Tuesday, December 17, 2013

ആന, കുതിര, മത്തി, വായന.



1. വായനക്കാരൻ = സിയാഫ്, അജിത് കുമാർ, അംജത് ഖാൻ, അക്ബർ അലി. ജോസ്ലെറ്റ്, ജെഫു. എന്നിങ്ങനെയൊരു നിർവചനം വെച്ച് ആരെങ്കിലും കഥയെഴുതുന്നുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും ഞാൻ അങ്ങനെയല്ല എഴുതുന്നത്. ആ തുല്യതാ ചിഹ്നത്തിന്റെ വലതുവശത്തെ പേരുകൾ അനന്തമാണ്, എന്നെ സംബന്ധിച്ച്. അതങ്ങനെ തുടരുന്നിടത്തോളം കാലം, ഇവരൊക്കെ കഥ തെറ്റായി വായിച്ചാലും, ഒന്നും വായിച്ചില്ലെങ്കിലും, ഞാൻ കാത്തിരിക്കേണ്ടതുണ്ടെന്ന് കരുതുന്നു. എന്നു കരുതി ഇവർക്കൊന്നും തങ്ങളുടെ വായന ഇങ്ങനെയാണ്, വായിച്ചൊന്നും മനസ്സിലായില്ല എന്നൊന്നും പറയാൻ പാടില്ല എന്നും കരുതുന്നില്ല. വായനക്കാരന് വായനക്കാരന്റെ സ്വാതന്ത്ര്യം, എഴുത്തുകാരന് എഴുത്തുകാരന്റെ സ്വാതന്ത്ര്യം.

                                                                *********
2. അന്ധൻ ആനയെ കണ്ടതു പോലെ എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട് ആനയെ കാണുന്നവർ എല്ലാം അന്ധന്മാർ ആവുമ്പോഴേ അത്തരം കാഴ്ച്ചകൾ സംവേദനം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നം ഉണ്ടാകുള്ളൂ എന്ന് തോന്നുന്നു. ചിലർ തപ്പി തടഞ്ഞ് പരിശോധിക്കുമ്പോൾ , ആനയുടെ കൊമ്പായിരിക്കാം കൈയ്യിൽ പെടുന്നത്, മറ്റ് ചിലർ തുമ്പിക്കൈ. പിന്നൊരാൾ വാൽ. ' ആന എന്നാലൊരു വാലാണ്' എന്ന് അവരിലൊരാൾ പറഞ്ഞാൽ, 'പാവം അവനതു അറിയാനുള്ള കഴിവേ ഉള്ളൂ ' എന്ന് കരുതി ദു:ഖിക്കുകയല്ലാതെ ആനയെന്ത് ചെയ്യാൻ. എന്നു കരുതി അന്ധന്മാരുടെ നിർവചനം ഇല്ലാതാവുമോ ? ആനയെന്നാൽ, കൊമ്പാണ്, തുമ്പിക്കൈ ആണ്, വാലാണ്, വയറാണ്, കാലാണ്. ആനയെന്നാൽ തങ്ങളുടെ കൈയ്യിൽ തടഞ്ഞതെന്തോ അതാണ് എന്ന് അവരിലോരോരുത്തരും പരസ്പരം ശണ്ഠ കൂടിയാലും ആനയ്ക്കൊന്നും ചെയ്യാനാവില്ല. ഇതൊന്നുമല്ലാതെ, ഇരുട്ടിൽ തപ്പി 'ശൂന്യതയാണ് ആന' എന്ന് മറ്റൊരന്ധൻ പറഞ്ഞാലും ആനയ്ക്കൊന്നും ചെയ്യാനില്ല. താൻ ആനയാണ് എന്ന ബോധ്യം ആനയ്ക്കുണ്ടായിരിക്കണമെന്നു മാത്രം.

                                                            ***********


3. കഥ എന്നാൽ കടങ്കഥയല്ല. ഗൂഡാർത്ഥമുള്ള ഒരു ചോദ്യമെറിഞ്ഞ് വായനക്കാരുടെ മറുപടികൾക്കായി കാത്തിരിക്കുകയും ശരിയുത്തരം നൽകുന്ന വായനക്കാരന് സമ്മാനം നൽകുകയും ചെയ്യുന്ന പണിയല്ല കഥാകാരന്റേത്. ചോദ്യങ്ങളും ഉത്തരങ്ങളും അതിന്റെ മേലേ ചോദ്യങ്ങളുമെല്ലാമടങ്ങിയ ഒരു വാങ്മയപ്രപഞ്ചമാണ് കഥ എന്നു കരുതുന്നു. അതിലെ ചോദ്യങ്ങളെ കുറിച്ചോ ഉത്തരങ്ങളെ കുറിച്ചോ ഉള്ള വായനക്കാരന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ട ആവശ്യം കഥാകൃത്തിനില്ല. നേരെ തിരിച്ച്, അവിടെ എഴുത്തുകാരനിൽ നിന്ന് അത്തരത്തിൽ  ഒരു ഇടപെടലുണ്ടാവുന്നത് വായനക്കാരനോടുള്ള തെറ്റു തന്നെ. .

                                                                     *********

4. കഥയെ പിന്നീടൊന്ന് വിശദീകരിക്കുന്നതിന്റെ പ്രശ്നവും അതു തന്നെ. പിന്നീട് വായനക്കാരെല്ലാം ആ ഒരു വിശദീകരണത്തിനു ചുറ്റും തങ്ങളുടെ വായയയൊതുക്കും. കഥയുടെ പ്രപഞ്ചത്തിൽ നിന്ന് തനിക്കിഷ്ടപ്പെട്ട പൂക്കളേയും തുമ്പികളേയും നക്ഷത്രങ്ങളെയുമെല്ലാം കണ്ടെത്തുന്ന വായനക്കാരുണ്ടാവും. ചിലത് എഴുത്തുകാരൻ ബോധപൂർവം തുന്നി ചേർത്തതായിരിക്കാം, മറ്റ് ചിലത് അബോധത്തിലും. എന്തായാലും 'അതാ, അവിടെയൊരു നക്ഷത്രത്തെ ഞാൻ കാണുന്നു' എന്ന് വായനക്കാരൻ ആത്മാർത്ഥമായി പറയുമ്പോൾ ' ഏയ്..നക്ഷത്രമോ ?ഞാനങ്ങനെ ഒന്നവിടെ കൊളുത്തിയിട്ടിട്ടില്ല, അത് മെഴുതിരി വെട്ടമാണ്, നിന്റെ കണ്ണിന്റെ കുഴപ്പം കൊണ്ടു തോന്നുന്നതാണ്' എന്ന് എഴുത്തുകാരൻ അവനെ തിരുത്തുന്നത് ദൈവം (?) തന്നെ പ്രപഞ്ച രഹസ്യം വെളിപ്പെടുത്തുന്നതു പോലെയാവും. ആനയുടെ കൊമ്പിൽ കൈയെത്തിയ അന്ധൻ, ആനയെന്നാൽ ' ഉരുണ്ട് കൂർത്ത് ദൃഢമായ ഒന്നാണ്' എന്ന് വിവരിക്കുമ്പോൾ, ' 'ഏയ്,അതുമാത്രമല്ല, ഞാനിങ്ങനെയൊക്കെയാണ്' എന്ന് ആന സ്വയം വിവരിച്ച് അവന്റെ കാഴ്ച്ചയെ ഇകഴ്ത്തുന്നതു പോലെയാണ്. അന്ധനു സമയവും താല്പര്യവുമുണ്ടെങ്കിൽ അവൻ ആനയെ പൂർണ്ണമായും തൊട്ടറിയട്ടെ. എന്നിട്ട് ആനയെ വിവരിക്കട്ടെ. കൊമ്പിൽ നിന്ന് അനങ്ങാത്തവൻ അതുമാത്രമാണ് ആന എന്ന് ഉറച്ചു നിൽക്കട്ടെ. അവനെ സംബന്ധിച്ചിടത്തോളം അതാണ് സത്യം എന്ന് ബോധ്യമുള്ള ആനയ്ക്ക്, തന്നെ പൂർണ്ണമായും കണ്ടെത്തുന്ന ഒരാളെ കാത്തിരിക്കുക തന്നെയായിരിക്കും ഏറ്റവും ഉചിതമായി തോന്നുക.

                                                         ************


5.
'മത്തി ചീഞ്ഞതാണ്' എന്ന് പറയുന്നവനു തന്നെ അവൻ പറയുന്ന വിലയ്ക്ക് അത് മറിച്ചു വിൽക്കണോ അതോ താനുദ്ദേശിക്കുന്ന വിലയ്ക്ക് മത്തി വാങ്ങുന്നവൻ വരുന്നതു വരെ കാത്തിരിക്കണോ എന്നുള്ളത്, മത്തിയിൽമേൽ മത്തിക്കച്ചവടക്കാരനുള്ള ബോധ്യം പോലിരിക്കും. വാങ്ങുന്നവന്റെ അഭിപ്രായത്തിനും വിലയിടലിനുമനുസരിച്ചാണ് അവൻ മത്തി വിൽക്കുന്നതെങ്കിൽ രണ്ട് ദിവസം കൊണ്ട് അവന്റെ കച്ചോടം പൊളിയും. ഇനിയിപ്പോൾ തനിക്കു മുതലാവുന്ന വിലയ്ക്ക് ആരും മത്തി വാങ്ങിയില്ലെങ്കിൽ അവനു മത്തി ഉപ്പിട്ടുണക്കിയും വിൽക്കാമല്ലോ..

                                                          ************


6. ഒരു കുതിര താനൊരു ആനയാണെന്ന് അവകാശപ്പെട്ടു കൊണ്ട് മുന്നോട്ടു വരുന്നു എന്ന് കരുതുക ( കഥ എന്ന് ലേബൽ ചെയ്യുന്നുണ്ടല്ലോ എഴുത്തുകാരൻ). ഇത് രണ്ട് രീതിയിൽ സംഭവിക്കാം : 1. ആനയെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഒരു കുതിരയാവാം അത്. 2. ആനയെ
കുറിച്ച് ധാരണയുണ്ടായിട്ടും, ആനയെ കുറിച്ച് കേട്ടറിവ് മാത്രമുള്ള അന്ധന്മാരെ പറ്റിക്കാം എന്ന ധാരണയോടെ എത്തുന്ന കുതിരയാവാം അത്.

രണ്ടായാലും, കുതിര, ആനയാണെന്ന് അവകാശപ്പെട്ട് അന്ധന്മാർക്ക് മുന്നിലെത്തുന്നു. അന്ധന്മാരിൽ തന്നെ രണ്ടു വിഭാഗക്കാർ ഉണ്ടാവാം : മുൻപ് ആനയെ അറിഞ്ഞവരും ( ഇവർ തന്നെ പിന്നെയും രണ്ട് വിഭാഗമുണ്ടാവും : ഒന്ന്, ഒരാനയെ കുതിരയിൽ നിന്ന് വേർതിരിച്ചറിയാൻ ആവും വിധത്തിൽ ആനയെ അറിഞ്ഞിട്ടുള്ളവരും കുട്ടിയാനകളെയും കൊമ്പനേയും പിടിയേയും മോഴയേയും എല്ലാം പരിശോധിച്ചറിഞ്ഞ്,, അതിനു എവിടെയെങ്കിലും പരിക്കോ ഉടവോ ചതവോ ഉണ്ടെന്നതടക്കം കൃത്യമായി ഒരാനയെ അളക്കാൻ കഴിയുന്നവരും ഇതിൽ അത്ര കണ്ട് നിപുണതയില്ലാത്തവരും എല്ലാം ഉൾപ്പെടുന്ന സംഘം. രണ്ട് ' ആനയുടെ കൊമ്പിൽ തൊട്ട് അതാണ് ആന എന്ന് ധരിച്ചു വശായവരും. പക്ഷേ ഇവർക്കും ആനയെ ഭാഗികമായി അറിയാം. ) മുൻപ് ആനയെ അറിഞ്ഞിട്ടില്ലാത്തവരും.

ആദ്യത്തെ വിഭാഗം അന്ധന്മാർക്കു മുമ്പിൽ കുതിരയുടെ അവകാശവാദം വിലപ്പോവില്ല. കുതിര സ്വയം തിരുത്തുകയോ അല്ലെങ്കിൽ ഇവരിൽ നിന്ന് അകന്നു നിൽക്കുകയോ വേണ്ടി വരും.

രണ്ടാമത്തെ വിഭാഗം അന്ധന്മാർ , കുതിരയുടെ വാലും തലയും ഉടലും എല്ലാം തൊട്ടറിഞ്ഞ് അതാണ് ആന എന്നൊരു നിർവചനം ഓർമ്മയിൽ വെക്കും. ആ സമയത്ത്, ആനയാണെന്നവകാശപ്പെടുന്ന കുതിരയ്ക്ക് അവരുടെ ഇടയിൽ സ്വീകരണം ലഭിക്കുകയും ചെയ്യും. പക്ഷേ, ഇതേ അന്ധന്മാർ, യഥാർത്ഥ ആനകളെ അറിയുന്നതു വരെയേ ഈ 'കുതിരയാന'ക്ക് അവരുടെ ഇടയിൽ നിലനില്പുണ്ടാവുള്ളൂ. ആ തിരിച്ചറിവ് ഉണ്ടാവുമ്പോൾ അവർ താൻ ആനയാണ് എന്ന കുതിരയുടെ വാദം തള്ളി കളഞ്ഞ് ആനയെ ആനയായും കുതിരയെ കുതിരയായും മനസ്സിലാക്കും. അപ്പോഴും കുതിരയ്ക്ക് സ്വയം തിരുത്തുകയോ അവരിൽ നിന്ന് മാറി പോവുകയോ വേണ്ടി വരും.

ഈ വിഭാഗം കുതിരകൾക്ക് ചുറ്റും മാത്രമാണ് സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നതെങ്കിൽ, അവരുടെ ആന, കുതിര തന്നെയായിരിക്കും. കുതിരയുടെ ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ.


ഒരു കാര്യം വ്യക്തം - അന്ധൻ ആണ് ഇവിടെ ആനകളെ കുറിച്ചുള്ള അന്വേഷണം നടത്തേണ്ടതും തന്റെ നിർവചനങ്ങൾ പുതുക്കി കൊണ്ടിരിക്കേണ്ടതും. അല്ലെങ്കിൽ, അവന്റെ ആനസങ്കല്പം തെറ്റോ ഭാഗികമായി ശരിയോ ഒക്കെയാവും. കൂടുതൽ കൂടുതൽ അന്വേഷണം നടത്തുന്തോറുമേ അവനു കൂടുതൽ കൂടുതൽ ആനയെ അറിയാൻ കഴിയുകയുള്ളൂ.

                                                           *********

7. മറ്റുള്ളവരുടെ വായനയിലൂടെ സഞ്ചരിക്കുന്നതടക്കം മനസ്സിലാക്കാൻ പരമാവധി ശ്രമിച്ചിട്ടും എനിക്ക് മനസ്സിലാവാത്ത കഥകളെ ഞാൻ അങ്ങനെ തന്നെ പറയാറുണ്ട്. പക്ഷേ അത് എഴുത്തിന്റെ പരിമിതി എന്നതിനെക്കാൾ എന്റെ വായനയുടെ പരിമിതിയായി രേഖപ്പെടുത്താനാണ് എനിക്കിഷ്ടം.

ഈ 'പരമ
ാവധി ശ്രമിക്കലിനെ' , കഥാകാരനോടുള്ള അടുപ്പവും ആദരവും, എന്റെ തന്നെ മസ്തിഷക്കത്തോടുള്ള വെല്ലുവിളിയും എല്ലാം സ്വാധീനിക്കുന്നുണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്.

മേതിലിന്റെ പല കഥകളും എനിക്ക് മനസ്സിലായിട്ടില്ല. അതു പോലെ, ശ്രീ.  സിയാഫ് അബ്ദുൾ ഖാദിറിന്റെ , ' അണയാത്ത തിരിനാളവും' ' ഒരു മനോരോഗിയുടെ ആൽബവും' എല്ലാം എനിക്ക് അത്ര വ്യക്തമായ വായനയൊന്നും തന്നില്ല. പക്ഷെ ശ്രീ വി ജെ ജെയിംസ്, 'അണയാത്ത തിരിനാളത്തിലെ' ഒരൊറ്റ വാചകം ഉദ്ധരിച്ച് താനെങ്ങനെ ആ കഥയെ വായിച്ചു എന്ന് അഭിപ്രായപ്പെട്ടപ്പോൾ എന്റെ കണ്മുന്നിൽ മറ്റൊരു വായനാലോകം തെളിഞ്ഞു.  ബിനു                 ( ചന്ദ്രകാന്തൻ ) മേതിലിന്റെ കഥകൾ വായിച്ചെടുക്കുന്നു എന്ന് കേൾക്കുമ്പോൾ അതിനു മുമ്പിൽ അത്ഭുതാദരങ്ങളോടെ നിൽക്കാനേ എനിക്കു കഴിയൂ. ബിനു തന്റെ വായന പങ്കു വെച്ചാൽ, അതെനിക്കുമൊരു വായനാലോകം തുറന്നു തരും എന്നൊരു വീക്ഷണത്തോടെ അതിനെ കാണാനാണെനിക്കിഷ്ടം. അവിടെ ബിനുവും വി ജെ ജെയിംസും ഒക്കെ ചേർന്ന ഒരു വായനാമാഫിയ ഉണ്ട് എന്ന് ആരോപിക്കുന്നത് മണ്ടത്തരമല്ലേ ?

അങ്ങനെ വായിക്കാൻ കഴിയുന്നവർ അത്തരം ഒരു കഥയെ പിന്തുണയ്ക്കുമ്പോൾ അവിടെ ഒരു സാന്ദർഭികമായ ഒത്തു ചേരലുണ്ടാവാം. അത് സ്വാഭാവികമാണ്.

അങ്ങനെ വായിക്കാൻ കഴിയാത്തവർ കഥയെ വിമർശിക്കുമ്പോഴും സാന്ദർഭികമായ ഒത്തു ചേരലുണ്ടാവാം. അതും സ്വാഭാവികം തന്നെ. പക്ഷേ, തനിക്കെന്തു കൊണ്ട് വായിക്കാൻ കഴിഞ്ഞില്ല, താല്പര്യമില്ലാതായി എന്നൊക്കെ പറയുമ്പോഴും, അത് തന്റെ വായനയുടെ കുഴപ്പം കൊണ്ടു കൂടിയാകാം എന്ന ബോധ്യമുള്ള വായനക്കാരന്റെ അഭിപ്രായം വസ്തുനിഷ്ഠവും സൗമ്യവുമായിരിക്കും ; എനിക്കു വായിക്കാവുന്ന രീതിയിലേ എഴുതാവൂ എന്ന ധാർഷ്ട്യമായിരിക്കില്ല.

കടപ്പാട് : ശ്രീ. സിയാഫ് അബ്ദുൾ ഖാദിർ,
ശ്രീ. അക്ബർ അലി,  ശ്രീ. ജോസെലെറ്റ് ജോസഫ്

4 comments:

  1. വായനക്കാരന്റെ സ്വാതന്ത്ര്യത്തില്‍ എഴുത്തുകാരനും മറിച്ചും ഇടപെടാതിരിക്കട്ടെ !

    ReplyDelete
  2. ഒരു ക്ലൂ തരുമോ

    ReplyDelete
  3. ആനകൾ ഉള്ളിടമെല്ലാം അന്ധന്മാരും ചുറ്റും കൂടും. ചിലപ്പോൾ അന്ധത നടിക്കുന്നവരും. ആന വാലും ചെവികളും ആട്ടിത്തന്നെ നിൽക്കട്ടെ.

    ReplyDelete
  4. അങ്ങനെ വായിക്കാൻ കഴിയാത്തവർ കഥയെ വിമർശിക്കുമ്പോഴും സാന്ദർഭികമായ ഒത്തു ചേരലുണ്ടാവാം. അതും സ്വാഭാവികം തന്നെ. പക്ഷേ, തനിക്കെന്തു കൊണ്ട് വായിക്കാൻ കഴിഞ്ഞില്ല, താല്പര്യമില്ലാതായി എന്നൊക്കെ പറയുമ്പോഴും, അത് തന്റെ വായനയുടെ കുഴപ്പം കൊണ്ടു കൂടിയാകാം എന്ന ബോധ്യമുള്ള വായനക്കാരന്റെ അഭിപ്രായം വസ്തുനിഷ്ഠവും സൗമ്യവുമായിരിക്കും ; എനിക്കു വായിക്കാവുന്ന രീതിയിലേ എഴുതാവൂ എന്ന ധാർഷ്ട്യമായിരിക്കില്ല.

    ReplyDelete