Tuesday, September 08, 2015

ജന്മാഷ്ടമി ആഘോഷം - പറയാനുള്ളത്.

എല്ലാ മതങ്ങൾക്കും ഇടം നൽകുന്നതോ തുല്യ പരിഗണന നൽകുന്നതോ ആയ 'മതേതരത്വ'ത്തേക്കാൾ, എല്ലാ മതങ്ങൾക്കും അതീതമായ ഒരു പൊതു ഇടം സൃഷ്ടിക്കുന്ന മതേതരത്വത്തെയാണ് പുരോഗമനാശയങ്ങൾ ലക്ഷ്യം വെക്കുന്ന ഒരു സംഘടന സ്വപ്നം കാണേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. അത്തരം പൊതുഇടങ്ങളിൽ കൂടുതലായി താല്പര്യം തോന്നുന്തോറും മനുഷ്യനെ ഏറ്റവും ആഴത്തിൽ അകത്തി മാറ്റിക്കൊണ്ടിരിക്കുന്ന മത, ജാതി വികാരങ്ങൾ താല്പര്യം ജനിപ്പിക്കാത്തവയായി മാറുകയും ചെയ്യും.

പലപല തലമുറകളിലൂടെയുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയും പങ്കുവെക്കലുകളിലൂടെയും ( വിപണിയുടെ ഇടപെടലും ഉണ്ട് ) പല പ്രദേശങ്ങളിലും പല മതാഘോഷങ്ങളും ജനകീയമായി മാറിയിട്ടുണ്ട്. ഓണം, ക്രിസ്തുമസ്സ്, തിരാത്ത് പൂയ്യം* തുടങ്ങിയവ ഉദാഹരണങ്ങൾ. ഇത്തരം ആഘോഷങ്ങളിൽ, മതവുമായി ബന്ധപ്പെട്ട ആചാരങ്ങൾ അതാത് മതത്തിൽപ്പെട്ടവർ മാത്രം അനുഷ്ഠിക്കുകയും മറ്റുള്ളവർ അതൊഴിച്ചുള്ള ആഘോഷപരിപാടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇതു തന്നെ ആഘോഷം നടക്കുന്ന കേന്ദ്രത്തിനോടുള്ള ദൂരമനുസരിച്ച് മാറുകയും ചെയ്തേക്കാം. ( തിരാത്ത് പൂയ്യത്തിന്, ലീവെടുത്ത് നാട്ടിൽ വന്ന് ആഘോഷിക്കാൻ അമ്പലത്തിനടുത്തുള്ള അഹിന്ദുക്കൾ കാണിക്കുന്ന താല്പര്യം കോതറയ്ക്കപ്പുറത്ത് താമസിക്കുന്ന അഹിന്ദുക്കൾ കാണിക്കണമെന്നില്ല. അതുപോലെ, ഇരിങ്ങാലക്കുട പെരുനാളിന് നാട്ടിലെത്താൻ പള്ളിക്കടുത്തുള്ള ഒരു അകൃസ്ത്യൻ കാണിക്കുന്ന താല്പര്യം എടക്കുളത്തുള്ള അകൃസ്ത്യൻ കാണിക്കണമെന്നില്ല. കാളിയാ റോഡ് ചന്ദനക്കുടം നേർച്ച മറ്റൊരു ഉദാഹരണമായി പറയാമെന്ന് തോന്നുന്നു. എന്നാൽ  ഇത്തരം ആഘോഷങ്ങളൊക്കെ ജനകീയമായത്, മതങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങൾ അനുഷ്ഠിക്കാൻ അതാത് മതർക്ക് ഇടമുള്ളപ്പോഴും, ജാതിയും മതവും നോക്കാതെ മറ്റുള്ളവർക്ക് ആഘോഷിക്കാനും ഒരു പൊതു ഇടം ഇത്തരം ആഘോഷങ്ങൾ ഒരുക്കി കൊടുക്കുന്നതുകൊണ്ടാണ് എന്നോർക്കണം. അത്തരമൊരു സൗഹാർദ്ദ മനോഭാവം പല തലമുറകളിലൂടെ പങ്കു വെച്ചാണ് ഈ ആഘോഷങ്ങളെല്ലാം ജനകീയമായി മാറിയത്. അതില്ലെങ്കിൽ ആ ആഘോഷം അതാത് മത-ജാതിവിഭാഗക്കാർക്ക് മാത്രം താല്പര്യപ്പെട്ടവയായി നിലനിൽക്കും. ഇരിങ്ങാലക്കുടയിലെ ഷഷ്ഠിക്കുള്ള ജനകീയതയും പൊതുസ്വീകാര്യതയും കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനു ഇല്ലാത പോകുന്നത് അതുകൊണ്ടാണ്.

കേരളത്തിൽ ശ്രീകൃഷ്ണജയന്തി അത്തരമൊരു പൊതു ആഘോഷമായിരുന്നില്ല. ഗുരുവായൂരും മറ്റു ചില ശ്രീകൃഷ്ണക്ഷേത്രങ്ങളിലും സവർണ്ണഹിന്ദുക്കൾക്കിടയിലും ഒതുങ്ങി നിന്ന ഒന്നായിരുന്നു ജന്മാഷ്ടമി. ( ഗുരുവായൂർ ഏകാദശി പോലും മറ്റൊരു അവസരത്തിലാണ് ). അത് ആഘോഷമാക്കാനും ശോഭായാത്രകൾ ഒരുക്കാനും പണ്ടുമുതലേ നേത്വത്വം കൊടുക്കുന്നത് സംഘപരിവാർ ആണ്. മറ്റല്ലാ കാര്യങ്ങളിലും മതസങ്കുചിതത്വം പുലർത്തുന്ന സംഘപരിവാർ, ഈ ആഘോഷം മാത്രം ജനകീയമാണെന്ന് പറഞ്ഞതുകൊണ്ട് അങ്ങനെ സംഭവിക്കാൻ പോകുന്നില്ല (. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതവരുടെ നിഷ്ക്കളങ്കത കൊണ്ടോ മതേതരത്വം ശരിയായി ഉൾക്കൊള്ളാത്തതുകൊണ്ടോ ആയിരിക്കും.)പൊതു ആഘോഷത്തിനപ്പുറം സ്വന്തം അജണ്ട വെച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ, ഒരു പൊതുഇടം അനുവദിച്ചുകൊടുക്കാൻ അവർക്കെന്നല്ല, മറ്റാർക്കുമാവില്ല. അഥവാ അങ്ങനെയൊരു പൊതുഇടം അനുവദിക്കുന്നുണ്ടെങ്കിൽ,  ഇന്നു കാണുന്ന സംഘപരിവാറും ജന്മാഷ്ടമി ആഘോഷവും ആയിരിക്കില്ല അത്.

ജന്മാഷ്ടമിയെ ഇങ്ങനെ സംഘപരിവാറിനെ 'സ്വന്തമാക്കാൻ' അനുവദിക്കാതെ നമുക്കും അതാഘോഷിച്ച് ഒരു പൊതു ഉത്സവമാക്കിക്കളയാം എന്നു കരുതുന്ന മതേതര വിശ്വാസികളുണ്ടാവാം. ( സി പി എം കണ്ണൂരിൽ നടത്തിയതും എ ഐ വൈ എഫ് ആശംസാ ബോർഡു വെച്ചതും അത്തരം പരീക്ഷണങ്ങളായാണ് എനിക്കു തോന്നിയത് ). മാധ്യമങ്ങളും വിപണിയും അതിനെ പിന്തുണച്ചേക്കാം ( അവർക്ക് എന്തായാലും കൂടുതൽ ഉപഭോക്താക്കളെ കിട്ടിയാൽ മതി. ). പക്ഷെ അതെളുപ്പമല്ല. ഒന്നാമത്, ഇത്രയും നാളത്തെ പ്രവർത്തനങ്ങളിലൂടെ ജന്മാഷ്ടമി ആഘോഷങ്ങൾ തങ്ങളുമായി ബന്ധപ്പെട്ടതാണെന്ന പൊതുധാരണ സൃഷ്ടിച്ചെടുക്കാൻ സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്, വൈരുദ്ധ്യാത്മക ഭൗതികവാദവും മതേതരത്വവും ശാസ്ത്രീയതയും യുക്തിചിന്തയും എല്ലാം പ്രചരിപ്പിക്കേണ്ട സംഘടനകൾ, കൃത്യമായ മതബന്ധമുള്ള ഒരാഘോഷം ഏറ്റെടുക്കുന്നതിലെ ( അതെങ്ങനെയായാലും ) ശരിയില്ലായ്മ.(മറ്റേതു മതത്തിലെ ആഘോഷവും പൊതു ഉത്സവമാക്കി മാറ്റാൻ മതേതരവാദികൾ ശ്രമിച്ചാൽ ഇക്കാലത്ത് ഇങ്ങനെയൊക്കെ തന്നെ സംഭവിക്കാനാണ് സാധ്യത. മുൻപേ പറഞ്ഞതു പോലെ, പുരോഗമനാശയങ്ങളുടെ പ്ലാറ്റ് ഫോമിൽ ഉറച്ചു നിൽക്കുന്ന ഒരാൾക്ക്, ഇത്തരം ആഘോഷങ്ങളിൽ പങ്കെടുത്താണ് അത് ജനകീയമാക്കേണ്ടത് എന്ന് തോന്നുന്നതിനു പകരം, ഇതൊക്കെ അവഗണിക്കാനാണു തോന്നേണ്ടത്.    മാത്രമല്ല, ഇത്തരം പരിശ്രമങ്ങൾ നടത്താറുള്ള 'മതേതരവാദി'കൾ പലരും 'പേറെടുക്കാൻ പോയവൾ ഇരട്ട പെറ്റു എന്ന  അവസ്ഥയിലാവാറുമുണ്ട്.  )

ജാതിമത ചിന്തകൾക്കതീതമായി ചിന്തിക്കുകയും പോരാടുകയും ചെയ്ത അനേകം സാമൂഹ്യപരിഷ്ക്കർത്തളും സ്വാതന്ത്ര്യസമരസേനാനികളും പൊതുപ്രവർത്തകരുമൊക്കെയുണ്ടായിരുന്ന/ഉള്ള നമ്മുടെ നാട്ടിൽ, ചർച്ച ചെയ്യേണ്ടതും ഒന്നിച്ചു ചേർന്ന് പ്രതിരോധിക്കേണ്ടതുമായ അനേകവിധത്തിലുള്ള ചൂഷങ്ങണങ്ങൾ അരങ്ങേറുന്ന നമ്മുടെ നാട്ടിൽ, ഇത്തരം ചൂണ്ടകളിൽ പുരോഗമനപ്രസ്ഥാനങ്ങൾ കുരുങ്ങിപ്പോവുന്നത് സങ്കടപ്പെടുത്തുന്നു.

---------------------------------------

* നാട്ടിലെ ഒരു    ക്ഷേത്രോത്സവം.

1 comment:

  1. മതങ്ങള്‍ തമ്മിലുള്ള ചേരിചേരാഴ്മകള്‍ വേണമെങ്കില്‍ കണ്ടില്ലെന്ന് വെക്കാം..
    പക്ഷെ, മതത്തിനുള്ളില്‍ തന്നെ ഒരുപാട് ചേരിചേരാഴ്മകള്‍..
    പരസ്പരം കാണാനോ സംസാരിക്കാനോ പറ്റില്ലെന്ന് മുദ്രകുത്തിയവര്‍..
    ഇന്നും ജാതി-വര്‍ണ-ഭാഷാ-ലിംഗ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു എന്നത് ഖേദകരം.. ഇന്നലകളിലെ പത്രമാധ്യമങ്ങളില്‍വരെ നാമതാണ് കാണുന്നത്..
    താഴ്ന്ന ജാതിയിലെ വിദ്യാര്‍ത്ഥി ഭക്ഷണപാത്രം സ്പര്‍ശിച്ചതിന് ക്രൂരമായി മര്‍ദ്ദികപ്പെടുക.., അതും അറിവ് പകര്‍ന്നുനല്‍കേണ്ട അദ്യാപകന്റെ കൈകളാല്‍..
    ്അഭിമാനിക്കാം.. ഡിജിറ്റല്‍ ഇന്ത്യയിലെ ഈ പ്രവര്‍ത്തനങ്ങല്‍..

    ReplyDelete