ജാതകവശാൽ, യുക്തിവാദി !
കൊറോണക്കാലത്തിനു മുമ്പു നടന്ന കഥയാണ്. തിരക്കൊഴിഞ്ഞ ബോഗി. നിങ്ങൾക്കെതിരെ ഇരിക്കുന്നത് സന്യാസപരിവേഷമുള്ള ഒരാളാണ്- കാഷായവേഷം, രുദ്രാഷമാല,. വലിയ ചന്ദനപ്പൊട്ട്, നീണ്ട് വെളുത്ത താടി. ശാന്തഗഭീരനായി കണ്ണടച്ച് ഇരിക്കുന്നു. അടുത്ത സ്റ്റേഷനിൽ നിങ്ങൾക്കിറങ്ങണം. അതിന്റെ തയ്യാറെടുപ്പിലാണ് നിങ്ങൾ. അഞ്ച് മിനിറ്റിനകം എത്തുമെന്ന് സ്റ്റേഷനിൽ കാത്തു നിൽക്കുന്ന ജീവിതപങ്കാളിയെ വിളിച്ചറിയിക്കുകയും ചെയ്തു. “വിവാഹം കഴിഞ്ഞ് അധികമായില്ല അല്ലേ ?” എതിരെയിരുന്ന സന്യാസി കൺ തുറന്നു കൊണ്ടു ചോദിച്ചു. മുഖത്ത് ശാന്തമായ പുഞ്ചിരി. “അതേ” പങ്കാളിയോട് കാര്യമാത്രപ്രസക്തമായി പറഞ്ഞതിൽ നിന്ന് ഇയാൾ ഇതെങ്ങനെ പിടിച്ചെടുത്തു എന്ന സങ്കോചത്തോടെയും പാതി അത്ഭുതത്തോടെയും നിങ്ങൾ മറുപടി പറഞ്ഞു. അയാൾ സൂക്ഷ്മമായി നിങ്ങളെ നോക്കുന്നു. “ സൂക്ഷിക്കണം. കുട്ടിക്ക് ദോഷങ്ങൾ ഏറിയിരിക്കുന്ന സമയമാണ്. “ അയാളുടെ മുഖത്ത് പുഞ്ചിരിക്കു പകരം കരുണാഭാവം. “ ആ വലതുകൈ ഒന്നു തരൂ..പേടിക്കേണ്ട..ഒന്നു മന്ത്രിക്കാനാണ്..” സങ്കോചവും അത്ഭുതവുമെല്ലാം പെരുകിയെങ്കിലും നിങ്ങൾ സംശയത്തോടെ കൈ നീട്ടുന്നു. പറഞ്ഞതു പോലെ, നിങ്ങളുടെ കൈപ്പത്തി തന്റെ രണ്ടു കൈകൾക്കുള്ളിൽ ചേർത്തു പിടിച്ച് അയാൾ കണ്ണടച്ച് എന്തൊക്കെയോ ഉരുവിട്ടു. “ഒരു വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അല്ലേ ?” അത്ഭുതം കൊണ്ട് നിങ്ങളുടെ വാ തുറന്നു പോയി.. “ അതേ.. ഹൈവേയിൽ വച്ച് ബൈക്കൊന്നു തട്ടി. കണ്ടെയ്നർ ലോറിയായിരുന്നു. വണ്ടിക്കടിയിൽ പോവേണ്ടതായിരുന്നു. അവരു പെട്ടന്ന് നിർത്തിയതുകൊണ്ട് ചെറിയ പോറലും ഉളുക്കുമൊക്കെയേ പറ്റിയുള്ളൂ. “ ഒന്നു മൂളിയ ശേഷം അയാൾ കണ്ണടച്ച് ഒന്നുകൂടി മന്ത്രങ്ങൾ ഉരുവിട്ടു. പിന്നെ നിങ്ങളുടെ കൈവിട്ട് തന്റെ സഞ്ചിയിൽ നിന്ന് എന്തൊക്കെയോ തിരയാൻ തുടങ്ങി. നിങ്ങൾ അതേ അമ്പരപ്പോടെ നിൽക്കുകയാണ്. വണ്ടി സ്റ്റേഷൻ അടുത്തു തുടങ്ങി. “ അതുകൊണ്ട് തീർന്നില്ല കുട്ടീ. ദശാസന്ധിയാണ്...” അയാൾ തിരച്ചിൽ തുടരുന്നതിനിടയിൽ പറഞ്ഞു., “ ദൈവചിന്ത ശ്വാസം പോലെ കൂടെ വേണ്ട സമയമാണ്.” അയാൾ ഒരു ചെറിയ ഡപ്പിയെടുത്തു തുറന്നു. ആലില പോലെയുള്ള ഒരു ചെറിയ ലോക്കറ്റ് എടുത്തു നീട്ടി “ ഇത് മാലയിലോ പറ്റില്ലെങ്കിൽ പേഴ്സിലോ ധരിക്കുക. എല്ലാ ശായറാഴ്ച്ചയും അടുത്ത ശിവക്ഷേത്രത്തിൽ ശത്രുസംഹാരപൂജ കഴിക്കുക. ഇതൊക്കെ ഒരു നിമിത്തമായി കണ്ടാൽ മതി. മംഗളം ഭവന്തു .നമശ്ശിവായ.. ഇറങ്ങിക്കോളൂ..” അയാൾ കൈകൂപ്പി തൊഴുതു കൊണ്ടു ധ്യാനനിമഗ്നനായി. വണ്ടി നിന്നു. നിങ്ങൾക്കു മുമ്പിൽ പല ഓപ്ഷനുകൾ ഉണ്ട്. 1. അയാൾ പറഞ്ഞത് എല്ലാം വിശ്വസിച്ച് എല്ലാം അനുസരിക്കുക. 2. അയാളെ പൂർണ്ണമായും വിശ്വാസമായില്ലെങ്കിലും പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടാവും എന്ന് വിശ്വസിച്ച് എല്ലാം അനുസരിക്കുക. 3. അയാൾ പറഞ്ഞതിൽ വിശ്വാസമില്ലെങ്കിലും പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടായേക്കും എന്ന് വിശ്വസിച്ച് ഭാഗീകമായി അനുസരിക്കുക. 4. അയാൾ പറഞ്ഞതിൽ എന്തൊക്കെയോ സത്യമുണ്ടാവും എന്ന് വിശ്വസിച്ച് അത് പരിശോധിച്ച് ബോധ്യപ്പെടാനായി ജ്യോത്സനെ കാണുകയും അയാളുടെ നിർദ്ദേശപ്രകാരം തീരുമാനമെടുക്കുകയും ചെയ്യുക. 5. അയാൾ പറഞ്ഞതിലോ ജ്യോതിഷത്തിലോ വിശ്വാസമില്ലെങ്കിലും അയാളുടെ വിശ്വാസത്തെ മാനിക്കാം എന്നു കരുതി ലോക്കറ്റുമായി പുറത്തേക്കിറങ്ങി അത് ചവറ്റുക്കുട്ടയിലിടുക. 6. “ ഓ എനിക്കിതിലൊന്നും വിശ്വാസമില്ല ” എന്നു പറഞ്ഞ് ആ ലോക്കറ്റും തിരിച്ചേല്പിച്ച് ഇറങ്ങിപ്പോരുക. ഏതാണ് നിങ്ങളുടെ ഓപ്ഷൻ ? വായന തുടരുന്നതിനു മുമ്പ് നിങ്ങളുടേത് ഏത് ഒപ്ഷനാണെന്ന് താഴെ കമന്റ് ചെയ്യാമോ ? ******** കൃത്യമായ പ്രവചനം മനുഷ്യർക്കിടയിൽ ഏറേ പ്രാധാന്യമുള്ള ഒന്നാണ്. പ്രവാചകനെ സംബന്ധിച്ച് അതയാളുടെ ധിഷണയുടെയും നൈപുണ്യത്തിൻടേയും പ്രദർശനമാകുമ്പോൾ, ശ്രോതാക്കളെ സംബന്ധിച്ച്, തങ്ങളുടെ ജീവിതത്തെയും ഭാവിയേയും സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന നിർണ്ണായകമായ അറിവുകൾ പ്രവചനത്തിലൂടെ ലഭിക്കുന്നു. കൃത്യമായ പ്രവചനം നടക്കുന്നവർക്ക് സമൂഹത്തിന്റെ സ്വീകാര്യതയ്ക്കും ബഹുമാനത്തിനും പുറമേ ധാരാളം പാരിതോഷികങ്ങളും ലഭിക്കാനുള്ള സാധ്യതകളുണ്ട്. ഏതു തരം പ്രവചനങ്ങളായാലും, പ്രവാചകരുടെ അറിവിനേയും കഴിവിനേയും മാനിച്ചു കൊണ്ട് തങ്ങൾക്ക് പ്രസ്തുത മേഖലയിൽ അറിവോ പരിമിതമായ അറിവോ മാത്രമുള്ളപ്പോൾ പോലും ശ്രോതാക്കൾ, പ്രവാചകരെ വിശ്വാസത്തിലെടുക്കുകയാണ് പതിവ്.എന്നാലോ, പ്രവചനത്തിന് ഇത്രയും നിർണ്ണായകസ്ഥാനമുള്ളതുകൊണ്ട്, പരസ്യപ്പെടുത്താൻ ധൈര്യപ്പെടാറില്ലെങ്കിലും ‘കൈയ്യിലുള്ളത്’ വച്ച് ഞാനും നിങ്ങളുമെല്ലാം പ്രവചനങ്ങൾ നടത്താനും കേൾക്കാനും ധൈര്യപ്പെടുകയും ചെയ്യും. പ്രവചനങ്ങളെ അതു നടത്തുന്ന രീതി വച്ച് മൂന്നായി തിരിക്കാം. 1. കൃത്യമായും സയൻസിന്റേയും സാങ്കേതീകവിദ്യയുടെയും സഹായത്തോടെ നടത്തുന്ന പ്രവചനങ്ങൾ. സർക്കാരുകളുടേയും മറ്റും കാലാവസ്ഥ പഠനകേന്ദ്രങ്ങൾ നൽകുന്ന പ്രവചനങ്ങൾ/മുന്നറിയിപ്പുകൾ ഇക്കൂട്ടത്തിൽ പെടുത്താം. 2. സയൻസും യുക്തിയും ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവചനങ്ങൾ : മദ്യപാനിയായ ഒരാളെ പരിശോധിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്ത ശേഷം, ഈ നില തുടരുകയാണെങ്കിൽ രോഗി ലിവർ സീറോസിസ് വന്നു മരിക്കും എന്ന് ഒരു ഡോക്ടർ നടത്തുന്ന പ്രവചനത്തെ/മുന്നറിയിപ്പിനെ ഇക്കൂട്ടത്തിൽ പെടുത്താം. ഈ രണ്ടു തരം പ്രവചനങ്ങളിലും സയസിന്റേയും സാങ്കേതീകവിദ്യ പുരോഗമിക്കുന്തോറും പ്രവചനത്തിന്റെ കൃത്യതയും ഏറി വരും. അതേ സമയം, സയൻസിന്റെ രീതി ഉപയോഗപ്പെടുത്താനാവാത്ത മേഖലകളിൽ പ്രവചനം നടത്താൻ ഈ രീതി കൊണ്ട് സാധിക്കുകയുമില്ല. അതുകൊണ്ടാണ് ഒരു മനുഷ്യന് എന്നു ജോലി കിട്ടും, എത്ര വിഭ്യാഭ്യാസം നേടും, ദാമ്പത്യജീവിതം വിജയമായിരിക്കുമോ, എന്നു മരിക്കും എന്നൊന്നും പ്രവചിക്കാൻ സയൻസിന് സാധിക്കാത്തതും. എത്ര പ്രഗത്ഭനായ ശാസ്ത്രജ്ഞനായാലും, ഇതെല്ലാമറിയാൻ എത്ര മാത്രം ഔത്സുക്യം ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങളൊക്കെ അയാൾക്ക് അജ്ഞാതമായി തന്നെ തുടരും. തന്റെ മേഖലയിലൊഴിച്ച് സയൻസിന്റെ രീതി പിന്തുടരണമെന്ന് നിർബന്ധമില്ലാത്തയാളാണെങ്കിൽ, അശാസ്ത്രീയമായ രീതികളും വിശ്വാസവും ഭാവി അറിയാൻ ആ ശാസ്ത്രജ്ഞൻ ഉപയോഗപ്പെടുത്തിയെന്നും വരാം. 3. മൂന്നാമത്തെ വിഭാഗത്തിൽ സയൻസിന്റെ രീതി വഴി ശേഖരിക്കുന്ന വിവരങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമോ ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്യും. അധികവും പ്രവചനം നടത്തുന്നയാളുടെ വ്യക്തിപരമായ ധാരണ/വിശ്വാസങ്ങളും നീരീക്ഷണങ്ങളുമായിരിക്കും. ഇത്തരം വിശ്വാസങ്ങളും ധാരണകളുമെല്ലാം സയൻസിന്റെ രീതി പിന്തുടരാത്തവയോ സ്യൂഡോസയൻസ് തന്നെയോ ആയിരിക്കും. ജ്യോതിഷം, ഹസ്തരേഖ, ഗൗളിശാസ്ത്രം, കോടങ്കിശാസ്ത്രം തുടങ്ങി കേരളത്തിൽ തന്നെ ഇതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. ( അവസാനമുള്ള ‘ശാസ്ത്രം’ കണ്ട് സംശയം തോന്നരുത്. ശാസ്ത്രവും സയൻസും തമ്മിലുള്ള ബന്ധം ഇവിടെ വായിക്കാം >> ശാസ്ത്രവും സയൻസും ) പൗരാണികമായ ചില ഗ്രന്ഥങ്ങളിലെ വിവരങ്ങളോ പാരമ്പര്യമായി തങ്ങൾക്കു കിട്ടുന്ന വായ്മൊഴികളോ ആധാരമായി സ്വീകരിക്കുകയാണ് ഇക്കൂട്ടത്തിലെ പ്രവാചകർ ചെയ്യുക. ജീവിതപരിസരത്തിനനുസരിച്ച് കാലികമായ മാറ്റങ്ങൾ വരുത്താനുള്ള ‘ബുദ്ധി’ ഈ പ്രവാചകരെല്ലാം കാണിക്കാറുണ്ടെങ്കിലും ആ പ്രവചനങ്ങളിലെ ‘കൃത്യത’ എല്ലാക്കാലത്തും ഒരുപോലെയായിരിക്കും. വിശ്വാസ്യതയെ കുറിച്ച് സംശയമുണ്ടായിട്ടും വിവരവും വിദ്യാഭ്യാസവുമുള്ള മനുഷ്യർ എന്തുകൊണ്ട് ഇത്തരത്തിലുള്ള പ്രവചനങ്ങൾ നടത്താനും കേൾക്കാനും ഇഷ്ടപ്പെടുന്നു എന്നതിന് രണ്ട് മനശാസ്ത്രപരമായ കാരണങ്ങളുണ്ട്. ഒന്നാമത്തേത് ഒപ്റ്റിമിസം ബയാസ് ( Optimism Bias), അൺറിയലിസ്റ്റിക് ഒപ്റ്റിമിസം ( Unrealistic Optimism) എന്നൊക്കെ പറയുന്ന മനശാസ്ത്ര സവിശേഷതയാണ്. യാഥാർത്ഥ്യബോധമില്ലാത്ത ശുഭാപ്തിവിശ്വാസം എന്ന് മലയാളത്തിൽ പറയാം.( ഇതിന്റെ വിപരീതമായ പെസിമിസം ബയാസും ഉണ്ട് ) അവനവന് എപ്പോഴും ശുഭകരമായ ( പോസറ്റീവ്) കാര്യങ്ങളേ സംഭവിക്കൂ എന്നും അശുഭകരമായ ( നെഗറ്റീവ്) കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യത കുറവാണ് എന്നും കരുതുന്നതിനെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. എലികളും പക്ഷികളും പോലുള്ള ജീവികളിൽ പോലും ഈ സവിശേഷത പ്രകടമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഉദാഹരണത്തിന്, ഇതിനകം നമുക്ക് പരിചിതമായ കോവിഡ് 19 മഹാവ്യാധി തന്നെയെടുക്കുക. സമൂഹത്തിൽ ഭൂരിഭാഗം പേരിലേക്കും പടർന്ന് പിടിക്കാനിടയുള്ള ഒരു രോഗമാണെന്ന് അറിയുമ്പോഴും, നാം ഓരോരുത്തരും കരുതുന്നത് ആ സമൂഹത്തിലെ ഭൂരിഭാഗം പേരിൽ ഞാനൊഴികെ ഭൂരിഭാഗം പേർക്കായിരിക്കും രോഗം വരിക എന്നായിരിക്കും. ഇനി രോഗം വന്നുവെന്ന് തന്നെ കരുതുക. രോഗബാധിതരിൽ 20 % പേർക്ക് ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് കേൾക്കുമ്പോഴും രോഗബാധിതരായ ഓരോരുത്തരും കരുതുക, താനൊഴികെയുള്ള 20 % പേർക്കായിരിക്കും അത് സംഭവിക്കുക എന്നാണ്. ഭാവിയെ കുറിച്ച് കൃത്യമായ അറിവില്ലാത്ത മിക്കവാറും എല്ലാ കാര്യങ്ങളിലും പൊതുവേ മനുഷ്യർ ഈ ഒപ്റ്റിമിസം ബയാസ് പുലർത്തുന്നുണ്ട്. ജീവിതത്തിൽ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ ബയാസ് പ്രേരണയും പ്രതീക്ഷയും നൽകുന്നു എന്ന് പറയാമെങ്കിലും എല്ലായ്പ്പോഴും അത് വ്യക്തിക്ക്/സമൂഹത്തിന് ഗുണകരമാണെന്ന് പറയാൻ കഴിയില്ല. താൻ പോലീസിനാൽ പിടിക്കപ്പെടില്ലെന്ന് കുറ്റവാളി പുലർത്തുന്ന ശുഭപ്രതീക്ഷയും എത്ര മദ്യം കഴിച്ചാലും തന്റെ കരളിന് ഒരു പ്രശ്നവുമുണ്ടാകില്ല എന്ന മദ്യപാനിയുടെ ശുഭപ്രതീക്ഷയും ഗുണകരമാണെന്ന് പറയാൻ കഴിയില്ലല്ലോ. ഒപ്റ്റിമിസം ബയാസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം >> Optimism Bias എന്നാൽ, ഇങ്ങനെ ശുഭപ്രതീക്ഷ പുലർത്തുന്ന നല്ലൊരു ശതമാനം പേർക്കും, തങ്ങൾ യാഥാർത്ഥ്യബോധം മാറ്റി വെച്ചാണ് അത് സ്വീകരിക്കുന്നത് എന്നത് ഉള്ളിലോർമ്മയുണ്ടാവും എന്നുള്ളിടത്താണ് മൂന്നാമതു പറഞ്ഞ തരത്തിലുള്ള അശാസ്ത്രീയ പ്രവചനങ്ങൾക്കും വിശ്വാസങ്ങൾക്കുമെല്ലാം നിലനില്പുണ്ടാവുന്നത്. സാമ്പ്രദായിക രീതിയിലുള്ള ഒരു വിവാഹം തന്നെയെടുക്കുക. ജീവിതപങ്കാളിയായ വ്യക്തിയേയും കുടുംബപശ്ചാതലത്തേയും കുറിച്ച് വളരെ പരിമിതമായ വിവരങ്ങളേ ഒരാൾക്ക് ലഭ്യമായിരിക്കുകയുള്ളൂ. തന്റെ വൈവാഹികജീവിതം വിജയകരമായിരിക്കുമോ, കുട്ടികളുണ്ടാവുമോ എന്നൊന്നും ഒരു ഉറപ്പുമില്ല. സ്വാഭാവീകമായും തന്റെ ജീവിതപങ്കാളി സൽസ്വഭാവിയും സ്നേഹനിധിയും ആയിരിക്കുമെന്നും ഏന്തിനും സഹായത്തിനുള്ള വീട്ടുകാർ ആയിരിക്കുമെന്നും തന്റെ താല്പര്യത്തിനനുസരിച്ച് കുട്ടികളുണ്ടാകുമെന്നുമെല്ലാം ഒപ്റ്റിമിസം ബയാസ് സ്വീകരിക്കപ്പെടും. എന്നാൽ, വിവാഹമോചിതരും ജീവിതപങ്കാളി അകാലത്തിൽ മരിച്ചു പോകുന്നവരും അന്യപതദു:ഖം അനുഭവിക്കുന്നവരുമെല്ലാം ധാരാളം ഉണ്ട് എന്ന യാഥാർത്ഥ്യബോധത്തെ മറി കടക്കാൻ ജാതകപ്പൊരുത്തം എന്ന അശാസ്ത്രീയ പ്രവചനത്തെ ആശ്രയിച്ചാലോ, ആദ്യത്തെ ശുഭപ്രതീക്ഷയ്ക്ക് കരുത്തും ഉറപ്പും ലഭിക്കുകയായി. വിവാഹത്തിനു ശേഷം എതെങ്കിലും ദുരന്തങ്ങൾ സംഭവിച്ചാലോ, അത് പത്തിൽ ഒക്കാത്ത പൊരുത്തം മൂലമാണെന്നോ മറ്റ് കുടുംബാംഗങ്ങളുടെ/കുട്ടികളുടെ ‘ദോഷ’മാണെന്നോ മറ്റോ പറഞ്ഞ് ഒഴിവാകുകയുമാകാം. ശുഭപ്രതീക്ഷയ്ക്ക് ആധാരമായ യാഥാർത്ഥ്യബോധമില്ലായ്ക്ക് കൂടുതൽ ആയുസ്സ് നൽകി കൊണ്ട്, ജാതകപ്പൊരുത്തമുള്ള മറ്റൊരു ബന്ധം തേടാം. അൺറിയലിസ്റ്റിക് ഒപ്റ്റിമിസത്തെ ( പെസിമിസത്തെയും) ശക്തിപ്പെടുത്തി കൂടെ നിർത്താൻ അൺസയ്ന്റിഫിക് പ്രെഡിക്ഷൻ/ബിലീഫ് !! ഇനി രണ്ടാമത്തെ മനശാസ്ത്രസവിശേഷതയിലേക്ക് വരാം. ബാർനം പ്രഭാവം ( Barnum Effect ), ഫോറർ പ്രഭാവം (Forer effect) എന്നെല്ലാം ഇതറിയപ്പെടുന്നു. എല്ലാവർക്കും അനുയോജ്യമായ ചില പൊതു സവിശേഷതകൾ, തന്നോടു മാത്രമായി പറയപ്പെടുമ്പോൾ, അത് തനിക്ക് മാത്രമുള്ള സവിശേഷതകളാണ് എന്ന് കരുതി ഒരു വ്യക്തി സ്വീകരിക്കുന്നതിനേയാണ് ബാർനം പ്രഭാവം എന്നു പറയുന്നത്. ജാലവിദ്യക്കാർ, കൈനോട്ടക്കാർ, ജോതിഷികൾ തുടങ്ങിയവരൊക്കെ ബാർനം പ്രഭാവം ഉപയോഗപ്പെടുത്തുകയും കേൾക്കുന്ന വ്യക്തികൾ അത് കൃത്യമായും തങ്ങളെ കുറിച്ച് മാത്രമാണെന്നു കരുതി അത്ഭുതപരതന്ത്രരാകുകയും ചെയ്യും. പൊതുവേ പോസറ്റീവ് ആയ പ്രസ്താവനകളേ/പ്രവചങ്ങളേ നടത്താറുള്ളൂ എങ്കിലും തന്ത്രശാലികൾ നെഗറ്റീവ് ആയ പ്രസ്താവനകൾക്കൊപ്പം പോസറ്റീവ് ആയവ കൂടി ഉൾപ്പെടുത്തി അതിനെ തുലനം ചെയ്യുക കൂടി ചെയ്തിട്ടുണ്ടാവും. ബാർനം പ്രഭാവത്തിനു കീഴിൽ വരുന്ന ചില ‘പ്രവചനങ്ങൾ’ നോക്കുക. >> എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടണമെന്നും ബഹുമാനിക്കണമെന്നും ആഗ്രഹമുള്ള ഒരാളാണ് നിങ്ങൾ. >> നിങ്ങൾ മറ്റുള്ളവരെക്കാൾ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്നതിൽ അഭിമാനിക്കുന്ന ഒരാളാണ്. >> നിങ്ങൾക്ക് ചില ബലഹീനതകളുണ്ടെങ്കിലും, അവയെ മറികടന്ന് മികച്ച വ്യക്തിയാകാൻ നിങ്ങൾ കഠിനമായി ശ്രമിക്കുന്നു. ഇത്തരത്തിൽ നിങ്ങളെ കുറിച്ച് അനേകം പ്രവചനങ്ങൾ ബുദ്ധിയുള്ള ആർക്കും എഴുതാൻ സാധിക്കും. നിങ്ങളോട് മാത്രമായി പറയുമ്പോൾ, ഇത് എന്നെ കുറിച്ചുള്ള ഒരു കൃത്യമായ ചിത്രമാണല്ലോ എന്ന് അത്ഭുതമുണ്ടാവുകയും ചെയ്യും. ജോതിഷത്തിലും മറ്റും ബാർനം പ്രഭാവം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നതെന്നും സ്വീകരിക്കപ്പെടുന്നതെന്നും കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം >> Barnum Effect ഒരു ഫേസ് ബുക്ക് സുഹൃത്ത്, തനിക്കും തനിക്ക് നേരിട്ടറിയാവുന്ന ചില വ്യക്തികൾക്കും ജാതകവശാൽ എന്തുകൊണ്ട് എഞ്ചിനീയറിങ്ങിനോട് ആഭിമുഖ്യമുണ്ടായി എന്ന് പരിശോധിച്ചുകൊണ്ടെഴുതിയ പോസ്റ്റ് ഈയിടെ വായിക്കുകയുണ്ടായി. ഇവിടെ ഈ പറഞ്ഞ കാര്യങ്ങൾ എങ്ങനെ ശരിയാവുന്നു എന്നു നോക്കാം. തനിക്ക് കൃത്യമായി പരിശോധിച്ച് അറിയാവുന്ന, താൻ കൃത്യമാണെന്ന് കരുതുന്ന കാരണങ്ങളാൽ മാത്രമാണ് എല്ലാവർക്കും എഞ്ചിനീയറിങ്ങ് ആഭിമുഖ്യം ഉണ്ടായത് എന്ന ഒപ്റ്റിമിസം ബയാസ് (- തനിക്ക് അറിയാവുന്ന) ആദ്യം രൂപപ്പെടുന്നു. ആ ഒപ്റ്റിമിസം ബയാസിനെ ശക്തിപ്പെടുത്താൻ, ‘ജാതകഫലം’ എന്ന അശാസ്ത്രീയതയെ കൂട്ടുപിടിക്കുന്നു. ഗ്രഹനിലയും എഞ്ചിനീയറിങ്ങ് ആഭിമുഖ്യവും ബന്ധപ്പെടുത്തുന്നതോടെ ബാർനം പ്രഭാവം പ്രാബല്യത്തിൽ വരുന്നു. നോക്കുക. ജാതകവശാൽ, നിങ്ങൾക്ക് എഞ്ചിനീയറിങ്ങ് ആഭിമുഖ്യമുണ്ട് എന്ന് ജ്യോതിഷവിശ്വാസിയായ നിങ്ങളോട് ജ്യോത്സ്യൻ പറഞ്ഞു എന്നു കരുതുക. എഞ്ചിനീയറിങ്ങ് ഒരിക്കൽ പോലും പഠിച്ചിട്ടില്ലെങ്കിൽ പോലും, മറ്റൊരു പ്രൊഫഷനാണ് നിങ്ങളുടേത് എങ്കിൽ പോലും നിങ്ങളുടെ എഞ്ചിനീയറിങ്ങ് ആഭിമുഖ്യത്തിന് നിങ്ങൾ ഉദാഹരണങ്ങൾ കണ്ടെത്തും. അത് ഒരു ബഹുനില കെട്ടിടമോ യന്ത്രമോ വാഹനമോ വൈദ്യുത ഉപകരണമോ അത്ഭുതത്തോടെ നോക്കി നിന്നതാവാം, കുട്ടിക്കാലത്ത് മച്ചിങ്ങവണ്ടിയോ കളിപ്പുരയോ ഉണ്ടാക്കിയതാവാം, ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നതാവാം. കേടായ ഏതെങ്കിലും ഉപകരണം റിപ്പയർ ചെയ്തതാവാം.. അങ്ങനെ എത്രയോ. ആകെ വേണ്ടത്, എഞ്ചിനീയറിങ്ങ് ആഭിമുഖ്യം എനിക്ക് കൃത്യമായി ശരിയാവുന്നുണ്ട് എന്ന് സ്വീകരിക്കാനുള്ള സന്നദ്ധത മാത്രം. ഈ സന്നദ്ധത രൂപപ്പെട്ടു കഴിഞ്ഞാൽ, ബുധനും വ്യാഴവും വിദ്യാഭ്യാസത്തിന്റെ കാരകഗ്രഹങ്ങളായും സൂര്യൻ, ചൊവ്വ, ശനി, രാഹു, കേതു എന്നിവ സാങ്കേതീക മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുമെന്നും ചൊവ്വയ്ക്ക് ചുവന്നനിറമുള്ളതിനാൽ അഗ്നിതത്വമാണെന്നും ആയതിനാൽ ഊര്ജ്ജത്തിന്റെ പ്രതീകമായി, പ്രായോഗിക കഴിവ്, സംഘാടനത്തിനുള്ള കാര്യക്ഷമത, യുക്തിപരമായ ചിന്താശേഷി, ഉപകരണങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നുവെന്നും അങ്ങനെ ഓരോന്നും പരിശോധിച്ച്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കെമിക്കൽ, തുടങ്ങിയ വിവിധങ്ങളായ എഞ്ചിനീയറിങ്ങ് മേഖലകളിലേക്ക് നിങ്ങളുടെ ‘ആഭിമുഖ്യം’ കൂടുതൽ ബന്ധപ്പെടുത്താമെന്നുമെല്ലാമുള്ള ‘കണ്ടെത്തലുകളും’ അത്ഭുതാദരങ്ങൾ ഉണ്ടാക്കും. ഇനി നിങ്ങൾ പ്രൊഫഷൻ കൊണ്ട് ഒരു ഡോക്ടറാണെന്നു തന്നെ കരുതൂ. ബുധനും വ്യാഴവും കൃത്യസ്ഥാനങ്ങളിൽ ഉള്ളതിനാൽ നിങ്ങൾക്ക് ‘ചികിത്സാവിദ്യ’യോട് ആഭിമുഖ്യം ഉണ്ടായതായും സൂര്യൻ, ചൊവ്വ, ശനി, രാഹു, കേതു എന്നിവ സാങ്കേതീക മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനാലാണ് നിങ്ങൾ സ്റ്റെതസ്ക്കോപ്പും ബി പി അപ്പാരറ്റസും തെർമോ മീറ്ററും കൃത്യമായും ഉപയോഗിക്കുന്നതെന്നും ചൊവ്വയുടെ ആഭിമുഖ്യത്താൽ (അഗ്നിതത്വം) ഓട്ടോക്ലേവ് ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതെന്നും ബന്ധപ്പെടുത്താം. വേണ്ടത് അതിനുള്ള സന്നദ്ധത മാത്രം. എന്നാലും ഇത്തരം പ്രവചനക്കാർ പറയുന്ന എല്ലാ കാര്യങ്ങളും ശരിയാവില്ലല്ലോ, ചിലതെല്ലാം തെറ്റുമായിരിക്കും എന്നു തോന്നുന്നുണ്ടോ ? അതെ. തെറ്റായ കാര്യങ്ങളും അവർ പറയാറുണ്ട്. പക്ഷേ– ഓർമ്മയുടെ തിരഞ്ഞെടുപ്പ് ( Selective memory, Confirmation Bias) എന്നൊക്കെ പറയാവുന്ന മനശാസ്ത്രപരമായ മറ്റൊരു സവിശേഷത ആ തെറ്റായ പ്രവചനങ്ങളേയും നിഗമനങ്ങളേയുമെല്ലാം മറക്കാൻ ഇരകളെ പ്രേരിപ്പിക്കും. പേരു പോലെ തന്നെ, നമുക്ക് ഓർത്ത് ശരി വെക്കാൻ നാം ഇഷ്ടപ്പെടുന്ന കാര്യങ്ങളെ ഓർമ്മ നമുക്ക് ആദ്യം കൊണ്ടു തരുന്നു എന്നു പറയാം. ചുരുക്കി പറഞ്ഞാൽ ഒപ്റ്റിമിസം ബയാസിന് പിന്തുണ വേണ്ടതുകൊണ്ട് അശാസ്ത്രീയ പ്രചനങ്ങളെ/വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നു, അങ്ങനെ കൂട്ടുപിടിക്കേണ്ടി വരുമ്പോൾ ബാർനം പ്രഭാവം പ്രവർത്തിക്കുന്നു. അതോടെ ഓർമ്മകൾ പോലും അത്തരത്തിൽ ബയാസ് ചെയ്യപ്പെടുന്നു !! മാനസീകമായി ദുർബലരായവർക്കോ ചിന്താശേഷിയില്ലാത്തവർക്കോ -അവരെ സ്വാധീനിക്കാൻ കഴിവുള്ള മറ്റ് വ്യക്തികളോ സാഹചര്യങ്ങളോ ഉണ്ടെങ്കിൽ ഒപ്റ്റിമിസം ബയാസ് പോലും ഇല്ലാതെ തന്നെ രണ്ടാമത്തേയും മൂന്നാമത്തെയും അവസ്ഥയിലേക്ക് അവരെത്തും, സ്വാധീനിക്കുന്നവർക്ക് കീഴ്പ്പെടും. വിശ്വാസമുണ്ടായിട്ടും എല്ലാവരും ഇത്തരം അവസ്ഥയിലേക്കെത്തുന്നില്ലല്ലോ എന്ന ചോദ്യമുണ്ടാവാം. ഈ രംഗത്തുള്ളവരുടേ ചൂഷണം തന്റെ ദേഹത്തോ സമ്പത്തിലോ ഒക്കെ വന്ന് തൊടുമ്പോൾ, ഒപ്റ്റിമിസം ബയാസ് നിലനിർത്താൻ ഇവരുടെ സഹായമില്ലെങ്കിലും സാദ്ധ്യമാവുമെന്ന തിരിച്ചറിവോ മറ്റു മാർഗ്ഗങ്ങളൊ ഇരയ്ക്ക് തുറന്നു കിട്ടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അപൂർവ്വം ചിലർ അപ്പോൾ മുതൽ യുക്തിയുടെ മാർഗ്ഗം ഉപയോഗിച്ചേക്കും. ആകാശത്തു കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം മനുഷ്യന്റെ മസ്തിഷ്ക്കത്തെയും ഭാവിയേയുമെല്ലാം സ്വാധീനിക്കാൻ ഒരു മാർഗ്ഗവുമില്ലല്ലോ എന്നെല്ലാം അപ്പോൾ സന്ദേഹമുയരും. ആ വലയിൽ നിന്ന് സ്വതന്ത്രമാകുന്തോറും പിന്നെയും നൂറു നൂറു ചോദ്യങ്ങളുയരും. അവർക്കും അതിനു മുമ്പേ തന്നെ വഴിമാറി നടന്നവർക്കും . അതിനു സഹായിക്കുന്ന ഒരു പുസ്തകമാണ് പ്രൊഫ. കെ പാപ്പുട്ടി എഴുതിയ ‘ജ്യോതിഷവും ജ്യോതിശാസ്ത്രവും’. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ ഈ പുസ്തകം ലഭിക്കും. മലയാളം വിക്കിഗ്രന്ഥശാലയിലും ഈ പുസ്തകം ലഭ്യമാണ് . ഇവിടെ വായിക്കാം >> ജ്യോതിഷവും ജ്യോതിശാസ്ത്രവും ഈ പുസ്തകം കൂടി വായിച്ച ശേഷം, താഴെ നിങ്ങളിട്ട അഭിപ്രായ കമന്റ് നമ്പറിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്നു കൂടി പറയണേ… @Viddiman #ScienceInAction #JoinScienceChain #സയൻസ് എഴുത്തിൽ കണ്ണി ചേരാം #luca #ലൂക്ക
No comments:
Post a Comment