Sunday, March 24, 2013

സൃഷ്ടിയും ആസ്വാദകരും

ഓരോ സർഗ്ഗസൃഷ്ടിയിലും സൂക്ഷ്മതയുടെ ഒരു തലമുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു പ്രതിമ കൊത്തിയെടുക്കുമ്പോൾ അതിന്റെ ശില്പി മുഖത്തെവിടെയെങ്കിലും വരുത്തുന്ന ചുളിവ്, അല്ലെങ്കിൽ ഒരു ചിത്രം വരക്കുമ്പോൾ, കവിളിൽ സ്വർണ്ണശോഭ പകരാൻ ചിത്രകാരൻ ഉപയോഗിച്ച അപൂർവമായ ഒരു വർണ്ണസങ്കലനം.. ആ സൂഷ്മതയ്ക്ക് ഇതൊക്കെയാണുദാഹരണമായി ചൂണ്ടികാട്ടാവുന്നതായി തോന്നുന്നത്. അത്തരം സൂക്ഷ്മതകളായിരിക്കും സൃഷ്ടിയുടെ സർഗ്ഗാത്മകമായ ആഹ്ലാദം അയാൾക്ക് ഏറ്റവും നന്നായി പകരുന്നത്. അതാവും അയാളുടെ പ്രതിഭയുടെ സൂചകമായും അളക്കപ്പെടുക. അത് കണ്ടെടുക്കുന്ന ആസ്വാദകൻ, ആ വിവരം പങ്കു വെക്കുമ്പോൾ അയാൾ  തന്റെ സൃഷ്ടിയുടെ ഹൃദയം കണ്ടെത്തി എന്ന  ആഹ്ലാദം സൃഷ്ടികർത്താവിനെ ഗ്രസിക്കാതിരിക്കില്ല.  സൃഷ്ടിയുടേയും ആസ്വാദനത്തിന്റേയും പാരസ്പര്യം !!

ചിലർ അത്തരം സൂക്ഷ്മതകൾ മാത്രം ഉൾക്കൊള്ളിച്ചും സൃഷ്ടി നടത്തിയെന്ന് വരാം. അത് കണ്ടെത്തുന്ന ആസ്വാദകൾ ഇല്ലെങ്കിൽ അയാൾ തഴയപ്പെടും. ആസ്വാദകർ അതൊരു ബോറൻ സൃഷ്ടിയായി വിലയിരുത്തും.  പക്ഷേ, ആ സൃഷ്ടിസൂഷ്മത, ബൗദ്ധികസമസ്യ  പിന്നീടൊരിക്കൽ കണ്ടെടുപ്പെട്ടുവെന്നും  വരാം, കാഫ്കയെ പോലെ.

ആ സൂഷ്മത ശ്രദ്ധയിൽപ്പെടാതെ തന്നെ ആസ്വാദകർക്ക് മൊത്തത്തിൽ സൃഷ്ടി ഇഷ്ടമായെന്നും  കൂടുതൽ കൂടുതൽ ആസ്വാദകരെ ലഭിച്ചെന്നും വരാം.

ഒരെഴുത്തുകാരൻ തന്റെയുള്ളിലെ വായനക്കാരനു വേണ്ടിയാണ് എഴുതുന്നത് എന്നു തോന്നാറുണ്ട്.  താനെഴുതുന്നത്  ആ വായനക്കാരന് ആസ്വദിക്കാനാവുന്നുണ്ടോ  എന്നാവും അയാൾ ശ്രദ്ധാലുവാകുക. ആ വായനക്കാരനൊപ്പം സഞ്ചരിക്കുന്ന, അവനൊപ്പം എഴുത്തിൽ നിന്ന്  തന്നെ വീണ്ടെടുക്കുന്ന  മറ്റൊരു  വായനക്കാരനെ പരിചയപ്പെടുന്നത് എഴുത്തുകാരന് അനല്പമായ ആഹ്ലാദം പകരും. 

തനിക്ക് ആസ്വദിക്കാൻ കഴിയാതെ  സൃഷ്ടി നടത്തുന്നത്, പ്രതിഫലം ഇച്ഛിച്ഛായിരിക്കും. പ്രതിഫലം, അംഗീകാരവും പണവും തൊട്ട് പ്രണയം വരെയാകാം.  എഴുതിയത്, തനിക്കു തന്നെ ആസ്വദിക്കാൻ കഴിയരുത് എന്ന നിർബന്ധബുദ്ധിയോടെ ആരെങ്കിലും എഴുതാ  പക്ഷെ തന്നോടൊപ്പമുള്ള വായനക്കാരനെ അയാൾ പ്രതീക്ഷിക്കുന്നുണ്ട്. കൂടുതൽ വായനക്കാരെ ലക്ഷ്യം കണ്ട് വേണമെങ്കിൽ അതിൽ താഴെയുള്ള വായനക്കാരനു വേണ്ടി അയാൾക്കെഴുതാം. തന്റെയുള്ളിലെ വായനക്കാരൻക്കുഞ്ഞിനു വേണ്ടി പോലും എഴുതാം. പക്ഷെ അത് സൃഷ്ടിയുടെ ഉയരങ്ങളിലേക്ക് പോകില്ല. ഒരു സൃഷ്ടി നടത്തിയ സർഗ്ഗാത്മകസംതൃപ്തി അയാൾക്ക് പൂർണ്ണമായും ലഭിക്കില്ല.

1 comment:

  1. എന്‍റെ അഭിപ്രായത്തില്‍ , എഴുത്തുകാരന്‍ തന്‍റെ ഹൃദയ വിചാരങ്ങള്‍ പേപ്പറിലേക്ക് പകര്‍ത്തുമ്പോള്‍ അത് തനിക്ക് തന്നെ വായിക്കാന്‍ പറ്റുമോ , മറ്റുള്ളവര്‍ക്ക് മനസ്സിലാകുമോ എന്നീ വിചാരങ്ങളിലൂടെയോന്നും കടന്നു പോകില്ലെന്നാണ് . ആത്മസംതൃപ്തി തോന്നുന്നത് മറ്റുള്ളവരുമായി പങ്കു വെയ്ക്കുകയല്ലെ എഴുത്തുകാര്‍ ചെയ്യുന്നത് !മറ്റുള്ളവരുടെ ഇഷ്ടത്തിനും ഇഷ്ടക്കേടിനും രണ്ടാം സ്ഥാനമല്ലെ ഉള്ളൂ . ചിന്തനീയമായ പോസ്റ്റ്‌ .ആശംസകള്‍ !

    ReplyDelete