Monday, February 11, 2019

സ്ത്രീലോകം

സ്ത്രീലോകം 
-------------------------
സ്ത്രീയുടെ സ്വാർത്ഥത അവളുടെ മാതൃത്വത്തിൽ നിന്നാണ് പിറവി കൊണ്ടതെന്ന് കരുതുന്നു.
കുഞ്ഞിന്റെയും അടുത്ത തലമുറയുടേയും നിലനില്പിന് അമ്മ ആവശ്യമാണെന്ന ബോധ്യമായിരിക്കണം സ്ത്രീയെ സ്വാർത്ഥയാക്കിയത്. എന്നാൽ, അതേ മാതൃത്വം തന്നെയാണ് അവൾക്ക് അളവറ്റ ഉദാരത സമ്മാനിക്കുന്നതെന്നും കാണാം.
ഒരേ സമയം രണ്ട് ധ്രുവങ്ങളിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ വൈരുദ്ധ്യങ്ങളാണ് സ്ത്രീയെ ഒരു പ്രഹേളികയായി തീർക്കുന്നത്.
പ്രതികാരം കൊണ്ടല്ലാതെ തന്നിൽ നിന്ന് മുറിവേറ്റ ഒരാളോട് അടുത്ത നിമിഷം മുതൽ അവളിൽ സഹാനുഭൂതി പെരുകാൻ തുടങ്ങും ; അത് അയാളുടേ സ്വാർത്ഥതയിൽ നിന്ന് രൂപമെടുത്ത ഒരു നീക്കം കൊണ്ടാണെന്ന് തിരിച്ചറിഞ്ഞാൽ പോലും.
അതുകൊണ്ട് സ്ത്രീയെ കൈയ്യിലെടുക്കാനാഗ്രഹിക്കുന്ന കൗശലക്കാരനായ ഒരു പുരുഷൻ ഈ തന്ത്രമാണ് അവളോട് പയറ്റുക. സൗന്ദര്യമോ പണമോ അധികാരമോ ഒന്നുമല്ല അവളുടെ മനസ്സ് കീഴടക്കുകയെന്ന് അയാൾക്കറിയാം.
കുഞ്ഞുങ്ങളുടെ ദീർഘകാലത്തെ സംരക്ഷണച്ചുമതല മനുഷ്യസ്ത്രീയിൽ പെരുപ്പിച്ചെടുത്ത മറ്റൊരു സവിശേഷതയാണ് അവളുടെ നിരീക്ഷണപാടവം. നിരന്തരമായ നിരീക്ഷണപരീക്ഷണങ്ങളിലൂടെയാണല്ലോ കുഞ്ഞിന്റെ ( തന്റെയും ) ശത്രുമിത്രാദികളെ തിരിച്ചറിയാനാവുക. പുരുഷന്റേതിനേക്കാൾ പതിന്മടങ്ങ് ശക്തവും ജാഗ്രത്തുമായ നിരീക്ഷണബുദ്ധി അങ്ങനെയായിരിക്കണം അവളിൽ രൂപപ്പെട്ടിരിക്കുക.പുരുഷൻ മനസ്സിൽ കാണുമ്പോഴേക്കും സ്ത്രീക്ക് മരത്തിൽ കാണാനാവുന്നത് അതുകൊണ്ടാണ്.
വിശ്വാസ്യത ആർജ്ജിച്ചു കഴിഞ്ഞാൽ നിരീക്ഷണവും സംശയബുദ്ധിയും ദുർബലമാകുമെന്ന യാഥാർത്ഥ്യമാണ് കൗശലക്കാരനായ പുരുഷന്റെ രണ്ടാമത്തെ മന്ത്രം. അതിനു വേണ്ടി സമയവും സന്ദർഭങ്ങളുമൊരുക്കി അയാൾ തന്ത്രപൂർവ്വം കാത്തിരിക്കുക തന്നെ ചെയ്യും.
ഏറ്റവും സുരക്ഷിതമായി ജീവിക്കുമ്പോഴും തന്റെ ആരോഗ്യവും ബുദ്ധിയുമുപയോഗിച്ച് പ്രതിബന്ധങ്ങളെ തൂത്തെറിഞ്ഞും ഇഷ്ടങ്ങളെ കൂടുതലായി കീഴ്പ്പെടുത്തിക്കൊണ്ടും തന്റെ യാഗാശ്വത്തെ പായിച്ചു കൊണ്ടിരിക്കാൻ മനുഷ്യന്റെ ബുദ്ധി അവനെ ഉപദേശിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിമതിയായ സ്ത്രീക്കും ആ 'ഉപദേശി'യിൽ നിന്ന് അകന്നു നിൽകാനാവില്ല. അപകടകരമായ ഒരു നീക്കം നടത്തുമ്പോൾ, തന്റെ സകലബുദ്ധിയുമുപയോഗിച്ച് നേട്ടകോട്ട വിശകലനങ്ങൾ പലവട്ടം നടത്തിയതിനു ശേഷമേ അവളതിന് തയ്യാറാവുകയുള്ളൂ. പക്ഷേ പുരുഷനെ അപേക്ഷിച്ച് ശുഷ്ക്കമായ ലോകപരിചയവും അതിലുപരി അവനിൽ സമർപ്പിക്കപ്പെട്ട തെറ്റായ വിശ്വാസവും അവളെ അപകടത്തിൽപ്പെടുത്തിയേക്കാം.
വഞ്ചിക്കപ്പെട്ടതിന്റെ ആഘാതം മറികടന്നാൽ, കൂടുതൽ ജാഗ്രതയോടെ ജീവിക്കാനും പ്രതികാരം ചെയ്യാനും തന്നെയായിരിക്കും അവൾ ആഗ്രഹിക്കുക. മാതൃത്വം കനിഞ്ഞനുഗ്രഹിച്ച വരങ്ങളിലൊന്ന് - ഉദാരത കുടഞ്ഞെറിഞ്ഞ് സകലായുധ പാണിയായി അവൾ പ്രതികാരയുദ്ധം തുടങ്ങിയാൽ പുരുഷനോ അവന്റെ കൗശലമോ നിലം തൊടില്ലെന്നതു കൊണ്ടു തന്നെയാവണം 'പെണ്ണൊരുമ്പെട്ടാൽ' എന്ന് പുരുഷലോകം സ്വയം പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്നതും.
---------------------
( ഒരു പുരുഷന്റെ കാഴ്ച്ചയുടെ പോരായ്മകൾ ഉണ്ടാവും. ചൂണ്ടിക്കാട്ടുക )
@ Viddiman

No comments:

Post a Comment