Saturday, December 21, 2013

ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - ഒരു വായന.
                          ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - ഒരു വായന.


വർഷങ്ങൾക്കു ശേഷമാണ് ഒരു ചരിത്രാഖ്യായിക  കൈകളിലെത്തുന്നത്. ഇതിനു മുമ്പ് വായിച്ചിട്ടുള്ളത്  ‘മാർത്താണ്ഡവർമ്മയും’  ‘ധർമ്മരാജാ’ യുമാണ്. പിന്നൊന്ന്  ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരചരിത്രത്തെ കുറിച്ചുള്ള ഒരു ബൃഹദ്നോവൽ. പേര് ഓർമ്മ വരുന്നില്ല.

ചരിത്രം പറയുമ്പോൾ,  നാം ഏതു പക്ഷത്തു നിൽക്കുന്നു എന്നതിനനുസരിച്ച്, നമ്മുടെ നിലപാടുകളും വിലയിരുത്തലുകളും മാറും. അതുകൊണ്ടു തന്നെ തീർത്തും നിഷ്പക്ഷമായി നിന്ന് ചരിത്രം പരിശോധിക്കുക, പറയുക അസാധ്യമാവും. ബ്രിട്ടീഷുകാർക്ക്,  വെറും ‘ശിപായിമാരുടെ  ലഹള’യാവുന്നത്  ഇന്ത്യക്കാർക്ക് ‘ഒന്നാം സ്വാതന്ത്ര്യസമര’മാവും. അതിക്രൂരവും മനസാക്ഷിയെ മരവിക്കുന്നതുമായ   ശിക്ഷാനടപടികൾ  ഭരണകൂടത്തെ പിന്തുണയ്ക്കുന്നവർക്ക്   സ്വസ്ഥ ജീവിതം നിലനിർത്താൻ ആവശ്യമായ സ്വാഭാവിക നടപടികളും,  ആ നടപടികൾ ഏറ്റുവാങ്ങിയവരുടെ പക്ഷത്തു നിൽക്കുന്നവർക്ക്,  നീതിയുടെ കണിക പോലുമില്ലാത്ത അടിച്ചമർത്തലുകളുമായി അനുഭവപ്പെടും.

 ജനാധിപത്യ രീതിയിലൂടെ ഭരണം ഏറ്റെടുത്ത ഒരു   അധികാരി, ഒരു വംശത്തിൽ/മതത്തിൽ  ജനിച്ചു എന്നതിന്റെ പേരിൽ ഒരു കോടിയിൽ പരം പേരെ ഭൂരിപക്ഷ പിന്തുണയോടെ കൊന്നൊടുക്കി എന്നുള്ളത് ഇന്നൊരു ചരിത്രപാഠം മാത്രമാണ്. പലർക്കും ഇന്ന് അതൊരു സങ്കല്പം മാത്രമാണെങ്കിലും, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ എന്നെന്നും ജാഗ്രതയോടെ ഓർത്തു വെക്കേണ്ട പാഠം. പട്ടിണിയും ദാരിദ്ര്യവും അസമത്വവും യുദ്ധഭീതിയും  മൂലമുള്ള  അസന്തുഷ്ടി  ഒരു വിഭാഗത്തിനു നേരെ തിരിച്ചു വിട്ട്  ഒരു ഭരണാധികാരി എങ്ങനെ തന്റെ ജനപിന്തുണയിൽ അഭൂതമായ വളർച്ചയുണ്ടാക്കി എന്ന ചരിത്രം.  

‘ഗീസ്വാൻ ഡയറി’ എന്ന ബ്ലോഗിലൂടെയാണ് അരുൺ ആർഷ എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ മരുപ്രദേശങ്ങളും സമതലങ്ങളും കുന്നുകളും മനുഷ്യജീവിതവും കണ്മുന്നിൽ കണ്ടെന്ന പോലെ പകർത്തിയെഴുതിയ എഴുത്തുകാരൻ, ആ നോവലിനു ശേഷം  ‘ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി’ എന്നൊരു നോവൽ എഴുതി തുടങ്ങിയപ്പോൾ, ആരംഭം മുതൽ തന്നെ അത് വായിച്ചു തുടങ്ങി. പക്ഷേ പത്തു പതിനഞ്ചു ലക്കങ്ങൾ കഴിഞ്ഞപ്പോഴേക്കും തോന്നി, ഇത് ഇങ്ങനെ കാത്തിരുന്നു വായിച്ചാൽ ശരിയാവില്ല, ഒറ്റയിരിപ്പിന് വായിച്ചു തീർക്കേണ്ട  ഒന്നാണ് എന്ന്.  പുസ്തകമാക്കി ഇറക്കാൻ ചില പ്രസാധകർ ‘ഗഫൂർ കാ ദോസ്തി’നെ സമീപിച്ചു തുടങ്ങി എന്നറിഞ്ഞതോടെ  ബ്ലോഗ് വായന നിർത്തി. കാത്തിരിപ്പിന് അറുതി വരുത്തി കൊണ്ട്, പുസ്തകം ഇറങ്ങി എന്നു കേട്ടപ്പോൾ  രണ്ടാഴ്ച്ച മുമ്പ്  തൃശ്ശൂർ ഗ്രീൻ ബുക്സിൽ നിന്ന്  ചൂടോടെ വാങ്ങിച്ചു. 180  - ൽ പരം പേജുകൾ. പിന്നെ ഒറ്റയടിക്ക് വായിച്ചു തീർക്കാനുള്ള സമയം നോക്കിയിരിപ്പായി. രണ്ടു ദിവസം മുമ്പാണ് അവസരം ഒത്തു വന്നത്.

ഗാസ് ചേംബറുകൾ, എക്സ് ടെർമിനേഷൻ ക്യാമ്പുകൾ, എക്സിക്യൂഷൻ യാർഡുകൾ
ഇങ്ങനെ ഉറക്കത്തിൽ പോലും നടുങ്ങുന്ന മരണശിക്ഷാരൂപങ്ങളുണ്ടായിട്ടും, കാര്യമായ പ്രതിരോധങ്ങളൊന്നുമില്ലാതെ എന്തുകൊണ്ട് ഒരു കോടിയിൽ പരം ജൂതർ നിസ്സഹായരായി ഹിറ്റ്ലർക്കും ഗസ്റ്റപ്പോക്കും മുമ്പിൽ തല കുനിച്ചു മരണത്തിലേക്കിറങ്ങി പോയി എന്നൊരന്വേഷണം, ചരിത്രത്തിൽ കൗതുകമുള്ള ആർക്കും ഉണ്ടാവുക സ്വാഭാവികമാണ്. ‘അങ്ങനെയല്ല ; ചോരയും നീരും കൊടുത്ത് ഞങ്ങളും പ്രതിരോധിച്ചിട്ടുണ്ട്’ എന്ന്  തലയുയർത്തി  നില്ക്കുന്ന, ചരിത്രം അത്ര കണ്ട് പരിഗണിച്ചിട്ടില്ലാത്ത  ചില മനുഷ്യരുടെ പരിസരത്ത്, തന്റെ ഭാവനയും കാല്പനീകതയയും ഹൃദയവുമെല്ലാം തുറന്നിട്ട്, ചരിത്രത്തിൽ നിന്ന്  ഇനിയും അവരെ വേർതിരിച്ചു മാറ്റാനാവാത്ത വിധം മറ്റൊരു ചരിത്രമെഴുതുകയാണ് നോവലിസ്റ്റ് ഇവിടെ. ലോകത്തിന്റെ അങ്ങേയറ്റത്തൊരു കോണിൽ ചരിത്രത്തിന്റെ ഏടുകളിൽ ഇടമില്ലാതെ പൊരുതി മരിച്ചവർക്ക്, ഇങ്ങേയറ്റത്ത്, ഈ കൊച്ചുമലയാളത്തിൽ നിന്ന്  ചരിത്രത്തിന്റെ സാഹിത്യലിഖിതത്തിലേക്ക് ഒരു നവപ്രതിഷ്ഠ. എനിക്കുറപ്പാണ്, ഇതിനു മറ്റുഭാഷകളിലും  പതിപ്പുകളിറങ്ങും - ഏറ്റവും കുറഞ്ഞത് ഹീബ്രുവിലും ജർമ്മനിലും ആംഗലേയത്തിലുമെങ്കിലും.  

 “ചുവപ്പ് പോരാട്ടത്തിന്റെ നിറമാണ്. എന്നാൽ അതേ ചുവപ്പു തന്നെയാണ് പരാജയത്തേയും പ്രതിനിധീകരിക്കുന്നത്. ആ അർത്ഥത്തിൽ ഞാനൊരു പോരാളിയാണ് - ‘ഓഷ്വിറ്റ്സിലെ  ചുവന്ന പോരാളി’  ” എന്ന  വാചകത്തോടെയാണ് ഓഷ്വിറ്റ്സിലെ ചുവന്ന പോരാളിയായ റെഡ്വിൻ തന്റെ ഡയറിക്കുറിപ്പ് അവസാനിപ്പിക്കുന്നത്. മ്യൂണിച്ച് ഹാളിൽ, ഫ്യൂറർക്ക് നേരെ നടന്ന പാളിപ്പോയ ഒരു വധശ്രമത്തിൽ നിന്നാണ് റെഡ്വിൻ തന്റെ പോരാട്ടജീവിതം ആരംഭിക്കുന്നത്. ബെർക്ക്നൗ ക്യാമ്പിൽ പ്രക്ഷോഭം നയിക്കുന്ന  ‘ചുവന്ന പോരാളിയായി’ മാറി, വീണ്ടും പിടിക്കപ്പെട്ട്, കൊടും പീഡകൾക്കിടയിൽ നിന്ന് മരണം എന്ന സ്വസ്ഥതയിലേക്ക്  ആഴ്ന്നു പോയ്ക്കൊണ്ടിരിക്കെയാണ് റഷ്യൻ പടയുടെ  രൂപത്തിൽ ജീവിതം വീണ്ടും റെഡ്വിനെ തിരികെ വിളിക്കുന്നത്. ആത്മഹത്യയല്ല, സ്വന്തം മാളത്തിനുള്ളിൽ വച്ച്, ഹിറ്റ്ലറും കുടുംബവും മൃഗീയമായി വേട്ടയാടപ്പെട്ട്  കൊല്ലപ്പെടുകയാണുണ്ടായത് എന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്ന്  റെഡ്വിൻ പറയുന്നു. ഹിറ്റ്ലറുടെ മരണത്തിനു പിന്നിൽ,  തന്റെ കൂട്ടാളികളായ മഞ്ഞപ്പോരാളികൾ തന്നെയാണ് എന്നൊരു സൂചനയാണ്   റെഡ്വിൻ മുന്നോട്ടു വെക്കുന്നത്. ഹിറ്റ്ലരുടെ മരണം സംബന്ധിച്ച്  നിലനിൽക്കുന്ന ദുരൂഹതകൾ ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്.

 ജീവിക്കുന്നത്, മരണം വന്നു തൊട്ടു വിളിക്കുമ്പോൾ ഒരിറ്റു ജീവജലത്തിനു വേണ്ടി തല താഴ്ത്തുന്നത്,  മനുഷ്യസഹജമായ സ്നേഹവിശ്വാസത്തിനു മുമ്പിൽ മനുഷ്യസഹജമായ ജാഗ്രതയിൽ വീഴ്ച്ച പറ്റുന്നത്, പരാജയമാണോ അതോ പോരാട്ടം തന്നെയാണോ എന്നൊരു ചോദ്യം  ഈ ചുവന്ന പോരാളിയുടെ ജീവിതം മുന്നോട്ടു വെക്കുന്നുണ്ട്. ഉത്തരം മുട്ടുന്ന ഇത്തരം ചോദ്യങ്ങൾക്കു മുന്നിൽ നിന്ന്  ‘ രേഖപ്പെടുത്തട്ടെ, ഇല്ലാതിരിക്കട്ടെ ; എല്ലാ ജീവിതങ്ങൾക്കും ഒരു ചരിത്രദൗത്യമുണ്ട്’ എന്നു സമാശ്വസിപ്പിച്ച്  ഒഴിഞ്ഞുമാറാനേ ഇവിടെയും കഴിയുന്നുള്ളൂ.

ഓഷ്വിറ്റ്സ് ക്യാമ്പുകളിലെ കുപ്രസിദ്ധമായ പീഡനമുറകൾ അക്കമിട്ടു നിരത്തുന്നില്ല എന്ന് നോവലിൽ തന്നെ പറയുന്നുണ്ട്. ‘ആൻ ഫ്രാങ്കിന്റെ  ഡയറിക്കുറിപ്പുകളും’  ആ നരകലോകത്തിൽ നിന്ന് രക്ഷപ്പെട്ട അപൂർവ്വം മനുഷ്യരുടെ സ്മരണാസാക്ഷ്യങ്ങളും  സോണ്ടോ കമാന്റോകൾ തന്നെ രഹസ്യമായി പകർത്തിയ ചിത്രങ്ങളും കൊല്ലപ്പെട്ട ജനലക്ഷങ്ങളുടെ ശേഷിപ്പുകളും  ചരിത്രസ്മാരകങ്ങളും ഇനിയൊരു ചർച്ച ആവശ്യമില്ലാത്ത വിധം അതെല്ലാം വെളിപ്പെടുത്തുമ്പോൾ, അതെല്ലാമുൾക്കൊണ്ടു കൊണ്ടു തന്നെ അത്തരമൊരു വൈകാരികത ഒഴിവാക്കിയത് ഉചിതമായി. ഹരിപഞ്ചാനനനെയും സുഭദ്രയേയും അനന്തപദ്മനാഭനേയും പോലെ, അത്ര കണ്ട് സൂക്ഷ്മാംശത്തിൽ പകർത്തപ്പെട്ടിട്ടില്ലെങ്കിലും , റെഡ്വിനും, ഡെന്നയും ജൊനാഥനും ഹെബറും നതാനിയയും പോളും ഹന്നയുമെല്ലാം അനുവാചക മനസ്സുകളിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ തന്നെ.

വായിച്ചു തുടങ്ങിയാൽ, അവസാനമെത്തുന്നതു വരെ പുസ്തകം മടക്കാനാവാത്ത വിധം ഒഴുക്ക് ഈ ചരിത്രാഖ്യായികക്കുമുണ്ട്. ആദ്യത്തെയും അവസാനത്തെയും അദ്ധ്യായങ്ങളിൽ എഴുത്തുകാരൻ തന്നെ നേരിട്ടു പ്രത്യക്ഷപ്പെടുന്നു, എഴുത്തനുഭവങ്ങൾ പങ്കു വെക്കുന്നു. അവസാനത്തെ അദ്ധ്യായത്തിലെ ചില പ്രസ്താവനകളും വെളിപ്പെടുത്തലുകളും, അതിശയോക്തിപരവും സ്വന്തം ഭാവനയെ തന്നെ വില കുറച്ചു കാണിക്കുന്നതുമായില്ലേ എന്നൊരു സംശയം ഇല്ലാതില്ല.


ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി.
അരുൺ ആർഷ.

പ്രസാധകർ : ഗ്രീൻ ബുക്സ്
വില : 160.00 രൂപ.

12 comments:

 1. ഇത് ഞാന്‍ പുസ്തകമായി വായിക്കണമെന്ന് കരുതിയ ഒന്നാണ്
  അതുകൊണ്ട് ഇപ്പോള്‍ അവലോകനങ്ങള്‍ പോലും വായിക്കില്ല എന്ന് തീരുമാനിച്ചു

  ReplyDelete
 2. ഗ്രീന്‍ ബുക്സിനോട് എനിക്ക് ബഹുമാനം തോന്നിയത് കവി എം എന്‍ പാലൂരിന്റെ ഒരു അഭിമുഖം വായിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ ആത്മ-കഥയില്ലാത്തവന്റെ-കഥ എഴുതി 13 വര്‍ഷം പ്രസാധകരെ തേടി നടന്നു. അടുത്ത സുഹൃത്തായ ഡി.സി യുടെ ഓഫീസ് 20000 രൂപയാണ് ചോദിച്ചത്. എന്നാല്‍ ഗ്രീന്‍ ബുക്സ് സധൈര്യം മുന്നോട്ട് വന്ന് ആത്മകഥ പബ്ലിഷ് ചെയ്യുകയും അതിന് സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിക്കുകയും ചെയ്തു. പോരാളിയേയും പുരസ്കാരങ്ങള്‍ തേടിയെത്തട്ടെ എന്ന് ആശംസകള്‍!

  ReplyDelete
 3. ബ്ലോഗില്‍ മുഴുവന്‍ വായിക്കാന്‍ ഒത്തില്ല.
  ഇനിയിപ്പോള്‍ പുസ്തകംമുണ്ടല്ലോ

  ReplyDelete
 4. വായിക്കാം ,അവലോകനം നന്നായി ,,വിഡ്ഢിമാനും അരുണിനും ആശംസകള്‍

  ReplyDelete
 5. ഞാൻ ഒരു രാത്രി തുടങ്ങി പുലർച്ചെ മൂന്ന് മണിവരെ ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു.. അവസാനത്തെ അധ്യായത്തിൽ യാഥാർഥ്യത്തോട് ഇഴുകി നിൽക്കുന്ന സ്വന്തം ഭാവനയെ തെളിവുകളുടെ ബലത്തിൽ എഴുത്തുകാരൻ തന്നെ അതിശയോക്തിയോടെ നോക്കുന്നത് കണ്ടപ്പോൾ , എഴുത്തുകാരനോട് കൂടുതൽ ഇഷ്ടമാണ് തോന്നിയത്..

  വസ്തുനിഷ്ടമായ അവലോകനം മനോജേട്ടാ...

  ReplyDelete
 6. വായിക്കാൻ ആഗ്രഹിക്കുന്ന പുസ്തകത്തിന്റെ ആമുഖമായി ഈ വിലയിരുത്തൽ വായിച്ചു

  ReplyDelete
 7. നന്നായി ഈ പരിചയപ്പെടുത്തല്‍ ,,,,, ആദ്യത്തെ ചില ഭാഗങ്ങള്‍ വായിച്ചിരുന്നു പിന്നീട് വായന മുറിഞ്ഞു .. തീരിച്ചയായും ഈ പുസ്തകം വായനാ മുറിയിലേക്ക് എത്തിക്കണം .

  ReplyDelete
 8. വായിക്കട്ടെ.
  പരിചയപ്പെടുത്തൽ നന്നായി.

  ReplyDelete
 9. ഞാന്‍ പുസ്തകം വാങ്ങി വായിക്കുന്നുണ്ട്. ഹിറ്റ്ലര്‍ ജനങ്ങള്‍ക്കിടയില്‍ ജൂതവിരോധം വളര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ലോകമഹായുദ്ധകാലത്തെ കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന മനുഷ്യ കുരുതികള്‍ മുഴുവനും കേട്ടാല്‍ ചിലപ്പൊള്‍ സമനില തന്നെ തെറ്റിപ്പോകും. മനുഷ്യനെങ്ങിനെ ഈ വിധം ക്രൂരരാകുവാന്‍ കഴിയുന്നു എന്നത് വിചിത്രമായ ഒരു കാര്യം തന്നെയാണു..

  ReplyDelete
 10. മനോജ്‌ ... ഗൗരവമായ വായനയ്ക്കും വിലയിരുത്തലിനും ഹൃദയംഗമായ നന്ദി

  ReplyDelete