Thursday, January 02, 2014

രാധാകൃഷ്ണൻ തെയ്യം

പ്രദീപ് മാഷിന്റെ 'രാധാകൃഷ്ൺ തെയ്യം' എന്ന കഥയെയും കമന്റുകളെയും  കുറിച്ച്.

ഈ കഥയെയും ഇതേ രീതിയിലുള്ള ആശയങ്ങൾ പങ്കു വെക്കുന്ന കഥകളേയും കലാരൂപങ്ങളേയും എങ്ങനെയാണ് ആസ്വദിക്കേണ്ടതെന്ന സംശയത്തിലാണു ഞാൻ.
പെട്ടന്ന് ഓർമ്മ വരുന്നത് 'പൈതൃകം' എന്ന സിനിമയാണ്. യുക്തിവാദിയായ മകൻ, അവസാനം യജ്ഞപുരോഹിതനായ അച്ഛന്റെ വഴിയിലേക്ക് വരുന്നതാണല്ലോ
ആ സിനിമയിൽ ചിത്രീകരിക്കുന്നത്. ഒരു സിനിമ എന്ന രീതിയിൽ, നല്ല അഭിനയം, തിരക്കഥ, സംവിധാനം എന്നു വിലയിരുത്താൻ തടസ്സമില്ല. പക്ഷേ ആ സിനിമ നൽകുന്ന സന്ദേശം ? അന്നത് വിവാദമാകുകയും ചെയ്തിരുന്നു. ( ഈ കഥയാണ് ആ സിനിമ എന്നു പറയുകയല്ല ). ആസ്വാദനത്തിൽ അതു കൂടി പരിഗണിക്കേണ്ടതുണ്ടോ ? ലോകക്ലാസിക്കുകൾ എല്ലാം അത്തരത്തിലുള്ള സന്ദേശങ്ങൾ സമൂഹത്തിനു നൽകിയിട്ടുണ്ടോ ? ഉള്ളവയും ഉണ്ട് ഇല്ലാത്തവയും ഉണ്ട് എന്നാണ് എന്റെ തോന്നൽ. മനുഷ്യൻ-അവന്റെ വേദനകൾ, പ്രതീക്ഷകൾ, ഇച്ഛാഭംഗങ്ങൾ, സ്വാർത്ഥത, കാട്ടുനീതികൾ, പശ്ചാത്താപം, എന്നിവയൊക്കെ ചിത്രീകരിക്കപ്പെടുന്നുണ്ടാവാം. അതെല്ലാം വായിച്ചുൾക്കൊള്ളുന്നതിലൂടെ വായനക്കാരനിലെ മനുഷ്യൻ കൂടുതൽ മനുഷ്യപക്ഷത്തേക്ക് ചേർന്നു നിന്നെന്നു വരാം. വിപ്ലവങ്ങൾ സൃഷ്ടിച്ച കഥാപാത്രങ്ങളും ഉണ്ടായേക്കാം. പക്ഷേ, എല്ലാ നോവലുകളിലും കഥകളിലും കവിതകളിലും ഇത്തരം വിപ്ലവകാരികളോ വിപ്ലവമോ പുരോഗമന ചിന്തകളോ ഒക്കെ ഉണ്ടാവേണ്ടതുണ്ടോ ? [ സമൂഹത്തിൽ വിപ്ലവം ഉണ്ടാവേണ്ട സമയത്ത് എഴുതപ്പെടുന്ന സൃഷ്ടികളിൽ അതു കാണാൻ സാധ്യത കൂടുതലാണ്. ( താരതമ്യത്തിന് ' നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'കാട്ടുകുതിര' എന്നീ രണ്ട് നാടകങ്ങളും അവയുടെ സ്വീകാര്യതയും സ്വാധീനവും ഓർക്കുക ) ഏതാണു വിപ്ലവം ഉണ്ടാവേണ്ട സാഹചര്യം എന്നതു സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ ഉണ്ടാവും, അതവിടെ നിൽക്കട്ടെ. ]. ആവശ്യമില്ല, ഉണ്ടെങ്കിൽ നല്ലത് എന്ന് അഭിപ്രായപ്പെടുമ്പോൾ തന്നെ തന്നെ, വായനക്കാരനെ കൂടുതൽ കൂടുതൽ മനുഷ്യനായി സംസ്ക്കരിച്ചെടുക്കുന്ന എന്തോ ഒന്ന് സൃഷ്ടിയുടെ ആത്മാവായി അതിൽ വേണം എന്നൊരു നിബന്ധന കൂടി മുന്നോട്ടു വെക്കേണ്ടതുണ്ട് എന്നും തോന്നുന്നു.
ഇനി, എഴുത്തുകാരൻ അത്തരമൊരു അന്തർധാര പകർന്നിട്ടും അത് വായനക്കാരനിലേക്കെത്താതിരിക്കുമ്പോഴുള്ള പ്രശ്നമാണ് . അത് വായനക്കാരന്റെ പോരായ്മയായി, അയാളുടെ വായനയുടെ അപര്യാപ്തതയായി കാണാനാണിഷ്ടം. തെയ്യങ്ങളുടെ ചരിത്രവും സാമൂഹ്യപശ്ചാത്തലവും അറിയാത്ത എന്നെ പോലൊരാൾക്ക്, അതുമായി ബന്ധപ്പെട്ട് മാഷ് കഥയിലുൾപ്പെടുത്തിയ സൂചനകളും ബിംബങ്ങളും പ്രതീകങ്ങളുമെല്ലാം കണ്ണിൽ തടയാതെ വരുന്നു. അത് എന്നിലെ വായനക്കാരന്റെ വളർച്ചക്കുറവു കൊണ്ടു തന്നെയാണ്. മാഷ് പ്രസിദ്ധനായിരുന്നെങ്കിൽ, അത്തരം അന്വേഷണങ്ങൾ, വായനകൾ കൂടുതലായി ഉണ്ടാവുമായിരുന്നു എന്നും കരുതുന്നു. എന്നിൽ നിന്നു മാത്രമല്ല, മറ്റു വായനക്കാരിൽ നിന്നുടക്കം. പക്ഷേ, അങ്ങനെയുണ്ടാവുന്നില്ല എന്നതിന്റെ പേരിൽ താനെഴുതിയത് എന്താണ് എന്ന് വിശദീകരിക്കുന്നത്, എഴുത്തുകാരൻ വായനക്കാരനു മുമ്പിൽ സ്വയം നഗ്നനാവുന്നതു പോലെ അപഹാസ്യമാണെന്ന് കരുതുന്നു. സത്യത്തിൽ, മാഷ്   കമന്റുകളിലൂടെ നൽകിയ വിശദീകരണങ്ങൾ പോലും അനാവശ്യമായിരുന്നു എന്നാണ് എന്റെ തോന്നൽ. പലരും പല രീതിയിൽ വായിച്ചു, ഏന്റെ വായന  ശരിയായ വായനയായിരുന്നോ  എന്ന് വായനക്കാരൻ എഴുത്തുകാരനോട്  സംശയം  ഉന്നയിക്കാൻ ഇടവരുത്തുന്നു  അത്തരം മറുപടികൾ  എന്നും തോന്നുന്നു. എഴുത്തുകാരൻ വായനയിലിടപെടുന്നത് എപ്പോഴും അനാവശ്യമാണല്ലോ . അങ്ങനെ സംശയം ഉന്നയിച്ച  ആൾ തന്റെ അത്രയും വേണ്ടപ്പെട്ട ആൾ ആണെന്ന തോന്നലുണ്ടെങ്കിൽ തന്നെ  എഴുത്തുകാരന് പരമാവധി ചെയ്യാവുന്നത് താനെഴുതിയത് എന്താണ് എന്ന് അയാളെ മാത്രം രഹസ്യമായി അറിയിക്കുകയാണ്. പക്ഷേ അത് പരസ്യമായി ചെയ്യുമ്പോൾ, താൻ തന്നെ നട്ട ചെട്ടിയുടെ ഒരു മുകുളം മാത്രം നിർത്തി, മറ്റെല്ലാ മുകുളങ്ങളും നുള്ളി കളഞ്ഞ് അതിന്റെ വിവിധമാനങ്ങളിലുള്ള വളർച്ച തടയുകയാണ്.

8 comments:

  1. വായനക്കാരന്‍റെ വിശ്വാസങ്ങളും, വിജ്ഞാനവും , വിവേകവും അവന്‍റെ വായനയെ സ്വാധീനിക്കും എന്നത് സത്യമല്ലേ.. അവ ഓരോന്നും ഓരോ വായനക്കാരനിലും ഏറിയും കുറഞ്ഞും ഇരിക്കും..എഴുത്തുകാരന്‍ വായനയില്‍ ഇടപെടുമ്പോള്‍ അത് വായനയുടെ വിവിധമായ വാതായനങ്ങളില്‍ ചിലത് അടച്ചു പിടിക്കുന്നത് ശരിയല്ല.. എന്നാല്‍ വേണ്ടപ്പോള്‍ ഇടപെടെണ്ടതും ആണ്.. ഓണ്‍ലൈന്‍ എഴുത്തിന്‍റെ എടുത്തുപറയേണ്ട ഗുണവും അതുതന്നെയല്ലേ, എഴുത്തുകാരനോട് നേരിട്ട് സംവദിക്കുന്ന വായനക്കാരന്‍..

    ReplyDelete
  2. ഇത് ബൂലോകത്ത് എഴുത്തുകാർ നേരിടേണ്ടി വരുന്ന വലിയ ഒരു പ്രശ്നം ആണ്.വായനക്കാർ എല്ലാവരും ഒരേ നിലവാരം ഉള്ളവരല്ല എന്നതാണ് പ്രശ്നത്തിന്റെ കാതൽ.

    ReplyDelete
  3. ഞാനത് വായിച്ചില്ല .വായിക്കട്ടെ.

    ReplyDelete
  4. ഇതിപ്പം മാജിക്കിന്റെ രഹസ്യം വെ ളിപ്പെടുത്തിക്കൊടുക്കുന്നതിൽ മജീഷ്യന്മാർക്കിടയിൽ രണ്ടു പക്ഷ്ം ഉള്ളതുപൊലെയാണു കാര്യങ്ങൾ. അത്‌
    എഴുത്തുകാരന്റെ സ്വാതന്ത്യം. അപഹാസ്യം എന്നു വിളിക്കേണ്ടതില്ല.

    ReplyDelete
  5. ഇതിപ്പം മാജിക്കിന്റെ രഹസ്യം വെ ളിപ്പെടുത്തിക്കൊടുക്കുന്നതിൽ മജീഷ്യന്മാർക്കിടയിൽ രണ്ടു പക്ഷ്ം ഉള്ളതുപൊലെയാണു കാര്യങ്ങൾ. അത്‌
    എഴുത്തുകാരന്റെ സ്വാതന്ത്യം. അപഹാസ്യം എന്നു വിളിക്കേണ്ടതില്ല.

    ReplyDelete
  6. എഴുത്തുകാരന്‍ തന്റെ കഥയുടെ ആശയം ഇങ്ങനെയായിരുന്നു എന്ന് വിശദീകരിക്കുന്നത് ആശാസ്യമായൊരു പ്രവര്‍ത്തിയല്ല എന്ന് എന്റെ വ്യക്തമായ അഭിപ്രായം

    ReplyDelete
  7. രാധാകൃഷ്ണന്‍ തെയ്യം വായിച്ചിരുന്നു. അതും ഒരു പോസ്റ്റിനു കാരണമായി ഭവിച്ചിരിക്കുന്നു.

    ReplyDelete