Monday, December 26, 2011

നാളെ (ഡിസം ബർ 3 ) അന്താരാഷ്ട്ര വികലാംഗ ദിനം

നാളെ അന്താരാഷ്ട്ര വികലാംഗ ദിനം..
..( ഡിസംബർ രണ്ടിന് പ്രസിദ്ധീകരിച്ചത് )
അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും കേരളത്തിലും ആഘോഷങ്ങൾ നടക്കും..ശാരീരിക വൈകല്യമുള്ളവരും മാനസിക വൈകല്യമുള്ളവരും വിവിധ കളികളിൽ/മത്സരങ്ങളിൽ ഏർപ്പെടും..മാധ്യമങ്ങൾ ഫോട്ടോ/വാർത്തകൾ കൊടുക്കും. ചിലത് ഒരു പടി കൂടി കടന്ന് ചില നല്ല മാതൃകയെ അവതരിപ്പിക്കും..മന്ത്രിമാർ പ്രസ്താവനകൾ ഇറക്കും..ഒക്കെയും നല്ലതു തന്നെ.. പക്ഷെ ഒരാണ്ടു തുറ പോലെ ഇതൊക്കെ നടന്നാൽ മതിയോ ?
1995 ലെ വികലാംഗസംരക്ഷണം നിയമം, വികലാംഗർക്ക് സർക്കാർ തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 3% സംവരണം അനുശാസിച്ചിട്ടുണ്ട് ( കാഴ്ച്ചസംബന്ധമായ വൈകല്യമുള്ളവർക്ക്, ശ്രവണ,സംസാര സംബന്ധമായ വൈകല്യമുള്ളവർക്ക്, ചലനസംബന്ധമായ വൈകല്യമുള്ളവർക്ക് ഒരു ശതമാനം വീതം ) . വികലാംഗർക്ക് അനുയോജ്യമായ തൊഴിലുകൾ തരം തിരിച്ചു വരുമ്പോൾ പിന്നെയും അവസരം കുറയും .ഏറ്റവും പരമാവധി പോയാൽ 500 നും 1000 നും മിടയ്ക്ക് നിയമനങ്ങൾ ലഭ്യമാവുന്നുണ്ടാവും. ( കേരളത്തിൽ വികലാംഗരുടെ ജനസംഖ്യ 9 ലക്ഷത്തോട് അടുത്താണ്. ഇന്ത്യയിലേത് 2.2 കോടിയും ). നിയമത്തിൽ , സ്വകാര്യമേഖലയിൽ വികലംഗർക്ക് 5 % തൊഴിൽ സംവരണം നിർദേശിച്ചിട്ടൂണ്ടെങ്കിലും ഇത് നിർബന്ധമാക്കിയിട്ടില്ല. മാത്രമല്ല, ഈ നിയമം ഇന്ത്യയിൽ നടപ്പിൽ വന്ന് 9 വർഷങ്ങൾ കഴിഞ്ഞ് 2004 ഓടെയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ വികലാംഗർക്ക് സംവരണം നൽകി തുടങ്ങിയത്. നിയമം നടപ്പിലാക്കുന്നതിലും അനാസ്ഥ വേണ്ടുവോളമുണ്ടെന്ന് സാരം..
ഇനി ഇതൊക്കെ കഴിഞ്ഞ് ജോലി ലഭ്യമായാലുള്ള അവസ്ഥയോ ? ശാരീരികാവസ്ഥ മൂലം മേലുദ്യോസ്ഥരിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ ഒരിക്കലെങ്കിലും അധിക്ഷേപമേൽക്കാത്ത വികലാംഗജീവനക്കാർ കുറവായിരിക്കും. എട്ടുവർഷം മുമ്പ് പ്യൂണായി കോടതിയിൽ ജോലിക്ക് കയറിയപ്പോൾ എഴുതുന്നയാൾക്കുണ്ടായ അനുഭവം തന്നെ ഗുരു. ജില്ലാ കോടതിയിൽ നിന്ന് നിയമന ഉത്തരവുമായി സബ് കോടതിയിലേക്ക്. അവിടെ നിന്ന് പ്രധാനജഡ്ജി രണ്ടാ‍ം ജഡ്ജിയുടെ അടുത്തേയ്ക്കു വിട്ടു. പരിചയപ്പെടുത്തായി കോടതിയിലെ മറ്റൊരു ഉദ്യോഗസ്ഥനുമുണ്ടായിരുന്നു കൂടെ. ‘ആരാ ഇയാളെ ഇങ്ങോട്ടയച്ചത് ? എനിക്കിയാളെ കിട്ടിയിട്ട് എന്തുപകാരം ? ആർക്കും വേണ്ടാത്തവരെ തട്ടിയിടാനുള്ള സ്ഥലമാണോ ഇത് ?’ ഇത്രയും കൂടെ വന്ന ഉദ്യോഗസ്ഥനോട്. പിന്നെ തിരിഞ്ഞ് എന്നോട് : ‘ എഴുതാനും വായിക്കാനും അറിയ്യോ ? ആ മൂലയ്ക്കെവിടെയെങ്കിലുമിരുന്നോ’. കോടതിയിൽ, പ്യൂണ്മാർക്ക് ജഡ്ജിയുടെ വീട്ടിലാണു പണി. ശരിക്കും ഒരു വീട്ടു വേലക്കാരൻ ..അതാണ് അങ്ങേർക്കിത്ര കോപം വരാൻ കാരണം ! ( ഇപ്പോൾ കോടതികളിൽ ഈ വീട്ടുജോലിപ്പണി ചെയ്യിക്കൽ ഇല്ലെന്നു കേൾക്കുന്നു ) വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ. അവിടെ ആരോടു പരാതി പറയാൻ എങ്കിലും ഒന്നു മനസ്സിലായി. ന്യായാധിപന്മാരും സാധാരണ മനുഷ്യരാണെന്ന്..ചിലർ അതിലും താഴെയാണെന്ന്..
ഇതൊന്നുമല്ലാതെ, സ്നേഹിക്കുന്ന, പരിഗണിക്കുന്ന, സഹായിക്കുന്ന ധാരാളം സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമുണ്ടെന്നുള്ളത് മറക്കുന്നില്ല.
മണ്ണിലിരുന്ന് നിരങ്ങുന്നവർ മുതൽ കണ്ണറിയാതെ ഇരുട്ടിൽ തപ്പുന്ന അന്ധർ വരെ പരമ പ്രധാനമായി ആഗ്രഹിക്കുന്നത് ഒന്നു മാത്രമാണ് – സ്വന്തം അദ്ധ്വാനത്തിൽ ജീവിതം പുലർത്താനാവണം.
ഒരു ജോലിയും ചെയ്യാനാവാത്തവിധം അവശതയുള്ളവർക്ക് സർക്കാർ നല്കുന്ന പെൻഷൻ നാമമാത്രമായ 300 രൂപയാണ്. അതിനും നൂറായിരം നൂലാമാലകളാണ്. വാ‍ർഷികകുടുബവരുമാനം 24000 രൂപയിലധികമാണെങ്കിൽ പെൻഷന് അർഹതയില്ല !.
വികലാംഗസംരക്ഷണ നിയമപ്രകാരം കേന്ദ്രത്തിലും കേരളത്തിലും വിപുലമായ അധികാരങ്ങളോടെ ഓരോ കമ്മീഷണറേറ്റുകൾ രൂപികരിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ 5 കൊല്ലം കൂടുമ്പോഴുള്ള രാഷ്ട്രീയ നിയമനമായതുകൊണ്ട് , ഉശിരുള്ള ഒരു പിന്തുണ ഇവിടെ നിന്നും വികലാംഗർക്ക് ലഭ്യമാവുന്നില്ല.
സർക്കാർ സ്ഥാപനങ്ങളും കാര്യാലയങ്ങളും വികലാംഗർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിൽ നിർമിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതും പാലിക്കപ്പെടുന്നില്ല.
സർക്കാറിൽ നിന്ന് പ്രധാനമായും വികലാംഗർക്ക് ലഭിക്കുന്ന മറ്റ് പ്രധാന ആനുകൂല്യങ്ങൾ സഹായ ഉപകരണങ്ങളും വായ്പയുമാണ്.
ഉപകരണങ്ങൾ മിക്കതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയും മറ്റും സൌജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാവുന്നുണ്ട്. പക്ഷെ പുതിയ സാങ്കേതികവിദ്യയുള്ള, കൂടുതൽ ‘യൂസർ ഫ്രണ്ട്ലി’ ആയ ഉപകരണങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് ഇപ്പോഴും വലിയ ധാരണയില്ല ( വിദേശരാജ്യങ്ങളിൽ ഇത്തരം ഉപകരണങ്ങൾ വ്യാപകമായി ലഭ്യമായി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ). സ്വകാര്യമേഖലയിൽ നിന്ന് ലഭ്യമാവുന്ന പുതിയ ഉപകരണങ്ങൾക്കാണെങ്കിൽ തൊട്ടാൽ പൊള്ളുന്ന വിലയുമാണ്.
സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ബാങ്കുകൾ വഴിയും വികലംഗക്ഷേമകോർപ്പറേഷൻ വഴിയും വായ്പ ലഭ്യമാക്കുന്നുണ്ട്. വായ്പാ പലിശയാണെങ്കിൽ 5% മുതൽ മേലോട്ടാണ്. ( കാ‍ർഷിക വായ്പ 4% പലിശയ്ക്ക് ലഭ്യമാണെന്ന് ഓർക്കണം ) . മാത്രമല്ല, അതെങ്കിലത് പാസ്സായി കിട്ടാനും ആയിരം കടമ്പകൾ കടക്കണം.
റെയിൽ‌വേ, കെ. എസ്. ആർ. ടി.സി., സ്വകാര്യബസ്സ് എന്നിവയിൽ വികലാംഗർക്ക് യാത്രാക്കൂലിയിളവുണ്ട്. എന്നാൽ ഓരോന്നിന്നും വെവ്വേറെ അപേക്ഷാഫോമുമും സർട്ടിഫിക്കറ്റുമാണ്. മിക്കതിനും കാലപരിധിയുമുണ്ട്. അത് കഴിഞ്ഞാൽ പുതുക്കണം. കെ. എസ്. ആർ. ടി. സി. യിൽ 24000 രൂപ വാർഷികവരുമാനത്തിൽ കൂടുതലുള്ളവർക്ക് യാത്രയിളവ് ലഭിക്കില്ല ) സ്വകാര്യബസ്സ് ജീവനക്കാരുടെ പുച്ഛ ഭാഷയും തെറി വിളിയും കേട്ട് യാത്ര ചെയ്യണമെന്കിലും അസാമാന്യ മനോധൈര്യം വേണം. ചില യാത്രക്കാർക്ക് , വികലാംഗർക്കായി മാറ്റി വെച്ച സീറ്റിൽ നിന്നു പോലും ഒന്നെണീറ്റു കൊടുക്കാൻ മടിയാണ് !.
പൊതുസമൂഹത്തിൽ വികലാംഗരുടെ അവസ്ഥയെന്താണ് ?
വികലാംഗരെന്നാൽ ചിലരെ സംബന്ധിച്ചിടത്തോളം യാചകരാണ്. അല്ലെങ്കിൽ ലോട്ടറി വില്പനക്കാർ..ചിലർക്ക് വികലാംഗരെന്ന് കേൾക്കുമ്പോൾ മനസ്സിലുദ്ദിക്കുന്ന രൂപം മാനസിക വൈകല്യമുള്ളവരുടേതാണ്.
സാമ്പത്തികമായി ഉയർന്ന/ഇടത്തരം വിഭാഗത്തിൽ നിന്നു വരുന്ന വികലാംഗരെ സംബന്ധിച്ചിടത്തോളം , അവർ അനുഭവിക്കുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകളെ നേരിട്ടാൽ മതി. പക്ഷെ താഴ്ന്ന വരുമാനക്കാരെ സംബന്ധിച്ചിടത്തോളം അവസ്ഥ ഇന്നും പരിതാപകരമാണ്.അച്ഛനുമമ്മയും മരിക്കുന്നതോടെ, ജീവിതകാലം മുഴുവൻ സഹോദരങ്ങളുടെ സംരക്ഷണത്തിൽ കഴിയേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥ ചിന്തിച്ചു നോക്കൂ..
വിവാഹക്കമ്പോളത്തിലും എടുക്കാ ചരക്കാണ് വികലാംഗർ. ധനാഡ്യരാണെങ്കിൽ വികലംഗയായ മകൾക്കൊപ്പം കൂടുതൽ സ്ത്രീധനം കൊടുത്ത്, അല്ലെങ്കിൽ മകനു വേണ്ടി സ്ത്രീധനം വാങ്ങിക്കാതിരിക്കുകയോ അല്ലെങ്കിൽ അങ്ങോട്ട് ധനം കൊടുത്തോ ജീവിത പങ്കാളിയെ നേടാം. പക്ഷെ ദരിദ്രരായ, വിശേഷിച്ചും വികലാംഗരായ സ്ത്രീകൾ എന്തു ചെയ്യും ? നാല്പതും അമ്പതും വയസ്സെത്തിയിട്ടും അവിവാഹിതരായി തുടരുന്ന വികലാംഗസ്ത്രീകളെ എത്രവേണമെങ്കിലും ചൂണ്ടി കാണിക്കാം. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ലളിതസമവാക്യം ആരോഗ്യമുള്ള ഒരു സമൂഹത്തിനു ചേർന്നതാണോ ? താരമത്യേന ഉയർന്ന വിദ്യാഭ്യാസവും വിശാലമായ കാഴ്ച്ചപ്പാടുകളുമുള്ള പുതിയ തലമുറയും വികലാംഗരെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നതിൽ വൈമുഖ്യം കാണിക്കുന്നുണ്ട് എന്നുള്ളത് ഖേദകരമാണ്.
ഭാരതത്തിന്റെ ആത്മീയതയെക്കുറിച്ചൊക്കെ വീമ്പു പറയുന്നവരെയൊക്കെ ധാരാളം കാണാം.പക്ഷെ ഇത്തരം കാര്യങ്ങൾ വരുമ്പോൽ ഭൌതികസാഹചര്യങ്ങളിൽ നിന്ന് ഒരു നിമിഷംപോലും ഉയർന്നു ചിന്തിക്കാൻ അവർക്കാവുകയില്ല. എന്നാൽ അവരൊക്കെ പുഛത്തോടെ കാണുന്ന പാശ്ചാത്യസംസ്ക്കാരം ഈ കാര്യത്തിലൊക്കെ എത്രയോ ഔന്നത്യത്തിലാണ്. വികലാംഗത്വമുള്ളതുകൊണ്ടു മാത്രം ജീവിതപങ്കാളിയെ ലഭ്യമാവാതിരിക്കുന്ന അവസ്ഥ അവിടെയൊക്കെ തുലോം കുറവാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
മാനസികസംബന്ധമായ വൈകല്യമുള്ളവരെ സംബന്ധിച്ചടത്തോളം അവരെക്കാൾ എന്നും സങ്കടം അവരുടെ മാതാപിതാക്കൾക്കായിരിക്കും. ഫീസ് നൽകി പഠിപ്പിക്കാവുന്ന സ്ഥാപനങ്ങൾ നഗരങ്ങൾ കേന്ദ്രീകരിച്ച് കാണാറുണ്ടെങ്കിലും സാമ്പത്തികശേഷി കുറഞ്ഞവർക്കും ഇത്തരം സ്ഥാപനങ്ങൾ അടുത്തില്ലാവരും , മറ്റൊരിടത്ത് ജോലി ചെയ്യുമ്പോഴും വീടിൽ, മുറിക്കുള്ളിൽ കഴിയുന്ന തന്റെ കുഞ്ഞിനെയോർത്ത് ഉരുകയായിരിക്കും. മാത്രമല്ല, ഇത്തരക്കാരിൽ , പ്രായം കൊണ്ട് മുതിർന്നവർക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾ വളരെ കുറവാണ്. രക്ഷിതാക്കൾക്ക് വിശ്വാസത്തോടെ തങ്ങളുടെ മക്കളെ ഏല്പിക്കാവുന്ന സ്ഥാപനങ്ങൾ ഇനിയും ഉയർന്ന് വരേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അവരുടെ അച്ഛനമ്മമാർക്ക് കുഴിമാടത്തിൽ പോലും സംതൃപ്തിയോടെയൊന്ന് കണ്ണടയ്ക്കാൻ പറ്റില്ല.
ഇത്രയും പറഞ്ഞത് നാളെ മുതൽ എല്ലാം ശരിയാവും എന്ന പ്രതീക്ഷയിലല്ല. എങ്കിലും മനസ്സുകൊണ്ടെങ്കിലും വികലാംഗരോടുള്ള ഒരു പിന്തുണ, ഒപ്പം നിൽക്കാനുള്ള സന്നദ്ധത എന്നിവ നിങ്ങളോരോരുത്തരിൽ നിന്നും പ്രതീക്ഷിക്കുന്നു.

22 comments:

  1. "..ന്യായാധിപന്മാരും സാധാരണ മനുഷ്യരാണെന്ന്..ചിലർ അതിലും താഴെയാണെന്ന്..!"
    സത്യം തുറന്നെഴുതിയതിന് അഭിനന്ദനങ്ങള്‍..!

    വികലാംഗരേക്കാള്‍ വികല മനസ്സുള്ളവരാണു കൂടുതല്‍..!
    അതാണ് ഏറെ അസഹനീയം..!

    ഒരു മാറ്റത്തിനായി കാത്തിരിക്കാം..!

    ആശംസകളോടെ..പുലരി

    ReplyDelete
  2. അധികാരികൾ മാത്രമല്ല, സമൂഹവും മാറേണ്ടിയിരിക്കുന്നു സുഹൃത്തേ..
    കാത്തിരിക്കുന്നു, നല്ലൊരു നാളേയ്ക്കായി..

    ReplyDelete
  3. സത്യം തുറന്നെഴുതിയതിന് അഭിനന്ദനങ്ങള്‍..!

    ReplyDelete
  4. വികലാംഗരെ സമൂഹത്തിന്റെ ഭാഗമാക്കാൻ കൂടുതൽ കർമ്മപദ്ധതികളുണ്ടാകേണ്ടതുണ്ട്. നല്ല പോസ്റ്റ്.
    അഭിനന്ദനം

    ReplyDelete
  5. നന്ദി, മൊഹിയുദ്ദിൻ, ബെഞ്ചാലി & മുഹമ്മദ് അഷ്‌റഫ്

    ReplyDelete
  6. പൊതുസമൂഹത്തിന്റെ ശ്രദ്ധ ലഭിക്കേണ്ട വിഷയം തന്നെയാണ് താങ്കൾ എഴുതിയിരിക്കുന്നത്. ശാരീരിക-മാനസിക വൈകല്യങ്ങൾ അനുഭവിക്കുന്നവരെ അവരർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകി മുഖ്യധാരയിലേയ്ക്കു കൊണ്ടുവരുമ്പോഴേ ഏതൊരു സമൂഹവും പരിഷ്കൃതമായി എന്നു പറയാനാവൂ.

    ReplyDelete
  7. നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ.....

    ReplyDelete
  8. ശ്രദ്ധിക്കപ്പെടേണ്ടുന്ന പോസ്റ്റാണിത്.. ആശംസകള്‍..

    ReplyDelete
  9. വളരെ ചിന്തിക്കുകയും ചര്‍ച്ച ചെയ്യപ്പെടെണ്ടാതുമായ ബ്ലോഗ്‌.

    നല്ല ചിന്ത..നല്ല നിരീക്ഷണം..നല്ല വിലയിരുത്തല്‍...

    അഭിനന്ദനങ്ങള്‍...

    ReplyDelete
  10. വളരെ നല്ല പോസ്റ്റ്‌ മനോജ്‌
    ചെറിയൊരു കുറ്റബോധത്തോടെ സ്വാര്‍ത്ഥനായ ഞാനും ഈ പോസ്റ്റ്‌ വായിച്ചു.

    ReplyDelete

  11. ഇത്തരം ചിന്തകള്‍ പടരട്ടേ ...
    ചിതലരിച്ച ചിന്തകളിലത്
    മിന്നല്‍ പ്പിണറാവട്ടെ ...ആശംസകള്‍ ....

    ReplyDelete
  12. അനുഭവിക്കാത്തതുകൊണ്ട് അറിയാത്ത സത്യങ്ങള്‍
    നല്ല മാറ്റമുണ്ടാവുമെന്ന് ശുഭപ്രതീക്ഷ

    ReplyDelete
  13. സാധാരണ രീതിയിൽ അല്ലാത്ത കഴിവുകൾ ഉള്ളവരുടെ കാര്യത്തിൽ ഇനിയും കാര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്.... നല്ലൊരു ചിന്തയാണ് മനോജ് പങ്കുവെച്ചത്.....

    ReplyDelete
  14. തെല്ലൊരു കുറ്റബോധത്തോടെ തന്നെ പറയട്ടെ... ശ്രദ്ധപതിയേണ്ടതും പരിഗണിക്കപ്പെടേണ്ടതുമായ വിഷയം....

    ഇന്നല്ലെങ്കിൽ നാളെ വിഗലാംഗർക്ക് നല്ലൊരു മുന്നേറ്റമുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം... അതിനായി പ്രാർത്ഥിക്കാം..

    ReplyDelete
  15. പുതിയ ചിന്തകള്‍ പടരട്ടെ ...
    നല്ലേ നാലെകളിലേക്ക് ഈ ചിന്തകളും ബാക്കി വെക്കാം.. പുലരുമെന്ന ശുഭ പ്രതീക്ഷയോടെ,,,,,,

    ReplyDelete
  16. വായിച്ചു വിഡ്ഢിമാന്‍. വൈകല്യമുള്ള ശരീരത്തെക്കാള്‍ എത്രയോ കഷ്ടമാണ് വൈകല്യം ഉള്ള മനസ്സ് എന്ന് ഈ പോസ്റ്റ് കാണിക്കുന്നു.
    ഡൌണ്‍ സിണ്ട്രോം ഉള്ള ഒരു സഹോദരന്‍ ഉള്ള എനിക്ക് എന്തെങ്കിലും ശാരീരിക വൈകല്യം ഉള്ളവരുടെ മനസ്സ് കാണുവാന്‍ കഴിയും.അതോ കൊണ്ടു തന്നെ ഒന്നും പറയാനില്ല. മാതാപിതാക്കള്‍ക്ക് മാത്രമല്ല സഹോദരങ്ങള്‍ക്കും അത് കണ്ണീരാണ് മനോജ്‌


    ReplyDelete
  17. അനുഭവിച്ചു അറിഞ്ഞിടുള്ള സത്യങ്ങള്‍ . സമൂഹത്തിന്റെ മനസ്ഥിതി മാറുമെന്ന് കരുതുന്നില്ല . സഹതാപത്തില്‍ പൊതിഞ്ഞ പരിഹാസം കൊണ്ട് നടക്കുന്നവര്‍ എങ്ങിനെ മാറാന്‍ .

    ReplyDelete
  18. പ്രസക്തമായ വിഷയം അതിന്റെ ഗൌരവത്തോടെ പറഞ്ഞു.അഭിനന്ദിക്കുന്നു.കൂടെ ഈ വിഷയത്തിലുള്ള എന്റെ ഒരു പോസ്റ്റുണ്ട് .സൗകര്യം പോലെ നോക്കുക ലിങ്ക് -ഒരിറ്റ്

    ReplyDelete
  19. കാലമെത്ര കഴിഞ്ഞാലും ചില കാര്യങ്ങളില്‍ മാറ്റം വരാന്‍ വലിയ താമസമാണ്. രണ്ടു കൊല്ലം മുന്‍പെഴുതിയ ഈ ലേഖനം ഇന്നും പ്രസക്തമാകുന്നത് അത് കൊണ്ടുതന്നെയാകാം... എന്തായാലും കാലം ചിലരിലെങ്കിലും ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട് എന്നത് ആശാവഹമായ കാര്യമാണ്.

    ReplyDelete
  20. 100 % യോജിക്കുന്നു

    ReplyDelete