Thursday, December 10, 2015

യുക്തിവാദിയുടെ സങ്കടങ്ങൾ - 1

യുക്തിവാദം പ്രചരിപ്പിക്കുന്നയാൾ  ജീവിക്കുന്ന സമൂഹത്തിന്റെ സ്വാധീനം അയാളിലുണ്ടാവുക സ്വാഭാവീകമാണ്.

ഒരു യുക്തിവാദി, വിവാഹത്തിനു പരസ്പരം മാല ചാർത്തുകയും, ഓണം ആഘോഷിക്കുകയും, ക്രിസ്തുമസ്സ് കേക്ക് വാങ്ങിക്കുകയും ഒക്കെ ചെയ്യുന്നത് അത്തരം സ്വാധീനങ്ങൾ കൊണ്ടാണ്. ( യുക്തി വച്ചു ചിന്തിച്ചു നോക്കിയാൽ ഇതെല്ലാം അർത്ഥശൂന്യമായ കാര്യങ്ങളാണല്ലോ ). പക്ഷേ അയാൾ അതു ചെയ്യുന്നത്  ഒരു മത/ദൈവവിശ്വാസത്തിന്റെ പുറത്തല്ല, ഒരു സാമൂഹ്യജീവി എന്ന നിലയിൽ, അടിമുടി സമൂഹത്തോട് എതിർപ്പു പുലർത്തി കൊണ്ട് ജീവിച്ചു പോകാനാവില്ല എന്നതുകൊണ്ടാണ്.  അവിടെ അയാൾക്കു ചെയ്യാവുന്നത്, മതപരമായതോ  ദൈവാരാധാനാപരമായതോ ആയ സകല അംശങ്ങളും ഒഴിവാക്കിക്കൊണ്ട്   അത്തരം ആഘോഷങ്ങളിൽ പങ്കു ചേരുക  എന്നതാണെന്ന് കരുതുന്നു.

ഇതേ സ്വാധീനം അയാളുടെ കുടുംബത്തിലുമുണ്ടാവും. വിശ്വാസിയായ ഒരച്ഛൻ/ അമ്മ ,  തന്റെ മരണ ശേഷം, ഇന്നയിന്ന മരണാനന്തര ചടങ്ങുകൾ നടത്തണം എന്ന് യുക്തിവാദിയായ മകനോട്/മകളോട് ആവശ്യപ്പെട്ടാൽ അയാൾ  അത് ചെയ്യേണ്ടതുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നാണ് എന്റെ തോന്നൽ. അങ്ങനെയാവുമ്പോഴേ, യുക്തിവാദിയായ ഒരാൾ ക്ക്, താൻ മരണപ്പെടുമ്പോൾ മൃതശരീരം മെഡിക്കൽ കോളേജിലേക്ക് നൽകണം എന്ന് വിശ്വാസിയായ മകനോട് ആവശ്യപ്പെടുന്നതിന് അർഹത ലഭിക്കുന്നുള്ളൂ. അവിടെ ജീവിച്ചിരിക്കുന്നയാളുടെ വ്യക്തിത്വത്തിനല്ല, മരിച്ചയാളുടെ അഭിലാഷത്തിനാണ്  മുൻഗണന  വേണ്ടത്. ആ മുൻഗണന, യുക്തിപരമല്ല, പക്ഷേ മനുഷ്യത്വപരമാണ്. ( യുക്തിവാദം മൗലികവാദമായാൽ, ഈ മനുഷ്യത്വത്തെ ഉൾക്കൊള്ളാൻ കഴിയാതെ വന്നേക്കാം )  പക്ഷേ  വിശ്വാസിയായ അച്ഛനോടും മകനോടും യുക്തിവാദി ചെയ്തുകൊണ്ടിരിക്കേണ്ട  ഒരു കാര്യമുണ്ട് - ജീവിച്ചിരിക്കുവോളം, ( താനായാലും അവരായാലും ), മരണാനന്തര ചടങ്ങുകൾ എന്തുകൊണ്ട് അർത്ഥശൂന്യമാകുന്നു എന്നും  മൃതദേഹം മെഡിക്കൽ കോളേജിലേക്ക് നൽകുന്നതുകൊണ്ട് എന്തു ഗുണമുണ്ടാവുന്നു എന്നും അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക എന്നുള്ളത്.

ഇതേ നിലപാടു തന്നെയായിരിക്കണം യുക്തിവാദത്തിൽ താല്പര്യമുള്ളയാൾ, വിവാഹമുൾപ്പെടെയുള്ള സകല  മതാധിഷ്ഠിത ആചാരങ്ങളും പിൻതുടരുമ്പോൾ ചെയ്യേണ്ടിയിരിക്കുന്നത്. മതചടങ്ങുകൾക്ക് കീഴെയുള്ള വിവാഹത്തിനെതിരെ , കുടുംബത്തിൽ പരമാവധി പൊരുതുക., ആവശ്യങ്ങൾ അംഗീകരിപ്പിച്ചെടുക്കുക,  കുറച്ചൊക്കെ വിട്ടുവീഴ്ച്ചകൾക്കും തയ്യാറാവുക. വീണ്ടും പൊരുതുക. സമൂഹത്തോടും  കുടുബത്തോടുമൊപ്പം ജീവിതമാഗ്രഹിക്കുന്ന യുക്തിവാദികൾക്ക് ഇതൊക്കെ വേണ്ടി വരും. അതുകൊണ്ടു തന്നെ ആന്തരികമായ സംഘർഷങ്ങളും ബാഹ്യമായ കളിയാക്കലുകളും ഒരുപാട് നേരിടേണ്ടി വരും. അതു സാരമില്ല.-  അങ്ങനെ നേരിടേണ്ടി വരും എന്നുള്ളതുകൊണ്ട്  ആദ്യമേ തന്നെ മാലിന്യത്തിൽ തന്നെ ജീവിച്ചുകൊള്ളാം  എന്നുള്ള സ്വാർത്ഥപരമായ നിലപാടിനേക്കാൾ  എന്തുകൊണ്ടും പതിന്മടങ്ങ് പുരോഗമനപരമായിരിക്കും അത്.

12 comments:

  1. യുക്തിവാദികള്‍ വെറും കേവലയുക്തിവാദികളാണെന്നതാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്. ഒപ്പം ശാസ്ത്ര, പ്രത്യേകിച്ച് സാങ്കേതികവിദ്യാ അന്ധവിശ്വാസികളും.
    മതവിശ്വാസികളെ പോലെ സ്വന്തം വിശ്വാസത്തില്‍ ഒരു വിമര്‍ശനവുമില്ലാത്ത വെറും അന്ധവിശ്വാസി.
    സത്യത്തില്‍ യുക്തിവാദികളും മറ്റുള്ളവരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. മുതലാളിത്തം എന്ന കുടക്കീഴിലെ ഒരേ തൂവല്‍ പക്ഷികള്‍

    ReplyDelete
  2. ഓരോരുത്തർക്കും സങ്ങടപ്പെടാൻ ഓരോരോ കാരണങ്ങൾ... ! യുക്തിവാദിയുടെ സങ്കടങ്ങൾ വായിച്ചു ... എന്റെ ആശംസകൾ.

    ReplyDelete
  3. ഒരു മതവിശ്വാസിയും ഇത്തരം സങ്കടപ്പെടൽ സങ്കടപ്പെടുന്നുണ്ട്. ഓരോ മതവിശ്വാസിയും അതാതു മത പുരോഹിതരുടെ കണ്ണിൽ പൂർണ്ണ വിശ്വാസിയല്ല. 90% പേരും മത വിശ്വാസികളല്ല മത അനുഭാവികൾ മാത്രമാണ്, എന്നിരിക്കലും അവൻറെ ജീവിതത്തിലെ ഓരോ വളവിലും തിരിവിലും മതങ്ങളുടെ അടയാളങ്ങളുണ്ടാകും, അതിന് കാരണം പോസ്റ്റില്‍ പറഞ്ഞതുപോലെ ജീവിക്കുന്ന സാമൂഹിക ചുറ്റുപാടിലെ സ്വാധീനങ്ങളും അവനെ സ്നേഹിക്കുന്നവരുടെ സ്നേഹത്തിനും സന്തോഷത്തിനും നൽകുന്ന പരിഗണനയുമാണ്..

    ReplyDelete
    Replies
    1. യുക്തിവാദികൾ ഒരു വിശ്വാസി സമൂഹത്തിനിടയിൽ ജീവിക്കുമ്പോഴുണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾ, യാഥാസ്ഥീതിക മതവിശ്വാസികൾക്കിടയിൽ കൂടുതൽ പുരോഗമനപരമായ മതനിലപാടുകളെടുക്കുന്ന, മതനവീകരണത്തിനു ശ്രമിക്കുന്ന ഒരു വിശ്വാസിയും ഏറിയും കുറഞ്ഞും നേരിടുന്നുണ്ട്.

      രണ്ടിനും അടിസ്ഥാനപരമായി ഒരു കാരണമേയുള്ളു : ഇരുകൂട്ടരും ജീവിച്ചിരിക്കുന്ന മനുഷ്യർക്കിടയിലെ അസമത്വങ്ങളോട് പ്രതിഷേധമുള്ളവരായിരിക്കും.

      Delete
  4. യുക്തിവാദികളുടെ സങ്കടം എന്നാല്‍ അത് യുക്തിരഹിതമാണ്.

    യുക്തിവാദികള്‍ക്ക് മരണാനന്തര ജീവിതത്തെ കുറിച്ചോ, മറ്റു മതനിയമങ്ങളെ കുറിച്ചോ ചിന്തിക്കേണ്ടതിന്റെയോ, അനുസരിക്കേണ്ടതിന്റെയോ ആവശ്യം ഇല്ല.

    ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു - അത് സ്വന്തം മനസ്സില്‍ ആത്മാര്‍ത്ഥമായി പതിഞ്ഞിട്ടുണ്ട് എങ്കില്‍ പിന്നെ എന്തിനാണ് ദുഃഖം.

    വീട്ടുക്കാരോ മറ്റോ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്‌താല്‍ അത് അവരുടെ യുക്തിയില്ലായ്മയും വിവരമില്ലായ്മയും ആയി കണ്ടാല്‍ മതി.

    പിന്നെ കുരങ്ങന്റെ വംശ പരമ്പരയില്‍ നിന്നാണ് നമ്മള്‍ വരുന്നത് എന്ന് യുക്തിവാദി മനസ്സില്‍ ഉറപ്പിക്കുക. മതവിശ്വാസികളായ മറ്റുള്ളവര്‍ ഒക്കെ മാലിന്യത്തില്‍ ആണ് എന്ന് വിശ്വസിക്കുക. ശേഷം എന്തിനു കുരങ്ങന്റെ വംശ പരമ്പരയില്‍ പെട്ട ഞാന്‍ മാലിന്യത്തില്‍ കിടക്കുന്നവരുടെ ജല്പനങ്ങള്‍ നോക്കി സങ്കടപ്പെടണം എന്ന് ചോദ്യം സ്വയം ചോദിക്കുക. എന്നിട്ട് നിങ്ങളുടെ സങ്കടം ഇല്ലാതായാല്‍ നിങ്ങള്‍ ഒരു ആത്മാര്‍ത്ഥതയുള്ള യുക്തിവാദിയാണ്. എന്നിട്ടും സങ്കടം മാറുന്നില്ല എങ്കില്‍ കപട യുക്തിവാദിയും.

    എന്തായാലും സങ്കടപ്പെടുന്നത് ഒരിക്കലും പുരോഗമന ചിന്തയുള്ള ഒരു യുക്തിവാദിക്ക് ഒട്ടും യോജിച്ചതല്ല. സങ്കടം എന്നത് തന്നെ ഒരു തരം യുക്തിരാഹിത്യമാണ്.

    അതുകൊണ്ട് തന്നെ താങ്കളില്‍ ഒരു പരിണാമവും, "യുക്തിവാദി സങ്കടപ്പെടാറില്ല" എന്നൊരു പോസ്റ്റും ഉടന്‍ പ്രതീക്ഷിക്കുന്നു. :)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. വിശ്വാസിയായ ഒരച്ഛൻ/അമ്മ, തന്റെ മരണ ശേഷം, ഇന്നയിന്ന മരണാനന്തര ചടങ്ങുകൾ നടത്തണം എന്ന് യുക്തിവാദിയായ മകനോട്/മകളോട് ആവശ്യപ്പെട്ടാൽ അയാൾ അത് ചെയ്യേണ്ടതുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നാണ് എന്റെ തോന്നൽ. അങ്ങനെയാവുമ്പോഴേ, യുക്തിവാദിയായ ഒരാൾ ക്ക്, താൻ മരണപ്പെടുമ്പോൾ മൃതശരീരം മെഡിക്കൽ കോളേജിലേക്ക് നൽകണം എന്ന് വിശ്വാസിയായ മകനോട് ആവശ്യപ്പെടുന്നതിന് അർഹത ലഭിക്കുന്നുള്ളൂ. (y)

    ReplyDelete
  7. തന്റെ ജീവിതകാലം മുഴുവൻ അസംതൃപ്തരായി ജീവിച്ച്‌ മരിച്ച ഒരു യുക്തിവാദിയും മരണശേഷം തന്റെ അസ്തിത്വം അവശേഷിപ്പിച്ചിട്ടില്ല.ചില നേതാക്കളൊഴികെ.

    ReplyDelete
  8. ഒന്നുകിൽ ഭക്തൻ
    അല്ലെങ്കിൽ യുക്തൻ
    നടുവിൽ????

    ReplyDelete
  9. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്..അതിനിടയിൽ സ്ഥലമില്ലാ എന്നാണ് സങ്കടം. ശരിക്കും ഒരു മതവിശ്വാസി ഇങ്ങനെയായിരിക്കണം ഒരു യുക്തിവാദി ഇങ്ങനെയായിരിക്കണം എന്ന് അവനവൻ തന്നെ വിവക്ഷിച്ചാൽ മതിയാവും. അപരന് എന്ത് തോന്നി എന്നതല്ല, തനിക്കെന്തു തോന്നുന്നു എന്നതാണ് പ്രധാനം. അതാകട്ടെ യുക്തിവാദിയുടെ മതവും മതവാദിയുടെ യുക്തിയും. ആ അർഥത്തിൽ യോജിക്കുന്നു.

    ReplyDelete
  10. അങ്ങിനെയെങ്കില്‍ മതത്തെ അന്തമായി എതിര്‍ക്കുന്നതിലെ യുക്തി എന്താണ് ? . ഒരു യഥാര്‍ത്ഥ യുക്തി വാദി ഇത്തരം മതം / ബന്ധം / സാഹോദര്യം/ തുടങ്ങിയ കാര്യങ്ങളില്‍ സ്വന്തം നിലപാടുകള്‍ തല്‍ക്കാലം മാറ്റിവെച്ചു അവക്കൊപ്പം നീങ്ങണം എന്നത് തന്നെ ഒരു കാപട്യമല്ലേ ?

    ReplyDelete
  11. യുക്തിവാദികള്‍ സംഘം ചേരുമ്പോള്‍ തന്നെ വ്യക്തിപരമായ യുക്തിവാദം അവസാനിക്കുന്നു.യുക്തിവാദികളുടെ ജില്ലാ നേതാവിന്‍റെ വീട്ടില്‍ പൂജ നടത്തുന്നത് കാണാനുള്ള ഭാഗ്യം എനിക്കു ഉണ്ടായിട്ടുണ്ട്.അതൊരു ബ്ലോഗായി എഴുതിയിട്ടുമുണ്ട്

    ReplyDelete