Saturday, November 08, 2014

സംസ്ക്കാരം, സ്ത്രീ

സംസ്ക്കാരം തുടങ്ങിയേടത്തു തന്നെ നിൽക്കുന്ന ഒന്നല്ല എന്നാണ് തോന്നിയിട്ടുള്ളത്. ആന്തരവും ബാഹ്യവുമായ മാറ്റങ്ങൾ അതിനെ സ്വാധീനിച്ചു കൊണ്ടിരിക്കും. വ്യവസായ വിപ്ലവം, ലോകമഹായുദ്ധങ്ങൾ തുടങ്ങിയവ പാശ്ചാത്യരാജ്യങ്ങളെ സ്വാധീനിച്ചതാണ് അവിടത്തെ ജനങ്ങളിൽ ഇപ്പോൾ കാണുന്ന മാറ്റമുണ്ടാവുന്നതിൽ പ്രധാന പങ്കു വഹിച്ചത് എന്നു കരുതുന്നു. പണമാണ് എല്ലാം നിശ്ചയിക്കുന്നത്, ഏതുവിധേനയും പണമുണ്ടാക്കുക എന്നൊരു പണാധിപത്യസംസ്ക്കാരത്തെ അത് അതിവേഗം സൃഷ്ടിച്ചെടുത്തു. അതിന്റെ ഭാഗമായുള്ള അനിയന്ത്രിതമായ പ്രകൃതി ചൂഷണവും.ഒപ്പം തന്നെ അത് അവിടത്തെ സ്ത്രീകൾക്ക് വൻ തോതിൽ തൊഴിൽ സാദ്ധ്യത നേടിക്കൊടുത്തു. അത് കുടുംബബന്ധങ്ങളിലും സാമൂഹ്യബന്ധങ്ങളിലുമെല്ലാം പ്രതിഫലിക്കുകയും വരുമാനമുള്ള പുരുഷന്മാർ പുലർത്തുന്ന സ്വാതന്ത്ര്യങ്ങൾ തങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന കാഴ്ച്ചപ്പാടിലേക്ക് അവരേയും നയിക്കുകയും ചെയ്തു. ഇന്ന് നേരിട്ടതുപോലുള്ള എതിർപ്പുകൾ അന്നത്തെ സ്ത്രീകൾക്കും നേരിടേണ്ടിയും വന്നിട്ടുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും വരുമാനവും ലഭ്യമാവുന്ന ഏത് സമൂഹങ്ങളിലും രാജ്യങ്ങളിലും ഇതുപോലുള്ള മാറ്റങ്ങൾ ഉണ്ടാവാതെ തരമില്ല. 'സ്വാതന്ത്ര്യമല്ല, ദു:സ്വാതന്ത്ര്യമാണ് അവർ ആസ്വദിക്കുന്നത് എന്ന അഭിപ്രായമുണ്ടെങ്കിൽ അതിന് ഒന്നാമത്തെ ഉത്തരവാദി അവിടത്തെ പുരുഷന്മാരായിരിക്കും. കാരണം, അത്തരം ദു:സ്വാതന്ത്ര്യങ്ങൾ അവരേക്കാൾ മുമ്പ് ആസ്വദിച്ചു തുടങ്ങിയത് അതേ സമൂഹത്തിലെ/രാജ്യത്തിലെ പുരുഷന്മാരായിരിക്കും. അവരാണല്ലോ അത്തരം വഴികളിലൂടെ ആദ്യം മുന്നോട്ടു നടന്നിട്ടുണ്ടാവുക. തങ്ങൾ ആസ്വദിച്ചവയായതുകൊണ്ട്, അത് സ്ത്രീകൾക്ക് മാത്രമായി നിഷേധിക്കാൻ പുരുഷന്മാർക്ക് ധാർമ്മിക അവകാശവുമില്ല. അത്തരം ആസ്വാദനങ്ങളിൽ നിന്ന് ഒഴിവായി ജീവിക്കുന്നവർക്ക് ഉപദേശിക്കാൻ അവകാശമുണ്ട് ; പക്ഷേ നിർഭാഗ്യവശാൽ സമൂഹം അവരെ കേൾക്കുകയോ പിൻതുടരുകയോ ഇല്ല. നിസ്സഹായനായ ഒരു പ്രവാചകന്റെ വേദനയോടെ അത്തരക്കാർ ഒറ്റപ്പെട്ട് ജീവിച്ചു തീരും. പണമുണ്ടാക്കാനുള്ള ആർത്തിയോടെ സമൂഹം മുന്നോട്ടും. പക്ഷേ ഈ സംസ്ക്കാരവും അനന്തമായി തുടരും എന്ന് കരുതുന്നില്ല.

ഇപ്പോൾ അതേ പാശ്ചാത്യസമൂഹത്തെ നോക്കൂ. പണാധിപത്യവും അതിയായ പ്രകൃതി ചൂഷണവും തങ്ങളുടെ സമൂഹത്തിനു അപകടകരമാണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. സാമൂഹികസമത്വത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയുള്ള നിയമങ്ങളും നീക്കങ്ങളും അവിടെ വളരെയധികം ശക്തമാണ്. ഒപ്പം സ്ത്രീവിവേചനവും ദുർബലമായി കൊണ്ടിരിക്കുകയും ചെയ്യുന്നു.. ക്രമേണ ഇതു മറ്റൊരു സംസ്ക്കാരത്തിലേക്കും അവരെ നയിക്കും. ആ തിരിച്ചറിവ് ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തുമ്പോഴേക്കും ഭൂമി ഇതുപോലെ ബാക്കിയുണ്ടാവുമോ എന്നു മാത്രമേ സംശയമുള്ളൂ. ചവിട്ടി മെതിച്ചും അരിഞ്ഞു തള്ളിയുമുള്ള യാത്രകളിലൂടെ തന്നെ വേണമല്ലോ നമുക്കും ആ വഴിയെത്താൻ.

7 comments:

  1. നിരന്തരമായി തുടരുന്ന ഒന്ന് മടുക്കുമ്പോഴാണ് പുതുമ എന്ന പുതിയതിനെ മനുഷ്യന്‍ കൊതിക്കുന്നത്. പിന്നീട് പുതിയതിനെ സംസ്ക്കാരമായി കൂടെ കൂട്ടുന്നു. പഴയ ഒന്നിനെ മാറ്റി പുതിയത് സ്വീകരിക്കുമ്പോള്‍ പഴയതിലെ നന്മയെ വരെ കൂടെ കൂട്ടാന്‍ കഴിയാതെ വരുന്നതാണ് പുതിയതിനെ സ്വീകരിക്കല്‍. അല്ലെങ്കില്‍ പഴയതിലെ നന്മ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു എന്ന് പുതിയതിനെ സ്വീകരിക്കുമ്പോള്‍ മനുഷ്യര്‍ അറിയുന്നില്ല. അറിഞ്ഞാലും അതത്ര പ്രശ്നമുള്ളതായി തോന്നുന്നില്ല അപ്പോള്‍. അങ്ങിനെ നഷ്ടപ്പെടുന്ന പല നന്മകളേയും തിരിച്ചറിയാന്‍ കഴിയുന്നത്, മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടവയാണ് ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തത് എന്ന ബോധ്യപ്പെടലാണ്. തിരിഞ്ഞുനോക്കാം എന്നല്ലാതെ തിരിച്ചുവരാന്‍ കഴിയാത്തത്ര ദൂരത്തില്‍ അപ്പോഴേക്കും മനുഷ്യന്‍ എത്തിയിരിക്കും. തിരിച്ചിറങ്ങാന്‍ പറ്റാത്ത അത്രയും ദൂരെ..ദൂരെ...(മാറ് മറയ്ക്കാനുള്ള അന്നത്തെ പുതുമയില്‍ പതിയിരുന്നത് മറയ്ക്കപ്പെടുമ്പോള്‍ മറയ്ക്കപ്പെടുന്ന ഭാഗം കാണാനുള്ള മനുഷ്യമനസ്സില്‍ രൂപപ്പെട്ട പുതിയ ഒരു കാണാപ്പോയന്റായിട്ടാണ് എനിക്ക് തോന്നുന്നത്. പിന്നീട് അത് കാണാനും നേടാനും എന്നിടത്തേക്ക് മനുഷ്യനെ നയിക്കുന്നതിന്റെ മനശ്ശാസ്ത്രം മറ്റെന്താണ്? ഇന്നത്തെ സാഹചര്യത്തില്‍ അവിടേക്കുതന്നെ തിരിച്ചുപോകാന്‍ സാധ്യമാണോ?) അപ്പോഴേക്കും ഭൂമി ഇതുപോലെ ബാക്കി ഉണ്ടാകുമൊ എന്ന് മാത്രമെ സംശയമുള്ളു......

    ReplyDelete
  2. നോ കമന്റ്സ്

    ReplyDelete
  3. വായിച്ചൂ....................

    ReplyDelete
  4. സംസ്കാരം മനുഷ്യ സമൂഹത്തെ ഇരുളിൽ നിന്നും കൂടുതൽ കൂടുതൽ വെളിച്ചത്തിലേയ്ക്കാണ് നയിക്കുന്നത് എന്നാണു മനസ്സിലാക്കിയിട്ടുള്ളത്. അതിനെ പിന്നോട്ടടിപ്പിക്കുന്നത് ധനവും അതിന്റെ സ്വാർത്ഥതയും മാത്രം. നല്ല നിരീക്ഷണം.

    ReplyDelete
  5. പണമാണ് എല്ലാം നിശ്ചയിക്കുന്നത്.....
    ഏതുവിധേനയും പണമുണ്ടാക്കുക എന്നൊരു
    പണാധിപത്യസംസ്ക്കാരത്തെ അത് അതിവേഗം
    സൃഷ്ടിച്ചെടുത്തു. അതിന്റെ ഭാഗമായുള്ള അനിയന്ത്രിതമായ
    പ്രകൃതി ചൂഷണവും.ഒപ്പം തന്നെ അത് അവിടത്തെ സ്ത്രീകൾക്ക്
    വൻ തോതിൽ തൊഴിൽ സാദ്ധ്യത നേടിക്കൊടുത്തു. അത് കുടുംബ
    ബന്ധങ്ങളിലും സാമൂഹ്യബന്ധങ്ങളിലുമെല്ലാം പ്രതിഫലിക്കുകയും വരുമാനമുള്ള പുരുഷന്മാർ പുലർത്തുന്ന സ്വാതന്ത്ര്യങ്ങൾ തങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന കാഴ്ച്ചപ്പാടിലേക്ക് അവരേയും നയിക്കുകയും ചെയ്തു ...

    ReplyDelete