Tuesday, March 12, 2019

ഒന്നു മുതൽ പൂജ്യം വരെ

ഏറ്റവും പ്രിയപ്പെട്ടതിനെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടാതെ പോകുന്ന ഒരവസ്ഥയുണ്ടല്ലോ... പറയാനുള്ളതെല്ലാം ഹൃദയതാളങ്ങൾക്കുള്ളിൽ ഒതുങ്ങി പോകുന്ന ..

'ഒന്നു മുതൽ പൂജ്യം വരെ' എന്ന സിനിമയെ കുറിച്ച്, ദീപമോളേയും അലീനയേയും ജോസൂട്ടിയേയും അയാളെയും കുറിച്ച്, രാരീ രാരീരം രാരോ..യെ കുറിച്ച് പറയാൻ തുടങ്ങുമ്പോൾ ആ അവസ്ഥയിലെത്തും. 

1986 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ സിനിമയുടെ പരസ്യം കണ്ടിരുന്നത് ചെറിയൊരോർമ്മയുണ്ട്. പക്ഷേ പിന്നീടെത്രയോ വർഷങ്ങൾക്കു ശേഷം ടി വി യിലാണ് സിനിമ കാണുന്നത്. രഘുനാഥ് പലേരി എന്ന പേര് അസ്ഥിയിലുറച്ചു പോയതും അന്നാണ്.

എന്തൊരു സിനിമ ! സ്നേഹത്തിന്റെ അണമുറിയാത്ത അരുവി പോലെ, കവിത പോലെ. സ്നേഹിക്കുന്ന മനുഷ്യർ മാത്രമുള്ള സിനിമയിൽ മരണത്തെ പോലും വില്ലനായി അവതരിപ്പിക്കുന്നില്ല. മരണപ്പെട്ട ഭർത്താവിനോടുള്ള സ്നേഹം ഭാര്യയെ തളച്ചിടാനുള്ള ഒരു ബാധ്യതയല്ലെന്നും , സംഭവിക്കേണ്ടത് സ്നേഹത്തിന്റെ തുടർച്ച മാത്രമാണെന്നും ഒരു നനുത്ത തൂവൽ തലോടൽ പോലെ സിനിമ പറഞ്ഞു വെക്കുന്നു. ഭാര്യയ്ക്കും മകൾക്കും ഇഷ്ടപ്പെട്ട ഒരാൾക്ക് തന്റെ പിയാനോയും ഇരിപ്പിടവും സമ്മാനിക്കപ്പെടുമ്പോൾ അതിൽ ആഹ്ലാദിക്കുന്നയാളാണ് ജോസൂട്ടിയെന്ന് അലീനയിലൂടെ കഥാകൃത്ത് പറയുന്നുണ്ട്. 'എന്നെ പറ്റിച്ഛാൽ ജോസ്സൂട്ടി നിങ്ങൾക്ക് മാപ്പു തരില്ല' എന്ന് അലീനയ്ക്ക് നായകനെ ശകാരിക്കാൻ കഴിയുന്നതും സ്നേഹം ഒരു ബാധ്യതയായി മാറാതിരിക്കുന്നതു കൊണ്ടാണ്.

ബേബി ശാലിനിയായിരുന്നു അക്കാലത്തെ ബാലതാരം. പക്ഷേ ഈ ഒരൊറ്റ സിനിമയിലൂടെ ഗീതു മോഹൻദാസ് ( ഇന്നത്തെ നടിയും സംവിധായകയും തന്നെ) പപ്പ ജോസൂട്ടിയുടെ ഷർട്ടുമിട്ട് ഹൃദയത്തിലങ്ങ് കയറിയിരുന്നു കളഞ്ഞു ! "അയ്യോ എനിച്ച് മരന്നു പോയി' എന്ന ആ കൊഞ്ചൽമൊഴി കേൾക്കുമ്പോൾ വാരിയെടുത്ത് ഉമ്മ വെക്കാൻ തോന്നും ഇപ്പോഴും.

ദീപമോളീലൂടെയാണ് കഥ മുന്നോട്ടു പോകുന്നതിന്റെങ്കിലും കഥ സത്യത്തിൽ 'അലീന'യുടേതാണ്. ചിത്രകാരിയായ അലീന. സംഗീതജ്ഞനായ ജോസ്സൂട്ടിയെ അയാളുടെ കിറുക്കുനിറഞ്ഞ സ്നേഹവും സംഗീതവും പോലെ സ്നേഹിക്കുന്ന അലീന. അയാൾ പെട്ടന്ന് മരണപ്പെട്ടുപോകുമ്പോൾ മകൾക്കൊപ്പം ഒറ്റപ്പെട്ടു പോകുന്ന അലീന. ദീപ മോളുടെ ടെലഫോൺ അങ്കിളിനെ, അയാളുടെ സ്നേഹത്തെ, ശബ്ദത്തിലൂടെ അറിഞ്ഞ് അയാളെ വരയ്ക്കുന്ന അലീന.

ശബ്ദം കൊണ്ട് സിനിമയിൽ നല്ല പോലെ സാന്നിദ്ധ്യമുണ്ടെങ്കിലും മോഹൻലാൽ അവസാനസീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ട് തന്റെ രഹസ്യം വെളിപ്പെടുത്തുന്നത്. അയാൾ സൂക്ഷിക്കുന്ന സസ്ൻപെൻസാണ് സിനിമയുടെ മറ്റൊരു മനോഹാരിത.

സംവിധായകൻ, നായിക, ബാലതാരം, സംഗീതസംവിധായകൻ, ഗായകൻ എങ്ങനെ നല്ലൊരു വിഭാഗവും പുതുമുഖങ്ങൾ..

കഥയെഴുത്തുകാരനായ രഘുനാഥ് പലേരി തന്നെ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചപ്പോൾ അത് അഭ്രപാളിയിലെ കവിതയായി.

മമ്മൂട്ടി, ബേബി ശാലിനി, നായിക - ഇതായിരുന്നു അന്നത്തെ കുടുംബചിത്രങ്ങളുടെ ഹിറ്റ് ചേരുവ. അങ്ങനെ നോക്കുമ്പോൾ ഇത് അന്നത്തെ ന്യൂ ജെൻ സിനിമയാണ്. ഇന്നു കാണുമ്പോഴും ഏച്ചുകെട്ടലുകളുടെ അലോസരമില്ലാതെ ആസ്വദിക്കാവുന്ന ചിത്രം. 



രാരീ രാരീരം രാരോ >> https://www.youtube.com/watch?v=INStoqhEI5I&fbclid=IwAR3zv9IGjVDXQIlQj_p2rgGgblrUzR75kU0c-Y1C__sXBio7jK3FBf8Lrls

No comments:

Post a Comment