Tuesday, January 23, 2018

യുക്തിവാദിയുടെ ജനകീയത.

1. പരിഹസിക്കപ്പെടേണ്ടവരെ കൃത്യമായി ഉന്നം വച്ചുകൊണ്ട് തയ്യാറാക്കുന്ന പരിഹാസം, അവരുടെയോ അവരുടെ ചൂഷണത്തിന് വിധേയരാകുന്നവരുടേയോ ചിന്തയെ ഉണർത്തുന്ന ഒന്നായിരിക്കും. അതിന്റെ ഭാഗമായി അവർ സ്വയം പരിശോധിക്കാൻ തയ്യാറാവും. ഓട്ടൻതുള്ളൽപ്പാട്ടുകൾ, കാർട്ടൂണുകൾ, ചാർലി ചാപ്ലിന്റെ ആക്ഷേപഹാസ്യ സിനിമകൾ അങ്ങനെ എത്രയോ ഉദാഹരണങ്ങൾ. ശ്രീനാരായണഗുരുവും വിവേകാനന്ദനുമെല്ലാം അത്തരം പരിഹാസങ്ങൾ നടത്തിയിട്ടുണ്ട് ; അത്തരം പരിഹാസങ്ങളുടെ ക്രിയാത്മകതയെ സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്.

വിഗ്രഹത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുന്ന വെളിച്ചപ്പാടിന്റെ സിനിമ സ്വീകരിക്കാൻ ഒരു സമൂഹം സജ്ജമാകുന്നതും അത്തരത്തിലുള്ള ചിന്താസന്നദ്ധത ഉള്ളതുകൊണ്ടാണ്

.അത്തരം വിമർശനങ്ങളും പുരോഗമന ചിന്തകളും അവതരിപ്പിക്കുന്നവർ അതേ ആശയങ്ങൾ തങ്ങളുടെ ജീവിതത്തിലും അനുവർത്തിച്ചുകൊണ്ട് മാതൃകാജീവീതം നയിക്കാനും ബദ്ധശ്രദ്ധരായിരുന്നു എന്നുള്ളതും കാണണം. അതേ സമയം തന്നെ, 'ഇങ്ങനെ ചിലതെല്ലാം പറഞ്ഞ് തങ്ങളെ ചോദ്യം ചെയ്യുകയും പൊള്ളിക്കുകയും ചെയ്യുന്ന ഈ മനുഷ്യർ അളവറ്റ മനുഷ്യസ്നേഹവും കരുണയും സാമൂഹ്യബോധവുമുള്ളവരാണ്' എന്ന സ്നേഹാദരവിശ്വാസങ്ങൾ സമൂഹത്തിൽ നിന്ന് ആർജ്ജിച്ചെടുക്കാനും അവർക്ക് കഴിഞ്ഞിരുന്നു.

2. ചിന്തകളെ/ആശയങ്ങളെ യുക്തി ഉപയോഗിച്ച് പരിശോധിക്കുകയും പരിഷ്ക്കരിക്കുകയും ചെയ്യുന്നത് എളുപ്പമാണ്. പക്ഷേ ആശയത്തെ/വിശ്വാസത്തെ വൈകാരികമായി സ്വാംശീകരിച്ചാൽ ഈ പരിശോധന എളുപ്പമല്ല. വൈകാരികമായി നെഞ്ചേറ്റിയവയെ പരിശോധിക്കാൻ അതേ വികാരങ്ങൾ തന്നെ തടസ്സം നിൽക്കും. ആ വികാരത്തെ ചോദ്യം ചെയ്യുന്നവരെ അപ്പാടെ തള്ളിക്കളയാനോ കായികമായി എതിർക്കാൻ പോലുമോ ആ വൈകാരികത വിശ്വാസികളെ/അനുയായികളെ പ്രാപ്തരാക്കുന്നു.

സമൂഹത്തോടുള്ള അവിശ്വാസവും അസംതൃപ്തിയും വർദ്ധിക്കുന്തോറും വിശ്വാസികൾ പെരുകും. സമൂഹത്തെ വിഭജിച്ച് അതിനുള്ളിൽ അനുയായികളെ നിർത്തുന്നതുകൊണ്ട് രാഷ്ട്രീയമായോ സാമ്പത്തീകമായോ മതപരമായോ നേട്ടമുള്ളവർ, കൃത്രിമവും താൽക്കാലികവുമായ ഒരുമകളും ആലയങ്ങളും ഒരുക്കി തങ്ങൾ തീർത്ത മതിലുകൾക്കുള്ളിൽ നിന്ന് അന്യരുടെ 'കോട്ടകൾ' ചൂണ്ടിക്കാണീച്ച് ഈ അസംതൃപ്തി പെരുപ്പിക്കുന്നു. ദരിദ്രരാഷ്ട്രങ്ങളിലും അസമത്വം നിലനിൽക്കുന്ന സമ്പന്നരാഷ്ട്രങ്ങളിലും പരസ്പരാക്രമണ ത്വരയുള്ള ഇത്തരം കോട്ടകൾ ഉണ്ടാവുന്നത് അതുകൊണ്ടാണ്.

അതേ സമയം, തങ്ങളെ തുല്യരായി പരിഗണിക്കുന്ന, ഏത് ദുരന്തങ്ങൾ നേരിട്ടാലും തങ്ങൾക്കൊപ്പം ഉണ്ടാവും എന്ന് വിശ്വാസം നിലനിൽക്കുന്ന സമൂഹത്തിലാണ് ജീവിക്കുന്നതെന്തെങ്കിൽ, മനുഷ്യർ ഇത്തരം കോട്ടകളിൽ നിന്ന് സ്വതന്ത്രരായി പുറത്തേക്ക് വരികയും ചെയ്യുന്നുണ്ട് എന്നു കാണാം. അസമത്വം കുറച്ചുകൊണ്ടു വരുന്ന ഒരു ഭരണകൂടത്തിനു കീഴിൽ കൂടുതൽ സംതൃപ്തരായ, ദൈവവിശാസികളില്ലാത്ത പൗരന്മാർ ഉണ്ടാകുന്നതും നമുക്ക് കാണാമല്ലോ. തങ്ങൾ പ്രചരിപ്പിച്ച നിരീശ്വരവാദം ജനങ്ങളൊന്നാകെ ഏറ്റെടുത്തതുകൊണ്ടാണ് ഇത്തരം രാഷ്ട്രങ്ങളുണ്ടായത് എന്ന് സാമാന്യയുക്തിയുള്ള ഒരു നിരീശ്വരവാദിയും അവകാശപ്പെടുമെന്ന് കരുതുന്നില്ല.

3. പല തരത്തിലും തലങ്ങളിലുമുള്ള അസമത്വങ്ങളും അസംതൃപ്തിയും വെറുപ്പുകളുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ഈ യാഥാർത്ഥ്യങ്ങൾ പരിഗണിച്ചു കൊണ്ടു വേണം യുക്തിവാദം പ്രചരിപ്പിക്കേണ്ടത് എന്നു കരുതുന്നു. മതവിശ്വാസങ്ങളെ മാത്രം നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഒരു യുക്തിവാദിക്ക് സാമൂഹ്യമാറ്റം കൊണ്ടുവരാൻ കഴിയാത്തത് അതുകൊണ്ടാണ്. പകലന്തിവരെ തൊഴിലാളിയെ തൊഴിച്ച് പണിയെടുപ്പിക്കുകയും അത്തരം ചൂഷണങ്ങൾക്കായുള്ള രാഷ്ട്രീയ നിലപാടുകൾ പരസ്യമായി സ്വീകരിക്കുകയും വൈകുന്നേരം അവന്റെ മനസ്സമാധാനത്തിനായി അവൻ പ്രാർത്ഥിക്കാനൊരുങ്ങുമ്പോൾ ' നീ പ്രാർത്ഥിക്കുന്ന ദൈവമില്ല, നിന്റെ പുരോഹിതൻ ചൂഷകനാണ്' എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഒരു യുക്തിവാദി മുതലാളിക്ക് സമൂഹത്തിലെ അസമത്വം എന്ന അയുക്തി എന്നെങ്കിലും അവസാനിപ്പിക്കാൻ കഴിയുമോ ?

മുഖമില്ലാതെ യുക്തിവാദം പ്രചരിപ്പിക്കുന്ന 'യുക്തിവാദികൾക്കും സാമൂഹ്യമാറ്റം കൊണ്ടുവരാൻ കഴിയില്ല. മുഖമില്ലാത്ത ഒരാൾക്ക് സമൂഹത്തിന്റെ വിശ്വാസം എങ്ങനെയാണ് ആർജ്ജിച്ചെടുക്കാൻ കഴിയുക ? ജീവിതകാലം മുഴുവൻ സമൂഹത്തിൽ നിന്ന് ഒളിഞ്ഞു നിന്ന് സാമൂഹ്യമാറ്റം കൊണ്ടു വന്ന ഒരു സാമൂഹ്യ പരിഷ്ക്കർത്താവിനെ ചരിത്രത്തിൽ നിന്ന് ചൂണ്ടിക്കാട്ടാനുണ്ടോ ?
നിരീശ്വരവാദിയായിരിക്കുകയും മതവിമർശനം മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് ഗുണമൊന്നുമില്ല എന്നർത്ഥമില്ല. പക്ഷേ ജീവിതത്തിന്റെ സകലമേഖലകളേയും യുക്തികൊണ്ട് പരിശോധിക്കുകയും അതിനനുസരിച്ചുള്ള നിലപാടുകൾ സ്വീകരിക്കുകയും സമൂഹത്തെ ആ യുക്തികൾ ബോധ്യപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നതിനേക്കാൾ എളുപ്പമായിരിക്കും എന്നു മാത്രം. ജനകീയനായിക്കൊണ്ട് യുക്തിബോധം പ്രചരിപ്പിക്കാൻ എത്ര പേർക്ക് കഴിയുന്നുണ്ട് ?



@ Viddiman

No comments:

Post a Comment