Wednesday, April 01, 2015

കമ്മ്യൂണിസവും മതവും

മതം ഉപേക്ഷിച്ച, തികച്ചും ഭൗതികവാദികളായ, മനുഷ്യർക്ക്,  കമ്മ്യൂണിസ്റ്റുകാർ മതനിരാസകരായിരിക്കണം എന്ന അഭിപ്രായമായിരിക്കും. അങ്ങനെ നോക്കിയാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ വിരലിലെണ്ണാം. മതാചാരം-ജാതി-ഈശ്വരവിശ്വാസം ഉപേക്ഷിച്ചവർ കമ്മ്യൂണിസ്റ്റുകൾ ഇതെല്ലാം  നിഷേധിക്കുന്നവരാകണം എന്ന അഭിപ്രായക്കാരായിരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭാരവാഹികൾ ഏറെയും ഈ വിഭാഗത്തിൽ പെടും. (നല്ലൊരു വിഭാഗം  ഇങ്ങനെ നടിക്കുന്നവർ മാത്രമായിരിക്കും എന്നുള്ളത് സത്യം ). മത-ദൈവവിശ്വാസം പിന്തുടരുന്നവർക്ക്, 'അതാവാം, പക്ഷേ കമ്മ്യൂണിസ്റ്റുകാർ അന്ധവിശ്വാസികളായിരിക്കാൻ പാടില്ല'
 എന്ന നിലപാടായിരിക്കും. ( വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വേർതിരിവ് അവർ തന്നെ നിർവചിക്കും). കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ ഭുരിപക്ഷവും ഈ വിഭാഗത്തിൽ വരും.

പാർട്ടിയിൽ താല്പര്യം തോന്നി  അംഗത്വമെടുക്കുന്ന ഒരു അന്ധവിശ്വാസി, ഘട്ടം ഘട്ടമായി തന്റെ അന്ധവിശ്വാസത്തെയും വിശ്വാസത്തെയും എല്ലാം നിരാകരിച്ചുകൊണ്ട്, പതിയെ പതിയെ  ഒരു ഭൗതികവാദിയായി മാറുന്നില്ലെങ്കിൽ, പാർട്ടി  അതിന്റെ പരിപാടികളിൽ വെള്ളം ചേർക്കുന്നുണ്ട് എന്നു തന്നെ പറയേണ്ടി വരും. തന്നിലും തനിക്കു ചുറ്റുമുള്ള കാര്യങ്ങളെ കാര്യകാരണബോധത്തോടെ ചോദ്യം ചെയ്യാൻ ഓരോ അംഗത്തേയും പ്രാപ്തനാക്കുകയും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ  സമൂഹത്തിലെ അസമത്വത്തിന്റെ കാരണങ്ങൾ ( അതിൽ മതവും  ദൈവവിശ്വാസവും സുപ്രധാന കാരണമാണ് ) തിരിച്ചറിയാനും തിരുത്താനും പ്രേരിപ്പിക്കുകയുമാണല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്യേണ്ടത്. അതിനു പകരം, അത്തരമൊരു ആന്തരീകനവീകരണം നടത്താതെ, ജീവിതകാലം മുഴുവൻ ഒരു വിശ്വാസിയെ വിശ്വാസിയായി തന്നെ തുടരാൻ അനുവദിക്കുന്നത്  വോട്ട് മാത്രം നോട്ടമിട്ടു തുടരുന്ന ഒരു  അടവുനയമാണ്. ആ നയം താൽക്കാലികാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ദോഷമേ സൃഷ്ടിക്കൂ.  അതുകൊണ്ടാണ് ശബരിമല ക്ഷേത്രം കത്തി നശിച്ചപ്പോൾ ' നന്നായി. അത്രയും അന്ധവിശ്വാസം കുറഞ്ഞു' എന്നഭിപ്രായപ്പെട്ട  രാഷ്ട്രീയനേതാവു ജീവിച്ചിരുന്ന ഇവിടെ ഇന്ന് അത്തരമൊരു പ്രസ്താവന നടത്താൻ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും കഴിയാതെ പോകുന്നത്.

# വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദവും മൂലധനവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും  എല്ലാം വായിച്ചു പഠിച്ചിട്ടില്ല ഇതെഴുതുന്നത്. കമ്മ്യൂണിസത്തെ കുറിച്ചുള്ള ഏറ്റവും ലളിതമായി ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ പോലും, ഭൗതികവാദിയല്ലാത്ത ഒരാൾക്ക് കമ്മ്യൂണിസ്റ്റ് ആവാൻ കഴിയില്ല  എന്ന ധാരണ വച്ചുകൊണ്ടാണ്.

8 comments:

 1. തൽക്കാലം വായന അടയാളപ്പെടുത്തുന്നു. പൊടിക്കാറ്റ് ഒക്കെ മാറിക്കഴിഞ്ഞ ശേഷം കൂടുതൽ പറയാൻ എത്താം.. ;)

  ReplyDelete
 2. പ്രസ്ഥാവന ??? you mean പ്രസ്താവന ?

  ReplyDelete
  Replies
  1. ഐ മീൻ പ്രസ്താവന. തിരുത്തിയിട്ടുണ്ട് ഉട്ടൂ. നന്ദി.

   Delete
 3. എന്തിനും പ്രതിവിധിയുണ്ട്.പരിഹാരമുണ്ട്. പണ്ടത്തെ നിയമം -കുടിക്കരുത് എന്നായിരുന്നു. ഭേദഗതി വന്നു-കുടിക്കാം,പക്ഷേ കൂത്താടരുത്.മതങ്ങളുടെയും വിശ്വാസത്തിന്‍റെയും കാര്യവും അത്രയൊക്കെയേ ഉള്ളൂ.

  ReplyDelete
 4. ജഡപിടിച്ച എന്തോ സാധനം "തിരുകേശം" എന്ന പേരും ചാർത്തി കേരളത്തിന്റെ അങ്ങേ അറ്റത്തുനിന്നും ഇങ്ങേ അറ്റംവരെ കൊണ്ടുനടന്ന്, ആ സാധനം സ്ഥാപിക്കാൻ പള്ളിയുണ്ടാക്കാനെന്ന പേരിൽ കോടികൾ പിരിച്ച ഒരു തട്ടിപ്പ് ഇവിടെ നടന്നിട്ട് അധികം കാലമൊന്നുമായില്ല. അത് വെറും body waste ആണെന്ന് പറയാനുള്ള ആർജവം പിണറായി വിജയനുണ്ടായി. സി.പി.എം സെക്രട്ടറിയിൽനിന്നും വല്ലപ്പോഴുമെങ്കിലും ഇത്തരം ചില സ്പാർക്കുകൾ കണ്ടിരുന്നു. ഇനി അതും ഉണ്ടാവില്ലെന്നുവേണം അനുമാനിക്കാൻ.
  .
  ആ തട്ടിപ്പിനെതിരെ പ്രതികരിക്കാതെ നമ്മുടെ ഭരണം വർഗം മൂന്നു കുരങ്ങന്മാരെ അനുകരിച്ചു അന്ന് എത്ര കാശ് പിരിച്ചു, പിരിച്ചപണം എന്തു ചെയ്തു എന്നറിയാൻ പോലും ഭരണക്കാർ താൽപര്യം കാണിക്കുന്നില്ല.

  ReplyDelete
 5. ഭൗതികവാദിയല്ലാത്ത ഒരാൾക്ക് കമ്മ്യൂണിസ്റ്റ് ആവാൻ കഴിയില്ല - ഈ പ്രസ്ഥാവനയെ ഭൗതികവാദി അല്ലാത്ത ഒരാൾക്കും തന്റെ സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിയുകയില്ല എന്നു തിരുത്തുന്നു. കാരണം മനുഷ്യനെയും ,സമൂഹത്തേയും നിർമ്മിക്കുന്നത് ഭൗതിക സാഹചര്യങ്ങളാണ്. ആത്മീയവാദം മനുഷ്യന്റെ പ്രശ്നങ്ങൾ ഒരിക്കലും പരിഹരിച്ചിട്ടില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും, അനുഭാവികളും ഈ വസ്തുത ഉൾക്കൊണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. സി.കേശവനേയും, വിടി ഭട്ടതിരിപ്പാടിനേയും പോലെ കരുത്തുള്ള നാമ്പുകളെ മുളയിലേ നുള്ളിക്കളഞ്ഞ് ഏറാൻ മൂളികളേയും, അമുൽ ബേബികളേയും വളർത്തുന്ന ഒരു പാർട്ടി ഭക്തിമാർഗത്തിൽ സഞ്ചരിക്കുന്നത് വലിയ അത്ഭുതമൊന്നുമല്ല. പരമാവധി ക്ഷയിച്ചു കഴിഞ്ഞ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി എന്തു ക്ഷതമാണ് സംഭവിക്കാനുള്ളത്.......

  ReplyDelete
 6. ക്ഷയിച്ചു കഴിഞ്ഞ പാർട്ടിക്ക് ഇനി എന്തു ക്ഷതമാണ് സംഭവിക്കാനുള്ളത്.......  Copy and WIN : http://ow.ly/KfYkt

  ReplyDelete
 7. അണികൾ കൊഴിഞ്ഞു പോകുന്നത്‌ അൽപമെങ്കിലും ചെറുക്കാൻ കഴിഞ്ഞേക്കും!!പക്ഷെ നിർവ്വീര്യമായ അണികളെ എങ്ങനെ ഉത്തേജിതരാക്കുമെന്ന് കണ്ണൂരെ നേതാക്കൾക്കറിയില്ല.

  ReplyDelete