Wednesday, December 23, 2015

പർദ്ദയും എന്റെ അസ്വസ്ഥതയും.


രണ്ട് മുസ്ലീം പള്ളികളും   ഏകദേശം അമ്പതോളം (?)  മുസ്ലീം കുടുംബങ്ങളും ( ജനസംഖ്യാപ്രാതിനിധ്യം 10 – 25 % വരുമായിരിക്കും. )  സ്ഥിതി ചെയ്യുന്ന ഒരു  ഹിന്ദു ഭൂരിപക്ഷപ്രദേശമാണ് എന്റെ ഗ്രാമം. പള്ളികൾക്കടുത്ത് മുസ്ലീം സാന്ദ്രത കൂടുതലുണ്ട്. മറ്റുള്ള കുടുംബങ്ങൾ പലയിടത്തായി ചിതറി സ്ഥിതി ചെയ്യുന്നു.  നാലഞ്ചു വർഷം മുമ്പു വരെ പർദ്ദയണിഞ്ഞ മുസ്ലീം സ്ത്രീകളെ ഞങ്ങളുടെ നാട്ടിൽ കാണാനാവുമായിരുന്നില്ല. അവരൊക്കെ സാരിയും മാക്സിയും ചുരിദാറുമൊക്കെയാണ് ധരിച്ചിരുന്നത്. പ്രായമായവർ കൈത്തണ്ടവരെയെത്തുന്ന ഒരു തരം ജാക്കറ്റ് ( മാച്ചിയെന്നോ മറ്റോ ആണെന്നു തോന്നുന്നു പേര് )  മിക്കവരും  തട്ടം ധരിക്കുകയോ സാരിത്തലപ്പ് തല വഴി മൂടുകയോ ഒക്കെ ചെയ്തിരുന്നു.

ഇപ്പോൾ   നാട്ടിൽ ചില മുസ്ലീം സ്ത്രീകൾ ( ഒരു ന്യൂനപക്ഷം മാത്രം ) പർദ്ദ ധരിച്ചു കാണുമ്പോൾ , വ്യക്തിപരമായി അവർക്കതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് യാതൊരു സംശയത്തിനുമിടയില്ലാതെ  അംഗീകരിക്കുമ്പോഴും എനിക്കുണ്ടാകുന്ന അസ്വസ്ഥത എന്തുകൊണ്ടാണ് എന്ന അന്വേഷണമാണ്  ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.

1. പർദ്ദ ധരിക്കുന്നത്  വളരെ പ്രകടമായ ഒരു മതാഭിമുഖ്യമായാണ് തോന്നാറ്. ( ഇതേ  പ്രകടനാത്മകതകൾ ഇതര മതവിഭാഗങ്ങളിലും ശക്തമാവുന്നതായി ബോധ്യമുണ്ട്. അതേ കുറിച്ച് പിന്നെ പറയാം )  ഇതുവരെയില്ലാതിരുന്നത്  എന്തിന് പുതുതായി  തുടങ്ങണം, അതിനു മാത്രം  ഞങ്ങളുടെ നാട്ടിലും ഇസ്ലാമിലും  എന്താണു പുതുതായി  സംഭവിച്ചത് എന്ന  ചോദ്യം മനസ്സിലുയരുന്നു. അത് തങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വബോധം നൽകുന്നു എന്ന് ചില പർദ്ദധാരിണികൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകേൾക്കുന്നതോടെ  കുറ്റബോധമോ പ്രതിഷേധമോ ഒക്കെയടങ്ങിയ ഒരു വികാരം മനസ്സിലുയരും. – ഞാനടക്കമുള്ള  നാട്ടിലെ  അന്യമത പുരുഷന്മാർ  നിങ്ങൾക്കു മാത്രം അരക്ഷിതത്വബോധം ഉണ്ടാവുന്ന രീതിയിൽ ഒന്നും പെരുമാറിയിട്ടില്ലല്ലോ എന്ന ചോദ്യവും.( നാട്ടിലെ പുരുഷന്മാരെല്ലാം മര്യാദാരാമന്മാരാണ് എന്ന അഭിപ്രായം ഇല്ല എന്നുകൂടി പറയട്ടെ. പക്ഷേ മുസ്ലീം സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ച് അസഭ്യം പറയുകയോ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർ ഇല്ലെന്നു തന്നെ പറയാം)  ഇടയിൽ മതിലുകളില്ലാത്ത, പരസ്പരം സ്നേഹബന്ധങ്ങൾ പുലർത്തുന്ന  രണ്ടു  വീടുകൾക്കിടയിൽ , നാട്ടിൽ മോഷണം പെരുകുകയാണ് എന്ന കാരണം നിരത്തി ഒരു വീട്ടുകാർ പൊടുന്നന്നെ ഒരു മതിൽ പണിതുയർത്തുമ്പോൾ മറ്റേ വീട്ടുകാർക്കുണ്ടാവുന്ന ഒരുതരം അസ്വസ്ഥതയുണ്ടല്ലോ –  മൊത്തത്തിൽ ഈ വികാരത്തെ അതിനോടു താരതമ്യപ്പെടുത്താം.

2. ‘പർദ്ദയാണ് ഏറ്റവും സുരക്ഷിതമായ വസ്ത്രം – അത് ധരിക്കുമ്പോഴാണ്   കാണുന്ന പുരുഷനു കാമചോദനയുണ്ടാവാത്തതും ശല്യം ചെയ്യാത്തതും ’ എന്ന വാദം പരോക്ഷമായി,  എല്ലാ പുരുഷന്മാരെയും അത് ധരിക്കാത്ത സ്ത്രീകളെയും അവഹേളിക്കുന്നണ്ട് -  പർദ്ദയില്ലാത്ത സ്ത്രീകളെ കാണുമ്പോഴെല്ലാം വികാരം നിയന്ത്രിക്കാൻ കഴിയാത്ത നികൃഷ്ടരാണ് പുരുഷന്മാർ എന്നും അതറിഞ്ഞിട്ടും മനപ്പൂർവ്വം  അവനു കാമചോദനയുണ്ടാക്കാൻ വേണ്ടി പർദ്ദ ധരിക്കാതെ നടക്കുന്നവരാണ് അന്യസ്ത്രീകൾ എന്നുമാണല്ലോ ആ വാദത്തിന്റെ പരോക്ഷ സൂചന. അതുകൊണ്ടു തന്നെ പർദ്ദാവാദികൾ ‘എനിക്കതാണിഷ്ടം. എനിക്കതിനുള്ള അവകാശമുണ്ടല്ലോ’ എന്നു മാത്രമാണ് അഭിപ്രായപ്പെടേണ്ടത് എന്നു ചിന്തിക്കുന്നു.


3. ഇതു പോലെ തന്നെയാണ് മുഖം മറച്ച് സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതും. അത് മറ്റുള്ള മനുഷ്യരുടെ, അന്യരെ തിരിച്ചറിയുക എന്ന അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്. അതൊരു മനുഷ്യാവകാശമായി തോന്നാത്തവരുണ്ടെങ്കിൽ അവർക്കത് തോന്നാത്തത്, എല്ലാവരും മുഖം മറച്ചു നടന്ന് സ്വസ്ഥമായി ജീവിക്കുന്ന ഒരു സമൂഹം ലോകത്തെവിടെയുമില്ലാത്തതുകൊണ്ടാണ്; അങ്ങനെ ഒരു സമൂഹത്തിൽ ജീവിച്ച് അനുഭവമോ അങ്ങനെ ഒരു സങ്കല്പമോ പോലും ബുദ്ധിയിൽ ഇല്ലാത്തതുകൊണ്ടാണ്.

4. പർദ്ദ, പൊടിക്കാറ്റും ചൂടും തണുപ്പുമെല്ലാം അനുഭവപ്പെടുന്ന സ്ഥലത്തിനു മാത്രം അനുയോജ്യമാണ്, മറ്റൊരിടത്തും വേണ്ടതല്ല എന്നൊരു വാദം  ആദ്യകാലത്ത് മനസ്സിലുണ്ടായിരുന്നു. പക്ഷേ അത് അടിസ്ഥാനമില്ലാത്തതാണ് എന്നു തിരിച്ചറിയുന്നു. അങ്ങനെയാണെങ്കിൽ പാന്റും ഷർട്ടും ചുരിദാറും  നൈറ്റിയും സാരിയുമൊക്കെ കേരളത്തിനു അനുയോജ്യമായ വസ്ത്രമല്ലല്ലോ. എന്നിട്ടും കാലക്രമേണ കേരള സമൂഹം അത് സ്വീകരിച്ചു. ഇവയൊക്കെ പ്രചാരമായി വന്നിരുന്ന കാലത്ത് ജാതിമതഭേദമന്യേ യാഥാസ്ഥിതകരുടെ  എതിർപ്പ് നേരിട്ടിട്ടുമുണ്ട്.  ഒരു പക്ഷേ പർദ്ദയും സ്വീകരിക്കപ്പെട്ടേക്കാം. പർദ്ദാധാരിണികളെ കുട്ടിക്കാലം തൊട്ടേ പരിചയമുള്ളവർക്ക് അത് അസ്വാഭാവികമായി അനുഭവപ്പെടുന്നുണ്ടാവില്ലായിരിക്കും.   ഒരിക്കൽ, ജാതിമതഭേദമന്യേ സ്വീകരിക്കപ്പെടുന്ന സ്വാഭാവിക വസ്ത്രമായി  മാറിയേക്കാം. അന്നും  മതത്തിന്റെ  മതിലുകൾക്ക് മീതെ  സ്നേഹം പങ്കു വെക്കുന്നത്  മനുഷ്യർ തുടരുകയും ചെയ്തേക്കാം. പക്ഷേ എന്റെ  അസ്വസ്ഥത മാറുന്നില്ല. നാളെ എന്നെ  കാണുമ്പോൾ, എന്റെ സുഹൃത്തിന്റെ ഉമ്മ തല വഴി തട്ടം വലിച്ചിട്ടേക്കുമോ എന്ന  ഭയം തിരി നീട്ടുന്നു - എന്റെ അമ്മയും അവന്റെ ഉമ്മയും ഞങ്ങൾക്ക് അമ്മമാരാണല്ലോ എന്നുള്ളതുകൊണ്ട്.

9 comments:

 1. എന്റെ പതിനഞ്ച് വയസിനു ശേഷമാണ് ഞാൻ പർദ്ദയിട്ട സ്ത്രികളെ കാണുന്നത് പോലും ,അപ്പോൾ എന്റെ മനസ്സിൽ ഉയർന്ന ഒരു ചോദ്യമുണ്ട് എന്നാൽ ഇതു പോലെ ആണുങ്ങളെയും പർദ്ദയിട്ട് നടത്തിയാൽ നാട്ടിൽ അന്യമതസ്ഥർ അവരെ പ്രേമിക്കില്ലല്ലോ .എന്ത് കൊണ്ടാണ് അത് നടപ്പിൽ വരുത്താത്തതെന്നു ………

  ReplyDelete
 2.  (ഇടയിൽ മതിലുകളില്ലാത്ത, പരസ്പരം സ്നേഹബന്ധങ്ങൾ പുലർത്തുന്ന  രണ്ടു  വീടുകൾക്കിടയിൽ , നാട്ടിൽ മോഷണം പെരുകുകയാണ് എന്ന കാരണം നിരത്തി ഒരു വീട്ടുകാർ പൊടുന്നന്നെ ഒരു മതിൽ പണിതുയർത്തുമ്പോൾ മറ്റേ വീട്ടുകാർക്കുണ്ടാവുന്ന ഒരുതരം അസ്വസ്ഥതയുണ്ടല്ലോ –  മൊത്തത്തിൽ ഈ വികാരത്തെ അതിനോടു താരതമ്യപ്പെടുത്താം).

  മാരകം മാരകം.

  എന്റെ മനസ്സിലുള്ള സംശയങ്ങൾ!!!!

  ReplyDelete
 3. ഞാൻ എന്റെ കല്യാണം കഴിഞ്ഞു ചെന്നെയിലൂടെ ട്രെയിനിൽ യാത്ര ചെയ്തപ്പോഴാണ്ആദ്യമായി പർദ്ദയിട്ട സ്ത്രീകളെ കാണുന്നത്. അവർ പർദ്ദയിട്ടു ട്രെയിനിൽ കയറി. ഞാനാവേഷത്തെ അത്ഭുതത്തോടെ നോക്കിയിരുന്നു. കൂടുതൽ അത്ഭുതപ്പെടുത്തിക്കൊണ്ട് കുറച്ചു സമയം കഴിഞ്ഞപ്പോൾ ആവർ ആ വേഷം ഊരി. പർദ്ദക്കുള്ളിൽ നല്ല പട്ടു സാരിയും ശരീരം മുഴുവനും ആഭരണങ്ങളും നല്ല മേക്ക് അപ്പ്‌ ചെയ്ത മുഖവും. എന്റെ നാട് എറണാകുളം ജില്ലയിൽ പഠിച്ചതും എറണാകുളത്തും ത്രിക്കാക്കരയിലും. ഇതിൽ ത്രിക്കാക്കരയിലെ കോളേജ് ശരിക്കും കാക്കനാട്ടാണ്. പക്ഷെ ഇങ്ങനെ ഒരു വേഷം അന്ന് ഞങ്ങളാരും കണ്ടിട്ടില്ല. അന്ന് തട്ടം ഇടുന്ന കുട്ടികൾ പോലും വളരെ അപൂർവ്വം. ഞാൻ ഈ പോസ്റ്റിനു അഭിപ്രായം ആണ് എഴുതിയത്. ഇപ്പോഴും പറയുന്നു. ഇഷ്ടമുള്ളവർ ഇഷ്ടമുള്ള വേഷം ധരിക്കട്ടെ. പക്ഷെ പണ്ടില്ലാത്ത ഇഷ്ടം ഇപ്പോൾ ഉണ്ടായത് എന്നെ അത്ഭുതപ്പെടുത്തുന്നു.

  ReplyDelete
  Replies
  1. കശ്മീരിൽ ഒരൊറ്റ പർദാ ധാരിയെയും മൂന്നു വർഷം അവിടെ താമസിച്ച ഞാൻ കണ്ടിട്ടില്ല. അപൂർവ്വം ഒന്നോ രണ്ടോ പേരെ കണ്ടത് അന്യ സംസ്ഥാനക്കാരും. അവിടെ സ്ത്രീകള് ചുരിദാർ മാത്രമാണ് ധരിക്കുന്നത് . തല ദുപ്പട്ട കൊണ്ടു മറച്ചിട്ടുണ്ടാകും.

   Delete
 4. വളരെ അപകടകരമായ ചിന്താഗതികളിലൂടെയാണു ഈ വേഷം കേരളസമൂഹത്തിൽ ആധിപത്യം നേടിയത്‌.

  ഞങ്ങളിങ്ങനെ ജീവിയ്ക്കും ,നിങ്ങൾക്കെന്ത്‌ ചെയ്യാൻ പറ്റും എന്ന ഭീഷണി അവഗണിയ്ക്കുന്നതാണു നല്ലത്‌.

  ReplyDelete
 5. ഇന്നലെ ധരിച്ച ആഭരണങ്ങൾ ഇന്ന് ധരിയ്ക്കാത്തതു കൊണ്ട് മറ്റുള്ളവർ എന്തിന് അസ്വസ്ഥമാകണം.
  ഇന്നലെ വരെ സാരി ധരിച്ചിരുന്നവൾ ഇന്ന് ചുരിദാരിട്ടാൻ മറ്റുളളവർ എന്തിന് അസ്വസ്ഥമാകണം ...
  ഇന്നലെ ചുരിദാറിനോടൊപ്പം ഷാളുമുണ്ടായിരുന്നു. ഇന്നത് പലരും ഉപയോഗിയ്ക്കാറില്ലാത്തതിന് മറ്റുളളവർ എന്തിന് അസ്വസ്ഥമാകണം ...?

  ReplyDelete
 6. ഇന്നലെ ധരിച്ച ആഭരണങ്ങൾ ഇന്ന് ധരിയ്ക്കാത്തതു കൊണ്ട് മറ്റുള്ളവർ എന്തിന് അസ്വസ്ഥമാകണം.
  ഇന്നലെ വരെ സാരി ധരിച്ചിരുന്നവൾ ഇന്ന് ചുരിദാരിട്ടാൻ മറ്റുളളവർ എന്തിന് അസ്വസ്ഥമാകണം ...
  ഇന്നലെ ചുരിദാറിനോടൊപ്പം ഷാളുമുണ്ടായിരുന്നു. ഇന്നത് പലരും ഉപയോഗിയ്ക്കാറില്ലാത്തതിന് മറ്റുളളവർ എന്തിന് അസ്വസ്ഥമാകണം ...?

  ReplyDelete
 7. ചിലർ ആഗ്രഹിക്കുന്നത് പോലെ മുസ്ലീം സമൂഹത്തെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നു എന്നതാണ് ഈ വേഷം അവരോട് ചെയ്യുന്ന ദ്രോഹം .ഗുണം അത് എളുപ്പമാണ് എന്നതാണ്

  ReplyDelete
 8. ഒന്നാമത്തെ കാര്യം, പർദ ധരിക്കുമ്പോൾ, ഒരുങ്ങാൻ അധികം സമയം വേണ്ട, സാധാരണമാക്സിയോ വീട്ടിൽ ധരിക്കുന്ന വസ്ത്രമോ ആയാലും അതിന്റെ മുകളിൽ ധരിച്ച്, എവിടെയും പോകാം എന്നതാണ് പർദയുടെ പ്രചാരത്തിനു കാരണം. (സ്ത്രീകൾക്കിടയിൽ)

  രണ്ട്, ഇസ്ലാമികകൾച്ചർ എന്നാൽ അറേബ്യൻ കൾച്ചർ ആണെന്ന ഒരു ബോധം, മുസ്ലിംകൾക്കിടയിലും പൊതുസമൂഹത്തിനിടയിലും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് പർദ ധരിക്കുന്നത് ഇസ്ലാം മതത്തിൽ എന്തോ പുണ്യമുള്ള കാര്യമാണെന്ന ധാരണ മുസ്ലിംകൾക്കിടയിലുണ്ട്, അതുപോലെ അത് മതതീവ്രവാദം ശക്തിപ്പെടുന്നതിന്റെ പ്രത്യക്ഷഅടയാളമായി പൊതുസമൂഹം ഭയക്കുന്നു. (രണ്ടും അടിസ്ഥാനമില്ലാത്തതാണ്. ചുരിദാറിനുള്ളതിനേക്കാൾ എന്തെങ്കിലും മേന്മ ഇസ്ലാമിൽ പർദക്കില്ല. ഇസ്ലാം എന്നത് ഒരു അറേബ്യൻ മതമല്ല, എല്ലാ നാടുകളുടേയും സാംസ്കാരികവൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ചില ഉൽപതിഷ്ണുക്കൾ മതശുദ്ധീകരണമെന്ന പേരിൽ, വിവിധ നാടുകളിലെ സാംസ്കാരികവൈവിധ്യങ്ങൾ തച്ചുടച്ച് ഏകശിലാത്മകമായ അറേബ്യൻ കൾച്ചർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നത് ഒരു വസ്തുതയാണ്)

  മൂന്ന്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ പെൺകുട്ടികൾക്കിടയിൽ പർദക്ക് തീരെ പ്രചാരമില്ല. വിപണിയിലറങ്ങുന്ന ഏറ്റവും പുതിയ ഫാഷനുകൾ വരെ, ഫുൾ സ്ലീവ് ആക്കി (മതനിയമപ്രകാരം കൈത്തണ്ട വരെ മറക്കെണം) ഉപയോഗിക്കുന്നവരാണ് മലബാർ ഭാഗത്തെ ഭൂരിഭാഗം പെൺകുട്ടികളും.

  പർദ ഉപയോഗിക്കാൻ തുടങ്ങുന്നത് കല്യാണം കഴിഞ്ഞ് രണ്ടും മൂന്നും കുട്ടികളൊക്കെയായ ശേഷമാണ്. എന്നാൽ, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ജീവിച്ച അനുഭവം വെച്ച്, ചെറുപ്പക്കാരികളായ പെൺകുട്ടികൾ വരെ മുഖം മറക്കുന്ന പർദയടക്കം ധരിക്കുന്നു.

  മുസ്ലിംകൾ ന്യൂനപക്ഷമായ പ്രദേശങ്ങളിൽ അവർ വ്യതിരിക്തമായ ഐഡന്റിറ്റി കാത്തു സൂക്ഷിക്കാനുള്ള പ്രവണത കാണിക്കുന്നുണ്ടോ എന്ന് അനുമാനിക്കാവുന്നതാണ്.

  ReplyDelete