Saturday, March 23, 2019

(അ)സർഫ് എക്സലിന്റെ പുതിയ പരസ്യങ്ങൾ

ഇന്ത്യയിൽ മുതലാളിത്തം മതവിശ്വാസത്തെ പെരുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന് നാം കാണാറുള്ളതാണ്. പലരും അതുപറഞ്ഞുകാണാറുമുണ്ട്.
വാസ്തവത്തിൽ മുതലാളിത്തത്തിന് മതത്തിനോടങ്ങനെ പ്രത്യേക പ്രതിപത്തിയൊക്കെയുണ്ടോ ?
ഇല്ലെന്നാണ് തോന്നിയിട്ടുള്ളത്.
മുതലാളിത്തത്തിന് എന്നും എവിടെയും ലാഭത്തോടാണ് പ്രതിപത്തി. മതം ഉപയോഗിച്ചാൽ ലാഭം ഉണ്ടാകുന്നിടത്ത് അവർ അതുപയോഗിക്കുന്നു. മതസഹിഷ്ണുത കച്ചവടം പെരുപ്പിക്കാൻ ഉപയോഗപ്പെടുമെങ്കിൽ അതുപയോഗിക്കും. മതമില്ലായ്മ കൊണ്ട് ലാഭമുള്ളിടത്ത് അതുപയോഗിക്കുന്നു. മതവിശ്വാസികൾ വളരെ കുറവുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ മുതലാളിത്തമോ കുത്തക മുതലാളിമാരോ ഇല്ലാതിരിക്കുന്നില്ലല്ലോ. മതം മാത്രമല്ല അവരുടെ കച്ചവട ഉപകരണം എന്ന് വ്യക്തം.
സർഫിന്റെ നിർമ്മാതാവും ആഗോളകുത്തകകമ്പനിയുമായ യൂണിലിവർ ഇത്രയും ഹൃദയസ്പർശിയായ മതസൗഹാർദ്ദപരസ്യങ്ങൾ ചെയ്യുമ്പോൾ അതിനു പിന്നിലും ജനങ്ങളേയും വിപണിയേയും ആഴത്തിൽ പഠിച്ചതിൽ നിന്ന് കണ്ടെത്തിയ വസ്തുതകളുണ്ടാവും. സാമൂഹ്യശാസ്ത്രവും വിപണനതന്ത്രങ്ങളുമെല്ലാം പഠിക്കുന്നവർ അതുകണ്ടെത്തട്ടെ.
അതെന്തായാലും ഈ പരസ്യങ്ങൾ ഹൃദയഹാരിയാണ്, മതകാലുഷ്യങ്ങൾ കുറയ്ക്കാൻ സഹായകമാണ്. പരസ്പരം കണ്ടാൽ മുഖം തിരിച്ച് പല്ലിറുമ്മുകയും വാളെടുക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങൾക്ക് ക്ഷാമമില്ലാത്ത നാട്ടിൽ
മനുഷ്യരുടേയും കുഞ്ഞുങ്ങളുടേയും സ്നേഹഗാഥകൾ പിറന്നു പരക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കേരളം മതസൗഹാർദ്ദത്തിൽ ഇന്ത്യയെക്കാൾ വളരെ മുമ്പിലാണെന്ന് നാം പറയാറുണ്ട്. അന്യദേശങ്ങളിൽ താമസിക്കുന്ന മലയാളികളും കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും പൊതുവെ അതു ശരി വച്ചു കാണാറുമുണ്ട്.
കേരളത്തിന്റെ മതസൗഹാർദ്ദ ജീവിതത്തിനു പുറകിൽ ബോധപൂർവ്വവും അബോധപൂർവ്വവുമായ ശ്രമങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട്.
ഏറ്റവും പ്രധാന കാരണമായി തോന്നിയത്, നാം ഇടകലർന്നു ജീവിക്കുന്നു എന്നുള്ളതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നഗരങ്ങളൊഴിച്ചാൽ ജാതി, മത വിഭാഗങ്ങൾ കൂട്ടമായി താമസിക്കുന്ന ചെറുഗ്രാമങ്ങളാണ് പൊതുവേ കാണുക. മലയാളികൾ ഇടകലർന്നു ജീവിക്കാൻ തുടങ്ങിയതിന് ഇവിടത്തെ വിഭ്യാഭ്യാസത്തിനു വലിയ പങ്കാണുള്ളത്. പ്രത്യേകിച്ചും ബ്രിട്ടീഷുകാരുടെ വരവോടേയും അതിനു മുമ്പുമായും മിഷിനറി പ്രവർത്തനങ്ങൾ ശക്തമായതും പള്ളിക്കൂടങ്ങളിൽ ജാതിമതഭേദമന്യേ വിഭ്യാഭ്യാസം നൽകിയതും അയിത്ത ചിന്തയില്ലാത്തതിനാൽ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്ക് നാനാവിധ ഹിന്ദുജാതി വിഭാഗങ്ങളെ അയല്പക്കങ്ങളിൽ സ്വീകരിക്കാൻ തടസ്സമില്ലാതിരുന്നതും ഇടകലർന്ന താമസത്തിന് അവസരമൊരുക്കി.
സവർണ്ണ ഹിന്ദുക്കളുടെ അവഹേളനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാവുന്ന അവർണ്ണഹിന്ദുക്കളെ സമാശ്വാസിപ്പിക്കാനും മനസ്സുകൊണ്ടെങ്കിലും ഒപ്പം നിൽക്കാനും ഈ അന്യമതവിഭാഗങ്ങൾ ഉണ്ടായിരുന്നത് അവർക്കിടയിലെ സ്നേഹബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ടാവണം. കുടികിടപ്പ് നിയമത്തോടെ ജന്മിമാരിൽ നിന്ന് ലഭിച്ച തുണ്ടുഭൂമികളിൽ ജീവിതമാരംഭിക്കുമ്പോഴുണ്ടായിരുന്ന ദാരിദ്ര്യാവസ്ഥ അവരിലെ പരസ്പരാശ്രിതത്വവും പങ്കുവെയ്ക്കൽ മനോഭാവവും വളർത്തി. പിടിയരിയോടും അറ്റകൈയ്ക്ക് പിഴുതെടുക്കുന്ന കപ്പയോടുമൊപ്പം അവർ തങ്ങളുടെ വിശ്വാസങ്ങളെയും ദൈവങ്ങളേയും കൂടി സമാശ്വാസത്തിനായി പങ്കു വെച്ചിട്ടുണ്ടാവണം. ദാരിദ്ര്യാവസ്ഥയിൽ ഇടകലർന്ന് ജീവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ അന്യമതദൈവങ്ങളോടും വിശ്വാസങ്ങളോടുമുള്ള താല്പര്യവും ആദരവും ഇന്നും പ്രകടമാണല്ലോ.
ഉള്ളതെല്ലാം നുള്ളിപ്പെറുക്കി കൂട്ടിവെച്ചതുപയോഗിച്ച് തങ്ങൾ പെരുന്നാളോ ഓണമോ ആഘോഷിക്കുമ്പോൾ അപ്പുറത്ത് തന്റെ അയൽക്കാർ പട്ടിണിയായിരിക്കും എന്ന തിരിച്ചറിവായിരിക്കണം, ആ ആഘോഷങ്ങളുടെ പകർച്ചകൾ ഭക്ഷ്യവിഭവങ്ങളുടെ രൂപത്തിൽ അയല്പക്കങ്ങളിലെത്തിക്കാൻ അന്നത്തെ മനുഷ്യരെ പ്രേരിപ്പിച്ചത്.
ഏകദേശം ഇതേ കാലത്തു തന്നെയാണ് മലയാളികളുടെ ഗൾഫ് പ്രവാസവും ആരംഭിക്കുന്നത്. ജീവിതം പച്ചപിടിച്ചു തുടങ്ങിയതോടെ, അയല്പക്കബന്ധങ്ങളിലൂടെയും വിദ്യാലയ സൗഹൃദങ്ങളിലൂടെയും ജാതി,മതഭേദമന്യേ രൂപപ്പെട്ട സുഹൃദ് സംഘങ്ങളെ
ഗൾഫിലെത്തിക്കാൻ ആദ്യകാലപ്രവാസമലയാളികൾ തയ്യാറായി. കുടുംബങ്ങളോടൊപ്പമല്ലാതെ വർഷങ്ങളോളം ഒരുമിച്ച് താമസിക്കേണ്ടി വന്ന ഈ സൗഹൃദസംഘങ്ങൾ മണലാരിണ്യങ്ങളിലും മതസൗഹാർദ്ദത്തിന്റെ വെളിച്ചം നിലനിർത്തി.
നവോത്ഥാന മുന്നേറ്റവും സ്വാതന്ത്ര്യസമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്നേറ്റവും ഇതിനനുയോജ്യമായ സാമൂഹ്യ,സാംസ്ക്കാരിക അന്തരീക്ഷം നിലനിർത്തുകയും ചെയ്തു.
നാമെല്ലാം അഭിമാനത്തോടെ പറയുന്ന കേരളത്തിന്റെ മതസൗഹാർദ്ദവും സഹിഷ്ണുതയും രൂപപ്പെട്ടത് ഇങ്ങനെയൊരു പശ്ചാതലത്തിലാണ്.
എന്നാൽ ഇതെല്ലാം ഇന്ന് പൊള്ളയായ ഒരു പുറന്തോട് മാത്രമാണെന്ന് നമുക്കറിയാം.
മതവിദ്യാഭ്യാസവും മതധാർമ്മികയും കൂടി പഠിപ്പിക്കാനുള്ള ( ?) ഉദ്ദേശത്തോടെ നമ്മിൽ മുസ്ലീങ്ങൾ മുസ്ലീങ്ങളുടെ സ്കൂളിലും ക്രിസ്ത്യാനികൾ ക്രിസ്താനികളുടെ സ്കൂളിലും ഹിന്ദുക്കൾ ഹിന്ദുമാനേജ്മെന്റ് സ്ക്കുളുകളിലുമാണല്ലോ ഇന്ന് കുട്ടികളെ പഠിപ്പിക്കുന്നത്. അത്തരം വിദ്യാഭ്യാസ്ഥസ്ഥാപനങ്ങൾ ഇന്ന് കോളേജ് തലം വരെ ഉണ്ട്. അന്യജാതിയിലോ മതത്തിലോ പെട്ട കുട്ടികളെ പരിചയപ്പെടാതെ, അവരുടെ ആഘോഷങ്ങളിലും സന്താപങ്ങളിലും പങ്കാളിത്തമില്ലാതെ ഇന്ന് നിങ്ങളുടെ കുട്ടിക്ക് കോളേജ് തലം വരെ വിദ്യാഭ്യാസം ചെയ്യാം. നിങ്ങളുടെയും കുട്ടികളുടേയും സൗഹൃദങ്ങളെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. ജാതി,മതങ്ങൾക്കതീതമായ സൗഹൃദങ്ങൾ ഇന്ന് പഴയതുപോലെ കുട്ടികൾക്കിടയിൽ രൂപപ്പെടുന്നുണ്ടോ ?
എന്നാൽ നാമെല്ലാം അഭിമാനത്തോടെ ചൂണ്ടിക്കാട്ടാറുള്ളതാണ് ആഘോഷവിരുന്നുകളിലെ പങ്കാളിത്തവും ഭക്ഷ്യവിഭവങ്ങളുടെ പകർച്ചകൾ പരസ്പരം പങ്കു വെക്കലും. മുൻപ് പറഞ്ഞതു പോലെ സാധാരണക്കാർക്കിടയിൽ അത് രൂപമെടുത്തത് നിറഞ്ഞ മനുഷ്യത്വത്തിന്റെ പുറത്തായിരുന്നെങ്കിൽ, ഇന്നത് നിലനിൽക്കുന്നത് പൊങ്ങച്ചത്തിന്റെ പുറത്തുള്ള നാട്ടുനടപ്പായിട്ടാണ്. ഒന്ന് സ്നേഹത്തിലും സഹാനുഭൂതിയിലും അധിഷ്ഠിതമായിരുന്നെങ്കിൽ മറ്റൊന്ന് ആരെയോ ബോധ്യപ്പെടുത്താനുള്ള ഒരു യാന്ത്രികപ്രക്രിയ മാത്രമായി തീരുകയാണ്. ഒന്നിൽ ഒരു വീട്ടിലെ അമ്മമാരുടേയും ചേച്ചിമാരുടേയും സ്നേഹമധുരങ്ങൾ പുരണ്ടിരുന്നെങ്കിൽ മറ്റൊന്നിൽ ബേക്കറിയിലെ കൃത്രിമരുചികൾ മാത്രമാണുള്ളത്.
കലാപകാലുഷ്യങ്ങൾ നിറഞ്ഞ വടക്കേയിന്ത്യൻ അന്തരീക്ഷത്തിൽ ഒരു കുട്ടി അന്യമതസ്ഥർക്ക് മധുരപലഹാരം സമ്മാനിക്കുമ്പോൾ കേരളത്തിലും അതാണ് വേണ്ടതെന്ന് നമുക്ക് തോന്നുണ്ടെങ്കിൽ നാം പുറകോട്ട് നടന്നിരിക്കുന്നു എന്നു തന്നെയാണ് അതിന്റെ സാരം. കേരളത്തിൽ നടക്കുന്ന ദുരഭിമാനക്കൊലകൾ അതിന്റെ പ്രത്യക്ഷ ഉദാഹരണമായി കണക്കാക്കാം. ദാരിദ്യവും കഷ്ടപ്പാടും പങ്കിട്ടെടുത്ത്, ഒരുമിച്ച് താമസിക്കുകയും ഒരുമിച്ച് ജോലി ചെയ്യുകയും ഒരുമിച്ച് ആഘോഷിക്കുകയും ഒരേ കിണ്ണത്തിൽ നിന്നുണ്ണുകയും ചെയ്ത മനുഷ്യരുടെ പിൻതലമുറയ്ക്ക് തങ്ങളുടെ മക്കൾ ജാതിമതങ്ങൾക്കതീതമായി സ്നേഹം പങ്കുവെക്കുമ്പോൾ എവിടെ നിന്നാണീ അസഹ്യതയും അഭിമാനബോധവും പൊന്തിവരുന്നത് ?
നാം ആഹ്ലാദിക്കേണ്ടിയിരുന്നത്, അഭിമാനിക്കേണ്ടിയിരുന്നത്
വിവാഹം ചെയ്തുകൊണ്ടു വന്ന അന്യമത/ജാതി യുവതിയുടെ വിവാഹവസ്ത്രത്തിലെ വരണമാല്യം കൊണ്ടുള്ള കറ നീക്കം ചെയ്തു കൊടുക്കുന്ന യുവാവിനേയും
പുഷ്പിണിയായ ചേച്ചിയെ/സഹപാഠിയെ അവളുടെ അടിവസ്ത്രത്തിലെ രക്തക്കറ നീക്കം ചെയ്തു കൊണ്ട് ആശ്വസിപ്പിക്കുന്ന അനിയനെ/സുഹൃത്തിനെയും
ഇതൊക്കെ പുഞ്ചിരിയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളേയുമാണ്..
മലയാളികൾ അത്തരം പരസ്യങ്ങൾ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു എന്ന് യൂണിലിവറിന് തോന്നാവുന്ന ഒരു കാലം വരുമോ ?
@ Viddiman

No comments:

Post a Comment