Saturday, January 18, 2014

എന്റെ സത്യാഗ്രഹ പരീക്ഷണങ്ങൾ



ഒരു പത്തു പതിനഞ്ചു കൊല്ലമായി കാണണം, സെക്രട്ടേറിയറ്റിനു മുമ്പിലെ ഫുട്പാത്ത്. വടക്കു പടിഞ്ഞാറെ ഗേറ്റിനടുത്തുള്ള ഒരു ചെറിയ പന്തലിലാണു ഞങ്ങൾ.പന്തലിൽ ഞാനടക്കം അഞ്ചാറു പേരുണ്ട്. പോലീസ് ജീപ്പ് വന്നു. കഴുത്തിലെ ചുവന്ന മാല മറ്റൊരാൾക്ക് കൈമാറി ഞാൻ ജീപ്പിൽ കയറി. ഒപ്പം ഒരു സുഹൃത്തും. ജീപ്പ് ജനറൽ ഹോസ്പിറ്റലിലേക്ക് നീങ്ങി. എല്ലാവരും ചേർന്ന്  അത്യാഹിത വിഭാഗത്തിനു മുമ്പിലേക്ക്.
‘ഇവിടെ കിടന്നോളൂ’ ഒരു നഴ്സ് ഒഴിഞ്ഞ ഒരു കിടക്ക ചൂണ്ടി. കിടന്നു.
ഡോക്ടർ കണ്ണുകളും പൾസുമെല്ലാം പരിശോധിച്ചു.
“മൂന്നു ദിവസം നിരാഹാരം കിടന്ന ക്ഷീണമൊന്നുമില്ലലോടോ..” ചീട്ടിൽ ഡ്രിപ്പിനു എഴുതുമ്പോൾ ഡോക്ടരുടെ നിരീക്ഷണം.
‘ശൂന്ന്’ എന്തോ പറന്നു  പോയതു പോലെ.
“അസിഡിറ്റി ഉള്ളതുകൊണ്ട് വെള്ളം കുടിച്ചിരുന്നു ഡോക്ടർ”
‘അതൊരു ആനയായിരുന്നു’ എന്ന് യുധിഷ്ഠിരൻ പതുക്കെ  പറഞ്ഞതു പോലെ  “വെള്ളത്തിനു മുമ്പ് ഭക്ഷണവും കഴിച്ചിരുന്നു” എന്ന്  പതുക്കെ ഞാൻ മാത്രം കേൾക്കാൻ പറഞ്ഞു. നുണ പറയരുതല്ലോ.

“ആ ഡ്രിപ്പ് കഴിയുമ്പോൾ എണീറ്റു പൊക്കോ” അവസാനത്തെ ആണി.

നിരാഹാരസമരത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ പലവിധ ആശങ്കകളായിരുന്നു.

-  ഇതോണ്ടൊക്കെ വെല്ല കാര്യ‌ണ്ടാവോ ?ഭരണകൂടം തിരിഞ്ഞു നോക്കിയില്ലെങ്കിൽ പട്ടിണി കിടന്ന് മരിച്ചു പോകുമോ ?
-  എങ്ങനെ പ്രകൃതിയുടെ വിളികൾക്ക് മറുപടി പറയും ?

കഴുത്തിൽ  ചുവന്ന മാലയിട്ടതോടെ എല്ലാത്തിനും  ഒറ്റ മറുപടി കിട്ടി. – എന്തു വേണമെങ്കിലും ആവാം,  ആ സമയത്ത് ആ ചുവന്നമാല വേറൊരുത്തന്റെ കഴുത്തിലേക്കിട്ടു കൊടുത്താൽ മതി.


കൊള്ളാം. ഗംഭീര പരിപാടി തന്നെ. ഇനിയുമുണ്ടോ ഇതുപോലത്തെ മനോഹരമായ ആചാരങ്ങൾ ?

അത് ‘മ്മടെ സത്യഗ്രഹ പരീഷണങ്ങള്’..

  ഇവിടെ നാട്ടിൻ പുറത്ത്, പോസ്റ്റോഫീസ് സെന്ററിലെ സമരപന്തലിൽ നിരാഹാരം കിടന്നത് സിജിത്താണ്.  പരിഷത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത്. ഇന്ന് കാലത്ത് കാണുമ്പോൾ, സിജിത്തിനു നല്ല ക്ഷീണമുണ്ടായിരുന്നു. എല്ലാ സമരസഖാക്കൾക്കും ക്ഷീണമായിട്ടുണ്ടാവണം. സത്യം ഗ്രഹിക്കാനുള്ള ആഗ്രഹത്തിൽ പ്രലോഭനങ്ങളെ  ചെറുക്കാൻ വീറും വാശിയുമുള്ളവർ. അവരിലാരെങ്കിലും എന്നെ പോലെ കള്ളത്തരം കാണിച്ചിട്ടുണ്ടാവുമെന്ന്  വിശ്വസിക്കുന്നില്ല. ( ഇത് പറയുമ്പോൾ, സമരപന്തലിൽ എ സി ഫിറ്റ് ചെയ്ത ഏതോ ഒരു സഖാവിന്റെ ചിത്രം മനോരമയിൽ നിന്നു ചൂണ്ടി ചിലർ പുച്ഛിക്കും. ശരിയാണ്, വിമർശിക്കപ്പെടേണ്ടതു  തന്നെ. പക്ഷെ എ സി യില്ലാത്ത ആയിരത്തിന്മേലെ  സമരപ്പന്തലുകൾ കാണാതെ പോകരുത് ).

പക്ഷേ സമരം നിർത്തി. എന്തിന് ?

സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കിയതു കൊണ്ടാണ്, ആധാർ നിർബന്ധമാക്കാത്തതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞാൽ രക്തപതാക കെട്ടിയ വടി പോലും ചിരിക്കും.

ഇങ്ങനെ നിർത്താനാണെങ്കിൽ തുടങ്ങിയതെന്തിന് ?

.

അനിശ്ചിതകാല നിരാഹാരം എന്ന സമരരൂപം അപഹസിക്കപ്പെടുകയോ ശക്തിപ്പെടുകയോ ഉണ്ടായത് ?

വാൽക്കഷണം :

 ചുവന്ന മാലയും വിപ്ലവപാർട്ടികളും തമ്മിൽ ബന്ധമൊന്നുമില്ല കെട്ടോ. പ്രത്യേകിച്ച് രാഷ്ട്രീയ ആഭിമുഖ്യമൊന്നുമില്ലാത്ത ഒരു  വികലാംഗസംഘടനയുടെ സമരമായിരുന്നു അത്.

അന്ന്  സത്യാഗ്രഹത്തിൽ  കള്ളത്തരം ചെയ്തതിന് അതിനു ശേഷം ചെറിയൊരു പ്രായ്ശ്ചിത്തം ചെയ്തു. ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുമ്പിൽ, തുപ്പിയും ചവിട്ടിത്തേച്ചുമെല്ലാം ആയിരങ്ങൾ നടന്നു നീങ്ങിയ റോഡിൽ ശയനപ്രദക്ഷിണം. ഒരു പ്രത്യേക അനുഭവമാണ്. ലോകം മുഴുവൻ കറങ്ങുന്നതു പോലെ തോന്നും. ഉന്നയിച്ച ആവശ്യങ്ങൾ  എല്ലാം നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, ഏറെ കാലം കഴിഞ്ഞ് ഗവണ്മെന്റ് ഉത്തരവിറങ്ങി. ശാരീരിക വൈകല്യമുള്ള ആയിരക്കണക്കിനു പേർക്ക് ജോലിയടക്കമുള്ള പല ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്തു.

എന്തെങ്കിലുമൊക്കെ എന്നെങ്കിലുമൊക്കെ നടക്കുമായിരിക്കും.

ആളിക്കത്തുന്നതും അമർന്നു കത്തുന്നതും തീയാണ് എന്നാണല്ലോ.

ആവട്ടെ. അമർന്നു കത്തുന്ന തീച്ചൂടിൽ കോഴിയെ ചുട്ടു തിന്ന് ഇരിക്കാതിരുന്നാൽ മതിയായിരുന്നു.

12 comments:

  1. വയറു നിറച്ചു മാമു അടിച്ചൊരു നിരാഹാരം നടത്തി ചുളുവില്‍ സര്‍ക്കാര്‍ ജോലി ഒപ്പിച്ചെടുത്തു അല്ലെ ?

    കൊച്ചുഗള്ളന്‍

    ReplyDelete
    Replies
    1. എന്റെ ജോലി ചുളുവിൽ അടിച്ചെടുത്തതല്ല വേണുവേട്ടാ.. പി എസ് സി എഴുതി തന്നെ കിട്ടിയതാ. :)

      Delete
    2. തമാശിച്ചതാ ട്ടോ ... പോസ്റ്റിനു ഇടേണ്ട കമന്റ് ഇതായിരുന്നില്ല.
      പക്ഷെ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ വിവധ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മളില്‍ അലിഞ്ഞൊരു പ്രസ്ഥാനം. ഇന്നത്തെ കളികള്‍ കാണുമ്പോള്‍ പലതും വിളിച്ചു പറയണമെന്ന് തോന്നും. പഷേ അര്‍പ്പണ ബോധവും ത്യാഗ മനോഭാവവുമുള്ള ഒരു പിടി നേതാക്കള്‍ ജീവത്യാഗം ചെയ്തു പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ഇന്ന് ചിലര്‍ നടത്തുന്ന കൊപ്രായങ്ങളുടെ വെളിച്ചത്തില്‍ മറുത്തു പറയാന്‍ നാവു പൊങ്ങുന്നില്ല എന്നതാണ് സത്യം. എല്ലാം കണ്ടും കേട്ടും അമര്‍ഷത്തെ നിശബ്ദതയില്‍ ലയിപ്പിക്കയാണ് ഇന്ന് എന്നെ പോലെ പലരും. .

      Delete
  2. സി പി എം കുറെ നാളായി കാണിച്ചു വരുന്ന ഒരു മണ്ടത്തരത്തിന്റെ പേരാണ് "അനിശ്ചിത കാലം ".അതെപ്പോ വേണമെങ്കിലും നിര്‍ത്താം എന്നൊരു ഓപ്ഷന്‍ ഉണ്ടെന്നുള്ളത് വിമര്‍ശകരും മറന്നു പോകുന്നു .തുടങ്ങി പത്തു മിനിട്ടിനകം നിറുത്തിയാലും സംഗതി അനിശ്ചിതകാലം തന്നെ ..

    ReplyDelete
  3. എല്ലാ സമരവും ജയിക്കനമെന്നില്ല ഇന്ന് കോടിയേരി:

    ജയിപ്പിക്കണമെന്നുമില്ല.!!!!

    ReplyDelete
  4. ആ സമയത്ത് ആ ചുവന്നമാല വേറൊരുത്തന്റെ കഴുത്തിലേക്കിട്ടു കൊടുത്താൽ മതി. പ്രത്യേക ആചാരങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു...പുതിയ കോവിലും, ശയനപ്രദക്ഷിണവും.

    ReplyDelete
  5. റിലെ നിരാഹാരമാണ് ഉചിതം!

    ReplyDelete
  6. ആശുപത്രിക്കിടക്കയില്‍ മെല്ലെയും ഇവിടെ ഉറക്കെയും പറഞ്ഞ ആ സത്യത്തിന് ഒരു പൂവ്....

    ReplyDelete
  7. തുടങ്ങുന്നതും..
    ഒടുങ്ങുന്നതും
    ന്തിനെന്നറിയില്ല
    പലര്‍ക്കും....rr

    ReplyDelete
  8. നിരാഹാര സമരത്തില്‍ രണ്ടുദിവസമായി പങ്കെടുത്തിരുന്ന സഖാവിനെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ഏയ്‌.. അതുകൊണ്ടല്ലാ, മഴതുടങ്ങിയത് കാരണമാണ് സമരം അവസാനിപ്പിച്ചത് എന്ന് മറ്റൊരു സഖാവ്..

    സഖാക്കന്മാരെ സിനിമയില്‍ എടുത്തോ.? എന്തൊരു കോമഡി...

    ReplyDelete
  9. ഇങ്ങിനേം നിരാഹാരം..!
    എങ്കിലും ജലപാനം പോലുംചെയ്യാതെ കിടക്കുന്നവരും കൂട്ടത്തില്‍ കാണും ല്ലെ?

    ReplyDelete
  10. ഇങ്ങിനേം നിരാഹാരം..!
    എങ്കിലും ജലപാനം പോലുംചെയ്യാതെ കിടക്കുന്നവരും കൂട്ടത്തില്‍ കാണും ല്ലെ?

    ReplyDelete