Wednesday, December 16, 2015

എന്തുകൊണ്ട് യുക്തിവാദപോസ്റ്റുകളധികവും ഇസ്ലാമിനെതിരാകുന്നു ?


1.. ജബ്ബാർ മാഷിനെ പോലുള്ളവർ കൂടുതൽ ശക്തമായി ഇസ്ലാമിനെ വിമർശിക്കുന്നത്, അദ്ദേഹം ഒരു ഇസ്ലാം ഭൂരിപക്ഷപ്രദേശത്തു നിന്നുള്ള ആളായതുകൊണ്ടായിരിക്കണം. കുട്ടിക്കാലം തൊട്ടേ ആ മതത്തിലുള്ള ആചാരങ്ങളേയും വിശ്വാസങ്ങളേയുമെല്ലായിരിക്കും അദ്ദേഹം പരിചയപ്പെട്ടിരിക്കുക. സ്വാഭാവീകമായും, യുക്തിബോധം ശക്തിപ്പെടുന്നതിനനുസരിച്ച് ഏറ്റവുമധികം സന്ദേഹിക്കുകയും ചോദ്യം ചെയ്യുകയും അത്തരം ആചാരങ്ങളേയും വിശ്വാസങ്ങളേയുമാവുന്നു. ഹിന്ദു ഭൂരിപക്ഷപ്രദേശത്ത് ( ഹിന്ദു മതാചാരങ്ങൾ വളരെ കൂടുതലായിടത്ത് ) നിന്നു യുക്തിചിന്ത രൂപപ്പെടുന്ന ഒരു യുക്തിവാദി, ഹിന്ദു മതത്തിലെ വിശ്വാസങ്ങളെയായിരിക്കും ഏറ്റവും ശക്തമായി ചോദ്യം ചെയ്യാൻ സാധ്യത. ഇനി ഓൺലൈൻ മലയാളിലോകം ശ്രദ്ധിക്കുക. മുസ്ലീങ്ങൾക്കും ഇസ്ലാം ഭൂരിപക്ഷഗ്രൂപ്പുകൾക്കും ഫേസ്ബുക്കിലും വാട്ട്സാപ്പിലുമെല്ലാം നല്ല പ്രാതിനിധ്യമുണ്ട്. സ്വാഭാവികമായും ഇസ്ലാം വിരുദ്ധമായ പോസ്റ്റുകൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നു.

2 മുസ്ലീങ്ങൾക്ക് .മതവിദ്യാഭ്യാസവും മതബോധവും നല്ല പോലെ ലഭിക്കുന്നു. ആരാധിക്കേണ്ടതും നിഷേധിക്കേണ്ടതും തൊട്ട്, ഉണ്ണുന്നതും ഉടുക്കുന്നതും വരെ സകല കാര്യങ്ങളിലും ഇസ്ലാമിൽ നിർദ്ദേശങ്ങളുണ്ട്. ( അഥവാ ഇല്ലെങ്കിലും, ഉണ്ടെന്ന് അവരിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നു. ), ഇതെല്ലാം മുസ്ലീങ്ങളിൽ ശക്തമായ മതാഭിമുഖ്യം സൃഷ്ടിക്കുന്നു. അതുകൊണ്ട്, എന്തു വിഷയങ്ങളിലും മറ്റൊരു വിശ്വാസം അവതരിപ്പിക്കുന്നത് ഇസ്ലാമിക വിരുദ്ധമാവുന്നു, മതത്തെ ചോദ്യം ചെയ്യുന്നതിനോട് അവരുടെ എതിർപ്പും ശക്തമാവുന്നു. കൃസ്ത്യാനികൾക്ക് മേല്പറഞ്ഞ മതവിഭ്യാഭ്യാസവും മതബോധവുമുണ്ടെങ്കിലും , ദേഹത്തു തൊട്ടുള്ള 'കളി'കൾക്ക് അവർ തയ്യാറാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തന്റെ മതവും, അതിനെ അക്രമിക്കുന്നവനുംനേർക്കുനേരെ വന്നാൽ, നിശബ്ദമായി 'തടി കഴിച്ചിലാക്കാനുള്ള' ബുദ്ധി അവർക്കുണ്ട്. അതിനുള്ള സഹിഷ്ണുത കൂടി അവരുടെ മതവിദ്യാഭ്യാസത്തിന്റെയും വിശ്വാസിജീവിതത്തിന്റേയും ഭാഗമായി ലഭിക്കുന്നുണ്ടെന്നാണതിൽ നിന്നു മനസ്സിലാക്കേണ്ടത്. അതുകൊണ്ടു തന്നെ ക്രിസ്തുമതത്തിനെതിരായ പോസ്റ്റുകളും ഓൺലൈൻ ലോകത്ത് കുറവാണ്.

3. ഹിന്ദുക്കൾക്ക് ഇത്തരത്തിലുള്ള മതവിദ്യാഭ്യാസമോ മതബോധമോ പകരാനുള്ള സംവിധാനങ്ങളില്ല. അവനു മതബോധം പകരുന്നത് കുടുംബവും സമൂഹവുമാണ്. ക്ഷേത്രത്തീൽ പോകണം, ചില ആചാരങ്ങളൊക്കെ അനുഷ്ഠിക്കണം എന്നതിനപ്പുറം വലിയ മതാഭിമുഖ്യമൊന്നും അവനിൽ സന്നിവേശിപ്പിക്കപ്പെടുന്നില്ല. അത്തരം പരിമിതമായ വിഷയങ്ങളിലുള്ള ചോദ്യം ചെയ്യലുകളോ പരിഹാസങ്ങളോ ഇല്ലാതെ അവന്റെ രക്തം തിളക്കാറുമില്ല. ജാതിബോധവും അതനുസരിച്ചുള്ള വിവിധ ആചാരങ്ങളും വിവേചനങ്ങളുമെല്ലാം അവരുടെ വിശ്വാസം നാനാത്വത്തിൽ നിലനിർത്തുന്ന മറ്റൊരു ഘടകമാക്കുന്നു. മാത്രമല്ല, സമൂഹത്തിന്റെ പുരോഗമനാത്മകതയനുസരിച്ച് മതബോധത്തോടുള്ള ആഭിമുഖ്യം കുറഞ്ഞു വരികയും ചെയ്യും. ഇതുകൊണ്ടെല്ലാം, യുക്തിവാദത്തോട് വളരെയധികം എതിർപ്പ് ഹിന്ദുക്കളിൽ നിന്ന് ഉണ്ടാവുന്നില്ല. എതിർപ്പുകളില്ലാത്തതുകൊണ്ട്, ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും അധികം പ്രത്യക്ഷപ്പെടുന്നില്ല. പക്ഷേ എതിർപ്പുകൾ സൃഷ്ടിക്കാനും ശക്തിപകരാനും സംഘപരിവാർ ശ്രമിക്കുകയും കേരളത്തിന്റെ ഇടതുപക്ഷവും വലതുപക്ഷവും അത് ചെറുക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട്, ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എങ്കിൽ പോലും അത് ഇസ്ലാം വിശ്വാസികളിൽ നിന്നുള്ളത്ര ശക്തമല്ല

3 comments:

 1. ഹിന്ദുക്കൾക്ക് ഇത്തരത്തിലുള്ള മതവിദ്യാഭ്യാസമോ മതബോധമോ ഇല്ലാത്തത് ഭൂരിപക്ഷം പേരും ഹിന്ദുക്കളല്ല എന്നതുകൊണ്ടാണ്. ബ്രാമണരോട് ചോദിച്ച് നോക്ക് അവര്‍ക്ക് മതബോധമുണ്ടോ എന്ന്.
  ബ്രാമണര്‍ മാത്രമേ ഹിന്ദുക്കളായുള്ളു. ബാക്കിയുള്ളവരെ എണ്ണം തികക്കാനും തല്ലാന്‍ പോകാനും വേണ്ടി കൂട്ടിച്ചേര്‍ത്തതാണ്.

  രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആയുധങ്ങള്‍ക്ക് സ്ഥിരമായി പണികിട്ടാനെന്ന ആശയില്‍ കമ്യൂണസത്തിനെതിരെ സ്ഥിരമായ ഒരു യുദ്ധമുഖം തുറന്നത് പരാജയപ്പെട്ടു
  അതില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് തുടങ്ങിയ പുതിയ യുദ്ധമുഖമാണ് ഇസ്ലാമിനെതിരേയുള്ളത്. രണ്ട് പക്ഷത്തും ഒരേ ശക്തികളാണ് പ്രവര്‍ത്തിക്കുന്നത്. ISIS ന് ആയുദ്ധം കൊടുക്കുന്നതും അവരെ ബോംബിടുന്നതും ഒരു ശക്തിതന്നെയാണ്. ISIS കാര്‍ കൊന്ന വെള്ളക്കാരില്‍ ഒരൊറ്റ വിദേശ എണ്ണകമ്പനി ജോലിക്കാനോ, എംബസി ജോലിക്കാരനോ ഇല്ലാതിരിക്കുന്നതെന്തുകൊണ്ടാണ്?
  ഇതൊന്നും കാണാന്‍ കഴിയാത്ത അന്ധവിശ്വാസി യുക്തിവാദികള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്ന് മാത്രം.

  ReplyDelete
 2. നിരീക്ഷണത്തിൽ പല വിയോജിപ്പുകളും ഉണ്ട്‌.

  01. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത്‌ നിന്നും വരുന്നവരായത്‌ കൊണ്ടാണ്‌ വിമർശനം ഉന്നയിക്കുന്നത്‌ എന്ന് പറയാൻ കഴിയില്ല. എല്ലാ ഭാഗത്ത്‌ നിന്നും ഉള്ള യുക്തി വാദികളുടേയും പ്രഥമ ലക്ഷ്യം ഇസ്ലാം തന്നെയാവുന്നു എന്നതാണ്‌ വസ്തുത. ഡോക്കിൻസണ്ണൻ മുതൽ.

  02. മുസ്ലിംങ്ങൾ മിക്കവാറും എല്ലാ കാര്യങ്ങളിലും വ്യക്തമായ മത നിർദ്ദേശം ഉണ്ട്‌. (അല്ലാതെ ഉണ്ട്‌ എന്നൊരു തോന്നൽ അല്ല).

  അത്‌ അവർ പ്രാവർത്തികമാക്കാനും ശ്രമിക്കുന്നു. എന്നാൽ ഇത്‌ പിന്തുടരരുത്‌ എന്നൊരു വാശി ഭൂരിപക്ഷ യുക്തിവാദികളിലും കണ്ടിട്ടുണ്ട്‌. ഒരു വശത്ത്‌ വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോരം തൊണ്ട പൊട്ടിക്കുമ്പോഴും ഒരു മുസ്ലിം അവന്റെ വിശ്വാസപരമായ പിന്തുടരുമ്പോൾ അതിനെ പരിഹസിക്കുന്നു. അപ്പോൾ ഈ വ്യക്തി സ്വാതന്ത്ര്യം എന്ന സംഭവം അവരുടെ മനസ്സിലേക്ക്‌ വരുന്നേ ഇല്ല എന്നത്‌ രസകരമാണ്‌. പർദ്ദയാദി വിഷയങ്ങളിൽ ഇത്‌ വളരെ പ്രകടമാണ്‌.

  03. മതാഭിമുഖ്യം ഉള്ളവർ മാത്രം മതത്തിലേക്ക്‌ വന്നാൽ മതി എന്നതാണ്‌ ഇസ്ലാമിന്റെ നിലപാട്‌. മറ്റുള്ളവർക്ക്‌ വേണ്ടിയോ, വിശ്വാസം ഇല്ലാതെയോ ആരും ഇസ്ലാമിലേക്ക്‌ വരേണ്ടതില്ല. അതുകൊണ്ട്‌ തന്നെ ഇസ്ലാം മത വിശ്വാസികൾക്ക്‌ മതാഭിമുഖ്യം കൂടുകാ എന്നത്‌ സ്വാഭാവികം.

  04. മതത്തിനെ സംബന്ധിക്കുന്ന കാര്യങ്ങൾ ഇസ്ലാം വ്യക്ത്മായി പറഞ്ഞിട്ടുണ്ട്‌ എന്നിരിക്കേ അതിനെ ചോദ്യം ചെയ്യുക എന്ന രീതിയിൽ പരിഹസിക്കുമ്പോഴോ, വിമർശിക്കുമ്പോഴോ മത നിയമങ്ങൾ വെച്ച്‌ അതിനെ പ്രതിരോധിക്കാനോ, മറുപടി നൽകാനോ മുസ്ലിമിനു ബുദ്ധിമുട്ട്‌ ഉണ്ടാവില്ല. അപ്പോൾ വിമർശ്ശനങ്ങൾ കാണുമ്പോൾ സ്വാഭാവികമായും പ്രതികരിക്കാൻ കഴിയുന്നവർ പ്രതികരിക്കുന്നു. ഇത്‌ എതിർപ്പും അസഹിഷ്ണുതയും ആയി യുക്തിവാദികൾ വ്യാഖ്യാനിക്കുന്നു.

  ഭൂരിപക്ഷം യുക്തിവാദികളുടേയും ഭാഷയിൽ അവരുടെ വിമർശ്ശനങ്ങൾക്ക്‌ മറുപടി പറയാതെ ഇരിക്കുന്നതാണ്‌ സഹിഷ്ണുതക്കുള്ള നിർവ്വചനം. ഇത്‌ ചെയ്യാത്തവരെ എല്ലാം അസഹിഷ്ണുക്കൾ ആയി നിറം കൊടുക്കുന്നു. വിമർശനങ്ങൾക്ക്‌ മറുപടി പറയുന്നെതെല്ലാം രക്തം തിളച്ചിട്ടാണ്‌ എന്ന് വരുത്തി തീർക്കുന്നു.

  05. യുക്തിവാദത്തെ ഏറ്റവും കൂടുതൽ എതിർക്കുന്നത്‌ മുസ്ലിംങ്ങൾ തന്നെയാണ്‌. അതുകൊണ്ട്‌ യുക്തിവാദികളുടെ പ്രഥമ ശത്രുവായി മുസ്ലിങ്ങൾ ആയി മാറുന്നത്‌ സ്വാഭാവികം. അപ്പോൾ യുക്തിവാദികളുടെ പ്രഥമ പ്രചാരണങ്ങളും വിമർശ്ശനങ്ങളും ഇസ്ലാമിനെ ലക്ഷ്യം വെച്ചതായി മാറും.

  06. പ്രതികരണ ശേഷി കൂടുതലായി കാണുന്നവരെ വിമർശ്ശിക്കുമ്പോൾ ആണല്ലോ ആ ചർച്ച കൂടുതൽ സജീവമാകുക. "ചിലർ തടി കഴിച്ചിലാക്കും എന്നും, ചിലർക്ക്‌ ഇത്തരത്തിൽ മത ബോധം ലഭിക്കുന്നില്ല" എന്നും നിങ്ങൾ പോസ്റ്റിൽ പറയുന്നു.

  തടി കഴിച്ചിലാക്കാൻ നിൽക്കാത്ത, മതബോധം ലഭിക്കുന്ന വിഭാഗത്തെ ലക്ഷ്യം വെച്ചാലെ ചർച്ചകൾ സജീവമാകൂ. യുക്തിവാദികൾ ഇത്‌ മനസ്സിലാക്കുകയും വിമർശനം ഭൂരിപക്ഷവും ഇസ്ലാമിനു നേരെ ആക്കുകയും ചെയ്യുന്നു.


  ഇതാണ്‌ എന്റെ നിരീക്ഷണങ്ങൾ !

  ReplyDelete
 3. നസ്രാണികളെക്കുറിച്ചുള്ള നിരീക്ഷണം നൂറു ശതമാനം ശരിയാണ്.പുറമെ നിന്നു നോക്കുമ്പോള്‍ ഭക്തിയും അനുഷ്ഠാനങ്ങളും ഒക്കെ കൂടുതലാണ്.പക്ഷേ ഇന്നത്തെ നിലയ്ക്ക് പോയാല്‍ ഒരു പതിനഞ്ചു വര്‍ഷം കഴിയുമ്പോള്‍ പള്ളികളില്‍ ആളുണ്ടാവില്ല

  ReplyDelete