുന്നില്ല എന്ന കുറ്റബോധം തോന്നുമ്പോൾ, അപരന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ, ഇതിന്റെയൊക്കെ ഭാഗമായി പരസ്പരമത് തുറന്നു പറയുമ്പോൾ. പക്ഷേ അന്നുമതേ, അത് അപൂർവ്വമായി സംഭവിക്കുന്നതാണ്.

2. പിണങ്ങിയിരിക്കുകയാണെങ്കിലും, തനിക്ക് അപരന്റേയോ അപരന് തന്റേയോ താനും അപരനും ചേർന്ന് സമൂഹത്തിനോ സഹായവും സന്നദ്ധതയും ആവശ്യമുണ്ടെന്ന് കരുതുമ്പോൾ.

പഴയകാലത്ത് ഈ തോന്നലുണ്ടാവാൻ ഇടയാക്കുന്ന സന്ദർങ്ങൾ ധാരാളമായിരുന്നു.
വിവാഹവും രോഗാവസ്ഥയും മരണവുമെല്ലാം ഇത്തരം സന്ദർഭങ്ങൾ ധാരാളം സൃഷ്ടിച്ചു. വിവാഹത്തലേന്ന് കത്തിച്ചു വെക്കാനുള്ള പെട്രോമാക്സ് തൊട്ട്, വിവാഹചടങ്ങിനുള്ള പറയും നിലവിളക്കും ഉരുളിയും കലങ്ങളും ബിരിയാണിച്ചെമ്പും എല്ലാം പല വീടുകളിൽ നിന്നാണ് എത്തേണ്ടിയിരുന്നത്. അരയ്ക്കാനും ഇടിയ്ക്കാനും ചിരണ്ടാനും പിഴിയാനുമുള്ള മനുഷ്യർ പിണക്കമുള്ളിടത്തു നിന്നുകൂടി എത്തിചേർന്നാലേ ചടങ്ങുകളും സദ്യയുമെല്ലാം ഒരുക്കാൻ സാധ്യമായിരുന്നുള്ളൂ.

മരണവീട്ടിലേക്കുള്ള കസേരകളും ഓലയും പലവീടുകളിൽ നിന്നെത്തി ചേർന്നാലേ മനുഷ്യർക്ക് വെയിലും മഴയുമേൽക്കാതെ ഇരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

പിണങ്ങിയിരിക്കുന്ന ഭാര്യയും ഭർത്താവും ഒരുമിച്ച് ചേർന്ന് അദ്ധ്വാനിച്ചാലേ എടുപിടീന്ന് വരുന്ന മഴ, കണ്ടത്തിലെ ഞാറിനെ മുക്കിക്കൊല്ലാതിരുന്നുള്ളൂ.

തല്ലി പിരിഞ്ഞ ഗോളിയും ബാക്കും ഒത്തൊരുമയോടെ കളിച്ചാലേ എതിർടീമിന്റെ ആക്രമണങ്ങൾ ചെറുക്കാൻ കഴിയുമായിരുന്നുള്ളു.

അങ്ങനെ വീണ്ടുമൊന്ന് ഒത്തുകൂടുമ്പോൾ, നന്ദിയുടേയോ സന്നദ്ധതയുടേയോ സ്നേഹവായ്പിന്റേയോ ചെറിയൊരു വിയർപ്പുതുള്ളിയോ കണ്ണീർപ്പൊടിപ്പോ മതിയായിരുന്നു, പിണക്കങ്ങളെ കുടഞ്ഞുകളഞ്ഞ് പരസ്പരം ഇണങ്ങാൻ.

ചുരുക്കത്തിൽ, ഇടയ്ക്കിടെയുണ്ടാവുന്ന ഇത്തരം ‘നിർബന്ധിത പരസ്പരാശ്രിതത്വ’മാണ് പിണക്കങ്ങളെ ഇണക്കങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്ന് കാണാൻ കഴിയും.

ഉപ്പൂപ്പാ പറഞ്ഞതു പോലെ തിരിച്ചൊന്നു ചിന്തിച്ചാൽ, ഇങ്ങനെ പിണങ്ങിയവരെ ആശ്രയിക്കേണ്ടി/സഹായിക്കേണ്ടി വരുന്നില്ലെങ്കിൽ അഹംബോധത്തിനു പരിക്കൊന്നുമേല്പിക്കാതെ , പിണങ്ങിയവർക്ക് സ്വന്തം വാൽമീക(സംഘ)ങ്ങളിൽ തന്നെ ജീവിക്കാനുള്ള അവസരമൊരുങ്ങും. എല്ലാ സൗകര്യങ്ങളും പണം നൽകി വാങ്ങാനുള്ള അവസരവും ( അതിന് പണമുണ്ടാക്കുകയേ വേണ്ടതുള്ളല്ലോ )പിണങ്ങിയവർക്ക് പകരം പുതിയ ‘ഇണങ്ങിയവരെ’ തേടാനും കൂട്ടത്തിലുൾപ്പെടാനുള്ള അവസരവും ഇതിനുള്ള അനുകൂലസാഹചര്യങ്ങളൊരുക്കുന്നു.

അതേസമയം, പണ്ടുണ്ടായിരുന്ന, ജന്മി-കുടിയാൻ, വീട്ടമ്മ-കുടുംബനാഥൻ പോലുള്ള ‘നിർബന്ധിത ആശ്രിതത്വ’ത്തിന് ഈ മാറ്റം അറുതി വരുത്തുകയും ചെയ്യുന്നുണ്ട് എന്നുള്ളതും കാണാം. ഭർത്താവിന്റെ ഇടിയും തൊഴിയും അവഹേളനങ്ങളും സഹിച്ചും അയാളെ ആശ്രയിച്ച് ബന്ധം നിലനിർത്തേണ്ടതായ ആവശ്യം സ്വയം വരുമാനം കണ്ടെത്തുന്ന ആധുനീകസ്ത്രീക്ക് ഇല്ലാത്തതുകൊണ്ടാണ് ഇന്ന് വിവാഹമോചനങ്ങൾ പെരുകുന്നത് എന്നുള്ളത് നിസ്തർക്കമാണല്ലോ.

ക്ലബ്ബുകളോ അതുമല്ലെങ്കിൽ സംഘടിത രൂപമില്ലാത്ത ഒരു സൗഹൃദകൂട്ടായ്മയിലേക്കോ നോക്കൂ. പല ഇഷ്ടങ്ങളും പല വെറുപ്പുകളുമുള്ളവർ അക്കൂട്ടത്തിലുണ്ടാവും. ‘ലാലേട്ടൻ’ മാത്രമാണ് മഹാനായ നടനെന്നു കരുതുന്ന ‘ലാലേട്ടൻ ഫാൻസും’, ‘മമ്മൂക്ക’ മാത്രമാണ് മഹാനടനെന്നു വാദിക്കുന്ന ‘ഇക്കാ ഫാൻസും’ അവർക്കിടയിലുണ്ടാവും. ചിലപ്പോൾ അത് സംഘം തിരിഞ്ഞുള്ള വാഗ്വാദത്തിലേക്ക് വരെ കടന്നെന്നുവരെ വരാം. പക്ഷേ മൂന്നാം ദിവസം, ഷക്കീലയുടേ സിനിമ കാണാൻ ഇവരെല്ലാം ഒരുമിച്ച് നിന്ന് ഇടികൊണ്ട് ടിക്കറ്റെടുക്കും.

അടുത്ത ദിവസം, ചിലപ്പോൾ അവർ വീണ്ടും സംഘങ്ങളായി പിരിയുകയും ഒരു സംഘം സച്ചിൻ ടെണ്ടുൽക്കർക്ക് വേണ്ടി വാദിക്കുകയും അടുത്ത സംഘം ഗാംഗൂലിക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്തേക്കാം. ( സച്ചിൻ ടീമിൽ,മുൻപത്തെ ലാലേട്ടൻ ടീമിലേയും ഇക്ക ടീമിലേയും ആൾക്കാർ കാണും., ഗാംഗൂലി ടീമിലും . അതായത് ഇന്നലത്തെ ലാലേട്ടൻ - മമ്മൂക്ക ടീം പൊളിഞ്ഞ് ഇന്ന് മറ്റു രണ്ടു സംഘങ്ങളായി രൂപപ്പെട്ടിരിക്കുന്നു) പക്ഷേ അന്നു വൈകുന്നേരം അവരെല്ലാം ഒരുമിച്ച് ഫുട്ബോൾ കളിക്കുന്നു.

അടുത്ത ദിവസം, നേരത്തേയുണ്ടായ ടീമുകളെല്ലാം വീണ്ടും പിളർന്നു കൊണ്ട് അവരിൽ ചിലർ പള്ളിയിലേക്ക് പോകും, ചിലർ ശബരിമലയിലേക്കും ചിലർ സി രവിചന്ദ്രന്റെ പ്രസംഗം കേൾക്കാനും പോകും. പക്ഷേ മൂന്നാം ദിവസം, അവരിലൊരാളുടെ പെങ്ങളുടെ വിവാഹത്തിന് അവരെല്ലാവരും ഒത്തുചേർന്ന് പണിയെടുക്കും.

അതായത് നിലപാടുകളിൽ മാറ്റമുണ്ടെങ്കിലും അതിലൊന്നും ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ തന്നെ അവരിൽ ഒരു സൗഹാർദ്ദപരമായ ഒത്തുചേരൽ സാധ്യമാകുന്നു. അവർക്കിടയിൽ യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങളും അതിനനുസരിച്ചുള്ള സംഘങ്ങളും അനുദിനം മാറിമറിഞ്ഞു രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.

അതേ സമയം, ഇത്തരം മാറിമറിയലുകൾ സാധ്യമല്ലാത്ത, എല്ലാക്കാലത്തും ഒരേ വിഷയം ചർച്ച ചെയ്യുന്ന, വ്യത്യസ്തമായ രണ്ട് അഭിപ്രായങ്ങളുള്ളവരുടെ സംഘമാണ് അവരുടേതെന്ന് കരുതുക. അവർ തമ്മിലുള്ള വിഭാഗീയത പെരുത്തുകൊണ്ടേയിരിക്കുകയുള്ളൂ എന്നു കാണാൻ വലിയ ചിന്താശേഷിയൊന്നും വേണ്ടതില്ല. അത്തരം രാഷ്ട്രീയ, മത, വിഭാഗീയതകൾ പുലർത്തുന്ന ചെറു സംഘങ്ങൾ ഇപ്പോഴും കേരളത്തിലുണ്ടല്ലോ

ഇനി മറ്റൊന്നു ചിന്തിക്കാം.

എന്തുകൊണ്ടാണ്, എവിടം മുതലാണ് നാം ചിലരെ ഇഷ്ടപ്പെടുന്നത് ? ചിലരെ വെറുക്കുന്നത് ?

ഉത്തരം വളരെ ലളിതമാണ് : നാം ഇഷ്ടപ്പെടുന്ന/വെറുക്കുന്ന എന്തോ ചിലത് അവരിൽ കാണപ്പെടുന്നതു മുതൽ.

ശരി. ഇഷ്ടപ്പെടുന്ന/വെറുക്കുന്ന ചിലത് കണ്ടതുകൊണ്ടു മാത്രം എല്ലാവരേയും നാം ഇഷ്ടപ്പെടുന്നത്/വെറുക്കുന്നത് തുടരുന്നുണ്ടോ ?

നമ്മുടെ മാതാപിതാക്കളുടെ കാര്യമെടുക്കാം. നാമവരുടെ സ്നേഹവും വാത്സല്യവും നമ്മെ ചൊല്ലിയുള്ള കരുതലും തിരിച്ചറിയുന്നു. തിരിച്ചും സ്നേഹം നൽകി നാം വളരുന്നു. വളർന്നെത്തുമ്പോൾ അവരിൽ വെറുക്കേണ്ടത് (നമുക്ക് യോജിപ്പില്ലാത്തത്. ഉദാ : മദ്യപാനം, ആഢംഭരം, പരദൂഷണം, കൈക്കൂലി, അന്ധവിശ്വാസം, മടി..) ചിലതുണ്ടെന്ന് നാം കണ്ടെത്തുന്നു.

അതോടെ നാം അവരെ പൂർണ്ണമായും വെറുക്കുകയോ ജീവിതത്തിൽ നിന്ന് പുറന്തള്ളുകയോ ചെയ്യുന്നുണ്ടോ ? ഭൂരിഭാഗം പേരും ചെയ്യുന്നില്ല. ( ചെയ്യേണ്ടതില്ല എന്നാണ് എന്റെ തോന്നൽ). പകരം നാമവരിൽ സ്നേഹിക്കേണ്ടതായി കണ്ടെത്തിയത് ശക്തിപ്പെടുത്തിക്കൊണ്ടും പുതിയതായി കണ്ടെത്താൻ കഴിയുമോ എന്നന്വേഷിച്ചുകൊണ്ടും, അവരോടുള്ള സ്നേഹം തുടരുന്നു; അവരിൽ വെറുക്കേണ്ടതായി തോന്നുന്നതിനോടുള്ള വെറുപ്പ് സൂക്ഷിച്ചു കൊണ്ടു തന്നെ, പലപ്പോഴും അതവരോടു തുറന്നു പറഞ്ഞും സംഘർഷങ്ങളുണ്ടാക്കിയും കൊണ്ടു തന്നെ. പലപ്പോഴും നാമാ വിയോജിപ്പുകൾ പരിഗണനയ്ക്കെടുക്കാതെ യോജിക്കാവുന്ന കാര്യങ്ങൾ കൂടുതലായി കണ്ടെത്തുന്നു, സ്നേഹബന്ധം നിലനിർത്തുന്നു.

ഇതൊക്കെതന്നെയാണ് ജീവിതപങ്കാളിയുടേയും കാര്യത്തിലും സംഭവിക്കുന്നത്. നമ്മുടെ ജീവിതപങ്കാളി എല്ലാ കാര്യങ്ങളിലും നമുക്ക് ഇഷ്ടപ്പെട്ട നിലപാടുകൾ സ്വീകരിക്കുന്നയാളല്ലെങ്കിലും, അവരിൽ നാം വെറുക്കുന്ന നിലപാടുകൾ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു കരുതാനും അതിനോടുള്ള വെറുപ്പ്/അകലം സൂക്ഷിക്കുമ്പോൾ തന്നെ അവരെ നാം ആത്മാർത്ഥമായി തന്നെ ഇഷ്ടപ്പെടാനും ശ്രമിക്കുന്നു. ഒരു പിണക്കത്തിനു ശേഷം, ഇണങ്ങുന്നതിന്റേതിലേക്കായ ആവശ്യം മുൻനിർത്തി ഒരുമിച്ച് ആസ്വദിക്കാവുന്ന സിനിമയ്ക്കോ ഭക്ഷണത്തിനോ പ്രകൃതിസൗന്ദര്യത്തിനു വേണ്ടിയോ പുറത്തേയ്ക്കിറങ്ങുന്നു.

തീർച്ചയായും ഇതിനൊരു പരിധിയുണ്ട്. പക്ഷേ ഭൂരിഭാഗം മനുഷ്യരും ആ പരിധി വിശാലമാക്കാനാണ് ആഗ്രഹിക്കുന്നത് - സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏറെ ആഗ്രഹിക്കുന്ന ജീവിയാണ് മനുഷ്യൻ എന്നുള്ളതുകൊണ്ട്. അതുകൊണ്ടാണ് തന്റെ അച്ഛൻ/അമ്മ കൈക്കൂലിക്കാരിയാണെന്നറിഞ്ഞിട്ടും അഴിമതിവിരുദ്ധരായ മക്കൾ അവരെ ഇഷ്ടപ്പെടുന്നതും യുക്തിവാദിയായ ഭാര്യ, വിശ്വാസിയായ ഭർത്താവിനൊപ്പം ജീവിതം പങ്കുവെയ്ക്കുന്നതും.

മറ്റൊരു തരത്തിലുള്ള ബന്ധം പരിശോധിക്കാം. ഒരു വ്യക്തിയ്ക്ക് നിങ്ങൾ വെറുക്കുന്ന, ഒട്ടും യോജിപ്പില്ലാത്ത ചില ‘ദൂഷ്യ’ങ്ങൾ ഉള്ളതായി പണ്ടേ നിങ്ങൾക്ക് അറിയാം. ( ഉദാ : മദ്യപാനം, ധാരാളിത്തം, എതിർ രാഷ്ട്രീയം, അന്ധവിശ്വാസം, യുക്തിവാദം). അതേ സമയം അയാൾക്ക് നിങ്ങളിഷ്ടപ്പെടുന്ന ചില ‘ഗുണ’ങ്ങൾ - സൗഹൃദങ്ങളോടുള്ള പ്രതിബദ്ധത, കരുണ, പരിസ്ഥിതിസ്നേഹം) ഉള്ളതായും നിങ്ങൾക്കറിയാം. ഈ പ്ലസ് & മൈനസ് അറിഞ്ഞു കൊണ്ടു തന്നെ നിങ്ങൾ അയാളെ സുഹൃത്തായി സ്വീകരിക്കുന്നു. ആ മൈനസുകൾ അയാളുടെ വ്യക്തിതാല്പര്യമാണെന്നും അതേ ചൊല്ലി തർക്കിക്കാനില്ലെന്നും അഥവാ തർക്കമുണ്ടായാൽ തന്നെ അതൊരു വഴക്കിന്റെ പരിധിയിലേക്ക് നീങ്ങരുതെന്നും നിങ്ങൾ കരുതലെടുക്കുന്നു.

അതേ സമയം ഇതേ വിട്ടുവീഴ്ച്ചകൾ പുലർത്തി കൊണ്ട് - വെറുക്കേണ്ടതായി കണ്ടെത്തിയത് വ്യക്തിയോടുള്ള വെറുപ്പായി മാറാതെ സൂക്ഷിച്ചുകൊണ്ട്, മറ്റുബന്ധങ്ങൾ, വിശേഷിച്ചും സൗഹൃദം എല്ലാവരോടും നാം തുടരാറുണ്ടോ ?

ചിലരിൽ, വെറുപ്പിക്കുന്ന ചില നിലപാടുകൾ കണ്ടെത്തിയാലും നാം അവരോടുള്ള സൗഹൃദം തുടരുന്നു. മറ്റു ചിലരിൽ അതേ നിലപാടുകൾ കണ്ടെത്തിയാൽ അവരോട് ‘പങ്കു വെട്ടുന്നു.’ യുക്തിവാദികളായവർക്ക് ധാരാളം വിശ്വാസി സുഹൃത്തുക്കളുണ്ടാവാറുണ്ട്. പക്ഷേ തന്നോടൊപ്പം യുക്തിവാദനിലപാടുകൾ സ്വീകരിച്ചിരുന്ന ഒരാൾ വിശ്വാസിയായി മാറിയാൽ അതോടെ സൗഹൃദം ‘മുറിയ്ക്കുന്നത്’ സാധാരണമായ കാഴ്ച്ചയാണ്, നേരെ തിരിച്ചും. രാഷ്ട്രീയമാറ്റമോ മതംമാറ്റമോ ഒക്കെയാവുമ്പോൾ സൗഹൃദം മുറിയ്ക്കുന്നതിനപ്പുറം കടന്ന് അത് നിതാന്തശത്രുതയിലേക്ക് പോലും കടക്കുന്നു.

ചുരുക്കത്തിൽ, സൗഹൃദം തുടരണമെന്ന് നാം ആഗ്രഹിക്കുന്ന ചിലർക്ക്, നാം ചില ഇളവുകൾ അനുവദിച്ചു കൊടുക്കുന്നു, തുടരണ്ട എന്നു നാം തീരുമാനിക്കുന്ന ചിലർക്ക് അതേ ഇളവുകൾ നിഷേധിക്കുന്നു.

ആരാണവിടെ സൗഹൃദം മുറിച്ച യഥാർത്ഥ’പ്രതി’ ? ആരാണവിടെ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചത് ?

ഈ നിരീക്ഷണങ്ങളും ചോദ്യങ്ങളും ഉള്ളിൽ വച്ചു കൊണ്ട് ഫേസ്ബുക്ക്, വാട്ട്സാപ്പ് പോലുള്ള സോഷ്യൽമീഡിയകളെ പരിശോധിക്കുക.

വ്യത്യസ്ത ഇഷ്ടാനിഷ്ടങ്ങളുള്ള മനുഷ്യരെ കൂട്ടിയിണക്കുന്ന ‘നിർബന്ധിത പരസ്പരാശ്രിതത്വ’വും, യോജിപ്പും വിയോജിപ്പുമുള്ള അനവധി വിഷയങ്ങൾ ചർച്ച ചെയ്യാനും അതിനനുസരിച്ച് ആ കൂട്ടത്തിലുള്ളവർക്കിടയിൽ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കൂട്ടായ്മകൾ രൂപപ്പെടാനുള്ള അവസരവും അതുവഴി മനുഷ്യബന്ധങ്ങളും സഹിഷ്ണുതയും സൗഹൃദങ്ങളും ശക്തിപ്പെടുത്താനും ഈ മാധ്യമങ്ങൾ അവസരം നൽകുന്നുണ്ടോ ?

തീർച്ചയായും ഉണ്ട്.

പക്ഷേ നമ്മിൽ ഭൂരിഭാഗം പേരും അതുപയോഗപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, തനിക്ക്/തങ്ങൾക്കു ചുറ്റും ആകാശത്തോളം മതിലുകൾ പണിതുയർത്താനുമാണ് ഈ മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നത്.

കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളെ കുറിച്ചും മലപ്പുറത്തെ മുസ്ലീം വർഗ്ഗബോധത്തെ കുറിച്ചും പൂങ്കുന്നത്തെ ബ്രാഹ്മണബെൽട്ടിനെ കുറിച്ചുമെല്ലാം പരാതിപ്പെടുന്നവർ തന്നെ, തനിക്കിഷ്ടപ്പെടാത്ത ചില നിലപാടുകളെടുക്കുന്നതിന്റെ പേരിൽ മറ്റു ചിലരെ ബ്ലോക്ക് ചെയ്യാനും തനിക്കു യോജിപ്പില്ലാത്തവരെ പുറത്തിരുത്തി ഗ്രൂപ്പുകൾ രൂപീകരിച്ച് അതിൽ മാത്രം ഒതുങ്ങി നിൽക്കാനും അതെല്ലാം അഭിമാനത്തോടെ വിളിച്ചു പറയാനും തയ്യാറാവുന്നു.

മറ്റു ചിലരാവട്ടെ, എല്ലാം ചർച്ച ചെയ്യാനും യോജിക്കാനും വിയോജിക്കാനും അവസരമുള്ള ഇടങ്ങളിൽ എല്ലാകാലത്തും മറ്റു ചിലർക്ക് വിയോജിപ്പുള്ള വിഷയങ്ങൾ മാത്രം ചർച്ചയ്ക്കെടുത്തുകൊണ്ട് അവരോട് തങ്ങൾക്കുള്ള വെറുപ്പും വിദ്വേഷവും എല്ലാ കാലത്തേയ്ക്കും നിലനിർത്താൻ ശ്രമിക്കുന്നു. ഫേക്കുകളായി വന്ന് തന്റെ വെറുപ്പും വിദ്വേഷവും ച്ഛർദ്ദിച്ചു വെക്കാനുള്ള ഇടമായി സോഷ്യൽമീഡിയകളെ ഉപയോഗിക്കുന്നവരും കുറവല്ല.

എന്നാൽ ഇത്തരം മനുഷ്യരിൽ പലരും തന്നെ, തങ്ങളുടെ കുടുംബത്തിലും സൗഹൃദത്തിലും ഇതേ വിയോജിപ്പുകൾ അതിരുകവിയാതെ സൂക്ഷിച്ച് ബന്ധങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നവരാണ് എന്നുള്ളത് കൗതുകരമായി തോന്നിയിട്ടുണ്ട്. ഈ സഹിഷ്ണുത സോഷ്യൽമീഡിയയിലേക്ക് പകർത്തുന്നതിനു പകരം, ഇവിടെയുള്ള ഇത്തരം അസഹിഷ്ണുതകൾ ജീവിതത്തിലേക്ക് പകർത്തുന്ന മനുഷ്യർ രൂപപ്പെടുന്നുണ്ട് എന്നുള്ളത് ഒരു ദുരന്തസൂചനയാണ്.

ആശയങ്ങളോടാണ്, അതു പുലർത്തുന്ന മനുഷ്യരോടല്ല ശത്രുത പുലർത്തേണ്ടതെന്നും അവരുമായി ആരോഗ്യകരമായ സംവാദങ്ങളാണ് ഉണ്ടാവേണ്ടതെന്നുമുള്ള ജനാധിപത്യപാഠമാണ് ഇത്തരം നീക്കങ്ങളിലൂടെ ദുർബലപ്പെടുന്നത്. വിയോജിപ്പുള്ള എല്ലാവരേയും പുറത്താക്കി വാതിലുകൾ കൊട്ടിയടയ്ക്കല്ലല്ല മാനവീകതയെന്ന് ഇക്കൂട്ടർ മറന്നു പോകുന്നു. ശാസ്ത്രം പോലെ തന്നെ, ഇത് ഈ മാധ്യമങ്ങളുടെ പോരായ്മയല്ല, അതു കൈകാര്യം ചെയ്യുന്ന മനുഷ്യരുടെ വീഴ്ച്ചയാണ്. സോഷ്യൽ മീഡിയയെ, അത്തരം വീഴ്ച്ചകളില്ലാതെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുന്ന നല്ല മനുഷ്യരും അപൂർവ്വമായെങ്കിലും നമുക്കിടയിലുണ്ടെന്നുള്ളത് ഒരാശ്വാസമാണ്.


@ Manoj V D Viddiman
*ചിത്രത്തിനു കടപ്പാട്.  



No comments:

Post a Comment